കഥ
ഹർത്താലിൻ്റെ പിറ്റേന്ന്
Dr .S .D .അനിൽകുമാർ
വര_ സാജോ പനയംകോട്
നിലച്ചുപോയ ഘടികാരം സമയത്തെ പിൻതുടരാനായി നെട്ടോട്ടമോടുന്ന പുതിയ പ്രഭാതത്തിൽ നിരത്തുകൾ വാഹനക്കടലായി. ദീർഘമായ ഉറക്കത്തിന് ശേഷം പിടഞ്ഞെഴുന്നേറ്റ ഷട്ടറുകൾ ,വിൽപ്പനയ്ക്ക് നിരത്തിവച്ച മോഹക്കുരുക്കുകൾ തുറന്നിട്ടു. എച്ചിൽ തിരയുന്ന കാക്കകൾ പ്രതീക്ഷയുടെ കണ്ണുകളുമായി തിളയ്ക്കുന്ന ചായക്കടയിലേക്ക് ചിറകടിച്ചു. അണയ്ക്കാൻ മറന്നുപോയ വഴിവിളക്ക് സൂര്യനോട് പൊരുതിത്തോറ്റു നിരത്തിൽ നിന്നു. മരവിച്ച ഇരുമ്പുപിടികൾ തിരിഞ്ഞു തുറന്നുപിടിച്ച പലചരക്കുകടകൾ മുളകും മല്ലിയും ഉപ്പും ചേർത്തിട്ടും കറിയാകാതെ തണുത്തുറഞ്ഞു. ഉഴുന്നുവടയും പരിപ്പുവടയും പൊള്ളിയടർന്നപ്പോൾ ചായക്കലത്തിൽ പാലിൻ ചരുവം ചൂടുകാഞ്ഞു. ജ്യൂസുകടയിലെ കഴുകിക്കമഴ്ത്തിയ ചരുവത്തിൽ മധുരം തിരക്കി മരിച്ചു പോയ ഒരു ഉറുമ്പ് ശവമായി.ഷവർമാ തട്ടിൽ വെന്തമാംസം ഓർമ്മകൾ അയവിറക്കി.ഇന്നലത്തെ ഓർമ്മകൾ കുടഞ്ഞെറിഞ്ഞ് കാലം സ്വയം മാന്യനായി.
കവലയുടെ കിഴക്കേമൂലയിൽ ഒരു കിളിച്ചുണ്ടൻ മാവ് പൂവുകൾ കൊഴിച്ചിട്ട് കരഞ്ഞുകൊണ്ടിരുന്നു. ഞുറുങ്ങിയ വഴതനങ്ങയും പടവലവും ചതഞ്ഞ തക്കാളിയും റോഡിൽ ചിതറിക്കിടന്നു. എരിവ് വറ്റാത്ത പച്ചമുളകുകൾ ചതഞ്ഞരഞ്ഞ് റോഡിന് എരിവ് പകർന്നു. ചിതറിക്കിടന്ന പാവയ്ക്കയിൽ തെറിച്ചുവീണ ഒരു തുള്ളിച്ചോര കറുത്തു പറ്റിപ്പിടിച്ചിരുന്നു. തല്ലിത്തകർത്ത നിരപ്പലകകൾക്കിടയിൽ ഒരു കണ്ണടക്കാല് തകർന്ന് കിടന്നു. ഏതു സംഘർഷവും ഉടച്ചെറിയാത്ത കാഴ്ചയുടെ കരുത്തുപോലെ കുപ്പിഗ്ലാസ്സുകൾ കണ്ണടയിൽ ഉടയാതെ പറ്റിപ്പിടിച്ചിരുന്നു. തുറന്നു മലർന്നു കിടക്കുന്ന ഇരുമ്പ് മേശയുടെ കീഴെ ചില നാണയത്തുട്ടുകൾ നഗ്നരായി. ചതഞ്ഞൊടിഞ്ഞ ഒരു മൂന്നുരൂപ പേനയുടെ ചുവപ്പ് സൂര്യകിരണം തട്ടി തിളക്കമാർന്നു. കീറിയെറിഞ്ഞ ഒരു കണക്കുപുസ്തകത്തിൻ്റെ താളുകൾ അധികപ്പട്ടികയെ തെറ്റിച്ചു കൊണ്ടിരുന്നു. പഴുത്തുപോയ നാടൻ പഴങ്ങൾ ഇറുന്നു വീണു ഈച്ച മൂടി. വെട്ടിപ്പിളർന്ന നേന്ത്രക്കുലയിൽ കുരുക്ഷേത്രഭൂമിയെ ആരോ വായിച്ചെടുക്കുന്നു. വലിച്ചെറിഞ്ഞ കിഴങ്ങും ചേനയും ചേമ്പും ഭൂമിയിലേക്കുള്ള മടക്കയാത്രയുടെ വിസ കൊതിച്ച് ടാറിട്ട റോഡിൻ്റെ മദ്ധ്യത്തിൽ മണ്ണിനോട് യാചിച്ചു കിടന്നു.
കണ്ണുകൾ കണ്ട കാഴ്ചകൾ മനസിലേക്ക് പൊള്ളലായി തെറിച്ചുവീണു. കാതുകൾ കേട്ടതൊക്കെ കേൾവിയിൽ നിന്നും മായ്ച്ച് ഒളിച്ചോടിക്കൊണ്ടിരുന്നു. സമയം രാവിലെ 7 മണിയും 40 മിനിറ്റും. സ്ഥലം CI സുജിത്തും ഗ്രേഡ് SI രാജൻ കൈമളും മഹസ്സർ തയാറാക്കി. സീനിൻ്റെ ഫോട്ടോകൾ എടുത്തു. റൈട്ടർ സദാശിവനോട് FlR ഇടണം എന്ന് പറഞ്ഞു സുജിത്ത് ജീപ്പിൽ കയറി.
സദാശിവൻ സംശയത്തിൽ സുജിത്തിൻ്റെ മുഖത്തേക്ക് നോക്കി.
ആ നോട്ടം മനസ്സിലാക്കിയിട്ട് അത്ര ഇഷ്ടപ്പെടാത്ത ഭാഷയിൽ സുജിത്ത് സദാശിവനോടു പറഞ്ഞു.
“സദാശിവൻ, രാഷ്ട്രീയവും ഭരണവും സ്വാധീനവും ഒന്നും നോക്കണ്ട. ക്രൈം നടന്നതായി പരാതി കിട്ടി. പരാതിയിൽ കഴമ്പുണ്ടെന്ന് തോന്നി. FIR ഇടുന്നു.”
” സാർ, ജവാൻ മുക്കിൽ അവർക്കെതിരെ ആരും സാക്ഷിപറയില്ല.ഒടുക്കം കോടതിയിൽ എത്തുമ്പോൾ മജിസ്ട്രേറ്റ് നമ്മളെ കുടയും.”
സദാശിവൻ പോലീസിൻ്റെ പഴകിയ മാനുവൽ സ്വന്തം രാഷ്ട്രീയത്തിൽ മുക്കി വായിച്ചു. സുജിത്ത് അതിനുള്ള ഒറ്റമൂലി മൂന്നാം മുറയിൽ തട്ടിവിട്ടു.
“യഥാർത്ഥ സാക്ഷികളേയും പ്രതികളേയും പൊക്കുക. മൂന്നാംമുറകൊണ്ട് ആയാലും സത്യം കോടതിയിൽ തെളിയണം. പരമാവധി ശിക്ഷ ഉറപ്പാക്കണം.”
സദാശിവൻ ഒടുക്കം ഒരു ഹൂഗ്ളി സുജിത്തിന് നേരേ എറിഞ്ഞു.
“സാർ, രാവിലെ MLA വിളിച്ചിരുന്നു. ഹർത്താൽ ഒരു രാഷ്ട്രീയ പോരാട്ടമാണ് .അതിൻ്റെ ഭാഗമായി ഉണ്ടാവുന്ന ചില അതിക്രമങ്ങളെ ക്രിമിനൽ ആക്റ്റിവിറ്റിയായി കരുതരുതെന്നും പറഞ്ഞു. “
സുജിത്ത് സദാശിവനെ രൂക്ഷമായി ഒന്ന് നോക്കി.പഴയ കോളേജ് ക്രിക്കറ്റ് ടീം ക്യാപ്റ്റനല്ലേ. അങ്ങനെ ഹൂഗ്ളിയിൽ പതറില്ലല്ലോ. ടേണിനൊപ്പം വെറുതേ ബാറ്റ് ചരിച്ചു പിടിച്ചു. പന്ത് സ്ലിപ്പിനും തേർഡ്മാനും ഇടയിലൂടെ നിരങ്ങി ബൗണ്ടറി കടന്നു.
” സദാശിവൻ്റെ സുപ്പീരിയർ MLA യല്ല, ഞാനാണ്. മാത്രമല്ല ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ ഞാനാണ്. ഈ കേസിൽ എനിക്ക് മുകളിൽ മജിസ്ട്രേറ്റ് കോടതി മാത്രം. FIR എഴുതുക.ഇന്ന് തന്നെ കോടതിയിലേക്ക് അയക്കുക . വധശ്രമത്തിനുള്ള വകുപ്പു കൂടി ഇടണം.”
സദാശിവൻ പിന്നെ ഒന്നും പറഞ്ഞില്ല. ജീപ്പ് പോലീസ് സ്റ്റേഷനിൽ എത്തിയതുവരെ മൂന്നു പേരും ഒന്നും മിണ്ടിയില്ല.
മരണം പോലെ നിലച്ച ജീപ്പിൽ നിന്നും പ്രേതങ്ങളെപ്പോലെ അവർ പുറത്തിറങ്ങി. സ്റ്റേഷൻ മുറ്റത്തെ പുളിയിൽ നിന്നും പുളിച്ചജീവിതം ഞെട്ടറ്റു വീണുകിടന്നിരുന്നു. പാറാവുകാരൻ്റെ പതിവ് ഗോഷ്ടിയും കടന്ന് സുജിത്ത് സ്റ്റേഷന് ഉള്ളിലേക്ക് കടന്നു.വലതു വശത്തെ ലോക്കപ്പിൽ അൽപ്പവസ്ത്രധാരിയായ ഞരമ്പൻ തോമ വിശപ്പിനെപ്പഴിച്ച് നാവുനീട്ടി.അവനെയൊന്ന് ഉഴിഞ്ഞു നോക്കി സുജിത്ത് നാവിനെ മൗനത്തടവറ ചാടിച്ചു.
” പത്രോസേ, ഇവനു രാവിലെ ഞണ്ണാൻ വല്ലതും കൊടുത്തോ? “
” സ്റ്റേഷനിലിട്ട കാപ്പി കൊടുത്തു സാർ. രണ്ട് ദിവസം ഹർത്താലായതിനാൽ മേരിയുടെ കട തുറന്നതേയുള്ളൂ . ദോശമാവ് പുളിയ്ക്കാനായി ലേശം താമസിക്കുമെന്നാണ് അവൾ പറഞ്ഞത്. ദോശയായാൽ ഇവനെ തീറ്റിക്കാം.”
” പത്ത് മണിക്ക് കോടതിയിൽ ഹാജരാക്കണം ,മെഡിക്കലും എടുക്കണം.”
” യെസ്സ് സാർ .”
പതിവു വഴിയിലൂടെ റൂമിലോട്ടു കയറി കറങ്ങുന്ന കസേരയിലിരുന്ന് ലാൻ്റ് ഫോൺ ഡിസ്ക്കണക്റ്റ് ചെയ്തു. മൊബൈൽ ഓഫാക്കി പോക്കറ്റിൽ തള്ളി. കണ്ണടച്ച് മനസ്സുകൂർപ്പിച്ച് ആരോടോ സ്വയം കലഹിച്ച് ചുരുണ്ടുകൂടി. മുപ്പത്തിയേഴുകാരനായ സുജിത്ത് എത്ര പെട്ടെന്നാണ് ചെറുപ്പത്തിലേക്ക് യാത്രയായത്. കുട്ടിക്കാലത്തിലൂടെ ഊളിയിട്ടിറങ്ങിയപ്പോൾ സ്നേഹിക്കാനും ആ സ്നേഹം പകർന്നു നൽകാനും മാത്രം അറിയാവുന്ന ഒരു അപ്പനും അപ്പൻ്റെ നിഴലായ അമ്മച്ചിയും കൊഞ്ചിച്ച് മടുക്കാത്ത കൈക്കുഞ്ഞായ അനിയത്തിയും ഓർമ്മകൾക്ക് തീപിടിപ്പിച്ചു.
ഉത്സവമായിരുന്ന ജീവിതം, ആളൊഴിഞ്ഞ പറമ്പായപ്പോൾ പള്ളിക്കാട്ടിലെ തെമ്മാടിക്കുഴിയിൽ കിടന്ന് അപ്പൻ നിലവിളിച്ചു. ഏത് മൗനത്തിലും ആ നിലവിളി കാതുകളെ പഴുപ്പിക്കുന്നു.
” മകനേ, അപ്പൻ ചെയ്യുന്നത് ക്രൂരതയാണ്. എന്നാലും അപ്പന് സഹിക്കാൻ പറ്റാഞ്ഞിട്ടാണ്. അമ്മച്ചിയേയും ഉണ്ണിമേരിയേയും നീ നോക്കണം. അപ്പൻ ചതിച്ചതായി തോന്നരുത്.”
നീലിച്ചു തൂങ്ങിയ തണുത്ത കൈകളിൽ മുറുക്കെപ്പിടിച്ചിരുന്ന എഴുത്തിൽ ഇനിയും അക്ഷരങ്ങളും അക്കങ്ങളും ധാരാളം ഉണ്ടായിരുന്നു. പതിനഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും ആ ചൂട് ഹൃദയത്തെ കത്തിക്കുന്നു. തലച്ചോറിനെ ഭ്രാന്തമാക്കുന്നു.
“രാമചന്ദ്രനെ കണ്ട് നമ്മുടെ കമ്പനിയുടെ കടവും പ്രശ്നങ്ങളും ബോധ്യപ്പെടുത്തിയതാണ്. അവന് പകയാണ്. അവനേക്കാൾ കൂടുതൽ മുദ്രാവാക്യങ്ങൾ വിളിച്ചിട്ടുള്ളവനാണ് ഞാൻ.സമ്പത്തിൻ്റെ നല്ലൊരു പങ്ക് പാർട്ടിക്കായി തീർത്തവനുമല്ലേ ഞാൻ. നാട്ടുകാരനെ നക്കിത്തിന്നാൻ മേലാത്തതിനാലാണ് സ്വന്തമായി ഒരു പ്ലാസ്റ്റിക് കമ്പനി തുടങ്ങിയത്. മുതലാളിയായതിനാൽ പാർട്ടിയിൽ നിന്നും ലീവും എടുത്തു. പാർട്ടി ഒത്തിരി മാറിപ്പോയി. അതൊന്നും നിന്നോട് പറയുന്നില്ല. പഞ്ചായത്ത് ഭരണവും പാർട്ടി സ്വാധീനവും വച്ച് അവന്മാർ കമ്പനി പൂട്ടി. നീ അവന്മാരോട് പോരാടാനോ ഈ കത്ത് പോലീസിനേയോ മീഡിയയേയോ കാണിക്കുകയോ വേണ്ട. പഠിച്ച് ഒരു ജോലി വാങ്ങുക. നിൻ്റെ ആഗ്രഹം പോലെ IPS കിട്ടിയില്ലെങ്കിലും ഒരു SI എങ്കിലും ആകുക.”
ഓർമ്മകൾ തിക്കുമുട്ടിയപ്പോൾ സുജിത്തിന് ശ്വാസം വിലങ്ങുന്നതായി തോന്നി.മൺകൂജയിൽ നിന്നും ലേശം തണുത്ത വെള്ളം കുടിച്ചു. ഉള്ളിലാകെ പഴുത്തുപൊട്ടിയൊലിച്ച ഇന്നലെകൾ കുത്തിവലിച്ചു.
യാന്ത്രികമായി കൈകൾ ബെല്ലിലേക്ക് നീങ്ങി. രാജൻ കൈമളാണ് വന്നത്. കൈമൾ അകത്തുകയറി സല്യൂട്ടും നൽകി നിന്നു. പറയണോ വേണ്ടയോ എന്ന ഒരു സംഘർഷം കൈമളിൻ്റെ മുഖത്ത് ഓളം വെട്ടി.
സുജിത്ത് കൈമളിൻ്റെ മുഖത്തേക്ക് നോക്കി.പിന്നെ പതിയെ ചിരിച്ചു. താൻ ചിരി മറന്നു പോയിട്ട് മണിക്കൂറുകളായി എന്ന് സുജിത്തിന് തോന്നി. സത്യത്തിൽ ഹൃദയം വിരിയുന്ന ചിരി തന്നെ വിട്ടുപോയിട്ട് 15 വർഷങ്ങളായിരിക്കുന്നു.
കൈമൾ എന്തോ പറയാൻ തുടങ്ങി. പിന്നെ നിശബ്ദനുമായി.
“കൈമൾ പറഞ്ഞോളൂ”
“സദാശിവൻ FIR എഴുതില്ല സാർ, DYSP വിളിച്ചിരുന്നു. തൽക്കാലം FIR ഇടേണ്ട എന്നാണ് സാർ പറഞ്ഞത്. “
“കൈമളേ, സ്വൽപ്പം താമസിച്ചുപോയല്ലോ.ഞാൻ ഓൺലൈനായി FIR ലോഡുചെയ്തു. 302 ।pc യും ഇട്ടിട്ടുണ്ട്. ലോക്കൽ സെക്രട്ടറിയും കണ്ടാലറിയാവുന്ന ഒരു കൂട്ടം ആളുകളുമെന്നാണ് FIR. “
” എല്ലാം കുഴഞ്ഞല്ലോ സാർ. അവർ വെറുതേ ഇരിക്കില്ല. എന്തും ചെയ്യാൻ മടിക്കാത്തവരാണ് അവർ.”
” ഞാനും എന്തും ചെയ്യുവാൻ മടിക്കാത്തവനാണ് കൈമളേ. ഇവൻ്റെയൊക്കെ വിളച്ചിൽ കണ്ട് വിരളുന്നവനുമല്ല. FlR ൻ്റെ മൂന്ന് കോപ്പി എടുക്കുക. നമുക്ക് ഒരു ഹാർഡ് കോപ്പി കോടതിയിൽ കൊടുത്തിട്ട് ഇന്നുതന്നെ സെർച്ച് വാറൻ്റ് വാങ്ങാം.”
” സാർ DYSP വരുമെന്ന് പറഞ്ഞിട്ടുണ്ട്. “
” ശേഖരൻ സാറിന് കാര്യങ്ങൾ എളുപ്പം മനസ്സിലാകും. ഞാൻ CJM നെ കാണുവാൻ പോയി എന്നു പറഞ്ഞാൽ മതി.”
കൈമൾ വരണ്ടുണങ്ങിയ തൻ്റെ മുഖവുമായി നാക്കുകൾ കൊണ്ട് ചുണ്ടുകൾ നനച്ച് മിഴിച്ചു നിന്നു.
സമയം 9 മണികഴിഞ്ഞിട്ടേയുള്ള. മാർച്ചിൻ്റെ വരണ്ട ചൂട് പൊടിമൂടിയ പാതകളെ കുറേക്കൂടി അസഹനീയമാക്കി. ഉള്ളിലെ ചൂടും മനസ്സിലെ ചിന്തകളിലെ മണൽക്കാറ്റും സുജിത്തിന് അസഹ്യമായി തോന്നി. രാവിലെ കുളിച്ചതുമില്ല. ഏതായാലും ക്വാർട്ടേഴ്സിൽ പോയി ഒന്ന് കുളിക്കാം. ബൊളീറോ മൈതാനത്തിൻ്റെ വടക്ക് പാർക്കുചെയ്ത് പതിയെ നടന്ന് ക്വാർട്ടേഴ്സിൽ എത്തി. ഒന്നു കുളിച്ചു. പതിയെ നടന്നു ബൊളീറോയുടെ അടുത്തെത്തി. DYSP യുടെ ഗൺമാൻ ബൊളീറോയിൽ ചാരിനിൽക്കുന്നുണ്ട്. ഫയലുകൾ എടുത്തത് നന്നായി. ഇപ്പോൾ ബൊളീറോയുടെ അടുത്തേക്ക് പോകണ്ട. ശേഖരൻ സാറിൻ്റെ ദൂതുമായി വന്നതാണ് ജോസ്. ഒരു ആട്ടോയെടുത്ത് കോടതി വളപ്പിലേക്ക് പോകാം. കോപ്പിയെടുത്ത് മജിസ്ട്രേറ്റിനെ ചേംബറിൽ കയറി കാണാം.9.30 ആയപ്പോൾ കോടതിയിലെത്തി. നല്ല ഉച്ചി പിളർക്കുന്ന വെയില്. പതിയെ നടന്ന് കോടതിയുടെ കിഴക്കുള്ള ഫോട്ടോസ്റ്റാറ്റ് കടയിൽ കയറി. കടയ്ക്കകത്തേക്ക് കയറി കുനിഞ്ഞു നിന്നു. ഫോട്ടോസ്റ്റാറ്റിൽ ഒപ്പിട്ടു. സീലുകൾ ബാഗിൽ കരുതിയത് ഭാഗ്യം. സീൽ പതിച്ച് ആലിൻ്റെ ചുവട്ടിലൂടെ നടന്നു. അന്നും ഒരു കിളി പതിവ് തെറ്റിച്ചില്ല. ഇന്ന് ഇടുതുകൈയാണ് ക്ലോസറ്റാക്കിയത്. CJM ൻ്റെ റൂമിനടുത്ത് എത്തിയപ്പോൾ ബഞ്ച് ക്ലാർക്ക് ജെസ്സി അർത്ഥം വച്ച് ചിരിച്ചു.
“ഇന്ന് മാഡവും നേരത്തേ വന്നു. കണ്ണുകളിൽ ആരെയോ തിരയുന്ന ഭാവവും ഉണ്ടായിരുന്നു. കാത്തിരുന്ന് വിശന്നതല്ലേ കാപ്പി കുടിക്കുന്നു. ഞാൻ ഒന്ന് ചോദിക്കട്ടേ.”
ഇതും പറഞ്ഞ് വല്ലാത്തൊരു ചിരിയോടെ ജെസി CJM ൻ്റെ ചേംബറിലേക്ക് പോയി.
ഒരു നിമിഷം കഴിഞ്ഞപ്പോൾ തിരികെ വന്നു. മുഖത്ത് വേർതിരിച്ച് പറയാനാവാത്ത ഒരു ഭാവം.
” എപ്പോഴും ഇപ്പോഴും തുറന്നിട്ടിരിക്കുന്ന വാതിലല്ലേ സാർ, കയറിച്ചെല്ലാൻ CJM പറഞ്ഞു. “
എന്നിട്ട് അവൾ അർത്ഥം വച്ച് ഒന്ന് മൂളി.
എൻ്റെ മനസ്സിൽ ആശങ്കയും വിമ്മിഷ്ടവും ആയിരുന്നു അപ്പോഴും നിറഞ്ഞിരുന്നത്.
” സുജിത്തേ, നീ ഈ എടുത്തുചാട്ടം കുറയ്ക്കണം. നീ മാത്രം വിചാരിച്ചാൽ നന്നാവാൻ ലോകം നീ കൂട്ടിലിട്ടു വളർത്തുന്ന പട്ടിയല്ല.”
ഗായത്രിയുടെ പരിഭവം കലർന്ന ഈ വാക്കുകൾ ഇപ്പോഴേ എൻ്റെ കാതിൽ മുഴങ്ങി.
ആശങ്കയോടെ ഗായത്രിയുടെ റൂമിലേക്ക് കയറി. ഔദ്യോഗികമായ ഒരു വിഷും കൊടുത്തു.
അവൾ എൻ്റെ മുഖത്തേക്ക് കണ്ണുകൾ ഉയർത്തി നോക്കി.പിന്നെ ചെറുതായി ചിരിച്ചു. ആ കണ്ണുകൾ കൊണ്ടുതന്നെ ഇരിക്കാനായി ആംഗ്യവും കാട്ടി. ഫയലുകൾ വായിക്കുമ്പോഴും ചുണ്ടിൽ ചെറിയ ചിരി വരുന്നുണ്ടായിരുന്നു.
” സുജിത്ത് വിഴുങ്ങുന്നത് പെരുമ്പാമ്പാണെന്ന് മനസ്സിലാക്കിയാണോ ഈ സാഹസം? ജില്ലാ ജഡ്ജി പീറ്റർ സാർ വിളിച്ചിട്ട് ഇപ്പോൾ വച്ചതേയുള്ളൂ .തൻ്റെ അപേക്ഷ നിരസിക്കണമെന്നും റെയ്ഡിന് അനുമതി കൊടുക്കരുതുമെന്നാണ് സാർ പറഞ്ഞത്. “
സുജിത്ത് CJM ൻ്റെ മുഖത്തേക്ക് നോക്കി ദയനീയഭാവത്തിൽ നിന്നു. അവൻ്റെ ശരീരഭാഷയിൽ തോറ്റുപോയ ഏതോ ലിപികൾ വായിച്ചെടുക്കാം. ഏത് നിർണ്ണായക നിമിഷത്തിലും അവൻ ഈ കോഡുഭാഷയിലൂടെ സ്വയം ഉരുകാറുണ്ടെന്ന് ഗായത്രി ഓർത്തു. ചിലരുടെ ചിലവേദനകളും ചുരുക്കം ചിലരുടെ എല്ലാവേദനകളും സ്നേഹം കൊണ്ട് തൊട്ടറിയാനാവുമല്ലോ. ആ തിരിച്ചറിവിൽ എന്നും തനിക്ക് ഇവനോട് പറ്റില്ല എന്ന് പറയാനാവില്ലല്ലോ.
ഗായത്രി ചിരിച്ചുകൊണ്ട് തുടർന്നു.
“സാറിനെ ഞാൻ ഒരിക്കലും നിഷേധിച്ചിട്ടില്ലല്ലോ. എൻ്റെ ജീവിതം തന്നെ നിനക്ക് വേണ്ടിയുള്ള കാത്തിരിപ്പല്ലേ സുജിത്ത്. നിൻ്റെ കൂട്ടുകാരിയായും കാമുകിയായും മാറി മാറി അഭിനയിച്ച് തീരാനുള്ളതല്ലേ എൻ്റെ ഈ ജീവിതം.”
ഹൃദയം കോറുന്ന വാക്കുകൾ വാരിവിതറി CJM ഓർഡറുകൾ ഒപ്പിട്ടു.
ബഞ്ച് ക്ലാർക്ക് ജെസ്സിയുടെ കുസൃതി നോട്ടങ്ങൾ തഴുകി പുറത്തിറങ്ങിയ സുജിത്ത് കൈയ്യും കാലും ഒന്ന് വലിച്ചു കുടഞ്ഞു. അപ്പോൾ പുറത്ത് പതിവിലും നേരത്തേ എത്തിയ ഉച്ചവെയിൽ ഉരുകി ഒലിച്ചുകൊണ്ടിരുന്നു. വരണ്ടു കീറിയ തൊണ്ട ബോഞ്ചിയിൽ തണുപ്പിച്ച് CI ബൊളീറോയെ തിരക്കി, കിട്ടിയ ഒരു ഓട്ടോയിൽ യാത്രതുടങ്ങി. ഓട്ടോയിലിരുന്ന് ഓഫാക്കിയ ഫോണിനു ജീവൻ കൊടുത്തു. അനുവദിച്ചു കിട്ടിയ ജീവനിൽ ആവശ്യത്തിനും അനാവശ്യത്തിനും ചിലച്ച് ഫോൺ ഒരു തലവേദനയായി . മറുപടികൾ പറഞ്ഞു നാവു കുഴഞ്ഞിട്ടും ഫോൺ ചോദ്യങ്ങൾ തൊടുത്തുവിട്ടു കൊണ്ടിരുന്നു.
ഒടുക്കം SP വിൻസൻ്റ് ജോർജ് ഫോണിലൂടെ പൊട്ടിത്തെറിച്ചു.
” സുജിത്തേ, പോലീസ് ഡിപ്പാർട്ട്മെൻ്റിൽ ഒരു CI മാത്രമല്ല .ഒരു കേസിനെ ഭരിക്കുന്ന കക്ഷിക്കെതിരെ തിരിച്ചിട്ട് നിനക്ക് സന്തോഷമായി വിലസാമെന്ന് കരുതണ്ട. CJ M ൻ്റെ ഓർഡറിൻ്റെ മേനി നീ കൂടുതൽ ഉലത്തണ്ട. CJM ന് മുകളിൽ പല കോടതികളും CI യ്ക്ക് മുകളിൽ പല പോലീസുകാരും പിന്നെ മന്ത്രിയും ഒരു ഭരണകൂടവും ഉണ്ടെന്ന് നീ മനസ്സിലാക്കുക.”
അതുകൊണ്ടും അരിശം തീരാതെ SP തുടർന്നു.
“പരമേശ്വരൻ നായരുടെ പെട്ടിക്കട തല്ലിപ്പൊളിച്ചതും അയാളുടെ മുഖത്ത് പിച്ചിയതുമായ കേസ് നിൻ്റെ കൈയിൽ നിന്നും മാറ്റി ഇന്നു തന്നെ ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കും .നിന്നെ അട്ടപ്പാടിയിലേക്ക് മാറ്റുകയോ, സസ്പെൻറ് ചെയ്യുകയോ ചെയ്യും. നീ ഇങ്ങനെ വിളഞ്ഞാൽ ഒരു പടമായി ഭിത്തിയിൽ കയറ്റാനും അവർ മടിക്കില്ല. നീ ഈ നാട്ടിലല്ലേ ജീവിക്കുന്നത്? നിനക്ക് അവരെ വേദനിപ്പിച്ചിട്ട് സുഖമായി കഴിയാമെന്ന് കരുതുന്നുണ്ടോ? “
Yes sir എന്ന് ആവർത്തിച്ച് പറഞ്ഞു പറഞ്ഞു ഞാൻ പല തെറികളും വിഴുങ്ങി. MLA യും മന്ത്രിയും ജില്ലാ സെക്രട്ടറിയും അവർക്കറിയാവുന്ന എല്ലാതെറികൾ കൊണ്ടും എന്നെ അലങ്കരിച്ചു. താൻ ജീവനേകിയ ഫോൺ എനിയ്ക്ക് തന്നെ ഉദകക്രീയ ചെയ്യുന്ന പ്രതിസന്ധിയിൽ അവനെ വീണ്ടും ഓഫാക്കി ഞാൻ വേട്ടയിലേക്ക് കടന്നു.
വേട്ടകളുടെ തിരക്കേറിയ ഒരു പകലിന് ശേഷമാണ് പരമേശ്വരൻ പിള്ളയെ കാണാൻ പോയത്. പഴക്കം അലങ്കാരമായ ഒരു നാലുകെട്ടിലാണ് പിള്ളയുടെ താമസം. വൃക്ഷബാഹുല്യത്താൽ ഒരു വനമാണോ എന്ന് സംശയിക്കാവുന്ന വിസ്തൃതമായ ഒരു പുരയിടത്തിൻ്റെ ഒത്തനടുക്കാണ് നാലുകെട്ട്. പഴയതും മങ്ങിയതുമായ നിറങ്ങൾ അലങ്കരിച്ച വീടിൻ്റെ മുന്നിൽ ഒരു അശോകം പൂവിട്ടു നിൽക്കുന്നു. മുറ്റത്ത് നിൽക്കുന്ന നാട്ടുമാവിൽ നിന്നും കൊഴിഞ്ഞ പൂക്കളും ഉണ്ണിമാങ്ങകളും മുറ്റത്ത് ഒരു ഛായാചിത്രമായി പരിണമിച്ചു . കിഴക്കോട്ടുള്ള ഒരു നാലുപാളിക്കതകിൽ ക്ലാവുപിടിച്ചു കറുത്ത പിടി മുഴച്ചു നിന്നു. മുറ്റത്തോട്ടു പാറിവീഴുന്ന അരണ്ട വെളിച്ചം തൂക്കിയിട്ടിരിക്കുന്ന ഒരു LED ബൾബിൻ്റെ സംഭാവന. ജീപ്പിൻ്റെ ഇരമ്പലിൽ ലേശം പരിഭ്രമിച്ച വൃദ്ധയായ ഒരു സ്ത്രീ തലനീട്ടി.
ആഗമനോദ്ദേശം വെളിപ്പെടുത്തിയപ്പോൾ മനസ്സില്ലാമനസ്സോടെ അവർ എന്നെ ഉള്ളിലേക്ക് ആനയിച്ചു. ആവശ്യത്തിന് ലൈറ്റപ്പ് ഇല്ലാത്ത വരാന്തയിൽ ഒരു ചാരുകസാലയിൽ പിള്ള കിടക്കുന്നു. നോട്ടം അകത്തളത്തിലൂടെ എത്തിനോക്കുന്ന ആകാശക്കീറിൽ. വാരിവിതറിയ മൺചെരാതുപോലെ ആ കീറിൽ നിറയെ നക്ഷത്രത്തിളക്കങ്ങൾ. വരാന്തയുടെ കിഴക്കേമൂലയിലെ ചുവരിൽ ഇരുപതു വയസ്സു തോന്നിക്കുന്ന സുന്ദരനായ ഒരു ചെറുപ്പക്കാരൻ്റെ പഴക്കമുള്ള വർണ്ണച്ചിത്രം. അതിൽ കാലം നിറംകെടുത്തിയ ഒരു മാല. താഴെ വിളക്കെണ്ണവീണ് കറുത്തുപോയ ഓട്ടുവിളക്ക്.
ചതഞ്ഞമാറും പൊട്ടിയടർന്ന മൂക്കിൻ്റെ പാലവും ഒടിഞ്ഞു നുറുങ്ങിയ ഇടതുകൈത്തണ്ടും ഒരു ഹർത്താലിൻ്റെ തിരുശേഷിപ്പായി തുറന്നു കാട്ടി പിള്ള ഒറ്റുകാരനെ തുറന്നു കാട്ടി. 80 കഴിഞ്ഞ ആ വൃദ്ധൻ സ്വന്തം കഥ വേദനയോടെ ഉറക്കെ വായിച്ചു. അവശേഷിക്കുന്ന അവകാശിയായി മകൻ അകത്തെ മുറിയിൽ 50 കഴിഞ്ഞിട്ടും പിച്ചവച്ച് നടക്കാതെ കിടക്കുന്നു. രണ്ടാമനെ 28 വർഷങ്ങൾക്ക് മുമ്പിൽ നിലമേൽ കോളേജിൽ രക്തസാക്ഷിയാക്കി കാലം ഭിത്തിയിൽ തൂക്കി. ശവം കൈക്കലാക്കിയവർ കവലയിൽ തട്ടിക്കൂട്ടിയ രക്തസാക്ഷിമണ്ഡപത്തിൽ തടവിലിട്ട കഥയും വിവരിച്ചു.
എന്നിലെ പോലീസ് ചാടിയെഴുന്നേറ്റു.
” രക്തസാക്ഷിയുടെ വൃദ്ധനായ പിതാവിനെ തല്ലി കൊല്ലാറാക്കാനും കട തല്ലിപ്പൊളിക്കാനും എന്താണ് പ്രകോപനം.”
” ഹർത്താൽ ദിനത്തിൽ കടതുറന്നത്. “
” പാർട്ടിയുടെ അനുഭാവിയായ താങ്കൾ കട തുറന്നതെന്തിന്? “
” മലക്കറിയേയും പഴങ്ങളേയും പരിചരിക്കാൻ.”
“എന്തിന്? “
” മലക്കറിയും പഴങ്ങളും ഒരുപുറം കിടന്നു നീറാതെ ഒന്ന് തിരിച്ചിടാനാണ് പോയത് . അവർ ഒന്നും തിരിച്ചറിയാൻ കൂട്ടാക്കിയില്ല.”
” താങ്കൾ പരാതിയിൽ ഉറച്ചു നിൽക്കുന്നുണ്ടോ? “
” എനിക്ക് ഒരു വാക്ക് മാത്രം.”
സമയം രാത്രിയാവുന്നു.രാത്രിയാത്രയില്ല.
ഗേറ്റു കടന്ന് ബൊളീറോ കുറേ നേരം ഓടി. ഏതോ ഒരു വാഹനം എന്നെ പിന്തുടരുന്നതായി തോന്നി.ചുവന്ന ഒരു ഇന്നോവയാണ് പിന്തുടരുന്നത്. എനിക്ക് എന്തോ പന്തികേട് തോന്നി. മെയിൻ റോഡിൽ കയറിയപ്പോൾ ഇന്നോവ എൻ്റെ ഇടതുവശത്തുകൂടി പാരലലായി ഓടിക്കൊണ്ടിരിക്കുകയാണ്.എനിക്ക് സ്വാഭാവികമായും റോഡിൻ്റെ നടുക്കോട്ട് വണ്ടി മാറ്റേണ്ടി വരും.ഇന്നോവ വളരെ കൗശലപൂർവ്വം എന്നെ റോഡിൻ്റെ നടുവിലോട്ട് തള്ളുന്നുണ്ട്. ഡിവൈഡർ ഇല്ലാത്ത റോഡ് ആയതിനാൽ ഈ യാത്ര അപകടകരം. ഞാൻ വേഗത കൂട്ടിയും കുറച്ചും നോക്കി. എന്നാൽ അവർ ഒറ്റയ്ക്ക്ല്ലായിരുന്നു. ഏകദേശം ഒരു ഡസൺ വാഹനങ്ങൾ ഈ ഗുണ്ടകൾക്ക് കാണും. ഫോൺ ഓണാക്കി രാജൻ കൈമളിനെ വിളിക്കണോ ,അതോ റോഡ് കട്ട് ചെയ്ത് വലത്തോട്ട് കേറി By road പിടിക്കണോ എന്ന് ഞാൻ ആലോചിച്ചു.പെട്ടെന്ന് ഒരു By road കണ്ടു. ഞാൻ വണ്ടി വലത്തോട്ടു തിരിച്ചു. ഈ ലോറി എൻ്റെ പുറകിൽ എങ്ങനെ വന്നു എന്നെനിക്കറിയില്ല. വലതു വശത്ത് എന്നിലേക്ക് ഇടിച്ചു കയറി വരുന്ന ആ ലോറിയെ കണ്ടതും എൻ്റെ ഓർമ്മ പോയി.
എനിക്ക് അപ്പൻ്റെ മോനേ എന്ന വിളികേൾക്കാം.
” മോൻ സൂക്ഷിക്കണം, അപ്പന് പറ്റിയതുപോലെ ഒരു ചതി മോന് പറ്റരുത്.”
അപ്പൻ ഈ പറഞ്ഞത് ഞാൻ വ്യക്തമായി കേട്ടതാണ്. എപ്പോഴാണ് എന്നെ ഒരു ശവമായി ബൊളീറോ പൊളിച്ച് എടുത്തതെന്ന് എനിക്കറിയില്ല. ഇടത്തേ സീറ്റിൽ കിടന്ന ഫയല് കാണാതായത് എങ്ങനെയെന്നും അറിയില്ല. സത്യത്തിൽ ഞാൻ വെറും പോലീസുകാരൻ മാത്രം.
പാർട്ടിയുടെ നിഴലായിരുന്ന എൻ്റെ അപ്പനെ ആത്മഹത്യ ചെയ്യിച്ചതെന്തിനെന്നും ഒരു രക്തസാക്ഷിയുടെ വൃദ്ധനായ പിതാവിനെ കൊല്ലാറാക്കിയതെന്തിനെന്നും ഇന്നേവരെ ചോദിച്ചറിയാൻ കഴിയാത്ത ഞാൻ പോലീസാണോ ? വെറും പൗരനാണോ? ആത്മാഭിമാനമുള്ള ഒരു മനുഷ്യനാണോ?
littnow.com
design : sajjaya kumar
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@lgmail.com
You must be logged in to post a comment Login