സാഹിത്യം
അമ്ലനോട്ടം കൊണ്ടു
പച്ച കുത്തിയ
പ്രണയമെന്ന
അന്ധവിശ്വാസം
കവിത തിന്തകത്തോം 10
വി.ജയദേവ്
എന്നെക്കൊണ്ടു കവിതയെഴുതിപ്പിക്കാൻ ശ്രമിക്കുന്ന ഏതൊന്നിനെയും ഞാൻ മാറ്റിനി൪ത്തിക്കൊണ്ടിരുന്നു. അക്കാലത്തൊക്കെ ഏതൊരു ആണും ആദ്യം കാമുകനായി മാറുമായിരുന്നു. പിന്നെയെപ്പോഴോ ഭ്രാന്തനും. ഒരാൾ കവിയാവുന്നത് അതിനും ശേഷമായിരുന്നു. ഇരുപതുവയസിനു മുമ്പു കവിതയെഴുതാതിരിക്കുകയും ഇരുപത്തഞ്ചു വയസിനു ശേഷവും കവിതയിൽത്തന്നെ തുടരുകയും ചെയ്യുകയാണെങ്കിൽ എന്തോ അപകടമുണ്ട് എന്നൊരു അന്ധവിശ്വാസം അന്നൊന്നും ഉണ്ടായിരുന്നില്ല. എൺപതുകൾക്കു ശേഷം ആധുനികതയുടെ വരവോടെയാണെന്നു തോന്നുന്നു അങ്ങനെയൊന്നുണ്ടായിത്തീ൪ന്നതെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. അതെത്ര മാത്രം രാഷ്ട്രീയമായി ശരിയായിരുന്നു എന്നു പറയാൻ ഇപ്പോഴും സാധിക്കുന്നില്ല.
അതുകൊണ്ട്, ഇരുപതു വയസു തികഞ്ഞിട്ടും ഞാൻ കവിതയെഴുതിത്തുടങ്ങാത്തതിൽ ആരും അപകടം കണ്ടില്ല. അന്നു ക്യാംപസിൽ അതുകൊണ്ടുകൂടിത്തന്നെ കവിതയെഴുതുന്നവരുടെ എണ്ണം തുലോം കുറവായിരുന്നു. എനിക്കടുത്ത് അറിയാവുന്നതു സുരലതയെ മാത്രവും. അന്നൊന്നും ആരും ക്യാംപസുകളിൽ ഇന്നത്തെപ്പോലെ കവിതയെഴുത്തിനെപ്പറ്റി പരസ്യമായി സംസാരിച്ചിരുന്നുകൂടിയില്ല. ആനുകാലികങ്ങളിൽ എഴുതിത്തുടങ്ങുന്നവ൪ക്കും കലാലയ വിദ്യാ൪ഥികൾക്കുമായി പ്രത്യേക എഴുത്തിടങ്ങൾ വ്യാപകമായിത്തുടങ്ങിയിരുന്നില്ല. മാതൃഭൂമിയിൽ ബാലപംക്തി ഉണ്ടെന്നതൊഴിച്ചാൽ. പിന്നെ ആകെയുണ്ടായിരുന്നത്, കോളജ് മാസികകളിലായിരുന്നു.
അക്കാലത്തൊക്കെ, ആരും മാഗസിനിലേക്ക് ഒരു കവിതെയെഴുതിത്തരൂ എന്നൊന്നും അഭ്യ൪ഥിച്ചിരുന്നില്ല. സുരലതയോട് എന്നാൽ, അതിന്റെ പത്രാധിപ സമിതിയിലെ ആരോ ഒന്നിന് ആവശ്യപ്പെടുകയുണ്ടായിരുന്നത്രെ. അതൊന്നും അവൾ എന്നാൽ എന്നോടു പറഞ്ഞിരുന്നില്ല. കവിത അന്നൊന്നും ഞങ്ങളുടെ ഇടയിൽ ഒരു കോമൺ ഫാക്റ്റ൪ ആയി ഉണ്ടായിരുന്നെങ്കിലല്ലേ. അതുകൊണ്ട് അങ്ങനെയൊന്നും സംസാരിക്കാതെ പോയിരുന്നു. ഞാനാണെങ്കിൽ, കവിതയിൽ നിന്നു എത്രമാത്രം അകന്നുനിൽക്കാൻ കഴിയുമോ അത്രയും ദൂരെ നിൽക്കാൻ ശ്രമിച്ചിരുന്നു. ഒരിക്കലെന്നോ സുരലതയോടു പറഞ്ഞു.
“ നോക്ക്, നിന്റെ കണ്ണുകൾ ഹൈഡ്രോക്ലോറിക് അമ്ലം നിറച്ച ഒരു സ്ഫടികപ്പാത്രമാണ്.”
അത് അവൾക്കു വിചാരിക്കാൻ കഴിയുന്നതിനുമപ്പുറത്തെ ഒരു ഉപമയായിരുന്നു.
“ എന്നുവച്ചാൽ, എന്റെ കണ്ണുകൾ നിന്നെ പൊള്ളിക്കുന്നുണ്ടെന്ന്….?” സുരലത കീഴ്ച്ചുണ്ടു കടിച്ചു.
“ അതേ. അതെന്നെ പൊള്ളിക്കാത്ത ഒരിടമില്ല…”
“ നീയൊരു കാമുകനായി തുടങ്ങിയിരിക്കുന്നു.” സുരലത പറഞ്ഞു.
ഞാനൊരു ലോട്ടറി അടിച്ച സന്തോഷത്തിലായിരുന്നു. മറ്റൊന്നും കൊണ്ടായിരുന്നില്ല. അതു സുരലത എന്നിലെ കാമുകനെ കണ്ടെത്തിയതു കൊണ്ടായിരുന്നില്ല. അവൾ എന്നെ ഒരു കവിയെന്നു വിളിച്ചില്ലല്ലോ എന്നതിലായിരുന്നു സന്തോഷം മുഴുവനും. ഞാൻ അക്കാലത്തെ എതൊരു ആണിനെയും പോലെ തന്നെ വള൪ന്നുവരികയായിരുന്നു എന്നതിന്റെ സന്തോഷം.
“ അതെങ്ങനെ നിനക്കു മനസിലായി….?” കാര്യങ്ങൾ അറിയുക എന്നതു മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം. ഞങ്ങളുടെ സംഭാഷണം ഒരിക്കലും വഴിതെറ്റി കവിതയിലേക്കു വീഴാതിരിക്കാനും.
“ അതൊക്കെ മനസിലാവും. നീയെന്റെ അടുത്തു നിൽക്കുമ്പോൾ നിന്റെ ഉടലിലെ അഡ്രിനാലിൻ അളവു കൂടുന്നത് എനിക്കു കേൾക്കാം.” അവൾ അന്നേ ഒരു ശാസ്ത്രജ്ഞയായി മാറാനുള്ള തയാറെടുപ്പുകൾ നടത്തിത്തുടങ്ങിയിരുന്നു. ടെക്സ്റ്റ് ബുക്കുകളിൽ അപ്പോഴൊന്നും കയറിവന്നിട്ടില്ലാത്ത ഈ അഡ്രിനാലിൻ അല്ലാതെ എങ്ങനെ ലോകം അറിയാനാണ്.
“ ടെക്സ്റ്റ് ബുക്കിൽ പോലും ഇല്ലാത്തതു നീ പറയാതെ..” അവളെ നിരുത്സാഹപ്പെടുത്തുകയല്ലാതെ മറ്റു വഴി ഇല്ലായിരുന്നു. അല്ലെങ്കിൽ, ഈ സംസാരം എവിടെ എത്തിച്ചേരുമെന്ന് എനിക്കു നന്നായി അറിയാമായിരുന്നു.
“ ടെക്സ്റ്റ് ബുക്കിൽ വരുന്നതിനു മുമ്പും ലോകത്തിൽ പലതും നടക്കാറുണ്ട്.” സുരലത പറഞ്ഞു. അവളോടു ത൪ക്കിക്കുന്നതിൽ കാര്യമില്ല. കാരണം അവൾക്ക് എന്നേക്കാൾ ശാസ്ത്രജ്ഞാനമുണ്ടായിരുന്നു അന്നേ. അതുകൊണ്ടാണ് അവൾ ശാസ്ത്രത്തിന്റെ നാലു ചുവരുകൾക്കിടയിൽ പിന്നാലെ പെട്ടുപോവുന്നത്.
“ പക്ഷെ, എന്നിട്ടും നീ നിന്റെ കണ്ണുകളിലെ ഹൈഡ്രോക്ലാറിക് അമ്ലത്തിന്റെ ഗാഢത മനസിലാക്കിയില്ലല്ലോ…?”
“ നീയടുത്തുവരുമ്പോൾ എനിക്കു മനസിലാവുന്നുണ്ടായിരുന്നു. ആകെ പൊള്ളിനിൽക്കുന്ന ഒരു ഉടലിന്റെ സാന്നിധ്യം. പക്ഷെ, എനിക്കു നിന്നെ സഹായിക്കാനാവില്ല. നിന്റെ അഡ്രിനാലിന്റെ തിടുക്കം അറിയാവുന്നിടത്തോളം.”
“ പക്ഷെ, എന്നിട്ടും നീയെന്നെ നോക്കിപ്പൊള്ളിക്കുമായിരുന്നു…”
“ അതെ. അത്രയുമേ എനിക്കു ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. നിന്റെ അഡ്രിനാലിന്റെ അളവ് ഇനിയും കൂടിക്കൊണ്ടേയിരിക്കും. ഒരു കാമുകിക്കും സഹിക്കാൻ പറ്റുന്നതിനുമപ്പുറം. അതുകൊണ്ടു എനിക്കു നിന്നെ അക്കാര്യത്തിൽ സഹായിക്കാൻ പറ്റില്ല.”
“ അഡ്രിനാലിൻ… അഡ്രിനാലിൻ… ഈ അഡ്രിനാലിൻ ഇപ്പോൾ എവിടെ നിന്നാണു കയറിയെത്തിയത്…?” എനിക്കാകെ നിരാശ വന്നുതുടങ്ങിയിരുന്നു. എന്നാൽ, അവളുടെ അടുത്ത വാചകം അതിലും നിരാശ ഉണ്ടാക്കുന്നതായിരുന്നു. ഞങ്ങൾ തമ്മിലുള്ള സംഭാഷണം എവിടേക്കു ചെന്നെത്തുമെന്നു ഭയന്നു വഴി മാറിനടന്നിരുന്നോ, കൃത്യം അവിടേക്കു തന്നെയാണ് അതെത്തിയത്.
“ ഇതേ അഡ്രിനാലിൻ തന്നെയാണ് ഒരാളെക്കൊണ്ടു കവിതയെഴുതിക്കുന്നതും. നീയൊരു കാലത്തു കവിത എഴുതിത്തുടങ്ങും. എന്നാൽ, വെറുമൊരു കവിതയെഴുത്തുകാരനായി മാത്രം മാറരുത്. മറിച്ചു നീയൊരു കവി തന്നെയാകണം.”
രണ്ടും തമ്മിലുള്ള വ്യത്യാസം അന്നൊന്നും ഓ൪ത്തിരുന്നുകൂടിയില്ല. കവിത എന്ന വാക്കിൽ നിന്നു തന്നെ വഴിമാറി നടന്നവനായിരുന്നു. എന്നിട്ടാണ്. ആ വ്യത്യാസമായിരിക്കുമോ എന്നെ ആകുലപ്പെടുത്തുന്നത് എന്ന വിചാരത്തിൽ അവൾ വീണ്ടും പറഞ്ഞു.
“ കവിതയെഴുത്തുകാരനും കവിയും രണ്ടാണ്. ഒന്നു കവിതയിൽ പണിയെടുക്കുന്നവൻ മാത്രം. കവിയെന്നാൽ കവിത നി൪മിക്കുന്നവനാണ്.”
“ നീയിനി ഒരക്ഷരം സംസാരിക്കരുത്. കവിത എന്ന വാക്കിനെക്കുറിച്ചു മിണ്ടരുത്.” ലാബിലെ സ്ഫടികപ്പാത്രങ്ങൾക്കിടയിൽ ആരോ കുറെ തലകൾ വരച്ചുവച്ചിരിക്കുന്നതു കണ്ടു. ആരൊക്കെയോ ശ്രദ്ധിക്കുന്നുണ്ട്. ഒരു പ്രണയാഭ്യ൪ത്ഥനയെ രണ്ടു പേരിലാരോ തള്ളിപ്പറഞ്ഞതാവും എന്ന വിചാരമായിരുന്നിരിക്കണം അവ൪ക്ക്. അക്കാലത്തു ക്യാംപസിൽ ഇതൊക്കെ സുപരിചിതമായിരുന്നതുകൊണ്ട് ആരുടേയും താൽപ്പര്യം മുന്നോട്ടുവന്നില്ല എന്നേയുണ്ടായിരുന്നുള്ളൂ. ഈ ഏ൪പ്പാടിനു തേപ്പ്, തേച്ചിട്ടുപോക്ക് എന്നീ ആഡംബര വാക്കുകൾ അന്നൊന്നും വന്നിട്ടുണ്ടായിരുന്നില്ല.
സുരലതയുമായി പിന്നീടൊരിക്കലും സംസാരിക്കരുതെന്നൊരു വാശിത്തരം അന്നു വെറുതേ തോന്നിയതേ ഉണ്ടായിരുന്നുള്ളൂ. വിലാസിനിച്ചേച്ചിക്കു ശേഷം എന്നെ കവിതയെന്ന വാക്കു കൊണ്ടു മുറിവേൽപ്പിക്കുക എന്നത് അവളുടെ ഒരു പതിവായിരുന്നു. കവിത തോന്നുന്നുണ്ടെങ്കിൽ സ്വന്തം നിലയിൽ അത് എഴുതുക എന്നതിൽ കവിഞ്ഞ് അതു മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുക എന്നതു അവൾക്കു ചേ൪ന്ന ഒന്നല്ല. അത് അവളുടെ അവകാശത്തിൽ പെടുന്നതല്ല. മാത്രമല്ല, മറ്റൊരാളിന്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തുന്നതുമാണ്. അവൾ എന്നെ പ്രണയിക്കുന്നുണ്ട് എന്നു പറഞ്ഞാൽ പോലും എനിക്കത്ര സങ്കടം ഉണ്ടാകുമായിരുന്നില്ല. അവളുടെ ഹൈഡ്രോക്ലോറിക് അമ്ലനേത്രങ്ങൾ എന്നെ സദാ പിന്തുട൪ന്നു കുത്തിനോവിച്ചതിന്റെ പൊള്ളൽ ഞാൻ വഹിക്കുന്നുണ്ടായിരുന്നതിനാൽ, എന്നോടുണ്ടായേക്കാവുന്ന പ്രണയം തുറന്നുപറഞ്ഞുകേൾക്കുക എന്നതും എന്റെ അവകാശമാണെന്നു ഞാൻ വിചാരിച്ചുപോകുമായിരുന്നു.
ഞാനതുകൊണ്ട്, സുരലതയിലെ കവിതയെ മറന്നുകൊണ്ട് അവളുടെ പ്രണയത്തെക്കുറിച്ച് ആലോചിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. അഡ്രിനാലിൻ സമം കവിത എന്ന സൂത്രവാക്യത്തെക്കുറിച്ചു ഞാൻ പിന്നെ ചിന്തിച്ചതേയില്ല. എന്തുകൊണ്ടായിരുന്നു അവളെന്നിട്ടും അവളുടെ ഹൈഡ്രോക്ലോറിക് അമ്ലനോട്ടങ്ങളെ എന്നിലേക്കു തറപ്പിച്ചുനി൪ത്തിയതെന്നു വിചാരിക്കാനായിരുന്നു കോഴ്സിന്റെ ശിഷ്ടകാലത്തു ശ്രമിച്ചിരുന്നത്. എനിക്ക് അഡ്രിനാലിൻ കൂടിയതുകൊണ്ട് എന്റെ കാമുകിയായിരിക്കാൻ സാധിക്കില്ല എന്നു തന്നെയായിരിക്കുമോ അവൾ ഉദ്ദേശിച്ചിട്ടുണ്ടായിരിക്കുക….? അതോ, എനിക്കുമപ്പുറം ശാസ്ത്രമെന്ന കാമുകൻ അവളെ പ്രലോഭിപ്പിച്ചിട്ടുണ്ടായിരിക്കുമോ…? പിന്നെയൊരിക്കലും അവൾ ഒരു കവിതയെഴുതിക്കണ്ടില്ല. അന്നത്തെ സംഭവത്തിനു ശേഷം അതും അവൾ ഉപേക്ഷിച്ചിരിക്കുമോ..? അവളുടെ അഡ്രിനാലിൻ അവൾ എവിടെക്കൊണ്ടുചെന്നായിരിക്കും ജീവിതത്തിന്റെ മുന്നോട്ടുള്ള വഴിയിൽ ഉപേക്ഷിച്ചിട്ടുണ്ടായിരിക്കുക. അങ്ങനെ എന്തെങ്കിലും പൂ൪ണമായി ഒരാൾക്ക് ഉപേക്ഷിക്കാൻ സാധിക്കുമോ..?
എന്നാലും, എന്നെക്കൊണ്ടു കവിതയെഴുതിപ്പിക്കാൻ ശ്രമിക്കുന്ന ഏതൊന്നിനെയും ഞാൻ മാറ്റിനി൪ത്തിക്കൊണ്ടിരുന്നു. അതിനുള്ള ഒരു സൂത്രവാക്യം തന്നെയാണു സുരലത തന്നിട്ടുണ്ടായിരുന്നത് എന്നു പിന്നീടെപ്പോഴോ ഞാൻ അറിയുകയായിരുന്നു. ഏതൊരു ആണിനെയും പോലെ ഇരുപത്തഞ്ചു വയസിനു മുന്നേ ഒരു കാമുകനാവുക എന്നതു തന്നെയായിരുന്നു കവിതയെഴുത്തിനെ കുറേക്കാലത്തേക്ക് എങ്കിലും അകറ്റിനി൪ത്താനുള്ള ഏകവഴി എന്നു തന്നെയാണു സുരലത പറഞ്ഞുവച്ചത്. എന്നാൽ, അങ്ങനെ ഒരു കാമുകിയായിരിക്കുന്നതിൽ എന്നെ സഹായിക്കാൻ ആവില്ലെന്നും അവൾ തീ൪ത്തുപറയുകയായിരുന്നു. അല്ലെങ്കിൽ, സൂചനകളിലൂടെ അതു വ്യക്തമാക്കുകയായിരുന്നു.
പിന്നെയൊരിക്കലും സുരലതയെ കാണുകയുണ്ടായില്ല. അവളുടെ ഹൈഡ്രോക്ലോറിക് അമ്ലനോട്ടങ്ങളുടെ പൊള്ളൽ കാലമേറെ കഴിഞ്ഞിട്ടും എന്നെ വിട്ടുപോയുമില്ല. അത്രയും ആഴത്തിലുള്ള പൊള്ളൽ ഉണ്ടായിരിക്കുമോ…? പിന്നീടെപ്പോഴോ ഞാനെഴുതി. ‘ പല ചിതകളിൽ കിടന്നിട്ടുണ്ട്, നിന്നോളം പൊള്ളിച്ചില്ല അവയൊന്നും.’ അവളുടെ ഓരോ നോട്ടവും ഓരോ അമ്ലചുംബനമായിരുന്നു. സുരലത ഒരിക്കലും അത് അനുവദിച്ചുതരുമായിരിക്കില്ല. കാരണം, വ൪ഷങ്ങൾക്കു മുന്നേ അവളെന്നെ തള്ളിപ്പറഞ്ഞിരുന്നല്ലോ. വിലാസിനിച്ചേച്ചിയായിരുന്നു എന്നിൽ കവിത കുത്തിവച്ചിരുന്നതെങ്കിൽ, സുരലതയുടെ ആ അകാരണമായ പിന്മടക്കമായിരുന്നു അതിന്റെ അണുബാധ എക്കാലത്തേക്കും എന്നിലുണ്ടാക്കിയത്
(ലേഖകൻ മാധ്യമപ്രവർത്തകനും കവിയും നോവലിസ്റ്റുമാണ്. ആദ്യനോവൽ, ഭൂമിയോളംചെറുതായ കാര്യങ്ങൾ 1987ൽ. ആറു കവിതാസമാഹാരങ്ങൾ. ഏഴു കഥാ സമാഹാരങ്ങൾ. ഒമ്പതു നോവലുകൾ.
രസതന്ത്രത്തിലും പത്രപ്രവർത്തനത്തിലും മാസ്റ്റർബിരുദം. ഇപ്പോൾ കോഴിക്കോട്ട് താമസം.)
littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@gmail.com
You must be logged in to post a comment Login