Connect with us

കവിത

വൻകുടൽ

Published

on

അന്ന സ്വിർ

വിവ: വി. രവികുമാർ

കണ്ണാടി നോക്കൂ. നമുക്കിരുവർക്കും നോക്കാം.
ഇതാ എന്റെ നഗ്നമായ ഉടൽ.
നിനക്കതിനെ ഇഷ്ടമായിരിക്കാം,
എനിക്കിഷ്ടപ്പെടാൻ ഒരു കാരണവുമില്ല.
ഞങ്ങളെ തമ്മിൽ കൂട്ടിക്കെട്ടിയതാരാണ്‌,
എന്നെയും എന്റെ ഉടലിനേയും?
അതു മരിക്കുമ്പോൾ
എന്തിനു ഞാനും കൂടെ മരിക്കണം?
ഞങ്ങൾക്കിടയിലെ അതിർത്തി എവിടെയാണെന്നറിയാൻ
എനിക്കവകാശമുണ്ട്.
എവിടെയാണു ഞാൻ, ഞാൻ, ഞാനായ ഞാൻ?

അടിവയറ്റിൽ, അടിവയറ്റിലാണോ ഞാൻ? വൻകുടലിൽ?
കാലിടുക്കിലെ ദ്വാരത്തിൽ? ഒരു കാൽവിരലിൽ?
തലച്ചോറിലാണെന്നു വരാം. എനിക്കതു കാണില്ല.
തലയോട്ടിയിൽ നിന്നെന്റെ തലച്ചോറെടുക്കൂ.
എനിക്കെന്നെ കാണാനുള്ള അവകാശമുണ്ടെന്നറിയില്ലേ?
ചിരിക്കരുത്. ഭീകരമാണതെന്നു നീ പറയുന്നു.

എന്റെ ഉടലുണ്ടാക്കിയതു ഞാനല്ല.
എന്റെ കുടുംബത്തിലെ പഴന്തുണികളാണു ഞാൻ ധരിച്ചിരിക്കുന്നത്,
എനിക്കന്യമായ ഒരു തലച്ചോറ്‌, ഒരു യാദൃച്ഛികഫലം,
എന്റെ മുത്തശ്ശിയുടെ മുടി,
മരിച്ച ചില മൂക്കുകളിൽ നിന്നൊട്ടിച്ചെടുത്ത ഒരു മൂക്ക്.
ഇതൊക്കെയുമായി എനിക്കെന്തു ബന്ധമിരിക്കുന്നു?
നീയുമായി എനിക്കെന്തു ബന്ധം, എന്റെ കാൽമുട്ടു പോലെ,
എന്റെ കാൽമുട്ടുമായി എനിക്കെന്തു ബന്ധം?

ഞാനായിരുന്നെങ്കിൽ
മറ്റൊരു രൂപമാണു ഞാൻ തിരഞ്ഞെടുക്കുക.

രണ്ടും ഞാൻ ഇവിടെ ഉപേക്ഷിച്ചു പോകും,
എന്റെ കാൽമുട്ടിനേയും നിന്നെയും.
മുഖം വക്രിപ്പിക്കരുത്,
നിനക്കു കളിക്കാനായി
എന്റെ ഉടൽ അങ്ങനെതന്നെ ഞാൻ തന്നിട്ടു പോകാം.
ഞാൻ പോകും,
ഇവിടെ എനിക്കൊരു കാര്യവുമില്ല,
ജീർണ്ണതയ്ക്കു കാത്തുകിടക്കുന്ന
ഈ അന്ധകാരത്തിൽ.
ഞാൻ ഇറങ്ങിയോടും,
എന്നിൽ നിന്നു ഞാൻ പാഞ്ഞൊളിക്കും.
ഞാൻ എന്നെത്തേടി
അന്ത്യശ്വാസം വരെയും ഭ്രാന്തെടുത്ത പോലെ പായും.

മരണം വരും മുമ്പേ നമുക്കു തിരക്കു പിടിക്കേണ്ടിവരുന്നു.
തുടലിട്ടു വലിക്കുന്ന നായയെപ്പോലെ
നിത്യയാതന തിന്നുന്ന ഈ ഉടലിലേക്കെനിക്കു മടങ്ങാതെ വയ്യ.
അതിന്റെ കർക്കശമായ അന്ത്യാനുഷ്ഠാനങ്ങളിലൂടെ
എനിക്കു കടന്നുപോകാതെ വയ്യ.

ഉടൽ തോല്പിച്ചവൾ,
ഉടലിനാൽ സാവധാനം നശിച്ചവൾ.

ഞാൻ പ്രവർത്തനം നിലച്ച ഒരു വൃക്കയാവും
അല്ലെങ്കിൽ ചീഞ്ഞുപോയ ഒരു വൻകുടൽ.
ഒരു നാണക്കേടോടെ ഞാൻ അവസാനിക്കും.

എനിക്കൊപ്പം പ്രപഞ്ചവും അവസാനിക്കും,
പ്രവർത്തനം നിലച്ച ഒരു വൃക്കയായി,
അല്ലെങ്കിൽ ചീഞ്ഞുപോയ ഒരു വൻകുടലായിച്ചുരുങ്ങി.

(അന്ന സ്വിർ Anna Swir (Świrszczyńska) പോളണ്ടിലെ വാഴ്സയിൽ 1909ൽ ജനിച്ചു. ദരിദ്രമെങ്കിലും കലാപാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ജനനം. വളരെ ചെറുപ്പത്തിലേ അവർ ജോലി ചെയ്തു തുടങ്ങുന്നുണ്ട്; ഒഴിവുസമയത്ത് ജോലി ചെയ്തു കൊണ്ടാണ്‌ അവർ മദ്ധ്യകാലപോളിഷ് സാഹിത്യത്തിൽ യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കിയത്. അവരുടെ ആദ്യത്തെ കവിതകൾ പുറത്തു വരുന്നത് 1930ലാണ്‌. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾക്കെതിരായ പോളിഷ് ചെറുത്തുനില്പിൽ അവർ പങ്കെടുത്തിരുന്നു. വാഴ്സ കലാപത്തിന്റെ കാലത്ത് അവർ മിലിട്ടറി നഴ്സുമായിരുന്നു. ഒരിക്കൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടുവെങ്കിലും ശിക്ഷ നടപ്പാക്കുന്നതിന്‌ ഒരു മണിക്കൂർ മുമ്പ് അവരെ ഒഴിവാക്കുകയായിരുന്നു. കവിതകൾക്കു പുറമേ കുട്ടികൾക്കുള്ള കഥകളും നാടകങ്ങളും അവർ എഴുതിയിട്ടുണ്ട്. 1984ൽ ക്യാൻസർ രോഗത്തെ തുടർന്ന് ക്രാക്കോവിൽ വച്ച് അവർ മരിച്ചു.

ഇംഗ്ലീഷിൽ ലഭ്യമായ അവരുടെ കവിതാസമാഹാരങ്ങൾ Building the Barricade (1974), Happy as a Dog’s Tail (1985), Fat like the sun (1986), and Talking to My Body (1996) തുടങ്ങിയവയാണ്‌. യുദ്ധവും മരണവും ഉടലും അതിന്റെ അനുഭവങ്ങളുമാണ് അവരുടെ മുഖ്യമായ പ്രമേയങ്ങൾ. അതിനവർ ഉപയോഗിക്കുന്നത് ഋജുവും ലളിതവുമായ ഒരു ഭാഷയുമാണ്‌.

കവിതയെക്കുറിച്ച് അവർ ഇങ്ങനെ പറയുന്നു: “കവിതയിൽ വാക്കുകളുടെ ലക്ഷ്യം ഉള്ളടക്കത്തിലേക്കു വളരുക എന്നതാണ്‌; എന്നാൽ ആ ലക്ഷ്യം ഒരിക്കലും കൈവരാനും പോകുന്നില്ല, കാരണം, കവിയിൽ കുടി കൊള്ളുന്ന ആത്മീയോർജ്ജത്തിന്റെ വളരെച്ചെറിയ ഒരംശമേ വാക്കുകളായി പുനരവതരിക്കുന്നുള്ളു. ഓരോ കവിതയ്ക്കും ഓരോ കാവ്യശാസ്ത്രം ആവശ്യപ്പെടാനുള്ള അവകാശമുണ്ടെന്നതാണ്‌ വസ്തുത. ശൈലി കവിയുടെ ശത്രുവാണ്‌, അതിന്റെ അഭാവമാണ്‌ അതിന്റെ ഏറ്റവും നല്ല ഗുണവും. ഒരെഴുത്തുകാരന്‌ രണ്ടു ധർമ്മങ്ങളാണുള്ളതെന്ന് നമുക്കു പറയാം: ആദ്യത്തേത്- സ്വന്തമായ ഒരു ശൈലി സൃഷ്ടിക്കുക. രണ്ടാമത്തേത്- സ്വന്തം ശൈലി നശിപ്പിക്കുക. രണ്ടാമത്തേതാണ്‌ കൂടുതൽ ദുഷ്കരം, അതിന്‌ കൂടുതൽ സമയവും വേണം.”)

പെണ്ണിടം പ്രപഞ്ചം

ഫില്ലിസ് ജോസഫ്

പെണ്ണിടമെത്രമേൽധന്യം
പാരിൽപാഴ്ക്കിനാവല്ലവൾ സത്യം.
പാതിരാനേരത്ത്പോലും
നറുംപാലേകിപ്പോറ്റിയ പുണ്യം
ഇതിഹാസമേതിലും കാണാം
നിറശക്തിസ്വരൂപമാം സ്ത്രീത്വം
ഇരുതലവാൾമൂർച്ചയേറും
വാക്ശരമായവൾ മാറും
ഇന്നോളമുലകിൽ വിരിഞ്ഞ
സർവ്വസുഗന്ധവും
പെണ്ണോളമുണ്ടോ
ഉള്ളിലഗ്നിയായ്കത്തിയെരിയെ
ഉള്ളത് വെച്ച് വിളമ്പും
ഉണ്ണാതുറങ്ങാതെ കാക്കും
ഉണ്ണിയാർച്ചയായ് ഉള്ളം തിളയ്ക്കും
പെണ്ണിവളില്ലാതെയുണ്ടോ
പേരിന് പോലുമീ ലോകം
പേറാത്ത ഭാരമൊന്നുണ്ടോ
ഇത്തിരി സ്നേഹത്തിൻ മുന്നിൽ
കാമിനിയായ് വന്നു നിന്നാൽ
കാലവും പൊൻതേരിലേറും
കാത്തിരിപ്പിൻ റാണിയാവും
കാത്തുവയ്ക്കും കണ്ണിനുള്ളിൽ
പ്രേയസിയായവൾ വന്നാൽ
പ്രേതക്കാട്ടിലുംകൈകോർത്തു നിൽക്കും
പൊന്നിലും പൊന്നായ് തിളങ്ങും
പൊൻവിളക്കായി തെളിയും
പുത്രിയായ് ഒട്ടൊന്നു നിൽക്കെ
പൂത്തൊരാകാശമായവൾ നിറയും
കൺമുന്നിൽമാമരമാകും
കൊടുംവേനലിൽ ശീതളഛായയുമേകും
പെങ്ങളൊരുസ്വത്താണ് മർത്യാ
അവളില്ലെങ്കിലില്ല സുകൃതം
കൂടെ നടന്നു ചിണുങ്ങും
കൂടെപ്പിറപ്പായി മിന്നും
പുത്രന്റെ പെണ്ണായി നിൽക്കെ
സ്വർഗ്ഗം കൊതിച്ചവൾ കൊഞ്ചും
സ്വന്തമൊന്നൊരു പദം
ചൊൽകെ
താക്കോൽക്കൂട്ടമായ് നിന്ന് കിതയ്ക്കും
അമ്മയായ് പെണ്ണവൾ പെയ്യും
വരുംതലമുറവന്ദിച്ചുനിൽക്കെ
മുത്തശ്ശിക്കൈ കൊണ്ടും ഊട്ടും
മരണത്തിൽ പോലും മറക്കാക്കഥ കാതിൽ തേനും ചൊരിയും
വായ്മൊഴി പോലും വരമായ്
മനവാതിൽക്കൽ നിന്ന് ചിരിക്കും
ഝാൻസിയായ്, മസ്താനിയായി
തെരേസയായ്
നാദിറയായ്
നങ്ങേലിയായ്
ജാനുവായ്
നിന്നു ജ്വലിച്ചോൾ
സുഗതമ്മയായ്, ബാലാമണിയായ്, മാധവിക്കുട്ടിയായ്
ചൊല്ലും ഇതാണിതാണെന്റെ വീഥി.
എന്നിട്ടുമെന്നിട്ടുമെന്തേ
കൊടും പീഢയാലവളെ
മുറിക്കും മാനസം നിങ്ങൾ വഹിപ്പൂ
മാറാത്ത വ്യാധി പോലെന്തേ ദ്രോഹങ്ങൾ അവൾക്കായൊരുക്കി
മാറണംമാറണംലോകം
പെണ്ണവൾ കേണാലുലകം
രണ്ടായ് പിളർന്നങ്ങു മാറും
അവളെയുമേറ്റി മറയും
മൗനമായ് പ്രപഞ്ചം പിരിയും
പിന്നെമൗനവുമില്ലാതെയാവും
കാക്കണംകാവലാളല്ലോ
അവൾ
നിറനിലാവിന്റെ കാതര മുത്തം.

littnow.com

littnowmagazine@gmail.com

കവിത

അൽഷിമേഴ്‌സ്

Published

on

ഹരിത ദാസ്

വര: സാജോ പനയംകോട്

ഓർമയുടെ അവസാനനാളവും
അണയുന്നതിനു മുൻപ്,
മറവിയുടെ അരക്കില്ലത്തിൽ
ഉരുകിതീരും മുൻപ്,
സഖീ…. നിന്നോടൊരു വാക്ക്!
നാമൊന്നിച്ചു താണ്ടിയ ദൂരങ്ങളത്രയും
വേരു പടരുമീ കാൽപാദങ്ങളും
നമ്മൾ പങ്കിട്ട ഗ്രീഷ്മ ശിശിരങ്ങളും
ഇഴ തുന്നുമീ ചുളിവുകളും
മായുകില്ല മറയ്ക്കുകില്ല
നീ എനിക്കാരായിരുന്നുവെന്ന്
നമ്മൾ എന്തായിരുന്നുവെന്ന്.
ഇരുൾവീണിടുന്നോരെൻ സ്‌മൃതിമണ്ഡലത്തിൽ നിൻ
ഓർമകളെ ഞാൻ നിമഞ്ജനം ചെയ്കിലും ,
തിരികെയെത്തുമെന്നൊരു പൊയ്‌വാക്കോതാതെ
വിസ്മൃതിയുടെ ആഴങ്ങളിൽ മറഞ്ഞീടിലും
മറക്കുകില്ല മരിക്കുകില്ല
നീ തന്നോരീ നിമിഷങ്ങളെന്നിൽ
പ്രിയേ…..
ദിക്കറിയാത്ത ഈ നീണ്ടയാത്രക്ക് കൂട്ടായി,
ഒരു ധ്രുവനക്ഷത്രം പോൽ
നീ എന്നിൽ നിലകൊള്ളും.
തണുത്തുറഞ്ഞ ഓർമകൾക്ക്, നിമിഷങ്ങൾക്കു കനൽ ചൂടേകി
നീ എന്നാത്മാവിൽ കുടികൊള്ളും..
ജന്മ-ജന്മാന്തരങ്ങൾക്കുമപ്പുറം
ഒരിക്കൽ നമുക്കിവിടെയൊത്തുചേരാം….
മറവിയുടെ ചായം കുതിർത്തൊരീ ചിത്രത്തിൽ
ഒരുമിച്ച് വീണ്ടും നിറം പകരാം.

littnowmagazine@gmail.com

Continue Reading

കവിത

ഇനിയുമൊരുകാലം

Published

on

ബിന്ദു തേജസ്

ഇന്നുമെന്നെപ്പൊതിയുമൊരു

പ്രിയ തരമാകുമദൃശ്യ കരങ്ങളാം

കനിവ് തീർക്കും കരളിണ ക്കത്തിന്റെ കണ്ണികൾ.

നനവ് മൂടി മിഴിപ്പച്ച മങ്ങി ത്തുടങ്ങവേ

ഇടറി,വിറയാർന്ന സ്വരവു മലച്ചുപോയ് ,

ഹൃദയ താഴ് വാരങ്ങൾ തൻ പ്രതിധ്വനിയും വിതുമ്പുന്നു .

പടിയിറങ്ങുമ്പോളുളളം പിടയുന്നതിൻ നുറുങ്ങലും

ഗദ് ഗദവുമെന്നപോൽ

കിനാ മലരുകൾ പൊഴിയുമാ നിറ ചിത്രമുറ്റു നോക്കവേ

നിറയെയോർമ്മ ശലഭങ്ങൾ തുടിക്കയായ് ,

അവിടെ ഞാനും പറക്കയാ ച്ചിറകിലേറി

യനേകകാലങ്ങളിലൂടെയൊരിത്തിരി നേരം .

തുടു തുടുത്തൊരാ പനീർ

പൂവുകളിതളടർന്നൊന്നു

മണ്ണിനെച്ചുംബിക്കവേ

വ്യഥകളറ്റു ഞാനും ചിരിക്കയായ്

ഒന്നു മധികമായ് ഭ്രമ ത്തിൻ വലയെറിഞ്ഞീലയെങ്കിലുമലോസരക്കൊളുത്തിലെന്നെ

കുടുക്കീലയിവിടം പ്രിയം മാത്രമണച്ചു

ഞാനാ മധുരംനുണഞ്ഞു നടക്കട്ടെ .

പാതിയിലേറെക്കഴിഞ്ഞൊരീ പാതയിലിനിയും

പൂക്കാനൊരു വെൺ ചെമ്പകച്ചില്ല തളിരിടുമോയെന്നു

വെറുതെ നിനച്ചു നിൽക്കയാണിപ്പോഴും…

littnow.com

littnowmagazine@gmail.com

Continue Reading

കവിത

ഒറ്റയായ്പ്പോയ ഒച്ച

Published

on

കുറിഞ്ചിലക്കോട് ബാലചന്ദ്രൻ

സച്ചിമാഷിനെ
എനിക്കറിയില്ലെങ്കിലും
ചില സച്ചി’താ’നന്ദന്മാർ
വരണ്ട നദികളിൽ
കുളം കുത്തുന്നതിന്
ഞാൻ സാക്ഷിയാകുന്നുണ്ട്.

ഓടിയൊളിക്കാനാണ്
ആദ്യം തോന്നിയത്.
ഉള്ളിലൊരു തേളുകുത്തിയതിനാൽ
നോട്ടം പിഴച്ചു പോയി!

പറ്റമായ് വന്ന്
ഒറ്റയായ്പ്പോയ
ഒറ്റുകാരൻ
ചിന്തയ്ക്ക് ചിന്തേരിട്ട്
മിനുക്കാൻ തുടങ്ങുമ്പോൾ
വേനൽ പഴുത്തു പാകമായ
മണ്ടയില്ലാത്തെങ്ങ്
കമ്പേറിട്ട തേങ്ങ
തലയിൽത്തന്നെ വീണതിന്
സാക്ഷ്യമായി
ചിരി ഒരു കലാരൂപമായ്
ചുണ്ടു പിളർത്തി
കരയാനും തുടങ്ങി.

           

പ്രണയപ്പിറ്റേന്ന്
ചങ്ങമ്പുഴയും
വൈലോപ്പിള്ളിയും
ഇടശ്ശേരിപ്പാലത്തിൽ നിന്ന്
പ്രളയം കാണുമ്പോൾ
ജല കളിമ്പത്തിൻ
മുങ്ങാങ്കുഴിയിൽ
അവർ
കവിതയായൊഴുകിപ്പോയതിന്
ഞാനും സാക്ഷിയാകുന്നു.

അതിനാലാണ്,
അതിനാൽ മാത്രമാണ്
ഈ പുഴയെ
ഞാൻ
ഒറ്റയ്ക്ക്
ഉണക്കാനിട്ടിരിക്കുന്നത്!.

littnow.com

littnowmagazine@gmail.com

Continue Reading

Trending