സാഹിത്യം
കവിതയുടെ തെരുവ് 11

കുരീപ്പുഴ ശ്രീകുമാർ
തെരുവിന്റെ തെക്കുകിഴക്കേ മൂലയാണ്. സഹ്യപര്‍വതത്തെ അപ്രസക്തമാക്കിക്കൊണ്ട് വിവിധ തിണകളിലൂടെ ഒരു വലിയ കാവ്യസംസ്ക്കാരം തളിര്‍ത്തു നില്‍ക്കുകയാണ്. രണ്ടായിരത്തി അഞ്ഞൂറു വര്‍ഷം മുന്‍പ് പൂത്തുലഞ്ഞ സംഘകാലസാഹിത്യം.

കാലം പഴയതാണെങ്കിലും പ്രമേയം പ്രണയമാണെങ്കില്‍ അത് നിത്യനൂതനം ആണല്ലോ. സംഘകാലത്തെ പാട്ടുകവികള്‍ ജാതിവ്യവസ്ഥയ്ക്ക് എതിരെ അക്കാലത്തുതന്നെ എടുത്ത നിലപാട് പ്രൊഫ.ഇളംകുളം കുഞ്ഞന്‍പിള്ള എടുത്തു പറയുന്നുണ്ട്.
സംഘകാല തമിഴ് സാഹിത്യത്തിലെ വെള്ളിനക്ഷത്രമാണു വെള്ളിവീതിയാർ എന്ന കവിതയെഴുത്തുകാരി.
കുറുംതൊകൈയിൽ നിന്നും വിവർത്തനം ചെയ്തതാണു ഈ കവിത.
കാമുകൻ ഒളിച്ചു പോയതിനാൽ വ്യസനിക്കുന്ന നായികയെ തോഴി സമാധാനിപ്പിക്കുന്നതാണു കാവ്യസന്ദർഭം.
കവിയുടെ സ്വന്തം അനുഭവമാണിതെന്നു വ്യാഖ്യാതാക്കൾ പറയുന്നു.
വിരഹം പ്രതിപാദ്യമാകയാൽ ഇതു സംഘകാലകവിതയിലെ പാലത്തിണ എന്ന വിഭാഗത്തിൽ പെടുന്നു.
മലയാളത്തിന്റെ പ്രിയപ്പെട്ട കവിയും അറിവിന്റെ അക്ഷയഖനിയുമായിരുന്ന
എന്‍ വി കൃഷ്ണവാര്യരാണ് ഈ കവിത മൊഴിമാറ്റിയത്.

എവിടെപ്പോവാൻ? / വെള്ളിവീതിയാർ (തമിഴ്)
മണ്ണിനുള്ളിൽ താഴുകില്ലാ
വിണ്ണിലേറിപ്പോവില്ലാ
കാൽ നടയായ് കടൽ താണ്ടി-
പ്പോകുവാനും പോരല്ലോ
നാട്ടിൽ നാട്ടിൽ, ഊരിലൂരിൽ
വീട്ടിൽ വീട്ടിൽ തേടിയാൽ
കണ്ടുകിട്ടാതെങ്ങു മുങ്ങാൻ
നമ്മുടെയാ കാമുകൻ?
littnow.com
design: sajjayakumar
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക
littnowmagazine@gmail.com
ലേഖനം
ഉറുമ്പ്

വാങ്മയം: 17
സുരേഷ് നൂറനാട്
ലിറ്റ് നൗ പ്രസിദ്ധീകരിച്ചതിൽ നിന്നും രണ്ടാമത്തെ പുസ്തകവും പുറത്തിറങ്ങി.
വാങ്മയം
സുരേഷ് നൂറനാട്
ഫേബിയൻ ബുക്സ്
വില 150 രൂപ.

ഒരുറുമ്പിനെ ഞാൻ ഞെരിക്കുകിൽ കൃപയാർന്നമ്മ തടഞ്ഞുചൊല്ലിടും മകനേ നരകത്തിലെണ്ണയിൽ പൊരിയും നീ’
സനാതനമായ ഒരു സത്യത്തെ ചുള്ളിക്കാട് അവതരിപ്പിക്കുന്നത് നോക്കൂ. എത്ര ഹൃദ്യം!
ചെറുപ്രാണികളുടെ ജീവിതത്തെ നോക്കി രചനകളിൽ നവചൈതന്യം ജനിപ്പിക്കുന്നു കവി. ഉറുമ്പിൻ്റെ പ്രാണൻ തനിക്ക് സമമായ ഒന്നാണെന്ന അറിവിലൂടെ എഴുത്തുകാരൻ പ്രപഞ്ചബോധത്തെ ഉണർത്തുകയാണ്.

ഉറുമ്പിന് കലയിൽ പലപ്പോഴും ജീവിവർഗ്ഗങ്ങളിലൊന്നായിനിന്ന് സംസാരിക്കേണ്ടിവരുന്നു. വലിയ ജനക്കൂട്ടത്തിൻ്റെ ചോദനകൾ ഉറുമ്പിൻ്റെ ജീവിതസ്പന്ദനവുമായി ബന്ധിപ്പിക്കുന്ന ന്യൂനോക്തി രസകരമാണ്. ആത്മാവിൻ്റെ സ്പർശം എല്ലാ ജന്തുക്കളിലും ഒരേ പോലെയോടുന്നുണ്ടെങ്കിലും ചിലതിന് കേന്ദ്രബിംബമാകാൻ ഭാഗ്യമില്ലാതാകാറുണ്ട്. എന്നാൽ ഉറുമ്പിന്
ആ ദൗർഭാഗ്യമില്ല.
കുട്ടിക്കവിതകളിൽ പോലും കൗതുകമായല്ല ഈ ഭാഗ്യവാൻ വന്നു പോകുന്നത്. ആനയും ഉറുമ്പുമെന്ന കഥയിൽ വലിപ്പം ഉറുമ്പിനല്ലേ കൈവരുന്നത് .പഞ്ചതന്ത്രം കഥയിലൂടെ ഇലയിലിരുന്ന് ഒഴുകന്ന ഉറുമ്പ് എല്ലാ തലമുറയ്ക്കും കാഴ്ചയാകുന്നുണ്ട്
കൂട്ടമായി ജാഥ നയിക്കുന്ന ഉറുമ്പിൻപട ജനായത്തത്തിൻ്റെ മരിക്കാത്ത പ്രമേയമല്ലേ.
വേനലിൻ്റെ തോളിലിരുന്ന് കാലത്തെ കരളുന്ന ഉറുമ്പ്, കവിതയിലൂടെ അക്ഷരങ്ങളായി ഇഴഞ്ഞു പോകുന്ന ഉറുമ്പ് - ഇങ്ങനെ എത്രയെത്ര സുന്ദരമായ കല്പനകൾ.
ഇലകളിൽ തട്ടുതട്ടായി കൂടൊരുക്കുന്ന നീറും അരിമണി ചുമന്ന് കൊണ്ട് വരുന്ന കുഞ്ഞനുറുമ്പും മധുരത്തെ നുകർന്ന് മത്തടിച്ച് മരിക്കുന്ന ചോനലും ക്ഷണിക പ്രാണൻ്റെ വിധിയെ ഓർമ്മിപ്പിക്കുന്നു.
‘കട്ടുറുമ്പേ നീയെത്ര കിനാവു കണ്ടൂ’ എന്നെഴുതി കവിത്വം തെളിയിക്കുന്നവർ കട്ടുറുമ്പിൻ്റെ കടികൊണ്ടവരായിരിക്കില്ല എന്നുറപ്പ്.

ചിത്രം: കാഞ്ചന.
littnow.com
littnowmagazine@gmail.com
സാഹിത്യം
നഞ്ചിയമ്മയുടെ പാട്ട് / ഇരുളഭാഷ

കവിതയുടെ തെരുവ് 15
കുരീപ്പുഴ ശ്രീകുമാര്‍
ഈ തെരുവ് കുറിക്കുമ്പോള്‍ ഗായിക നഞ്ചിയമ്മ ഇംഗ്ലണ്ടിലാണ്. ലിപിരഹിതമായ ഗോത്രഭാഷയിലുണ്ടായ അതിമനോഹരമായ പാട്ടാണ് അവരെ ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടുകാരിയും ലോകത്തിന്നുതന്നെ പ്രിയപ്പെട്ടവളുമാക്കിയത്. തെരുവിന്റെ തെക്ക് പടിഞ്ഞാറേ മൂലയിലാണ് ഈ ഗോത്രഗായികയുടെ ഈണം മുഴങ്ങുന്നത്. കോശിയും അയ്യപ്പനും എന്ന ചിത്രത്തിലൂടെ പ്രസിദ്ധപ്പെട്ട അതീവലളിതമായ
ഈ ഗോത്രകവിത ലത ടീച്ചറാണ് മലയാളപ്പെടുത്തിയത്.

നഞ്ചിയമ്മയുടെ പാട്ട് / ഇരുളഭാഷ
കിഴക്കുള്ള ചന്ദനമരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക് പോകാം
വിമാനത്തെയും കാണാം
തെക്കുള്ള ചന്ദനമരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക് പോകാം
വിമാനത്തെയും കാണാം
വടക്കുള്ള ഉങ്ങ് മരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക് പോകാം
വിമാനത്തെയും കാണാം
പടിഞ്ഞാറുള്ള ഞാറമരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക് പോകാം
വിമാനത്തെയും കാണാം.
മൊഴിമാറ്റം ലത ബി. ചിറ്റൂർ
littnow.com
രചനകൾ അയക്കുമ്പോൾ ഒപ്പം വാട്സ്പ് നമ്പരും ഫോട്ടോയും അയക്കുക .
littnowmagazine@gmail.com
കവിത
പ്രതിരാമായണം

രാജന് സി എച്ച്
1
ഊർമ്മിള
പ്രവാസികളുടെ ഭാര്യമാർക്കു
ചരിത്രത്തിലിടമുണ്ടാവുമെങ്കിൽ
ആദ്യത്തെയാൾ ഊർമ്മിളയാകുമോ?
ഭർത്തക്കന്മാരെ കൺചിമ്മാതെ
കാത്തിരുന്ന ഭാര്യമാരിൽ
ആദ്യഭാര്യ?
ഉത്തരവാദിത്തങ്ങളുടെ
ഭാരമേറിയ ഉത്തരങ്ങളെ
തളരാതെ താങ്ങി നിർത്തേണ്ടവൾ?
ലോകം വീടോളം ചുരുങ്ങിപ്പോയവൾ?
കാലം ഉത്തരവാദിത്തങ്ങളുടെ ചുമലായവൾ?
കരയാനുള്ള കണ്ണീരിൽപ്പോലും
അളവ് സൂക്ഷിക്കേണ്ടവൾ?
ഓർമ്മകളുടെ ആകാശങ്ങൾക്കു
ചിറക് തുന്നിയവൾ?
എപ്പോഴും തന്നിലേ നോക്കി
നടക്കേണ്ടവൾ?
പ്രവാസികളുടെ ഭാര്യമാരോളം
ഭാര്യമാരായ ഒരു ഭാര്യയുമില്ല.
അവരുടെ പേരാകുന്നു
ഊർമ്മിള.
2
രാവണായനം
പത്തു തലയാവുന്നതാണ്
പ്രയാസം.
ഓരോ തലയിലും
കണ്ണും കാതും മൂക്കും പോലെ
തലച്ചോറും കാണുമല്ലോ.
പത്തു ബുദ്ധി,പത്തു മനസ്സ്
പത്തു വിഡ്ഢിത്തം,പത്തു ചിന്ത
ഒരേ സമയം.
ആലോചിക്കാനേ വയ്യ
ഒന്നിനൊന്ന് വ്യത്യസ്തമായ
ചിന്തകളാവുമ്പോൾ.
ഒരാൾക്കൂട്ടത്തിന്റെ ചിന്തകൾ
ഒറ്റയുടലിൽ.
സമാധാനമുണ്ട്,
ഹൃദയമൊന്നേയുള്ളൂവെന്നതിൽ.
ഹൃദയവും പത്തെങ്കിൽ
എന്റെ രാവണാ,
നിന്റെ പുഷ്പകത്തിൽ
പറത്തിയെടുക്കാനാവുമായിരുന്നു
എത്ര സീതമാരെ?
3
രാമായണവായന
അധികാരിയുടെ വീട്ടിൽനിന്ന്
അപ്പോൾ രാമായണവായന,
മുത്തശ്ശൻ പറയുമായിരുന്നു.
നമ്മുടെ വീട്ടിലോ,യെന്ന്
അച്ഛൻ ചോദിച്ചിരുന്നുവത്രെ.
നമ്മുടെ കൂരയിൽ
എല്ലാവരുടേയും വയറ്റിൽ
രാമായണവായന,
മുത്തശ്ശൻ പറയുമായിരുന്നത്രെ.
അതു കേൾക്കാതിരിക്കാനാണത്രെ
കള്ളക്കർക്കടകത്തിൽ
തമ്പുരാക്കന്മാരുടെ
രാമായണവായന.
രാമാ!
4
മായാസീത
മായാ സീതയേയുള്ളൂ
മായാ രാമനില്ല.
പുരുഷനേ കാണൂ
മായാകന്യകളെ.
സ്ത്രീക്കെന്നാൽ
യാഥാർഥ്യമാണ്
പുരുഷൻ.
സ്വപ്നങ്ങളിലേ
അവർ വർണം ചാലിക്കൂ.
യാഥാർഥ്യങ്ങളിൽ
അവരറിയും
പുരുഷന്റെ പൊള്ളത്തരം.
അപ്പോഴേക്കും
കാലം കഴിഞ്ഞിരിക്കുമെങ്കിലും.
5
വരച്ചവര
ലക്ഷ്മണരേഖ
ഒരു രേഖയേയല്ല.
കുടുംബം വരയ്ക്കും
രേഖയില്ലാ രേഖയാണത്.
ഒരു ബാഹ്യശക്തിക്കും
കടന്നുകയറാനാവാത്ത
സംരക്ഷണ നോട്ടമാണത്.
അതിന്റെ ഭദ്രതയിലാവും
കുടുംബസൗഖ്യം.
അതിനെ മറികടക്കുവോർ
കുടുംബവലയത്തിനു പുറത്താവും.
ശത്രുപക്ഷത്താവും
അനാഥമാവും.

littnow.com
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്.
രചനകൾ അയക്കുമ്പോൾ ഒപ്പം വാട്സ്പ് നമ്പരും ഫോട്ടോയും അയക്കുക .
littnowmagazine@gmail.com
-
കവിത11 months ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി -
കവിത11 months ago
കവിയരങ്ങിൽ
സാജോ പനയംകോട് -
സിനിമ11 months ago
താമസമെന്തേ വരുവാൻ…
-
വീഡിയോ11 months ago
കവിയരങ്ങിൽ
രതീഷ് കൃഷ്ണ -
സാഹിത്യം4 months ago
മോചനത്തിന്റെ സുവിശേഷം-7
-
നാട്ടറിവ്8 months ago
ബദാം
-
സിനിമ6 months ago
മൈക്ക് ഉച്ചത്തിലാണ്
-
കഥ6 months ago
ചിപ്പിക്കുൾ മുത്ത്
You must be logged in to post a comment Login