സാഹിത്യം
ക്രിസ്തുവിനെ
തേടുന്ന പോപ്പ്…

നോട്ടം 11
പി കെ ഗണേശൻ

“ഹലോ…
ട്രാവൽസ് ഓഫീസല്ലേ..”
ഓഫീസിന്റെ പേര് ചോദിച്ചുറപ്പാക്കുന്നു
“ഒരു എയർടിക്കറ്റ്,ഫ്രം റോം ടു ലെംപെടൂസ…”
“ഓൺലൈനിൽ ശ്രമിക്കൂ, അങ്ങനെയെങ്കിൽ സാമ്പത്തികമായി മെച്ചമുണ്ട്.”
“ഇവിടെ വൈഫൈ പ്രശ്നമാണ്…”
“എങ്കിൽ പേര് പറയൂ…”
“ബെർഗോലിഗ്ലിയോ”
“പോപ്പിന്റെ പേരുപോലെ തോന്നുന്നു…”
“അതെ..”
“പിൻകോഡ് പറയൂ.”
“പിൻകോഡ് അറിയില്ല,
സ്ഥലം
വത്തിക്കാൻ…”
“ഹൊ, രസകരം…”
അപ്പുറത്ത് അമ്പരപ്പ്.ഫോൺ നിശബ്ദമാകുന്നു..
ഇങ്ങനെയൊരു പോപിനെ, ഇത്രയും ലളിതമായി ജീവിതം ആവിഷ്കരിക്കുന്ന ഒരു പോപിനെ,
റോമിന്റെ സർവാധികാരി കൂടിയായ പോപിനെ ഇതുവരെ ലോകം കണ്ടിട്ടില്ല.ഇൻറർനെറ്റ് കണക്ഷനില്ലാത്ത പോപ്, ഭരണാധികാരി!
സെൻട്രിഗാഡിനോട് ഒടുവിൽ തന്റെ സ്വന്തം നിസ്സാഹയത പറയുന്നു.അമ്പരപ്പോടെ സെൻട്രിഗാഡ് ഇൻറർനെറ്റ് ഇതിൽ ലഭ്യമാണ് എന്ന് പറഞ്ഞുകൊണ്ട് സ്വന്തം സ്മാർട് ഫോൺ കൈമാറുന്നു.ആ സെൻട്രിഗാഡിനു മുന്നിൽ അങ്ങനെയൊരു പോപ് ആദ്യമായാണ്.
ഇത്രയും ലളിതമായി അധികാരം ആവിഷ്കരിക്കുന്നവരുണ്ട് എന്ന് കാണുമ്പോൾ, അനുഭവിക്കുമ്പോൾ ഇപ്പോഴും അമ്പരപ്പാണ്.ലോകത്തിൻറെതന്നെ അമ്പരപ്പാണ് ആ സെൻട്രിഗാഡിൻറെ മുഖത്ത് കണ്ടത്.അധികാരകസേരയിലമർന്നിരുന്ന് ഗർജിക്കുന്ന സിംഹങ്ങളെയാണ് ലോകത്തിനു കൂടുതൽ പരിചയം.
റേഷൻ ഷാപ്പിൽ,ധർമ്മാശുപത്രിയിൽ,തീവണ്ടിയാപ്പീസിൽ ക്യു നിൽക്കുമ്പോൾ എത്ര വലിയവനാണെങ്കിലും സാധാരണ പൗരനാണ്.ഈ സാധാരണത്വത്തെ ബ്രേക്ക് ചെയ്യുന്നുണ്ട് അധികാരത്തിലൂടെ തരപെടുന്ന പ്രിവിലേജ്.
ജനാധിപത്യ ക്രമത്തിൽ പോലും നമ്മുടെ ഭരണാധികാരികളിലേക്ക് നേർവഴികളില്ല.സാമാന്യജനതയ്ക്ക് റീച്ചില്ല.
നിലവിലുള്ള പോപ് ബെനഡിക്ട് ആരോഗ്യകരമായ കാരണങ്ങളാൽ രാജിവെക്കാൻ തീരുമാനിച്ചതിനെ തുടർന്ന് പുതിയ പോപായി വത്തിക്കാൻ പേപൽഭൂരിപക്ഷസമൂഹം പ്രഥമനായി പരിഗണിക്കുന്ന അർജൻറീനക്കാരനായ ബെർഗോലിഗ്ലിയോ
വത്തിക്കാൻ വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോൾ കാത്തുനിൽക്കുന്ന പേപൽപ്രതിനിധികൾ
പെട്ടിയെടുക്കാൻ ശ്രമിക്കുന്ന രംഗമുണ്ട്.നിയുക്ത പോപ് അവരെ വിസമ്മതിക്കുന്നു.
സ്വയം പെട്ടിതൂക്കുന്നു.
പെട്ടിതൂക്കികളുടെ അകമ്പടി ആഗ്രഹിക്കാത്ത ഒരാളിതാ പുതിയ പോപായിവരുന്നു!
ലോകം മുഴുവൻ വണങ്ങുന്ന, ശ്രദ്ധയോടെ കേൾക്കുന്ന വത്തിക്കാന്റെ പുതിയ സാരഥിയുടെ ഈ ശൈലിക്ക് അവിടെ മുൻമാതൃകയില്ല…

ഫെർണാണ്ടോ മെരല്ലെസ് സംവിധാനം ചെയ്ത ടു പോപ്സ് എന്ന സിനിമയിൽ നിന്നുള്ളതാണീ രംഗം.
സ്ഥാനമൊഴിയുന്ന പോപ് ബെനഡിക്ടും സ്ഥാനമേല്പിക്കപെടുന്ന പോപ് ബെർഗോലിഗ്ലിയോയും തമ്മിൽ നടക്കുന്ന സംസാരമാണ് സിനിമയിലേറെ.അതുവഴി പുതിയ പോപ് വന്നവഴി,അദ്ദേഹത്തെ രൂപപ്പെടുത്തിയ ജീവിതം കൂടുതൽ വെളിവായി.മുൻമാതൃകകളെ പിൻപറ്റുന്നതല്ല അദ്ദേഹത്തിന്റെ ദർശനം.പോപ് എന്ന വന്നു ചേർന്ന അധികാരം അദ്ദേഹം താല്പര്യപ്പെടുന്നില്ല.
മതാത്മക ആത്മീയതയിൽ മറ്റൊരു പാതയാണ് അദ്ദേഹം പിന്തുടരുന്നത്.അത് രാഷ്ട്രിയവും സർഗാത്മകവുമാണ്.
യുവാവായിരിക്കെ പ്രണയിച്ചിരുന്ന, നൃത്തം ചെയ്യുന്ന, ഫുട്ബോൾ ഇഷ്ടപ്പെടുന്ന, ബ്രഹ്മചര്യം അനുഗ്രഹമാണ് അതുപോലെ പാപവും എന്ന് വിശ്വസിക്കുന്ന,ഹോമോസെക്ഷ്വാലിറ്റി തെറ്റെന്ന് വിധിക്കാത്ത, പാതിരിമാർ വിവാഹം കഴിച്ചാലെന്ത് എന്ന ചോദ്യത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ച,വിവാഹമോചനവും വിമോചനമാണെന്ന് അഭിപ്രായപെട്ടൊരാൾ അടുത്ത പോപാവുന്നു എന്ന കൗതുകമുണ്ട്.വത്തിക്കാൻ ഇതുവരെ എത്തിപെട്ടിട്ടില്ല ആ പാതയിലിതുവരെ.
പുതിയ പോപായി പേപൽസമൂഹത്തിൻറെ ഭൂരിപക്ഷ സമ്മതിയുള്ള, ആശയങ്ങളോട് വ്യക്തിപരമായി വിയോജിപ്പ് ഉണ്ടെങ്കിലും സ്ഥാനമൊഴിയുന്ന പോപിനു നിയുക്ത പോപിനോട് വല്ലാത്തൊരു ഇഷ്ടമുണ്ട്.സമുദായത്തിനു നിലനിൽക്കാൻ മതിലുകളുടെ അച്ചടക്കം ആവശ്യമാണ് എന്ന് വിശ്വസിക്കുന്ന പഴയ പോപിനു മുന്നിൽ യേശു മതിലുകൾ നിർമ്മിച്ചിരുന്നോ എന്ന ചോദ്യം ഉന്നയിക്കുന്ന പുതിയ പോപിനു ഉണ്ടായിരുന്ന മതിലുകളെ കരുണകൊണ്ടാണ് യേശു തകർത്തതെന്ന ഉത്തരവുമുണ്ട്.പുതിയ പോപിനു സ്വന്തം നിലപാടുകളെ സാധൂകരിക്കുന്ന ആശയലോകമുണ്ട്.

വിശ്വാസികളിൽ എന്താണോ സുഭാഷിതമായത് എന്നാൽ അതിന് വിപരീത ദിശയിലാണ് ജീവിതം ശീലമാക്കിയത്.സ്വവർഗപ്രണയം, വിവാഹമോചനം എന്നിവ അവർ ആഘോഷിക്കുന്ന ജീവിതമാണ്.പള്ളികളിൽ പാപമെന്നു കേട്ടു പോരുന്നത് ജീവിതത്തിൽ പാപമല്ല.മതം പലരീതിയിൽ പുനർനിർവചിക്കേണ്ടതുണ്ട് എന്ന നിലപാടിനെയാണ് പുതിയ പോപ് പിൻപറ്റുന്നത്.പുതിയകാലത്തെ പുതിയ മതബോധം കൊണ്ടാണ് പുതിയ പോപ് അപഗ്രഥിക്കാൻ ശ്രമിക്കുന്നത്.
വത്തിക്കാന് അതുവരെ പരിചിതമല്ലാത്ത രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ നിന്നാണ് പുതിയ പോപ് വരുന്നത്.ഭാവുകത്വപരമായിതന്നെ ആ ജീവിതം അദ്ദേഹത്തെ രൂപപ്പെടുത്തിയിട്ടുണ്ട്.അർജൻറീനയിൽ യാങ്കിപിന്തുണയോടെ അധികാരം പിടിച്ചെടുത്ത സൈനിക ഏകാധിപത്യത്തിൽ ബെർഗോലിഗ്ലിയോയുടെ കൂടെയുണ്ടായിരുന്ന പല പാതിരിമാരുടെയും ജീവൻ നഷ്ടപെട്ടിട്ടുണ്ട്.നിരായുധരായ
ക്രിസ്തുവും മാർക്സും സായുധരായ സൈനിക ഏതാധിപത്യത്തിനെതിരെ തെരുവിൽ മുഖാമുഖം നിലകൊണ്ടപ്പോൾ ബെർഗോലിഗ്ലിയോ ഉയർത്തി പിടിച്ച നിലപാട് വലതുപക്ഷ നിലപാടാണെന്നു വിമർശിക്കപ്പെട്ടു.വായനശാലയിൽ നിന്ന് മാർക്സിനെ മറച്ചുപിടിക്കേണ്ടിവന്നിട്ടുണ്ട്.കൂടെ നിൽക്കുന്നവരെ രക്ഷിക്കാൻ കോംപ്രമൈസിൻറെ മധ്യപക്ഷം സ്വീകരിക്കേണ്ടിവന്നിട്ടുണ്ട്, ശരിയാണ്, തോറ്റുപോയിട്ടുണ്ട് ലക്ഷ്യത്തിൽ.
കൂടെയുള്ള ക്രൈസ്തവ പുരോഹിതന്മാർ ക്രൂരപീഢനമേറ്റു കൊല്ലപ്പെട്ടപ്പോൾ എവിടെയായിരുന്നു ക്രിസ്തു, പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ചായസത്ക്കാരത്തിലായിരുന്നോ,പീഢനമുറികളിൽ ക്രൈസ്തവ പുരോഹിതന്മാർക്കൊപ്പമായിരുന്നോ,എവിടെയായിരുന്നു ക്രിസ്തു? ഈയൊരു ചോദ്യത്തിന് മുന്നിൽ പഴയ പോപിന് ഉത്തരം മുട്ടുന്നു.മതത്തിനു ആത്മീയദൗത്യമുള്ളതുപോലെ സാംസ്കാരികവും രാഷ്ട്രീയവുമായ ഉത്തരവാദിത്വം ഉണ്ട് എന്ന് സമർത്ഥിക്കുകയാണ് പുതിയ പോപ്.ആ ഭാഷ ദൈവത്തിന്റെ ഭാഷയായി കാണാനാണ് പഴയ പോപ് ശ്രമിക്കുന്നത്.അതിനർത്ഥം പഴയപോപിന് അന്യമായ ഒരു ദൈവത്തെ പുതിയ പോപിനു പ്രാപ്യമായിട്ടുണ്ട് എന്നാണ്.ആത്മീയതയുടെ അപ്ഡേഷനാണിത്.
പുതിയ പോപ്പിനെ രൂപപ്പെടുത്തിയത് ലാറ്റിനമേരിക്കയാണ്.ആ ലാറ്റിനമേരിക്കയിൽ നിന്നാണ് ചെഗുവേര കേരളത്തിൻറെ മുക്കിലും മൂലയിലും ഇടം പിടിച്ചത്.ആ ലാറ്റിനമേരിക്കൻ രാഷ്ട്രിയത്തിൽ നിന്ന് യഥാർത്ഥത്തിൽ നാം പഠിക്കേണ്ടിയിരുന്നത് പഠിച്ചതുമില്ല.ഒരു കൈയിൽ മൂലധനവും മറുകൈയിൽ ബൈബിളുമായിട്ടായിരുന്നു അവിടെ മതവും രാഷ്ട്രീയവും സംവദിച്ചത്.മതത്തിൽ രാഷ്ട്രീയത്തിനെന്തു കാര്യം എന്ന് മതമോ, രാഷ്ട്രിയത്തിൽ മതത്തിനെന്ത് കാര്യം എന്ന് രാഷ്ട്രീയമോ ചോദിച്ചില്ല.രാഷ്ട്രിയവും മതവും
മാർക്സിനെയും ക്രിസ്തുവിനെയും ഒരുപോലെ കൂട്ടുപിടിച്ചു.രാഷ്ട്രിയത്തെ മതംകൊണ്ടും മതത്തെ രാഷ്ട്രിയം കൊണ്ടും പൂരിപ്പിച്ചു.രാഷ്ട്രിയം അനാഥമാക്കിയപ്പോൾ അതുകൊണ്ട് മതത്തിൽ വീണ്ടെടുപ്പുണ്ടായി.ഹരാരിയുടെ കമന്റ് ഓർക്കുന്നു, എഴുപതുകളിൽ ചെഗുവേരയ്ക്കവിടെ ക്രിസ്തുവിന്റെ ഛായയായിരുന്നു. ചെഗുവേരയിൽ ലാറ്റിനമേരിക്ക കണ്ടത് ക്രിസ്തുവിനെയായിരുന്നു.പരസ്പരപൂരണത്തിൻറെ ഈ രസതന്ത്രമാണ് വിമോചന ദൈവശാസ്ത്രം.രാഷ്ട്രിയം മതത്തിനവിടെ അന്യമായിരുന്നില്ല.മതത്തിനു രാഷ്ട്രിയവും.ആരുമവിടെ ചോദിച്ചില്ല രാഷ്ട്രിയത്തിൽ മതത്തിനെന്തുകാര്യമെന്ന്,മതത്തിൽ രാഷ്ട്രീയത്തിനെന്തു കാര്യമെന്ന്.
ഈയൊരു നിലപാട് രാഷ്ട്രിയത്തിൽ ഗാന്ധി എടുത്തതിന്റെ പേരിൽ ഇപ്പോഴും ഗാന്ധി ഇപ്പോഴും ക്രൂശിക്കപ്പെടുന്നുണ്ട്.മതത്തിനു കാര്യമുണ്ട് രാഷ്ട്രിയത്തിൽ എന്ന് തന്നെയാണ് ഗാന്ധി സമർത്ഥിച്ചത്.മതത്തിൻറെ രൂപത്തെ രാഷ്ട്രിയത്തിൻറെ രൂപത്തിൽ ഘടിപ്പിക്കുന്നതോ നേരെ തിരിച്ചോ അല്ല ആ രീതി.മറിച്ച് ഒന്നിൻറെ സത്തയെ മറ്റേതിൻറെ സത്തകൊണ്ടു പൂരിപ്പിക്കുന്ന വലിയ പ്രക്രിയയാണ് അത്.മതം രാഷ്ട്രിയത്തോടും രാഷ്ട്രീയം മതത്തോടും പ്രതിപ്രവർത്തിക്കുന്ന വലിയൊരു ലോകമാണ് അത്.എന്നാൽ ലാറ്റിനമേരിക്ക എന്ന് കേൾക്കുമ്പോൾ കോൾമയിർ കൊള്ളുന്ന മലയാളിയ്ക്ക് ചുവപ്പുരാഷ്ട്രീയം പക്ഷെ മതത്തെ അകറ്റി നിർത്തുന്നതായിരുന്നു.ഇതോടെ സംഭവിച്ചത് ആത്മീയത ഇല്ലാത്ത രാഷ്ട്രീയവും രാഷ്ട്രീയം ഇല്ലാത്ത ആത്മീയതയുമായിരുന്നു.
മതപരമല്ലാത്ത ഏതെങ്കിലും കാര്യത്തിൽ മതനേതൃത്വം ഇടപെട്ടാൽ രാഷ്ട്രീയ നേതൃത്വം ഇപ്പോഴും പരസ്യമായി ചോദിക്കുന്നതു കാണാം മതം മതത്തിന്റെ കാര്യം നോക്കിയാൽ മതിയെന്ന്, രാഷ്ട്രീയത്തിൽ മതം ഇടപെടരുതെന്ന്.
അതേസമയം തെരഞ്ഞെടുപ്പ് കാലമായാൽ രാഷ്ട്രീയ പാർട്ടികൾ മതനേതൃത്വങ്ങളുടെ മുന്നിൽ ഓച്ഛാനിച്ചുനിൽക്കുന്ന വിരോധാഭാസം നിത്യസംഭവമാണ്.രാഷ്ട്രിയം രാഷ്ട്രിയക്കാർക്കും മതം പൗരോഹിത്യത്തിനും മാത്രം ഏല്പിച്ചതു മൂലം ഫലത്തിൽ രണ്ടും ജീർണിക്കുന്നതാണ് സംഭവിച്ചത്.രണ്ടും ഒട്ടും നവീകരിക്കപെടാതെപോയി.
മതത്തിന്റെ മാനം മാത്രമുള്ള സിനിമയല്ല Two Popes.നിശ്ചയമായും മതം അകപെട്ടിരിക്കുന്ന ശൂന്യതയുണ്ട്.മതത്തിനു ജീവിതത്തിന്റെ ടോട്ടാലിറ്റിയെ അഭിസംബോധന ചെയ്യാൻ കഴിയില്ല.മതം ഇറങ്ങി ചെല്ലേണ്ട കുറെയേറെ ഏരിയകളുണ്ട്.അങ്ങനെയില്ലെങ്കിൽ പ്രീച്ചിങും പ്രാക്ടീസും തമ്മിൽ പൊരുത്തമുണ്ടാവില്ല.പുരോഹിതരെ കേൾക്കുന്ന ജനസാമാന്യം ജീവിക്കുന്നത് പക്ഷെ സ്വന്തം വഴിയെ ആയിരിക്കും.ഈ സംഘർഷത്തെയാണ് ആത്മീയമായി ബെർഗിലോഗ്ലിയോ പരിഹരിക്കാൻ ശ്രമിക്കുന്നത്.മതത്തിനകത്തും സാധ്യമാവണം ആ രീതിയിൽ ആക്ടിവിസം.കസേരയിൽ ആരിരിക്കുന്നു എന്നത് അപ്പോൾ പ്രസക്തം തന്നെ.പുതിയ പോപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ God corrects one Pope by presenting the world with another Pope.
littnow .com
design : Sajjaya kumar
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക. littnowmagazine@gmail.com
You must be logged in to post a comment Login