കവിത
തൂക്കുകയർ

രേഖ ആർ താങ്കൾ
നിറയെ പൂക്കളുള്ള
പുള്ളിപ്പാവാടയുടെ അറ്റത്ത്
ആ ഒറ്റവരിക്കവിത
കെട്ടിത്തൂങ്ങിച്ചത്തു!
ഋതുഭേദങ്ങൾ
വിവർത്തനം ചെയ്യാനും
വലിച്ചുനീട്ടി
ഖണ്ഡങ്ങളാക്കാനും
മഹാകാവ്യലക്ഷണമനുസരിച്ച്
മാറ്റിയെഴുതാനും
ശ്രമിച്ചതാണത്രേ കാരണം
അവൾ തന്നെയാണ് വിവരം
ഫോൺ വിളിച്ചു പറഞ്ഞത്
ചുണ്ടിന്റെ അറ്റത്ത്
വിങ്ങിനിന്ന ചിരിയിൽ
പുച്ഛം കനച്ചിരുന്നു
ഒറ്റവരിയിൽ
ഒഴുകിപ്പരക്കാനും
മലമുകളിൽ നിന്ന്
എടുത്തുചാടാനും
ആഴത്തിൽ
അലിഞ്ഞു ചേരാനും
അവൾക്ക് കഴിയുമായിരുന്നത്രേ!
വളച്ചുകെട്ടി വേലിതിരിച്ച്
നിലത്തു ചേർത്ത് ആണിയടിക്കാൻ വിട്ടുകൊടുക്കല്ലേയെന്ന്
പലതവണ കാലുപിടിച്ചു പറഞ്ഞതാണ്
അപ്പോഴൊക്കെ
പുറം ചൊറിയുന്ന സുഖത്തിനു
ഭംഗം വരാതെ
വാക്കുകൾ പിരിച്ചെഴുതി
അർത്ഥം തിരയുകയായിരുന്നു
നിസ്സഹായതയുടെ തുഞ്ചത്തെന്ന് ഭാവിച്ച്
അന്വയം ആവർത്തിക്കുകയായിരുന്നു
വളർത്താനെന്ന് പറഞ്ഞ്
കൊലയ്ക്ക് കൊടുക്കരുതെന്ന്
ചിറകുകൾ അരിഞ്ഞു തള്ളരുതെന്ന്
ആകാശത്തിന്
അതിരുകൾ വയ്ക്കരുതെന്ന്
അവൾ കെഞ്ചിയതാണ്
കടുംവർണങ്ങൾ
തൂവിമറിഞ്ഞ കടലാസിൽ
തോന്നുംപോലെ വരികൾ ചമയ്ക്കണമെന്ന്
വെന്തവാക്കുകൾക്കിടയ്ക്കും
പാരിജാതഗന്ധം പടർത്തണമെന്ന്
ഒറ്റത്താളത്തിൽ
പതിഞ്ഞ ശബ്ദത്തിൽ
പാടിത്തുടങ്ങാനാവില്ലെന്ന്
ഉച്ചസ്ഥായിയിൽ സ്വയം മറന്ന് അനന്തതയിൽ ലയിക്കണമെന്ന്
ഒക്കെ അവൾ ആഗ്രഹിച്ചിരുന്നു
തൂക്കുകയർ വിധിക്കപ്പെട്ട്
ദയാഹർജിക്ക് പോലും
ആരുമില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷത്തിലാവും
ഒറ്റവരിയിൽ നിന്നും
മൊഴിമാറ്റപ്പെടുന്നതിനു മുൻപ്
മഞ്ഞപ്പൂക്കളുള്ള നീലപ്പാവാട
അവൾ സ്വയം
തിരഞ്ഞെടുത്തത്!
അറുത്തിട്ടു കൂട്ടിത്തുന്നുന്നവർക്ക്
നിലച്ചുപോയ പിടപ്പിനി
അറിയാനാവില്ലല്ലോ!

littnow.com
littnowmagazine@gmail.com
- Uncategorized4 years ago
അക്കാമൻ
- ലോകം4 years ago
കടൽ ആരുടേത് – 1
- കവിത3 years ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി - സിനിമ3 years ago
മൈക്ക് ഉച്ചത്തിലാണ്
- കല4 years ago
ഞാൻ പുതുവർഷത്തെ വെറുക്കുന്നു
- കായികം3 years ago
ജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
- കവിത4 years ago
കോന്തല
- ലേഖനം4 years ago
തൊണ്ണൂറുകളിലെ പുതുകവിത
You must be logged in to post a comment Login