കവിത
കവിയരങ്ങിൽ
വിനോദ് വെള്ളായണി

കവിത
അവളെ പ്രണയിക്കരുത്

രേഖ ആർ താങ്കൾ
കവിത തീണ്ടിയവളെ
ഒരിക്കലും പ്രണയിക്കരുത്
അവളുടെ രോമകൂപങ്ങളിൽ നിന്ന് പോലും
രക്തം പൊടിയുന്നുണ്ടാവും
പതഞ്ഞുയരുന്ന പ്രണയവീഞ്ഞ്
മൊത്തിക്കുടിച്ചുന്മാദിയാകുമ്പോഴും
അവൾ സ്വയമറിയാതെ ഉരുകും
പ്രണയത്തിലിറ്റുന്ന
തേൻമധുരം പോരെന്നവൾ
വിലപിച്ചു കൊണ്ടേയിരിക്കും
സ്വപ്നാകാശത്തിലലഞ്ഞു നടന്ന്
ഇരുണ്ടമേഘങ്ങളെ
നെഞ്ചേറ്റും
നിലാവായി പടർന്നുനിറയാൻ
വെളുത്തവാവുകൾ
കാത്തിരിക്കില്ല
നീ പോലുമറിയാതെ
നിന്റെ ഹൃദയതാളത്തിലവൾ
കവിതചമയ്ക്കും
ഉടഞ്ഞുപോയ വളപ്പൊട്ടുകൾ
ഉരുക്കിച്ചേർക്കാൻ
സ്നേഹച്ചൂടിനായി
വാശിപിടിക്കും
ഞെട്ടിയുണരുമ്പോൾ
പൊലിഞ്ഞുപോകുന്ന കിനാവുകളോർത്തവൾ
പനിച്ചു വിറയ്ക്കും
നീ കരയ്ക്ക് കയറുമ്പോഴും അവളുടെയുള്ളിൽ ഒരു കടൽതന്നെ അലയടിക്കുന്നുണ്ടാവും
മഴയും വെയിലും ഒന്നിച്ചറിഞ്ഞ്
കുറുക്കന്റെകല്യാണം കൂടാൻ കഴിയാതെ
സ്വപ്നം മയങ്ങുന്ന കണ്ണുകളെ
ഒരിക്കലും പ്രണയിക്കരുത്!

കവിത
കുത്തിവരകൾ…

ഇന്ദിരാ ബാലൻ
ചില കുത്തിവരകൾ
കണ്ണെടുക്കാതെ
നോക്കിയിരിക്കുമ്പോൾ
കാണാം, കൺകെട്ട് വിദ്യ പോലെ
ഒരു സുന്ദരനോ
സുന്ദരിയോ ആകുന്നത്.
അനായാസമായിട്ട
കോറലുകൾ എത്ര ഭംഗിയുള്ള
മുടിയായി
നീണ്ടു ചുരുണ്ടു പരിണമിയ്ക്കുന്നു
കരിവണ്ടുകളെപ്പോലെ….
മുഖമോ ചന്ദ്രബിംബസമാനമാം
കണ്ണുകൾ മീനിനെ പോലെ
നീല ജലാശയത്തിൽ
തുടിച്ചാർക്കുന്നത് കാണാം.
എള്ളിൻ പൂ പോലുള്ള മൂക്കും,
തെച്ചിപ്പഴം പോലുള്ള ചുണ്ടുകളും,
മുല്ലമൊട്ടു പോലുള്ള പല്ലുകളും,
വെൺശംഖൊത്ത കഴുത്തും.
കാൽപ്പനിക ചാരുതയോടെ
കടഞ്ഞെടുത്ത പ്രയോഗങ്ങൾക്ക്
ശ്രവണ സുഖമേറെ …..
ജീവിത പരിക്കുകളിൽ
ക്ഷണനേരത്തിലത്
വൃദ്ധനോ വൃദ്ധയോ ആവാം.
സൗന്ദര്യ ലക്ഷണങ്ങളെത്ര വേഗം
ജരാനരകളിലേക്കെത്തുന്നു.
അശാന്ത ജീവിതത്തിൻ്റെ
കുത്തിവരകളായി
നെറ്റിയിലെ നീണ്ടു
കിടക്കുന്ന വരകൾ
എഴുന്നു നിൽക്കുന്ന
കവിളെല്ലുകൾ
പരൽമീൻ തിളക്കം
വറ്റിയ കണ്ണുകൾ….
ബാല്യവും ,കൗമാരവും, യൗവ്വനവും,
വാർദ്ധക്യവും കുത്തിവരകളിലൂടെ
കയറിയും, ഇറങ്ങിയും, മറിഞ്ഞും, മുറിഞ്ഞും ….
ജീവിതപർവ്വത്തിൻ്റെ
നിഗൂഢഅറകളിലേയ്ക്ക്
സാകൂതം നോക്കിയാൽ കാണാം
സൗന്ദര്യം സമം വൈരൂപ്യം
പകൽ സമം രാത്രി ….!
പരസ്പര വൈരുധ്യം
പരസ്പര പൂരകമാകുന്നു.
ദ്വൈതമെന്നൊന്നില്ലെന്നറിവു.
ദ്രുതഗതിയിലുള്ള ആ കൈവിരൽ
ചലനത്തിലുണ്ട്
ഒരു ജീവിതത്തിൻ്റെ
ആദിമധ്യാന്തങ്ങൾ!

littnow.com
littnowmagazine@gmail.com
കവിത
സാല്‍വദോര്‍ ദാലി

രാജന് സി എച്ച്
രണ്ടു ഭാഗത്തേക്കും
പിരിച്ചുവെച്ച
മീശയായിരുന്നു
അവള്‍ക്കിഷ്ടം.
ഞാനോ
ഫുള്ഷേവ്.
മീശ വെക്കണം,
ആദ്യരാത്രിയില്‍
ആദ്യമായി അവള്
ആവശ്യപ്പെട്ടു.
എന്റെ പൗരുഷം
അതിനു വഴങ്ങിയില്ല.
പിന്നീടവളൊന്നും
എന്നോടു പറഞ്ഞില്ല.
വിവിധ തരത്തില്‍
മീശ വളര്‍ത്തിയവരുടെ
ചിത്രങ്ങളുടെ
ശേഖരം അവള് സൂക്ഷിച്ചു.
നടന്മാരുടെ ചിത്രകാരന്മാരുടെ
നേതാക്കന്മാരുടെ
പല പല മീശകള്‍.
അരങ്ങില്‍
പലവേഷങ്ങളിലാടുന്ന
ഒരു നടനായിരുന്നല്ലോ ഞാന്‍.
പച്ചയും കത്തിയും
മിനുക്കും രൗദ്രവും
ഭീമനും അര്‍ജ്ജുനനും
നളനും പകര്‍ന്നാടി
നിറഞ്ഞാടി
മീശയില്ലാതായി
ജീവിതത്തില്‍.
ഞാനില്ലാത്ത രാവുകളില്‍
അടഞ്ഞ മുറിയില്‍
പല മീശകളണിഞ്ഞ്
അവള് കിടന്നുറങ്ങി.
പല മീശകളവളെ
ചുംബിച്ചു
ശമിച്ചു.
ഒരു പകലുറക്കത്തിന്റെ
മദ്ധ്യാഹ്നത്തില്‍
ഞെട്ടിയുണര്‍ന്ന എന്നെ നോക്കി
അരികത്തവളിരിക്കുന്നു.
അവളുടെ മുടിയിഴകള്‍
എന്റെ ചുണ്ടിനുമേലെ
ഇരുവശത്തേക്കും
സൂച്യാഗ്രം നീട്ടിപ്പിരിച്ച മീശ
ഒരു സെല്‍ഫിയിലാക്കി.
എനിക്കിതു മതി,
അവള് പറഞ്ഞു:
എന്റെ സാല്‍വദോര്‍ ദാലി.
