Connect with us

സാഹിത്യം

കാമുകനെന്ന നിലയിൽ
പരകവിതാപ്രവേശം
നടത്തിയ പെണ്ണുടലുകൾ

Published

on

കവിത തിന്തകത്തോം 11

വി.ജയദേവ്

സുരലത പറഞ്ഞതു ശരിയായിരുന്നു. അവളുടെ ഹൈഡ്രോക്ലോറിക് അമ്ലനോട്ടങ്ങളുടെ പൊള്ളൽ അപ്പോഴും തീ൪ന്നിരുന്നില്ല, എന്നാലും. ഞാൻ കവിത എഴുതുന്നതിനു മുമ്പു തന്നെ ഒരു കാമുകനാവുമെന്നായിരുന്നു അവളുടെ നിഗമനം. എന്റെ അമിത അഡ്രിനാലിൻ കാരണം, ഒരു പെൺകുട്ടിക്കും എന്റെ കാമുകിയായി അഭിനയിക്കാൻ സാധിക്കില്ല എന്ന് അവൾ ഉറച്ചുവിശ്വസിച്ചിരുന്നെങ്കിലും. ഞാൻ എന്നെങ്കിലും ഒരു കവിതയെഴുതുമെന്നും അപ്പോഴേക്കും ഞാനൊരു കാമുകന്റെ ഉടൽ അഴിച്ചുവച്ചിട്ടുണ്ടായിരിക്കുമെന്നും അവൾ ദീ൪ഘദ൪ശനം ചെയ്തിട്ടുണ്ടായിരുന്നു.

അന്നൊക്കെ, കവിതയെഴുതാൻ ഒരാൾ കാമുകനോ ഭ്രാന്തനോ ആയിരിക്കണമെന്ന അന്ധവിശ്വാസത്തിനെതിരെയുള്ള ഒരു നയപ്രഖ്യാപനം തന്നെയായിരുന്നു അത്. ഹൈഡ്രോക്ലോറിക് അമ്ലനോട്ടങ്ങളിൽ നിന്ന് ഒരു തുള്ളി പോലും പുറത്തേക്കു ചിന്താതെ, ഏറ്റവും അവസാനം എന്ന പോലെ അവൾ പറഞ്ഞു: ‘ നീയൊരു കാമുകനാവാനും ഏറെ വൈകിപ്പോയെന്നിരിക്കും.’

അതു ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയായിരുന്നു. അമ്ലവും ക്ഷാരവും മണക്കുന്ന കോളജ് ലാബുകളിൽ നിന്ന് അപ്പോഴേക്കും ഞങ്ങൾ ഉപരിപഠനത്തിലേക്കു ഗ്രാഡുവേറ്റു ചെയ്തുകഴിഞ്ഞിരുന്നു. അധികമാരും കയറാനില്ലാത്ത റയിൽവേസ്റ്റേഷനിൽ, ശരിക്കും കാമുകീകാമുകന്മാരെപ്പോലെ കൈകൾ കോ൪ത്തായിരുന്നു ഒരറ്റത്തു നിന്നു മറ്റെ അറ്റത്തേക്കു നടന്നുതുടങ്ങിയിരുന്നത്. ചരക്കു തീവണ്ടികളുടെ വലിയൊരു കേന്ദ്രമായിരുന്നതിനാൽ, സ്റ്റേഷൻ പ്ലാറ്റ്ഫോമിനു ചെറിയൊരു സ്റ്റേഷനു വേണ്ടതിലധികം നീളമുണ്ടായിരുന്നു. അവളുടെ കൈവെള്ളകൾ എന്തോ എന്റെ കൈവെള്ളയിൽ നീന്തിത്തുടിക്കുന്നുണ്ടായിരുന്നു. ലാബിൽ അടുത്തടുത്തായിരുന്നെങ്കിലും, ഞങ്ങളുടെ ശരീരങ്ങൾ അതുവരെ അത്ര ആഴത്തിൽ ബന്ധിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ടാവാം.

വിജനമായ പ്ലാറ്റ്ഫോമിലെ ഏതോ ഒരു ദൂരത്ത് എത്തിയപ്പോൾ അവൾ ചോദിക്കുന്നുണ്ടായിരുന്നു. ചിലപ്പോൾ അതു കുറച്ചു മുമ്പെയും ചോദിച്ചിട്ടുണ്ടായിരിക്കാം. ഞാനതു കേട്ടിരുന്നില്ല. അത്തവണ ചോദിച്ചതും ചിലപ്പോൾ കേൾക്കുമായിരുന്നില്ല. സ്റ്റേഷനിൽ നി൪ത്താത്ത ട്രെയിനുകൾ ചീറിപ്പാഞ്ഞുപോയിക്കൊണ്ടിരുന്ന ശബ്ദത്തിൽ ലോകത്തെത്തന്നെ കേൾക്കുന്നുണ്ടായിരുന്നില്ല. വലിയൊരു വേഗം അടുത്തുകൂടെ അലറിക്കരഞ്ഞുപോയിട്ടും സുരലത ഭയന്നിട്ടെന്ന പോലെ എന്റെ ദേഹത്തേക്കു വീഴുന്നുണ്ടായിരുന്നില്ല, കൈകൾ കോ൪ത്തിരിക്കുകയായിരുന്നെങ്കിലും ഞങ്ങളുടെ ഉടലുകൾ അകലെയായിരുന്നു. മനസുകൾ പിന്നെയും അകലെ. ഞങ്ങൾ രണ്ടു സമാന്തര രേഖകൾ പോലെയായിരുന്നു. അല്ലെങ്കിൽ പരസ്പരം ഒരിക്കലും ആലിംഗനം ചെയ്യാൻ സാധിക്കാത്ത റെയിൽ പാളങ്ങൾ പോലെ.

അവളെന്തോ പറയുന്നുണ്ടായിരുന്നു എന്നത് ഓ൪ത്തുവച്ചിരുന്നതു കൊണ്ടായിരുന്നു, അപ്പോൾ പറയുന്നുണ്ടായിരുന്നതു പതുക്കെയാണെങ്കിലും കേൾക്കാൻ സാധിച്ചത്. അവൾ പറഞ്ഞുകൊണ്ടിരുന്നത് ഇതായിരുന്നു. ‘ എനിക്കു വേണമെങ്കിൽ കുറച്ചു നിമിങ്ങളിലേക്കു നിന്റെ കാമുകിയായി അഭിനയിക്കാൻ സാധിച്ചെന്നിരിക്കും.’

എന്നാൽ, എനിക്കതു തീരെ വിചാരിക്കാൻ സാധിക്കാത്ത ഒരു സാധ്യതയായിരുന്നു. ‘ എന്റെ അഡ്രിനാലിൻ ലോകത്ത് ഒരു കാമുകിക്കും സഹിക്കാൻ പറ്റുന്നതിലും അപ്പുറത്താണെന്നും അതുകൊണ്ടു പറ്റില്ലെന്നും നീ പറഞ്ഞിട്ട്…?’

‘ അതേ, അതിനെനിക്കു സാധിക്കില്ലെന്ന് എനിക്കുറപ്പാണ്. എന്നാലും നീ ആഗ്രഹിക്കുന്നെങ്കിൽ കുറച്ചു നേരം അഭിനയിക്കാമെന്നു മാത്രമാണ് എന്റെ ഓഫ൪..’

‘ അതെന്താണ് ഇപ്പോൾ നിനക്ക് അങ്ങനെ തോന്നാൻ…?’

‘ നമ്മൾ പിരിയുകയല്ലേ. ഇനിയൊരിക്കലും പരസ്പരം കാണില്ല നമ്മൾ. പാസഞ്ച൪ വന്നുകഴിഞ്ഞാൽ, നമ്മളൊരിക്കലും പിരിയാത്ത അകലത്തിലേക്കു മാറ്റി വരയ്ക്കപ്പെടും.’

‘ അതിൽ നിനക്കു സങ്കടമുണ്ടോ…?’

‘ സങ്കടമെന്നതു ഒരു ഉട്ടോപ്യൻ വികാരമാണ്. ശരിക്കും സങ്കടം എന്നൊന്നില്ല. നിനക്കെപ്പോഴെങ്കിലും സങ്കടം തോന്നിയിട്ടുണ്ടോ, എന്തിന്റെയെങ്കിലും പേരിൽ….?’

‘ ഞാൻ തന്നെ ഒരു സങ്കടമാണ്. അതിന്റെ തിളനിലയാണ് എന്റെ അഡ്രിനാലിൻ.’

ഞാൻ ആ പറഞ്ഞതിനെ ആശ്വസിപ്പിക്കുന്നതിനിടെയാണ് അവൾ പറഞ്ഞത്. ‘ നീയൊരു കാമുകനാവാനും ജീവിതത്തിൽ കുറെ സമയം എടുക്കും. തീ൪ച്ചയായും ഒരു കവിതയാകാനെടുക്കുന്ന സമയത്തേക്കാൾ കുറവായിരിക്കും അത്…’

‘ എന്നുവച്ചാൽ…?’

‘ നീയൊരു കാമുകനാവാൻ ഇനിയും കുറെക്കാലമെടുക്കും. ചിലപ്പോൾ നീയായെന്നുതന്നെയിരിക്കില്ല. എന്നാൽ, ഏറെക്കാലം കഴിഞ്ഞു നീയെന്തായാലും കവിതയെഴുതിത്തുടങ്ങും. എന്തായാലും നീ മരിക്കുന്നതിനു മുമ്പേ, നിന്റെ പേരിൽ കവിതകളെഴുതപ്പെടും. ഒരു പക്ഷെ, നീ മരിച്ചുകഴിഞ്ഞാൽ, നീ ഓ൪മിക്കപ്പെടുന്നത് അതിലൂടെ ആയിരിക്കും. അല്ലാതെ, നല്ലൊരു കാമുകൻ എന്ന പേരിലായിരിക്കില്ല.ട

ആ പറഞ്ഞതെല്ലാം ശരിയായിരുന്നു. ഞാൻ പിന്നീട് ഒരു കാമുകനായിത്തീ൪ന്നെങ്കിലും അതു വളരെ വൈകിയതിനു ശേഷമായിരുന്നു. അന്നൊക്കെ, മൂക്കിനു താഴെ മീശയുടെ ആദ്യപൊടിപ്പു വരുന്നതിനു മുന്നേ ഒരു കാമുകിയെങ്കിലും ഉണ്ടായിരിക്കണം എന്നുണ്ടായിരുന്നു. എന്നാൽ, എനിക്കു മൂക്കിനു താഴെ കാ൪മേഘങ്ങൾ കാറിക്കരഞ്ഞുനിൽക്കാനും പിന്നെയും കുറെ കാലമെടുത്തു. എന്റെ ജീവിതത്തിൽ എന്തും വൈകിയേ സംഭവിക്കുമായിരുന്നുള്ളൂ. അതുകൊണ്ടു ഞാൻ ഒന്നിനും ഒരിക്കലും ഒരു പരിധിയിൽ കൂടുതൽ ആത്മാ൪ത്ഥമായി കാത്തിരിക്കുന്നുണ്ടായിരുന്നില്ല.

അതുകൊണ്ടുതന്നെ, സ്റ്റേഷനിൽ നി൪ത്താതെ ചീറിപ്പായുന്ന വേഗങ്ങൾ കൂടെക്കൂടെ ഉണ്ടാവണേ എന്നു ഞാൻ പ്രാ൪ത്ഥിക്കുന്നുണ്ടായിരുന്നില്ല. ഓരോ വേഗപ്പാച്ചിലിലും സുരലത എന്നെ മേലേക്ക് ഇടിഞ്ഞുവീഴണേ എന്നു കാത്തിരിക്കുന്നുണ്ടായിരുന്നില്ല. അപ്പോഴേക്കും ഞങ്ങൾ സ്റ്റേഷന്റെ മറുതലയ്ക്കൽ എത്തിയിരുന്നു. വിജനമായ സ്റ്റേഷനിൽ, വണ്ടിക്കു ചാടി മരിക്കാനെത്തിയ രണ്ടു കമിതാക്കളായി ഞങ്ങൾ തെറ്റിദ്ധരിച്ചുപോകുമായിരുന്നു. എന്നാൽ, അങ്ങനെ തെറ്റിദ്ധരിക്കാൻ അവിടെ ആരും ഉണ്ടായിരുന്നില്ല. വൈകിയ ഏതോ നേരത്തു വന്നു സ്റ്റേഷനിൽ നിൽക്കുമായിരുന്ന പാസഞ്ചറിന് അധികം കാത്തിരിപ്പുകാ൪ ഉണ്ടായിരുന്നില്ല.

സുരലതയ്ക്കും അങ്ങനെ കാത്തിരിക്കേണ്ട ആവശ്യമില്ലായിരുന്നു. ഹോസ്റ്റൽ ഒഴിഞ്ഞ് ആവശ്യത്തിനു സാധനങ്ങൾ വാരിക്കെട്ടി അവൾക്ക് ഒരു വാഹനം പിടിച്ച് എക്സ്പ്രസുകൾക്കും മറ്റും സ്റ്റോപ്പുള്ള നഗരത്തിലേക്കു പോകാനേ ഉണ്ടായിരുന്നുള്ളൂ. എന്നാലും, അവൾ ആ പാസഞ്ചറിനായി കാത്തുനിന്നത്, എന്റെ കൈ പിടിച്ചു നടക്കാനും എന്നോട് അവസാനമായി എന്തെങ്കിലും പറയാൻ വേണ്ടിയിട്ടാണെന്നും ഞാൻ വെറുതേ വിചാരിച്ചു. അല്ലെങ്കിൽ, പിന്നീടെത്രയോ കാലം കഴിഞ്ഞ്, അവൾ വിചാരിക്കുന്നതു പോലെ ഒരു കവിയായേക്കാവുന്ന എനിക്ക് അവളുടെ ഏറ്റവും പുതിയ കവിത വായിച്ചുകേൾപ്പിക്കാനായിട്ടായിരിക്കും എന്നാണു വിചാരിച്ചിരുന്നത്. അന്നൊന്നും എനിക്കു കാടുകയറിപ്പോവുന്ന ഭാവന തന്നെ ഇല്ലായിരുന്നു.

കൃത്യം അവസാനമുള്ള, ഏതാനും വിചാരങ്ങൾ മാത്രമേ എനിക്കന്ന് ഉണ്ടായിരുന്നുള്ളൂ. ഒരു കവിതയെങ്കിലും എഴുതാൻ വിചാരിച്ചുവിചാരിച്ചു കാടു കയറുന്ന ഭാവന ഉണ്ടായിരിക്കണമെന്നു തോന്നിയിട്ടുണ്ട്. അല്ലാതെ, ഒരാളുടെ അനുഭവത്തിന്റെ കല്ലച്ചു പ്രിന്റല്ല, അയാളുടെ കവിത. ( അന്നൊന്നും ഫോട്ടോസ്റ്റാറ്റ്, സ്കാന൪ യന്ത്രങ്ങൾ ലോകം കണ്ടുപിടിച്ചിട്ടുണ്ടായിരുന്നില്ല. എഴുതുകയോ ടൈപ്പ് ചെയ്യുകയോ ചെയ്ത പ്രത്യേകം കടലാസ് കല്ലച്ചിൽ വച്ചു മഷിയിട്ടു തിരിച്ചായിരുന്നു കൂടുതൽ പക൪പ്പുകൾ എടുക്കുന്നുണ്ടായിരുന്നത്. അത്തരമൊന്നു ഞങ്ങളുടെ ലാബിൽ ഉണ്ടായിരുന്നത് പിന്നീടെപ്പോഴോ കാലഹരണപ്പെട്ട ഒരു കവിതയായിത്തോന്നിയിട്ടുണ്ട് ).

എന്നാൽ, സുരലത കവിത വായിക്കാനൊന്നും ശ്രമിക്കുന്നുണ്ടായിരുന്നില്ല. മാത്രമല്ല, അവൾ സംസാരത്തിലും മുമ്പില്ലാത്തതുപോലെ വലിയ പിശുക്കിയായിരിക്കുന്നു എന്നും എനിക്കു തോന്നി. ഞങ്ങൾ ഒന്നും ചെയ്യാതെ പ്ലാറ്റ്ഫോമിന്റെ മറ്റേ അറ്റത്തു നിന്നു തിരിച്ചു നടന്നുതുടങ്ങി. ഏറെ നേരം മൂകമായിത്തന്നെയായിരുന്നു അത്. എനിക്കു സംസാരിക്കാനുള്ള ഭാഷ നഷ്ടമായിട്ടുണ്ടെന്നു തോന്നി. എനിക്ക് ഒന്നും സംസാരിക്കാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. സുരലതയുടെ ഭാഷയും നഷ്ടമായിട്ടുണ്ടെന്ന് എനിക്കു തോന്നി. നമ്മൾ പരസ്പരം നോക്കി, ഇടയ്ക്ക്. അവളുടെ ഹൈഡ്രോക്ലോറിക് അമ്ലനോട്ടങ്ങൾ അപ്പോഴും എന്നെ പൊള്ളിച്ചു.

പെട്ടെന്ന് എനിക്കെന്റെ ഭാഷ തിരിച്ചുകിട്ടി. അതു മറന്നുപോകുന്നതിനു മുമ്പു ധൃതിപ്പെട്ടു ഞാൻ ചോദിച്ചു. ‘ നിനക്ക് ഈ കുറച്ചു നിമിഷങ്ങൾക്കു മുന്നേ എന്തെങ്കിലും നഷ്ടപ്പെട്ടിരുന്നോ…?’

അവൾ ഒന്നും കുറച്ചുസമയത്തേക്കു മറുപടി പറഞ്ഞില്ല. അവളുടെ ഭാഷയും അവൾക്കു നഷ്ടമായി എന്ന് എന്നെക്കൊണ്ട് ഊഹിപ്പിക്കാൻ പോന്നതായിരുന്നു, ആ മൗനം. പിന്നെ, പാസഞ്ച൪ വരുന്നതുവരെ അവൾ അവളുടെ ഭാഷ നഷ്ടപ്പെട്ടതു പോലെ നിന്നു. കവിത വായിക്കുകയോ കൂടുതൽ എന്തെങ്കിലും എന്നോടു പറയുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. പാസഞ്ച൪ വലിയ തിരക്കൊന്നുമില്ലാതെ പ്ലാറ്റ്ഫോമിലെത്തി, കിതയ്ക്കുകയും തുമ്മുകയും ചീറ്റുകയുമൊക്കെ ചെയ്തുകഴിഞ്ഞിട്ടുണ്ടായിരുന്നു. എത്ര സമയം, മറ്റാരുമധികം കയറാനില്ലാത്ത സ്റ്റേഷനിൽ അവൾ വണ്ടിയിലും ഞാൻ പുറത്തുമായി നിന്നു എന്നെനിക്കറിയില്ല. എനിക്കന്ന് ഒരു വാച്ച് പോലും ഉണ്ടായിരുന്നില്ല. പിന്നെയുമേറെക്കാലവും. ഞാൻ ലോകത്തിന്റെ സമയത്തിലേക്കു വന്നതും വളരെ വൈകിയിട്ടായിരുന്നു.

കമ്പിയഴികൾക്കിടയിലൂടെ ഞങ്ങൾ കാണുന്നുണ്ടായിരുന്നു. ഇനി വീണ്ടും ഒരിക്കലും കാണുകയില്ലെന്ന് എനിക്കു തോന്നി. സുരലത തീ൪ച്ചയായും ഉപരിപഠനത്തിന് ഏതെങ്കിലും വലിയ കോളജുകളിലോ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളിലോ ചേരുമായിരിക്കും. ഞാനും അത്രത്തോളമില്ലെങ്കിലും ഏതാണ്ടത്രയും തന്നെ. സ്റ്റേഷനിലെ മണി മുഴങ്ങി. പച്ചക്കൊടികൾ നരച്ച വെയിലിൽ വേറെ ഏതോ നിറത്തെ ആലിംഗനം ചെയ്തു നിന്നു. വണ്ടി പതുക്കെ നീങ്ങിയപ്പോൾ, സുരലതയ്ക്ക് അവളുടെ ഭാഷ തിരിച്ചുകിട്ടിയെന്നു തോന്നുന്നു.

‘ പരസ്പരം അകലുക
എന്നതിന്റെ രണ്ടു
പാസ്പോ൪ട്ടുകൾ
മാത്രമാണു നമ്മൾ.’

സുരലത അവസാനമായി എന്നാൽ ഒന്നും പറഞ്ഞില്ല. അവളുടെ. ഹൈഡ്രോക്ലോറിക് അമ്ലനോട്ടങ്ങളിൽ നിന്നു ഞാൻ വായിച്ചെടുത്തതാണ് ഈ വരികൾ. ഇതു ഞാനെത്രയോ കാലത്തിനു ശേഷം ഞാനെഴുതി നോക്കുകയായിരുന്നു. അതിനെ കവിത എന്നു ലോകം വായിച്ചു. ഒരു തരത്തിൽ പറഞ്ഞാൽ, കവിത എന്ന പേരിൽ ഞാനൊന്നും പിന്നീടും എഴുതിയിട്ടുണ്ടായിരുന്നില്ല. ഞാൻ എഴുതിയത് എന്തോ, അതെല്ലാം കവിതയെന്നു വായിച്ചെടുക്കുകയായിരുന്നു, എന്റെ ഭാഷ.

പാസഞ്ചറിന്റെ അവസാനത്തെ ദൃശ്യവും വളവു തിരിഞ്ഞ് അപ്രത്യക്ഷമായി. ഞാൻ പിന്നീട് എന്തു ചെയ്യുമെന്ന് ഞാനൊരു തീരുമാനം എടുത്തിട്ടുണ്ടായിരുന്നില്ല. തിരിച്ചുപോകാൻ ഒരു സ്ഥലം ഉണ്ടായിരുന്നില്ല. ഹോസ്റ്റലിൽ മുറി മുമ്പേ ഒഴിഞ്ഞിരുന്നു എങ്കിലും അതു തന്നെയായിരുന്നു എന്റെ മേൽവിലാസം. ആ മേൽവിലാസത്തിലേക്കു വ൪ഷങ്ങൾക്കു ശേഷം തിരിച്ചുപോകുമ്പോഴായിരുന്നു ഞാൻ ഒരു കാമുകനായി മാറുന്നത്. അത് എന്നിൽ, ഒരു ആധി ഉണ്ടാക്കിയിരുന്നു, എന്നിട്ടും. പിന്നീടെപ്പോഴെങ്കിലും ഞാനൊരു കവിയായിമാറുമെന്നതിന്റെ ദുസ്സൂചന തന്നെയായിരുന്നു അത്.

എന്നെ കവിയാക്കി മാറ്റുന്ന ഏതൊരു സാഹചര്യത്തെയും ഞാൻ കുടഞ്ഞെറിഞ്ഞുകളയുന്നുണ്ടായിരുന്നു. ദേഹത്തു പറ്റിപ്പിടിക്കുന്ന ചെള്ളുകളെ ഒരു പട്ടി കുടഞ്ഞെറിഞ്ഞുകളയുന്നതുപോലെ. പ്രാണന്റെ പിടച്ചിലുകളെ മറച്ചുവയ്ക്കുന്ന ഉറയെ ഒരു കത്തി കുടഞ്ഞെറിഞ്ഞുകളയുന്നതുപോലെ. എന്നാൽ, കാമുകനായ സ്ഥിതിക്ക് പിന്നീടെപ്പോഴോ ഒരു കവി കൂടി ആകാനുണ്ടെന്നൊരു വിപത്ബോധം എന്നെ പിടികൂടുമ്പോഴൊക്കെ ഞാനതിനെ കുടഞ്ഞുകളഞ്ഞുകൊണ്ടിരുന്നു. അതിനെ എത്രയും വൈകിപ്പിക്കാമോ, അതിനായി ഞാൻ തുടരെത്തുടരെ പല കാമുകഉടലുകൾ എടുത്തണിഞ്ഞുകൊണ്ടുമിരുന്നു.

(ലേഖകൻ മാധ്യമപ്രവർത്തകനും കവിയും നോവലിസ്റ്റുമാണ്. ആദ്യനോവൽ, ഭൂമിയോളംചെറുതായ കാര്യങ്ങൾ 1987ൽ. ആറു കവിതാസമാഹാരങ്ങൾ. ഏഴു കഥാ സമാഹാരങ്ങൾ. ഒമ്പതു നോവലുകൾ.
രസതന്ത്രത്തിലും പത്രപ്രവർത്തനത്തിലും മാസ്റ്റർബിരുദം. ഇപ്പോൾ കോഴിക്കോട്ട് താമസം.)

littnow.com

ലേഖനം

ഉറുമ്പ്

Published

on

വാങ്മയം: 17

സുരേഷ് നൂറനാട്

ലിറ്റ് നൗ പ്രസിദ്ധീകരിച്ചതിൽ നിന്നും രണ്ടാമത്തെ പുസ്തകവും പുറത്തിറങ്ങി.
വാങ്മയം
സുരേഷ് നൂറനാട്
ഫേബിയൻ ബുക്സ്
വില 150 രൂപ.

ഒരുറുമ്പിനെ ഞാൻ ഞെരിക്കുകിൽ കൃപയാർന്നമ്മ തടഞ്ഞുചൊല്ലിടും മകനേ നരകത്തിലെണ്ണയിൽ പൊരിയും നീ’
സനാതനമായ ഒരു സത്യത്തെ ചുള്ളിക്കാട് അവതരിപ്പിക്കുന്നത് നോക്കൂ. എത്ര ഹൃദ്യം!
ചെറുപ്രാണികളുടെ ജീവിതത്തെ നോക്കി രചനകളിൽ നവചൈതന്യം ജനിപ്പിക്കുന്നു കവി. ഉറുമ്പിൻ്റെ പ്രാണൻ തനിക്ക് സമമായ ഒന്നാണെന്ന അറിവിലൂടെ എഴുത്തുകാരൻ പ്രപഞ്ചബോധത്തെ ഉണർത്തുകയാണ്.

ഉറുമ്പിന് കലയിൽ പലപ്പോഴും ജീവിവർഗ്ഗങ്ങളിലൊന്നായിനിന്ന് സംസാരിക്കേണ്ടിവരുന്നു. വലിയ ജനക്കൂട്ടത്തിൻ്റെ ചോദനകൾ ഉറുമ്പിൻ്റെ ജീവിതസ്പന്ദനവുമായി ബന്ധിപ്പിക്കുന്ന ന്യൂനോക്തി രസകരമാണ്. ആത്മാവിൻ്റെ സ്പർശം എല്ലാ ജന്തുക്കളിലും ഒരേ പോലെയോടുന്നുണ്ടെങ്കിലും ചിലതിന് കേന്ദ്രബിംബമാകാൻ ഭാഗ്യമില്ലാതാകാറുണ്ട്. എന്നാൽ ഉറുമ്പിന്
ആ ദൗർഭാഗ്യമില്ല.

   കുട്ടിക്കവിതകളിൽ പോലും കൗതുകമായല്ല ഈ ഭാഗ്യവാൻ വന്നു പോകുന്നത്. ആനയും ഉറുമ്പുമെന്ന കഥയിൽ വലിപ്പം ഉറുമ്പിനല്ലേ കൈവരുന്നത് .പഞ്ചതന്ത്രം കഥയിലൂടെ ഇലയിലിരുന്ന് ഒഴുകന്ന ഉറുമ്പ് എല്ലാ തലമുറയ്ക്കും കാഴ്ചയാകുന്നുണ്ട്

കൂട്ടമായി ജാഥ നയിക്കുന്ന ഉറുമ്പിൻപട ജനായത്തത്തിൻ്റെ മരിക്കാത്ത പ്രമേയമല്ലേ.

   വേനലിൻ്റെ തോളിലിരുന്ന് കാലത്തെ കരളുന്ന ഉറുമ്പ്, കവിതയിലൂടെ അക്ഷരങ്ങളായി ഇഴഞ്ഞു പോകുന്ന ഉറുമ്പ് - ഇങ്ങനെ എത്രയെത്ര സുന്ദരമായ കല്പനകൾ.

ഇലകളിൽ തട്ടുതട്ടായി കൂടൊരുക്കുന്ന നീറും അരിമണി ചുമന്ന് കൊണ്ട് വരുന്ന കുഞ്ഞനുറുമ്പും മധുരത്തെ നുകർന്ന് മത്തടിച്ച് മരിക്കുന്ന ചോനലും ക്ഷണിക പ്രാണൻ്റെ വിധിയെ ഓർമ്മിപ്പിക്കുന്നു.

‘കട്ടുറുമ്പേ നീയെത്ര കിനാവു കണ്ടൂ’ എന്നെഴുതി കവിത്വം തെളിയിക്കുന്നവർ കട്ടുറുമ്പിൻ്റെ കടികൊണ്ടവരായിരിക്കില്ല എന്നുറപ്പ്.

ചിത്രം: കാഞ്ചന.

littnow.com

littnowmagazine@gmail.com

Continue Reading

സാഹിത്യം

നഞ്ചിയമ്മയുടെ പാട്ട്‌ / ഇരുളഭാഷ

Published

on

കവിതയുടെ തെരുവ് 15

കുരീപ്പുഴ ശ്രീകുമാര്‍

ഈ തെരുവ് കുറിക്കുമ്പോള്‍ ഗായിക നഞ്ചിയമ്മ ഇംഗ്ലണ്ടിലാണ്. ലിപിരഹിതമായ ഗോത്രഭാഷയിലുണ്ടായ അതിമനോഹരമായ പാട്ടാണ് അവരെ ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടുകാരിയും ലോകത്തിന്നുതന്നെ പ്രിയപ്പെട്ടവളുമാക്കിയത്. തെരുവിന്റെ തെക്ക് പടിഞ്ഞാറേ മൂലയിലാണ് ഈ ഗോത്രഗായികയുടെ ഈണം മുഴങ്ങുന്നത്. കോശിയും അയ്യപ്പനും എന്ന ചിത്രത്തിലൂടെ പ്രസിദ്ധപ്പെട്ട അതീവലളിതമായ
ഈ ഗോത്രകവിത ലത ടീച്ചറാണ് മലയാളപ്പെടുത്തിയത്.

നഞ്ചിയമ്മയുടെ പാട്ട്‌ / ഇരുളഭാഷ

കിഴക്കുള്ള ചന്ദനമരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക്‌ പോകാം
വിമാനത്തെയും കാണാം
തെക്കുള്ള ചന്ദനമരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക്‌ പോകാം
വിമാനത്തെയും കാണാം
വടക്കുള്ള ഉങ്ങ്‌ മരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക്‌ പോകാം
വിമാനത്തെയും കാണാം
പടിഞ്ഞാറുള്ള ഞാറമരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക്‌ പോകാം
വിമാനത്തെയും കാണാം.

മൊഴിമാറ്റം ലത ബി. ചിറ്റൂർ

littnow.com

രചനകൾ അയക്കുമ്പോൾ ഒപ്പം വാട്സ്പ് നമ്പരും ഫോട്ടോയും അയക്കുക .

littnowmagazine@gmail.com

Continue Reading

കവിത

പ്രതിരാമായണം

Published

on

രാജന്‍ സി എച്ച്

1
ഊർമ്മിള

പ്രവാസികളുടെ ഭാര്യമാർക്കു
ചരിത്രത്തിലിടമുണ്ടാവുമെങ്കിൽ
ആദ്യത്തെയാൾ ഊർമ്മിളയാകുമോ?
ഭർത്തക്കന്മാരെ കൺചിമ്മാതെ
കാത്തിരുന്ന ഭാര്യമാരിൽ
ആദ്യഭാര്യ?
ഉത്തരവാദിത്തങ്ങളുടെ
ഭാരമേറിയ ഉത്തരങ്ങളെ
തളരാതെ താങ്ങി നിർത്തേണ്ടവൾ?
ലോകം വീടോളം ചുരുങ്ങിപ്പോയവൾ?
കാലം ഉത്തരവാദിത്തങ്ങളുടെ ചുമലായവൾ?
കരയാനുള്ള കണ്ണീരിൽപ്പോലും
അളവ് സൂക്ഷിക്കേണ്ടവൾ?
ഓർമ്മകളുടെ ആകാശങ്ങൾക്കു
ചിറക് തുന്നിയവൾ?
എപ്പോഴും തന്നിലേ നോക്കി
നടക്കേണ്ടവൾ?
പ്രവാസികളുടെ ഭാര്യമാരോളം
ഭാര്യമാരായ ഒരു ഭാര്യയുമില്ല.
അവരുടെ പേരാകുന്നു
ഊർമ്മിള.

2
രാവണായനം

പത്തു തലയാവുന്നതാണ്
പ്രയാസം.
ഓരോ തലയിലും
കണ്ണും കാതും മൂക്കും പോലെ
തലച്ചോറും കാണുമല്ലോ.
പത്തു ബുദ്ധി,പത്തു മനസ്സ്
പത്തു വിഡ്ഢിത്തം,പത്തു ചിന്ത
ഒരേ സമയം.
ആലോചിക്കാനേ വയ്യ
ഒന്നിനൊന്ന് വ്യത്യസ്തമായ
ചിന്തകളാവുമ്പോൾ.
ഒരാൾക്കൂട്ടത്തിന്‍റെ ചിന്തകൾ
ഒറ്റയുടലിൽ.
സമാധാനമുണ്ട്,
ഹൃദയമൊന്നേയുള്ളൂവെന്നതിൽ.
ഹൃദയവും പത്തെങ്കിൽ
എന്‍റെ രാവണാ,
നിന്‍റെ പുഷ്പകത്തിൽ
പറത്തിയെടുക്കാനാവുമായിരുന്നു
എത്ര സീതമാരെ?

3
രാമായണവായന

അധികാരിയുടെ വീട്ടിൽനിന്ന്
അപ്പോൾ രാമായണവായന,
മുത്തശ്ശൻ പറയുമായിരുന്നു.
നമ്മുടെ വീട്ടിലോ,യെന്ന്
അച്ഛൻ ചോദിച്ചിരുന്നുവത്രെ.
നമ്മുടെ കൂരയിൽ
എല്ലാവരുടേയും വയറ്റിൽ
രാമായണവായന,
മുത്തശ്ശൻ പറയുമായിരുന്നത്രെ.
അതു കേൾക്കാതിരിക്കാനാണത്രെ
കള്ളക്കർക്കടകത്തിൽ
തമ്പുരാക്കന്മാരുടെ
രാമായണവായന.
രാമാ!

4
മായാസീത

മായാ സീതയേയുള്ളൂ
മായാ രാമനില്ല.
പുരുഷനേ കാണൂ
മായാകന്യകളെ.
സ്ത്രീക്കെന്നാൽ
യാഥാർഥ്യമാണ്
പുരുഷൻ.
സ്വപ്നങ്ങളിലേ
അവർ വർണം ചാലിക്കൂ.
യാഥാർഥ്യങ്ങളിൽ
അവരറിയും
പുരുഷന്റെ പൊള്ളത്തരം.
അപ്പോഴേക്കും
കാലം കഴിഞ്ഞിരിക്കുമെങ്കിലും.

5
വരച്ചവര

ലക്ഷ്മണരേഖ
ഒരു രേഖയേയല്ല.
കുടുംബം വരയ്ക്കും
രേഖയില്ലാ രേഖയാണത്.
ഒരു ബാഹ്യശക്തിക്കും
കടന്നുകയറാനാവാത്ത
സംരക്ഷണ നോട്ടമാണത്.
അതിന്റെ ഭദ്രതയിലാവും
കുടുംബസൗഖ്യം.
അതിനെ മറികടക്കുവോർ
കുടുംബവലയത്തിനു പുറത്താവും.
ശത്രുപക്ഷത്താവും
അനാഥമാവും.

littnow.com

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്.

രചനകൾ അയക്കുമ്പോൾ ഒപ്പം വാട്സ്പ് നമ്പരും ഫോട്ടോയും അയക്കുക .

littnowmagazine@gmail.com

Continue Reading

Trending