കവിത
ദിവസം, തിരക്കേറിയ ഒരു റോഡ് മാത്രമാകുന്നു
സുജ എം ആർ
വര_ സാജോ പനയംകോട്
കുറച്ചേറെ ദൂരം പോകാനുണ്ടായിരുന്നു..
നഗരത്തിരക്കിലൂടെ,
ഒട്ടു ധൃതിയിൽ
പാതയോരത്തു കൂടെ,
വശം ചേർന്നു നടക്കുന്നു ഞാൻ..
കൊഴുപ്പടിഞ്ഞ ഞരമ്പുകളിൽ
രക്തം കട്ട പിടിച്ച പോൽ,
പലവിധ വാഹന സഞ്ചയം
അവിടവിടെ
കുടുങ്ങിക്കിടക്കുന്നു,
കഷ്ടം തന്നെ!!!
പാത മുറിച്ച് കടക്കുന്നേരം ചീറിയടുത്ത ബൈക്കനൊരുവൻ,
എന്റെ കയ്യിലിരുന്ന ഫോണും
തട്ടിത്തെറിപ്പിച്ച്,
നീളത്തിൽ ഹോണടിച്ച്,
തിരിഞ്ഞ് നോക്കി,
അവന്റെ,
വഴിയിൽ കയറിയ ദരിദ്രവാസിയെന്നെന്നെ,
നിർലോഭം പുച്ഛിച്ചിട്ട്,
അവന്റമ്മേടെ
വായുഗുളികക്കായി
നിർലജ്ജം യാത്രയാവുന്നു..
വഴിയിൽ കിടന്ന
ഫോണെടുത്ത്,
തൽക്കാലം രക്ഷപ്പെട്ടെന്നോർത്ത്, വായുഗുളികക്ക് പോയവൻെറ
മുൻതലമുറകളേയും,
പിൻതലമുറകളേയും,
അത്യുന്നത സ്നേഹത്തോടെയും, ആർദ്രതയോടെയും, സ്മരിച്ചും മഹത്വപ്പെടുത്തിയും,
കാൽനടക്കാരന്റെ,
പൊതുനിരത്തിലെ, അവകാശരാഹിത്യത്തിൽ
ഖേദിച്ചും, പ്രതിഷേധിച്ചും,
മനസ്സിനകത്തേക്ക് രണ്ട് മുദ്രാവാക്യവും,
പുറത്തേക്ക്
കാത് പുകയുന്ന
നാലഞ്ച് മഹദ് വചനങ്ങളും (കൊടുങ്ങല്ലൂർ ഭരണിക്കൊക്കെ നിർലോഭം പാടിക്കേൾക്കുന്ന അതേ വചനങ്ങൾ) വിക്ഷേപിച്ച്,
അപ്പുറത്തെ പീടികക്ക് മുന്നിൽ, നേരത്തെ ഉപേക്ഷിച്ച് പോയ
സ്വന്തം ബൈക്കിൽ
പൊടിയും തട്ടിത്തുടച്ച്
വലിഞ്ഞ് കയറിയിരിക്കുന്നു ഞാൻ..
റോഡിലേക്കെടുത്ത്,
നൂറേ നൂറിൽ പറപ്പിക്കാൻ ഒരുങ്ങുമ്പോൾ,
റോഡും മുറിച്ച്,
മുന്നിലേക്ക്
വന്ന് കയറുന്നൂ മന്ദം മന്ദം,
ഏതോ കുറേ അലവലാതികൾ
നാശം!!
താളത്തിൽ ഒന്ന്
വട്ടം ചവിട്ടി വരുമ്പോഴാണ്…
ആരാടാ??
ഇതിനെയൊക്കെ
കുറ്റീം പറിച്ച്
റോട്ടിലേക്കിറക്കി വിടുന്നത്?
റോട്ടുനികുതി കൊടുക്കുന്ന വാഹനൻമാർക്ക്
ഈ റോട്ടിലും നാട്ടിലും
ഒരു വിലയുമില്ലേ??
അവന്റമ്മേടെ..
നാ….ശം!!
പോയിട്ടെന്തൊക്കെ
പണിയുള്ളതാണ്..
ഹൊ!!!
ഇന്നത്തെയൊരു ദിവസം!!!
ഇന്നത്തെ ദിവസം,
മൊത്തം മൂഡും പോയി!!
പൊളിറ്റിക്കൽ കറക്റ്റ്നസ്
ഇല്ലാത്ത ലോകമേ..
ഞാൻ, അങ്ങ്
സ്വർഗരാജ്യത്ത് ജനിക്കേണ്ടവനല്ലായിരുന്നോ??
എന്തിനായിരുന്നു ഇതൊക്കെ??
littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@gmail.com
You must be logged in to post a comment Login