Connect with us

Uncategorized

അക്കാമൻ

Published

on

razal-litt-ok

റസൽ

ഭാഗം 1

പിന്‍വിളികള്‍

പടിയിറങ്ങിവന്ന അക്കാമനോട് ഞാൻ പറഞ്ഞു.
ഞാനൊരു ആത്മനോവൽ എഴുതുകയാണ്.

ആത്മം നിന്റേതും
നോവൽ എന്റേതും
നോവ് നമ്മുടേതും?

നിരാമയമായ ചെറുചിരിയോടെ അവൻ ആകാശപ്പടവുകളിലേക്ക് വിലയം കൊണ്ടു.

ഉപേക്ഷിച്ചു പോയ കാല്പാടുകൾ പതിയെപ്പതിയെ മായാൻ തുടങ്ങി.അതിനു തൊട്ടു മുൻപുള്ള വെള്ളിവെളിച്ചത്തിൽഅടയാളങ്ങൾ മിന്നി മാഞ്ഞു.ഖദീസുകൾ, തക്ബീർ ധ്വനി,വയളുകൾ, മദ്രസച്ചിത്രങ്ങൾ. ബന്ധു ചിത്രങ്ങൾ, സ്വപ്നങ്ങൾക്ക്നിറം പിടിപ്പിച്ച കൂട്ടുകൾ, സാന്ധ്യശോഭയിൽ തുടുത്ത ചക്രവാളം, വൈരുദ്ധാത്മക വിചാരിപ്പുകൾ, വിമോചനത്തീപ്പൊരികൾ, ഇറങ്ങിപ്പുറപ്പെടുന്ന സമരങ്ങൾ, കലങ്ങിമറിയുന്ന നീതിബോധം, മാർക്സും മലക്കുകളും നാരായണഗുരുവും അയ്യൻകാളിയും യതിയും
കശുവണ്ടിത്തൊഴിലാളികളു ബീഡിത്തൊഴിലാളികളും..

നിർദ്ദയമായ ഭരണകൂട ഭീകരത… അയുക്തികമായ, അന്യായമായ സാമൂഹ്യകീഴാചാരങ്ങളെ നഖശിഖാന്തം എതിർക്കാനുള്ള ആർജവം. മതാതീത മാനവികയെ ആത്മസത്തയാക്കിയ ജീവിതം.ഒടുവിൽ ഇലകളെല്ലാം കൊഴിഞ്ഞ മുളങ്കാട്ടിൽ നിന്നുംഅതിലോലമായൊരു വീചിയായ് കാറ്റുപറഞ്ഞു..കഥയോ കഥയില്ലായ്മയോ ..അവസാനത്തെ വിലയിരുത്തലാണ്.പക്ഷേ!തുടർച്ചയാണ് ,അവിരാമമായ യാത്രയാണ് ജീവിതം.

തോണിക്കാരൻ പോലും ഇല്ലാതായാലും ഉള്ളിലെ തുഴയാൽ തുടർന്നു കൊണ്ടേയിരിക്കുന്ന നേരാണത്
.. അക്കാമാ…

നീ എവിടെയാണ്. നിന്നെ ഏറ്റവും അടുത്തറിയുന്നത് ഞാനല്ലോ.

എന്നിട്ടും എത്ര അപൂർണമാകുന്നു അറിവുകൾ. അനുഭവങ്ങൾ അക്ഷരങ്ങളായി മെരുങ്ങില്ലല്ലോ?,പ്രത്യേകിച്ചും എഴുതാനിരിക്കുമ്പോൾ….!
നീ…

മറയാതിരിക്കൂ…
നേരായ് നിറയൂ…

razal-illeste-1

1

തര്‍ക്കം

അക്കാമന്‍ ജന്മനാട്ടിലെത്തുന്നത് അരനൂറ്റാണ്ടിന് ശേഷമാണ്. കൃത്യമായി പറഞ്ഞാല്‍ അന്‍പത്തിയൊന്ന് വര്‍ഷം.

അക്കാമന്‍റെ രക്തബന്ധുവാണ് നൂഹ് മുസലിയാര്‍. മുസലിയാരെ അവസാനമായി കാണാന്‍ വേണ്ടിയാണ് ഇന്നിവിടെ എത്തിയത്. ഇവര്‍ തമ്മില്‍ അസാധാരണവും അതിതീവ്രവുമായ വൈകാരികബന്ധമായിരുന്നു. സ്വന്തം മകനെ അക്കാമന്‍റെ പേരിട്ടാണ് മുസലിയാര്‍ വിളിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള വരവിന്‍റെ കാരണവും ഇതുതന്നെ.

ഈ മരണവീട്ടില്‍ വച്ചാണ് നീണ്ട ഇടവേളയ്ക്കുശേഷം ഞാന്‍ അക്കാമനെ കണ്ടുമുട്ടുന്നത്. എന്‍റെ അച്ഛന്‍പെങ്ങളുടെ മകനാണിവന്‍,കാണുമ്പോഴവനൊരു പുകയുന്ന അഗ്നിപര്‍വതമായിരുന്നു. അവനില്‍നിന്നുറവെടുത്ത

ലാവാപ്രവാഹംചുറ്റുമൊഴുകിനിറഞ്ഞു.കാതങ്ങളും കാലങ്ങളും താണ്ടി,പഴയൊരുതറവാട്ടുകോലയിലേയ്ക്കത് ഒഴുകിയുറഞ്ഞു.താപമടക്കി,ഘനീഭവിച്ചു,ക്രമേണ ശാന്തമായൊരുമഞ്ഞുകണംപോലെ എന്‍റെയുള്ളില്‍ നിറഞ്ഞുയര്‍ന്നു.

മുഴക്കമായും അഭയമായും ഒരേചോരയൊഴുകിയസിരകള്‍ തമ്മാമ്മില്‍ പുണര്‍ന്നു നിന്നു.നാലാം തലമുറയിലെത്തിയ സഹോദരീസഹോദര സന്തതികളായിരുന്നു ഞങ്ങള്‍.

ഒരേ വിത്തില്‍ നിന്നുംമുളപൊട്ടി,ഒരേകാറ്റുംവെളിച്ചവുമേറ്റ് വളര്‍ന്നവര്‍.ശിഖരങ്ങള്‍പലവഴിതലനീട്ടുമ്പോഴും തായ്ത്തടിയുടെആരുബലത്താല്‍ ഒന്നായ ഉണ്മ.തെളിഞ്ഞുവരുന്ന നടവഴികളില്‍ ഒരേനിഴലായ്പടര്‍ന്നവര്‍.

സ്വപ്നങ്ങളുംകൂസൃതികളും വിശപ്പും ഒന്നിച്ചുപങ്കിട്ടവര്‍.ചുഴികളും കൊടുങ്കാറ്റുകളും കാണാക്കയങ്ങളിലേയ്ക്ക് അവനെ ആട്ടിയകറ്റുമ്പോഴും ഇവിടെയിക്കോലായിലിരിക്കുന്ന മറുപിള്ളയില്‍ അത് വന്നുവീണുകൊണ്ടേയിരുന്നു.

ടെലിപ്പതിക്കായി! ഇനിയതെഴുതിയേ കഴിയൂ.

അത്രയ്ക്കു ഉല്കടമായ പ്രേരണയാല്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു,അകംതുറന്നുകാട്ടാന്‍.

മൃതദേഹം കണ്ട് ഇറങ്ങിവന്ന അവന്‍ അല്പനേരം എന്നെ നോക്കിനിന്നു. ചിരിച്ചുകൊണ്ട് ഞാനടുത്തുചെന്നു.
പരസ്പരം ആശ്ലേഷിച്ചു. കാലത്തിന്‍റെ മറവിയില്‍ ബാല്യത്തിന്‍റെ ഓര്‍മകള്‍പുനര്‍ജനിച്ചു.ഔദാര്യംനിറഞ്ഞ അവന്‍റെ സ്നേഹവചനങ്ങള്‍ അന്തരീക്ഷത്തിന് അയവുവരുത്തി.

ഒരു ദീര്‍ഘനിശ്വാസത്തിന്‍റെ അകമ്പടിയോടെ അവന്‍ പറഞ്ഞു:-

“അങ്ങനെ പെന്നാടന്‍ മൂപ്പിലിന്‍റെ നാലാം തലമുറയില ഒരാള്‍കൂടി ഒടുങ്ങി അല്ലേ?”

“ങ്ഹാ! ഇദ്ദേഹമാണല്ലോ നമ്മെ പഠിപ്പിച്ചത്.”

“നിങ്ങള്‍ എത്ര ഉന്നതവും പ്രബലവുമായ കോട്ടയ്ക്കുള്ളില്‍ഒളിച്ചിരുന്നാലും അനിവാര്യമായ മരണം നിങ്ങളെ പ്രാപിക്കും- എന്ന്”

ഞാന്‍ സത്യവചനങ്ങള്‍ ആവര്‍ത്തിച്ചു.

ഖുറാന്‍റെ വചനധ്വനി വെളിച്ചമായി ഞങ്ങളുടെ മനസ്സില്‍ മിന്നിമറഞ്ഞു.

“പാരമ്പര്യത്തിന്‍റെ ഊറ്റംകൊള്ളാന്‍ ഇനി ആരുമുണ്ടാവില്ല അല്ലേ?”

അക്കാമന്‍റെ ആശങ്കയ്ക്ക് അനുപൂരകമായി ഞാന്‍ പറഞ്ഞു-

“നീയും ഞാനും കാരണവരുമൊക്കെ ശേഷിക്കുന്നുണ്ടല്ലോ?”

മരണവീട്ടില്‍ കാരണവരും ഉണ്ടായിരുന്നു

ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടും കാലമേറിയായി. അക്കാമന്‍ ആള്‍ക്കൂട്ടത്തിലേയ്ക്കൊന്ന് ഉളിഞ്ഞുനോക്കി

കാരണവരും അതു കണ്ടു. ദൂരെ, മറ്റെവിടെയോ നോക്കുന്ന മട്ടില്‍

അദ്ദേഹം നടന്നുപോയി.

അക്കാമന്‍ പെന്നാടന്‍ മൂപ്പിലിന്‍റെ ചരിത്രം പറയാന്‍ തുടങ്ങി.

തലമുറകളുടെ ഓര്‍മ്മകളില്‍ രൂപപ്പെട്ട ഒരു മിത്താണ്

പെന്നാടന്‍ മൂപ്പില്‍.
സത്യങ്ങള്‍ അവിശ്വസനീയവും വിശ്വാസങ്ങള്‍

അസത്യവുമാകമല്ലോ. പണ്ട് പനയറ,മന്തിരിയാംകോണത്ത്

വയല്‍ക്കരയിലെ തെങ്ങിന്‍തോപ്പിനു

നടുവില്‍

ഒരു വലിയ വീടുണ്ടായിരുന്നു.

വീട്ടുപേര് തെങ്ങുവിള. തെങ്ങും വയലും വെറ്റിലയും കുരുമുളകും മരച്ചീനിയുമൊക്കെയായിരുന്നു കൃഷി.

ഒരു കാളവണ്ടിയും അരവണ്ടിയുമുണ്ടായിരുന്നു. അന്നൊരുനാള്‍,

ഒരു ചെറുപ്പക്കാരന്‍ വിശന്നു തളര്‍ന്ന് അവിടെ കയറിച്ചെന്നു.
അയാള്‍ക്ക് അന്നവും ആശ്വാസവചനവും നല്‍കി, കാരണവര്‍

അഭയം കൊടുത്തു. പ്രസന്നനായ അതിഥി സ്വന്തം കഥപറയാന്‍ തുടങ്ങി.

പെരിനാട്ട് നിന്നും ‘ലബ്ബ’ മക്കളില്‍ ഒരുവന്‍ വിദേശത്തേയ്ക്ക് കടല്‍മാര്‍ഗം പായ്ക്കപ്പലില്‍ യാത്രപോയി.

ഇടയ്ക്ക് കപ്പല്‍ തകര്‍ന്നു. തര്‍ന്ന കപ്പല്‍പ്പലകയിലൊന്നില്‍ പിടികിട്ടി.

അതില്‍ കെട്ടിപ്പിടിച്ച്,ഓളങ്ങളില്‍ മുങ്ങിയും പൊങ്ങിയും തുഴഞ്ഞും കുഴഞ്ഞും ഉപ്പുവെള്ളം കുടിച്ചും ദിവസങ്ങള്‍ കഴിഞ്ഞു.

അവശനായി ഏതോ കരയിലെത്തി.

കരയില്‍ തളര്‍ന്നുകിടന്നു മയങ്ങി. ഉണര്‍ന്നപ്പോള്‍ സര്‍വശക്തിയും സംഭരിച്ചെഴുന്നേറ്റു നടന്നു

അടുത്തുകണ്ട കുടിലില്‍ അഭയംതേടി. വിശപ്പും ദാഹവുംകൊണ്ട്

തളര്‍ന്ന ശബ്ദത്തില്‍ ആഹാരത്തിനായി യാചിച്ചു.

വെള്ളവും ചോറും കറിയും കിട്ടി. ആര്‍ത്തിയോടെ വെള്ളം കുടിച്ചു. ആവേശത്തോടെ ചോറു തിന്നുതുടങ്ങി.

കറിയില്‍ കുഴച്ച ചോറുവാരുമ്പോള്‍ അതിലൊരു മനുഷ്യവിരലിന്‍റെ ആകൃതിയില്‍ എന്തോ കണ്ടു.

ഞെട്ടിപ്പോയി!പ്രാണഭീതിയില്‍ സര്‍വം മറന്ന് ക്ഷീണം തളര്‍ത്തിയ ശരീരവുമായി

അയാള്‍ ഓടി. മനസിന്‍റെ വേഗത കാലുകള്‍ക്ക് കിട്ടാതെ ബുദ്ധിമുട്ടി.
പാത്തും പതുങ്ങിയും നടന്നു. ഇടയ്ക്കിടെ കിടന്നും

വിശ്രമിച്ചും കിട്ടിയതു തിന്നും കുടിച്ചും ചില നാളുകള്‍ നീക്കി.

ഒടുവില്‍ ഇവിടെ എത്തി വല്യുപ്പുപ്പയ്ക്കൊപ്പം കൂടി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒത്ത ഒരാളായി. ആറടി പൊക്കം,

വെളുപ്പും ചുവപ്പും കലര്‍ന്ന നിറം.

പൂര്‍ണ്ണാരോഗ്യവാന്‍. വിരിഞ്ഞ മാറ്, നീണ്ട കൈകള്‍,

തിളക്കമുള്ള കണ്ണുകള്‍. ഈ രൂപഭംഗി അദ്ദേഹത്തിനു

ഗാംഭീര്യം നല്‍കി.
കൃഷിയിടങ്ങളില്‍ ഒപ്പംകൂടി. ഉത്സാഹവും സാമര്‍ത്ഥ്യവും

കൊണ്ടയാള്‍ വല്യുപ്പൂപ്പയുടെ ഹൃദയത്തിലിടം നേടി.

നാട്ടിലേക്ക് മടങ്ങിപ്പോകാനൊരുമ്പെട്ടപ്പോള്‍ വല്യുപ്പൂപ്പ

സ്നേഹംകൊണ്ടു തടയിട്ടു. സ്വന്തം മകളെ ആ ‘അഭയാര്‍ത്ഥി’ക്ക്

ഭാര്യയായി നല്‍കി.

razal-illasta-ok

ഇദ്ദേഹത്തിന്‍റെ ഉപ്പ പെന്നാടന്‍ ലബ്ബയും ഒരു പരദേശി ആയിരുന്നു. കച്ചവടക്കാരായ അറബികള്‍

സാഹസികരായ യാത്രികരായിരുന്നു.
പതിമൂന്നാം നൂറ്റാണ്ടില്‍ തമിഴ്നാട് കോറമെന്‍റല്‍,

മലബാര്‍ തീരങ്ങളില്‍ വന്നുപെട്ടു.

ഈജിപ്റ്റ്, അറേബ്യ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമെത്തിയ

ഇവരില്‍ മാപ്പിള, കേയി, തങ്ങള്‍, ലബ്ബ, മരിക്കാര്‍ എന്നിങ്ങനെ

പല വിഭാഗങ്ങള്‍ ഉണ്ടായിരുന്നു.
ഇപ്രകാരമാണ് എഡ്ഗാര്‍ സായിപ്പും രാംഗാചാരിയും പറയുന്ന ചരിത്രം. പാണ്ഡ്യസാമ്രാജ്യം കൊടികുത്തി വാണിരുന്ന കാലം.

റോമില്‍പ്പോലും ‘അംബാസിഡര്‍’മാര്‍ ഉണ്ടായിരുന്ന സുവര്‍ണ്ണ ഘട്ടം. പാണ്ഡ്യരുടെ പ്രധാന തുറമുഖങ്ങളായിരുന്നു
അതിരാമപട്ടണവും കായല്‍പട്ടണവും കൊല്ലംപട്ടണവും.

കൊല്ലംപട്ടണത്തോട് ഓരംചേര്‍ന്നു കിടക്കുന്ന

ശാന്തമായൊരു ഗ്രാമമാണ് പെരിനാട്.

തുണിയുടുക്കാനാവാത്ത അധ:സ്ഥിതരുടെ

ദുരുതപൂര്‍ണജീവിതത്തിനെതിരേ

അയ്യങ്കാളിയുടെ നേതൃത്വത്തില്‍ സംഘടിച്ചത്

ഇവിടെയാണ്.

അവര്‍ക്ക് മേല്‍ക്കുപ്പായം പാടില്ലായിരുന്നു.

മുട്ടിനുതാഴെ മറക്കാനും ജാതിനിയമങ്ങളനുവദിച്ചില്ല.

മേച്ചാതിക്കാരായ തമ്പുരാന്‍മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്

കീഴ്പ്പെട്ടുകേവലം മൃഗങ്ങളെപ്പോലെജീവിക്കാന്‍വിധിക്കപ്പെട്ട ഇവരെ മനുഷ്യരാക്കാനായിരുന്നു.

അയ്യങ്കാളിയുടെ ധീരസമരം.തലക്കരവും മുലക്കരവുമൊക്കെ

നടപ്പിലുള്ള നാട്ടില്‍ ഇവരുടെ അടിമത്തത്തിന്‍റെ അടയാളമായി
സ്ത്രീകള്‍ കല്ലുമാലധരിക്കണമായിരുന്നു. അതിനെതിരേ

അവര്‍ അടുത്തുള്ള ചെറുമൂട്ടിലെ പുതുവല്‍ പുരയിടത്തിലൊത്തുകൂടി.

സംഘടിച്ച പുലയരെയുംപറയരെയും നായര്‍ചട്ടമ്പിമാര്‍

സംഘംചേര്‍ന്ന് ആക്രമിച്ചു.കല്ലേരികൂരിനായരായിരുന്നു

ചട്ടമ്പിനേതാവ്.
അവന്‍റെ ഇരുമ്പുവടിയുടെ അടിയേറ്റ് പലരുടേയും തലപിളര്‍ന്നു.പ്രാര്‍ഥനാഗാനം പാടാന്‍തുടങ്ങിയ പലരു ംകൈകാലുകളൊടിഞ്ഞ് ചിതറിപ്പോയി.

ചിലര്‍ മൃതപ്രായരായി കാട്ടിലും മേട്ടിലും കിടന്നു.

അയ്യങ്കാളിഎത്തുന്നതിന് മുമ്പുതന്നെ സമ്മേളനം അലങ്കോലപ്പെട്ടു.

രാത്രിയുടെ മറപറ്റി അവരുടെ കുടിലുകള്‍ തീയിട്ടു.

പേടിയോടെ ഓലമറയിലൊളിച്ച പെണ്ണുങ്ങളെപ്പോലും നിര്‍ദയം

ക്രൂരമായി മാനഭംഗപ്പെടുത്തി.

നിര്‍ലജ്ജമായ ജാതിവെറിയുടെ,ആചാരസംരക്ഷണത്തിന്‍റെ സദാചാരഗുണ്ടായിസം വിജയിച്ചു!.

അഭയംതേടിയെത്തിയവര്‍ക്ക് എഡ്മണ്ട് സായ്പ്പിന്‍റെ മിഷണറിമാര്‍ സംരക്ഷണമേകി. ആക്രമിക്കപ്പെട്ടെങ്കിലും അടിച്ചമര്‍ത്തപ്പെട്ടെങ്കിലും,
കല്ലുമാലക്കലാപംകെട്ടടങ്ങിയില്ല.അത് സാവധാനം സമീപദേശങ്ങളിലേയ്ക്കുഎരിഞ്ഞുകേറി .

ഒന്നുമില്ലാത്തവര്‍ മനുഷ്യനായി ജീവിക്കാനായി ഒന്നുചേര്‍ന്നു.തിരുവിതാംകൂറിന്‍റെ നെഞ്ച് അപരിചിതമായ ചിലസ്പന്ദനങ്ങള്‍ക്കായി കാതോര്‍ത്തു.
അടിയൊഴുക്കായി ഘനപ്പെട്ടതെന്തോ തുടിച്ചുകൊണ്ടേയിരുന്നു. അജ്ഞാതമായ എന്തിനോവേണ്ടി ജനം ആറ്റുനോറ്റിരുന്നു.

വെങ്ങാനൂരില്‍ നിന്നുംമുഴങ്ങിയ വില്ലുവണ്ടിയുടെഒച്ച

ഉദയഗിരിയെ നടുക്കി.കൊല്ലം കന്‍റോണ്‍മെന്‍റ് മൈതാനത്തെ കൂടാരത്തിനുമുന്നില്‍
അയ്യങ്കാളിയുടെനേതൃത്വത്തിലൊത്തുചേര്‍ന്ന അധ:സ്ഥിതസ്ത്രീകള്‍ അവരുടെകല്ലയുംമാലയുംപൊട്ടിച്ചെറിഞ്ഞു.

പൂണുലുകള്‍പോലും പില്ക്കാലത്ത് പൊട്ടിച്ചെറിയാനുള്ള

സമരോര്‍ജമായി അത് മാറി.

തല്ലേറ്റിട്ടും ചെറുത്തുനിന്ന അധ:സ്ഥിതവിഭാഗങ്ങള്‍

വലിച്ചെറിഞ്ഞകല്ല യുംമാലയും മലപോലെ കുമിഞ്ഞുകൂടി
.തിരുവിതാംകൂറിനേയും പില്ക്കാലകേരളത്തെയും

സ്വാതന്ത്ര്യത്തിന്‍റെ സ്വപ്നങ്ങളിലേയ്ക്ക് ഉയിരുതിയുണര്‍ത്തിയ ഉല പെരിനാടാണ്.
ഇവിടെയാണ് പെന്നാടന്‍ കുടുംബത്തിന്‍റെ തായ്വേര്.

ലബ്ബമാര്‍ പെരുകി. ഇവര്‍ പല ഇടങ്ങളിലും താവളങ്ങളും

കുടുംബവും കല്യാണങ്ങളുമായി പെരുക്കത്തിനാക്കം കൂട്ടി.
നെയ്ത്തും തുണിക്കച്ചവടവുമായി ഇവര്‍ നാടുചുറ്റി.

തമിഴകത്തും ആന്ധ്രയിലും കര്‍ണാടകയിലും

ലങ്കയിലും ഇന്നും ഇവരുടെ പിന്‍ഗാമികളുണ്ട്.

“നീ എന്താ ചരിത്രഗവേഷണനം നടത്തുകയാണോ?”

– ഞാന്‍ തെല്ലു പരിഹാസത്തോടെ ചോദിച്ചു.
“വേരുകളറിയുന്നത് നല്ലതല്ലേ? നിനക്കറിയാമോ,

ഈ പെന്നാടന്‍ ലബ്ബയ്ക്ക് എട്ടു മക്കളുണ്ടായിരുന്നു-
അഞ്ച് ആണും മൂന്ന് പെണ്ണും. അവര്‍ക്കാതെ അറുപത് മക്കളും.

അവരുടെ പിന്‍തലമുറയാണ് ഞാനും നീയുമൊക്കെ.”

ജഡം കണ്ടുകഴിഞ്ഞവര്‍ അങ്ങിങ്ങായി കൊച്ചുകൊച്ചു കൂട്ടങ്ങളായി വര്‍ത്തമാനത്തില്‍ മുഴുകിനിന്നു.

രണ്ടു ചെറുസംഘങ്ങളുടെ വാഗ്വാദശബ്ദം ഞങ്ങളുടെ

സംഭാഷണത്തിനു തടസ്സമായി. കാര്യം അറിയാനുള്ള ആകാംക്ഷയോടെ
ആ ദിശയിലേക്ക് കഴുത്തുനീട്ടി.

അപ്പോഴാണ് നിസാം ഞങ്ങളെ

കാണുന്നത്. അവന്‍ ഉത്സാഹത്തോടെ അടുത്തെത്തി.
“എന്താടാ അവിടെ?” ഞാന്‍ ചോദിച്ചു.

“അത് മരണച്ചടങ്ങുകളെക്കുറിച്ചുള്ള തര്‍ക്കമാണ്.

ഇപ്പോള്‍ പഴയപോലെയല്ല.
മുജാഹിദും ജമാത്തെ ഇസ്ലാമിയുമൊക്കെ ഇവിടെയുമുണ്ട്. നമ്മള്‍ ശ്രദ്ധിക്കേണ്ട.”

അക്കാമന്‍ അമര്‍ഷംകൊണ്ട് പല്ലു ഞെരിച്ചു.

“ശവത്തിന്‍റെ മുന്നില്‍ തര്‍ക്കും നടത്തുന്നവര്‍!”

പെട്ടെന്ന് ഒരു മിനിലോറി ഇരച്ചുവരുന്നതിന്‍റെ ശബ്ദം ഞങ്ങളുടെ ശ്രദ്ധ തിരിച്ചു. വാദപ്രതിവാദങ്ങളുടെ ഒച്ചയും നിലച്ചു.
നാലഞ്ചാളുകള്‍ ‘ശവമഞ്ചം’ തോളിലേറ്റി മിനിലോറിയില്‍ കയറ്റി.

മക്കളും മരുമക്കളും ബന്ധുക്കളുമായ ചിലപുരുഷര്‍ ഒപ്പം കയറി. മറ്റുള്ളവര്‍ കാറിലും ബൈക്കിലും കാല്‍നടയായും പിന്‍തുടര്‍ന്നു.
“കാലത്തിനെന്തൊരു മാറ്റം”- അക്കാമന്‍ ആത്മഗതമുരുവിട്ടു.
“നീ എന്തെങ്കിലും പറഞ്ഞോ?” – ഞാന്‍ ചോദിച്ചു.

“അല്ല, പണ്ടൊക്കെ രക്തബന്ധുക്കള്‍ ശവമഞ്ചം ചുമലിലേറ്റി പ്രാര്‍ത്ഥനാമന്ത്രങ്ങളോടെ,
കാല്‍നടയായി പള്ളിയിലേയ്ക്കു കൊണ്ടുപോകും. ‘ആരാധനയ്ക്കര്‍ഹന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ല’

എന്ന അറബിവാക്യം നിരന്തരമുരുവിട്ടുകൊണ്ട്.
ആ അറബിച്ചൊല്ലിന്‍റെ മുഴക്കം മാറ്റമില്ലാതെ മരണത്തെ

ഓര്‍മ്മപ്പെടുത്തും. ഒരുമയോടെ ഉരുവിടുന്ന ദൈവസ്തുതിവചനത്തിന്,

വണ്ടിന്‍കൂട്ടം മുരളുന്ന മുഴക്കമാണ്. ഈ മുഴക്കം കേള്‍വിക്കാരില്‍ മരണഭയമുണര്‍ത്തും. കാഴ്ചക്കാരില്‍ ‘ഇന്നു ഞാന്‍, നാളെ നീ’

എന്ന ഓര്‍മയുണര്‍ത്തും.
രണ്ടു മൈലോളം ദൂരമുണ്ട് പള്ളിയിലേക്ക്.

കേള്‍വിദൂരം മാത്രമുള്ള വഴിയോര വീടുകളില്‍ ഈ ശബ്ദധ്വനികള്‍ ഭീതിവിതച്ച് കടന്നുപോകും.
‘നിശ്ചയമായും മരണം നിങ്ങളെ പ്രാപിക്കും’

എന്ന ഖുറാന്‍ വാക്യം ദുഃഖത്തിന്‍റെ നിഴലായി ഹൃദയത്തിലേക്ക് പടര്‍ന്നുകയറും.”

അക്കാമന്‍ ഇത്രയും പറഞ്ഞപ്പോഴേയ്ക്കും ഞാന്‍ കൂട്ടിച്ചേര്‍ത്തു-
“ഇപ്പോള്‍ പ്രധാന പള്ളിക്കൊപ്പം ഒരു നിസ്ക്കാരപ്പുരയും മറ്റൊരു പള്ളിയുംകൂടി വന്നിട്ടുണ്ട്.

അതില്‍ ഖബറിടവും വെള്ളിയാഴ്ച പ്രാര്‍ത്ഥനയും ഇല്ല.

മാസത്തിലൊരുനാള്‍ അന്നദാവും കൂട്ടപ്രാര്‍ത്ഥനയും ആചാരംപോലെ തുടരുന്നു.”
അക്കാമന്‍ തുടര്‍ന്നു- “പള്ളിയും ഭക്തിയും മാത്രമല്ല,

വിശ്വാസങ്ങളിലും ആചാരങ്ങളിലുമൊക്കെ പുതിയ രീതികള്‍ കടന്നുകൂടിയിട്ടണ്ട്.
പുതിയ സംഘങ്ങളും സജീവമായിത്തുടങ്ങി.

ഒരു സ്രഷ്ടാവും ഒരു പ്രവാചകനും ഒരു ഖുറാനും മാത്രമുള്ള ഇസ്ലാമിനെന്തിനാണാണോ ഇത്രയധികം വകഭേദങ്ങള്‍!?
പെരുമാറ്റത്തിലും വേഷത്തിലും ആളുകള്‍ക്കും നല്ല മാറ്റമുണ്ട്.”

“സ്ത്രീകള്‍ മൂടുപടമിടുന്ന ഇസ്ലാമിക രാജ്യങ്ങളില്‍

ബലാത്സംഗം വളരെ കുറവാണെന്നാണ് പ്രൊഫസര്‍ മാര്‍വിന്‍ കിങ്ന്‍റെ സ്ഥിതിവിവര കണക്ക്.
ശിരോവസ്ത്രം ധരിക്കാനുള്ള അവകാശത്തിനായി പൊരുതാന്‍

‘ഹെഡ്സ്കാര്‍ഫ്’ എന്നൊരു സംഘടനപോലും തുര്‍ക്കിയിലുണ്ടായിരുന്നു.

തല മറയ്ക്കാതെ പഠിക്കാനെത്തിയ ഒരു പെണ്‍കുട്ടിയെ

പുറത്താക്കിയതിന് സ്കൂള്‍ ഡയറക്ടറെ വെടിവച്ചുകൊന്ന യുവാവിന്‍റെ
വീരസാഹസികത ഒരു അപസര്‍പ്പക കഥപോലെ

ഞാന്‍ വായിച്ചിട്ടുണ്ട്. ഓര്‍ഹന്‍ പാമൂക്കിന്‍റെ ‘മഞ്ഞ്’

എന്ന നോവലില്‍.
പര്‍ദ്ദയ്ക്കുവേണ്ടി ഇവിടെ ഒരു കലാപവും വേണ്ടിവന്നിട്ടില്ല.

ബാബറിമസ്ജിദ് തകര്‍ത്ത പേടിയും ഗള്‍ഫ് പണത്തിന്‍റെ

മോഹവും ഇവിടെ ആ സാഹചര്യത്തിന് വഴിയൊരുക്കി.

പുരുഷډാര്‍ക്കും നല്ല മാറ്റമുണ്ട്.
തൊപ്പിയും താടിയും പലരിലും വേഷപ്പകര്‍ച്ചയുണ്ടാക്കിയിരിക്കുന്നു.

തലയിലെയും മുഖത്തെയും രോമങ്ങള്‍ കത്രിച്ച് മതചിഹ്നങ്ങളാക്കിയിട്ടുണ്ട്.

വിഭാഗ ഭേദങ്ങളുടെ താടിമീശ ശിരസ്സുകള്‍ തമാശയായി മാറിയിരിക്കുന്നു. മീശയുള്ളവര്‍, ഇല്ലാത്തവര്‍,

വട്ടത്താടി,ബുള്‍ഗാന്‍താടി തുടങ്ങി വിവിധ രോമാലങ്കാരഭേദങ്ങളുണ്ട്.”

വര്‍ത്തമാനത്തിനിടയില്‍ പള്ളിയിലെത്തി. ദൂരമേ അറിഞ്ഞില്ല.

ഖബറടക്കം തുടരുകയാണ്. രക്തബന്ധുക്കള്‍,
മൂന്നുപിടി മണ്ണ് ഖബറിലേയ്ക്ക് വാരിയിടുന്നു. ഞങ്ങളും ഒപ്പംകൂടി.

അടക്കത്തിനു കൂടിയവര്‍ ചെറുസംഘങ്ങളായി പിരിഞ്ഞു തുടങ്ങി.

അക്കാമനും ഞാനും മാത്രമായി.

“നമുക്ക് നമ്മുടെ ഗ്രാമമൊന്നു കറങ്ങി കാണേണം”-അക്കാമന്‍.

നാളെയാകട്ടെ-എന്നു ഞാനും.

ഞങ്ങള്‍ വീട്ടിലേക്ക് നടന്നു…

Continue Reading
6 Comments

6 Comments

 1. shaji.d

  October 2, 2021 at 5:40 am

  super sir

 2. rejula

  October 3, 2021 at 1:56 am

  നല്ല തുടക്കം

  • Irfan irfu

   November 11, 2021 at 10:00 am

   ഓർമ്മകേളേറെ പിന്നിലേക്ക് പോകുന്നു. ഹൃദയം കൊെണ്ടെഴുതിയ ഒരു പിടി ബാല്യകാല സ്മരണകൾ …നന്നായിരിക്കുന്നു.

 3. Haridas. PK

  October 3, 2021 at 6:17 am

  So sweet. Very good story. Expect many more from that pen.

 4. ANILKUMAR.V

  October 4, 2021 at 8:27 am

  തലമുറയുടെ വേരുതേടിയുള്ള യാത്രയിൽ
  സാമൂഹിക രാഷ്ട്രീയ പശ്ചാത്തലവും വിവരിക്കുന്നത് അനായാസ വായനയോടൊപ്പം വായനയുടെ സാന്ദ്രതയും വർദ്ധിപ്പിക്കുന്നു ..
  ഗംഭീരം.. തുടർന്നെഴുതിയാലും സർ

 5. ശിവപ്രസാദ്.

  November 5, 2021 at 6:29 am

  സാംസ്ക്കാരിക രാഷ്ട്രീയ ചരിത്രം തുളുമ്പി നിൽകുന്ന പ്രമേയം. നല്ല എഴുത്ത് നൽകുന്ന വായനാനുഭവം .തുടർന്നു വായിക്കാം

You must be logged in to post a comment Login

Leave a Reply

Trending