ലേഖനം
വെറുപ്പിന്റെ ഇരകൾക്ക് സംഭോഗവും രാഷ്ട്രിയമാണ്…
നോട്ടം 10
പികെ ഗണേശൻ
2002 ൽ സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ ഹംഗേറിയൻ നോവലിസ്റ്റ് ഇംറേ കെർട്സിൻറെ ഏറെ പ്രശസ്തമായ നോവലാണ് പിറക്കാത്ത മകനുള്ള പ്രാർത്ഥന,Kaddish For an Unborn Child.നാസികാലത്ത് ഏറെ കാലം തടവറയിലായിരുന്നു ഇംറേ കെർട്സ്.ആ തടവറരേഖയിൽ ഇംറേ കെർട്സ് മരിച്ചെന്നാണ് വിവരം.സ്വന്തം ജീവിതം തന്നെയാണ് അദ്ദേഹം പിന്നീട് സാഹിത്യത്തിനു പകുത്ത് നൽകിയത്.പീഢനം ഏറ്റുവാങ്ങിയ ഓർമ്മകളിലൂടെ, സ്വന്തം ജീവിതത്തിന്റെ, വേട്ടയാടപ്പെട്ട കൂടപിറപ്പുകളുടെ ഓർമ്മകളിലൂടെ, മുറിവുകളിലൂടെ അനുഭവങ്ങൾ വാക്കുകളായി.ഓരോ വാക്കിലും ചോരപൊടിയുന്ന മുറിപ്പാടുകളുടെ ഓർമ്മകളുണ്ട്.വേട്ടയാടപെട്ട മനുഷ്യരുടെ നിലക്കാത്ത വേദനകളുടെ തീർത്ഥാടനമാണ് ഇംറേയുടെ എഴുത്ത്.
എന്തെഴുതുന്നതിനെ കുറിച്ച് ആലോചിക്കുമ്പോഴും ഓഷ്വിറ്റ്സ് മനസ്സിൽ വരുന്നു.ആദ്യ നോവലായ Fateless ൽ തുടങ്ങിയ അതേ ഒബ്സെഷൻ പിന്നീട് എഴുതിയപ്പോഴും സംഭവിക്കുന്നതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.
ഇംറേയുടെ ടിപ്പിക്കൽ രചനയാണ് For an Unborn Child.നോവലിലെ നായകൻ സാഹിത്യകാരനാണ്.എഴുതുമ്പോൾ സംവാദത്തിലേർപെടുന്ന രീതിയിലാണ് എഴുത്ത്,സംവാദം മറ്റൊരാളുമായോ,മറ്റൊരാളില്ലെങ്കിൽ അവനവനുമായോ.അവനവനുമായി സംസാരിക്കാനുള്ള ഭാഷ തടവറജീവിതം പകർന്നു നൽകിയതാണ്.ഒരാൾ ജനിക്കുന്നത് ഒറ്റയ്ക്കൊരു വ്യക്തിയായിട്ടാണ്.പിന്നീടാണ് മറ്റു പലതിന്റെയും ഭാഗമാകുന്നത്.തന്നിൽ നിന്ന് തന്നെ രക്ഷപ്പെടാനുള്ള മാർഗമാണ് എഴുത്ത്.ആരോടും സംസാരിക്കാനില്ലെങ്കിൽ തന്നോടു തന്നെ സംസാരിക്കാനുള്ള ഭാഷ.പലപ്പോഴും നാം വാക്കിനും മൗനത്തിനും ഇടയിലാണ്.ആ നിലയിൽ മറ്റുള്ളവരുമായി സംവദിക്കുവാൻ സാധ്യമാവണമെന്നില്ല.ഇവിടെയാണ് മോണോലോഗുകൾ തുണയ്ക്കുന്നത്.അത്തരം ആത്മഭാഷണങ്ങൾക്ക് സംസാരഭാഷയ്ക്ക് സാധ്യമാകാത്ത ആഴമുണ്ട്.തന്നെത്തന്നെ മുറിച്ചു വെയ്ക്കാൻ നോവലിൽ ഇംറേയ്ക്ക് സാധ്യമാകുന്നത് അതുകൊണ്ടുതന്നെ.നോവലിൽ ഒരിടത്ത് ഇങ്ങനെയൊരു ആത്മഗദമുണ്ട് :”ഓർമ്മിക്കൽ അറിയലാണ്.നമുക്കറിയുന്നത് ഓർക്കാനാണ് നാം ജീവിക്കുന്നത്.കാരണം ജീവിതം പഠിപ്പിച്ചത് നമുക്ക് മറക്കാനാവില്ല.”അതുകൊണ്ടുതന്നെ ഓർമ്മകൾ വേട്ടയാടുന്ന കഥാപാത്രങ്ങളാണ് ഇംറേയുടേത്.
ഓഷ്വിറ്റ്സ് കോൺസെൻറ്രേഷൻ ക്യാംപിലെ പീഡനം നിറഞ്ഞ കുട്ടിക്കാലമാണ് നായകൻറേത്.മുടിനാരിഴ ഭാഗ്യം കൊണ്ടു മാത്രം രക്ഷപ്പെടാൻ സാധിച്ച ജൂതൻ.തിരിച്ചുകിട്ടിയ ജീവിതം നഷ്ടപെട്ട ജീവിതത്തെ പൂരിപ്പിയ്ക്കാൻ പര്യാപ്തമായിരുന്നില്ല.എങ്കിലും ജീവിതം പകുത്ത് നൽകാൻ പങ്കാളിയായി.എഴുത്തും പ്രിയസഖിയും പങ്കിട്ട ജീവിതമാണ് പിന്നീടുള്ള ജീവിതം.കിടപ്പറയിൽ തന്നിൽ നനഞ്ഞൊട്ടികിടന്ന ഭാര്യ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നുണ്ട്.മക്കളുണ്ടാവാത്ത രതിയിലാണ് അയാൾക്ക് താല്പര്യം.വംശവെറിയും വേട്ടയാടലും ഇനിയുണ്ടാവില്ല എന്നു വിശ്വസിപ്പിക്കാൻ മാത്രം വളർന്നിട്ടില്ല ലോകം എന്ന യാഥാർത്ഥ്യം മുന്നിലുണ്ട്.പീഡിപ്പിക്കപെടാൻ കാലത്തിന് വിട്ടുകൊടുക്കാൻ താനായി ഒരു തലമുറയ്ക്ക് ജന്മമേകില്ലെന്ന് ജയിൽപക്ഷിയായിരുന്ന കാലത്തെ ഉറച്ച തീരുമാനമാണ്.ആ തീരുമാനം അയാളിൽ എന്നെന്നേക്കുമായി ഉറച്ചു പോയിരുന്നു.സംഭോഗവേളയിൽ അരുത് ഒരു കുഞ്ഞ് എന്ന് അവളോട് ഉള്ളു പിടയുന്ന വേദനയോടെ പറയുമ്പോഴും സ്വന്തം കുഞ്ഞ് എന്ന അവളിലെ ആഗ്രഹത്തെ No എന്ന നിശ്ചയദാർഢ്യത്തോടെ നേരിട്ടു.No എന്ന വാക്കിന്റെ അമർച്ച, നിലവിളി നോവലിൽ ആവർത്തിച്ചു വരുന്നു.തന്നിൽ തന്നോട് സംസാരിക്കുമ്പോൾ ഒരിക്കലും പിറക്കരുതെന്ന് ആശിക്കുന്ന സ്വന്തം കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നമുണ്ടിങ്ങനെ:” തവിട്ടു നിറമുള്ള ഒരു കൊച്ചു മകളാവുമോ നീ, നിന്റെ കൊച്ചു മൂക്കിനും ചുറ്റും പടർന്ന മറുകുമായി, അല്ലെങ്കിലൊരു താന്തോന്നിയായ മകനായി,ചാരനിറമാർന്ന നീലകല്ലുകൾ പോലെ കറുപ്പും തിളക്കവും ഉള്ള കണ്ണുകളുമായി അതെ നിന്റെ നിലനിൽപ്പിന്റെ സാധ്യതയായി എന്റെ ജീവിതത്തെ നിരൂപിക്കുക.”
നാസികാലത്തെ ക്രൂരപീഡനങ്ങൾ,ആ ഓർമ്മകൾ അയാളിൽ ജനിപ്പിച്ച വാക്കായിരുന്നു No എന്നത്.ഉറച്ചബോധ്യത്തിൽ നിന്ന് രൂപപ്പെടുത്തിയ ഉത്തരവാദിത്വമായിരുന്നു No എന്ന വാക്ക്.താനൊരിക്കലും മറ്റൊരാളുടെ അച്ഛനോ ലക്ഷ്യമോ ദൈവമോ ആവരുത് എന്നത് ജീവിതം പഠിപ്പിച്ച പാഠം. എനിക്കും എന്റെ ബാല്യത്തിനും സംഭവിച്ച ദുരന്തം എൻറെ കുഞ്ഞിനു സംഭവിക്കരുത് എന്ന നിശ്ചയദാർഢ്യം അങ്ങനെയുണ്ടായി.അതുകൊണ്ട് കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കാത്ത രതി മതി.നോവലിലൊരിടത്ത് നോവലിനെ മൊത്തത്തിൽ ടാഗ് ചെയ്യുന്ന പ്രസ്താവനയുണ്ട്, man’s greatest crime is to be born.ജനിക്കുന്നതുതന്നെ കുറ്റമാകുന്നു! ആ കുറ്റത്തിന്റെ പേരിലുള്ള ശിക്ഷയായി ജീവിതം മാറുന്നു.ജനിപ്പിക്കുക എന്നത് അതുകൊണ്ടുതന്നെ കുറ്റകൃത്യമാണ്!ഒരു കുഞ്ഞിന്റെ പിതാവാകുക വഴി അറിഞ്ഞുകൊണ്ട് ഒരാളെ കുറ്റവാളിയാക്കുകയും ദുർവിധിക്കു വിധേയമാക്കുകയും ചെയ്യുന്ന ക്രൂരതയായതിനാൽ കിടപ്പറയിൽ ശരീരങ്ങളുടെ കേവല ഉത്സവം എന്ന നിലയിൽ മാത്രം മതി ദാമ്പത്യവും രതിയും.രണ്ടാളുടെ ആനന്ദങ്ങൾക്കപ്പുറം മൂന്നാമതൊരാളുടെ നിലവിളിയിലേക്കു സംഭോഗം മാറരുത് എന്ന് അയാൾ തീരുമാനിക്കുന്നു.ആ തീരുമാനത്തിനു അയാൾ ജീവിതം വിട്ടു കൊടുത്തു.
ഓർമ്മ വെച്ച കാലം മുതൽ ഓഷ്വിറ്റ്സ് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വേട്ടയാടുന്നുണ്ട്.കുടുംബം തന്നെ ഓഷ്വിറ്റ്സിൻറെ ചെറുമാതൃകയായിരുന്നു.കുടുംബം മറ്റൊരു ഭരണകൂടാധികാരസ്ഥാപനമായിരുന്നു.അതു പാടില്ല ഇതു പാടില്ല എന്ന് പ്രാക്ടീസ് ചെയ്ത ഒന്നാംകിട ഫാഷിസ്റ്റായിരുന്നു അച്ഛൻ. കുടുംബത്തിനകത്ത് ഇങ്ങനെയുള്ള അച്ഛന്റെ വലിയൊരു രാജ്യമാതൃകയായിരുന്നു ഹിറ്റ്ലർ എന്ന ലോകത്തെ വിറപ്പിച്ച സർവാധിപതി.ലോകത്തിൻറെ തന്ത താനാണ് എന്ന അവകാശവാദമായിരുന്നല്ലോ ഹിറ്റ്ലറിന്.ജൂതരായി ഒരിക്കലും ജീവിക്കാത്തവരെ പോലും
ജൂതരായി പിറന്നുപോയതിനാൽ മാത്രം വേട്ടയാടി.
ജൂതത്വം കുറ്റമായി വിധിക്കപെട്ടു.
പീഡാനുഭവങ്ങളിലൂടെയാണ് വളർന്നത്.വിട്ടൊഴിയാത്ത വയറുവേദന,ചെന്നിക്കുത്ത്.കുഞ്ഞായിരിക്കെ കണ്ടു നിൽക്കേണ്ടി വന്നു അച്ഛനും അമ്മയും ബന്ധം വേർപിരിയുന്നത്.അച്ഛനും അമ്മയും എങ്ങനെ ആയിരിക്കരുതെന്ന് പഠിപ്പിച്ചത് കുട്ടികാലമായിരുന്നു.അതുകൊണ്ടുതന്നെ വിവാഹം കഴിക്കേണ്ടി വന്നപ്പോൾ സ്വന്തം ജീവിതം പഠിപ്പിച്ചിട്ടുണ്ട് എന്താകരുത് ഒരച്ഛൻ എന്ന്. എന്താകരുത് അച്ഛൻ എന്ന് ഭയപ്പെട്ട അച്ഛനാവുമോ താൻ ദാമ്പത്യജീവിതത്തിൽ എന്ന ആധി കിടപ്പറയിൽ നിരന്തരം വേട്ടയാടി.സ്വന്തം ജീവിതം പഠിപ്പിച്ച പാഠമായിരുന്നു അച്ഛനാകരുത് എന്ന പാഠം.
അച്ഛനും അമ്മയ്ക്കും സ്വന്തം ന്യായങ്ങളുണ്ടായിരുന്നു വേർപിരിയാൻ.അവർക്കിടയിൽ പാലമാകാൻ മകനെന്ന നിലയിൽ സാധിച്ചില്ല.പോർനിലമായിരുന്നു അവർ പങ്കുവെച്ച ജീവിതം.തൻറെ സ്വന്തം ഭാഷയിലായിരുന്നു അവർ വഴക്കിട്ടിരുന്നത്.എന്നിട്ടും തനിക്കതു മനസിലായില്ല.വീടിനപ്പുറം സ്കൂളിലും ഉണ്ടായില്ല മനസ്സിൽ താലോലിക്കാൻ നല്ലൊരോമ്മ.കൂടുതൽ ദുഷിപ്പിക്കുന്ന വിദ്യാഭ്യാസമായിരുന്നു.ആർദ്രത എന്നൊന്നറിയാതെ അങ്ങനെ വളർന്നു.എവിടെ നിന്നും ലഭിച്ചില്ല സ്നേഹസ്പർശം.വൈകാരികതയ്ക്കൊരിടവുമില്ലാത്ത വിദ്യാഭ്യാസം ഫാഷിസത്തിനുവേണ്ടിയാണ് പണിയെടുക്കുന്നതെന്ന് പിന്നീട് ബോധ്യമായി.വീടു പോലെ വിദ്യാലയവും ജീവിതം തുലച്ചു.കുഞ്ഞായിരിക്കെതന്നെ ഫാഷിസത്തിനിരയാവാൻ പരിശീലിക്കപെട്ടു. അല്ലെങ്കിൽ ആ രീതിയിൽ താനറിയാതെ മെരുങ്ങി.എങ്ങനെയൊരു ഇരയായിരിക്കണം എന്ന പരിശീലനകളരിയായിരുന്നു കുടുംബം മുതൽ ഓഷ്വിറ്റ്സ് വരെ.ആ വിധിയ്ക്കു വിട്ടു കൊടുക്കേണ്ടിവന്നു സ്വന്തം ജീവിതം.
ഒരാൾ മറ്റൊരാളുടെ മേൽ അധികാരം പ്രയോഗിക്കുന്നുണ്ടെങ്കിൽ അത് ഭ്രാന്താണ്,ആ ഭ്രാന്തിന് ഒരു ജനത ഏറ്റുവാങ്ങേണ്ടി ദുരന്തമായിരുന്നു ഫാഷിസം.ക്രിമിനൽ ബുദ്ധിഭ്രമമുള്ള ഒരാൾ തടവറയിലോ ഭ്രാന്താലയത്തിലോ എത്തുന്നതിനുപകരം അധികാരസ്ഥാനങ്ങളിൽ എത്തുമ്പോൾ സംഭവിക്കുന്ന ദുരന്തമാണ് ഫാഷിസം.അധികാരമില്ലാത്ത ജനങ്ങൾക്കു നേരെ ഭരണകൂടം പ്രഖ്യാപിക്കുന്ന യുദ്ധമാണ് ഫാഷിസം.സ്വന്തം നാട്ടിൽ നിന്ന് ആട്ടിയോടിക്കപെടുന്നവർ,നാടുകടത്തപെട്ടവർ പിന്നീട് അതേ ലോകത്തേക്ക് പിൻ/മുൻ വാതിലുകളിലൂടെ കടന്നു വരുമ്പോഴാണ് ആ നാടിൻറെ വർത്തമാനം പറയുന്ന പുരാവൃത്തങ്ങൾ പിറക്കുന്നത്.അങ്ങനെ ജീവിതം രൂപപ്പെടുത്തിയ മറ്റൊരു പുരാവൃത്തമാണ് For an Unborn Child.നോവൽ ഒരിടത്ത് സ്വയം പ്രസ്താവിക്കുന്നുണ്ട്.”ഈ നോവൽ ഒരു മനുഷ്യന്റെ ആത്മഭാഷണമാണ്.”നോവലിനകത്തെ നോവലാണ് ഈ നോവൽ.സ്വന്തം നോവലിനെ കുറിച്ചുള്ള ഇംറേയുടെ പ്രസ്താവന കൂടിയാണിത്.
ജീവിതകാലമത്രയും ജൂതനല്ലാതെ ജീവിച്ചിട്ടും സ്വന്തം ജൂത അസ്തിത്വത്തിന്റെ പേരിൽ വേട്ടയാടപ്പെട്ട ജനതയുടെ പുരാവൃത്തമാണ് നോവൽ.സ്വന്തം രക്തം മറ്റൊരു തലമുറയുടെ പിറവിയ്ക്ക് ഇടവരുത്തരുത് എന്ന ശപഥം നിറവേറ്റാൻ No എന്ന വാക്കിന് ജീവിതം ബലി കൊടുത്തു.
ആ ജീവിതം പങ്കിട്ടു ജീവിക്കാൻ അധികകാലം അവൾക്ക് സാധിച്ചില്ല.ശരീരങ്ങളുടെ ഉത്സവം മാത്രം മതിയായിരുന്നില്ല അവൾക്ക് ജീവിതം.ആ ഉത്സവം പോലും ഒട്ടും ഉത്സവമായിരുന്നില്ലെന്ന് അവൾ കണക്കെടുക്കുന്നുണ്ട്.അവളുടെ മുന്നിൽ അയാൾ ശഠിച്ച No എന്നാലെന്ത് എന്ന് നിരന്തരം വിശദീകരിച്ചു പോന്ന വിരസജീവിതത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ല എന്ന് മടുപ്പ് തോന്നിയ ജീവിതത്തിന്റെ ഒരു ജംഗ്ഷനിൽ വെച്ച് അവൾക്ക് വെട്ടി തുറന്നു പറയേണ്ടിവന്നിങ്ങനെ:”ഈ ചതുപ്പിൽ നിന്ന് നമുക്ക് രക്ഷപെടാം.”
രോഗിയും വിഷംതീണ്ടിയവനുമായ ബുദ്ധിജീവിയെന്നു ഭർത്താവിനെ വിളിച്ചാക്ഷേപിച്ചു അവൾ അയാളിൽ നിന്നിറങ്ങി പോയി.ശേഷിച്ച ജീവിതം ആഗ്രഹിച്ചതുപോലൊരു ജീവിതം ഇനിയുള്ള കാലം ജൂതനല്ലാത്ത മറ്റൊരാണിനൊപ്പമെന്നും അങ്ങനെയൊരാൾ കാത്തിരിക്കുന്നുവെന്നും അറിയിച്ചു.
കാലം കടന്നു പോയി.ഒരിക്കൽ ഒരു കോഫി ഹൗസിലിരിക്കെ അവൾ രണ്ടു കുട്ടികളുടെ കൈപിടിച്ചുവന്നു.ഒരാൾ തവിട്ടു നിറമുള്ള കണ്ണുകളുള്ള പെൺകുട്ടി, അവളുടെ കൊച്ചു മൂക്കിന് ചുറ്റും പടർന്ന മറുക്, മറ്റേയാൾ താന്തോന്നിയായ ഒരാൺകുട്ടി.ഒരേ മനസായി,ഒരേ ശരീരമായി ഒരുമിച്ചു ജീവിച്ച കാലത്ത് അവളുമായി പങ്കിട്ട അതേ കാല്പനിക സ്വപ്നത്തിലെ മക്കൾ.ജീവിതം കടം വീട്ടുകയായിരുന്നോ?
അയാൾക്ക് ഒളിച്ചോടാൻ മറ്റൊരു സ്ഥലമുണ്ടായിരുന്നില്ല.അതുകൊണ്ട് ജീവിച്ച ജീവിതം ജീവിക്കേണ്ടി വന്നു.പെട്ടുപോയൊരു ജീവിതം, അകത്തേക്ക് പ്രവേശിക്കാൻ വാതിൽ ലഭിക്കുകയും പുറത്തേക്ക് വഴിയില്ലാതെ പെട്ടുപോയൊരു ജീവിതം.
ഭാര്യ ഉപേക്ഷിച്ചു പോയതിനു ശേഷം മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചു.കരാറുണ്ടായിരുന്നു ആ ബന്ധത്തിന്.ആ ബന്ധത്തിൽ സ്നേഹം എന്ന വാക്ക് കടന്നു വരരുത് എന്നായിരുന്നു കരാർ.
ഒട്ടും കണ്ടീഷൻഡല്ലാത്ത ബന്ധം.
സ്നേഹം എന്ന വാക്ക് എന്നെങ്കിലും ആ ബന്ധത്തിൽ കടന്നു വരുന്ന സാഹചര്യം ഉണ്ടാവുന്നതോടെ സ്വാഭാവികമായും നിരുപാധികമായും ഇല്ലാതാകും ആ ബന്ധം എന്നായിരുന്നു കരാർ.
നനഞ്ഞ ചെങ്കീരിയെ പോലെ ജീവിക്കുന്നതിനു അങ്ങനെയൊരു ബന്ധത്തിന്റെ ഇടം വേണമെന്ന് അയാൾ കരുതി.ഓടിപോവാൻ തോന്നും, എന്നാലും ഓടിപോവില്ല,ഓടിപോവാൻ സാധിക്കാത്ത വിധത്തിൽ എന്തോ ഒന്ന് അയാളെ നാട്ടിൽ പിടിച്ചു നിർത്തുന്നു.പെട്ടുപോവുന്ന ഈ ജീവിതത്തിന് പ്രത്യയശാസ്ത്രവും അധികാരവുമായി വെറുപ്പ് വാഴുന്ന,ഇരപിടിക്കുന്ന പുതിയകാലത്തുമുണ്ട് ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ ഈ നോവലിന് പരാവർത്തനം …
littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക
littnowmagazine@gmail.com
ലേഖനം
വായനക്കുറിപ്പുകൾ
ലേഖനം
മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും
ഡോണ മേരി ജോസഫ്
അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.
littnowmagazine@gmail.com
ലേഖനം
ഡോക്ടർമാർ വെറും ചെണ്ടകളോ?
ഡോ .അനിൽ കുമാർ .എസ്.ഡി
മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.
മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.
ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.
കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.
ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.
ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.
സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.
മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.
ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.
ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.
ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.
littnowmagazine@gmail.com
You must be logged in to post a comment Login