സാഹിത്യം
കാമനകളുടെ നെരിപ്പോടുകള്‍
ഡി.പ്രദീപ് കുമാർ
തൊട്ടപ്പൻ
(ചെറുകഥാസമാഹാരം)
ഫ്രാൻസിസ് നൊറോണ
പേജ്.144, വില 150
ഡി.സി ബുക്സ്
മലയാള ചെറുകഥയിൽ പ്രമേയത്തിലും ശില്പത്തിലും ഇത്രമാത്രം പുതുമയും ബഹുസ്വരതയും നിറഞ്ഞ കാലം ഉണ്ടായിട്ടില്ല. എസ്.ഹരീഷ്, വിനോയ് തോമസ്,സന്തോഷ് എച്ചിക്കാനം,ജോണി മിറാണ്ട, ഷെമി, ആർ.രാജശ്രീ എന്നിങ്ങനെ ഒട്ടെറെ കഥാകൃത്തുക്കൾ,ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ചാഞ്ചല്യമേതുമില്ലാതെ കടന്ന് വന്ന്,പുതിയ ഭാവുകത്വം നിർമിച്ചവരാണ്.
ഫ്രാൻസിസ് നൊറോണ ഈ ഗണത്തിൽ പെടുന്നു എന്ന് സാമാന്യവല്ക്കരിച്ചാൽ മതിയാകില്ല.
ആലപ്പുഴക്കാരനായ നെറോണ എഴുതുന്നത് തന്റെ ജീവിതപരിസരത്തെക്കുറിച്ച് തന്നെ. പ്രാന്തവലക്കരിക്കപ്പെട്ട,നിസ്വരായ കടലോരനിവാസികളാണ് നെറോണയുടെ കഥകളിലെല്ലാമുള്ളത്. അവരുടെ ജീവിതം തകഴി ‘ചെമ്മീനി’ൽ ആവിഷ്ക്കരിച്ച കാലം മുതൽ മലയാളികൾക്ക് പരിചിതം. പക്ഷേ, നെറോണ മുങ്ങാംകുഴിയിട്ട് പോകുന്നത് നമുക്ക് തീർത്തും അജ്ഞാതമായ ഈ ജീവിതങ്ങളുടെ അടിത്തട്ടുകളിലേക്കാണ്. അവിടെ അവരുടേതു മാത്രമായ സാമൂഹിക ക്രമമുണ്ട് : മര്യാദകളുണ്ട്. സ്വന്തം നൈതികതയുണ്ട്.
മറ്റുള്ളവർക്ക് അറപ്പുളവാക്കുന്ന ജീവിത രീതികളുണ്ട്. അവ പച്ചയായി ആവിഷ്ക്കരിക്കാൻ,പ്രാദേശിക പദങ്ങളും പ്രയോഗങ്ങളും നിറഞ്ഞ ചടുലമായ നാട്ടു മൊഴികളാണ് ഫ്രാൻസിസ് നെറോണ ആഖ്യാനത്തിലുപയോഗിച്ചിരിക്കുന്നത്. അതിന്റെ സദാചാരാകുലതകളൊന്നും കഥാകൃത്തിനെ അലട്ടിയിട്ടേയില്ല.
പുരോഹിതരുടേയും കന്യാസ്ത്രീകളുടെയും മറ്റും കാമനകളെ പച്ചയായി ആവിഷ്ക്കരിക്കുകയും , വേശ്യകളുടേയും തിരസ്കൃതരുടേയും ജീവിതങ്ങളിലേക്കിറങ്ങിച്ചെന്ന്,
നിലനില്ക്കുന്ന സദാചാര മുഖംമൂടികളെ നിഷ്ക്കരുണം വലിച്ചുകീറുകയും ചെയ്ത്, 1950-കളിൽ കഥാസാഹിത്യത്തിൽ ഉഷ്ണപാതമായി മാറിയ പെരുന്ന തോമസിന്റെ രചനകളെ അനുസ്മരിപ്പിക്കുന്നതാണ് നെറോണയുടെ ചില കഥകളുടെ പരിസരവും ഭാഷയും.
സെക്രട്ടറിയായിരുന്ന സഖാവിന്റെ മരണശേഷം,ദാരിദ്ര്യംകാരണം ബാല്യത്തിൽ അമ്മ കന്യാസ്ത്രീ മഠത്തിലെത്തിച്ച നടാലിയ എന്ന കുട്ടിയെ രാത്രിയിൽ പീഡിപ്പിക്കുന്നത് വലിയ സിസ്റ്റർ(അവിടെ,പാർട്ടി ഓഫീസിൽ ‘കക്കുകളി’).
പത്താം ക്ലാസുകാരനായ കൗമാരക്കാരൻ, മേസ്ത്രിയുടേയും കൊല്ലൻ ശരവണ ണന്റേയും ലൈംഗികാതിക്രങ്ങൾക്കിരയാകുന്നു. കന്നിനെ വെട്ടുന്നത് പഠിക്കാനായി അവൻ പിന്നെ വെട്ടുകാരൻ ജോർജ്ജിന്റെ പീഡനങ്ങൾക്ക് നിന്നു കൊടുക്കുന്നവനായി. അയാളാകട്ടെ, അറുക്കാൻ കൊണ്ടുവരുന്ന പശുവിനെപ്പോലും വെറുതെ വിടാത്തവൻ. തന്റെ ഇരട്ട സഹോദരനെ സ്വവർഗ്ഗരതിക്കിരയാക്കി വെള്ളത്തിൽ മുക്കിക്കൊന്ന ക്രൂരൻ എന്ന് വിശ്വസിക്കുന്നു,അവൻ(‘പെണ്ണാച്ചി’ ) .
അപ്പനില്ലാത്തതിനാൽ,മാമ്മോദീസാ മുക്കലിന് തലതൊട്ടപ്പനായ അമ്മാവൻ തന്നെയാണ് ‘കുഞ്ഞാട്’ എന്ന് വിളിപ്പേരുള്ള അവളെ കക്കാൻ പഠിപ്പിക്കുന്നത്. നേർച്ചക്കുറ്റിയിൽ നിന്നു മാത്രമല്ല, കക്കുന്നത്. പിറവിത്തിരുന്നാളിന് നേർച്ചക്കോഴിയെ വരെ കട്ട് ആഘോഷിക്കുന്നുണ്ട്,കുടുംബം(‘തൊട്ട പ്പൻ’).
പി.എസ്. സി പരീക്ഷയ്ക്ക് പഠിക്കാൻ വേണ്ടി പഞ്ഞിമരത്തിലുണ്ടാക്കിയ ഏറുമാടത്തിലിരുന്ന്, മറപ്പുരക്കാഴ്ചകൾ കണ്ടുരസിച്ച മുക്കുവൻ,അന്ധനായ ദാനിയലിനെ രതിക്കഥകൾ പറഞ്ഞ് പ്രലോഭിപ്പിക്കുന്നു.അവസാനം,അവനിൽ നിന്ന് കേൾക്കുന്നത് തന്റെ ഭാര്യയുമായുള്ള അഗമ്യഗമനം. വേളാങ്കണ്ണി മാതാവിന്റെ നേർച്ചയെണ്ണ നിറച്ച പ്ലാസ്റ്റിക്ക് രൂപത്തിലെ വാറ്റുചാരായത്തിൽ വിഷം നിറച്ച് അവനെ ഏല്പിച്ചത് അയാളുടെ പെണ്ണായിരുന്നു (‘ഇരുൾരതി’ ) .
റിസോർട്ടിലെ രാത്രി കാവല്ക്കാരൻ, അവിടെ കശക്കിയെറിയപ്പെടുന്ന പെൺജീവിതങ്ങൾക്ക് മൂകസാക്ഷിയാണ്.
അയാളുടെ ഭാര്യ ചിമിരിക്ക് തുന്നിക്കടയിൽ ജോലി കിട്ടുന്നതോടെ കടുത്ത ലൈംഗിക ദാരിദ്ര്യമനുഭവിക്കുന്ന അവരുടെ ജീവിതത്തിന്റെ വന്യമായ ആ വിഷ്ക്കാരമാണ് ‘കടവരാല്’ .
റിസോർട്ടിലെ രാത്രി കാവല്ക്കാരൻ, അവിടെ കശക്കിയെറിയപ്പെടുന്ന പെൺജീവിതങ്ങൾക്ക് മൂകസാക്ഷിയാണ്.
അയാളുടെ ഭാര്യ ചിമിരിക്ക് തുന്നിക്കടയിൽ ജോലി
ഉപദേശിയുടെ പെണ്ണിന്റെ കുളി ഒളിഞ്ഞിരുന്ന് കണ്ട്, അവരുമായി ലോഗ്യം കൂടി, അവസാനം അവരുടെ നിത്യരോഗിയായ കുഞ്ഞിനെ കൊന്ന്, അവരുമായി രമിച്ച അയാൾ അവളെ കൈയ്യൊഴിഞ്ഞു. കഞ്ചാവടിച്ച പെരുപ്പിൽ ഉപദേശിയുടെ ഭാര്യയെ പ്രാപിച്ച കഥ വിവരിച്ചു കേട്ട് ഹരം പിടിച്ച കൂട്ടുകാരൻ ഈർക്കിലി പാപ്പിയുമായി അവിടെ ചെന്നപ്പോൾ അവർ വിസമ്മതിച്ചു. പക്ഷേ, അവരെ രണ്ടാളും ബലാല്ക്കാരം ചെയ്യുന്നു. പാപ്പിയുടെ കൈലി മുണ്ടിൽ അവർ തൂങ്ങിയാടി. നാടുവിട്ട്, കർത്താവിന് വേല ചെയ്യാൻ പോയ ഉപദേശി,അയാളെ വീടും പറമ്പും ഏല്പിച്ചു. വിവാഹം കഴിച്ച അയാളെ ഭൂതകാലമുദ്രകൾ വേട്ടയാടി. അവസാനം ,ഈർക്കിലി പാപ്പാൻ അയാളുടെ ഭാര്യയേയും പാട്ടിലാക്കി. വേട്ടേറ്റ് മരിച്ച അയാളെ പാർട്ടിക്കാർ ധീര രക്തസാക്ഷിയാക്കി!
‘എലേടെ സുഷിരങ്ങൾ ‘കഥയിൽ, സ്ക്കൂൾ വിദ്യാർത്ഥിനിയായിരിക്കെ അധ്യാപകന്റെ പീഡനത്തിനിരയായ ബിയാട്രിസ് എന്ന പൊലീസുകാരിയുടെ വിഭ്രമാത്മക ലോകമാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ഏഴാം ക്ലാസിൽ പഠിക്കുന്ന മകളെപഠിപ്പിക്കുന്ന പോൾ സൈമൺ,അവരെ പീഡിപ്പിച്ച അദ്ധ്യാകന്റെ മകൻ. മകളെ അയാളും പീഡിപ്പിച്ചെന്നാരോപിച്ച് ,അപ്പൻ മതിലിടിഞ്ഞു മരിച്ചതിന്റെ മൂന്നാം നാൾ സ്ക്കൂളിലെത്തിയ അയാളെ അവർ കൈകാര്യം ചെയ്യുന്നു. ജനനേന്ദ്രിയമില്ലാതെയാണ് അപ്പനെ അടക്കിയതെന്നും ഉയിർപ്പുനാൾ ആ മുറിവങ്ങനെയുണ്ടാവുമെന്നും സൂചനയുണ്ട്.
- ഇങ്ങനെ, ലളിതമായി സംഗ്രഹിക്കാവുന്നതല്ല, ‘തൊട്ടപ്പനി’ലെ കഥകൾ. കാരണം, ഇവയോരോന്നിലും യാഥാർത്ഥ്യത്തിലും അയാഥാർത്ഥ്യത്തിലുമൂന്നിയ ധാരാളം അടരുകളുണ്ടു്. തെളിമയാർന്ന ഒട്ടേറെ കഥാപാത്രങ്ങളുണ്ട്. സാമൂഹിക, രാഷ്ട്രീയ യാഥാർത്ഥ്യങ്ങളുണ്ട്. ചില കഥകൾക്ക് ധ്വന്യാത്മകവും നാടകീയവുമായ പരിണാമപ്തിയുണ്ട്. ഇവയെല്ലാം കൂടി ചേർന്ന്, സൃഷ്ടിക്കുന്ന വിസ്മയ ലോകമാണ് ഓരോ കഥയും.
ലളിതാഖ്യാനമാണെങ്കിലും, നേർവായനയിൽ പിടിതരാത്ത ചില കഥകളുമുണ്ട് ഈ സമാഹാരത്തിൽ. ‘കടവരാലി’ൽ ബാങ്ക് മാനേജരായ ഭർത്താവ് മരിച്ച സ്ത്രീ,തൊട്ടുടുത്തെ ഫ്ലാറ്റിലിരുന്ന് മുക്കുവരായപ്രകാശന്റേയും ചിമിരിയുടേയും പകൽരതി കഴിഞ്ഞുള്ള രംഗം നോക്കിനിൽക്കെ, അവരുടെ ‘ ജനലഴിയിൽ പിടിച്ചിരുന്ന കൈക്കു മീതെ ഒരു കൈ അമരുന്നു’ണ്ട്.
‘തൊട്ടപ്പ’നിൽ , അയാളെ തലയ്ക്കടിച്ചു കൊന്നവനെ കുഞ്ഞാടിന് വെളിപാടായി വന്ന് കാണിച്ചു കൊടുക്കുന്നത് കർത്താവാണ്. അവനെ സിനിമാകൊട്ടകയിൽ നിന്ന് വീട്ടിൽ കൂട്ടിക്കൊണ്ട് വന്ന്, അവനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് പ്രതികാരം ചെയ്യാൻ ശ്രമിക്കുന്നു, കുഞ്ഞാട്. അവളെ കീഴ്പ്പെടുത്തി, കമ്പിപ്പാരയുമായി അവൻ പോകുമ്പോൾ,യേശുവിന്റെ ശിഷ്യരുടെ പേരിട്ടു അവൾ പോറ്റി വളർത്തിയ പന്ത്രണ്ടു പൂച്ചകളും അവനെ പിന്തുടരുന്നു.ഇങ്ങനെ ധ്വന്യാത്മകമായി അവസാനിക്കുന്ന കഥകളുണ്ട്.
ഭാഷ തന്നെയാണ് ഈ കഥകളുടെ ആത്മാവ്. ആലപ്പുഴയിലെ പാർശ്വവല്കൃതരായ മീൻപിടുത്തക്കാരുടെ ഭാഷയാണ് ഒരു കഥയിലൊഴികെ എല്ലാറ്റിലും. ‘ആദമിന്റെ മുഴ’യിൽ കൊച്ചി തീരദേശഭാഷ നിറഞ്ഞു നില്ക്കുന്നു.
വെറഞ്ഞു, ചപ്പിയൂമ്പി, ചേടി വച്ചു, മോറ്, കുന്തിച്ച്, തോന, നരന്ത്, നെറുകം തല , തൊരപ്പു വെട്ടം, കൊറക്, ചവളം, ഇരുണ്ട കാപ്പ, കള്ളത്തീറ്റി … മറ്റുള്ളവർക്കന്യമായ എത്രയെത്ര വാക്കുകളും പ്രയോഗങ്ങളുമുണ്ട്.
കഥാപാത്രമായും എല്ലാമറിയുന്ന മൂന്നാമനായും ആഖ്യാതാവ് പ്രത്യക്ഷപ്പെടുന്നുണ്ട്. പക്ഷേ, ഫ്രാൻസിസ് നൊറോണയുടെ ജീവിത ദർശനമെന്ത് എന്ന ചോദ്യത്തിനു മാത്രം ഉത്തരം കിട്ടുന്നില്ല. ഒരു കഥയിലെ വെട്ടുകാരൻ ജോർജ്ജ് ‘എരുമണച്ചാണാൻ പോലെ അവിഞ്ഞ തെറി’ വിളിക്കുന്നയാളാണ്. അത്തരം അവിഞ്ഞ യാഥാർത്ഥ്യങ്ങളെ തൊട്ട് വെഞ്ചരിക്കുകയാണ് ഈ കഥാകൃത്ത്, ഇവിടെ.പക്ഷേ,ഈ ജീവിതകാമനകളുടെ നെരിപ്പോടുകള്‍ എരിഞ്ഞുകൊണ്ടേയിരിക്കുന്നു;എല്ലാറ്റിനും മീതെ.
littnow.com
design :sajjaya kumar
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക
littnowmsgazine@gmail.com
You must be logged in to post a comment Login