Connect with us

സിനിമ

മരണത്തിനൊപ്പം
എപ്പോഴെങ്കിലും നൃത്തം ചെയ്തിട്ടുണ്ടോ?

Published

on

നോട്ടം 9

പികെ ഗണേശൻ

ജനിച്ചുവെങ്കിൽ അന്നുമുതൽ കൂടെയുണ്ടെപ്പോഴും മരണം.ജനിച്ചെങ്കിൽ എന്നായാലും മരിക്കണ്ടേ എന്നൊക്കെ മരണഭയമില്ലെന്നു കാണിക്കാൻ പറയുമെങ്കിലും മരിക്കും എന്ന് ഉറപ്പാകുന്ന നിമിഷം മരിക്കരുതേ എന്ന് ആശിക്കാറാണ് പലരും.

മരണഭയം തന്നെയല്ലേ ദൈവഭയമുണ്ടാക്കിയത്.മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ഭാവനയിൽ സ്വർഗവും നരകവും ഇടം പിടിച്ചതങ്ങനെയായിരിക്കണം.

മനുഷ്യർ മരണത്തെ തോല്പിക്കുന്ന കാലം സംഭവിക്കുമോ? അങ്ങനെ സംഭവിച്ചാൽ പൂർവ്വ മാതൃകയില്ലാത്ത മറ്റൊരു നാഗരികത തന്നെ സംഭവിക്കും.ഇക്കണ്ടതൊന്നുമാവില്ല ജീവിതം പിന്നെ.

അങ്ങനെയിരിക്കെയാണ് കോവിഡ് പിടിച്ചു കുലുക്കിയത്. ഒരു വൈറസ് മതി ലോകം അട്ടിമറിക്കാൻ എന്ന യാഥാർത്ഥ്യത്തിന്റെ മുന്നിൽ നാം പകച്ചു നിൽക്കുകയാണ്. മുൻകാലങ്ങളിലെന്നപോലെ ഈ മഹാമാരി യിലും മനുഷ്യർ ചത്തൊടുങ്ങുന്നു.അവിടെ വർഗ, ജാതി,മത,വംശ,ദേശ വൈരുദ്ധ്യങ്ങളില്ല.എല്ലാവിധ വൈരുദ്ധ്യങ്ങളെയും മറികടക്കാൻ മരണത്തിന് കഴിയുന്നു.

കഴിഞ്ഞ നൂറ്റാണ്ടുകളിൽ മനുഷ്യവംശത്തിന്റെ നിലനില്പിന് ഭീഷണിയായിരുന്ന പ്ലേഗ് എന്ന മഹാമാരി ലോകത്തുണ്ടാക്കിയ മരണഭയത്തെ പ്രമേയമാക്കിയുള്ള ബെർഗ്മാൻറെ മാസ്റ്റർപീസ് സിനിമയാണ് സെവൻത് സീൽ.മരണഭയമുണ്ടാക്കുന്ന മഹാമാരിയുടെ ആ സന്ദർഭം മാറ്റിനിർത്തിയാലും സിനിമയ്ക്ക് പ്രസക്തമാണ്, ജനിച്ചെങ്കിൽ ആ നിമിഷം മുതൽ മരണം എന്ന യാഥാർത്ഥ്യം കൂടെയുണ്ടല്ലോ, എന്നതിനാൽ തന്നെ.

മനുഷ്യരിലുണ്ട് ജന്മനാ മരണവാസന.മരിച്ചാൽമതിയെന്നു തോന്നിപോകുന്ന നിമിഷങ്ങളുണ്ടാവാറുണ്ടല്ലോ.man is born with instinct to die.മടുത്തു ഈ ജീവിതം എന്ന് തോന്നാത്ത ആരെങ്കിലും ഉണ്ടാവുമോ? ജീവിക്കാനുള്ള ന്യായങ്ങൾ നിരത്തി മരണവാസനയെ മറികടക്കാൻ ശ്രമിക്കാറാണ് പതിവ്.മരണമുണ്ട് എപ്പോഴും കൂടെ.ഏറികഴിഞ്ഞാൽ ഒരു ചെസ് പലകയുടെ അകലമേയുള്ളൂ ജീവനും മരണത്തിനും ഇടയിൽ.ആ അകലത്തിൽ ജീവനും മരണവും തമ്മിൽ കരുക്കൾ നീക്കുന്നു.മരണം ചെക്ക് പറയുമ്പോൾ ഒഴിഞ്ഞു മാറുന്നു.വിലപേശുന്നു.യാചിക്കുന്നു. കരുണ കാണിക്കണേയെന്ന് മരണത്തോടല്ലാതെ മറ്റെന്തിനോടാണ് യാചിക്കുക!ഇങ്ങനെ പലവിധത്തിൽ കളി നടക്കുന്നുണ്ട് ജീവനും മരണത്തിനും ഇടയിൽ മുഖാമുഖം ചെസ്ബോർഡിലെന്നതുപോലെ, സെവൻത് സീൽ ആവിഷ്കരിക്കുന്നതങ്ങനെ.

മരണത്തെ ഇത്ര യാഥാർത്ഥ്യബോധത്തോടെ കഥാപാത്രവൽക്കരിച്ച മറ്റൊരു സൃഷ്ടി സെല്ലുലോയ്ഡിലുണ്ടായിട്ടില്ല.മരണമാണ് മുഖ്യകഥാപാത്രം.മരണത്തിൻറെ പെഴ്സോണിഫിക്കേഷൻ ഒരേസമയം ദേശാതീതമായി,ഓരോ ദേശസംസ്കൃതിക്കനുസരിച്ച് പരാവർത്തനം ചെയ്യപ്പെടുന്ന രീതിയിലാണ് കഥാപാത്രവല്ക്കരിക്കപെട്ടിരിക്കുന്നത്.
ഒരു ചിത്രകാരൻ ചിത്രം വരയ്ക്കുന്ന രംഗമുണ്ട് സിനിമയിൽ.മരണമാണ് നിഴലിൽ.ഏതിരുട്ടിലും വെളിച്ചത്തിലും മരണം കടന്നു വരുന്ന സാഹചര്യം,പേടിപ്പിക്കില്ലേ ഈ മരണചിന്തയെന്ന അനുവാചകസംശയത്തോട് ചിത്രകാരന്റെ മറുമൊഴി മരണമാണ് യാഥാർത്ഥ്യം എന്നാണ്.ഇതംഗീകരിച്ചാൽ ഭയമെന്തിന് എന്ന ന്യായമായ ചോദ്യമുണ്ട്.ഒരാളുടെ മരണം അയാളുടെ കുടുംബത്തിൻറെയോ, സമൂഹത്തിന്റെയോ ഒടുവിൽ വംശത്തിൻറെയോ മരണമായി മാറിയേക്കാവുന്ന ഗുരുതരമായ സ്ഥിതിവിശേഷം സംഭവിക്കുന്ന മഹാമാരി കാലത്ത് മരണഭയം മനുഷ്യസമൂഹത്തെ പിടികൂടും.ഭയത്തിൻറെ മറ്റൊരു രൂപമാണ് ദൈവം എന്ന സൂചനയുണ്ട് സിനിമയിൽ.പലപ്പോഴും ഈ രണ്ടു ഭയങ്ങളും സഹവർത്തിക്കുന്ന സാഹചര്യമുണ്ട് ജീവിതത്തിൽ.ഭയത്തിൽ നിന്നാണ് ദൈവസങ്കല്പമുണ്ടായത്.ദൈവഭയമുണ്ടായത് മറ്റൊരു വിധത്തിലല്ല.

മരണം എന്താണ് എന്ന് എല്ലാവർക്കും അറിയാം. എല്ലാറ്റിനും അവസാനം എന്ന നിലയിൽ മരണത്തിന് അർത്ഥഭംഗിയുണ്ട്.എന്നാൽ എന്താണ് ജീവിതം? ജീവിതം പലരീതിയിൽ വ്യാഖ്യാനിക്കപെട്ടിട്ടുണ്ട്,മാറ്റിതീർക്കാനും ശ്രമിച്ചിട്ടുണ്ട്.പലതരം പ്രത്യയശാസ്ത്രങ്ങൾ, ദർശനങ്ങൾ ജീവിതത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്.എന്നാൽ മരണത്തെ ആ രീതിയിൽ അവ അഭിമുഖീകരിച്ചിട്ടുണ്ടോ? സംശയമാണ്.വ്യാഖ്യാനങ്ങൾക്കപ്പുറമാണ് മരണം എന്ന യാഥാർത്ഥ്യം.ബ്രഹ്തിൻറെ ഒരു വാക്യം ഉണ്ട് ജീവിതത്തെക്കുറിച്ച്.ജനനത്തിനും മരണത്തിനും ഇടയിലുള്ള നിശ്വാസമാണ് ജീവിതം എന്നാണ് ബ്രഹ്ത് നിർവചിക്കുന്നത്.ഈ നിർവചനത്തിന് സവിശേഷമായ അർത്ഥതലമുണ്ട്.ഓരോ ഉറക്കവും ഓരോ മരണമാണെന്ന് ഷെയ്ക്സ്പിയറിൻറെ ഒരു കഥാപാത്രം പറയുന്നുണ്ടല്ലോ.ഓരോ ഉറക്കം കഴിയുമ്പോഴും ഒരു ദീർഘനിശ്വാസത്തോടെ നാം ഞെരിപിരികൊള്ളുന്നു, ജീവിച്ചിരിക്കുന്നു എന്ന് ബോധ്യപ്പെടുത്താനും മരിച്ചില്ലെന്നു ബോധ്യപ്പെടുത്താനും.ഒരേയൊരു പെരുമാറ്റത്തിലൂടെ സംഭവിക്കുന്ന രണ്ടു രീതിയിലുള്ള ഈ പ്രതികരണങ്ങളിലൂടെയാണ് ഉറപ്പു വരുത്തുന്നു ശരീരം ചുറ്റുപാടുകളോട് പ്രതികരിക്കുന്നുണ്ടെന്ന്.കൺമിഴിച്ച് ആകെ സ്വയമൊന്നുഴിഞ്ഞുനോക്കുമ്പൾ,കൈകൾ തമ്മിൽ തിരുമ്മുമ്പോൾ,മേല്പോട്ട് നോക്കി സൂര്യനെ കാണുമ്പോൾ അങ്ങനെയങ്ങനെയുള്ള തിരിച്ചറിവോടെയാണ് ഓരോ ഉണരലും.മരിച്ചിട്ടില്ല എന്ന ഓർമ്മപ്പെടുത്തലും ബോധ്യപെടുത്തലുമാണ് ഓരോ ഉണരലും.മരണം എപ്പോഴും കൂടെയുണ്ട് എന്ന ജാഗ്രതയോടെയല്ല ഓരോ ഉറക്കവും.

ഉണരൽ അങ്ങനെയല്ല.ഉണരുമ്പോൾ നാമറിയാതെ തന്നെ ബോധ്യപ്പെടുത്തുന്നുണ്ട് മരിച്ചിട്ടില്ലെന്ന്.

ജീവിക്കുന്ന ജീവിതത്തെ സൗന്ദര്യപെടുത്തുകയെന്നത് ജീവിക്കുന്നവരുടെ ഉത്തരവാദിത്വമാണ്.മൂല്യങ്ങളാണ് സൗന്ദര്യപെടുത്താനുള്ള ഇന്ധനം.പ്രതീക്ഷിച്ചത് അപ്പടി സംഭവിക്കാതിരിക്കുകയും സംഭവിക്കുന്നതാവട്ടെ അപ്രതീക്ഷിതമായതുമാവുന്നു.മൂല്യങ്ങൾ പലപ്പോഴും തലകീഴെ.മൃതശരീരത്തിൽനിന്ന് ക്രൈസ്തവ പുരോഹിതൻ സ്വർണവള മോഷ്ടിക്കുന്ന രംഗമുണ്ട്.ഒരു സ്ത്രിയും പുരുഷനും അത് കാണുന്നു.പുരുഷൻ പുരോഹിതനെ തൊണ്ടി സഹിതം പിടികൂടി.മൃതദേഹത്തിൽ നിന്ന് സ്വർണവള മോഷ്ടിക്കുന്ന പുരോഹിതനിൽ എന്ത് ധാർമിക മൂല്യം.പുരോഹിതനിൽ ഇല്ലാത്ത ധാർമിക മൂല്യം ആ പുരുഷനിൽ ഉള്ളതുകൊണ്ടായിരിക്കണം ഹീനകൃത്യം ചെയ്ത പുരോഹിതനെ പിടികൂടാൻ അയാളെ പ്രേരിപ്പിച്ചത് എന്ന് പ്രതീക്ഷിച്ചതുപോലെ പ്രേക്ഷകർ വിശ്വസിച്ചിരിക്കുമ്പോഴാണ് ആ രംഗം കണ്ട സ്ത്രിയോട് അയാൾ പറയുന്നുണ്ട്,ഇക്കാഴ്ച്ച കണ്ടില്ലായിരുന്നുവെങ്കിൽ നിന്നെ ബലാത്സംഗം ചെയ്യുമായിരുന്നു എന്ന്.അവളൊറ്റയ്ക്കായിരുന്നു പുരോഹിതൻ മോഷ്ടിക്കുന്നത് കണ്ടിരുന്നതെങ്കിൽ കൂടുതൽ അപകടത്തിൽ അവൾ പെടുമായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.പ്രണയത്തിൽ വിശ്വാസമില്ലെന്നും ഭാര്യ മരിച്ചു കാണുമെന്നും നന്നായി ഭക്ഷണം വെച്ചു വിളമ്പാനറിയുമെങ്കിൽ ഭാര്യയുടെ പകരക്കാരിയായി ജീവിതത്തിലേക്ക് വരണമെന്നും അവളെ നിർബന്ധിക്കുന്ന അയാളിലും ധാർമികത മൂല്യമായി പ്രവർത്തിക്കുന്നില്ല.

ധാർമികതയുടെ വ്യവഹാരമണ്ഡലമായി വാഴ്ത്തപ്പെട്ട മതത്തിനകത്തോ മതത്തിനു പുറത്തോ അങ്ങനെയൊരു മൂല്യം പ്രവർത്തിക്കുന്നില്ല എന്നു തന്നെയാണ് ബെർഗ്മാൻ സമർത്ഥിക്കുന്നത്.

മഹാമാരിയായ പ്ലേഗ് പടരുന്ന ഘട്ടം.മനുഷ്യർ പാറ്റകളെ പോലെ ചത്തൊടുങ്ങുന്നു.ഒരു സ്ത്രി പറയുന്നു,ബൈബിളിൽ പറയുന്ന ജഡ്ജ്മെൻറ് ദിനം വന്നെത്തിയെന്ന്.ലോകം അവസാനിക്കാൻ പോകുന്നു എന്ന്.സർവനാശം, കൂട്ടമരണം,ശവകല്ലറകൾ സ്വയം തുറക്കും, മാലാഖമാർ പറന്നിറങ്ങും, മരണം താണ്ഡവമാടും.ബൈബിളിലെ മുന്നറിയിപ്പുകളിൽ ഭയം വിതറി. മൃതദേഹത്തിൽ നിന്ന് സ്വർണവള മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ പുരോഹിതൻ ഒരു വെള്ളിനാണയം വിൽക്കാൻ ശ്രമിക്കുന്ന രംഗമുണ്ട് തൊട്ടടുത്തതായി.മൂല്യങ്ങൾ കുഴമറിച്ചിൽ കാണിക്കുന്ന ജംപ് കട്ടിംഗ്.ദുരയോടെ ജീവിച്ച പുരോഹിതൻ ഒടുവിൽ പ്ലേഗ് പിടിപെട്ടു മരിച്ചു.മരണം ആസന്നമായ ഘട്ടത്തിലും പുരോഹിതൻ അലറി മരിക്കാനാഗ്രഹിക്കുന്നില്ലെന്ന്.മരണത്തിനുമുന്നിൽ ഒഴികഴിവില്ല.കുരിശേന്തിയ പ്രഭുവും മരണവും ചെസ് കളിക്കുന്ന രംഗമാണ് തൊട്ടടുത്ത സീനിൽ.വീണ്ടുമൊരു ജംപ് കട്ടിംഗ്.

മൂല്യങ്ങൾ നഷ്ടപെട്ട,വന്ധ്യമായ ജീവിതമാണ് സിനിമയിൽ പാത്രവല്കരിച്ചിരിക്കുന്നത്.സമൂഹത്തിൽ നൈതികമായി ഇടപെടാൻ മരണത്തിനല്ലാതെ മറ്റൊന്നിനും അർഹതയില്ലാത്ത അവസ്ഥ സംഭവിക്കുന്നു.മരണം വലിയ സമത്വവാദിയാവുന്നു.നീതിബോധത്തിൻറെ പ്രതീകമായാണ് മരണം സിനിമയിൽ അവതരിപ്പിക്കപെടുന്നത്.ഒരാളുടെ ഭാര്യ കാമുകന്റെ കൂടെ ഒളിച്ചോടി.കാമുകൻ ഒരു നടനാണ്.ഭാര്യ ഒളിച്ചോടിയ മാനഹാനിയിലും ദുഃഖത്തിലും ഭർത്താവ് മദ്യപിച്ചു നടന്നു.മൃതദേഹത്തിൽ നിന്ന് സ്വർണവള മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പുരോഹിതനെ പിടികൂടിയ ആൾ പ്രണയത്തെ പുച്ഛിച്ചു.blackest of all plagues, അപൂർണതയിൽ പൂർണം എന്നൊക്കെ.സുന്ദരമായ ആശയമല്ല പ്രണയമെന്ന് അയാൾ പ്രഖ്യാപിക്കുന്നു.ദിവസങ്ങൾ കടന്നു പോയി.കാട്ടിൽവെച്ച് ഭാര്യയെയും കാമുകനെയും പിടികൂടി.ഭാര്യ കാമുകനെ തള്ളിപ്പറഞ്ഞു, കൊല്ലണമെന്ന് ആവശ്യപ്പെട്ടു.കാമുകൻ അവരുടെ മുന്നിൽ വെച്ച് ജീവത്യാഗത്തിന് ഒരുങ്ങി.കഠാര നെഞ്ചിൽ കുത്തിയമർത്തി മരിക്കുന്നതുപോലെ അഭിനയിച്ചു.മരിച്ചെന്നു കരുതി ഭർത്താവും ഭാര്യയും പോയി.രാത്രി ഒരു മരത്തിൽ കയറിയിരുന്നു കാട്ടുമൃഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ.തൊട്ടടുത്ത് മരണം വന്നു നിൽക്കുന്നത് അവൻ അറിഞ്ഞില്ല.മരണം അവൻ ഇരുന്ന മരം വേരോടെ അറുത്തു.മരണം അഭിനയിക്കുകയായിരുന്നില്ല.മരണത്തിന് അഭിനയമില്ല.മരണം യാഥാർത്ഥ്യമാണ്.മരണത്തിനു മുന്നിൽ പുരോഹിതനെന്നോ കാമുകനെന്നോ പ്രഭുവെന്നോ വിത്യാസമില്ല.വലിയ സമത്വവാദിയാണ് മരണം.

കാറ്റിലും മഴയത്തും എല്ലാവരും അഭയമായി കരുതിയ കോട്ടയിൽ മരണം ആവശ്യപ്പെട്ടതനുസരിച്ച് പ്രഭുവും കൂട്ടരും നൃത്തം ചെയ്യുന്ന രംഗമാണ് ഒടുവിൽ സിനിമയിൽ.മരണത്തെ വേട്ടയാടിപിടികൂടാൻ ശാസ്ത്രം ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് പ്ലേഗ് പോലെ മറ്റൊരു മഹാമാരിയായി കൊറോണ മരണതാണ്ഡവമാടുന്നത്.ഒരു വൈറസിന് മുന്നിൽ ഭരണകൂടങ്ങൾ നിരായുധമായി പോവുന്നു.മരണം പോലെ മറ്റൊന്നില്ല എന്നും വിജയിക്കുന്ന യാഥാർത്ഥ്യമായി. ബെർഗ്മാൻറെ ദീർഘദർശനമാണ് സെവൻത് സീൽ, നിസംശയം…..

Design: Sajjaya Kumar

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.

littnowmagazine@littnow

സിനിമ

വിടുതലിനായുള്ള ആടിപ്പാടലുകള്‍

Published

on

കാണികളിലൊരാള്‍-15

എം.ആർ.രേണു കുമാർ

ദക്ഷിണാഫ്രിക്കന്‍ അപ്പാര്‍ത്തീഡ് ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ സൊവിറ്റോ നഗരത്തിലെ കറുത്തവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ നയിച്ച പ്രക്ഷോഭത്തെ മുന്‍നിര്‍ത്തി ഡാരെല്‍ ജയിംസ് റൂഡ്ത്സ് സംവിധാനം സിനിമയാണ് സറഫീന. 1976 ല്‍ നടന്ന സൊവിറ്റോ പ്രക്ഷോഭത്തെ ആസ്പദമാക്കി സംഗീതജ്ഞനും നടനുമായ എംബോന്‍ഗെനി എന്‍ഗിമ 1985 ല്‍ എഴുതി സംവിധാനം ചെയ്ത സംഗീതനാടകം അതേപേരില്‍തന്നെ 1992 ല്‍ ഡാരെല്‍ സിനിമയാക്കുകയായിരുന്നു.

നാടകത്തിലും സിനിമയിലും മുഖ്യവേഷത്തില്‍ അഭിനയിച്ചത് ലെലെറ്റി ഖുമോലോ എന്ന നടിയായിരുന്നു. ആദ്യം അരങ്ങിലും പിന്നെ വെള്ളിത്തിരയിലും സറഫീനയായി പകര്‍ന്നാടിയ ലെലെറ്റി സൊവിറ്റോ ഉയിര്‍പ്പിന്റെ ദക്ഷിണാഫ്രിക്കന്‍ അലകളെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളില്‍ എത്തിച്ചു.
വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യബോധത്തെ ആളിക്കത്തിച്ച ചരിത്രാധ്യാപിക മേരി മസോംബുകയുടെ വേഷത്തില്‍ വിഖ്യാത നടിയായ വൂപ്പി ഗോള്‍ഡുബെര്‍ഗ് കൂടി സിനിമയില്‍ ചേര്‍ന്നപ്പോള്‍ സറഫീന ദക്ഷിണാഫ്രിക്കയില്‍ മാത്രമല്ല ഹോളിവുഡിലും വന്‍ ഹിറ്റായി. മ്യൂസിക്കല്‍ ഡ്രാമ ഫിലിം വിഭാഗത്തില്‍ പെടുന്ന ഈ സിനിമ കാന്‍ ഉള്‍പ്പെടെയുള്ള നിരവധി ഫെസ്റ്റിവലുകളിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

സറഫീന യുടെ വിഷ്വല്‍ ട്രീറ്റ്മെന്റ് ദക്ഷിണാഫ്രിക്കന്‍ ജനതയെ മാത്രമല്ല ലോകമെമ്പാടുമുള്ള കറുത്തവര്‍ഗ്ഗക്കാരെയും സ്വാതന്ത്ര്യവാദികളെയും സിനിമാപ്രേമികളെയും ഇളക്കിമറിച്ചു. തന്റെ ഇരുപത്തിരണ്ടാമത്തെ വയസില്‍ കൗമാരക്കാരിയായ സ്കൂള്‍വിദ്യാര്‍ത്ഥിയായി അഭിനയിച്ച ലെലെറ്റിയുടെ ചടുലവും ചുറുചുറുക്കുള്ള അഭിനയമികവും ദൃശ്യസാന്നിധ്യവുമായിരുന്നു മറ്റേതു ഘടകത്തേക്കാളും സറഫീനയെ കാണികളുടെ പ്രിയസിനിമയാക്കിയത്. മണ്ടേലയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ നേഞ്ചിലേറ്റിയ കറുത്തവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ വിപ്ലവകാരിയായ മേരി മസോംബുകയുടെ നേതൃത്വത്തില്‍ ആപല്‍ക്കരമായി പാട്ടുപാടിയും നൃത്തംചെയ്തും ‘സ്വാതന്ത്ര്യത്തിന്റെ ശബ്ദം’ കേള്‍പ്പിച്ച സിനിമയായിരുന്നു സറഫീന.

ഏതുകലയും ഒരു കലമാത്രമായല്ല ആസ്വാദനത്തിന് പാത്രമാകുന്നത്; വിശേഷിച്ചും സിനിമയെന്ന കല. അതില്‍ എല്ലാ കലകളും കലര്‍ന്നുവരുന്നു. ചില കലകള്‍ സിനിമയില്‍ പ്രകടമായി പ്രതിഫലിക്കുമ്പോള്‍ മറ്റുചിലവ സൂക്ഷ്മമായാവും ഇടകലരുന്നത്. സറഫീന ചോരയുണങ്ങാത്ത ഒരു ചരിത്രത്തെയാണ് സിനിമയാക്കാന്‍ ശ്രമിക്കുന്നത്. ചടുലമായ ചുവടുകളും തനിമതുള്ളുന്ന സംഗീതവും കൊണ്ടാണത് അതിന്റെ ഊടും പാവും നെയ്യുന്നത്. ചരിത്രവും സിനിമയുടെ ഇതിവൃത്തവും രണ്ടല്ലാത്തതിനാല്‍ അല്‍പ്പം ചരിത്രമാവാം.

1976 ലെ അടിയന്തരാവസ്ഥയെ തുടര്‍ന്ന് കറുത്തവര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളുകളിലെ പഠനമാധ്യമം ആഫ്രിക്കാന്‍സ് ഭാഷയാക്കിയ അപ്പാര്‍ത്തീഡ് ഭരണകൂടത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ സമരമാരംഭിച്ചു. വെള്ളക്കാരായ വിദ്യാര്‍ത്ഥികളെ പരിഗണിക്കുന്നതുപോലെയും പഠിപ്പിക്കുന്നതുപോലെയും തങ്ങളേയും പരിഗണിക്കുകയും പഠിപ്പിക്കുകയും ചെയ്യണമെന്നായിരുന്നു കറുത്തവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വാദം. ഇതുമായി ബന്ധപ്പെട്ട് 1976 ജൂണ്‍ 16 ന് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിടിപ്പിച്ച വന്‍പ്രതിഷേധറാലി ദക്ഷിണാഫ്രിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ പൗരാവകാശ സമരചരിത്രത്തില്‍ വഴിത്തിരിവായി മാറി. പതിനായിരക്കണക്കിന് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്കൂളുകള്‍ ഉപേക്ഷിച്ച് തെരുവിലിറങ്ങി. ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമരത്തിന്റെ നെടുനായകത്വം വഹിച്ചിരുന്ന ‘മാഡീബ’ ആയിരുന്നു വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ ആത്മാവും കരുത്തും. പക്ഷേ കറുത്തവര്‍ഗ്ഗത്തില്‍പ്പെട്ട പോലീസുകാരെ കൂടുതലായും മുന്‍നിര്‍ത്തി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിച്ചത്.

സമരത്തെ അനുകൂലിച്ച അധ്യാപകരും വിദ്യാര്‍ത്ഥികളും രാജ്യദ്രാഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്യപ്പെട്ടു. സ്കൂളുകളില്‍ സംഘംചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേര പോലീസ് സ്കൂളില്‍ക്കയറി വെടിയുതിര്‍ത്തു. വിദ്യാര്‍ത്ഥികള്‍ ചെറുത്തുനിന്നെങ്കിലും സംഘര്‍ഷത്തിനിടയില്‍ നിരവധിപ്പേര്‍ വെടിയേറ്റുവീണു. കറുത്ത വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു പോലീസുകാരനെ വിദ്യാര്‍ത്ഥികള്‍ തീവെച്ചുകൊന്നു. സംഘര്‍ഷങ്ങളും അറസ്റ്റും മര്‍ദ്ദനപരമ്പരകളും വെടിവെപ്പും തുടര്‍ക്കഥകളായി.

പതിമൂന്ന് വര്‍ഷക്കാലം നീണ്ടുനിന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമായി പതിനായിരത്തോളം പേര്‍ ജയിലിലടയ്ക്കപ്പെട്ടു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സാരമായ പരിക്കേറ്റു. 176 വിദ്യാര്‍ത്ഥികള്‍ അപ്പാര്‍ത്തീഡ് ഭരണകൂടത്തിന്റെ നിഷ്ഠൂര വേട്ടയില്‍ കൊല്ലപ്പെട്ടു. യഥാര്‍ത്ഥ മരണനിരക്ക് എഴുനൂറോളം വരുമെന്ന് അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ പിന്നീട് സൊവിറ്റോ സ്റ്റുഡന്റ്സ് റെപ്രസെന്റേറ്റീവ് കൗണ്‍സിലായി മാറി. സ്വാതന്ത്ര്യാനന്തരം സൊവിറ്റോ ഉയിര്‍പ്പിന്റെ സ്മരണാര്‍ത്ഥം ദക്ഷിണാഫ്രിക്കന്‍ ജനാധിപത്യ ഭരണകൂടം ജൂണ്‍ 16 പൊതുഅവധിയായി പ്രഖ്യാപിച്ചു.

1992 ല്‍ റിലീസ് ചെയ്തപ്പോള്‍ ഒഴിവാക്കിയിരുന്ന Thank you Mama… എന്ന പാട്ടുകൂടി ചേര്‍ത്ത് പ്രക്ഷോഭത്തിന്റെ മുപ്പതാം വാര്‍ഷികദിനമായ 2006 ജൂണ്‍ 16 സറഫീന ദക്ഷിണാഫ്രിക്കയില്‍ വീണ്ടും റീലീസ് ചെയ്തു. എംബോന്‍ഗനിയുടെ നാടകം പോലെ ഡാരെലിന്റെ സിനിമ സോവിറ്റോ ഉയിര്‍പ്പിനെ സമഗ്രമായി പ്രതിഫലിപ്പിച്ചില്ലെന്നും അതിനോട് പൂര്‍ണ്ണമായും നീതിപുലര്‍ത്തിയില്ലെന്നും വിമര്‍ശമുണ്ടായെങ്കിലും സൂചിതപ്രശ്നം ലോകശ്രദ്ധയില്‍ അടയാളപ്പടുവാന്‍ സിനിമയാണ് കരണമായതെന്ന് നിസംശയം പറയാം.

littnow.com

littnowmagazine@gmail.com

Continue Reading

സിനിമ

“ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചു
ഭൂമി കന്യക പുഞ്ചിരിച്ചു”

Published

on

പാട്ടുപെട്ടി 12

ബി മധുസൂദനൻ നായർ

ഭൂമിയേയും മനുഷ്യനേയും സ്നേഹിച്ചു മതിവരാതെ മൺമറഞ്ഞ കവിയാണ് വയലാർ രാമവർമ്മ. ഭൂമിയുടെ മനോഹാരിതയും അതിന്റെ വിശുദ്ധിയും പലഗാനങ്ങളിലൂടെ അദ്ദേഹം നമ്മളെ ബോധ്യപ്പെടുത്തി.”തുലാഭാരം “എന്ന ചിത്രത്തിലെ “പ്രഭാത ഗോപുര വാതിൽ തുറന്നു “എന്ന ഗാനത്തിലൂടെ ഭൂമിയുടെ ഉത്ഭവവും പരിണാമവും ലളിതമായി വരച്ചിട്ടു.”പേൾവ്യൂ “എന്ന ചിത്രത്തിൽ ചന്ദ്രനെപ്പറ്റിയുള്ള വിവരണം തന്നു “ഒരു പെണ്ണിന്റെ കഥ “എന്ന സിനിമയിലൂടെ ഭൂമിയിലെആദ്യത്തെ അനുരാഗ കവിത ഏതായിരുന്നെന്നു നമ്മെ അറിയിക്കുകയാണ് ഗന്ധർവ്വകവി. മലയാള സിനിമയിൽ ഇങ്ങനെയൊരു ഗാനരചയിതാവ് മറ്റാരുംതന്നെയില്ല.
അനുരാഗവും പ്രണയവും കലാകാരന്മാരുടെ മനസ്സുണർത്തുന്ന ദിവ്യാനുഭൂതികളാണ്.മനുഷ്യൻ അധിവസിക്കുന്ന ഭൂമിയുടെ പ്രണയം നമ്മളെ ആദ്യമായി അനുഭവിപ്പിക്കുകയാണ് ഈ ഗാനത്തിലൂടെ. ഇത്തരമൊരു കവിത സിനിമാഗാനങ്ങളിൽ അപൂർവ്വമാണ്.
1971-ൽ. കെ. എസ്സ്. സേതുമാധവൻ സ്വന്തമായി”ചിത്രാഞ്ജലി “എന്ന നിർമ്മാണ കമ്പനി തുടങ്ങി. അവരുടെ ആദ്യ ചലച്ചിത്രമായിരുന്നു “ഒരു പെണ്ണിന്റെ കഥ “. സത്യനും ഷീലയും മത്സരിച്ചഭിനയിച്ച ഈ ചിത്രം സൂപ്പർ ഹിറ്റായിരുന്നു.വയലാർ -ദേവരാജൻ കൂട്ടായ്മയിലൂടെ പിറന്ന അനശ്വര ഗാനങ്ങളും ഈ സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. പി.സുശീലയും ഷീലയും വ്യക്തിമുദ്ര പതിപ്പിച്ച “പൂന്തേനരുവി “എന്ന ഗാനം ഈ ചിത്രത്തിലേതാണ്.
ചിത്രത്തിലെ നായിക സാവിത്രി എന്ന 17കാരിയുടെ പ്രണയം ഭൂമിയും ചന്ദ്രനും തമ്മിലുള്ള പ്രണയത്തിലൂടെ ബിംബകല്പന നടത്തുകയാണ് വയലാർ.
ശ്രാവണ മാസത്തിലെ പൂർണ്ണമായും തിളങ്ങിനിൽക്കുന്ന ചന്ദ്രൻ കന്യകയായ ഭൂമിയെ നിലാവുകൊണ്ടുപൂചൂടിച്ചു.ഭൂമികന്യക പുഞ്ചിരിയോടെഅതുസ്വീകരിച്ചു.ലജ്ജാവിവശയായ ഭൂമികന്യകയുടെ ചൊടികളിൽ അപ്പോൾ ഒരു കവിത വിരിഞ്ഞു. അതാണ്‌ ഭൂമിയിലെ ആദ്യത്തെ അനുരാഗ കവിത.ആ കവിത നീലാകാശമാകുന്ന താമര ഇലയിൽ നക്ഷത്രങ്ങൾ കൊണ്ടുള്ള ലിപിയിൽ പവിഴ നിറത്തിലുള്ള കൈനഖം കൊണ്ട്പ്രകൃതി പകർത്തിവച്ചു.ആ കവിത നായികയായ സാവിത്രി വായിക്കുന്നു
“വന്നു കണ്ടു കീഴടക്കി
എന്നെ കേളീ പുഷ്പമാക്കി “
പ്രേമത്തിന്റെ ഉദാത്തമായ ഭാവങ്ങളാണ് ലളിതമായ ഈ വരികളിലൂടെ വയലാർ വരച്ചിടുന്നത്.മനസ്സുകളെ കീഴടക്കുന്ന പ്രേമമെന്ന മാസ്മരികത ഇത്രയും മനോഹരമായി വർണ്ണിക്കാൻ വയലാറിനല്ലേകഴിയൂ.
സാവിത്രി തന്റെ വീട്ടിൽ അതിഥിയായി വന്നുതാമസിക്കുന്ന ചെറുപ്പക്കാരനിൽ ആകൃഷ്ടയായി അവന്റെ പ്രേമഭാജനമാകുന്നത് ഈ ഗാനരംഗത്തിലൂടെയാണ് കെ.എസ്സ്.സേതുമാധവൻ ആവിഷ്കരിച്ചിരി ക്കുന്നത്.ദേവരാജൻ മാസ്റ്ററുടെ അഭൗമികമായ സംഗീതം ഈ ഗാനത്തെ നമ്മുടെ മനസ്സിൽ അനശ്വരമാക്കി നിലനിർത്തുന്നു.
പ്രേമത്തിന്റെ സ്വർഗ്ഗത്തിലേക്കുള്ള വീഥിക്കരുകിൽ വച്ച് സ്വപ്നങ്ങൾക്കിടയിൽ കമനീയനായ കാമുകൻ അവളുടെ മനസ്സിൽ ആ കവിത കുറിച്ചുവച്ചു
“വന്നു കണ്ടു കീഴടക്കി
എന്നെ കേളീ പുഷ്പമാക്കി “
അങ്ങനെ അവൾ അവനെ സ്നേഹിച്ചു.
വയലാർ-ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന ഈ അനശ്വര ഗാനം പി.സുശീലയുടെ ചുണ്ടുകളിലൂടെ ഒഴുകിയെത്തിയപ്പോൾ മെല്ലിഇറാനി എന്ന ഛായാഗ്രാഹകനായിരുന്നു കെ.പി.ഉമ്മർ എന്ന ഉജ്ജ്വലനടനിലൂടെയും ഷീല എന്ന അതുല്യ അഭിനേത്രിയുടെശൃംഗാരഭാവങ്ങളിലൂടെയും ചിത്രീകരിച്ചു മലയാളസിനിമയ്ക്ക് നൽകിയത്.മലയാളികൾ നെഞ്ചിലേറ്റി സ്വന്തമാക്കിയ ഈ അനശ്വര ഗാനത്തിന് 51വയസ്സ് കഴിഞ്ഞിരിക്കുന്നു.

singer Athira vijayan

ലിറ്റ് നൗ ലേക്ക് രചനകൾ അയക്കുമ്പോൾ ഫോട്ടോയും വാട്സാപ് നമ്പറും ചേർക്കുക.

littnowmagazine@gmail.com

Continue Reading

സിനിമ

മൈക്ക് ഉച്ചത്തിലാണ്

Published

on

സാജോ പനയംകോട്

ഒരു സിനിമയെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ സാധാരണയായി പ്രേക്ഷകരുടെ ചോദ്യം, കൊടുക്കുന്ന കാശും സമയവും മുതലാകുമോ എന്നാണല്ലോ. തീർച്ചയായും എന്ന് മറുപടി.

നായകൻ്റെയും നായികയുടേയും ജീവിത പരിസരവും സംഘർഷവും ഒക്കെയായി ഇവരിലൂടെ സഞ്ചരിക്കുകയാണ് മൈക്ക് എന്ന സിനിമ . ഈ രണ്ട് പേർ അനശ്വര രാജനും രഞ്ജീത്ത് സജീവുമാണ്. സാധാരയായി ഒരു പുതുമുഖ നായകനെ അവതരിപ്പിക്കുമ്പോൾ ഭാരം കുറഞ്ഞ കഥാപാത്രത്തെ നല്കുകയും അയാൾക്ക്‌ സപ്പോർട്ടായി ശക്തരായ ഉപകഥാപാത്രങ്ങളെ സൃഷ്ടിക്കുകയും അതിന് പ്രമുഖ നടീനടന്മാരെ ഉൾപ്പെടുത്തുകയും ചെയ്യാറുണ്ട്. ഇവിടെ അതാന്നുമില്ല. നവാഗതസംവിധായകൻ വിഷ്ണു ശിവ പ്രസാദിന് ഒരു സല്യൂട്ട്.സംവിധായൻ്റ ധൈര്യത്തിന് കൃത്യമായ ഉത്തരമായി പരിചയസമ്പന്നയായ അനശ്വര രാജനൊപ്പം, ഗംഭീര പ്രകടനത്തിലൂടെ നമ്മളിലേയ്ക്ക് എത്തുന്നുണ്ട് രഞ്ജിത്ത് സജീവ്.

മൈക്ക് , എന്തിനേയും ഉച്ചത്തിൽ കേൾപ്പിക്കാനുള്ള ഉപാധിയാണല്ലോ, ഇവിടെ മൈക്ക് എന്ന സിനിമയിലത് സാറാ എന്ന പെൺകുട്ടിയുടെ മനസ്സോ, തീരുമാനമോ ആയി മാറുന്നു. സ്വാതന്ത്ര്യമില്ലായ്മയുടെ ഇടനാഴിയിലേയ്ക്ക് ഒറ്റയ്ക്ക് തള്ളിവിടപെടുന്ന സാറാ അവളുടെ ജീവിതത്തിൻ്റെ സ്വാതന്ത്ര പ്രഖ്യാപനം നടത്തുന്നത് ഒരാണായി ജീവിക്കണം എന്നതാണ്, അതവൾ സ്വന്തം ശരീരത്തിലും ലിംഗമാറ്റത്തിലൂടെ നടപ്പിലാക്കനുറപ്പിച്ചു കഴിഞ്ഞു.നിരന്തരം താനൊരു ആണാണ് എന്നവൾ സ്വയം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതിനവൾ അവളെ മൈക്ക് എന്നാണ് വിളിക്കുന്നത്.
സൂപ്പർ ശരണ്യക്കു ശേഷം അനശ്വര രാജൻ്റെ വ്യത്യസ്തമായ കഥാപാത്രമാണ് സാറാ. സംഘർഷങ്ങളിലൂടെ കടന്നു പോകുമ്പോഴും അനായാസം ജീവിതത്തിൽ പെരുമാറ്റാൻ ശ്രമിക്കുന്ന സാറാ.
ഹോളിവുഡ് സൂപ്പർ താരം ജോൺ എബ്രഹാം മലയാളത്തിൽ നിർമ്മിച്ച മൈക്ക് അദ്ദേഹത്തിന് അഭിമാനിക്കാവുന്ന സിനിമ തന്നെയെന്ന് പറയട്ടെ.

പൂർണ്ണമായും റിയലസ്റ്റിക് എലമെൻറ് നിറഞ്ഞത് എന്നു പറയാനാകില. വ്യത്യസ്തരായ എന്നാലെവിടെയോ ഇഴപിരിച്ചു ചേർക്കാമെന്ന് വിചാരിക്കാവുന്ന രണ്ടു പേരുടെ ജീവിതത്തെ പിന്തുടരുന്നതാണ്
മെയിൻ ടൂൾ. ഇരുവരും ഒരു ദീർഘദൂര ബസ്സിൽ, ഒരു സീറ്റിൽ കണ്ടുമുട്ടുനയിടത്ത് നിന്നാണിത് തുടങ്ങുന്നത്.

സ്ത്രീപക്ഷ ,ദളിത് വിഷയങ്ങളടക്കം പ്രമേയപരതയിൽ പുതിയ വഴികളിലാണ് നമ്മുടെ സിനിമ. വിജയിക്കുന്ന പരീക്ഷണങ്ങൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു…. ക്ലാസ്സിക്കൽ സിനിമയും കച്ചവട സിനിമയും പല തരത്തിലും ലയിക്കുന്ന ക്ലാസ് വിത്ത് മാസ് ഴോണറുകളും വൻ വിജയങ്ങളായി. ഇവിടെ , മലയാള സിനിമ ചർച്ച ചെയ്തിട്ടില്ലാത്ത ഒരു പുതിയ പ്രമേയമാണ് ഇത്തരത്തിൽ മൈക്ക് നമുക്ക് തരുന്നത് .സ്ക്രിപ്റ്റ് ചെയ്ത ആഷിക് അക്ബർ അലി പ്രത്യേക അഭിനന്ദനമർഹിക്കുന്നുണ്ട്.

പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഹീറോയിസ്സത്തിൽ രഞ്ജിത്ത് സജീവ് എന്ന പുതുമുഖ നടൻ (,മറ്റേത് യുവനായകനടനും ഒപ്പം വയ്ക്കാവുന്ന ) പെർഫോമൻസ് കൊണ്ട് അമ്പരപ്പിക്കുന്നുണ്ട് എന്നത് ചെറിയ കാര്യമല്ല. നാടകീയത ഒട്ടും കടന്നുവരാതെ, സൂക്ഷമാഭിനയത്തിൻ്റെ കാര്യത്തിലും ഇയാൾ കഥാസന്ദർഭങ്ങളെ അതിജീവിക്കുന്നുണ്ട്.
ഒരു പുതുമുഖ നടനെ സംബന്ധിച്ച് അത് അഭിമാനകരമാണ്.
എൻ്റെ/ ഞങ്ങളുടെ അടുത്തുള്ളയാൾ, എന്നും കാണുന്ന / കണ്ട ഒരാൾ, പരിചിതനായ ഒരാൾ….. തുടങ്ങിയ ‘ആൾ’
എന്ന മട്ടിലേക്ക് ഇനിയുള്ള സിനിമകളിലൂടെ രഞ്ജിത്ത് സജീവിന് പ്രേക്ഷകർക്കടുത്തേയ്ക്കുള്ള ദൂരം കുറയ്ക്കുന്ന കഥാപാത്രങ്ങൾ ലഭിക്കട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു.

രോഹിണി, അക്ഷയ് രാധാകൃഷ്ണൻ, വെട്ടുക്കിളിപ്രകാശ് തുടങ്ങിയ കാസ്റ്റിംഗ് മികച്ചതായി .ചെറുതെങ്കിലും ശക്തരായ കഥാപാത്രങ്ങളെ ഭദ്രതയോടെ അവർ നമുക്കു തന്നു.
വൈകാരികത നിറഞ്ഞ ചിത്രത്തിൻ്റെ കളർ പാറ്റേണും ഫ്രയിമുകളും ഉചിതമായ അളവുകളിൽ കൊരുത്തെടുത്ത ക്യാമറമാൻ രണദിവെ മറ്റൊരു പ്ലസ് ആണ്. ഒപ്പം എടുത്തു പറയേണ്ടതാണ് ഷിഹാം അബ്ദുൾ വഹാബിൻ്റെ സംഗീതം.

തുടക്കത്തിൽ പറഞ്ഞത് ആവർത്തിച്ചാൽ, ധൈര്യമായി തിയറ്ററിൽ പോയി കാണാവുന്ന, കൊടുക്കുന്ന കാശും സമയവും നഷ്ടമാകാത്തതാണ് മൈക്ക്.

Continue Reading

Trending