ലേഖനം
സ്വപ്‌നങ്ങൾ മനുഷ്യൻ്റെ കൂട്ടുകാരാണ്,ശത്രുവല്ല.
കൊറോണ സ്വപ്നദ്വീപ്.2
ഡോ. ഉമർ തറമേൽ
സ്വപ്‌നങ്ങൾ മനുഷ്യന്റെ കൂട്ടുകാരാണ്, ശത്രുവല്ല.
ഇത് തെല്ലൊന്നുമല്ല എന്നെ ഇരുത്തി ച്ചിന്തിപ്പിച്ചത്. പകലുകൾ ദുഃസ്വപ്നം പോലെ പെരുമാറുന്നു . ഉറക്കം കിട്ടാതെ ഭീതിയിൽ കഴിയുന്ന യാമങ്ങൾ. എപ്പോഴെങ്കിലും ഉറക്കിലേയ്ക്ക് വീണാൽ (അങ്ങനെ സംഭവിക്കുന്നത് അപൂർവം ) മധുരമനോഹരവും അസംബന്ധവുമായ സ്വപ്‌നങ്ങൾ. ഇപ്പോൾ ഓർക്കാൻ ഹരമുണ്ട്.ചിലത് ദ്വീർഘമായവ, ചിലത് വളരെ ചെറുത്. രണ്ടായാലും ആദ്യവും അന്തവും പൊടുന്നനെ സംഭവിക്കുന്നു. ചരിത്രത്തിന് പാലംപണിയാൻ പറ്റാത്ത നിലയ്ക്ക് പൊടുന്നനെ പൊലിഞ്ഞുപോകുന്നു.
ഖുറാനിലെ അൽ -കഹ്‌ഫ് (ഗുഹാവാസികൾ )എന്ന അധ്യായം ഓർത്തു.ഗുഹവാസികളെപ്പോലെജീവിക്കുകയാണ്, നാം സ്വപ്നത്തിലും.
ഗുഹാനിവാസികൾക്കറിയില്ല, എത്ര കാലം ആ ഗുഹയിൽ പാർത്തുവെന്ന്. ചെറിയൊരു ഉറക്കംപോലെ മാത്രം.ദൈവുമായുള്ള സംവാദത്തിൽ, രണ്ടോമൂന്നോ ദിനം, അല്ലെങ്കിൽ ഒരാഴ്ച…എന്നൊക്കെയാണ് അവർക്ക് തോന്നുന്നത്.
ഖുർആൻ അവരോട് ചോദിക്കുന്നുണ്ട്. അങ്ങാടിയിൽ പോയി നോക്കാൻ, അവരുടെ കൈയിലുള്ള നാണയം കൊണ്ട് ക്രയവിക്രയം നടക്കുമോ എന്നറിയാൻ.തങ്ങളുടെ ഇഷ്ടഭക്ഷണം തന്നെ കിട്ടുമോ എന്നറിയാൻ. കാലങ്ങൾ അടരുകകളായി ജീവിതങ്ങൾ മണ്ണോടു ചേർന്നി രിക്കുന്നു. പോവാത്ത നാണയത്തെക്കുറിച്ചുള്ള സൂചന മറ്റൊന്നല്ല വ്യക്തമാക്കുന്നത്.കാലങ്ങളിലൂടെ മരിവരുന്ന ഭോജ്യങ്ങളും.
ഈ അധ്യായത്തെ മുൻനിർത്തി കാൾ ഗുസ്താവ് യുങ്, മനുഷ്യന്റെ സംഘാവ ബോധത്തെയും അബോധത്തെയുംപറ്റി ഒരു ഗംഭീര പഠനം നടത്തിയത് ഓർത്തു. എത്രകാലമായി ഗുഹവാസികൾ അങ്ങനെ കിടക്കുന്നു. പെട്ടെന്നുള്ള ഉയർച്ചയിൽ സ്വപ്നസമാനമായിട്ടും ഒരു ജീവിതം തന്നെയത്, എന്നവർ ഉറപ്പിക്കുന്നു. ജീവിതത്തിനും ഉറക്കത്തിനുമിടയിൽ ദൈവ കാരുണ്യത്തിന്റെ ഒരു തൊടലുണ്ട്, എന്ന് ഖുർആൻ സദാ ഓർമിപ്പിക്കുന്നുണ്ട്. മരണത്തെ കുറേകൂടി നീണ്ട ഉറക്കായി വ്യാഖ്യനിക്കാൻ മനുഷ്യന് ഇതൊക്കെ സന്ദർഭമൊരുക്കുന്നു. സ്വപ്നത്തിന്റെ സാധ്യത ഉറക്കത്തിന്റെയും ഉണർയുടെയും പരസ്പര്യത്തെ നിർമ്മിക്കുന്നതിലാണ്.
ആക്കാലത്ത് കണ്ട എണ്ണമറ്റ സ്വപ്നങ്ങളിൽ പലതും മറന്നുപോയി.
സിഗമണ്ട് ഫ്രോയിഡ് പറഞ്ഞപോലെ,സ്വപ്നത്തിൽ, ഒരു ആദേശപ്രക്രിയയുണ്ട്. അതെങ്ങനെയൊക്കെ, പരിണമിക്കുമെന്ന് പറയുകവയ്യ.കണ്ട സ്വപ്നങ്ങളുടെ സ്വാഭാവം,ഭാവനയും ഭാഷയും തമ്മിലുള്ള ബന്ധം പോലെയാണ്.
ഭാഷയെ ഇത്രമേൽ പ്രജനകമാക്കുന്നത് ഭാവനയാണല്ലോ.സ്വപ്നത്തിന്റെകാര്യത്തിൽ ആദേശപ്രക്രിയ സംഭവിക്കുന്നതിനാൽ ഭാഷകൊണ്ട് നമുക്കതിനെമാറ്റിയെഴുടതി ക്കൊണ്ടിരിക്കേണ്ടി വരുന്നു.
വാക്കുകൾ കൊണ്ട് നാം വിവിധമട്ടിൽ ശ്വസിക്കുന്നതാണ് ജീവിതം. വാക്കുകൾ കൊണ്ട് കവിതയുണ്ടാക്കുന്നു എന്നു ഫ്രഞ്ച് സിംബലിസ്റ്റ് കവി പറഞ്ഞതിന്റെ പൊരുൾ മറ്റൊന്നല്ല. കവിതയാണ്, ഭാഷയുടെ നിത്യ നൂതനമായവീടുകൾ ഉണ്ടാക്കുന്നത്.
എപ്പോഴെങ്കിലും കണ്ണുമാളുമ്പോൾ ഉള്ളിൽ തുറക്കുകയാണ്, സ്വപ്നദ്വീപ്.ഇറ്റാലിയൻ സംവിധായകൻ ഗ്വിസപ്പേ ടോർണാറ്റോറിന്റെ, ‘സിനിമ പാരാഡൈസോ ‘ പോലെ. ആ സിനിമ ഒരു രാജ്യാന്തരചലച്ചിത്രോത്സവത്തിന് കണ്ടതാണ്. പിന്നെ അത് മനസിൽനിന്ന് മഞ്ഞ്പോയിട്ടേയില്ല.ഒരു പ്രൊജക്ടർ മുറിയിലെ സിനിമഓപ്പറേറ്ററുടെയും അയാളോട് പറ്റിക്കൂടി സഹവാസം സ്ഥാപിക്കുന്ന ബാലന്റെയും രസകരമായ ഫാന്റസി. വെട്ടിയിടുന്ന ഫിലിം തുണ്ടങ്ങളിലും കൂട്ടിയോടിക്കുന്നവയിലുമൊക്കെ വിചിത്രജീവിതം ദർശിച്ച ഒരു ബാലന്റെ ആതിരസകരമായൊരു എന്റെർറ്റൈനർ.
സ്വപ്നത്തിൽ എനിയ്ക്കും, ആ ബാലനെപ്പോലെ പറക്കും തളിക പോലുള്ള ഒരു വാഹനത്തിൽ പല രാത്രികൾ സഞ്ചസരിക്കേണ്ടിവന്നു.തളികയേറി പലമട്ടിലുള്ള വീടുകളുടെ മുകളിലൂടെയുള്ള യാത്ര അതിസാഹസികമായിരുന്നു.
ഭീതിയുടെ കടുത്ത അടരുകളെ ഇവയൊക്കെ നേർപ്പിച്ചു. ജീവിതത്തിലേക്ക് മനുഷ്യനെ കൂട്ടിക്കൊണ്ടുവരാൻ ദൈവം അതിവിചിത്രമായ മാർഗങ്ങൾ ഉണ്ടാക്കും. കാരുണ്യവാനും കരുണാനിധിയുമായ ദൈവം എന്നൊക്കെപ്പറയുന്നത് അതിനെയാണ്.
ഡോണമയൂരയുടെ ചിത്രശലഭങ്ങൾ
കവിതയിലൂടെയും ചിത്രകവിതയിലൂടെയുമൊക്കെ ഞാൻ പരിചയിച്ച പ്രിയപ്പെട്ട ഒരാളാണ്, ഡോണ മയൂര. സുഹൃത്തുക്കൾ അയ്യായിരത്തിലധികം കവിഞ്ഞെങ്കിലും, ഹൃദയത്തിൽ തൊട്ടവർ പത്തുവിരലിൽ എണ്ണാൻ തികയില്ല. അത് എന്റെയോ അവരുടെയോ കുറ്റമല്ല. ആ മാധ്യമത്തിന്റെ പോരായ്മയാണ്.
കോവിഡ് ഭീതിവിതച്ച ഉൾഭീതികളിൽ, നിലാവുള്ള ഒരു രാത്രിയിൽ ഡോണയും കൂട്ടുകാരികളും സ്വപ്നത്തിലേക്ക് വരുന്നു.
ഏതോ ഒരു നെതർലൻഡ് സിനിമയിലോ മറ്റോ ഉള്ള പ്രദേശം പോലെയുള്ള ഒരുസ്ഥലത്താണ് ആ സ്വപ്നത്തിൽ എന്റെ വാഴ് വ്.ചെറുമഴപെയ്തു ഈർപ്പമുണ്ട്. ചെറിയ ചെറിയ ഹട്ടുകൾ പോലെ ചുറ്റിനും പണി തീർത്തിട്ടുണ്ട്. പണ്ട് സ്ഥിരമായി കാണുകയും ഇടക്കൊക്കെ നീന്തിക്കുളിക്കുകയും ചെയ്തിരുന്ന നാട്ടിലെ ജുമുഅത്ത് പള്ളിയിലെ ‘പള്ളിക്കുളം’ പോലെ ഒന്ന് അടുത്തുണ്ട്. പ്രത്യേക മട്ടിലുള്ള വാസ്ത്രങ്ങൾ ധരിച്ചെത്തിയവരാണ് ഡോണയും സുഹൃത്തുക്കളും.അനുഷ്ടാന കവിതയിലെന്നപ്പോലെ ചില സ്റ്റിഗ്മകളും റ്റാറ്റൂസും ശരീരത്തിൽ അറിഞ്ഞിട്ടുണ്ട്.നെറ്റിയിൽ ചിത്രശലഭങ്ങൾ.എല്ലാവരും സ്ത്രീകളാണ്.അവരുടെ മുഖങ്ങൾ ഫേഡ് ആയിട്ടാണ്, കാണുന്നത്. പഴയ ശാരദസിനിമകളിളെപ്പോലെ. പ്രദേശത്ത് അരണ്ടവെളിച്ചമേയുള്ളൂ. അതായിരിക്കണം ആ നിറക്കുറവ്. എല്ലാരും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്.
ഡോണയും കൂട്ടരുമെത്തിയ സന്തോഷത്തിലാണ് ഞാൻ.
അവർ ചിലസവിശേഷഭോജ്യങ്ങൾ ഉണ്ടാക്കുന്നു. ഇലകോട്ടി അതിൽ വിളമ്പുന്ന
ഒരുതരം ഗോതമ്പ് അലീസ. ഇത് യു. എസിലെ സ്പെഷ്യൽ ആണോ എന്നൊക്കെ ഞാൻ ചോദിക്കുന്നുണ്ട്.
ഇതുപോലെയുള്ള ഭക്ഷണം ഞാൻ മുമ്പ് അജ്മീറിൽ നിന്നും കഴിച്ചിട്ടുണ്ട് എന്നു ഞാൻ പറഞ്ഞു. അജ്മീറിലെ നേർച്ചഭക്ഷണത്തിന്റെ കാര്യങ്ങൾ ഡോണ ചോദിച്ചറിഞ്ഞു, അന്തംവിട്ടു.
പെട്ടെന്ന്, ഡോണയുടെ കൂടെയുള്ള പെൺകുട്ടി എന്തോ അതിശയം കണ്ടുപിടിച്ചപോലെ ഞങ്ങളെ തൊട്ടപ്പുറത്തുള്ള ഒരു ചതുപ്പുപ്രദേശത്തേക്ക് കൊണ്ടുപോയി.
പൊടുന്നനെ,സ്വപ്നം കട്ട്. നേരം വെളുക്കുന്നു.
എത്ര പെട്ടെന്നാണ് കാര്യങ്ങൾ ചിതറുന്നത്. ഭാഷ വാക്കുകകൾ കൂട്ടിവെച്ച് കവിതയും ചിത്രങ്ങളും നിർമ്മിക്കുന്നത്?ആദേശം ഭവിച്ച് മുറിഞ്ഞുപോയ മറ്റൊരു സ്വപ്നം ഇങ്ങനെ:
പൂച്ചയാണ് ഡ്രൈവർ.സാധാ മട്ടിലുള്ള ഒരു വരയൻപൂച്ച.എന്റെ വീട്ടിൽ സ്ഥിരമായി ഉണ്ടാകാറുള്ള പൂച്ച.വീട്ടിൽ അവളെ തങ്കു എന്നാണ് മോൻ പേരിട്ടുവിളിച്ചത്. ആ പൂച്ച തന്നെയായിരിക്കണം ഈ ഡ്രൈവർ.കുട്ടികൾ ചെറുപ്പകാലത്ത് മരക്കട്ടകൾ കോർത്തുണ്ടാക്കുന്ന ചക്രവണ്ടി കൊണ്ട് ഉരുട്ടിക്കളിക്കാറുണ്ട്. അതുപോലൊരു കട്ടവണ്ടിയിലാണ്, ഞങ്ങളുടെ യാത്ര.
തളിപ്പറമ്പ് സർ സയ്യദ്കോളേജിൽ നിന്നും പിരിഞ്ഞുപോന്ന ചടങ്ങിന് ശേഷമുള്ള യാത്രയാണ്. ഏട്ടൊൻപത് കൊല്ലക്കാലം ജോലിയെടുത്ത കലാലയം.ആരൊകെക്കൂടിയാണ് യാത്രയാക്കിയത് എന്നോർമയില്ല.ആരുടേയും മുഖമില്ല.സഹധർമ്മിണിയും ഒരു മകളും കൂടെയുണ്ട്.ഒരാൺകുട്ടിയെപ്പോലെ ഒരാൾ വേറെയുണ്ട്.അന്ന് ചെറിയ മകനെ പെറ്റിട്ടില്ല. ഏതായാലും ആകെപ്പാടെ കൂടിക്കുഴഞ്ഞ രസികൻരംഗം.
മകളും ഭാര്യയും ഭയങ്കര ചിരിയാണ്. യാത്ര രസിച്ചുവെന്നുതോന്നുന്നു. തുറന്ന ജീപ്പിൽ സഞ്ചരിക്കുപോലെയാണ് യാത്ര.വളപട്ടണം പാലം കടന്നുപോന്നതൊക്കെ നല്ല ഓർമ.
നല്ല കുളിരുള്ള രാത്രി.എൻ. എച്ചിലായതിനാൽ ധാരാളം വാഹനങ്ങൾ തലങ്ങും വിലങ്ങും.
പൂച്ചയാണ് ഡ്രൈവർ എങ്കിലും അവളുടെ മിടുക്ക് അപാരം തന്നെ.
എത്ര സ്പീഡിലാണ് വണ്ടിപോകുന്നത്, എന്നോർത്ത് എനിക്ക് അത്ഭുതം.
ഡ്രൈവർ പൂച്ചയും നല്ല ഹരത്തിലാണ്. കുറച്ചുദൂരം പിന്നിട്ടപ്പോൾ രംഗം ഇരുളുന്നു. വെയിലാറി തണൽവന്നപോലെ.
കുറേനേരം ഒന്നും ഓർമയുണ്ടായില്ല.
പഴയ രംഗം തീർന്നതാണോ പുതിയത് ആരംഭിക്കയാണോ എന്ന് ഒരു നിശ്ചയവുമില്ല.
പൊടുന്നനെ ഞാൻ സിനിമ പാരഡൈസോവിലേയ്ക്ക് എടുത്തെരിയപ്പെട്ടപോലെ.
എത്രയെത്ര സ്വപ്‌നങ്ങൾ. നാം മറന്നുപോകുന്നതോടെ അനാഥമാകുന്നവ.ഒക്കെ അല്ലെങ്കിൽ ഒരാളുടെ സ്വപ്നത്തിൽ മറ്റൊരാൾക്ക് എന്തുതാല്പര്യം.
വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ മനസ്സിൽ തിണർക്കും. അവയ്ക്ക് പലതിനും ജീവിതത്തിനും സ്വപ്നത്തിനുമിടയിലാണ് സ്ഥാനം എന്ന് തോന്നിപ്പോകാറുണ്ട്.
താൻ മരിച്ചുപോകുന്നതിനെപ്പറ്റി ബഷീർ പറഞ്ഞത് ഇങ്ങനെയാണ്.
‘കാണാത്ത ഗ്രഹങ്ങളും നക്ഷത്രങ്ങളും ചുറ്റിക്കറങ്ങാൻ വേണ്ടിയുള്ള യാത്ര,എന്ന്.’
മരിക്കാൻ പേടിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. എന്നാൽ, ചില മനുഷ്യർ മഹാത്മാക്കൾ മരണത്തെ സ്വാഗതം ചെയ്യുന്നതുകാണാം.ചിലരെക്കുറിച്ച് നാം പറയാറുണ്ട് -അയാൾക്ക് മരണഭയമേയില്ല എന്ന്.
എന്റെ ബാല്യകൗമാരങ്ങളിൽ എന്റെ തോന്നൽ ഇങ്ങനെയായിരുന്നു – ജീവിതമെത്രയാണ് മുന്നിൽ നീണ്ടു കിടക്കുന്നത്,എന്ന്!
എങ്കിൽ, എത്രപൊടുന്നനെയാണ് ജീവിതം സയന്തനത്തിലെത്തിയത്?ആൻഡ്രേ തർക്കോവ്സ്‌കിയുടെ സിനിമകളിൽകാണുന്ന മഞ്ഞിലൂടെ ഇഴയുന്ന കാലംപോലെ.
ചെറുപ്പത്തിൽ, തിരിമുറിയാമഴപെയ്യുമായിരുന്നു. ആറുമാസം . വീട് മേഞ്ഞിരിക്കുന്ന വരിവരിയായി നിൽക്കുന്ന ഓടിൽനിന്നും പച്ചപ്പായലിനോടോടൊപ്പം തിരിമുറിയാതെ പെയ്യുന്ന മഴ. പണ്ടത്തെ കാലം അങ്ങനെയായിരുന്നു.എത്ര കണ്ടിരുന്നാലും മതിയായിരുന്നില്ല. ചെറിയ ജീവിതത്തെ, ഓർമകൾ സിനിമപോലെ വലുതാക്കിയെടുക്കുന്നു . നല്ല ഓർമ്മകൾ, സിനിമയെപ്പോലെത്തന്നെ, ജീവിതത്തിന്റെ സാധാരണാനുപാതത്തെ അതിലംഘിക്കുന്നു. മനുഷ്യനെ അത് അതീതമായ ഒരു ജീവിതത്തിന് ഉടമയാ ക്കുന്നു.
സ്വപ്നവുമായുള്ള ഈ വേഴ്ച മനുഷ്യന് മരണത്തിൽ നിന്നുമുള്ള ഒരുതരം താൽക്കാലികവിസ്‌മൃതി സമ്മാനിക്കുന്നു.
കോവിഡ് സമ്മാനിച്ച ഒറ്റപ്പെടലിന്റെ ഒരു ലോകക്രമമുണ്ട്. നാം ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒന്നാണത്. കാഴ്ചകളുടെയും സകല ജ്ഞാന രൂപങ്ങളുടെയും മട്ടുംമാതിരിയും അത് മാറ്റിക്കളയും.വരാൻ പോകുന്ന എഴുത്തുകൾ ആ ലോകക്രമത്തിന്റെയായിരിക്കും.
ശാരീരികഅകലം എന്നൊരു ആശയം അധികാരികളും മനുഷ്യരും തെറ്റിപ്രയോഗിച്ചു. സാമൂഹ്യ അകലമായി അതിനെ നിർവചിച്ചു.പിന്നെ പലപ്രാവശ്യം തിരുത്തിയെങ്കിലും ഒരു ആദിബിംബം പോലെ ജീവിതത്തോടൊപ്പം അതുറച്ചുപോയി.പെൻഡെമിക് ആർക്കിടൈപ്പ്.
ലോകത്തിൽനിനും വീടുകളിലേയ്ക്ക് ഓടിയൊളിക്കുന്നത് ഒരു പെർഫോർമൻസ് ആയിചുരുങ്ങി , ജീവിതം . എല്ലാം സുരക്ഷിതമായിരിക്കുന്നു എന്നുതോന്നുമ്പോഴും ഡെമോക്ലീസിന്റ വാൾ പോലെയൊന്ന് നമുക്കുമേൽ തൂങ്ങിയാടുന്നു എന്നൊരാധി ഉള്ളിൽ ബാക്കിനിൽക്കുന്നു.
മരണത്തിന്റെ വ്യാഖ്യാനങ്ങൾ മെല്ലെ മാറി. മരിച്ചയാൾ കൂടുതൽ അന്യനും അപ്രാപ്യനുമായി. മരണഭീതിയാൽ മാത്രം മരിച്ചവരുടെ എണ്ണം കൂടി.സമൂഹത്തിൽ, ദർശന ബാഹ്യമായ ഒരു ‘റെറ്റൊറിക്’ രൂപംകൊണ്ടു .
മരണത്തിന്റെ എല്ലാ സൗന്ദര്യ തലവും ചുരണ്ടു കളയപ്പെട്ടു. സാംസ്‌കാരികമായി ഒരഭയസ്ഥാനമില്ലാത്ത വെറും ശരീരമായിമാറുന്ന മനുഷ്യാവസ്ഥ അംഗീകരിക്കപ്പെട്ടു.
മരണം ഏറെ നിഷ്ചേതനവും നിരാസ്പദവുമായ ഒരു കൺകെട്ടുവിദ്യ മാത്രമായി.
അതിന്റെ നടുമധ്യത്തിലേക്കായിരുന്നു ഈ സ്വപ്നങ്ങളൊക്കെ എടുത്തുചാടിയത്, ഞാൻ ജീവിക്കണമെന്ന സന്ദേശവുമായി.
(അവസാനിച്ചു )
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@gmail.com
ലേഖനം
വായനക്കുറിപ്പുകൾ
ലേഖനം
മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും
ഡോണ മേരി ജോസഫ്
അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.
littnowmagazine@gmail.com
ലേഖനം
ഡോക്ടർമാർ വെറും ചെണ്ടകളോ?
ഡോ .അനിൽ കുമാർ .എസ്.ഡി
മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.
മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.
ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.
കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.
ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.
ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.
സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.
മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.
ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.
ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.
ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.
littnowmagazine@gmail.com
You must be logged in to post a comment Login