Connect with us

ലേഖനം

വി൪ച്വൽ ചുംബനം
എന്ന ഏറ്റവുമാദ്യത്തെ
സോഫ്റ്റ് വെയ൪

Published

on

കവിത തിന്തകത്തോം – 9

വി.ജയദേവ്

 ആയിടയ്ക്കാണു ഞാനില്ലാത്ത ഓരോ സ്ഥലത്ത്, ഓരോ സമയത്ത് ഒരു പൂമ്പാറ്റ വന്ന് അന്വേഷിച്ചുപോകുന്നുണ്ടെന്ന പല ആരോപണങ്ങൾ എനിക്കു നേരിടേണ്ടതായി വന്നത്. ഒരു പൂമ്പാറ്റ വന്ന് അന്വേഷിച്ചുപോകുകയോ? അങ്ങനെയൊന്ന് അതിനു മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലായിരുന്നു. ഒരു ലക്ഷ്യവുമില്ലാതെ തേൻ കുടിച്ചുനടക്കുന്ന ഒരു കൂട്ടം സമൂഹവിരുദ്ധരെന്ന് അക്കാലത്തു ചില വികസനവാദികൾ ആക്ഷേപിച്ചിരുന്ന സമയമാണ്. എന്തും കാടു പിടിച്ചുകിടക്കുക എന്നത് അസംബന്ധമായി തോന്നിത്തുടങ്ങിയിരുന്നു പുത്തൻവികസനത്തിന്റെ ഈ പുതുമോടിക്കാ൪ക്ക്. അതുകൊണ്ടു കാടും കാവും എല്ലാം മായ്ച്ചുകളയണമെന്ന് അവിടെയുമിവിടെയും പറഞ്ഞുംതുടങ്ങിയിരുന്നു. അതു കേട്ടു കാവുകളും കുറ്റിക്കാടുകളും തുടച്ചുമായ്ച്ചുകളയാൻ തുനിഞ്ഞിറങ്ങിയവരും ഉണ്ടായിരുന്നു. 
ഇന്നു നഴ്സറിക്കുട്ടികളുടെ വായിൽപോലും തത്തിക്കളിക്കുന്ന റൈമുകളിലൊന്നായ ജൈവവൈവിധ്യം എന്നൊരു സംജ്ഞ അല്ലെങ്കിൽ വാക്ക് അന്നൊന്നും അത്ര പ്രചാരത്തിൽ വന്നിരുന്നില്ല. എൻ.വി. കൃഷ്ണവാരിയരും മറ്റും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിപ്പെടുന്നതിനും മുമ്പത്തെ കാലമായിരുന്നു. ഓസോൺ പാളി, ഹരിതഗൃഹ വാതകം, ആഗോള താപനം തുടങ്ങിയ വാക്കുകളും ഉണ്ടായിരുന്നില്ല. അതിനാൽ, കാവ്-കാട് എന്നതൊക്കെ കാണുമ്പോൾ വിമ്മിഷ്ടം ഉണ്ടാക്കിത്തുടങ്ങിയ കാലമായിരുന്നു. അന്നു നിയമങ്ങളെല്ലാം തെറ്റിച്ചിരുന്നത്, പാശ്ചാത്യ ഹിപ്പി മാതൃകകൾ അനുകരിക്കുന്ന ചുരുക്കം ചില ആനാ൪ക്കിസ്റ്റുകൾ മാത്രമായിരുന്നു. 

എന്നിൽ, എന്നാൽ എന്തും കാടുപിടിക്കുന്നുണ്ടായിരുന്നു. വിലാസിനിച്ചേച്ചിയെക്കുറിച്ചുള്ള ഓ൪മകൾ കമ്യൂണിസ്റ്റ് പച്ച പോലെ കാടുപിടിച്ചുകഴിഞ്ഞിട്ടുണ്ടായിരുന്നു. മലയാളം ഭാഷ കൃത്യമായിട്ടും പഠിക്കാഞ്ഞിട്ടും അ൪ത്ഥം പോലുമറിയാത്ത മലയാളം വാക്കുകൾ എന്റെ ഉള്ളിൽ കാടുപിടിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഇതൊന്നും ഭൗതിക വികസനവാദികൾ അറിഞ്ഞിരുന്നില്ല. എങ്കിൽ, അവ൪ എന്റെ ഓ൪മക്കാടുകളെ വെട്ടിയരിഞ്ഞെറിയുമായിരുന്നു എന്നു തോന്നിയിട്ടുണ്ട്, വ൪ഷങ്ങൾക്ക് ഇങ്ങേപ്പുറം വന്നു നിൽക്കുമ്പോൾ. വാക്കുകൾ അ൪ബുദം പോലെ പൊട്ടിത്തെഴുക്കുന്ന ബുദ്ധികോശങ്ങളെ അവ൪ മസ്തിഷ്കപ്രക്ഷാളനം ചെയ്യുമായിരുന്നു എന്നും വിചാരിച്ചുപോയിട്ടുണ്ട്.

അതിനിടയ്ക്കാണ്, ഏതോ ഒരു പൂമ്പാറ്റ വന്ന് ഞാനില്ലാത്ത സ്ഥലത്തും കാലത്തും എന്നെ അന്വേഷിച്ചുപോകുന്നതായി ആരോപണം ഉയരുന്നത്. ന്യായമായും എന്റെ ഉള്ളിൽ എന്തോ കാടു പോലെ വളരുന്നുണ്ടെന്ന് ആരും സംശയിച്ചുപോകുമായിരുന്നു. എന്നാൽ, അങ്ങനെ സംശയിച്ചു തുടങ്ങിയതു വികസനത്തിന്റെ പുത്തൻകൂറ്റു വക്കീലന്മാ൪ ആയിരുന്നില്ല. മറിച്ച്, സുരലത ആയിരുന്നു. അവൾക്കാണ് അത് ഏറ്റവും കൂടുതൽ സംശയിക്കാൻ സാധിക്കുമായിരുന്നത്. അവളാണ്, രാസാമ്ലബാഷ്പങ്ങൾ ത്രസിച്ചുനിന്നിരുന്ന ഫ്യൂമിങ് ലാബിൽ എന്റെ തൊട്ടടുത്തുണ്ടായിരുന്നത്. പലപ്പോഴും അവളുടെ നിശ്വാസങ്ങൾ എന്റെ ഉടലിലേക്കു വീണു. അതുവരെ കണ്ടുപിടിച്ചിട്ടില്ലാത്ത ഏതോ രാസാമ്ലത്തിന്റെ പൊള്ളൽ എന്റെ ശരീരകോശങ്ങളെ അള്ളുന്ന തരത്തിൽ. അതെന്റെ അസ്ഥി പോലും തുളച്ചുകയറുന്ന മാത്രയിൽ, പൂമ്പാറ്റയെക്കുറിച്ച് അവൾ എന്താണു ചോദിക്കാത്തതെന്നു ഞാൻ സത്യമായും തിടുക്കം കൊണ്ടിരുന്നു.

വര: കുക്കു

ഏറ്റവും അവസാനം, തിളനില ശ്രദ്ധിക്കാതെ ബുൺസൺ ബ൪ണറിനു മുകളിൽ നീറിപ്പിടിച്ച അമ്ലസ്ഫടികപ്പാത്രം പൊട്ടിത്തെറിച്ചുപോയ ഒരു നട്ടുച്ചയ്ക്കു ശേഷം അവൾ ചോദിച്ചു.

‘ നിന്റെ ഉള്ളിൽ എന്തോ വളരുന്നുണ്ട്…?’ ഒരു സംശയം പോലെ ചോദ്യചിഹ്നം ഇട്ടുകൊണ്ടായിരുന്നു അവൾ പറഞ്ഞത്. സംസാരത്തിലും ചോദ്യചിഹ്നങ്ങൾ ഇടാൻ അവളെപ്പോലെ പിശാചിനിയായ മറ്റാരേയും ഞാൻ കണ്ടിരുന്നില്ല.
‘ ഉണ്ടല്ലോ..’ അവളുടെ ആകാംക്ഷ കാട്ടുതീപോലെ നീറ്റിപ്പിടിപ്പിച്ചുകൊണ്ടു ഞാൻ പറഞ്ഞു.
‘ എനിക്കു മനസിലാവുന്നില്ലെന്നു നീ വിചാരിക്കേണ്ട.’
‘ നിനക്കു മനസിലാകണമല്ലോ. ഫ്യൂമിങ് ലാബിൽ മറ്റാരെയാണ് ഞാൻ തൊട്ടടുത്തു നി൪ത്തിയിട്ടുള്ളത്.’
‘ എന്താണു നിന്റെ ഉള്ളിൽ വളരുന്നത്..?’
‘ എന്റെ അകത്ത് ഒരു കാടു വള൪ന്നുകൊണ്ടിരിക്കുകയാണ്.’ ഏറ്റവും അലസമായാണു ഞാൻ അതു പറഞ്ഞത്.
‘ എന്നുവച്ചാൽ, നീ കവിതയെഴുതിത്തുടങ്ങിയെന്ന്..’ സുരലതയാണ് അതു ചോദിച്ചതെങ്കിലും വിലാസിനിച്ചേച്ചിയുടെ ശബ്ദത്തിന്റെ അതേ കനക്കുറവായിരുന്നു അതിന്.
‘ ഞാനൊരിക്കലും കവിത എഴുതില്ലെന്നു തീ൪ച്ചയാക്കിയതാണ്. പിന്നെങ്ങനെ…?’
‘ പിന്നെ, എന്താണു പിന്നെ നിന്റെ ഉള്ളിൽ ഇങ്ങനെ കാടുപിടിക്കാനായിട്ട്….?’
‘ ഞാനെന്നെത്തന്നെ കാടു പിടിക്കുകയാണ്.’ അതിനവൾ പെട്ടെന്ന് ഒരു മറുപടി പറഞ്ഞില്ല. അപ്പോഴേക്കും അടുത്ത സെറ്റ് പരീക്ഷണം തീപ്പുറത്തേക്കു വയ്ക്കേണ്ടതുണ്ടായിരുന്നു. ഫ്യൂമിങ് കബേഡിനുള്ളിൽ രാസാമ്ലബാഷ്പങ്ങൾ യൗവനയുക്തകളാകാൻ തുടങ്ങിയിരുന്നു. അതിനു പ്രത്യേക താളം ഞാൻ കണ്ടു. വിലാസിനിച്ചേച്ചിയുടെ ശരീരത്തിലെ ചില അനക്കങ്ങൾ ഞാനതിൽ കണ്ടു.
പിന്നെയെപ്പോഴോ സുരലത പറഞ്ഞു. ‘ വെറുതെയല്ല, നിന്നെ ഒരു പൂമ്പാറ്റ വന്ന് അന്വേഷിച്ചുപോകുന്നത്.’

ഞാനത് അപ്പോൾ കാര്യമായി എടുത്തില്ല. അത് അവളുടെ അടുത്ത കവിതയായിരിക്കും എന്നു മാത്രമാണു വിചാരിച്ചത്. പഠിക്കുന്നതു രസതന്ത്രമായിരുന്നെങ്കിലും അവളെങ്ങനെയാണ് ഓരോ കവിത വിചാരിക്കുന്നതെന്ന് അത്ഭുതപ്പെടുകയും ചെയ്തു. ഒരാളെ അന്വേഷിച്ചു പോകുന്ന പൂമ്പാറ്റ എന്ന തലക്കെട്ടിൽ അവളുടെ ഒരു കവിത ഞാൻ പിന്നീടും പ്രതീക്ഷിച്ചിരുന്നു. അവളുമായി പിരിഞ്ഞതിനു ശേഷം വ൪ഷമേറെക്കഴിഞ്ഞും. എന്നാൽ, അവൾ പിന്നീടു ഗവേഷണപ്രബന്ധങ്ങൾ മാത്രമാണ് എഴുതിയിരുന്നത്. ഒരു പ്രബന്ധത്തിൽ മാത്രം തലക്കെട്ടിൽ പൂമ്പാറ്റ പ്രത്യക്ഷപ്പെട്ടിരുന്നു. അതിങ്ങനെയായിരുന്നു: നാനോ രാസപ്രവ൪ത്തനങ്ങളിൽ പൂമ്പാറ്റച്ചിറകടി പ്രഭാവത്തിന്റെ സ്വാധീനം. അപ്പോഴേക്കും ഞാൻ രസതന്ത്രം തീ൪ത്തും മറന്നുതുടങ്ങിയതിനാൽ, അതെന്താണെന്നു വായിച്ചാൽ മനസിലാവുന്നുണ്ടായിരുന്നില്ല.

ഒരു പൂമ്പാറ്റ വന്ന് അന്വേഷിച്ചുപോകുന്നതിനെ പറ്റി സുരലത പറഞ്ഞത് എനിക്ക് ചില മറവികളിലൂടെ അവഗണിക്കാൻ ആദ്യാദ്യമൊക്കെ കഴിഞ്ഞിരുന്നെങ്കിലും അതേ ആരോപണം പിന്നീടു മറ്റു പല കോണുകളിൽ നിന്നും ഉയരുന്നുണ്ടായിരുന്നു. അപ്പോഴാണ്, അതേക്കുറിച്ചു വിശദമായി സുരലതയോട് അന്വേഷിക്കാതിരുന്നതിന്റെ കേടു മനസിലായത്. കന്റീനിലെ സാന്റോ കുഞ്ഞപ്പാട്ടൻ ഒരു ദിവസം ചോറിനു കുത്തിപ്പിടിച്ചുകൊണ്ടു ചോദിച്ചു. ‘ എന്താണ്ട്രാ, ഒരു പൂത്തുമ്പി വന്ന് അന്നേഴിച്ച് പോകുന്നുണ്ടല്ലോളി. അതേതാണ് കക്ഷി..?’ 

ഞാൻ തന്ത്രപരമായി അജ്ഞത നടിച്ചു. ചോറിനു കുത്തിപ്പിടിച്ചു ചോദിച്ചാൽ, ആരും മനസിലുള്ളതു പറഞ്ഞുപോകുമായിരുന്നു. ഉച്ച നേരത്തെ വിശപ്പ് അത്രയും കഠിനമായിരുന്നു.

‘ ങ്ങക്കെന്തിന്റ കേടാണ്, കുഞ്ഞപ്പാട്ടാ. ആള മക്കാറാക്കാണ്ട്…’
‘ അല്ലഡ്ര, നേരാണ്. എന്നോടും ഒരീസം ചോയ്ച്ചിനി. അതിനെ നല്ല കാട്ടുതേൻ മണക്കുന്നുണ്ടെയ്നി.’
സാന്റോ കുഞ്ഞപ്പാട്ടനും കവിതയെഴുതിത്തുടങ്ങി എന്നു വിചാരിക്കാൻ അശക്തനായിരുന്നു ഞാൻ. എന്റെ ചുറ്റുമുള്ളവരെല്ലാം കവിതയെഴുതിത്തുടങ്ങുന്നു എന്ന് എന്നെക്കൊണ്ടു വിചാരിപ്പിക്കേണ്ടതു വിലാസിനിച്ചേച്ചിയുടെ ഗൂഢാലോചനയാണെന്ന് എനിക്കു തോന്നിപ്പോയിരുന്നു. എന്നാൽ, കുഞ്ഞപ്പാട്ടൻ കവിതയെഴുതുകയേ ഇല്ലെന്നോ അപ്പോൾത്തന്നെ കവിതയെഴുതിക്കഴിഞ്ഞെന്നോ വിചാരിക്കാൻ എനിക്കാവില്ലായിരുന്നു. കാരണം, അരിയുടെ വേവ്, വറ്റ് കൈയിലെടുത്ത് ഞെരിച്ചുനോക്കാതെ കൃത്യമായി മനസിലാക്കാൻ കഴിയുന്ന ഒരു കലാകാരനായിരുന്നു അയാൾ. ഒറ്റ നോട്ടം കൊണ്ട് ആരുടെയും ഉള്ളിലെ വേവും അയാൾ അളക്കുമായിരുന്നു. അതുകൊണ്ടുതന്നെ, ഞാൻ ആശയക്കുഴപ്പത്തിലായിക്കഴിഞ്ഞിരുന്നു.
‘ കുഞ്ഞപ്പാട്ടനും കവിതയെഴുതിത്തുടങ്ങിനോ..’ എന്നൊരു മൂക്കാത്ത ചള്ള് ചോദ്യം മാത്രമാണ് എനിക്കു ചോദിക്കാനുണ്ടായിരുന്നത്.
‘ നീ വിഷ്യം മാറ്റല്ല. അതേതാണ് ആ പൂമ്പാറ്റ…?’
‘ അതു കവിതയെഴുതുന്നവ൪ക്കേ മനസിലാവൂ, കുഞ്ഞപ്പാട്ടാ. പ്രകൃതിയുടെ ഓരോ താളവും അറി യാൻ. പച്ചിലകൾക്കകത്തു അടുത്തു വരാനിരിക്കുന്ന ഒരു പൂമൊട്ടിന്റെ കാലൊച്ച കേൾക്കാൻ, ഇല്ലാത്ത കാട്ടുതീയിൽ പച്ചയായ് നിന്നുകത്തുന്ന പച്ചമരത്തിന്റെ ഉള്ളിലെ നീറ്റൽ അറിയാൻ, ഒഴുക്കിനെതിരെ നീന്തുന്ന ഒരുറുമ്പിനു ഒരു ഇല വിയ൪ത്തിട്ടുകൊടുക്കുന്ന ഒരു മരത്തെ നട്ടുവള൪ത്താൻ…അതിനൊക്കെ കവിത എഴുതുന്നവ൪ക്കേ കഴിയൂ…’
  ആ ഉത്തരം ഇത്തിരി നീണ്ടു പോയിരുന്നെങ്കിലും അതേറ്റു. അതിന്റെ ഓരോ വാക്കിനും നല്ല പ്രഹരശേഷിയുണ്ടായിരുന്നു. കുഞ്ഞപ്പാട്ടൻ പിന്നെ ആരോടും ചോറിനു കുത്തിപ്പിടിച്ച് ഒന്നും ചോദിച്ചിരുന്നില്ല. അയാൾ രഹസ്യമായി കവിതയെഴുതിത്തുടങ്ങിയെന്നും മറ്റും കന്റീൻ കുന്നിന്റെ പള്ളയിൽ ആരും കാണാതെ എന്തോ കുത്തിക്കുറിക്കുമായിരുന്ന ഉച്ചക്കാറ്റ് പറഞ്ഞതായി എനിക്കു തോന്നിയിരുന്നു.
എന്നാൽ, അതുകൊണ്ടൊന്നും ഞാനില്ലാത്ത സമയത്തെ, കാലത്തെ അന്വേഷിച്ചുപോകുന്ന പൂമ്പാറ്റയെക്കുറിച്ചുള്ള ആരോപണങ്ങൾ നിലച്ചിരുന്നില്ല. അതെന്നെയാണ് അന്വേഷിക്കുമായിരുന്നത്. എന്നാൽ ഞാൻ അതേ ക്യാംപസിൽ മറ്റൊരു കാലത്ത് മറ്റൊരു സ്ഥലത്ത് ഉണ്ടായിരുന്നുതാനും. ഞാനില്ലാത്ത സ്ഥലകാലത്തു മാത്രം വന്ന് അന്വേഷിച്ചുപോകുന്നത് എന്തിനാണ് എന്നൊരു സംശയം ഉണ്ടായിക്കൊണ്ടിരുന്നത് അക്കാലത്തായിരുന്നു. എങ്കിൽ അതു പൂമ്പാറ്റയായി മാറി ഒരു നാളിൽ ഭൂമി ഉപേക്ഷിക്കേണ്ടിവന്ന വിലാസിനിച്ചേച്ചി തന്നെ എന്നൊരു അന്ധവിശ്വാസവും. 
ആ പൂമ്പാറ്റയെ അന്വേഷിച്ചിറങ്ങാൻ പോലും ഞാൻ തുനിഞ്ഞിരുന്നു. എന്നാൽ, അതിനെപ്പറ്റിയുള്ള ഓരോരുത്തരുടെ വിവരണവും വ്യത്യസ്തമായിരുന്നു. അതെന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ജന്തുശാസ്ത്ര വിഭാഗത്തിൽ, അക്കാലത്ത് ആദ്യമായി പിയെച്ച്ഡി ബിരുദം എടുത്തുവന്ന മാളവിക തോമസിനോടു ഞാൻ ചോദിക്കുമായിരുന്നു. ഒരു പൂമ്പാറ്റയ്ക്ക് ഒരേ സമയം എത്ര ഫ്രോക്കുകളിൽ ജീവിക്കാനാവും…?
‘ഏതു പൂമ്പാറ്റയ്ക്കും ഒരു ഫ്രോക്കേയുള്ളൂ’ എന്നായിരിക്കും മറുപടിയെന്നാണു ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ, ഉത്തരം അത്തരത്തിലായിരുന്നില്ല. ‘ പൂമ്പാറ്റകളെക്കുറിച്ചുള്ള ശാസ്ത്രജ്ഞാനം വളരെ പരിമിതമാണ്. ഒരു പക്ഷെ, പത്തോ ഇരുപത്തഞ്ചോ കൊല്ലങ്ങൾക്കു ശേഷമായിരിക്കും അതിന് ഉത്തരം കിട്ടുന്നുണ്ടായിരിക്കുക.’ മാളവികാ തോമസിന് എന്നു ഒരു ദുഃഖഭാവമായിരുന്നു. അതെന്തുകൊണ്ടാണെന്ന് ഞാൻ ചോദിക്കുന്നുണ്ടായിരുന്നില്ല. പൂമ്പാറ്റകളെക്കുറിച്ചുള്ള ശാസ്ത്രജ്ഞാനം പരിമിതമായിരിക്കുന്നതുകൊണ്ടായിരിക്കും എന്നു വിചാരിക്കാനാണ് ഞാനിഷ്ടപ്പെട്ടത്. അല്ലാതെ അവ൪ക്ക് ഓ൪ക്കാൻ ഒരു വിലാസിനിച്ചേച്ചി ഉണ്ടായിരിക്കില്ലല്ലോ.
അതു സത്യമായിരുന്നു. എന്നെ അന്വേഷിച്ച് ഒരു പൂമ്പാറ്റ വന്നുപോകുന്നുണ്ടായിരുന്നു. ക്യാംപസിലെ എല്ലാവരും കവിതയെഴുതിത്തുടങ്ങിയോ എന്ന കൊടുംഭയത്തിൽ നിന്ന് എന്നെ രക്ഷിച്ചത് ഒരു പൂമ്പാറ്റ വന്ന് എന്തോ അന്വേഷിച്ചുമടങ്ങുന്നതായി ഞാൻ തന്നെ നേരിൽ കണ്ടതിനു ശേഷമായിരുന്നു അത്. എന്നാൽ, ഞാൻ കണ്ട പൂമ്പാറ്റ അന്വേഷിച്ചതു ശരിക്കും എന്നെയായിരുന്നില്ല. പക്ഷെ, എനിക്കതു മതിയായിരുന്നു. പൂമ്പാറ്റകൾ എന്തോ അന്വേഷിച്ചുനടക്കാറുണ്ട് എന്നതിന്റെ തെളിവു ധാരാളമായിരുന്നു. അപ്പോൾ എന്നെ അന്വേഷിച്ചും ഒന്നുണ്ടാവും, തീ൪ച്ച. അതു മതിയായിരുന്നു, ആ ഒരു അന്ധവിശ്വാസത്തെ എക്കാലത്തും കൊണ്ടുനടക്കാൻ. ( പിൽക്കാലത്തെപ്പോഴോ ഞാനെഴുതിയ കവിതകളിൽ നിന്ന് ഈ പൂമ്പാറ്റ ഇമേജറിയുടെ ഫോസിലുകൾ ചില നിരൂപക൪ കണ്ടെടുക്കുകയുണ്ടായിട്ടുണ്ട് ).
പൂമ്പാറ്റകൾ ഉമ്മവയ്ക്കുന്നതു പഠിപ്പിക്കുന്ന നഴ്സറിപ്പള്ളിക്കൂടത്തിലേക്ക് ഒരു കൂട്ടം കുഞ്ഞുപൂമ്പാറ്റകൾ ആഘോഷത്തോടെ പോകുന്നതായി ഞാൻ പിന്നീടെപ്പോഴോ കണ്ടുതുടങ്ങിയതിനു പിന്നിലും ഇതേ പൂമ്പാറ്റ തന്നെയായിരുന്നു. ആയിടെയാണ്, ഒരു പൂമ്പാറ്റച്ചുംബനം ഞാൻ ആദ്യമായി കൊള്ളുന്നത്. ലോകത്തിലെ ഏറ്റവും സോഫ്റ്റായ ചുംബനമായിരിക്കും പൂമ്പാറ്റയുടേത് എന്ന എന്റെ തോന്നലിനെ അട്ടിമറിക്കുന്നതായിരുന്നു അത്. ആ ഒരു പൂമ്പാറ്റച്ചുംബനത്തിൽ, ചുണ്ടുകളിൽ പരുക്കുകളൊന്നും പറ്റിയിരുന്നില്ലെങ്കിലും ഹൃദയത്തിൽ ചോരച്ചെനപ്പുകൾ പൊട്ടിയിരുന്നു. അതിനെയൊക്കെ അന്ന് ഏറ്റവും കാൽപ്പനികമായി വിളിച്ചിരുന്നത് കന്നിപ്രണയം എന്നായിരുന്നു. അതിനെ കന്നിക്കവിത എന്നു വിളിക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധവച്ചു. എന്നെക്കൊണ്ടു കവിതയെഴുതിപ്പിക്കാൻ ശ്രമിക്കുന്ന ഏതൊന്നിനെയും ഞാൻ മാറ്റിനി൪ത്തിക്കൊണ്ടിരുന്നു. 

( തുടരും)

ലേഖകൻ മാധ്യമപ്രവർത്തകനും കവിയും നോവലിസ്റ്റുമാണ്. ആദ്യനോവൽ, ഭൂമിയോളംചെറുതായ കാര്യങ്ങൾ 1987ൽ. ആറു കവിതാസമാഹാരങ്ങൾ. ഏഴു കഥാ സമാഹാരങ്ങൾ. ഒമ്പതു നോവലുകൾ.
രസതന്ത്രത്തിലും പത്രപ്രവർത്തനത്തിലും മാസ്റ്റർബിരുദം. ഇപ്പോൾ കോഴിക്കോട്ട് താമസം.

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.

littnowmagazine@littnow

ലേഖനം

ഉറുമ്പ്

Published

on

വാങ്മയം: 17

സുരേഷ് നൂറനാട്

ലിറ്റ് നൗ പ്രസിദ്ധീകരിച്ചതിൽ നിന്നും രണ്ടാമത്തെ പുസ്തകവും പുറത്തിറങ്ങി.
വാങ്മയം
സുരേഷ് നൂറനാട്
ഫേബിയൻ ബുക്സ്
വില 150 രൂപ.

ഒരുറുമ്പിനെ ഞാൻ ഞെരിക്കുകിൽ കൃപയാർന്നമ്മ തടഞ്ഞുചൊല്ലിടും മകനേ നരകത്തിലെണ്ണയിൽ പൊരിയും നീ’
സനാതനമായ ഒരു സത്യത്തെ ചുള്ളിക്കാട് അവതരിപ്പിക്കുന്നത് നോക്കൂ. എത്ര ഹൃദ്യം!
ചെറുപ്രാണികളുടെ ജീവിതത്തെ നോക്കി രചനകളിൽ നവചൈതന്യം ജനിപ്പിക്കുന്നു കവി. ഉറുമ്പിൻ്റെ പ്രാണൻ തനിക്ക് സമമായ ഒന്നാണെന്ന അറിവിലൂടെ എഴുത്തുകാരൻ പ്രപഞ്ചബോധത്തെ ഉണർത്തുകയാണ്.

ഉറുമ്പിന് കലയിൽ പലപ്പോഴും ജീവിവർഗ്ഗങ്ങളിലൊന്നായിനിന്ന് സംസാരിക്കേണ്ടിവരുന്നു. വലിയ ജനക്കൂട്ടത്തിൻ്റെ ചോദനകൾ ഉറുമ്പിൻ്റെ ജീവിതസ്പന്ദനവുമായി ബന്ധിപ്പിക്കുന്ന ന്യൂനോക്തി രസകരമാണ്. ആത്മാവിൻ്റെ സ്പർശം എല്ലാ ജന്തുക്കളിലും ഒരേ പോലെയോടുന്നുണ്ടെങ്കിലും ചിലതിന് കേന്ദ്രബിംബമാകാൻ ഭാഗ്യമില്ലാതാകാറുണ്ട്. എന്നാൽ ഉറുമ്പിന്
ആ ദൗർഭാഗ്യമില്ല.

   കുട്ടിക്കവിതകളിൽ പോലും കൗതുകമായല്ല ഈ ഭാഗ്യവാൻ വന്നു പോകുന്നത്. ആനയും ഉറുമ്പുമെന്ന കഥയിൽ വലിപ്പം ഉറുമ്പിനല്ലേ കൈവരുന്നത് .പഞ്ചതന്ത്രം കഥയിലൂടെ ഇലയിലിരുന്ന് ഒഴുകന്ന ഉറുമ്പ് എല്ലാ തലമുറയ്ക്കും കാഴ്ചയാകുന്നുണ്ട്

കൂട്ടമായി ജാഥ നയിക്കുന്ന ഉറുമ്പിൻപട ജനായത്തത്തിൻ്റെ മരിക്കാത്ത പ്രമേയമല്ലേ.

   വേനലിൻ്റെ തോളിലിരുന്ന് കാലത്തെ കരളുന്ന ഉറുമ്പ്, കവിതയിലൂടെ അക്ഷരങ്ങളായി ഇഴഞ്ഞു പോകുന്ന ഉറുമ്പ് - ഇങ്ങനെ എത്രയെത്ര സുന്ദരമായ കല്പനകൾ.

ഇലകളിൽ തട്ടുതട്ടായി കൂടൊരുക്കുന്ന നീറും അരിമണി ചുമന്ന് കൊണ്ട് വരുന്ന കുഞ്ഞനുറുമ്പും മധുരത്തെ നുകർന്ന് മത്തടിച്ച് മരിക്കുന്ന ചോനലും ക്ഷണിക പ്രാണൻ്റെ വിധിയെ ഓർമ്മിപ്പിക്കുന്നു.

‘കട്ടുറുമ്പേ നീയെത്ര കിനാവു കണ്ടൂ’ എന്നെഴുതി കവിത്വം തെളിയിക്കുന്നവർ കട്ടുറുമ്പിൻ്റെ കടികൊണ്ടവരായിരിക്കില്ല എന്നുറപ്പ്.

ചിത്രം: കാഞ്ചന.

littnow.com

littnowmagazine@gmail.com

Continue Reading

ലേഖനം

പരസ്പരമകലാനുള്ള
പ്രണയമെന്ന
പാസ്പോ൪ട്ട്

Published

on

കവിത തിന്തകത്തോം 12

വി.ജയദേവ്

സുരലത എന്നെന്നേക്കുമായി എന്നിൽ നിന്ന് അകന്നുപോയപ്പോഴും ഞാൻ അധികം സങ്കടമൊന്നും എടുത്തണിഞ്ഞിരുന്നില്ല. അവളെ കണ്ടുമുട്ടിയ നാൾ മുതൽ, എന്നെങ്കിലും ഒരിക്കൽ പിരിയാനുള്ളതാണെന്നു തോന്നിയിരുന്നു. പ്രണയം പരസ്പരം അകലാനുള്ള പാസ്പോ൪ട്ടാണെന്നു പിന്നീടെപ്പോഴോ ഞാൻ എഴുതി. മറ്റൊന്നു കൂടിയുണ്ടായിരുന്നു. അന്നൊക്കെ പ്രണയഭംഗങ്ങൾ വളരെ കൂടുതലായിരുന്നു. ഇന്നത്തെപ്പോലെ, തേപ്പ് തുടങ്ങിയ പദങ്ങളൊന്നും പക്ഷെ പ്രണയത്തക൪ച്ചാക്കവിതയിൽ ഉപയോഗിച്ചുതുടങ്ങിയിരുന്നില്ല.
ഒരു സ്ത്രീയുമായുള്ള എന്റെ ആദ്യത്തെ പരിചയം അങ്ങനെ തീവണ്ടിയിൽ കയറി അകന്നുപോയപ്പോൾ അധികം സങ്കടപ്പെടാനൊന്നും ഞാൻ ഒരുക്കമായിരുന്നില്ല. അതിനു വല്ലാത്ത മറ്റൊരു കാരണവും ഉണ്ടായിരുന്നു. അന്നൊക്കെ അത്രയും മതിയാവുമായിരുന്നു ഏതൊരാളെയും നിരാശകാമുനാക്കാൻ. അങ്ങനെ നിരാശകാമുകനാകുന്നതിൽ ഭൂരിഭാഗവും ലഹരിയിലും കവിതയിലും അഭയം തേടുമായിരുന്നു. കവിത എഴുതാനുള്ള ഒരു പ്രലോഭനം തന്നെയായിരുന്നു. എന്നാൽ, ഒരിക്കലും കവിതയെഴുതില്ലെന്നു തീരുമാനിച്ചിരിക്കുന്ന എന്നെ സംബന്ധിച്ച് ഏറ്റവും വലിയ വാരിക്കുഴിയായിരുന്നു സുരലത അകന്നുപോയപ്പോഴുണ്ടായ ഏകാന്തത. അവളുടെ അമ്ലക്കണ്ണുകളിൽ ഇനി ഞാനില്ലെന്ന തോന്നൽ. ഇതുവരെ അവളോട് ഒരളവും ഇല്ലാതിരുന്ന, ഇതുവരെ അവളോടു തുറന്നു പറയാതിരുന്ന പ്രണയം എന്നെയൊരു കാമുകനാക്കുവാനും വൈകിച്ചുകൊണ്ടിരുന്നു. കവിത എഴുതാനുള്ള ഏതൊരു പ്രലോഭനത്തെയും ഞാൻ ഒഴിവാക്കിക്കൊണ്ടിരുന്നു. അതുകൊണ്ടു സുരലതയുടെ കാര്യം വായിച്ചുതീ൪ത്ത ഒരു കഥയിലെന്ന പോലെ മാത്രമേയുള്ളൂ എന്നു ഞാൻ എന്നോടു തന്നെ പറഞ്ഞു. അതു വേഗം മറന്നു പോകാവുന്ന ഒരു കഥയായിരുന്നു എന്നെനിക്ക് അറിയാമായിരുന്നു. ( അതു തെറ്റാണെന്നു കാലം വളരെ കഴിഞ്ഞാണ് എനിക്കു ബോധ്യമായതെങ്കിൽത്തന്നെയും ). ഇനി സുരലത എന്ന കഥ എന്റെ ഉള്ളിലില്ല എന്നു ഞാൻ എന്നോടു തന്നെ പ്രഖ്യാപിച്ചു. ഇനിയീ മനസിൽ കവിതയില്ല എന്നും മറ്റും സുഗതകുമാരി പറയുന്നതിന് ഏതാണ്ട് അടുത്ത കാലങ്ങളിൽ തന്നെയായിരുന്നു അതും.

സുരലത എന്നിൽ എന്തെങ്കിലും വച്ചുമറന്നുപോയിട്ടില്ലെന്നു തന്നെ ഞാനുറപ്പാക്കിക്കഴിഞ്ഞിരുന്നു. എന്നാൽ, അങ്ങനെ ഏതോ ഒരു കഥാപാത്രത്തിന്റെ പേരാണ് എന്നു ഞാൻ മറക്കാൻ ശ്രമിക്കുമ്പോഴൊക്കെ, അതെന്നെ വീണ്ടും വീണ്ടും ഓ൪മിപ്പിക്കാനുള്ള ശ്രമങ്ങൾ സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരുന്നു. സുരലത എന്ന പേരിൽ ഒരു ലോറി എന്റെ മുന്നിൽക്കൂടി ഓടിപ്പോവുമായിരുന്നു. ഒരു ലോറിക്കുമൊന്നും ഒരു കാലത്തും സുരലത എന്നൊരു പേരു വിചാരിക്കാൻ കൂടി സാധിക്കാൻ പറ്റാത്ത കാലത്താണെന്ന് ഓ൪ക്കണം. വഴിയിലെവിടെയോ വച്ച് ‘ ഹോട്ടൽ സുരലത’ എന്നൊരു പേര് അതിനിടെ ഞാൻ വായിച്ചെടുക്കുകയുണ്ടായി. എനിക്ക് അത്ഭുതം തോന്നി. ഞാൻ മറക്കാൻ ശ്രമിക്കുന്ന ഈ വാക്കു തന്നെ വേണോ ലോറിക്കും ഹോട്ടലിനും മറ്റും സ്വയം കവിതയായി വായിച്ചെടുക്കാൻ.
എന്നാലും, ഞാനെന്റെ ശ്രമത്തിൽ നിന്നു മാറുകയുണ്ടായില്ല. സുരലതയെക്കുറിച്ച് ഓ൪ത്തു പാഴാക്കാൻ എനിക്കു സമയമില്ലെന്നൊരു നിലപാട് തന്നെ ഞാനുണ്ടാക്കിയെടുക്കുകയായിരുന്നു. കാരണം, എനിക്ക് ഞാനെന്നെങ്കിലും എഴുതാൻ പോകുന്ന കവിതയിൽ നിന്നു പരമാവധി കാലം നീട്ടിയെടുക്കണമായിരുന്നു. ഒരിക്കലും കവിതയെഴുതില്ല എന്ന നിലപാട് ഓരോ നിമിഷവും ദൃഢമാക്കേണ്ടിയിരുന്നു. എന്നിട്ടുമാണ്, വ൪ഷങ്ങൾക്കു ശേഷം ഞാനെഴുതുന്നത്.

“ നീ വച്ചുമറന്നതാണോ
എന്തോ, ഇവിടെ
ഒരു ഓ൪മ
അധികം വരുന്നു.”

ഇതു കവിതയായിത്തന്നെയാണോ ഞാനെഴുതിയത് എന്ന് എനിക്ക് അന്നും ഉറപ്പിക്കാൻ സാധിക്കില്ലായിരുന്നു. ഇപ്പോഴും. ഞാനൊരിക്കലും ഒരു കവിതയും എഴുതിയിട്ടില്ല എന്നു വിശ്വസിക്കാൻ തന്നെയാണ് എനിക്കിഷ്ടം. എന്റെ കല്ലറയിൽ എഴുതിവയ്ക്കേണ്ടത് ഞാൻ പിന്നീടെപ്പോഴോ എവിടെയോ കുറിച്ചിട്ടിരുന്നു. അതിങ്ങനെയായിരുന്നു.

ഒരിക്കലും കവിതയെഴുതാതെ
ഭ്രാന്തിന്റെ പരീക്ഷയെഴുതിത്തോറ്റ
ഒരു കാമുകന്റെ വാടകവീട്.

വിജനമായ റയിൽവേ സ്റ്റേഷനിൽ നിന്നു സുരലത ചൂളം വിളിച്ചു പോയിക്കഴിഞ്ഞതോടെ, അന്തേവാസികൾ മുക്കാലും ഒഴിഞ്ഞുകഴിഞ്ഞ ഹോസ്റ്റൽ മുറിയിലേക്കാണു ഞാൻ മടങ്ങേണ്ടിയിരുന്നത്. എന്നാൽ, ഞാൻ അവിടേക്കു പോയില്ല. അവിടെ എന്റേതായി ഒന്നും ബാക്കിയുണ്ടായിരുന്നില്ല. അല്ലെങ്കിൽ അവിടെയുണ്ടായിരുന്നതെല്ലാം ഞാനായിരുന്നു. എനിക്ക് ഒരു നഷ്ടബോധവും തോന്നുന്നുണ്ടായിരുന്നില്ല. ഒരു നേട്ടബോധവും ഉണ്ടായിരുന്നില്ല. രാത്രിബസുകളിലൊന്നിൽ കയറി ഏറ്റവും അവസാനത്തെ സ്റ്റോപ്പിലേക്കു ടിക്കറ്റെടുത്തു. അതു കവിതയിലേക്കു പോകുന്ന ബസാണെന്നോ മറ്റോ കണ്ടക്ട൪ പറയുന്നുണ്ടായിരുന്നു.
എനിക്ക് അത്ഭുതമാണു തോന്നിയത്. കണ്ടക്ട൪ പോലും കവിതയുടെ കാര്യമാണു പറയുന്നത്. നമ്മൾ മറക്കാൻ ശ്രമിക്കുന്നതെന്തോ അതു ലോകം ഓ൪മിപ്പിച്ചുകൊണ്ടേയിരിക്കും. കവിതയിലേക്കു വേണ്ട, കഥയിലേക്ക് ഒരു ടിക്കറ്റ് എന്നു പറയാനാണ് അപ്പോൾ തോന്നിയത്. എന്നാൽ, അങ്ങനെ ഒരു സ്ഥലമില്ലാത്ത പോലെ കണ്ടക്ട൪ വളരെ വിഷാദഭരിതമായ ഒരു നോട്ടം സമ്മാനിക്കുകയാണു ചെയ്തത്. അതെന്തിനാണെന്ന് എനിക്കു പിന്നീടും മനസിലായിട്ടുണ്ടായിരുന്നില്ല.
കവിതയിലേക്കു വേണ്ട, അതിന്റെ തൊട്ടിപ്പുറത്തെ സ്റ്റോപ്പിലേക്ക് ഒരു ടിക്കറ്റ് എന്നോ മറ്റോ ഞാൻ പറഞ്ഞിട്ടുണ്ടായിരിക്കണം. ഒരു പ്രണയനിരാശാഭരിതനായാണോ അയാൾ എന്നെ കാണുന്നതെന്നു ഞാൻ സംശയിച്ചു. ചിലപ്പോൾ കണ്ടക്ട൪ തന്നെ ഒരു കവിയായിരുന്നിരിക്കാം. എങ്ങോട്ടെന്നു പറയാതെ ഏതോ സ്റ്റോപ്പിലേക്കു അയാൾ ടിക്കറ്റ് തന്നു. ബസ് ഇരുളിലൂടെ ആരിൽ നിന്നോ എന്ന പോലെ ഒളിച്ചുപാഞ്ഞുപോയിക്കൊണ്ടിരുന്നു.
ഏതോ രാത്രിയിൽ ഏതോ യാമത്തിൽ കണ്ടക്ട൪ എന്നെ കുലുക്കിവിളിച്ചുണ൪ത്തി, സ്റ്റോപ്പായെന്നോ മറ്റോ പറഞ്ഞ് എന്നെ ഇരുളിലേക്ക് ഇറക്കുകയായിരുന്നു. പിന്നെ ഒന്നും സംഭവിക്കാത്തതുപോലെ ബസ് കറുപ്പിലേക്കു കുതിച്ചു. അല്ല, ഒരു ഇരുൾവായ അതിനെ വിഴുങ്ങി . ഇതേതു സ്ഥലം എന്ന അത്ഭുതത്തിൽ നിൽക്കെ എന്റെ മുന്നിൽ ഹോസ്റ്റലിന്റെ അടഞ്ഞുകിടക്കുന്ന ഗെയിറ്റ്, അപ്പോൾ പ്രകാശസ്ഖലനം സംഭവിച്ച ഒരു നക്ഷത്രത്തിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു. ഹോസ്റ്റലിന്റെ ഗെയിറ്റിനു മുന്നിൽ വീണ്ടും ഇരുട്ടു കാടു പിടിച്ചു. മുമ്പൊരിക്കലും അതിൽപ്പിന്നെയും ഹോസ്റ്റലിനു മുന്നിലൂടെ ഒരു ബസ് കടന്നുപോയിട്ടില്ല. ശരിക്കും ആ ബസ് കവിതയിലേക്കു തന്നെയായിരിക്കുമോ?
അറിയില്ല. എന്നാലും ആ ഇരുളിലും കവിതയെന്ന ഞടുക്കത്തെ ഞാൻ വിട്ടുനിന്നു. രോമാവൃതമായ ആകാശം മഴയെ കുതറിച്ചു കളയുന്നതു പോലെ. കൊണ്ടുപോയിക്കളഞ്ഞാലും കൂടെയെത്തുകയാണ് കവിതയെന്ന പ്രലോഭനം.. ഞാൻ ഹോസ്റ്റലിനു ചുറ്റും കമ്യൂണിസ്റ്റ് പച്ച പോലെ കാടുപിടിച്ച ഇരുട്ടിലേക്കു നോക്കി. ശരിയാണ്, ഈ ഹോസ്റ്റലിൽ നിന്ന് എന്നെ എനിക്കു തിരിച്ചുകൊണ്ടുപോവാനുണ്ടായിരുന്നു.

littnow.com

littnowmagazine@gmail.com

Continue Reading

ലേഖനം

തീവണ്ടി

Published

on

വാങ്മയം: 16

ഡോ.സുരേഷ് നൂറനാട്

വര: കാഞ്ചന.എസ്

വാക്കുകളുടെ ബോഗികൾ നിറയെ വികാരങ്ങളുടെ സിലണ്ടറുകൾ കൊണ്ടുവരുന്ന തീവണ്ടിയാണോ കവിത. അങ്ങനെ പറയേണ്ടിവരില്ല ശ്രീകുമാർ കര്യാടിൻ്റെ കവിതകൾ കണ്ടാൽ !

ഏതറ്റത്തും ഇൻജിൻ ഘടിപ്പിക്കാനാവുന്ന ബോഗികളുടെ നീണ്ടനിര. സ്വച്ഛമായ താളത്തിൽ സ്വന്തമായ പാളത്തിലൂടെ അതങ്ങനെ നീങ്ങുന്നു. ലോകം മുഴുവൻ മുറിയിലിരുന്ന് കാണുന്ന പ്രതീതിയിലാണ് ആ വാഗൺ കുതിക്കുന്നത്. പരമ്പരാഗത ലോകകവിതയുടെ ഘടനയിൽ ചില അഴിച്ചുപണികൾ നടത്താനുണ്ടെന്ന പോലെ!ഈണത്തിൻ്റെ വഴുക്കൽ ഒന്നു തുടച്ചെടുത്താൽ മതിയാകുമെന്ന തോന്നലുളവാക്കും.എന്നാൽ അതിനൊന്നും തുനിയാതെ അയാൾ ഇരുന്നിടത്തുതന്നെ ഇരിക്കുന്നു. അയ്യപ്പപ്പണിക്കർ പറഞ്ഞ പഴമയുടെ വാറോല വി .സി ബാലകൃഷണപ്പണിക്കരുടെ കവിത ചൊല്ലി ശബ്ദമുഖരിതമാക്കുന്നു അദ്ദേഹം. സായാഹ്നത്തിൽ ദൽഹിയ്ക്കുള്ള വണ്ടിയിൽ നിരന്നിരിക്കുന്ന കവികളും അവരെയിരുത്തിയിരിക്കുന്ന വലിയവണ്ടിക്കാരനേയും കവി നോക്കിത്തന്നെയിരുന്നുകളയും. അത്യന്താധുനികക്കാരേയും ആധുനികക്കാരേയും അവർക്കിടയിലെ കുത്തിത്തിരിപ്പുകാരേയും ശ്രീകുമാർ മഷിനോക്കി കണ്ടെത്തുന്നു.വയലാറിൻ്റെ കവിത ലവൽക്രോസിൽ നിർത്തിവെച്ച് പുതിയ പാട്ടുകൾ ചുരുട്ടിയെടുത്ത് കൊണ്ടുപോവുകയാണ്. ഈയിടെ അദ്ദേഹം എഴുതിയ ‘ഒരു ആഗ്രഹം’ എന്ന ഉദാസീനകാവ്യം നോക്കൂ.

“വെറുതെ ഓടുന്ന ഒരു തീവണ്ടിയിൽ കയറിയിരിക്കണം. ടി ടി ആറിനോട് ടിക്കറ്റുപോയി എന്നു കള്ളം പറയണം. ആകെ വെപ്രാളപ്പെടണം.അടിമുടി വിയർക്കണം. ആ ടി ടി ആറിന്റെ ഈഗോ വർദ്ധിക്കണം.അയാൾ സംശയത്തോടെ എന്നെ നോക്കണം. ഞാൻ ടിക്കറ്റെടുത്തിട്ടില്ല എന്ന് പത്തുതവണ അയാൾ ഉച്ചത്തിൽ പറയണം. യാത്രക്കാർ അയാളുടെ പക്ഷം ചേർന്ന് തലയാട്ടണം. അപ്പോൾ ഞാൻ തലചുറ്റി വീഴണം.
……………………..
ആദ്യത്തെ ടീ ടീ ആർ തൂവാലയെടുത്ത് മുഖം തുടയ്ക്കണം. രണ്ടാമത്തെ ടി ടി ആർ മറ്റൊരു തൂവാലയെടുത്ത് മുഖം തുടയ്ക്കണം. യാത്രക്കാരും ഓരോ തൂവാലയെടുത്ത് മുഖം തുടയ്ക്കണം. ഞാൻ അപ്പോൾ ആകാശത്തുനിന്ന് ഒരു തൂവാലയെടുത്ത് മുഖം തുടയ്ക്കണം. അപ്പോൾ എല്ലാവരും ആകാശത്തേക്ക് നോക്കണം
………………
ഞാൻ ടിക്കറ്റ് മെല്ലെമെല്ലെ പൊക്കിക്കൊണ്ടുവരണം. അപ്പോൾ ടീ ടീ ആർ മാർ മെല്ലെ മെല്ലെ മുകളിലേക്ക് ഉയർന്നുപൊങ്ങണം. ഇതിനിടെ തീവണ്ടി ഏതോ സ്റ്റേഷനിൽ നിൽക്കണം. ഞാൻ മാത്രം ഇറങ്ങിപ്പോകണം. “

ഇത് മുഴുവൻ
തീവണ്ടിയ്ക്കകമാണ്.കവിതയെന്ന തീവണ്ടിയുടെ അകം! ശ്രീകുമാർ കര്യാട് വെറുതേ എഴുതിയതാകാമിത് എന്ന് അദ്ദേഹം പോലും പറയരുത്. ശില്പസുന്ദരമായ അനേകം കവിതകളുടെ സൃഷ്ടാവ് ഈ രീതിയിൽ നിമിഷജീവിതത്തെ അതിജീവിക്കുന്നത് കാണാനിഷ്ടപ്പെടാത്തവരുണ്ടാകുമോ ഭൂമിയിൽ!

littnow.com

littnowmagazine@gmail.com

Continue Reading

Trending