ലേഖനം
തൊട്ടേനേ ഞാൻ കൈകൾ കൊണ്ട്..

പുസ്തക റിവ്യൂ
വി എം ഗിരിജ എഴുതിയ
സ്പർശം
യു അജിത്
മനുഷ്യരുടെ സ്പർശേന്ദ്രിയത്തെ തൊട്ട് ശുശ്രൂഷിക്കുന്ന വി എം ഗിരിജയുടെ ‘സ്പർശം’ ഏതിനത്തിൽ പെടുത്താവുന്ന കൃതിയാണാവോ!

സ്പർശത്തെ തൊടുമ്പോൾ ശിശുവെയും വൃദ്ധയെയും തൊടുമ്പോലെ കഴിഞ്ഞകാല, വരുംകാല മനുഷ്യരെയും തൊടുന്നുണ്ട്. ഗിരിജ കവിയായത് കൊണ്ടാണോ അതൊ അനുഭൂതികളെ എഴുതുന്ന വഴക്കം കവിതയ്ക്കായതുകൊണ്ടാണോ ‘സ്പർശം’ കവിത പോലെയാണ് നമ്മെ കുറെയൊക്കെ തൊടുന്നത്. എന്നാൽ തൊടലിന്റെ ഇരുപുറങ്ങളിലെ വൻകരകളെ തൊട്ടറിഞ്ഞുകൊണ്ടുള്ള പര്യവേക്ഷണവും കൂടിയാണ് പുസ്തകം.
കുഞ്ഞായി, മുലയുണ്ണുന്ന സ്പർശത്തിന്റെ ഓർമ്മയിലേക്ക് എത്തിത്തൊടാൻ കഴിയുന്ന വായനക്കാർക്ക് ആ വഴി കിടപ്പുണ്ട്. എഴുത്തുകാരി മുലയൂട്ടിയ അമ്മയോർമ്മകളെയാണ് തൊടുന്നത്. “മുല കൊടുക്കലോളം വലിയ അഹിംസാത്മക പ്രവൃത്തി ഇല്ല” എന്ന് പറയുന്ന ഗിരിജ തന്നെ അതിന്റെ ആദർശവത്കരണങ്ങളെ പലവിധം തള്ളിമാറ്റുന്നുണ്ട്. മുല കൊടുക്കുന്ന സിംഹി ആട് പോലെ ‘പാവ’മെന്ന കുമാരനാശാൻ കല്പനയോട് ചേർത്ത് അതിജീവന ശേഷി കാണാത്ത കുട്ടിയെ മുല കൊടുക്കാതെ കുത്തിയാട്ടിയ അമ്മയാടിനെയും വയ്ക്കുന്നു. “മുലകൾ രണ്ട് ഊട്ടുപുരകൾ മാത്രമല്ല”, വാൽസല്യം അതിരേകത്തോടെ കുഞ്ഞിലേക്കൊഴുക്കിയാൽ പെണ്ണിന് മാത്രമല്ല, ആണിനും ഏതാണ്ട് മുലയൂട്ടലനുഭവത്തെ ചെന്ന് തൊടാമെന്ന് ‘സ്പർശം’ പറയുന്നു.
മുലപ്പാലുള്ള അമ്മമാർ അതില്ലാത്ത കുഞ്ഞുങ്ങൾക്കു കൂടി ധാരാളമായി പാലുകൊടുത്ത പഴയകാലത്ത് ജാതി അതിനിടയിലും ഉറച്ച വേലികെട്ടി മനുഷ്യരെ അറകളിലടച്ചത് പുസ്തകം നമ്മെ തൊട്ടുകാണിക്കുന്നു.
സ്പർശത്തെപ്പറ്റി പറയുമ്പോൾ ഇന്ത്യയിൽ ജാതിയെ ഒന്നാംപ്രതിയാക്കാതെ വിസ്തരിക്കാനേ കഴിയില്ല എന്ന് ഗിരിജ ഓർക്കുമ്പോഴൊക്കെ അടിവരയിടുന്നു. തൊടലിന്റെ ലോകത്ത് നിന്നാണ് ജാതി മനുഷ്യത്വത്തെ ഏറ്റവും വറ്റിച്ചു കളഞ്ഞത്. നമ്പൂതിരി സ്ത്രീയുടെ ശരീരത്തിൽ ഭർത്താവൊഴികെയുള്ള പുരുഷന്മാരെ മാത്രമല്ല, സൂര്യരശ്മി പോലും തൊടാൻ അനുവദിച്ചില്ല.
ജാതി പോലെതന്നെ ആൺജാതി സന്യാസം പെൺജാതിയെ അസ്പൃശ്യരാക്കി തള്ളി. സന്യാസം സ്ത്രിയെ തൊടാൻ കൊള്ളാതാക്കിയപ്പോൾ പൊതുവിടങ്ങളിലും സ്വകാര്യയിടങ്ങളിലും സ്ത്രീയുടെ അനിഷ്ടം നോക്കാതെ അതിസ്പർശങ്ങളുടെ വേട്ടയും വേദനയും എന്നുമുണ്ടായി.

പെൺകുട്ടിയും ആൺകുട്ടിയും തൊട്ടു കൂടുന്നത് മുതിർന്നവർ എന്തുകൊണ്ടോ പേടിക്കുന്നു. അസൂയ കൊണ്ടായിരിക്കുമോ? ആ പരിശീലനം, തലമുറ തലമുറയ്ക്ക് പകർന്ന് ജീവിതഭംഗി ചോർത്തിക്കളയുന്നു. ബസ്സിലെ യാദൃശ്ചിക സ്പർശത്തിൽ പോലും ആൺ പെൺ ഭേദമനുഭവിക്കുന്നവരായി തന്റെയും കൂട്ടുകാരികളുടെയും പെണ്ണുടലുകളെ ഗിരിജ വായിക്കുന്നു.
തുറന്ന സ്പർശത്തെ ഒന്നാം എതിരാളിയായി സ്വത്തും അധികാരവും ജാതിയും ആൺലിംഗവും എന്നും പോർവിളിച്ചു പോരുന്നു. സ്പർശദാഹം സമത്വദാഹമാണ്. ഒന്നാം സ്വാതന്ത്ര്യസമരമാണ്.
“മൃദുവായ സ്പർശനങ്ങൾക്കും ഉമ്മകൾക്കും തലോടലുകൾക്കും ബാലാമണിയമ്മ മാധവിക്കുട്ടിയേക്കാൾ കൊതിച്ചു ” എന്ന് ഗിരിജ വായിക്കുന്നുണ്ട്. സഹബാലികയെ”…കയ്യിൻപതുപ്പുള്ള കളിത്തോഴി” യായി ബാലാമണിയമ്മയുടെ ബാലിക തൊടുന്നു. കവിതകളെ തൊട്ടു തൊട്ടെഴുതുമ്പോൾ “…
പ്രണയപൂർവം
ഒരു കൈ തൊടാനെടുക്കുന്ന സമയം..” കൊണ്ട് വീരാൻ കുട്ടി ചിലത് അളന്നെടുക്കുന്നതും ഗിരിജ നോക്കി നിൽക്കുന്നുണ്ട്.
രതിയെന്ന സ്പർശ പാരമ്യത്തെ തൊടാതെ സ്പർശ ചർച്ചയില്ല. “രതി കൊണ്ടാണ് മനുഷ്യർ ഏറ്റവും കൂടുതൽ പരസ്പരം അടുക്കുന്നത്. ഒന്നാകുന്നത്”. എത്ര കോരിക്കുടിച്ചാലും തീരാത്ത സ്പർശഭിന്നതകളുടെ കടൽ.
ധൃവ ബാലനെ വിഷ്ണുവിന്റെ ശംഖിന്റെ ജലസ്മൃതിയും നിഗൂഢമായ തണുപ്പും കൊണ്ട് തൊടുന്ന ഭാഗവത രംഗത്തെയും നമുക്ക് തൊടാനായി ഗിരിജ നീട്ടുന്നു.
ജലം ഒരു സ്പർശാനുഭവമായി കവി പറയുമ്പോൾ ഭൂമിയെയും വായുവിനെയും അഗ്നിയെയും ആകാശത്തെയും കൂടി നമ്മൾ തൊട്ടേക്കും.
“ഭക്തനിരയെ തൊടാതെ ഒതുങ്ങിയാണ് ശ്രീലകത്തേക്ക് ശാന്തിക്കാരൻ കേറുന്നത്. സാധാരണക്കാരേക്കാളും എന്തോ, ദൈവവുമായുള്ള അടുപ്പം അയാളുടെ ശരീരഭാഷയിൽ കാണാം….
പൂജാരി ആരുടെയും പണം തൊടും. എന്നാൽ…. പൂണൂൽ കാണിച്ച് വരുന്നവർക്ക് ഒരു പ്രത്യേക അധികാരം എന്തിന് അനുവദിച്ചു കൊടുക്കുന്നു?” ഗിരിജ തൊട്ടുപോകുന്നവ വേഗം നമുക്ക് സുതാര്യമായി മാറുന്നു.
ആദിമ ജീവന്റെ ഏക ഇന്ദ്രിയമായിരുന്ന സ്പർശത്തിന്റെ ചിറകുകൾ പലമാനത്തേയ്ക്ക് വിരിച്ചതല്ലേ ഇതര നാലിന്ദ്രിയങ്ങൾ! കണ്ണിൽ കിരണത്തിന്റെ തൊടലല്ലേ കാഴ്ച? ശബ്ദതരംഗങ്ങൾ കാതിലെ സ്തരങ്ങളിൽ തൊട്ട് കമ്പനം ചെയ്യുന്നത് കേൾവി. രസന ഭക്ഷ്യപേയങ്ങളിൽ തൊട്ട് രസങ്ങളായി നമ്മൾ മാറുന്നു. നാസികയുടെ ഉൾനേർമ്മകളിൽ തൊടുന്ന രേണുക്കളാണ് നമുക്ക് ഗന്ധം.
കണ്ണും കാതും മാത്രമല്ല, അവ കഴിഞ്ഞുള്ള മൂന്നിന്ദ്രിയങ്ങളും ഏതനുഭവങ്ങളിലും നമുക്ക് കൂട്ടുവരുന്നുണ്ട്. പക്ഷേ നമ്മുടെ കലയിലും വിദ്യാശാലയിലും അവയെ നമ്മൾ തിരികെ രുചിച്ചും മണത്തും തൊട്ടും നോക്കുന്നുണ്ടോ എന്ന് ഗിരിജ ചിന്തിപ്പിക്കുന്നു. സ്പർശത്തിന്റെ കലകൾ, ഗന്ധത്തിന്റെ കലകൾ, രുചിയുടെ കലകൾ- അങ്ങനെ നമുക്ക് ലോകങ്ങളുണ്ടോ? ഇക്കൂട്ടത്തിൽ
രുചിയുടെ ലാവണ്യശാസ്ത്രം ഇല്ല എന്ന് പറഞ്ഞുകൂടാ. കഴിക്കാനും കുടിക്കാനുമുള്ളവയെ മനുഷ്യർ സർഗഭംഗിയോടെ ഒട്ടേറെ ചമയ്ക്കുന്നും പങ്കുവയ്ക്കുന്നുമുണ്ടല്ലോ.
സ്പർശത്തിന്റെ വിശേഷം, അത് ആദിമമെന്നപോലെ ആയുസ്സിന്റെ അന്തിമാനുഭവവുമാണ് മിക്കവാറും.
സ്പർശ, ഗന്ധ, രസനേന്ദ്രിയാനുഭവങ്ങൾ, ആലോചനകൾ മലയാളത്തിൽ വി എം ഗിരിജയുടെ ‘സ്പർശം’ തൊട്ട് ധാരളം പറയപ്പെടട്ടെ.
littnow.com
നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ് നമ്പറും സഹിതം)
Email : littnowmagazine@gmail.com
പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ലിറ്റ് നൗ ൻ്റെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
ലേഖനം
ഉറുമ്പ്

വാങ്മയം: 17
സുരേഷ് നൂറനാട്
ലിറ്റ് നൗ പ്രസിദ്ധീകരിച്ചതിൽ നിന്നും രണ്ടാമത്തെ പുസ്തകവും പുറത്തിറങ്ങി.
വാങ്മയം
സുരേഷ് നൂറനാട്
ഫേബിയൻ ബുക്സ്
വില 150 രൂപ.

ഒരുറുമ്പിനെ ഞാൻ ഞെരിക്കുകിൽ കൃപയാർന്നമ്മ തടഞ്ഞുചൊല്ലിടും മകനേ നരകത്തിലെണ്ണയിൽ പൊരിയും നീ’
സനാതനമായ ഒരു സത്യത്തെ ചുള്ളിക്കാട് അവതരിപ്പിക്കുന്നത് നോക്കൂ. എത്ര ഹൃദ്യം!
ചെറുപ്രാണികളുടെ ജീവിതത്തെ നോക്കി രചനകളിൽ നവചൈതന്യം ജനിപ്പിക്കുന്നു കവി. ഉറുമ്പിൻ്റെ പ്രാണൻ തനിക്ക് സമമായ ഒന്നാണെന്ന അറിവിലൂടെ എഴുത്തുകാരൻ പ്രപഞ്ചബോധത്തെ ഉണർത്തുകയാണ്.

ഉറുമ്പിന് കലയിൽ പലപ്പോഴും ജീവിവർഗ്ഗങ്ങളിലൊന്നായിനിന്ന് സംസാരിക്കേണ്ടിവരുന്നു. വലിയ ജനക്കൂട്ടത്തിൻ്റെ ചോദനകൾ ഉറുമ്പിൻ്റെ ജീവിതസ്പന്ദനവുമായി ബന്ധിപ്പിക്കുന്ന ന്യൂനോക്തി രസകരമാണ്. ആത്മാവിൻ്റെ സ്പർശം എല്ലാ ജന്തുക്കളിലും ഒരേ പോലെയോടുന്നുണ്ടെങ്കിലും ചിലതിന് കേന്ദ്രബിംബമാകാൻ ഭാഗ്യമില്ലാതാകാറുണ്ട്. എന്നാൽ ഉറുമ്പിന്
ആ ദൗർഭാഗ്യമില്ല.
കുട്ടിക്കവിതകളിൽ പോലും കൗതുകമായല്ല ഈ ഭാഗ്യവാൻ വന്നു പോകുന്നത്. ആനയും ഉറുമ്പുമെന്ന കഥയിൽ വലിപ്പം ഉറുമ്പിനല്ലേ കൈവരുന്നത് .പഞ്ചതന്ത്രം കഥയിലൂടെ ഇലയിലിരുന്ന് ഒഴുകന്ന ഉറുമ്പ് എല്ലാ തലമുറയ്ക്കും കാഴ്ചയാകുന്നുണ്ട്
കൂട്ടമായി ജാഥ നയിക്കുന്ന ഉറുമ്പിൻപട ജനായത്തത്തിൻ്റെ മരിക്കാത്ത പ്രമേയമല്ലേ.
വേനലിൻ്റെ തോളിലിരുന്ന് കാലത്തെ കരളുന്ന ഉറുമ്പ്, കവിതയിലൂടെ അക്ഷരങ്ങളായി ഇഴഞ്ഞു പോകുന്ന ഉറുമ്പ് - ഇങ്ങനെ എത്രയെത്ര സുന്ദരമായ കല്പനകൾ.
ഇലകളിൽ തട്ടുതട്ടായി കൂടൊരുക്കുന്ന നീറും അരിമണി ചുമന്ന് കൊണ്ട് വരുന്ന കുഞ്ഞനുറുമ്പും മധുരത്തെ നുകർന്ന് മത്തടിച്ച് മരിക്കുന്ന ചോനലും ക്ഷണിക പ്രാണൻ്റെ വിധിയെ ഓർമ്മിപ്പിക്കുന്നു.
‘കട്ടുറുമ്പേ നീയെത്ര കിനാവു കണ്ടൂ’ എന്നെഴുതി കവിത്വം തെളിയിക്കുന്നവർ കട്ടുറുമ്പിൻ്റെ കടികൊണ്ടവരായിരിക്കില്ല എന്നുറപ്പ്.

ചിത്രം: കാഞ്ചന.
littnow.com
littnowmagazine@gmail.com
ലേഖനം
പരസ്പരമകലാനുള്ള
പ്രണയമെന്ന
പാസ്പോ൪ട്ട്

കവിത തിന്തകത്തോം 12
വി.ജയദേവ്
സുരലത എന്നെന്നേക്കുമായി എന്നിൽ നിന്ന് അകന്നുപോയപ്പോഴും ഞാൻ അധികം സങ്കടമൊന്നും എടുത്തണിഞ്ഞിരുന്നില്ല. അവളെ കണ്ടുമുട്ടിയ നാൾ മുതൽ, എന്നെങ്കിലും ഒരിക്കൽ പിരിയാനുള്ളതാണെന്നു തോന്നിയിരുന്നു. പ്രണയം പരസ്പരം അകലാനുള്ള പാസ്പോ൪ട്ടാണെന്നു പിന്നീടെപ്പോഴോ ഞാൻ എഴുതി. മറ്റൊന്നു കൂടിയുണ്ടായിരുന്നു. അന്നൊക്കെ പ്രണയഭംഗങ്ങൾ വളരെ കൂടുതലായിരുന്നു. ഇന്നത്തെപ്പോലെ, തേപ്പ് തുടങ്ങിയ പദങ്ങളൊന്നും പക്ഷെ പ്രണയത്തക൪ച്ചാക്കവിതയിൽ ഉപയോഗിച്ചുതുടങ്ങിയിരുന്നില്ല.
ഒരു സ്ത്രീയുമായുള്ള എന്റെ ആദ്യത്തെ പരിചയം അങ്ങനെ തീവണ്ടിയിൽ കയറി അകന്നുപോയപ്പോൾ അധികം സങ്കടപ്പെടാനൊന്നും ഞാൻ ഒരുക്കമായിരുന്നില്ല. അതിനു വല്ലാത്ത മറ്റൊരു കാരണവും ഉണ്ടായിരുന്നു. അന്നൊക്കെ അത്രയും മതിയാവുമായിരുന്നു ഏതൊരാളെയും നിരാശകാമുനാക്കാൻ. അങ്ങനെ നിരാശകാമുകനാകുന്നതിൽ ഭൂരിഭാഗവും ലഹരിയിലും കവിതയിലും അഭയം തേടുമായിരുന്നു. കവിത എഴുതാനുള്ള ഒരു പ്രലോഭനം തന്നെയായിരുന്നു. എന്നാൽ, ഒരിക്കലും കവിതയെഴുതില്ലെന്നു തീരുമാനിച്ചിരിക്കുന്ന എന്നെ സംബന്ധിച്ച് ഏറ്റവും വലിയ വാരിക്കുഴിയായിരുന്നു സുരലത അകന്നുപോയപ്പോഴുണ്ടായ ഏകാന്തത. അവളുടെ അമ്ലക്കണ്ണുകളിൽ ഇനി ഞാനില്ലെന്ന തോന്നൽ. ഇതുവരെ അവളോട് ഒരളവും ഇല്ലാതിരുന്ന, ഇതുവരെ അവളോടു തുറന്നു പറയാതിരുന്ന പ്രണയം എന്നെയൊരു കാമുകനാക്കുവാനും വൈകിച്ചുകൊണ്ടിരുന്നു. കവിത എഴുതാനുള്ള ഏതൊരു പ്രലോഭനത്തെയും ഞാൻ ഒഴിവാക്കിക്കൊണ്ടിരുന്നു. അതുകൊണ്ടു സുരലതയുടെ കാര്യം വായിച്ചുതീ൪ത്ത ഒരു കഥയിലെന്ന പോലെ മാത്രമേയുള്ളൂ എന്നു ഞാൻ എന്നോടു തന്നെ പറഞ്ഞു. അതു വേഗം മറന്നു പോകാവുന്ന ഒരു കഥയായിരുന്നു എന്നെനിക്ക് അറിയാമായിരുന്നു. ( അതു തെറ്റാണെന്നു കാലം വളരെ കഴിഞ്ഞാണ് എനിക്കു ബോധ്യമായതെങ്കിൽത്തന്നെയും ). ഇനി സുരലത എന്ന കഥ എന്റെ ഉള്ളിലില്ല എന്നു ഞാൻ എന്നോടു തന്നെ പ്രഖ്യാപിച്ചു. ഇനിയീ മനസിൽ കവിതയില്ല എന്നും മറ്റും സുഗതകുമാരി പറയുന്നതിന് ഏതാണ്ട് അടുത്ത കാലങ്ങളിൽ തന്നെയായിരുന്നു അതും.
സുരലത എന്നിൽ എന്തെങ്കിലും വച്ചുമറന്നുപോയിട്ടില്ലെന്നു തന്നെ ഞാനുറപ്പാക്കിക്കഴിഞ്ഞിരുന്നു. എന്നാൽ, അങ്ങനെ ഏതോ ഒരു കഥാപാത്രത്തിന്റെ പേരാണ് എന്നു ഞാൻ മറക്കാൻ ശ്രമിക്കുമ്പോഴൊക്കെ, അതെന്നെ വീണ്ടും വീണ്ടും ഓ൪മിപ്പിക്കാനുള്ള ശ്രമങ്ങൾ സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരുന്നു. സുരലത എന്ന പേരിൽ ഒരു ലോറി എന്റെ മുന്നിൽക്കൂടി ഓടിപ്പോവുമായിരുന്നു. ഒരു ലോറിക്കുമൊന്നും ഒരു കാലത്തും സുരലത എന്നൊരു പേരു വിചാരിക്കാൻ കൂടി സാധിക്കാൻ പറ്റാത്ത കാലത്താണെന്ന് ഓ൪ക്കണം. വഴിയിലെവിടെയോ വച്ച് ‘ ഹോട്ടൽ സുരലത’ എന്നൊരു പേര് അതിനിടെ ഞാൻ വായിച്ചെടുക്കുകയുണ്ടായി. എനിക്ക് അത്ഭുതം തോന്നി. ഞാൻ മറക്കാൻ ശ്രമിക്കുന്ന ഈ വാക്കു തന്നെ വേണോ ലോറിക്കും ഹോട്ടലിനും മറ്റും സ്വയം കവിതയായി വായിച്ചെടുക്കാൻ.
എന്നാലും, ഞാനെന്റെ ശ്രമത്തിൽ നിന്നു മാറുകയുണ്ടായില്ല. സുരലതയെക്കുറിച്ച് ഓ൪ത്തു പാഴാക്കാൻ എനിക്കു സമയമില്ലെന്നൊരു നിലപാട് തന്നെ ഞാനുണ്ടാക്കിയെടുക്കുകയായിരുന്നു. കാരണം, എനിക്ക് ഞാനെന്നെങ്കിലും എഴുതാൻ പോകുന്ന കവിതയിൽ നിന്നു പരമാവധി കാലം നീട്ടിയെടുക്കണമായിരുന്നു. ഒരിക്കലും കവിതയെഴുതില്ല എന്ന നിലപാട് ഓരോ നിമിഷവും ദൃഢമാക്കേണ്ടിയിരുന്നു. എന്നിട്ടുമാണ്, വ൪ഷങ്ങൾക്കു ശേഷം ഞാനെഴുതുന്നത്.
“ നീ വച്ചുമറന്നതാണോ
എന്തോ, ഇവിടെ
ഒരു ഓ൪മ
അധികം വരുന്നു.”
ഇതു കവിതയായിത്തന്നെയാണോ ഞാനെഴുതിയത് എന്ന് എനിക്ക് അന്നും ഉറപ്പിക്കാൻ സാധിക്കില്ലായിരുന്നു. ഇപ്പോഴും. ഞാനൊരിക്കലും ഒരു കവിതയും എഴുതിയിട്ടില്ല എന്നു വിശ്വസിക്കാൻ തന്നെയാണ് എനിക്കിഷ്ടം. എന്റെ കല്ലറയിൽ എഴുതിവയ്ക്കേണ്ടത് ഞാൻ പിന്നീടെപ്പോഴോ എവിടെയോ കുറിച്ചിട്ടിരുന്നു. അതിങ്ങനെയായിരുന്നു.
ഒരിക്കലും കവിതയെഴുതാതെ
ഭ്രാന്തിന്റെ പരീക്ഷയെഴുതിത്തോറ്റ
ഒരു കാമുകന്റെ വാടകവീട്.

വിജനമായ റയിൽവേ സ്റ്റേഷനിൽ നിന്നു സുരലത ചൂളം വിളിച്ചു പോയിക്കഴിഞ്ഞതോടെ, അന്തേവാസികൾ മുക്കാലും ഒഴിഞ്ഞുകഴിഞ്ഞ ഹോസ്റ്റൽ മുറിയിലേക്കാണു ഞാൻ മടങ്ങേണ്ടിയിരുന്നത്. എന്നാൽ, ഞാൻ അവിടേക്കു പോയില്ല. അവിടെ എന്റേതായി ഒന്നും ബാക്കിയുണ്ടായിരുന്നില്ല. അല്ലെങ്കിൽ അവിടെയുണ്ടായിരുന്നതെല്ലാം ഞാനായിരുന്നു. എനിക്ക് ഒരു നഷ്ടബോധവും തോന്നുന്നുണ്ടായിരുന്നില്ല. ഒരു നേട്ടബോധവും ഉണ്ടായിരുന്നില്ല. രാത്രിബസുകളിലൊന്നിൽ കയറി ഏറ്റവും അവസാനത്തെ സ്റ്റോപ്പിലേക്കു ടിക്കറ്റെടുത്തു. അതു കവിതയിലേക്കു പോകുന്ന ബസാണെന്നോ മറ്റോ കണ്ടക്ട൪ പറയുന്നുണ്ടായിരുന്നു.
എനിക്ക് അത്ഭുതമാണു തോന്നിയത്. കണ്ടക്ട൪ പോലും കവിതയുടെ കാര്യമാണു പറയുന്നത്. നമ്മൾ മറക്കാൻ ശ്രമിക്കുന്നതെന്തോ അതു ലോകം ഓ൪മിപ്പിച്ചുകൊണ്ടേയിരിക്കും. കവിതയിലേക്കു വേണ്ട, കഥയിലേക്ക് ഒരു ടിക്കറ്റ് എന്നു പറയാനാണ് അപ്പോൾ തോന്നിയത്. എന്നാൽ, അങ്ങനെ ഒരു സ്ഥലമില്ലാത്ത പോലെ കണ്ടക്ട൪ വളരെ വിഷാദഭരിതമായ ഒരു നോട്ടം സമ്മാനിക്കുകയാണു ചെയ്തത്. അതെന്തിനാണെന്ന് എനിക്കു പിന്നീടും മനസിലായിട്ടുണ്ടായിരുന്നില്ല.
കവിതയിലേക്കു വേണ്ട, അതിന്റെ തൊട്ടിപ്പുറത്തെ സ്റ്റോപ്പിലേക്ക് ഒരു ടിക്കറ്റ് എന്നോ മറ്റോ ഞാൻ പറഞ്ഞിട്ടുണ്ടായിരിക്കണം. ഒരു പ്രണയനിരാശാഭരിതനായാണോ അയാൾ എന്നെ കാണുന്നതെന്നു ഞാൻ സംശയിച്ചു. ചിലപ്പോൾ കണ്ടക്ട൪ തന്നെ ഒരു കവിയായിരുന്നിരിക്കാം. എങ്ങോട്ടെന്നു പറയാതെ ഏതോ സ്റ്റോപ്പിലേക്കു അയാൾ ടിക്കറ്റ് തന്നു. ബസ് ഇരുളിലൂടെ ആരിൽ നിന്നോ എന്ന പോലെ ഒളിച്ചുപാഞ്ഞുപോയിക്കൊണ്ടിരുന്നു.
ഏതോ രാത്രിയിൽ ഏതോ യാമത്തിൽ കണ്ടക്ട൪ എന്നെ കുലുക്കിവിളിച്ചുണ൪ത്തി, സ്റ്റോപ്പായെന്നോ മറ്റോ പറഞ്ഞ് എന്നെ ഇരുളിലേക്ക് ഇറക്കുകയായിരുന്നു. പിന്നെ ഒന്നും സംഭവിക്കാത്തതുപോലെ ബസ് കറുപ്പിലേക്കു കുതിച്ചു. അല്ല, ഒരു ഇരുൾവായ അതിനെ വിഴുങ്ങി . ഇതേതു സ്ഥലം എന്ന അത്ഭുതത്തിൽ നിൽക്കെ എന്റെ മുന്നിൽ ഹോസ്റ്റലിന്റെ അടഞ്ഞുകിടക്കുന്ന ഗെയിറ്റ്, അപ്പോൾ പ്രകാശസ്ഖലനം സംഭവിച്ച ഒരു നക്ഷത്രത്തിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു. ഹോസ്റ്റലിന്റെ ഗെയിറ്റിനു മുന്നിൽ വീണ്ടും ഇരുട്ടു കാടു പിടിച്ചു. മുമ്പൊരിക്കലും അതിൽപ്പിന്നെയും ഹോസ്റ്റലിനു മുന്നിലൂടെ ഒരു ബസ് കടന്നുപോയിട്ടില്ല. ശരിക്കും ആ ബസ് കവിതയിലേക്കു തന്നെയായിരിക്കുമോ?
അറിയില്ല. എന്നാലും ആ ഇരുളിലും കവിതയെന്ന ഞടുക്കത്തെ ഞാൻ വിട്ടുനിന്നു. രോമാവൃതമായ ആകാശം മഴയെ കുതറിച്ചു കളയുന്നതു പോലെ. കൊണ്ടുപോയിക്കളഞ്ഞാലും കൂടെയെത്തുകയാണ് കവിതയെന്ന പ്രലോഭനം.. ഞാൻ ഹോസ്റ്റലിനു ചുറ്റും കമ്യൂണിസ്റ്റ് പച്ച പോലെ കാടുപിടിച്ച ഇരുട്ടിലേക്കു നോക്കി. ശരിയാണ്, ഈ ഹോസ്റ്റലിൽ നിന്ന് എന്നെ എനിക്കു തിരിച്ചുകൊണ്ടുപോവാനുണ്ടായിരുന്നു.
littnow.com
littnowmagazine@gmail.com
ലേഖനം
തീവണ്ടി

വാങ്മയം: 16
ഡോ.സുരേഷ് നൂറനാട്
വര: കാഞ്ചന.എസ്
വാക്കുകളുടെ ബോഗികൾ നിറയെ വികാരങ്ങളുടെ സിലണ്ടറുകൾ കൊണ്ടുവരുന്ന തീവണ്ടിയാണോ കവിത. അങ്ങനെ പറയേണ്ടിവരില്ല ശ്രീകുമാർ കര്യാടിൻ്റെ കവിതകൾ കണ്ടാൽ !

ഏതറ്റത്തും ഇൻജിൻ ഘടിപ്പിക്കാനാവുന്ന ബോഗികളുടെ നീണ്ടനിര. സ്വച്ഛമായ താളത്തിൽ സ്വന്തമായ പാളത്തിലൂടെ അതങ്ങനെ നീങ്ങുന്നു. ലോകം മുഴുവൻ മുറിയിലിരുന്ന് കാണുന്ന പ്രതീതിയിലാണ് ആ വാഗൺ കുതിക്കുന്നത്. പരമ്പരാഗത ലോകകവിതയുടെ ഘടനയിൽ ചില അഴിച്ചുപണികൾ നടത്താനുണ്ടെന്ന പോലെ!ഈണത്തിൻ്റെ വഴുക്കൽ ഒന്നു തുടച്ചെടുത്താൽ മതിയാകുമെന്ന തോന്നലുളവാക്കും.എന്നാൽ അതിനൊന്നും തുനിയാതെ അയാൾ ഇരുന്നിടത്തുതന്നെ ഇരിക്കുന്നു. അയ്യപ്പപ്പണിക്കർ പറഞ്ഞ പഴമയുടെ വാറോല വി .സി ബാലകൃഷണപ്പണിക്കരുടെ കവിത ചൊല്ലി ശബ്ദമുഖരിതമാക്കുന്നു അദ്ദേഹം. സായാഹ്നത്തിൽ ദൽഹിയ്ക്കുള്ള വണ്ടിയിൽ നിരന്നിരിക്കുന്ന കവികളും അവരെയിരുത്തിയിരിക്കുന്ന വലിയവണ്ടിക്കാരനേയും കവി നോക്കിത്തന്നെയിരുന്നുകളയും. അത്യന്താധുനികക്കാരേയും ആധുനികക്കാരേയും അവർക്കിടയിലെ കുത്തിത്തിരിപ്പുകാരേയും ശ്രീകുമാർ മഷിനോക്കി കണ്ടെത്തുന്നു.വയലാറിൻ്റെ കവിത ലവൽക്രോസിൽ നിർത്തിവെച്ച് പുതിയ പാട്ടുകൾ ചുരുട്ടിയെടുത്ത് കൊണ്ടുപോവുകയാണ്. ഈയിടെ അദ്ദേഹം എഴുതിയ ‘ഒരു ആഗ്രഹം’ എന്ന ഉദാസീനകാവ്യം നോക്കൂ.
“വെറുതെ ഓടുന്ന ഒരു തീവണ്ടിയിൽ കയറിയിരിക്കണം. ടി ടി ആറിനോട് ടിക്കറ്റുപോയി എന്നു കള്ളം പറയണം. ആകെ വെപ്രാളപ്പെടണം.അടിമുടി വിയർക്കണം. ആ ടി ടി ആറിന്റെ ഈഗോ വർദ്ധിക്കണം.അയാൾ സംശയത്തോടെ എന്നെ നോക്കണം. ഞാൻ ടിക്കറ്റെടുത്തിട്ടില്ല എന്ന് പത്തുതവണ അയാൾ ഉച്ചത്തിൽ പറയണം. യാത്രക്കാർ അയാളുടെ പക്ഷം ചേർന്ന് തലയാട്ടണം. അപ്പോൾ ഞാൻ തലചുറ്റി വീഴണം.
……………………..
ആദ്യത്തെ ടീ ടീ ആർ തൂവാലയെടുത്ത് മുഖം തുടയ്ക്കണം. രണ്ടാമത്തെ ടി ടി ആർ മറ്റൊരു തൂവാലയെടുത്ത് മുഖം തുടയ്ക്കണം. യാത്രക്കാരും ഓരോ തൂവാലയെടുത്ത് മുഖം തുടയ്ക്കണം. ഞാൻ അപ്പോൾ ആകാശത്തുനിന്ന് ഒരു തൂവാലയെടുത്ത് മുഖം തുടയ്ക്കണം. അപ്പോൾ എല്ലാവരും ആകാശത്തേക്ക് നോക്കണം
………………
ഞാൻ ടിക്കറ്റ് മെല്ലെമെല്ലെ പൊക്കിക്കൊണ്ടുവരണം. അപ്പോൾ ടീ ടീ ആർ മാർ മെല്ലെ മെല്ലെ മുകളിലേക്ക് ഉയർന്നുപൊങ്ങണം. ഇതിനിടെ തീവണ്ടി ഏതോ സ്റ്റേഷനിൽ നിൽക്കണം. ഞാൻ മാത്രം ഇറങ്ങിപ്പോകണം. “
ഇത് മുഴുവൻ
തീവണ്ടിയ്ക്കകമാണ്.കവിതയെന്ന തീവണ്ടിയുടെ അകം! ശ്രീകുമാർ കര്യാട് വെറുതേ എഴുതിയതാകാമിത് എന്ന് അദ്ദേഹം പോലും പറയരുത്. ശില്പസുന്ദരമായ അനേകം കവിതകളുടെ സൃഷ്ടാവ് ഈ രീതിയിൽ നിമിഷജീവിതത്തെ അതിജീവിക്കുന്നത് കാണാനിഷ്ടപ്പെടാത്തവരുണ്ടാകുമോ ഭൂമിയിൽ!

littnow.com
littnowmagazine@gmail.com
-
കവിത11 months ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി -
കവിത11 months ago
കവിയരങ്ങിൽ
സാജോ പനയംകോട് -
സിനിമ10 months ago
താമസമെന്തേ വരുവാൻ…
-
വീഡിയോ11 months ago
കവിയരങ്ങിൽ
രതീഷ് കൃഷ്ണ -
സാഹിത്യം4 months ago
മോചനത്തിന്റെ സുവിശേഷം-7
-
നാട്ടറിവ്7 months ago
ബദാം
-
സിനിമ5 months ago
മൈക്ക് ഉച്ചത്തിലാണ്
-
കഥ6 months ago
ചിപ്പിക്കുൾ മുത്ത്
You must be logged in to post a comment Login