Connect with us

സാഹിത്യം

അറ്റുവീണതിന്റെ അവസാനപിടപ്പ്

Published

on

സുഭാഷ് ചന്ദ്രന്റെ സമുദ്രശില-വായന

രേഖ ആർ താങ്കൾ

വായനയിലൂടെ ഒരാൾ ഒരുപാട് ജീവിതങ്ങൾ ജീവിക്കുന്നു. അവരവരിൽ നിന്ന് മോചിപ്പിക്കപ്പെടുകയും വിസ്മരിക്കാനാഗ്രഹിക്കുന്ന യാഥാർഥ്യങ്ങളിൽ നിന്ന് കൂട്ടുകൂടുന്ന അക്ഷരങ്ങളിലേക്ക് പരകായപ്രവേശം നടത്തുകയും ചെയ്യുന്നു.ജീവിക്കുന്ന ചെറിയലോകത്തെ ഭേദിച്ചുകൊണ്ട് മനുഷ്യവംശത്തോളം തന്നെ വിസ്തൃതമായ ഒരു അനുഭവപ്രപഞ്ചത്തിലൂടെ തോണി തുഴയുന്നു.സങ്കീർണവും വൈരുദ്ധ്യാത്മകവുമായ ജീവിതത്തിൽനിന്ന് കണ്ടെടുക്കുന്ന കാവ്യാത്മകസൗന്ദര്യത്തിനപ്പുറം പടം പൊഴിച്ചിട്ട ജീവിതം കണ്ട് ചിലപ്പോഴൊക്കെ അസ്തപ്രജ്ഞനാവുന്നു. വലിയൊരു പശ്ചാത്തലത്തിന്റെയും ബഹുസ്വരതയുടെയും സാന്നിധ്യമില്ലാതെ ജീവിതത്തിന്റെ ഈ സർപ്പസൗന്ദര്യമാണ് സുഭാഷ്ചന്ദ്രൻ സമുദ്രശിലയിൽ അവതരിപ്പിക്കുന്നത്. ഓർമകളുടെയും സങ്കൽപ്പങ്ങളുടെയും അനന്തനീലിമയിൽ നിന്ന് യാഥാർഥ്യത്തിന്റെ ശിലാകൂടത്തെ കണ്ടെടുക്കുന്നത്.പ്രഹേളികാസ്വഭാവമുള്ള സ്ത്രീജീവിതത്തെ ഭാഷയുടെ ഉളിയും ഭാവനയുടെ കൊട്ടുവടിയുമുപയോഗിച്ച് ശില്പഭദ്രമാക്കുന്നത്.സൃഷ്ടി,സ്ഥിതി,സംഹാരങ്ങളെന്ന് നോവൽ ശരീരത്തെ മൂന്നായി വിഭജിച്ചുകൊണ്ട് ഒന്നൊന്നിന്റെ തുടർച്ചയും അനന്തതയിൽ മാത്രം അവസാനിക്കുന്നതുമാണെന്ന് തെളിയിക്കുന്നത്.

2018ജൂലൈ 27ന് വ്യാസപൂർണിമയിൽ,
രക്തചന്ദ്രനുദിച്ച രാത്രിയിൽ നിലച്ചുപോയ സങ്കീർണ്ണമായ ഒരു മനുഷ്യബന്ധത്തെ ജീവിതസമുദ്രത്തിൽ നിന്നും മഥനം ചെയ്തെടുക്കുകയാണ് കഥാകാരൻ.നഗരത്തിലെ ജനറലാശുപത്രിയിൽ പല്ല്പറിക്കാനെത്തിയ കാത്തിരിപ്പുവേളയിൽ മാതൃഭൂമിയുടെ ‘യാത്രയിൽ’ അച്ചടിച്ചുവന്ന ലേഖനത്തിലെ വെള്ളിയാങ്കല്ലിന്റെ കൊതിപ്പിക്കുന്ന ചിത്രവും അവിടെ കാമുകനുമൊത്ത് താൻ തങ്ങിയ രാത്രിയും അംബ കഥാകാരനെഴുതിയത് സമുദ്രശിലയുടെ ആധാരശ്രുതിയായി. പുരുഷസങ്കൽപ്പങ്ങളുടെ നീലക്കടലിന് നടുവിൽ അധികമാരും എത്തിച്ചേർന്നിട്ടില്ലാത്ത സ്ത്രീജന്മത്തിന്റെ പ്രഹേളികയാണ് വെള്ളിയാങ്കല്ലെന്ന സമുദ്രശില. ഉടലിനപ്പുറം മഥനം ചെയ്തെടുത്താൽ മാത്രം പ്രത്യക്ഷമാകുന്ന അനുഭൂതിജന്യമായ സാങ്കല്പികതലം.

പെണ്മയുടെ പെരുക്കങ്ങളെ അല്പവും മുഴക്കമില്ലാതെ ഉള്ളിലേറ്റുന്ന സ്ത്രീജീവിതങ്ങളാണ് നോവലിലുള്ളത് .ആദ്യം സ്വപ്നദർശനത്തിലൂടെയും പിന്നെ പലപ്പോഴായെഴുതിയ കത്തുകളിലൂടെയും എഴുത്തുകാരനിലേക്കെത്തിയ അംബ.മകരമാസത്തിലെ രണ്ടു മകയിരം നക്ഷത്രക്കാർ എന്നുപറഞ്ഞുകൊണ്ട് എഴുത്തുകാരനും കഥാപാത്രത്തിനുമപ്പുറമുള്ള ഒരദൃശ്യബന്ധത്തെ സ്ഥാപിക്കാനുള്ള ശ്രമം നോവലിലുണ്ട്.അരമണിക്കൂർ വീതം ഇടവേളയിൽ രാവിലെ അഞ്ചുമണിമുതൽ രാത്രി എട്ട് വരെ അഞ്ചു വീടുകളിൽ രണ്ടര മണിക്കൂർ വീതം പണിയെടുക്കുന്ന ആഗ്നസ്.
പെറ്റപ്പോൾ ഒറ്റയായിപ്പോയ അംബയ്ക്ക് പെറ്റത് വഴി ഒപ്പമുണ്ടായ അമ്മ, ചന്ദ്രികടീച്ചർ.എഴുപത്തിരണ്ടാം വയസ്സിൽ തന്റെ നാലുവർഷത്തെ ശയ്യാജീവിതത്തിന് വിരാമമിട്ട സ്ത്രീ .വൈകല്യമുള്ള മകനുണ്ടായത് ഭാര്യയുടെ മാത്രം കുറ്റം കൊണ്ടാണെന്ന് സ്ഥാപിച്ച് ജീവിതത്തിൽ നിന്നൊഴിഞ്ഞു പോയ അംബയുടെ ഭർത്താവ്. തന്റെമകൾ ആത്മഹത്യയുടെ ഇരുട്ടിലേക്ക് നോക്കാതിരിക്കാൻ പുരാവസ്തുക്കൾ വിൽക്കുന്ന കടയിൽ അവളെ ജോലിചെയ്യാനനുവദിച്ച അമ്മ.
പ്രാണൻ ചോരുന്ന മുറിവുകൾ സൃഷ്ടിക്കാൻ തന്നെത്തന്നെ ചെറുമകന് സമർപ്പിച്ച് മകൾ ഒറ്റയ്ക്കല്ലെന്ന് ബോധ്യപ്പെടുത്തിയ അമ്മ.അടുത്തൂൺ പറ്റിയപ്പോൾ ശിഷ്ടജീവിതം പുസ്തക വായനയ്ക്കായി മാറ്റിവയ്ക്കണമെന്ന് മോഹിച്ച അക്ഷരസ്നേഹി.മകളുടെ ജീവിതഗ്രന്ഥപാരായണത്തിലെ ദുരിതാക്ഷരങ്ങളിൽ സ്വയം തളച്ചിടപ്പെട്ടുപോയ അമ്മ.മരണത്തിനു മുൻപ് സ്വയമറിയാതെ ഉച്ചരിച്ച വാക്കുകളിലൊക്കെ ഒതുക്കിവെച്ച സമരകാഹളം മൗനത്തിന്റെ ഉച്ചസ്ഥായിയിൽ ശബ്ദരൂപംകൊടുത്ത അമ്മ.അച്ചിപ്പുടവസമരം,മൂക്കുത്തിസമരം, കല്ലുമാലസമരം എന്നിങ്ങനെ പറഞ്ഞുപറഞ്ഞ്,പറയാതൊതുക്കിയ ജീവിതകലാപങ്ങളെ മരണത്തിലൂടെ അവസാനിപ്പിച്ച അമ്മ. അംബയും ആഗ്നസും ചന്ദ്രിക ടീച്ചറുമൊക്കെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ വിധേയത്വത്തിനെതിരെ സ്വന്തം നട്ടെല്ലിൽ നിവർന്നുനിൽക്കുന്നവരും വേറൊരാളുടെ വാരിയെല്ലാൽ നിർമിക്കപ്പെടാത്തവരുമാണ്.
എന്നിട്ടും’ മാംസം കൊണ്ട് കെട്ടിപ്പൊതിഞ്ഞ പൊട്ടിക്കരച്ചിലാണ് സ്ത്രീ ‘എന്ന കഥാകാരന്റെ പരാമർശത്തെ
അവരോരോരുത്തരും അന്വർഥമാക്കുന്നു.എത്ര ഭംഗിയില്ലാത്ത പല്ലുകൊണ്ട് ചിരിച്ചാലും മനുഷ്യന്റെ ചിരി കാണാൻ എന്തു ഭംഗിയാണെന്നോർമ്മിപ്പിക്കുന്ന ചില ജീവിതങ്ങൾ. കരഞ്ഞുകൊണ്ട് മാത്രം ആസ്വദിക്കാൻ പറ്റുന്ന തമാശയായി ജീവിതം മാറുമ്പോൾ ചിരി കണ്ണെത്താത്ത ദൂരത്തെങ്ങോ ഉണ്ടെന്ന് സങ്കൽപ്പിക്കുന്ന ഒരു കരയായി മാറുന്നു.

അമ്മയുടെ മരണത്തോടെ അംബയുടെ ജീവിതം നിലനിൽപ്പിന്റെ ഭൂമികയിൽനിന്ന് സംഹാരത്തിന്റെ ചൂളയിലേക്ക് പതിക്കുന്നു.
തന്റേയും അമ്മയുടെയും മാത്രം ദുഃഖമായ അപ്പുവിന്റെ ജന്മരഹസ്യം
മരണാസന്നയായ ചന്ദ്രിക ടീച്ചറോട് അംബ പറയുന്നുണ്ട്.അമ്മ കണ്ടിട്ടില്ലാത്ത കടലിലൂടെ താൻ ഒരുപാട് ദൂരം
യാത്രപോയകഥ . ആ കടൽ പ്രണയക്കടലായിരുന്നുവെന്നും തന്റെ അമ്മയെപോലെ ഒരുപാട് സ്ത്രീകൾ ആ കടൽ കണ്ടിട്ടേയുണ്ടാവില്ലെന്നും അംബ തിരിച്ചറിയുന്നുണ്ട്. എന്നിട്ടും മകന്റെ വൈകല്യം തനിക്ക് കിട്ടിയ ശിക്ഷയാണെന്ന് അംബ കരുതുന്നതെന്തുകൊണ്ടെന്ന് നിർദ്ധാരണം ചെയ്തെടുക്കാൻ കഴിഞ്ഞില്ല

ഒരെഴുത്തുകാരന്റെ രചനയിൽ പ്രത്യക്ഷപ്പെടുന്ന മനുഷ്യബന്ധങ്ങൾ അയാൾ ജീവിക്കുന്ന കാലത്തോടും ദേശത്തോടും ജീവിതത്തോടുമുള്ള ഏറ്റവും സത്യസന്ധമായ രചനാത്മക പ്രതികരണമാണ്. അങ്ങനെ ചിന്തിക്കുമ്പോൾ സദാചാരത്തിലധിഷ്ഠിതമായ പാപബോധ്യത്തിൽ പെട്ടുഴലുന്ന കഥാകാരനെയാണ് ഇവിടെ കാണാൻ കഴിയുന്നത്.അടിമസദാചാരത്തിലൂന്നിയ ഈ ലൈംഗികസങ്കൽപ്പത്തിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നീതീകരണമുണ്ടാവുമോ?

സ്ത്രീയായതുകൊണ്ടുമാത്രം കഥാകാരനെക്കാൾ ശക്തയും
ആഴവും പരപ്പുമുള്ള വ്യക്തിയാണ് അംബ .പരമമായ ഏകാന്തതയിൽ തന്നെ സ്നേഹിക്കുന്ന ഒരു യഥാർത്ഥ പുരുഷനുമൊത്ത് ഇത്തിരിനേരമെന്ന സങ്കല്പമാണ് ഒരു പെണ്ണിന്റെ അതിജീവനരഹസ്യം.
ഉപാധികളില്ലാതെ പ്രണയിക്കുന്ന ആത്മാക്കൾക്ക് മാത്രം സ്വന്തമാവുന്ന വെള്ളിയാങ്കല്ലിനെ ഏഴാംകടലിനക്കരെ സമുദ്രമധ്യത്തിൽ സ്ഥാപിച്ച് മിഴിവ് കൂട്ടുന്ന കഥാകാരൻ അംബയുടെ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിച്ച പ്രണയപൂർവ്വമുള്ള രതിയെ കപടലൈംഗികസദാചാരസങ്കല്പത്തിന് തീറെഴുതികൊടുത്തതെന്തിനെന്ന് വ്യാഖ്യാനിച്ചെടുക്കാനാവുന്നില്ല.പുറം ചട്ടയിൽ സ്വപ്നമെന്ന് വലിയക്ഷരങ്ങളിൽ പേരെഴുതി വച്ചിരിക്കുന്ന ജീവിതപുസ്തകം അംബയ്ക്കൊപ്പം വായനക്കാരനെയും സംഭ്രമത്തിലാക്കുന്നതിവിടെയാണ്.

കൂട്ടിത്തൊടുന്നതിൽ പോലും ഉത്സവക്കിലുക്കം കേൾക്കുന്ന ഇലത്താളമായി ലെസ്ബിയൻ പ്രണയത്തെ ഇന്ന് സമൂഹം അംഗീകരിച്ചു കഴിഞ്ഞു. പരസ്പരം ഇഴുകിയിറങ്ങാൻ കഴിയാത്ത രണ്ടാഴങ്ങൾ വക്കുകളാൽ സന്ധിക്കുമ്പോഴും പ്രണയം പെണ്ണ് കൊതിക്കുന്ന വഴുവഴുപ്പിലേക്കെത്തും. ജീവിതോത്സവത്തിന്റെ ഉന്മത്തവാദ്യങ്ങളിൽ അതിന്റെ വേറിട്ട ശബ്ദം ഇന്ന് കേൾക്കാനാവുന്നുമുണ്ട്. അതിദീപ്തവും ഹൃദയോന്മഥനകാരിയും പലപ്പോഴും അതിനൊമ്പരത്തിന്റെ അപാരതയിലേക്കാഴ്ത്തിക്കൊണ്ട് പോകുന്നതുമാണ് യഥാർത്ഥ സ്ത്രീ-പുരുഷ പ്രണയം.അതിലൊഴുകുന്ന രതിയുടെ ആനന്ദലഹരിയിൽ ഉരുവംകൊള്ളുന്ന ജീവന് വൈകല്യമുണ്ടായത് സദാചാരപരമായ സാക്ഷ്യപത്രമില്ലാത്തത് കൊണ്ടാവാമെന്ന ചിന്ത എഴുത്തുകാരന്റെ
ആന്തരികപ്രത്യക്ഷമല്ലാതെ മറ്റെന്താണ്?

പുരാവസ്തുക്കളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് ആഗോളസഞ്ചാരം നടത്തിയിരുന്ന റൂമി ജലാലുദ്ദീൻ!
70 ദിവസം കൊണ്ട് അയാളുടെ വാക്കുകൾ പെയ്തിറങ്ങിയ പ്രണയത്തിൽ നനഞ്ഞുകുതിർന്ന അംബ.
ഒന്നുകാണാതെ, അയാളുടെ രൂപത്തെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെ, പെയിൻറിംഗിനെക്കുറിച്ച് പുരാവസ്തുക്കളെക്കുറിച്ച്,
മഹാസമുദ്രങ്ങളെക്കുറിച്ചൊക്കെ
ചാറിയും തിമിർത്തും ഇടിവെട്ടിയും അയാൾ അവളിലേക്കൊഴുകി .
നാൽപതുകളിലെ സ്ത്രീ മനസ്സിന്റെ വിഭ്രമങ്ങളുടെ ഉപോൽപ്പന്നമെന്ന നിലയിലോ ഉരുകിത്തിളച്ചുവിങ്ങിപ്പഴുത്ത ഏകാന്തതയിലേക്ക് ഇറ്റുവീണ പ്രണയത്തുള്ളികളിൽ സ്വയം മറന്നു പോയതിനാലോ പെട്ടുപോകുന്നതെന്ന്
അംബയുടെ പ്രണയത്തെ നമുക്ക്
സാമാന്യവൽക്കരിക്കാം. രൂപമല്ല വിശ്വാസമാണ് സ്ത്രീയുടെ പ്രണയത്തിന്റെ താക്കോൽ.
പെണ്ണെന്ന മണിച്ചിത്രത്താഴിനെ പ്രണയത്താക്കോലിട്ടു തുറക്കാനുള്ള അനുവാദം റൂമിക്ക് അംബ കൊടുത്തത് മനസ്സോടെയായിരുന്നു. എന്നിട്ടും നാൽപതാം പിറന്നാളിന് തുടങ്ങി എഴുപതാം ദിനം അതവസാനിച്ചു.

ഉടലും ഉയിരും ചേർന്ന് സംയുക്തമായി ആഹ്വാനം ചെയ്യുന്ന വിപ്ലവത്തിൽ ഉടൽ മാത്രമായി പോകുമ്പോൾ പെണ്ണറിയുന്ന ഓക്കാനം അതിന്റെ സർവ്വശക്തിയോടെയും അംബയിൽ തികട്ടുന്നു.അപ്പോഴും അവൾ ഉറക്കെയൊന്ന് കാർക്കിക്കാൻ ഭയപ്പെടുന്നു. ഇനിയൊരിക്കൽക്കൂടി അവന്റെ തേരോട്ടത്തിനുള്ള വിളഭൂമിയാകാതിരിക്കാനല്ലാതെ ഒന്നും അവൾക്കാവുമായിരുന്നില്ല.പ്രതീക്ഷയുടെ കൊടുമുടിയിൽ നിന്ന് നിരാശയുടെ ഗർത്തത്തിലേക്ക് പതിച്ചപ്പോൾ തകർന്നു തരിപ്പണമായി പോയ ഹൃദയം “തീക്കൊള്ളികൊണ്ട് കുത്തേറ്റ കെട്ടിയിട്ട മൃഗത്തെപ്പോലെ”എന്നാണ് കഥാകാരന്റെ വാക്കുകളിൽ . മുറിച്ചിട്ട വിരൽത്തുമ്പിന്റെ അവസാനപിടച്ചിൽപോലെ അത് വായനക്കാരനറിയുന്നു.

പെണ്മയുടെ ഭ്രാന്തുകളെ പൂർണമായറിയാൻ ഒരു പുരുഷനും കഴിയില്ല. എങ്കിലും
ലോകത്തൊരുപെണ്ണും അവളാഗ്രഹിക്കുന്നപോലെ പ്രണയിക്കപ്പെട്ടിട്ടില്ലെന്ന് പറയാനാവില്ല. വിടരാൻ തുടിക്കുന്ന പൂവ് പോലെ, ആകാശം കാണാതെ കാത്തുവച്ച മയിൽപ്പീലിത്തുണ്ടുപോലെ, വിശുദ്ധതീർത്ഥം പോലെ,മടിയിലെടുത്തോമനിക്കുന്ന കുഞ്ഞുപ്രാപ്പിട പോലെ, ഇറ്റുവീഴുന്ന കരുതലോടെ, അതിലേറെ താൻ തന്നെയെന്ന ബോധ്യത്തോടെ, ഊറിയൂറിയിറങ്ങുന്ന മധുരത്തോടെ പ്രണയിക്കപ്പെടാൻ ഭാഗ്യമുള്ളവരുണ്ടാകും. പക്ഷേ അംബ!അവൾ അവിടെയും പരാജയപ്പെട്ടു.നിലാവിന്റെ പുഞ്ചിരിയും പൂവിന്റെ സ്നിഗ്ദ്ധതയും ,പ്രാർത്ഥനയുടെ വിശുദ്ധിയുമായി കവിതയായൊഴുകിയ അയാൾ അവളുടെ സകല തിട്ടകളെയും കുത്തിയിടിക്കുന്ന കാമത്തിന്റെ ഒറ്റക്കൊമ്പുള്ള കുതിരയായി. ഒരുമ്മയ്ക്കുള്ള അവളുടെ പ്രതീക്ഷ അവന്റെ ചുട്ടുപഴുത്തആണത്തത്തിൽ വീണു പൊലിഞ്ഞ നീർത്തുള്ളിയായി.പുരുഷനെന്ന
അഹംബോധത്തിന്റെ,തിന്മ തിളയ്ക്കുന്ന അഭിനിവേശങ്ങളുടെ,കപടധാർഷ്ട്യങ്ങളുടെ ഇരയായ ഇതിഹാസകന്യകയെപ്പോലെ താൻ കെട്ടിയുയർത്തിയ പ്രണയസാമ്രാജ്യത്തിൽ നിന്ന് അംബ ബഹിഷ്‌കൃതയായി. മാനം പോലുമില്ലാതെ മൗനം പിളർന്നു പൊട്ടി. ഒഴുക്ക് നിലച്ച കിനാക്കളും അവഹേളിക്കപ്പെട്ട ആത്മബോധവുമായി അംബ നിന്നു.ഇവിടെ വാക്കിന്റെ കൂർത്തവക്കിൽനിന്ന് ചോരയൊലിക്കുന്നുണ്ട്.ഒരു സ്ത്രീ ഒരേ പുരുഷനിൽത്തന്നെ രണ്ടുതവണ മുങ്ങിമരിച്ച ചരിത്രമില്ലെന്നെഴുതിയത് കെ. ആർ മീരയാണ്. സ്ത്രീയ്ക്ക് മുങ്ങിമരിക്കാനാവുന്ന ആഴത്തിൽ പുരുഷൻ സൃഷ്ടിക്കപ്പെടുന്നത് വളരെ അപൂർവ്വമെന്ന് സുഭാഷ് ചന്ദ്രൻ തിരുത്തുന്നു.

അസ്വഭാവിക ലൈംഗികതയോട് കഥാകാരൻ പുലർത്തുന്ന സമീപനം പാപബോധ്യത്തിന്റെ സദാചാരപരിണാമമാണ്.
അമ്മയും മകനും തമ്മിലുണ്ടായ വേഴ്ച മരണശിക്ഷ വിധിക്കപ്പെട്ട പാപമാണെന്ന നിലപാടിനെ നോവലിസ്റ്റ്നോടൊപ്പം വായനക്കാരനും സാധൂകരിക്കാതിരിക്കാനാവില്ല.ജീവിതത്തിന്റെ മേച്ചിൽപ്പുറങ്ങളിൽ മറച്ചുവെച്ചകിടങ്ങുകളും കനലൊതുക്കി കാത്തിരിക്കുന്ന അഗ്നിപർവതങ്ങളും
തിരിച്ചറിയുന്ന വായനക്കാരൻ തന്റെ വഴികളിലേക്ക് സംഭ്രാന്തിയോടെ നോക്കിപ്പോകുന്നതിവിടെയാണ്.

മൊബൈൽ ഫോണുപയോഗിക്കാൻ മാത്രം പേശിബലമുള്ള, തട്ടിത്തെറിക്കാതെ ഒരുരുള ചോറു പോലും തിന്നാൻ കഴിയാത്ത ഇരുപത്തൊന്നുവയസ്സുകാരൻ അപ്പു.
കാമാസക്തിയുടെ കാര്യത്തിൽ ആ പ്രായത്തിലുള്ള മറ്റേതൊരു പുരുഷനേക്കാളും പിന്നിലല്ലാത്ത മകൻ. അവനാസ്വദിക്കുന്ന വിഷയലഹരിയിൽ ആദ്യം അമ്പരക്കുകയും തുടർച്ചയിൽ അംഗീകരിക്കുകയും ചെയ്ത അമ്മയാണ് അംബ.തങ്ങളിലൊരാൾ ഈ ഭൂമിയിൽ നിന്നുമടങ്ങും മുൻപ് അവനെ വീഞ്ഞിന്റെ ലഹരിയെങ്കിലും അറിയിക്കണമെന്ന് തീരുമാനമെടുത്ത അമ്മ.ഒരു ദിവസത്തേക്കെങ്കിലും അവനൊപ്പം കട്ടിലിൽ കിടക്കാൻ തയ്യാറായി വരുന്ന പെൺകുട്ടിക്കായി തന്റെ ബാങ്ക്നിക്ഷേപം മുഴുവൻ സമർപ്പിക്കാൻ തയ്യാറായവൾ.
അംബയുടേത് ഒരമ്മയുടെ വേദന മാത്രമല്ല. ഇരുപത്തൊന്നുകാരനായ മകനിലെ ആണിനെയറിയുന്ന പെണ്ണിന്റെ വേദന കൂടിയാണത്. ഇതിഹാസകഥാപാത്രത്തിന്റെ പേരിനുമപ്പുറം അവൾ സ്വയം ഒരു മിത്തായി മാറി വ്യാഖ്യാനത്തിനതീതയാകുന്നതിവിടെയാണ്.അവളുടെ ഭ്രമാത്മകതയും സങ്കൽപ്പങ്ങളും സ്വത്വബോധവും ഇതിനെ പൂരിപ്പിക്കുന്നു..അവനാഗ്രഹിക്കുന്ന പാപവും അതിനർഹിക്കുന്ന ശിക്ഷയും ഒന്നിച്ചു നിറവേറ്റാൻ തീരുമാനിച്ച മനസ്സാണ് അംബയുടേത്. അവിടെ അംബയിലെ പെണ്ണ് എങ്ങനെയാവും പ്രവർത്തിച്ചിട്ടുണ്ടാവുക? എട്ടുദിക്കിൽ ഞെങ്ങിനൊന്ത ഗർഭപാത്രത്തിന് അങ്ങനെ പൊട്ടിത്തെറിക്കാനാവുമോ? മകന്റെ അരുതാത്ത കൊതികൾക്കറുതി വരുത്താൻ ഉപരിസുരതംചെയ്തു ഹനിക്കാനായി സ്വന്തം കച്ചയഴിച്ച അമ്മയായി അംബ മാറുമ്പോൾ അവൾ അക്ഷരാർത്ഥത്തിൽ പ്രകൃതിയും പ്രളയവുമായി രൂപാന്തരപ്പെടുന്നു.
“അറിയാതെ ജനനിയെ
പ്പരിണയിച്ചൊരു യവന-
തരുണന്റെ കഥയെത്ര പഴകീ
പുതിയ കഥയെഴുതുന്നു
വസുധയുടെ മക്കളിവര്‍
വസുധയുടെ വസ്ത്രമുരിയുന്നു!”
ഈ വരികളുടെ പ്രതിധ്വനി മുഴങ്ങിക്കേൾക്കുന്ന പോലെ!

അംബ പുരുഷനിലെ പെണ്മതന്നെയാണ്. അക്ഷരാർത്ഥത്തിൽ ശിഖണ്ഡിനി.
ഓരോ പുരുഷനിലുമതുണ്ട്.
എഴുത്തുകാരനിൽ പെണ്മയ്ക്ക് അധീശത്വമുണ്ടായപ്പോൾ സ്വപ്നദർശനമായും നിരന്തരമുള്ള ആശയവിനിമയമായും ആ പെൺപാതി വെളിപ്പെടുന്നു.എഴുത്തുകാരനിൽ നിന്നകന്ന് അംബയെ തിരയേണ്ടതില്ല.

ഇതിഹാസത്തിലെ പെൺപാതിയായ ശിഖണ്ഡി മാത്രമല്ലവൾ. ഉപാധികളില്ലാത്ത സ്നേഹത്തെ അന്വേഷിച്ചലയുന്ന മനുഷ്യമനസ്സിന്റെ പ്രതിനിധിയാണവൾ. മാമുനിക്ക് മത്സ്യഗന്ധിയിൽ സ്നേഹത്തിന്റെ ഉപാധികളില്ലാതെ പിറന്ന പുത്രൻ ജന്മാന്തരങ്ങളിൽ സ്നേഹം തേടി അലയാനായി സൃഷ്ടിച്ചുവിട്ട മനസ്സായിരുന്നു അംബയുടേത്.യുഗയുഗാന്തരങ്ങളിലൂടെ ആ അന്വേഷണം
തുടർന്നുകൊണ്ടിരിക്കുന്നു.
സ്ത്രീത്വത്തിന്റെ ചട്ടക്കൂട്ടിൽ
മാത്രമൊതുക്കാനും ചിലപ്പോൾ കഴിഞ്ഞെന്ന് വരില്ല. സ്ത്രീപുരുഷഭേദമന്യേ പച്ചമരത്തണൽ തേടിയുള്ള അന്വേഷണം ഓരോ മനുഷ്യജീവിയും ജീവിതത്തിന്റെ ഏതെങ്കിലുമൊക്കെ ഘട്ടത്തിൽ തുടരുന്നതാണ്.ഈ അന്വേഷണം വ്യർത്ഥമാണെന്നറിയുന്ന ചില നിമിഷങ്ങളിലാണല്ലോ മനസ്സ് അലൗകികാനന്ദത്തിൽ ആശ്രയം കണ്ടെത്തുന്നത്..

.വിചിത്രമായ സങ്കല്പങ്ങൾ സൃഷ്ടിക്കുകയും വാസ്തവത്തെക്കാൾ വാസ്തവികമായി അതിനെ മനസ്സിൽ കൊണ്ട് നടക്കുകയും ചെയ്യുന്ന അംബയുടെ മനോനില എഴുത്തുകാരന്റെതു തന്നെയാണ്.ഫ്രിദ കാലോയെന്ന ചിത്രകാരി വരച്ച ആത്മഛായകളെ അനുകരിച്ച്
അംബ വരച്ച ചിത്രം അവളുടെ ആഗ്രഹപ്രകാരം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഥാപാത്രത്തിന്റെ ആഗ്രഹത്താൽ അവളുടെ രചന
തന്റെ സൃഷ്ടിയിൽ ഉൾപ്പെടുത്തിയതിൽ നിന്നും കഥയും കഥാപാത്രവും
കഥാകാരനും വ്യത്യസ്തമല്ലെന്നും സൃഷ്ടിക്കൊപ്പമുള്ള മറുപിള്ളയാണെന്നും വായിച്ചെടുക്കാനാവുന്നു. എഴുത്തുകാരന്റെ സങ്കൽപ്പങ്ങൾക്ക് സത്യത്തിന്റേയും സൗന്ദര്യത്തിന്റെയും അധികമാനമുണ്ട്. മിഥ്യയും തഥ്യയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത വിധം ഒന്നായി തീരുന്ന സർഗ്ഗത്മകതയിൽ അംബ അനശ്വരയാകുന്നു.

അംബയെന്നാൽ അമ്മയാണെന്ന്, ചവിട്ടിനിൽക്കുന്ന മണ്ണാണെന്ന്,സ്വന്തം ഭാഷയാണെന്ന്,നദിയും പ്രകൃതിയുമാണെന്നുള്ള പാഠഭേദവും നമുക്ക് വായിച്ചെടുക്കാനാവും . ശാസ്ത്രനേട്ടങ്ങളെ സ്വന്തം ശാരീരികസുഖങ്ങൾക്കുമാത്രമായി ഉപയോഗിച്ച് രസിക്കുന്ന ഒരു തലമുറയുടെ ഉദാസീനനായ പ്രതിനിധിയായി അംബയുടെ മകനേയും വായിക്കാം .ആ അമ്മയേയും മകനേയും സൃഷ്ടിച്ചുപാലിച്ചുസംഹരിച്ചത്
പ്രകൃതി മക്കൾക്കായൊരുക്കിയ
പ്രളയകാലത്താണെന്നത് വിസ്മയകരം.

പേറിനെ,പിറപ്പിനെ,പെണ്ണനുഭവത്തെ പെണ്ണിനേക്കാൾ നന്നായി വരയുന്നതിനൊപ്പം പുരുഷന്മാർ ചെറുതായാൽ ചെറുതാകുന്നത്ര ചെറുതാകാൻ ഒരു പെണ്ണിനും കഴിയില്ലെന്ന് സുഭാഷ്ചന്ദ്രൻ സംശയലേശമന്യെ പറയുന്നുണ്ട്.സ്നേഹവാത്സല്യങ്ങൾ നിറഞ്ഞ പുണ്യ മുഹൂർത്തമായി സിനിമകളിലും പുസ്തകങ്ങളിലും വിവരിക്കാറുള്ള പിറവിയുടെ നിമിഷത്തെ പെണ്ണിന്റെ മനോവികാരങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുമ്പോൾ എഴുത്തുകാരൻ മനശാസ്ത്രജ്ഞനായി വേഷം മാറുന്നു.

വ്യാസപൂർണിമതന്നെ അംബയുടെ ചരമദിനമാക്കിയത് നോവലിലെ കാവ്യനീതിയോട് കഥാകാരനുള്ള സമർപ്പണത്തെ വെളിവാക്കുന്നു.
കാർന്നുതിന്നുന്ന കടൽഞണ്ട് തന്റെ ആത്മാവിനെ മുക്കാലും സ്വന്തമാക്കി ക്കഴിഞ്ഞുവെന്ന അംബയുടെ തിരിച്ചറിവ് “ദുഃഖവെള്ളിയുടെ പാതിരാത്രിയിലേക്ക് കർക്കിടകം നെറുകയടിച്ചു വീണു “എന്നെഴുതുന്ന കഥാകാരൻ.”കുട്ടിക്കാലത്തെപ്പോലെ ഇരുപത്തൊന്നുകാരനെ മുല കൊടുത്തുറക്കിയിട്ട് കറുത്തരാത്രിയിലെ നനഞ്ഞയിരുട്ടിൽ രക്തചന്ദ്രനെ കാണാനിറങ്ങുന്ന” അംബ. ജീവിതം അവസാനിക്കുന്നിടത്ത് സാഹിത്യം ആരംഭിക്കുന്നെന്ന് വായനക്കാരനും തിരിച്ചറിയുന്നു.

നിശബ്ദമായ ആത്മഗതങ്ങളുടെ നിമിഷങ്ങളിൽ വ്യക്തിയുടെ മാനസിക ജീവിതത്തിന്റെ വിശകലനം ആഖ്യാനം ചെയ്യപ്പെടുമ്പോൾ വായനക്കാരന്റെ വൈകാരികഘടന കാവ്യാസ്വാദനത്തിന്റെ തലത്തിലേക്കെത്തുന്നു. തന്റെ സ്വത്വം ഒട്ടനേകം പരിമിതികളും ദൗർബല്യങ്ങളുമുള്ളതാണെന്ന് സമ്മതിക്കുന്ന കഥാപാത്രങ്ങളിലൂടെ നടനവേദിയിലെ പൊയ്മുഖങ്ങളെ തുറന്നു കാട്ടുന്നു. സ്വത്വാന്വേഷണവേളയിൽ എന്തല്ലെങ്കിലും മനുഷ്യന് ഏകാകിയാവാതിരിക്കാനാവില്ല.
അതുകൊണ്ടാണ് സ്വാത്മലോകത്തിന്റെ അനുഭവലോകം നോവലിൽ ഉത്പാദിപ്പിക്കപ്പെടുന്നത്. ഭാഷയിൽ ഒരു ശൂന്യതാബോധം സൃഷ്ടിക്കുന്നത്. നേരിട്ടുള്ള അനുഭവങ്ങൾക്കപ്പുറം ഒരു ലോകത്തെ പരിഭാഷപ്പെടുത്തുന്നത് . സ്വപ്നദർശനത്തിലും പരമയാഥാർഥ്യത്തിലും അതിങ്ങനെ മാറിമാറി സഞ്ചരിക്കുന്നത്.തിക്‌തകം സേവിക്കുമ്പോഴും കണ്ണിറുക്കി കയ്പ്പിനെ ചവച്ചുകുടിക്കാതെ നിർമമമായി ഒഴുകിപ്പരക്കാനാവുന്നത്. രതിലഹരിയിൽ പതഞ്ഞുയർന്ന് പതയടങ്ങിയ വീഞ്ഞുപോലെ വായനക്കാരന്റെ സിരകളിൽ ഉന്മാദമായി അവശേഷിക്കുന്നത്.

littnow.com

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്.
രചനകൾ അയക്കുമ്പോൾ ഒപ്പം വാട്സ്പ് നമ്പരും ഫോട്ടോയും അയക്കുക

littnowmagazine@gmail.com

ലേഖനം

വായനക്കുറിപ്പുകൾ

Published

on

വാക്കുകളിൽ തിരുകി വെയ്ക്കുന്ന വെറും വാചകങ്ങൾ അല്ല കഥകൾ എന്ന കാഴ്ചപാടോടെ ഒരു കഥയെ വായിച്ചെടുക്കട്ടെ. ഓരോ ഓർമ്മകളും ഓരോ കഥകളാവാൻ അവനവന്റെ പരിസരം ധാരാളം… ആ കാഷി പബ്ലിക്കേഷൻസ് , എന്ന പ്രസിദ്ധീരണ പരസ്യത്തിലൂടെ കണ്ണോടിച്ചു കൊണ്ട് ഒരു കഥായാത്ര !

യാത്രയിൽ കണ്ണിൽ ഉടക്കിയ ഒരു കഥയാണ് ആ കാഷി . സ്മിത കോടനാടിന് എഴുത്തു ലോകത്ത് ഒരു ഇടം നൽകിയ കഥാ സമാഹാരം കൂടിയാണിത്. ഇരുപത്തിമൂന്നോളം കഥകൾ അടങ്ങിയ ഈ ചെറു പുസ്തകം അത്രയും എണ്ണത്തിന്റെ തന്നെ വ്യത്യസ്ത ത ലളിതവൽക്കരിച്ചിരിക്കുന്നു.
പലർക്കും പറയാനുള്ളതിന്റെ പറയാൻ പറ്റാത്തതിന്റെ നിരാശതയോ നഷ്ട സ്മൃതികളോ മയിൽപ്പീലിയും വള തുണ്ടുമായി സൂക്ഷിക്കാനും ചെപ്പിൽ എന്ന പോലെ അടച്ചു വയ്ക്കാനും ഉള്ള ഇടമാണ് മനോമണ്ഡലം : അനുകൂലമായ സാഹചര്യം സമാധിയിലെ വിത്തുകൾക്ക് മുള പൊട്ടിക്കുന്നതു പോലെ കഥാമുളകൾ പൊട്ടുന്നതും ഇലയായും പൂവായും കായായും മാറുന്നതും കഥ വഴിയിലെ ആവാസ മേഖലയാണ്. മനസ്സിന്റെ ചെപ്പിലെ പുതുമഴയും ചാറ്റൽ മഴയും മൗന നൊമ്പരവും പ്രകൃതിയും സ്മൃതികളും സ്മിതയ്ക്ക് കഥയുടെ വിശാലമായ നീലാകാശം തുറന്നിട്ടുകൊടുത്തു. ആകാശം പോലെ സ്വപ്നം കണ്ട കഥകൾക്ക് പലതിനും പ്രണയത്തിന്റെ നീലിമയും വന്നു ചേർന്നു.

കഥാകാരി പറയുന്നത് കാലികമായ സംഗതിയാണ്. അവിടെ ആരൊക്കെയാണ് ഉള്ളത് ? അവർക്ക് എന്തൊക്കെ സംഭവിച്ചു എന്നും വായനക്കാരന് ആകാംക്ഷ പരത്തുന്ന കഥകൾ ഹൃദ്യമാവതിരിക്കില്ല … കാല്പനികതയുടെ ഇഴപിരിച്ച് ചേർക്കുമ്പോൾ വായനാനുഭവം കൂടുതൽ ഉത്കണ്ഠ തയ്ക്ക് അവസരം ഒരുക്കുന്നു.

കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്ന ഇക്കാലത്ത് വളര പ്രസക്തമായ കഥയായി ആ കാഷിയെ കാണാം. ബാലസാഹിത്യത്തിലൂടെ പിച്ചവെച്ച് കൗമാരവും പിന്നിട്ട് കഥാ യൗവ്വനത്തിൽ എത്താൻ അവർക്ക് അധിക സമയം വേണ്ടി വന്നില്ല. സ്വപ്രയത്നവും പരിശ്രമവും ജീവിത വിജയം എത്തിപ്പിടിക്കാൻ സാധിച്ച സ്മിതയ്ക് ചുറ്റുപാടുകൾ … കഥയ്ക്ക് പാത്രങ്ങളെ നൽകി. അവ കഥയുമായി സന്നിവേശിച്ചപ്പോൾ നല്ല കഥാപാത്രങ്ങളുമുണ്ടായി… ആ കാഷി പബ്ലിക്കേഷൻസിൽ അസിസ്റ്റന്റ് മാനേജർ ആണ് കഥാനായകൻ. യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ. ശമ്പളം വക മാസം തോറും ബാങ്ക് ബാലൻസ് കൂട്ടാൻ ആഗ്രഹിക്കുന്ന പ്രായം. ബി.ടെക്ക് ഡ്രിഗ്രിക്കാരൻ. സോഫ്റ്റ് വെയർ വിട്ട് സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയപ്പെടുന്ന പബ്ലിക്കേഷൻസിൽ ജോലി ചെയ്യുന്ന ആൾ. അതേ മേഖലയിലെ മീരയെ വിവാഹം ചെയ്യുന്നു. ജീവിത തിരക്കുകൾ നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോ ൾ ദാമ്പത്യ ജീവിതത്തിനും കുടുബ ബന്ധത്തിനും ശിഥീലികരണം സംഭവിക്കുന്നു.

ശീലത്തിന്റെ സൃഷ്ടികളിൽ പെട്ട് മദ്യവും ചാറ്റിങ്ങും ശീലമാക്കാൻ കഥാ നായകന് മടിയില്ല. ഒരേ മേഖലയിൽ നിന്നു തന്നെ മീരയെ വിവാഹം ചെയ്ത അയാൾക്ക് ജീവിത പുസ്തകത്തിലെ താളുകൾ ചിതലരിക്കപ്പെടുന്നു. മീര സ്വന്തം നേട്ടങ്ങൾ എത്തി പിടിച്ച് അകന്നു പോവുമ്പോഴും അവർക്കിടയിൽ കൃത്രിമത്വത്തിന്റെ, പരസ്പരം പുലമ്പുന്നതിന്റെ ചില പദങ്ങൾ ചുണ്ടിൽ തത്തിക്കളിക്കുന്നു. പ്രണയ പാരവശ്യത്തിൽ ചാറ്റിംങ്ങുകളിൽ ഏറ്റവും കൂടുതൽ കൈയടി നേടുന്ന മിസ് യൂ എന്ന വാക്ക്. ഹായ് സംസ്കാരം പാകിയ അടിത്തറ അവർക്കിടയിൽ വിള്ളലുണ്ടാക്കുന്നു. രണ്ട് പേരും വ്യത്യസ്ത ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്നു. കണ്ണീരിന്റെ ഉപ്പും ഹൃദയത്തിന്റെ വേദനയും ഇല്ലാതെ വേർപിരിയുന്ന കെട്ടുറപ്പില്ലായ്മ കഥയിലെ ദാമ്പത്യത്തിനുണ്ട്. കഥാ നായകന് സ്വന്തം ജീവിത കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു. പുതു തലമുറകൾക്ക് അത് പ്രശ്നമല്ലാത്തതിനാൽ വേദനിക്കേണ്ട വായനക്കാരൻ എന്ന് കഥാകാരി ഓർമ്മിപ്പിക്കുന്നു. അവർ വസ്ത്രം മാറുന്ന രീതിയിൽ ഡിവോഴ്സ് മാട്രിമോണിയൽ പരസ്യത്തിൽ ആകൃഷ്ടരാവുന്നു. പാശ്ചാത്യ സംസ്ക്കാരത്തെ ഒരു പരിധി വരെ ഉൾക്കൊണ്ട് ജീവിക്കുന്ന കൗമാരയൗവ്വനങ്ങൾക്ക് മീരാ കഥാനായകന്മാരുടെ വേർപാടിൽ നോവില്ല.

മദ്യം, കറക്കം, കമ്പനിയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന ആൾ തുടങ്ങിയ ജീവിത ശൈലീ ശീലാ ചാരങ്ങൾ കഥയിൽ ഇടം പിടിക്കുന്നു. പക്ഷേ! അടർത്തി മാറ്റപ്പെട്ട കുടുംബ ബന്ധത്തിന്റെ മറ്റൊരു തരത്തിലുള്ള ജൈവിക പരത നേടുന്നു എന്നത് ആ കാഷിയുടെ പ്രത്യേകതയാണ്. എഴുത്തുകാരുടെ സ്വപ്നങ്ങൾ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും കോർത്തു വയ്ക്കുമ്പോൾ പുതിയ ലോകം സൃഷ്ടിക്കപ്പെടുന്നു. കഥാലോകത്തിനും അത് തന്നെയാണ് വേണ്ടത്. ധാരാളം എഴുത്തിടങ്ങൾ ഉണ്ടെങ്കിലും ചിലരെങ്കിലും തമസ്ക്കരിക്കപ്പെടുകയോ തിരസ്ക്കരിക്കപ്പെടുകയോ ചെയ്യുന്ന സമയ കാലത്തിന്റെ വൈപരീത്യദശയിലാണ് എല്ലാവരും. സ്വതന്ത്ര രചനകൾക്ക് സാമൂഹിക മാധ്യമങ്ങൾ ചുരുക്കമായ കാലത്തിലേക്ക് കഥ കൂട്ടി കൊണ്ടുപോവുന്നു. സാഹിത്യം ഇന്ന് കമ്പോളവത്ക്കരിക്കപ്പെട്ട് മുറ്റി തഴച്ച് വളരാൻ ഇടങ്ങൾ ധാരാളം. സോഷ്യൽ മീഡിയ വഴി ആർക്കും ആരെയും നല്ല അളവുകോൽ വച്ചളന്ന് അറിയപ്പെടാൻ വെമ്പൽ കൊള്ളാം. എന്നാൽ തന്റെ രചനകളെ തന്റെ സ്വപ്നങ്ങളെ എലി കൂട്ടങ്ങൾക്കിടയിൽ പഴയ ചാക്കിനിടയിൽ അടക്കം ചെയ്തത് അമ്മമ്മ യോട് ചെയ്ത അപരാധമായി അയാൾക്ക് തോന്നുന്നു. ഒരു എഴുത്തുകാരൻ തന്റെ സർഗ്ഗസൃഷ്ടിപെട്ടി പൂട്ടിവയ്ക്കാതെ തുറന്നു വയ്ക്കണം എന്ന കൃത്യമായ ആവിഷ്ക്കാര സ്വാത്രന്ത്ര്യ ചിന്തുകൾ കഥയിലുണ്ട്.

എഴുത്ത് സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലഘട്ടം ഉണ്ടായിരുന്നതായും മുറവിളി കൂട്ടേണ്ടതായും വന്ന ദിനങ്ങൾ വിസ്മരിക്കുന്നില്ല. എഴുത്ത് സ്വപ്നങ്ങളെ അടക്കം ചെയ്യാൻ തയ്യാറാവുന്ന വ്യവസ്ഥിതിയെ കഥാകാരി സംശയത്തോടെ തുറിച്ചു നോക്കുന്നു. ബന്ധങ്ങളുടെ ജൈവികപരത തലമുറകളിലേക്ക് പകർന്നു വയ്ക്കാൻ കഥാകാരിക്കായിട്ടുണ്ട്.

പുതുതായി ജോലിയിൽ പ്രവേശിച്ച കഥാനായകൻ മാഗസിൻ ജോലികൾക്കിടയിൽ ചില തിരച്ചിലുകൾ നടത്തുന്നു. തിരിച്ചറിവിന്റെ തിരച്ചിലായിരുന്നു. അത്. ആ അന്വേഷണത്തിനൊടുവിൽ നിരാശത നിറഞ്ഞ എഴുത്ത് ലോകത്തിന്റെ മൗന നൊമ്പരത്തെ കണ്ടെത്തുന്നു. കഥയിലെ നായകൻ തന്റെ അമ്മമ്മയുടെ കവിത തുരുമ്പ് പെട്ടിയിൽ നിന്ന് കണ്ടെടുക്കുന്നത്. കഥയും ഗോഡൗണും തുരുമ്പ് പിടിച്ചതാക്കോലും സാഹിത്യവഴികളിൽ മങ്ങി മറഞ്ഞുപോയ: ജീവിത വഴികളെ കാണിച്ചു തരുന്നു. വെള്ള പ്രതലത്തിൽ ചുവപ്പ് മഷി കൊണ്ടെഴുതിയ അക്ഷരങ്ങൾ കഥയെ മാറ്റൊ രു വഴിയിലേക്ക് തിരിച്ചു വിടുന്നു. ബ്യൂറിയൽ ഓഫ് ഡ്രീം സ് ‘ അതായത് സ്വപ്നങ്ങളുടെ അടക്കം എന്ന പ്രയോഗം കഥാ ഭാഷയ്ക്ക് തൂവലാണ്.

കഥാനായകന്റെ ജീവിതത്തിൽ വീണ്ടും വസന്തം വരികയാണ്. തന്റെ പൂന്തോട്ടം നിരോധിത മേഖലയായി പ്രഖ്യാപിച്ച് അന്യരെ കയറ്റാതി രുന്നപ്പോൾ അത് കരിഞ്ഞുണങ്ങി. പക്ഷേ കുഞ്ഞുങ്ങൾ അവിടെ വസന്തമായി ഓടിയെത്തി യപ്പോൾ അനുഭവിച്ച ആനന്ദം അമ്മമ്മയുടെ കവിത കണ്ടെത്തി മാഗസിനിൽ പ്രസിദ്ധീകരിച്ച പ്പോൾ വായനക്കാരനും അനുഭവപ്പെടും.

പഴയ പെട്ടിയിൽ നിന്ന് എലി കൂട്ടങ്ങൾക്കിടയിൽ നിന്ന് മുത്തശ്ശി കവിതക ണ്ടെടുക്കുമ്പോൾ തിരിച്ചു കിട്ടുന്നത് ചേർത്ത് പിടിക്കാൻ വാത്സല്യത്തിന്റെ ചിരാതുകളാണ്. അവ വെളിച്ചം വിതറുന്നത് സ്വന്തം പൈതൃകത്തിലേക്കാണ്. മുത്തശ്ശി നടന്നു തീർത്തതും തേഞ്ഞുതീർന്നതും പുതു തലമുറയ്ക് വേണ്ടിയാണ്. എന്ന് കഥാകാരിക്ക് ഓർമ്മിപ്പിക്കാൻ കഴിഞ്ഞു അയാൾക്ക് നഷ്ടപ്പെട്ട സ്വത്വം അയാളിലേക്ക് തിരിച്ചെത്തുന്നു. ഏതോ കാരണവശാൽ ആരോ ഒരാൾ മാറ്റിയ നിർത്തിയ സാഹിത്യവാസന പുന : സൃഷ്ടിക്കപ്പെടുന്നു. ഉർവരതയെ സൃഷ്ടിക്കപ്പെടുമ്പോൾ തന്റെ പൈതൃക തിരിച്ചറിവുകൾ തിരിച്ചു കിട്ടുന്നു.

അയാൾക്ക് മുന്നിൽ മുത്തശ്ശിയുടെ സ്വപ്നങ്ങളുടെ വലിയ ആകാശം തുറന്നു വയ്ക്കപ്പെടുന്നു. വല്ലാത്ത ആവേശത്തോടെ തന്റെ ജീനുകളെ നിലനിർത്താൻ അയാൾ തയ്യാറാവുന്നിടത്ത് ആ കാഷി എന്ന കഥ അവസാനിക്കുന്നു. അനന്തമായ നീലാകാശത്തിന്റെ പ്രസിദ്ധീകരണങ്ങൾ അയാൾക്ക് മുന്നിൽ താളുകൾ മറിച്ചു കൊണ്ടിരുന്നു. അതോടൊപ്പം തന്റെ പാരമ്പര്യാധിഷ്ടിതമായ പെട്ടിയിൽ തുരുമ്പെടുത്ത് പോവുമായിരുന്ന സംവേദനക്ഷമതകളുടെ മാറാലയും പൊടിയും കളഞ്ഞ് വൃത്തിയാക്കി തലമുറകൾക്ക് കൈമാറാൻ കഥാകാരി തയ്യാറാവുന്നു. പുതു തലമുറയ്ക് വന്നുചേരുന്ന പെരുമാറ്റ പ്രശ്നങ്ങളെ സമകാലിക വർത്തമാനത്തോടൊപ്പം ചേർത്തു നിർത്താനും ആയി എന്നത് വിതർക്കമാണ്. ചുറ്റുമുള്ള കഥാപാത്രങ്ങളെ സൂക്ഷമ നിരീക്ഷണത്തിലൂടെ വേണ്ട ചേരുവകളാൽ ചേർത്തു പാകപ്പെടുത്തിയ പ്പോൾ കാലികപ്രാധാന്യത്തിന്റെ രുചി വിളമ്പാൻ ആകാഷി എന്ന കഥയ്ക്കായി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

അറിയാൻ വൈകിയ ചിലതുകൾ

Published

on

ഷിൻസി രജിത്

ചില വാക്കിനു മറവിൽ
നൂറായിരംചതികൾ
ഒളിഞ്ഞിരിക്കുമ്പോൾ
നേര്…. നോവ് പിടിച്ച്
പൊള്ളയായ പുകമറയ്ക്കുള്ളിലിരുന്ന്
ഊർദ്ധൻ വലിക്കുന്നു.
ചില വാക്കുകൾ ചിതറിയോടി
എവിടെയെങ്കിലുമൊക്കെ
പറ്റി പിടിച്ചിരുന്നു
മോക്ഷത്തിന് ആഗ്രഹിക്കുമ്പോൾ
മൗനം കൊണ്ട് മൂടിയ വ്യാഖ്യാനങ്ങളത്രയും അർത്ഥ ബോധമില്ലാതെ
തെറ്റിയും തെറിച്ചും
വാരി വിതറപ്പെടുന്നു
ആലയിൽ മൂർച്ച കൂട്ടാനിനി
വാക്കുകളും വരികളും
ബാക്കിയാവുന്നില്ല
നേരുകൾക്കിനി മുഖംമൂടിയില്ലാതെ സ്വതന്ത്രരായിരിക്കാം.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending