Connect with us

ലേഖനം

ഡ്യുപ്ലിക്കേറ്റ് താരമാവുന്ന കാലം

Published

on

പി കെ ഗണേശൻ

ഒറിജിനലിനെ
വെല്ലുന്ന ഡ്യൂപ്ലിക്കേറ്റിൻറെ കാലമാണിത്.ഒറിജിനലേത്, ഡ്യൂപ്ലിക്കേറ്റേത് എന്ന് തരം തിരിക്കാനാവാത്ത സ്ഥിതിയുണ്ടാവുന്നു.

ഒറിജിനലിനോടുള്ളതിനേക്കാൾ ആരാധന ഡ്യുപ്ലിക്കേറ്റിനോടുണ്ട്.ഒറിജിനലിൽ ചൂണ്ടിക്കാണിക്കപെട്ട ന്യൂനതകൾ ഏറെക്കുറെ പരിഹരിച്ചാണ് ഡ്യൂപ്ലിക്കേറ്റിൻറെ വരവു തന്നെ.ഒറിജിനൽ ഒരു സെമിഫിനിഷ്ഡ് പ്രൊഡക്ടാണെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ഒരു ഫിനിഷ്ഡ് പ്രൊഡക്ട് എന്ന നിലയിൽ അവതരിക്കപെടുന്നു.

പ്രസൻറബ്ൾ പ്രസൻറിനോടാണ് ഇഷ്ടമേറെ.കണ്ണ് മാത്രം ഇന്ദ്രിയമാവുന്ന കാലത്ത്, മറ്റെല്ലാ ഇന്ദ്രിയങ്ങളും റദ്ദാക്കപെടുന്ന കാലത്ത് അതുകൊണ്ടുതന്നെ ഡ്യൂപ്ലിക്കേറ്റിനു ആരാധകരേറെ.

വിപണി തന്ത്രങ്ങൾ കഥയറിഞ്ഞിടപെടുന്നു.തൊലിപുറമെയുള്ള ജീവിതം ആഘോഷമാവുന്നു.ഉള്ളടക്കം അപ്രസക്തമാണിന്ന്.സത്തയിലല്ല കാര്യം.എങ്ങനെ അവതരിക്കപെടുന്നു എന്നതാണ് കാര്യം.വിപണി ശീലിപ്പിച്ചെടുക്കുന്ന ഈ സെറ്റപ്പിൽ ഒരാളുടെ പെഴ്സണാലിറ്റിയാണ് മാനദണ്ഡം, അയാളുടെ ക്യാരക്ടർ മാനദണ്ഡമേയല്ല.

സംസ്കാരത്തിൻറെ മേഖലയിൽ സംഭവിച്ച ഈ വ്യതിയാനത്തെ/അപചയത്തെ കുറിച്ച് വാറൻ സുസ്മേൻ എന്ന കൾച്ചറൽ ഹിസ്റ്റോറിയൻ വിദഗ്ധപഠനം നടത്തിയിട്ടുണ്ട്.സാംസ്കാരിക പഠനത്തിൽ കൾച്ചറൽ ഹിസ്റ്ററി എന്ന ശാഖ തുടങ്ങിയത് അദ്ദേഹത്തിലൂടെയാണ്.സുഹൃത്തുക്കൾക്കൊപ്പം നടത്തുന്ന ചർച്ചകളിലായിരുന്നു, കൊച്ചുവർത്തമാനങ്ങളിലായിരുന്നു,എഴുത്തിലായിരുന്നില്ല, ജന്മനാ ഇൻറോവെർടായ സുസ്മേന് പ്രിയം.എഴുത്തിൽ മടിയനായിരുന്നു.പല പ്രസിദ്ധീകരണങ്ങളുടെയും എഡിറ്റർമാരുടെ നിർബന്ധങ്ങൾക്കു വഴങ്ങിയാണ് സുസ്മേൻ എഴുതാറ്.ആ എഡിറ്റർമാരില്ലായിരുന്നുവെങ്കിൽ കൾച്ചറൽ ഹിസ്റ്ററി എന്ന ജ്ഞാനശാഖ അവതരിപ്പിക്കപെടുമായിരുന്നില്ല. ആരുടെയൊക്കെയോ നിർബന്ധങ്ങൾക്ക് വഴങ്ങിയാണ് അദ്ദേഹം, കാൽനൂറ്റാണ്ടോളം പലപ്പോഴായി താനെഴുതിയ ലേഖനങ്ങൾ സമാഹരിച്ച് Cultural History: The Transformation of American Society in the 20th Century എന്ന പേരിൽ പ്രസിദ്ധീകരിച്ചത്.ആ സമാഹാരം അദ്ദേഹം എഴുതിയ മുഴുവൻ ലേഖനങ്ങളുടെയും സമ്പൂർണ സമാഹാരമല്ല.പലതും സൂക്ഷിച്ചുവെച്ചിരുന്നില്ല.ഉള്ളതുവെച്ച് പുസ്തകമാക്കുകയായിരുന്നു.എന്നിട്ടും മാസ് കൾച്ചറിനെ കുറിച്ചുള്ള മികച്ച പുസ്തകമായി അത് സാംസ്കാരിക ചരിത്രത്തിൽ സ്ഥാനം പിടിച്ചു.ക്യാരക്ടറിൽ നിന്ന് പെഴ്സണാലിറ്റിയിലേക്ക് സംഭവിച്ച സംസ്കാരത്തിന്റെ വ്യതിയാനമാണ് അദ്ദേഹത്തിന്റെ മുഖ്യ വിഷയം.

പത്തൊൻപതാം നൂറ്റാണ്ടിൽ വ്യവസ്ഥയിൽ സംഭവിച്ച വിപ്ലവങ്ങൾ, organizational revolutions എന്ന് അദ്ദേഹം വിളിക്കുന്ന ആ മാറ്റങ്ങളുടെ ഭാഗമായി സമൂഹത്തിൽ മധ്യവർഗങ്ങൾ എന്ന പുതിയ വർഗം രൂപപ്പെട്ടു.സമൂഹത്തിലെ വർഗഘടന കീഴ്മേൽ മറിഞ്ഞു,പുനർ നിർവചിക്കപെട്ടു.
അതോടെ ഒരു സംസ്കാരം എന്ന നിലയിൽ വ്യക്തിയുടെ ക്യാരക്ടർ അപ്രസക്തമായി.പുതിയ സംസ്കാരം എന്ന നിലയിൽ
പെഴ്സണാലിറ്റിയുടെ
കാലം പിറന്നു.
ക്യാരക്ടർ കൃത്രിമമായി ഉണ്ടാക്കാൻ സാധിക്കില്ല.പെഴ്സണാലിറ്റി കൃത്രിമമായി ഉണ്ടാക്കാൻ സാധിക്കും.അങ്ങനെയാണ് പെഴ്സണാലിറ്റി മാനേജുമെന്റ് എന്ന പേരിൽ വ്യക്തിത്വവികസനക്ലാസ്റൂം കച്ചവടം തന്നെ തുടങ്ങിയത്.

പെഴ്സണാലിറ്റിയുടെ കാലം പിറന്നതോടെ
പുതിയ ഇഷ്ടങ്ങളും ആരാധനയും രൂപംകൊണ്ടു.ഉപഭോഗസംസ്കാരം പുതിയ സംസ്കാര ശീലമായി.ഒരു തരം പൾപ്പ് സംസ്കാരം അരങ്ങുവാണു.ആളുകൾ കൂടുതൽ പ്രയോജനവാദികളായി.എനിക്കെന്തു കിട്ടും എന്ന നിലയിൽ കൂടുതൽ ഉപഭോക്താക്കൾ എന്ന നിലയിൽ ഭാഗ്യാന്വേഷികളായി.എബ്രഹാം ലിങ്കനും എമേഴ്സനും മറ്റും ആരാധനമൂർത്തികളായിരുന്ന അമേരിക്കയിൽ ഉള്ളില്ലാത്ത,പുറന്തൊലി മാത്രമായ സിനിമാനടന്മാരും ടിവി താരങ്ങളും ജനങ്ങളുടെ ഇഷ്ടം കവരുന്ന പ്രതിഭാസം അങ്ങനെ പിറവിയായി.ഇത് അമേരിക്കയിൽ മാത്രം സംഭവിച്ച പ്രതിഭാസമല്ല.ലോകത്തൊട്ടാകെ ഇത് പലകാലങ്ങളിലായി സംഭവിച്ചു.ചരിത്രം മാറി.ഒരാളുടെ
ക്യാരക്ടറാണ് ഒറിജിനൽ.ഒരാളെന്താണോ അതാണ് ക്യാരക്ടർ.പെഴ്സണാലിറ്റി ഡ്യുപ്ലിക്കേറ്റാണ്.പക്ഷെ ആർക്കാണ് ക്യാരക്ടറിൽ താല്പര്യം.എല്ലാവരും പെഴ്സണാലിറ്റിയുടെ പിന്നാലെ ഓടുന്നു.

എഴുത്തുകാരനും ചലചിത്ര താരവും ഒരുമിച്ചെത്തുന്ന പ്ലാറ്റ്ഫോമിൽ കയ്യടി കിട്ടുന്നത് ചലചിത്ര താരത്തിനാണിന്ന്.മുറുക്കാൻ കട ഉദ്ഘാടനത്തിനു പോവുന്ന ചലചിത്ര താരങ്ങൾക്കു പോലും കിട്ടും പതിനായിരങ്ങൾ പ്രതിഫലമായി.സാംസ്കാരിക പ്രഭാഷണത്തിന് ക്ഷണിക്കപെടുന്ന എഴുത്തുകാരന് വണ്ടികാശു കൊടുക്കാൻ പോലും സംഘാടകർക്ക് സന്മനസുണ്ടാവാറില്ല.ആളുകൾക്കിഷ്ടം പെഴ്സണാലിറ്റിയാണ്, ഉൾക്കനമുള്ള പ്രതിഭാശാലികളെ എന്തിന് കേൾക്കുന്നു, വായിക്കുന്നു, പിന്തുടരുന്നു.ഒരാളുടെ സത്ത എന്നത് അയാളുടെ ക്യാരക്ടറാണ്, പെഴ്സണലാറ്റിയല്ല.പെഴ്സണാലിറ്റി ആരാധ്യമാവുന്ന സമൂഹത്തിന് സാംസ്കാരിക മൂല്യമില്ല.
ജീവിതത്തിന്റെ സമസ്ത മേഖലയിലും ഈ ഇല്ലായ്മ പ്രവണതയായി പ്രവർത്തിക്കുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ റിലീസ് ചെയ്ത കാലത്തെ വിവാദം ഓർമ്മയില്ലേ.രൂപവും ഉള്ളടക്കവും ഏറെക്കുറെ മൗലികമായിട്ടുള്ള
ഡോൺ പാലത്തറയുടെ ശവം സിനിമയും ലിജോയുടെ ഈ.മ.യൗ സിനിമയും മുന്നിൽ വരുമ്പോൾ പ്രേക്ഷകർക്കിഷ്ടം
ക്ലൗഡ് ഫണ്ടിംഗിലൂടെ നിർമ്മിച്ച ശവം എന്ന മിനിമൽ സിനിമയിലെ സർഗാത്മകതയല്ല, മറിച്ച് കോടികളുടെ നിർമ്മാണ ചെലവിൽ അവതരിപ്പിക്കുന്ന ഈ.മ.യൗവിലെ കാഴ്ച പെരുക്കങ്ങളാണ്.ശവം മുന്നിൽ കൊണ്ടു വരുന്ന അനുഭവലോകമുണ്ട്.ദരിദ്ര ഇക്കോണമിയിലും ആ സിനിമ സർഗാത്മകതകൊണ്ടു മാത്രം പിടിച്ചു നിന്നു.കണ്ണിനെ വഞ്ചിച്ചില്ല.ദരിദ്ര
ഇക്കോണമിമൂലം ഉണ്ടായ
ചില പോരായ്മകൾ ഇല്ലാതില്ല.ആ പോരായ്മകളെ മറികടക്കാൻ സാധിച്ചു എന്നതാണ് മൂലധനമുണ്ടാക്കിയ ഈ.മ.യൗ ൻറെ വിജയം.കാഴ്ച്ചാനുഭവത്തിന് കുറേക്കൂടി ഫിനിഷ്ഡ് പ്രൊഡക്ടായി.പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അവരുടെ കണ്ണുകളെ,മനസിനെ തൃപ്തിപെടുത്തുന്നുണ്ടോ, ഉണ്ടെങ്കിൽ അതിലാണ് പ്രേക്ഷകർക്ക് താല്പര്യം.
ഒറിജിനലേത്,ഡ്യുപ്ലിക്കേറ്റ് എന്ന് ചൂഴ്ന്നു നോക്കുന്ന നീതി ബോധം എന്തിന് പ്രേക്ഷകർ ബാധ്യതയായി ഏറ്റെടുക്കുന്നു.

ആരാണോ, ഏതാണോ കൂടുതൽ തൃപ്തിപ്പെടുത്തുന്നത്, അതിലാണ് കാര്യം.ഒറിജിനൽ, ഡ്യുപ്ലികേറ്റ് എന്ന വേർതിരിവിൻറെ വിഷയത്തിൽ പ്രേക്ഷകർ എന്തു പിഴച്ചു.വളരെ പ്രാഗ്മാറ്റിക്കായ പ്രേക്ഷകരെ സംബന്ധിച്ച് സെമിഫിനിഷ്ഡ്, ഫിനിഷ്ഡ് ഉല്പന്നങ്ങൾ മുന്നിൽ വരുമ്പോൾ ഫിനിഷ്ഡിനെ പ്രാപിക്കും.വിപണിയുടെ ഈ രീതിശാസ്ത്രമാണ്
സിനിമയുടെ റിപ്പബ്ലിക്കിൽ പ്രജയായ പ്രേക്ഷകർക്കും പഥ്യം.
ഇതേ പ്രശ്നം അറുപതുകളിൽ ഗൊദാർദ് സംവിധാനം ചെയ്ത Breathless എന്ന സിനിമയെ മനോഹരമായി പ്രാപിച്ച, എന്നാൽ അക്കാര്യം ഒട്ടുമേൽ അവകാശപെടാതെ സ്വന്തം ഉല്പന്നമായി ആഷിക് അബു മായാനദി എന്ന സിനിമ അവതരിച്ചപ്പോഴും സംഭവിച്ചു.
ബ്രെത് ലെസ് മോഷ്ടിച്ചാണോ മായാനദി എന്ന സിനിമ എന്ന ചർച്ചയിലേ പ്രേക്ഷകർക്ക് താല്പര്യം ഇല്ലായിരുന്നു.

മരണം ഒരു ജോക്കാണ് എന്ന കീർക്കെഗാർദിൻറെ ചിന്തയാണ് ഒരു ക്രൈസ്തവ കുടിയേറ്റ മലയോരമേഖലയിലെ ഒരു സാധാരണ മരണവീട്ടിൽ നടക്കുന്ന സംഭവങ്ങളുമായി ചുറ്റിപ്പറ്റിയുള്ള ശവം സിനിമയിലെ പ്രമേയത്തിന്റെ ആത്മാവ്.അറിഞ്ഞോ അറിയാതെയോ ആ ചിന്തയെ സിനിമ ഉപജീവിക്കുന്നുണ്ട്.

അറിയാതെയും സംഭവിക്കാം.അക്കാര്യം വിശദീകരിക്കാൻ പറ്റിയ ഒരു സംഭവം പ്രശസ്ത നാടകകൃത്ത് സി.ജെ തോമസിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്.അമേരിക്കൻ പ്രസാധകനും കവിയുമായിരുന്ന ജെയിംസ് ലാഫ്ലിൻ ഒരിക്കൽ സിജെ തോമസിനെ സന്ദർശിച്ചിരുന്നു.സിജെ തോമസ് അമേരിക്കൻ സി.ഐ.എ ഫണ്ട് വാങ്ങിയാണ് വിമോചന സമരം നടത്തിയത് എന്ന് കമ്യൂണിസ്റ്റുകൾ ആരോപണമുന്നയിച്ചിരുന്നുവല്ലൊ.വെള്ളക്കാരനെ തൊട്ടാലും കണ്ടാലും സിഐഎ ചാരപട്ടം കിട്ടുന്ന ഒരു കാലമുണ്ടായിരുന്നല്ലൊ.

എന്നാൽ
ഈ കൂടിക്കാഴ്ച അങ്ങനെയൊന്നായിരുന്നില്ല.തികച്ചും സർഗാത്മകമായിരുന്നു ആ കൂടിക്കാഴ്ച.പികെ.ബാലകൃഷ്ണൻ അക്കാര്യം എഴുതിയിട്ടുണ്ട്.സംസാരത്തിനിടെ സി.ജെയുടെ ക്രൈം നമ്പർ 28 ചർച്ചയിൽ വന്നു.ഈ നാടകം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെടാതെ പോയതിൽ സിജെ തോമസ് ഖിന്നനായിരുന്നു.മരണം ഒരു ജോക്കാണ് എന്ന തീമായിരുന്നു നാടകത്തിൽ.അതാണ് പ്രമേയം എന്ന് കേട്ടപ്പോൾ ലാഫ്ലിൻറെ കമന്റ്,I see you belong to Kierkegaard..
അപ്പോഴാണ് സിജെ അറിയുന്നത് മരണം ഒരു വലിയ തമാശയാണ് എന്ന് താൻ നാടകത്തിൽ വികസിപ്പിക്കാൻ ശ്രമിച്ച ആശയം ഒരു നൂറ്റാണ്ട് മുമ്പ് കിർക്കേഗാദ് പ്രതിപാദിച്ച ആശയമായിരുന്നു എന്ന്.

അങ്ങനെയും സംഭവിക്കാറുണ്ട്.ഒരാൾ ചിന്തിക്കുന്നതു പോലെ മറ്റൊരാൾ ലോകത്തിന്റെ മറ്റൊരു മൂലയിലിരുന്നു ചിന്തിക്കുന്നു.മറ്റൊരു കാലത്ത് ചിന്തിച്ചത് പോലെ വേറൊരു കാലത്ത്.പരസ്പര ബന്ധമില്ലാതെ തികച്ചും ആകസ്മികമായി സംഭവിക്കുന്ന ആകസ്മികതയായി, മരണം പോലെ തന്നെ.

മരണം എന്നത് ഒരു uncertain certainty ആയിട്ടാണ് കിർക്കേഗാദ് കാണുന്നത്.ഒരു നിശ്ചയവും ഇല്ല.നിനക്കുമ്പോൾ വരണമെന്നില്ല മരണം.നിനച്ചിരിക്കാതെ കടന്നു വരുന്ന കോമാളിയാണ് മരണം.ജീവിതത്തിൻറെ ഏറ്റവും ഉന്നതമായ ശ്രേഷ്ഠമായ ആഹ്ലാദ നിമിഷങ്ങളിൽ പോലും കൂടെയുണ്ട് മരണം.
കിർക്കെഗാദ് ഇങ്ങനെ എഴുതി:
No one knows from the dead,No one has come in to the world without weeping, No one asks one if one wants to come in,No one when one wants to go out.
മരണം ഒരു ജോക്കാണ് എന്നത് ഒരു എപിക്യൂറിയൻ വാദമാണ്.അങ്ങനെ വരുമ്പോൾ മൗലികത എന്ന വാദം അർത്ഥരഹിതമാണ് എന്ന് വരുന്നു.മരണം ഒരു ജോക്കാണ് എന്ന ആശയം കീർക്കേഗാദിൻറേതുമല്ല എന്ന് വരുന്നു.
കോപ്പിയുടെ കോപ്പിയാവുന്ന അവസ്ഥ.

എല്ലാവരും ഒറിജിനാലിറ്റിയുടെ തടവറയിലാണല്ലൊ.
എന്നാൽ എന്താണ് ഈ ഒറിജിനാലിറ്റി?
അല്ലെങ്കിൽ എന്തിനാണതിൽ ഇത്രമാത്രം അഹങ്കരിക്കാൻ എന്ന മറുചോദ്യം അനുവാചക പക്ഷത്തുനിന്ന് ഉയരുന്നുണ്ട്.കാറൽ മാർക്സ് പോലും ഒറിജിനാലിറ്റിയുടെ പേരിൽ കല്ലേറ് കൊണ്ടിട്ടുണ്ട്.ലോകം വർഗം, വർഗസമരം, വർഗരാഷ്ട്രീയം എന്നൊക്കെ ചർച്ച ചെയ്യാൻ തുടങ്ങിയത് കാറൽ മാർക്സിനോടൊപ്പമാണ്.എന്നാൽ ആ ആശയം മാർക്സിൻറേതല്ലെന്ന് വാദം ഉയർന്നിട്ടുണ്ട്.ഒറിജിനലിന് മാർക്സ് അർഹനല്ല എന്നു തന്നെയാണ് ആ വാദം.ഒലിവർ സ്മിത്തിന്റെ കവിത ദി ഡെസേർട്ടട് വില്ലേജിൽ ഇതേ ആശയം ഉണ്ട്.ജോൺ മിൽട്ടൻറെ കവിതയിൽ ഉണ്ട് ഇതേ ആശയം.മിൽട്ടൻ ഈ ആശയം കടം കൊണ്ടത് ഷെയ്ക്സ്പിയറുടെ കിങ് ലിയറിൽ നിന്ന്.ധനികർ ദരിദ്രരുടെ രക്തമൂറ്റുന്ന രീതിയിൽ ചൂഷണം ചെയ്യുന്നതിനെ കുറിച്ച് വോൾട്ടയർ എഴുതിയിട്ടുണ്ട്.സമ്പത്ത് എങ്ങനെ സാമൂഹിക സംഘർഷത്തിന് കാരണമാവുന്നത് എന്ന് വിശദീകരിച്ചിട്ടുണ്ട്.റൂസ്സൊയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.അങ്ങനെ വരുമ്പോൾ വർഗസമരം എന്ന ആശയം മാർക്സിൻറേതല്ലെന്നാണ് ടെറി ഈഗ്ൾടൻറെ വിലയിരുത്തൽ​. വർഗസമരം എന്ന ആശയം തന്റെ സംഭാവനയാണെന്ന് മാർക്സ് കർതൃത്വഭാവത്തിൽ
അവകാശപെട്ടതായി അദ്ദേഹത്തിന്റെ വായനയിൽ അനുഭവപെട്ടിട്ടില്ല.

അതേസമയം വർഗസമരം എന്ന ആശയത്തിൽ നിന്ന് മാർക്സിനെ മൈനസ് ചെയ്യുന്നതിൽ ചരിത്രപരമായ സാംഗത്യം ഇല്ല തന്നെ.ഇന്നേവരെയുള്ള ചരിത്രം മാർക്സിനു മുമ്പുവരെ വ്യാഖ്യാനിക്കപെട്ടിട്ടേയുള്ളു,മാറ്റിതീർക്കുക എന്ന ചരിത്രപരമായ ദൗത്യം ഏറ്റെടുത്തതിലാണ് മാർക്സ് വ്യതിരിക്തത നേടുന്നത്.മാർക്സിനെ മറ്റൊരു പ്രവാചകനായി കണ്ടതിൽ ലോകം പരാജയപ്പെട്ടു. ചരിത്രത്തിൽ സംഭവിക്കാൻ പോകുന്നത് മുഴുവൻ മൂൻകൂട്ടി കാണാൻ മാർക്സിനു സാധിച്ചില്ല.മാർക്സിസത്തിൻറെ പേരിൽ അവതരിക്കപെട്ടതൊക്കെ സമഗ്രാധിപത്യവ്യവസ്ഥകളായിരുന്നു.പറഞ്ഞുവന്നത് മാർക്സ് പോലും ഡ്യൂപ്ലിക്കേറ്റാവുന്ന യാഥാർത്ഥ്യം മുന്നിൽ വരുമ്പോൾ മൗലികത അത്ര വിശുദ്ധ പശുവല്ലെന്ന്
വെളിപെടുന്നു.അതിനാൽ തന്നെ ഒറിജിനാലിറ്റിയുടെ പേരിലുള്ള മൗലികവാദ നിലപാട് ചെറുക്കേണ്ടത് ചരിത്രപരമായ ദൗത്യമാണ്.പക്ഷെ ആ ദൗത്യം ഒരിക്കലും മോഷണത്തിന് ചൂട്ടു പിടിക്കലുമാവരുത്.

മറ്റൊരു കൃതിയുടെ സ്വാംശീകരണമാണിത് എന്ന് സ്വയം സാക്ഷ്യപ്പെടുത്തുമ്പോൾ ഡ്യൂപ്ലിക്കേറ്റിൻറെ അന്തസ്സ് വാനോളം ഉയരുകയാണ് ചെയ്യുക.സ്വാംശീകരണം അത്ര മോശം കാര്യമല്ല.
ഒരാൾക്ക് ജീവിതകാലം മുഴുവൻ ജീവിതത്തിലോ കലാരചനയിലോ ഒറിജിനൽ ആവാൻ സാധിക്കണം എന്നുമില്ല.

ഒറിജിനൽ വാദത്തെ നിരാകരിക്കുന്ന വലിയ പ്രബന്ധം തന്നെ വാൾട്ടർ ബെഞ്ചമിൻ എഴുതിയിട്ടുണ്ട്.യാന്ത്രികമായ പുനരുല്പാദനം സാധ്യമാകുന്ന കാലത്ത് കലാസൃഷ്ടിയുടെ മൗലികവാദനിലപാട് അസംബന്ധമാണ് എന്ന് വാൾട്ടർ ബെഞ്ചമിൻ നിരീക്ഷിച്ചു.മെക്കാനിക്കൽ റീപ്രൊഡക്ഷൻ സാധ്യമായതോടെ ആചാരാനുഷ്ഠാനങ്ങളെ ആശ്രയിച്ചുള്ള അവസ്ഥയിൽ നിന്നും കലാസൃഷ്ടി മോചനം നേടി.കലാസൃഷ്ടി എന്നത് ഫോട്ടോഗ്രാഫി നെഗറ്റീവ് പോലെയായി.ഒരു നെഗറ്റീവിൽ നിന്ന് അനേകം പ്രിൻറുകളെടുക്കാം.ഏതു പ്രിൻറാണ് ഒഥെൻറിക് എന്ന് അവകാശപെടുന്നതിൽ യുക്തിയില്ല.അങ്ങനെ ഒഥെൻറിസിറ്റി ഇല്ലാതായതോടെ കലയുടെ ഫങ്ഷൻ തന്നെ മാറിപ്പോയി.കലയിൽ രാഷ്ട്രീയം എന്ന അടിസ്ഥാനം അങ്ങനെ വന്നു എന്ന് വാൾട്ടർ ബെഞ്ചമിൻ ചൂണ്ടിക്കാട്ടി.

ഇരുപതാം നൂറ്റാണ്ടിന്റെ കണ്ടെത്തലാണ് സിനിമ.ഫോട്ടോഗ്രാഫിയെ ഒരു കലാപ്രവർത്തനമായി അംഗീകരിച്ചിരുന്നില്ല.ഫോട്ടോഗ്രഫി ഒരു കലയാണോ എന്ന സന്ദേഹം തന്നെ ഉയർന്നുവന്നു.ഫോട്ടോഗ്രഫിയുടെ വരവോടെ മുഴുവൻ കലകളുടെയും പ്രകൃതം തന്നെ മാറിപോയില്ലേ എന്ന എതിർചോദ്യം ഫോട്ടോഗ്രഫിക്കുവേണ്ടി അതിന്റെ വക്താക്കളിൽ നിന്ന് പോലും ഉയർന്നില്ല.
കലയിലെ മൗലികവാദനിലപാടുകൾ ഫോട്ടോഗ്രാഫിക്കെതിരായി.ഫോട്ടോഗ്രഫി ഒറിജിനൽ അല്ല, അതിനാൽത്തന്നെ അത് ഡ്യുപ്ലിക്കേറ്റാണ് എന്ന് പറഞ്ഞു അകറ്റി നിർത്തി.

അല്ലെങ്കിൽ തന്നെ എന്താണ് ഒറിജിനൽ?
നാം ജീവിക്കുന്ന ജീവിതം പോലും ഒരേ കോപ്പിയുടെ പകർപ്പല്ലേ.നാം നിരന്തരം സിറോക്സ് ചെയ്യുകയാണ്.ഒറിജിനലിൻറെ ഫോട്ടോകോപ്പിയിംഗ് ആണ് നമ്മുടെ ആകെ ജീവിതം.ദാമ്പത്യം യാന്ത്രികമായി, പൽചക്രം പോലെ.ആ ചക്രത്തിൽ എണ്ണയായി, ഇന്ധനമായി സ്നേഹമില്ല.വഴിപാടായി ജീവിതം.ലൈംഗികത പോലും വേണ്ട രീതിയിൽ ആസ്വദിക്കാൻ സാധിക്കാതെ എന്നോ എപ്പോഴോ ജീവിച്ച ഒരു ജീവിതത്തിന്റെ ഡ്യുപ്ലികേറ്റ് കോപ്പികളായി മാറിയിട്ടുണ്ട് ദാമ്പത്യ ജീവിതത്തിലെ ഓരോ ദിനരാത്രങ്ങൾ. ഒരിക്കലേ നാം ജീവിക്കുന്നുള്ളൂ.പിന്നീട് ആ ജീവിതത്തിൻറെ ആവർത്തനമാണ് കെട്ടിയാടുന്നത്.
മിലാൻകുന്ദേരയുടെ ആ കഥാപാത്രത്തിൽ
നമ്മുടെ തന്നെ നേരുണ്ട്,ആത്മാവുണ്ട്.വേഴ്ച്ചക്കുശേഷം ഇങ്ങനെ ഒരാളിൽ മറ്റൊരാൾക്ക് ഒട്ടികിടക്കാൻ എന്ത് പാവനത്വമാണ് ഈ ശരീരങ്ങൾക്ക്.അതുകൊണ്ട് വേൾച്ച കഴീയുന്ന ആ നിമിഷം അകലാം നമുക്ക്, അതുകൊണ്ട് കടക്ക് പുറത്ത്.
യന്ത്രമായി കഴിഞ്ഞ ജീവിതത്തിൽ എന്തിന് അഭിനയിക്കുന്നു.അങ്ങനെയാണ് വിട്ടുപോയ ജീവിതത്തിലെ സങ്കീർണതയെ കുന്ദേര നേരിടുന്നത്.

കീഴ്മേൽ മറിയുന്ന ജീവിതത്തിൽ കീഴ്മേൽ മറിയുന്നതാണ് സൗന്ദര്യം.അതുകൊണ്ടുതന്നെ എന്തിന് വേണം ഒറിജിനൽ, ഡ്യുപ്ലിക്കേറ്റാവുന്നതിൽ സൗന്ദര്യം ഉണ്ടെങ്കിൽ…
ഒറിജിനൽ എന്ന ഭാവേനെ ഡ്യുപ്ലികേറ്റ് ജീവിതം നയിക്കുന്നു.ആ ജീവിതത്തിൽ എന്തിന് വേണം ഒറിജിനലിനോടൊരു ഐക്യപെടൽ എന്ന് തോന്നിയില്ലെങ്കിലാണ് അത്ഭുതം.നൈതികതക്ക് ഇടമില്ലാത്ത ജീവിതത്തിൽ
അതിനാൽ തന്നെ ഒരുമിച്ചു നിന്ന് ആരാധിക്കാം മുന്നിൽ വരുന്ന ഡ്യുപ്ലികേറ്റിനെ.

littnow.com

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.

littnowmagazine@gmail.com

Continue Reading
1 Comment

1 Comment

  1. Josekumar

    June 15, 2022 at 6:49 pm

    ഒറിജിലിനെ ഡ്യൂപ്ലിക്കേറ്റ് വെട്ടുന്ന ലേഖനം ഏതാണ് ഒറിജിനൽ ഏതാണ് ഡ്യൂപ്ലിക്കേറ്റ് എന്താണ് ഒറിജിനൽ എന്താണ് ഡ്യൂപ്ലിക്കേറ്റ് ലേഖനം അർഥപൂർണവും മനോഹരവുമായിരിക്കുന്നു

You must be logged in to post a comment Login

Leave a Reply

ലേഖനം

ഉറുമ്പ്

Published

on

വാങ്മയം: 17

സുരേഷ് നൂറനാട്

ലിറ്റ് നൗ പ്രസിദ്ധീകരിച്ചതിൽ നിന്നും രണ്ടാമത്തെ പുസ്തകവും പുറത്തിറങ്ങി.
വാങ്മയം
സുരേഷ് നൂറനാട്
ഫേബിയൻ ബുക്സ്
വില 150 രൂപ.

ഒരുറുമ്പിനെ ഞാൻ ഞെരിക്കുകിൽ കൃപയാർന്നമ്മ തടഞ്ഞുചൊല്ലിടും മകനേ നരകത്തിലെണ്ണയിൽ പൊരിയും നീ’
സനാതനമായ ഒരു സത്യത്തെ ചുള്ളിക്കാട് അവതരിപ്പിക്കുന്നത് നോക്കൂ. എത്ര ഹൃദ്യം!
ചെറുപ്രാണികളുടെ ജീവിതത്തെ നോക്കി രചനകളിൽ നവചൈതന്യം ജനിപ്പിക്കുന്നു കവി. ഉറുമ്പിൻ്റെ പ്രാണൻ തനിക്ക് സമമായ ഒന്നാണെന്ന അറിവിലൂടെ എഴുത്തുകാരൻ പ്രപഞ്ചബോധത്തെ ഉണർത്തുകയാണ്.

ഉറുമ്പിന് കലയിൽ പലപ്പോഴും ജീവിവർഗ്ഗങ്ങളിലൊന്നായിനിന്ന് സംസാരിക്കേണ്ടിവരുന്നു. വലിയ ജനക്കൂട്ടത്തിൻ്റെ ചോദനകൾ ഉറുമ്പിൻ്റെ ജീവിതസ്പന്ദനവുമായി ബന്ധിപ്പിക്കുന്ന ന്യൂനോക്തി രസകരമാണ്. ആത്മാവിൻ്റെ സ്പർശം എല്ലാ ജന്തുക്കളിലും ഒരേ പോലെയോടുന്നുണ്ടെങ്കിലും ചിലതിന് കേന്ദ്രബിംബമാകാൻ ഭാഗ്യമില്ലാതാകാറുണ്ട്. എന്നാൽ ഉറുമ്പിന്
ആ ദൗർഭാഗ്യമില്ല.

   കുട്ടിക്കവിതകളിൽ പോലും കൗതുകമായല്ല ഈ ഭാഗ്യവാൻ വന്നു പോകുന്നത്. ആനയും ഉറുമ്പുമെന്ന കഥയിൽ വലിപ്പം ഉറുമ്പിനല്ലേ കൈവരുന്നത് .പഞ്ചതന്ത്രം കഥയിലൂടെ ഇലയിലിരുന്ന് ഒഴുകന്ന ഉറുമ്പ് എല്ലാ തലമുറയ്ക്കും കാഴ്ചയാകുന്നുണ്ട്

കൂട്ടമായി ജാഥ നയിക്കുന്ന ഉറുമ്പിൻപട ജനായത്തത്തിൻ്റെ മരിക്കാത്ത പ്രമേയമല്ലേ.

   വേനലിൻ്റെ തോളിലിരുന്ന് കാലത്തെ കരളുന്ന ഉറുമ്പ്, കവിതയിലൂടെ അക്ഷരങ്ങളായി ഇഴഞ്ഞു പോകുന്ന ഉറുമ്പ് - ഇങ്ങനെ എത്രയെത്ര സുന്ദരമായ കല്പനകൾ.

ഇലകളിൽ തട്ടുതട്ടായി കൂടൊരുക്കുന്ന നീറും അരിമണി ചുമന്ന് കൊണ്ട് വരുന്ന കുഞ്ഞനുറുമ്പും മധുരത്തെ നുകർന്ന് മത്തടിച്ച് മരിക്കുന്ന ചോനലും ക്ഷണിക പ്രാണൻ്റെ വിധിയെ ഓർമ്മിപ്പിക്കുന്നു.

‘കട്ടുറുമ്പേ നീയെത്ര കിനാവു കണ്ടൂ’ എന്നെഴുതി കവിത്വം തെളിയിക്കുന്നവർ കട്ടുറുമ്പിൻ്റെ കടികൊണ്ടവരായിരിക്കില്ല എന്നുറപ്പ്.

ചിത്രം: കാഞ്ചന.

littnow.com

littnowmagazine@gmail.com

Continue Reading

ലേഖനം

പരസ്പരമകലാനുള്ള
പ്രണയമെന്ന
പാസ്പോ൪ട്ട്

Published

on

കവിത തിന്തകത്തോം 12

വി.ജയദേവ്

സുരലത എന്നെന്നേക്കുമായി എന്നിൽ നിന്ന് അകന്നുപോയപ്പോഴും ഞാൻ അധികം സങ്കടമൊന്നും എടുത്തണിഞ്ഞിരുന്നില്ല. അവളെ കണ്ടുമുട്ടിയ നാൾ മുതൽ, എന്നെങ്കിലും ഒരിക്കൽ പിരിയാനുള്ളതാണെന്നു തോന്നിയിരുന്നു. പ്രണയം പരസ്പരം അകലാനുള്ള പാസ്പോ൪ട്ടാണെന്നു പിന്നീടെപ്പോഴോ ഞാൻ എഴുതി. മറ്റൊന്നു കൂടിയുണ്ടായിരുന്നു. അന്നൊക്കെ പ്രണയഭംഗങ്ങൾ വളരെ കൂടുതലായിരുന്നു. ഇന്നത്തെപ്പോലെ, തേപ്പ് തുടങ്ങിയ പദങ്ങളൊന്നും പക്ഷെ പ്രണയത്തക൪ച്ചാക്കവിതയിൽ ഉപയോഗിച്ചുതുടങ്ങിയിരുന്നില്ല.
ഒരു സ്ത്രീയുമായുള്ള എന്റെ ആദ്യത്തെ പരിചയം അങ്ങനെ തീവണ്ടിയിൽ കയറി അകന്നുപോയപ്പോൾ അധികം സങ്കടപ്പെടാനൊന്നും ഞാൻ ഒരുക്കമായിരുന്നില്ല. അതിനു വല്ലാത്ത മറ്റൊരു കാരണവും ഉണ്ടായിരുന്നു. അന്നൊക്കെ അത്രയും മതിയാവുമായിരുന്നു ഏതൊരാളെയും നിരാശകാമുനാക്കാൻ. അങ്ങനെ നിരാശകാമുകനാകുന്നതിൽ ഭൂരിഭാഗവും ലഹരിയിലും കവിതയിലും അഭയം തേടുമായിരുന്നു. കവിത എഴുതാനുള്ള ഒരു പ്രലോഭനം തന്നെയായിരുന്നു. എന്നാൽ, ഒരിക്കലും കവിതയെഴുതില്ലെന്നു തീരുമാനിച്ചിരിക്കുന്ന എന്നെ സംബന്ധിച്ച് ഏറ്റവും വലിയ വാരിക്കുഴിയായിരുന്നു സുരലത അകന്നുപോയപ്പോഴുണ്ടായ ഏകാന്തത. അവളുടെ അമ്ലക്കണ്ണുകളിൽ ഇനി ഞാനില്ലെന്ന തോന്നൽ. ഇതുവരെ അവളോട് ഒരളവും ഇല്ലാതിരുന്ന, ഇതുവരെ അവളോടു തുറന്നു പറയാതിരുന്ന പ്രണയം എന്നെയൊരു കാമുകനാക്കുവാനും വൈകിച്ചുകൊണ്ടിരുന്നു. കവിത എഴുതാനുള്ള ഏതൊരു പ്രലോഭനത്തെയും ഞാൻ ഒഴിവാക്കിക്കൊണ്ടിരുന്നു. അതുകൊണ്ടു സുരലതയുടെ കാര്യം വായിച്ചുതീ൪ത്ത ഒരു കഥയിലെന്ന പോലെ മാത്രമേയുള്ളൂ എന്നു ഞാൻ എന്നോടു തന്നെ പറഞ്ഞു. അതു വേഗം മറന്നു പോകാവുന്ന ഒരു കഥയായിരുന്നു എന്നെനിക്ക് അറിയാമായിരുന്നു. ( അതു തെറ്റാണെന്നു കാലം വളരെ കഴിഞ്ഞാണ് എനിക്കു ബോധ്യമായതെങ്കിൽത്തന്നെയും ). ഇനി സുരലത എന്ന കഥ എന്റെ ഉള്ളിലില്ല എന്നു ഞാൻ എന്നോടു തന്നെ പ്രഖ്യാപിച്ചു. ഇനിയീ മനസിൽ കവിതയില്ല എന്നും മറ്റും സുഗതകുമാരി പറയുന്നതിന് ഏതാണ്ട് അടുത്ത കാലങ്ങളിൽ തന്നെയായിരുന്നു അതും.

സുരലത എന്നിൽ എന്തെങ്കിലും വച്ചുമറന്നുപോയിട്ടില്ലെന്നു തന്നെ ഞാനുറപ്പാക്കിക്കഴിഞ്ഞിരുന്നു. എന്നാൽ, അങ്ങനെ ഏതോ ഒരു കഥാപാത്രത്തിന്റെ പേരാണ് എന്നു ഞാൻ മറക്കാൻ ശ്രമിക്കുമ്പോഴൊക്കെ, അതെന്നെ വീണ്ടും വീണ്ടും ഓ൪മിപ്പിക്കാനുള്ള ശ്രമങ്ങൾ സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരുന്നു. സുരലത എന്ന പേരിൽ ഒരു ലോറി എന്റെ മുന്നിൽക്കൂടി ഓടിപ്പോവുമായിരുന്നു. ഒരു ലോറിക്കുമൊന്നും ഒരു കാലത്തും സുരലത എന്നൊരു പേരു വിചാരിക്കാൻ കൂടി സാധിക്കാൻ പറ്റാത്ത കാലത്താണെന്ന് ഓ൪ക്കണം. വഴിയിലെവിടെയോ വച്ച് ‘ ഹോട്ടൽ സുരലത’ എന്നൊരു പേര് അതിനിടെ ഞാൻ വായിച്ചെടുക്കുകയുണ്ടായി. എനിക്ക് അത്ഭുതം തോന്നി. ഞാൻ മറക്കാൻ ശ്രമിക്കുന്ന ഈ വാക്കു തന്നെ വേണോ ലോറിക്കും ഹോട്ടലിനും മറ്റും സ്വയം കവിതയായി വായിച്ചെടുക്കാൻ.
എന്നാലും, ഞാനെന്റെ ശ്രമത്തിൽ നിന്നു മാറുകയുണ്ടായില്ല. സുരലതയെക്കുറിച്ച് ഓ൪ത്തു പാഴാക്കാൻ എനിക്കു സമയമില്ലെന്നൊരു നിലപാട് തന്നെ ഞാനുണ്ടാക്കിയെടുക്കുകയായിരുന്നു. കാരണം, എനിക്ക് ഞാനെന്നെങ്കിലും എഴുതാൻ പോകുന്ന കവിതയിൽ നിന്നു പരമാവധി കാലം നീട്ടിയെടുക്കണമായിരുന്നു. ഒരിക്കലും കവിതയെഴുതില്ല എന്ന നിലപാട് ഓരോ നിമിഷവും ദൃഢമാക്കേണ്ടിയിരുന്നു. എന്നിട്ടുമാണ്, വ൪ഷങ്ങൾക്കു ശേഷം ഞാനെഴുതുന്നത്.

“ നീ വച്ചുമറന്നതാണോ
എന്തോ, ഇവിടെ
ഒരു ഓ൪മ
അധികം വരുന്നു.”

ഇതു കവിതയായിത്തന്നെയാണോ ഞാനെഴുതിയത് എന്ന് എനിക്ക് അന്നും ഉറപ്പിക്കാൻ സാധിക്കില്ലായിരുന്നു. ഇപ്പോഴും. ഞാനൊരിക്കലും ഒരു കവിതയും എഴുതിയിട്ടില്ല എന്നു വിശ്വസിക്കാൻ തന്നെയാണ് എനിക്കിഷ്ടം. എന്റെ കല്ലറയിൽ എഴുതിവയ്ക്കേണ്ടത് ഞാൻ പിന്നീടെപ്പോഴോ എവിടെയോ കുറിച്ചിട്ടിരുന്നു. അതിങ്ങനെയായിരുന്നു.

ഒരിക്കലും കവിതയെഴുതാതെ
ഭ്രാന്തിന്റെ പരീക്ഷയെഴുതിത്തോറ്റ
ഒരു കാമുകന്റെ വാടകവീട്.

വിജനമായ റയിൽവേ സ്റ്റേഷനിൽ നിന്നു സുരലത ചൂളം വിളിച്ചു പോയിക്കഴിഞ്ഞതോടെ, അന്തേവാസികൾ മുക്കാലും ഒഴിഞ്ഞുകഴിഞ്ഞ ഹോസ്റ്റൽ മുറിയിലേക്കാണു ഞാൻ മടങ്ങേണ്ടിയിരുന്നത്. എന്നാൽ, ഞാൻ അവിടേക്കു പോയില്ല. അവിടെ എന്റേതായി ഒന്നും ബാക്കിയുണ്ടായിരുന്നില്ല. അല്ലെങ്കിൽ അവിടെയുണ്ടായിരുന്നതെല്ലാം ഞാനായിരുന്നു. എനിക്ക് ഒരു നഷ്ടബോധവും തോന്നുന്നുണ്ടായിരുന്നില്ല. ഒരു നേട്ടബോധവും ഉണ്ടായിരുന്നില്ല. രാത്രിബസുകളിലൊന്നിൽ കയറി ഏറ്റവും അവസാനത്തെ സ്റ്റോപ്പിലേക്കു ടിക്കറ്റെടുത്തു. അതു കവിതയിലേക്കു പോകുന്ന ബസാണെന്നോ മറ്റോ കണ്ടക്ട൪ പറയുന്നുണ്ടായിരുന്നു.
എനിക്ക് അത്ഭുതമാണു തോന്നിയത്. കണ്ടക്ട൪ പോലും കവിതയുടെ കാര്യമാണു പറയുന്നത്. നമ്മൾ മറക്കാൻ ശ്രമിക്കുന്നതെന്തോ അതു ലോകം ഓ൪മിപ്പിച്ചുകൊണ്ടേയിരിക്കും. കവിതയിലേക്കു വേണ്ട, കഥയിലേക്ക് ഒരു ടിക്കറ്റ് എന്നു പറയാനാണ് അപ്പോൾ തോന്നിയത്. എന്നാൽ, അങ്ങനെ ഒരു സ്ഥലമില്ലാത്ത പോലെ കണ്ടക്ട൪ വളരെ വിഷാദഭരിതമായ ഒരു നോട്ടം സമ്മാനിക്കുകയാണു ചെയ്തത്. അതെന്തിനാണെന്ന് എനിക്കു പിന്നീടും മനസിലായിട്ടുണ്ടായിരുന്നില്ല.
കവിതയിലേക്കു വേണ്ട, അതിന്റെ തൊട്ടിപ്പുറത്തെ സ്റ്റോപ്പിലേക്ക് ഒരു ടിക്കറ്റ് എന്നോ മറ്റോ ഞാൻ പറഞ്ഞിട്ടുണ്ടായിരിക്കണം. ഒരു പ്രണയനിരാശാഭരിതനായാണോ അയാൾ എന്നെ കാണുന്നതെന്നു ഞാൻ സംശയിച്ചു. ചിലപ്പോൾ കണ്ടക്ട൪ തന്നെ ഒരു കവിയായിരുന്നിരിക്കാം. എങ്ങോട്ടെന്നു പറയാതെ ഏതോ സ്റ്റോപ്പിലേക്കു അയാൾ ടിക്കറ്റ് തന്നു. ബസ് ഇരുളിലൂടെ ആരിൽ നിന്നോ എന്ന പോലെ ഒളിച്ചുപാഞ്ഞുപോയിക്കൊണ്ടിരുന്നു.
ഏതോ രാത്രിയിൽ ഏതോ യാമത്തിൽ കണ്ടക്ട൪ എന്നെ കുലുക്കിവിളിച്ചുണ൪ത്തി, സ്റ്റോപ്പായെന്നോ മറ്റോ പറഞ്ഞ് എന്നെ ഇരുളിലേക്ക് ഇറക്കുകയായിരുന്നു. പിന്നെ ഒന്നും സംഭവിക്കാത്തതുപോലെ ബസ് കറുപ്പിലേക്കു കുതിച്ചു. അല്ല, ഒരു ഇരുൾവായ അതിനെ വിഴുങ്ങി . ഇതേതു സ്ഥലം എന്ന അത്ഭുതത്തിൽ നിൽക്കെ എന്റെ മുന്നിൽ ഹോസ്റ്റലിന്റെ അടഞ്ഞുകിടക്കുന്ന ഗെയിറ്റ്, അപ്പോൾ പ്രകാശസ്ഖലനം സംഭവിച്ച ഒരു നക്ഷത്രത്തിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു. ഹോസ്റ്റലിന്റെ ഗെയിറ്റിനു മുന്നിൽ വീണ്ടും ഇരുട്ടു കാടു പിടിച്ചു. മുമ്പൊരിക്കലും അതിൽപ്പിന്നെയും ഹോസ്റ്റലിനു മുന്നിലൂടെ ഒരു ബസ് കടന്നുപോയിട്ടില്ല. ശരിക്കും ആ ബസ് കവിതയിലേക്കു തന്നെയായിരിക്കുമോ?
അറിയില്ല. എന്നാലും ആ ഇരുളിലും കവിതയെന്ന ഞടുക്കത്തെ ഞാൻ വിട്ടുനിന്നു. രോമാവൃതമായ ആകാശം മഴയെ കുതറിച്ചു കളയുന്നതു പോലെ. കൊണ്ടുപോയിക്കളഞ്ഞാലും കൂടെയെത്തുകയാണ് കവിതയെന്ന പ്രലോഭനം.. ഞാൻ ഹോസ്റ്റലിനു ചുറ്റും കമ്യൂണിസ്റ്റ് പച്ച പോലെ കാടുപിടിച്ച ഇരുട്ടിലേക്കു നോക്കി. ശരിയാണ്, ഈ ഹോസ്റ്റലിൽ നിന്ന് എന്നെ എനിക്കു തിരിച്ചുകൊണ്ടുപോവാനുണ്ടായിരുന്നു.

littnow.com

littnowmagazine@gmail.com

Continue Reading

ലേഖനം

തീവണ്ടി

Published

on

വാങ്മയം: 16

ഡോ.സുരേഷ് നൂറനാട്

വര: കാഞ്ചന.എസ്

വാക്കുകളുടെ ബോഗികൾ നിറയെ വികാരങ്ങളുടെ സിലണ്ടറുകൾ കൊണ്ടുവരുന്ന തീവണ്ടിയാണോ കവിത. അങ്ങനെ പറയേണ്ടിവരില്ല ശ്രീകുമാർ കര്യാടിൻ്റെ കവിതകൾ കണ്ടാൽ !

ഏതറ്റത്തും ഇൻജിൻ ഘടിപ്പിക്കാനാവുന്ന ബോഗികളുടെ നീണ്ടനിര. സ്വച്ഛമായ താളത്തിൽ സ്വന്തമായ പാളത്തിലൂടെ അതങ്ങനെ നീങ്ങുന്നു. ലോകം മുഴുവൻ മുറിയിലിരുന്ന് കാണുന്ന പ്രതീതിയിലാണ് ആ വാഗൺ കുതിക്കുന്നത്. പരമ്പരാഗത ലോകകവിതയുടെ ഘടനയിൽ ചില അഴിച്ചുപണികൾ നടത്താനുണ്ടെന്ന പോലെ!ഈണത്തിൻ്റെ വഴുക്കൽ ഒന്നു തുടച്ചെടുത്താൽ മതിയാകുമെന്ന തോന്നലുളവാക്കും.എന്നാൽ അതിനൊന്നും തുനിയാതെ അയാൾ ഇരുന്നിടത്തുതന്നെ ഇരിക്കുന്നു. അയ്യപ്പപ്പണിക്കർ പറഞ്ഞ പഴമയുടെ വാറോല വി .സി ബാലകൃഷണപ്പണിക്കരുടെ കവിത ചൊല്ലി ശബ്ദമുഖരിതമാക്കുന്നു അദ്ദേഹം. സായാഹ്നത്തിൽ ദൽഹിയ്ക്കുള്ള വണ്ടിയിൽ നിരന്നിരിക്കുന്ന കവികളും അവരെയിരുത്തിയിരിക്കുന്ന വലിയവണ്ടിക്കാരനേയും കവി നോക്കിത്തന്നെയിരുന്നുകളയും. അത്യന്താധുനികക്കാരേയും ആധുനികക്കാരേയും അവർക്കിടയിലെ കുത്തിത്തിരിപ്പുകാരേയും ശ്രീകുമാർ മഷിനോക്കി കണ്ടെത്തുന്നു.വയലാറിൻ്റെ കവിത ലവൽക്രോസിൽ നിർത്തിവെച്ച് പുതിയ പാട്ടുകൾ ചുരുട്ടിയെടുത്ത് കൊണ്ടുപോവുകയാണ്. ഈയിടെ അദ്ദേഹം എഴുതിയ ‘ഒരു ആഗ്രഹം’ എന്ന ഉദാസീനകാവ്യം നോക്കൂ.

“വെറുതെ ഓടുന്ന ഒരു തീവണ്ടിയിൽ കയറിയിരിക്കണം. ടി ടി ആറിനോട് ടിക്കറ്റുപോയി എന്നു കള്ളം പറയണം. ആകെ വെപ്രാളപ്പെടണം.അടിമുടി വിയർക്കണം. ആ ടി ടി ആറിന്റെ ഈഗോ വർദ്ധിക്കണം.അയാൾ സംശയത്തോടെ എന്നെ നോക്കണം. ഞാൻ ടിക്കറ്റെടുത്തിട്ടില്ല എന്ന് പത്തുതവണ അയാൾ ഉച്ചത്തിൽ പറയണം. യാത്രക്കാർ അയാളുടെ പക്ഷം ചേർന്ന് തലയാട്ടണം. അപ്പോൾ ഞാൻ തലചുറ്റി വീഴണം.
……………………..
ആദ്യത്തെ ടീ ടീ ആർ തൂവാലയെടുത്ത് മുഖം തുടയ്ക്കണം. രണ്ടാമത്തെ ടി ടി ആർ മറ്റൊരു തൂവാലയെടുത്ത് മുഖം തുടയ്ക്കണം. യാത്രക്കാരും ഓരോ തൂവാലയെടുത്ത് മുഖം തുടയ്ക്കണം. ഞാൻ അപ്പോൾ ആകാശത്തുനിന്ന് ഒരു തൂവാലയെടുത്ത് മുഖം തുടയ്ക്കണം. അപ്പോൾ എല്ലാവരും ആകാശത്തേക്ക് നോക്കണം
………………
ഞാൻ ടിക്കറ്റ് മെല്ലെമെല്ലെ പൊക്കിക്കൊണ്ടുവരണം. അപ്പോൾ ടീ ടീ ആർ മാർ മെല്ലെ മെല്ലെ മുകളിലേക്ക് ഉയർന്നുപൊങ്ങണം. ഇതിനിടെ തീവണ്ടി ഏതോ സ്റ്റേഷനിൽ നിൽക്കണം. ഞാൻ മാത്രം ഇറങ്ങിപ്പോകണം. “

ഇത് മുഴുവൻ
തീവണ്ടിയ്ക്കകമാണ്.കവിതയെന്ന തീവണ്ടിയുടെ അകം! ശ്രീകുമാർ കര്യാട് വെറുതേ എഴുതിയതാകാമിത് എന്ന് അദ്ദേഹം പോലും പറയരുത്. ശില്പസുന്ദരമായ അനേകം കവിതകളുടെ സൃഷ്ടാവ് ഈ രീതിയിൽ നിമിഷജീവിതത്തെ അതിജീവിക്കുന്നത് കാണാനിഷ്ടപ്പെടാത്തവരുണ്ടാകുമോ ഭൂമിയിൽ!

littnow.com

littnowmagazine@gmail.com

Continue Reading

Trending