കഥ
വാഹസം
രാജ്‌കുമാർ ചക്കിങ്ങൾ
ഒരുപാട് രാവുകൾ ഇരുണ്ടു വെളുത്തപ്പോൾ, അവളും ഒരു പൗർണമി ചന്ദ്രിക. അഴകുകൾ ഏഴും വിടർന്നപ്പോൾ , ഏഴല്ല എഴുനൂറഴകെന്ന് വാഴ്ത്തിയോർ! വാനിലെ നക്ഷത്രക്കൂട്ടങ്ങൾക്കെ ല്ലാം അഴക് വാരിവിതറി, കുളിർ കോരിച്ചൊരിയുന്ന നിറനിലാവായി പുഞ്ചിരിതൂകി , കവികളെല്ലാം വാഴ്ത്തിപാടിയ , കാമുകന്മാരുടെ ഇഷ്ട്ടകാമിനിയാ യിനിൽക്കുമ്പോഴും, ജീവനും മരണത്തിനുമിടയിലെ ” വേലിയേറ്റങ്ങൾക്കും , വേലിയിറക്കങ്ങൾക്കും” ഹേതുവായിമാറി. അകന്നുനിൽക്കുമ്പോൾ കാണുന്ന ശീതളഛായയിൽ ആകൃഷ്ടരായി , നിന്നെ അടുത്ത് കാണാൻ മോഹിക്കുമ്പോൾ , അമ്പരിപ്പിക്കുന്ന, ദുര്‍ഗ്രാഹ്യമായ പ്രത്യക്ഷ ഭാവവും , അടിതെറ്റിവീണാൽ പതിക്കുക അഗാധ ഗർത്തങ്ങൾ…
നിന്നെ അകന്നുനിന്ന് ആസ്വദിക്കുന്നതാണ്, വരികൾക്ക് ഭംഗി.
തെളിഞ്ഞുകത്തുന്ന നിലവിളക്കിനുമുന്നിൽ, കൂപ്പുകൈകളുമായി , ഇഷ്ടദേവനെ മനസ്സിൽ ആവഹിച്ചു , മിഴികളടച്ചു ധ്യാനനിരതയായി , സന്ധ്യകൾക്ക് ആത്മസമർപ്പണം ചെയ്യുമ്പോൾ , അന്നും അവൾ പ്രാർത്ഥിച്ചു. ” ഇവിടെ നീയും ഞാനുമില്ല, നീതന്നെ ഞാനാകുന്നു. തിമിരം ബാധിച്ച ഒരു സൗഹൃദ സന്ധ്യയിൽ.. തുടക്കം തന്നെ ഒടുക്കമായിത്തീർന്ന കാവ്യജീവിതം….. എൻറ്റെ “സർക്കാർ മൊൻറ്റെ” വിധി നാളെയാണ്… അവനെ എനിക്ക് വേണം….
കഥയുടെ പിന്നാമ്പുറം ………..
സന്ധ്യ മേനോൻ…. അച്ഛനും അമ്മയും ഒരു അപകടത്തിൽപെട്ട് മരണമടയുമ്പോൾ, ഏഴുവയസ്സുപ്രായം. മുത്തച്ഛനും അമ്മുമ്മയുമായിരുന്നു പിന്നീട് അങ്ങോട്ട് അവളെ വളർത്തിവലുതാക്കിയത് . കുഞ്ഞുപ്രായത്തിൽത്തന്നെ അക്ഷരങ്ങളുടെ കളിത്തോഴിയായിരുന്നു സന്ധ്യ. പുരാണങ്ങളും , ഇതിഹാസങ്ങളും , മറ്റു സാഹിത്യകൃതികളും , കുഞ്ഞുനാളുതൊട്ടേ അവളോട് കൂട്ടുകൂടിയപ്പോൾ, അമ്മയും അച്ഛനും ഇല്ലാത്ത ബാല്യം , കഥകളും കവിതകളും നിറഞ്ഞതായി . പ്രകൃതിയോടും കൂട്ടുകൂടിയ അവൾ , സന്ധ്യകളെ വല്ലാതെ പ്രണയിച്ചു. ഇതുപോലൊരു സന്ധ്യയിലായിരുന്നു , വെള്ളത്തുണിയിൽ പൊതിഞ്ഞ അവളുടെ പ്രാണങ്ങളെ ഉമ്മറക്കോലായിൽ നിലവിളക്കിൻ തിരിക്കരികെ …. അവൾക്ക് ഒന്നും അറിഞ്ഞിരുന്നില്ല ..മറ്റുള്ളവരുടെ കണ്ണിലൂറുന്ന കണ്ണുനീരിൻറ്റെ പൊരുൾ അന്നുതൊട്ടേ അവൾ അന്വേഷിച്ചിരുന്നു ….. അവളുടെ കണ്ണിലെന്തോ കണ്ണുനീർ വന്നിരുന്നില്ല ! വേവലാതി തോന്നിയിരുന്നത് , മറ്റുള്ളവർ കരയുന്നതു കാണുമ്പോഴായിരുന്നു.
സന്ധ്യകൾ ഇരുളിന് വഴിമാറുമ്പോൾ അകത്തളങ്ങളിൽ ഏകാന്തത തളംകെട്ടും … ചീവീടുകളുടെ മൂളിപ്പാട്ട് , പരിഭവം പെയ്തൊഴിയുന്ന രാമഴയുടെ നിസ്വനവും , പെയ്തുതീരുമ്പോൾ ഇലകൾ പൊഴിക്കുന്ന തുള്ളികൾ , താളങ്ങൾ തീർക്കും ….. രാവിൻറ്റെ തേങ്ങൽപോലെ .. ഈ മരവിപ്പിൻറ്റെ യാമങ്ങളിൽ മനസ്സിൻറ്റെ മച്ചിൽപ്പുറങ്ങളിൽ കരുതിവച്ച ഈറൻവെടിഞ്ഞ ശാഖികൾ എടുത്തുകത്തിച്ചവൾ ജീവനുചൂടുപകർന്നുക്കൊണ്ടിരിക്കും.
ഏകാശ്രയമായിരുന്നു വയോദമ്പതികളും അവളെ വിട്ടുപിരിഞ്ഞു …….വിദ്യാഭ്യാസം നല്ലരീതിയിൽ കഴിഞ്ഞതിനു ശേഷം , അധ്യാപനമായിരുന്നു അവളുടെ ജീവിത ലക്‌ഷ്യം ..മലയാളം ഭാഷ അധ്യാപികയായി ഗ്രാമത്തിലെ സ്കൂളിൽ നിയമനം കിട്ടിയനാൾ തൊട്ട് , കുഞ്ഞുങ്ങളുമായുള്ള നാളുകൾ അവൾ നന്നായി ആസ്വദിച്ചു . കുട്ടികളിലെ സർഗ്ഗവാസനകൾ കണ്ടെത്താനും , അതിനെ പരിപോഷിപ്പിക്കാനും , പാഠ്യേതര വിഷയങ്ങൾ പകർന്നുകൊടുക്കാനും എന്നും മുന്നിൽ നിൽക്കും.
സ്കൂളിലെ മറ്റൊരു ഭാഷാധ്യാപകനാണ് വിനയചന്ദ്രൻ. സന്ധ്യ ടീച്ചറെ കണ്ടനാൾതൊട്ട് മനസ്സിൽ ഇഷ്ട്ടം കൊണ്ടുനടന്നു. അവർ ഒരുമിച്ചുള്ള സമയങ്ങൾ സാഹിത്യ ചർച്ചകളും, അധ്യാപനവൃത്തിയും , മറ്റു സാമൂഹിക വിഷയങ്ങളും എല്ലാം ധന്യമാക്കുന്ന നിമിഷങ്ങൾ… വിനയൻ മാഷിൻറ്റെ ഏകാന്ത നിമിഷങ്ങളെല്ലാം നിറയുന്നത് സന്ധ്യാടീച്ചർ…. ഒന്നും വായിച്ചെടുക്കാൻ ആവാത്തവിധമാണ് ആ മുഖം. കൂടുതൽ അടുത്തറിയണമെന്നുണ്ട്. എങ്ങിനെ തുടങ്ങണം , ഉള്ള സൗഹൃദവും നഷ്ടമാകുമോ? എന്നും ആ ഉദ്യമത്തിൽ നിന്ന് അയാൾ പിൻവാങ്ങിയിരുന്നത് ഈ ഭയമാണ്. പറയാതെ എങ്ങിനെ അറിയാനാണ്? ടീച്ചർ എഴുതാറുണ്ട് എന്നറിയാം. ഒന്നും വായിക്കാൻ തരാറില്ല.. ആ വരികളിൽ ഒന്ന് മിഴിനട്ടാലെങ്കിലും എന്തെങ്കിലും…
അവരുടെ പരിചയം രണ്ടുവർഷം പിന്നിടുമ്പോഴും , ഒരടി മുന്നോട്ടോ , പിറകോട്ടോ അനങ്ങാതെ , അനങ്ങാനാവാതെ ഒരേ നിൽപ്പിലാണ് വിനയൻ മാഷ്.
സ്കൂളിൽനിന്നും അടുത്ത ദിവസം പോകുന്ന വിനോദയാത്ര, ടീച്ചറും വരുന്നുണ്ട്.. അവസരം കിട്ടിയാൽ തുറന്നു പറയണം. അയാൾ തീരുമാനിച്ചു.
ഇന്ന് വൈകിട്ടാണ് യാത്രപുറപ്പെടുന്നത്.. കുട്ടികൾ എല്ലാവരും നല്ല ഉത്സാഹത്തിൽ കൂട്ടം കൂട്ടമായിനിന്നു തങ്ങളുടെ സ്കൂൾ വിദ്യാഭ്യാസത്തിന്റ്റെ അവസാന വർഷം , നല്ലൊരു ഓർമ്മയാക്കാനുളള ഒരുക്കത്തിലാണ്. മൈസൂർ , ബാംഗ്ളൂർ എന്നിവടങ്ങളിലേക്കാണ് യാത്ര… മൂന്ന് ദിവസം കഴിഞ്ഞേ മടങ്ങിവരൂ… യാത്രക്കുള്ള ടൂറിസ്റ്റ് ബസ് വന്നു സ്കൂൾ മൈതാനത്തു പാർക്ക് ചെയ്തു. കുട്ടികൾ തികഞ്ഞ അച്ചടക്കത്തോടെ ഓരോരുത്തരായി അവനവൻറ്റെ ഇരിപ്പിടങ്ങൾ സ്വന്തമാക്കി …. ആൺകുട്ടികൾ ബസ്സിൻറ്റെ പിറകിലെ ഇരിപ്പിടങ്ങൾ സ്വന്തമാക്കുമ്പോൾ, പെൺകുട്ടികൾ ടീച്ചർമാർ ശ്രദ്ധവരുന്ന സ്ഥലങ്ങൾ തിരഞ്ഞെടുത്തു . കൃത്യസമയത്തുതന്നെ അവർ യാത്ര പുറപ്പെട്ടു …..
മൈസൂർ ബൃന്ദാവൻ ഗാർഡൻ… മനോഹരമായ ഒരു സന്ധ്യ…. സംഗീത സാന്ദ്രമായ ജലധാരകൾ….സന്ധ്യടീച്ചർ ഒരു സ്വപ്നത്തിൽ എന്നപോലെ ആകാശത്തിൽ നക്ഷത്രകുമാരനെ നോട്ടമിട്ട് ഇരിക്കുകയായിരുന്നു … തെല്ലകലെ നിന്ന് വിനയചന്ദ്രൻ പതിയെ ടീച്ചറുടെ അരികിൽ വന്നുനിന്നു ….
ടീച്ചറെ ….. അയാൾ പതിയെ വിളിച്ചു …
അ… മാഷേ …. അവൾ എഴുനേൽക്കാൻ തുടങ്ങി …
ഞാൻ ടീച്ചറെ ബുധിമുട്ടിച്ചോ? എന്തോ ആലോചനയിൽ ആയിരുന്നു …..
ഹായ് അങ്ങിനെ ഒന്നുമില്ല …… മാഷിന് എന്തോ പറയാനുണ്ട് എന്ന് തോന്നുന്നു …..
പറയാനുള്ളത് എന്താണ് എന്ന് ടീച്ചർക്ക് അറിയാമായിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോവുകയാണ് …
മാഷ് പറയു ….. എനിക്ക് എങ്ങിനെ അറിയാനാണ് …… മുഖവര വേണ്ട ….
അയാളിൽ അവശേഷിച്ച ധൈര്യവും ചോർന്നുപോയപോലെ ….. ടീച്ചറുമായുള്ള സൗഹൃദം …. അതാണ് അയാൾ ഇഷ്ടപ്പെടുന്നത് …. ഒരു നിമിഷം കൊണ്ട് അത് ഇല്ലാതെയായാൽ . പറയാത്തതുകൊണ്ട് ഇഷ്ട്ടം അറിയാതെ പോയാൽ ?
അയാൾ പെട്ടന്ന് മൗനിയായി …….
മാഷേ … എന്തോ പറയാനുണ്ട് എന്ന് പറഞ്ഞല്ലോ ? മാഷ് വിഷമിക്കണ്ട . എനിക്കറിയാം മാഷിന് എന്താണ് പറയാനുള്ളത് എന്ന് …. വർഷങ്ങളായുള്ള ഏകാന്ത ജീവിതമാണ് എനിക്ക്. ഒരു ചികിത്സക്ക് പോലും ബാക്കിയില്ലാത്തതാണ് ഈ ജീവിതം , എന്റ്റെ സ്വഭാവം .. ആശ്വസിപ്പിക്കാനാരുമില്ലാത്തതിനാൽ വിഷമം എന്താണ് എന്ന് അറിയില്ല. നാളേക്കുറിച്ചു ഞാൻ ഒന്നും കാണാറില്ല മാഷേ …. ഒരു സ്ത്രീക്ക് ജീവിക്കാൻ കൂടെ ഒരു പുരുഷൻ വേണം എന്ന് ഞാൻ കരുതുന്നില്ല! ഈ ജീവിതത്തിൽ ഇനി അങ്ങിനെ ഒന്ന് തോന്നിക്കൂടായ്കയില്ല ! ഇതാണ് എനിക്ക് പറയാനുള്ളത് …..
മാഷേ …..
ഉം … അയാൾ അവളുടെ മുഖത്തേക്ക് നോക്കി …… ” നമുക്ക് നമ്മുടെ സൗഹൃദം തുടരാം” എന്നും നല്ല സുഹൃത്തുക്കൾ ….
മാഷ് എന്നും കയ്യിൽ കരുത്താറുള്ള “നാരങ്ങാ മിടായി” ഉണ്ടോ ? സ്നേഹത്തോടെ തരുന്ന ആ മിടായിയിൽ ഞാൻ ഒരുപാട് മധുരം നുകരാറുണ്ട് ..
അയാൾ , പുറത്തു തൂക്കിയിരുന്ന ബാഗിൽനിന്നും ഒരു പൊതിയെടുത്തു .. നിറച്ചും നാരങ്ങാമിടായികൾ
“ഇത് മുഴുവനും എടുത്തുകൊള്ളൂ” അയാൾ അത് അവൾക്കുനേരെ നീട്ടി …
വേണ്ട മാഷേ …. ഒരെണ്ണം മതി …. ആ ഓറഞ്ചുനിറമുള്ളത് …….
അതിൽനിന്നും ഒരു മിടായി എടുത്ത് നുണഞ്ഞുകൊണ് അവൾ ആ വെള്ളി വെളിച്ചത്തിലേക്ക് നടന്നു ….. ജലധാരയിൽനിന്നും പാറിവരുന്ന കണികകൾ അവളെ പൊതിഞ്ഞു …..
മ്യൂസിക്കൽ ഫൗണ്ടൻ കഴിഞ്ഞപ്പോൾ അവർ മടങ്ങാൻ തുടങ്ങി …വെളിയിൽ നിർത്തിയിട്ടിരുന്ന ബസ്സിലേക്ക് ഓരോരുത്തരായി വന്നുകേറുന്നു ….
ടീച്ചർ …..വനജയെയും, ഫഹദിനെയും കാണുന്നില്ല …. ഒരു ഇടിവെട്ട് പോലെയാണ് എല്ലാവരും അത് കേട്ടത്!
വന്നകുട്ടികളെ ബസ്സിൽ ഇരുത്തി കുറച്ചുഅധ്യാപകർ അവരെ തിരക്കി ഇറങ്ങി …. അവർ ഗാർഡൻ മുഴുവൻ തിരഞ്ഞു … ഉടൻതന്നെ പോലീസിൽ അറിയിക്കാം .. ഒരു മാഷ് അഭിപ്രായപ്പെട്ടു …
അവർ തമ്മിൽ ഇഷ്ട്ടത്തിലാണ് ടീച്ചർ …. ഒരു ആൺകുട്ടി എഴുനേറ്റ് നിന്ന് പറഞ്ഞു ..
എല്ലാര്ക്കും അറിയുന്ന കാര്യമാണെങ്കിലും , അവർ ഒളിച്ചോടും എന്ന് ആർക്കും അറിയില്ലായിരുന്നു ..
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് , ഒരു നാൾ വൈകിയാണ് അവരുടെ മടക്കയാത്ര …കുട്ടികളുടെ വീടുകളിൽ കാര്യങ്ങൾ ധരിപ്പിച്ചു ..
പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല , ഫഹദിന് പതിനെട്ട് വയസ്സാണ് ….
വിനോദയാത്രകഴിഞ്ഞുവെന്ന് ഒരു മാസം കഴിയുകയാണ് … കുട്ടികളുടെ തിരോധാനത്തെക്കുറിച്ചു അന്വേഷണം എവിടെയും എത്തിയിട്ടില്ല അന്നുവരെ …പന്ത്രണ്ടാം ക്ലാസ്കാരുടെ കൊല്ലവര്ഷ പരീക്ഷയുടെ തിയതി വന്നു .. കുട്ടികൾ ഹാൾടിക്കറ്റ് വാങ്ങുന്ന തിരക്കിലാണ്… അന്ന് സന്ധ്യടീച്ചറുടെ വീട്ടിൽ ..
വായനാമുറിയിലിരുന്ന് സന്ധ്യ വായനയിലായിരുന്നു …. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു … നിർത്താതെയുള്ള കാളിങ് ബെൽ ശബ്ദം കേട്ട് അവർ ഉമ്മറവാതിൽ തുറന്നു ….
ടീച്ചർ ഞങ്ങളെ രക്ഷിക്കണം….
സന്ധ്യ നടുങ്ങി നിൽക്കുകയാണ് , മുന്നിൽ ഫഹദും വനജയും …..
നിങ്ങൾ എവിടായിരുന്നു കുട്ടികളെ , നിങ്ങൾ എന്ത് അവിവേകമാണ് ഈ കാട്ടിയത്.? അവരുടെ കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി ….
ഞങ്ങൾ എല്ലാം പറയാം ടീച്ചർ…..
ശരി നിങ്ങൾ അകത്തോട്ട് വരൂ … അവർ കുട്ടികളെ അകത്തുകയറ്റി വാതിൽ അടച്ചു ….
എന്ത് തന്നെ നിങ്ങൾ പറഞ്ഞാലും നിങ്ങൾ ചെയ്തത് ശരിയായില്ല … ഒന്നും തിരിച്ചറിയുന്ന പ്രായമല്ല നിങ്ങളുടേത്. ഒരു ആവേശത്തിൽ തീർക്കാൻ ഇത് സിനിമയല്ല , ജീവിതമാണ്…. ഇത് എന്തെങ്കിലും ആലോചിച്ചോ നിങ്ങൾ?
ശരി നിങ്ങൾ വിശ്രമിക്കു… ഞാൻ വഴിയുണ്ടാക്കാം…. അവർ ഫോണെടുത് വിനയചന്ദ്രൻ മാഷിനെ വിളിച്ചു , കാര്യങ്ങൾ ധരിപ്പിച്ചു … മാഷുടെകൂടെ അഭിപ്രായം കേട്ടതിന് ശേഷം , സ്കൂൾ പ്രധാനഅധ്യാപകനെ വിളിച്ചു വിവരം ധരിപ്പിച്ചു …..
കുട്ടികളെ ഇപ്പോൾ ഇത് മാൻമിസ്സിംഗ് കേസ് ആണ് … നിയമപരമായി മാത്രമേ ഇനി ഈ വിഷയം തീർക്കാൻ പറ്റു. നിങ്ങൾ അവിവേകം ഒന്നും കാട്ടരുത്. ഞാൻ നിങ്ങളെ സഹായിക്കാം ..
ഇല്ല ടീച്ചർ , ഞങ്ങൾ ഇനി അവിവേകം ഒന്നും കാട്ടില്ല .. ടീച്ചറെ വിശ്വാസമാണ്… ഞങ്ങൾക്ക് പരീക്ഷയെഴുതണം ടീച്ചർ. അറിയാതെ ചെയ്ത തെറ്റ് പൊറുക്കണം ..
അല്പസമയത്തിനുള്ളിൽ പ്രധാനഅധ്യാപകനും , വിനയൻ മാഷും അവിടെ എത്തി ….
ഞാൻ പോലീസിൽ അറിയിച്ചിട്ടുണ്ട് …
അവരുടെ സംസാരത്തിനിടയ്ക്ക് അവിടെ പോലീസ് വാഹനം വന്നു … കാര്യങ്ങൾ എല്ലാം തിരക്കി അവർ കുട്ടികളെ കസ്റ്റഡിയിൽ എടുത്തു …
പോലീസ് സ്റ്റേഷനിൽ കുട്ടികളുടെ ബന്ധുക്കൾ എത്തിയിരുന്നു .. വികാരപരമായ ഒരുപാട് രംഗങ്ങൾ…
“നാളെ കോടതിയിൽ ഹാജരാക്കി , കോടതി പറയുന്നതുപോലെ ചെയ്യാം ….നിങ്ങൾ എല്ലാരും ഇപ്പോൾ
പോയിക്കൊള്ളുക .. നാളെ കോടതിയിൽ വന്നാൽ മതി ….
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കളുടെ കൂടെ പോകാനും വേറെ കുസുകൾ ഉണ്ടെങ്കിൽ അത് വേറെ വേറെ കൊടുക്കാനും ഉത്തരവായിക്കൊണ്ട് കോടതി പിരിഞ്ഞു …
വാർത്തകൾ പൊടിപൂരമാക്കി അനവധിനാളുകൾ…..പരീക്ഷയുടെ ചൂടെല്ലാം അടങ്ങിയ ഒരു നാൾ. അതാ വരുന്നു അടുത്ത വാർത്ത .. പെൺകുട്ടി ഗർഭിണിയാണ്.. ഫഹദിനെതിരെ ബാലപീഡനത്തിനായി കേസുമായി വനജയുടെ വീട്ടുകാർ .
ഫഹദ് പീഡിപ്പിച്ചതല്ല , ഉഭയകക്ഷി സമ്മതത്തോടെയാണ് എന്ന് വനജ കോടതിയിൽ….
ഇങ്ങിനെ ഒരു മകൾ നമ്മൾക്കിനിയില്ല , അവളായി അവളുടെ പാടായി …. വനജയെ വീട്ടുകാർ കൈ ഒഴിഞ്ഞു .. ഫഹദിൻറ്റെ മാതാപിതാക്കന്മാർ വലിയ ബിസിനസ്സുകാരാണ്. ധാരാളം സ്വാധീനം ചെലുത്തിയും ധനം വിനിയോഗിച്ചും മകനെ അവർ കേസിൽനിന്നും രക്ഷപ്പെടുത്തി …..
എനിക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് വനജയോടൊപ്പമാണ് . ഫഹദ് ടീച്ചറോട് പറഞ്ഞു … അവളെ ഞാൻ നോക്കും…
എല്ലാരും ഉപേക്ഷിച്ച വനജയെ കോടതി സർക്കാർ അനാഥമന്ദിരത്തിൽ സംരക്ഷിക്കാൻ കല്പിച്ചു .. സംഭവ ബഹുലമായ ഒരുപാട് ദിവസങ്ങൾക്കൊടുവിൽ വനജയുടെ സംരക്ഷണം സന്ധ്യടീച്ചർ ഏറ്റെടുത്തു ..വനജ ഇപ്പോൾ പൂർണ്ണ ഗർഭിണിയാണ് .. നഗരത്തിലെ നല്ലൊരു നഴ്സിംഗ് ഹോമിലാണ് അവളെ അഡ്മിറ്റ് ചെയ്തത് ..
എല്ലാം നോർമൽ ആണ് …. ഇത് ഇപ്പോൾ ഡെലിവറി സിംറ്റംസ് തന്നെയാണ്. പൈനും തുടങ്ങിട്ടുണ്ട് …. ഡോക്ടർ സന്ധ്യയോട് പറഞ്ഞു .. എവെരിതിങ് ഈസ് പെർഫെക്റ്റ് …..
അഡ്മിറ്റ് ആയതിന്റെ രണ്ടാം നാൾ വനജ പ്രസവിച്ചു… ആൺകുട്ടി … സുഖപ്രസവം …
സന്ധ്യ കുഞ്ഞിനെ എടുത്ത് ലാളിച്ചു … എല്ലാം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു… പ്രസവശേഷം സംഭവിക്കുന്ന അമിത രക്തസ്രാവം, ഡോക്ടർമാരുടെ നിയത്രണങ്ങൾക്കും അപ്പുറമായിരുന്നു വിധി …..
നിയമപരമായി കുഞ്ഞിനുള്ള സംരക്ഷണം നൽകാനുള്ള കേസ് ഫഹദിൻറ്റെ വീട്ടുകാർ ശക്തമായി നടത്തി … കോടതി വിധി വരുന്നതുവരെ കുഞ്ഞിന്റ്‌റെ സംരക്ഷണം സർക്കാർ മേൽനോട്ടത്തിൽ ശിശു സംരക്ഷണ വകുപ്പിൻകീഴിൽ … നാലുവർഷം നീണ്ട നിയമയുദ്ധം.. വനജയുടെ കുഞ്ഞിന് സർക്കാർ എന്നാണ് പേരിട്ടിരുന്നത്.. സർക്കാർ കുഞ്ഞിന് “ഓട്ടിസം” എന്ന അസുഖം ഉണ്ട് എന്ന് അറിഞ്ഞ ഫഹദിൻറ്റെ വീട്ടുകാർ കേസിൽനിന്നും പിൻവാങ്ങിയിരുന്നു ….. തുടർന്നുളള നിയമപോരാട്ടത്തിൽ അവസാന വിധിയുടെ നാളാണ് നാളെ….അവനെ ഞാൻ വളർത്തും …..ഇവനായിട്ടായിരിക്കാം ഞാൻ ഇങ്ങിനെ ജനിച്ചത്………
അവൾക്ക് ഉറങ്ങുവാനെ കഴിഞ്ഞില്ല ……….
littnow.com
design: Sajjayakumar proam
littnowmagazine@gmail.com
You must be logged in to post a comment Login