കവിത
പ്രതിരാമായണം

രാജന്‍ സി എച്ച്
1
ഊർമ്മിള
പ്രവാസികളുടെ ഭാര്യമാർക്കു
ചരിത്രത്തിലിടമുണ്ടാവുമെങ്കിൽ
ആദ്യത്തെയാൾ ഊർമ്മിളയാകുമോ?
ഭർത്തക്കന്മാരെ കൺചിമ്മാതെ
കാത്തിരുന്ന ഭാര്യമാരിൽ
ആദ്യഭാര്യ?
ഉത്തരവാദിത്തങ്ങളുടെ
ഭാരമേറിയ ഉത്തരങ്ങളെ
തളരാതെ താങ്ങി നിർത്തേണ്ടവൾ?
ലോകം വീടോളം ചുരുങ്ങിപ്പോയവൾ?
കാലം ഉത്തരവാദിത്തങ്ങളുടെ ചുമലായവൾ?
കരയാനുള്ള കണ്ണീരിൽപ്പോലും
അളവ് സൂക്ഷിക്കേണ്ടവൾ?
ഓർമ്മകളുടെ ആകാശങ്ങൾക്കു
ചിറക് തുന്നിയവൾ?
എപ്പോഴും തന്നിലേ നോക്കി
നടക്കേണ്ടവൾ?
പ്രവാസികളുടെ ഭാര്യമാരോളം
ഭാര്യമാരായ ഒരു ഭാര്യയുമില്ല.
അവരുടെ പേരാകുന്നു
ഊർമ്മിള.
2
രാവണായനം
പത്തു തലയാവുന്നതാണ്
പ്രയാസം.
ഓരോ തലയിലും
കണ്ണും കാതും മൂക്കും പോലെ
തലച്ചോറും കാണുമല്ലോ.
പത്തു ബുദ്ധി,പത്തു മനസ്സ്
പത്തു വിഡ്ഢിത്തം,പത്തു ചിന്ത
ഒരേ സമയം.
ആലോചിക്കാനേ വയ്യ
ഒന്നിനൊന്ന് വ്യത്യസ്തമായ
ചിന്തകളാവുമ്പോൾ.
ഒരാൾക്കൂട്ടത്തിന്‍റെ ചിന്തകൾ
ഒറ്റയുടലിൽ.
സമാധാനമുണ്ട്,
ഹൃദയമൊന്നേയുള്ളൂവെന്നതിൽ.
ഹൃദയവും പത്തെങ്കിൽ
എന്‍റെ രാവണാ,
നിന്‍റെ പുഷ്പകത്തിൽ
പറത്തിയെടുക്കാനാവുമായിരുന്നു
എത്ര സീതമാരെ?
3
രാമായണവായന
അധികാരിയുടെ വീട്ടിൽനിന്ന്
അപ്പോൾ രാമായണവായന,
മുത്തശ്ശൻ പറയുമായിരുന്നു.
നമ്മുടെ വീട്ടിലോ,യെന്ന്
അച്ഛൻ ചോദിച്ചിരുന്നുവത്രെ.
നമ്മുടെ കൂരയിൽ
എല്ലാവരുടേയും വയറ്റിൽ
രാമായണവായന,
മുത്തശ്ശൻ പറയുമായിരുന്നത്രെ.
അതു കേൾക്കാതിരിക്കാനാണത്രെ
കള്ളക്കർക്കടകത്തിൽ
തമ്പുരാക്കന്മാരുടെ
രാമായണവായന.
രാമാ!
4
മായാസീത
മായാ സീതയേയുള്ളൂ
മായാ രാമനില്ല.
പുരുഷനേ കാണൂ
മായാകന്യകളെ.
സ്ത്രീക്കെന്നാൽ
യാഥാർഥ്യമാണ്
പുരുഷൻ.
സ്വപ്നങ്ങളിലേ
അവർ വർണം ചാലിക്കൂ.
യാഥാർഥ്യങ്ങളിൽ
അവരറിയും
പുരുഷന്റെ പൊള്ളത്തരം.
അപ്പോഴേക്കും
കാലം കഴിഞ്ഞിരിക്കുമെങ്കിലും.
5
വരച്ചവര
ലക്ഷ്മണരേഖ
ഒരു രേഖയേയല്ല.
കുടുംബം വരയ്ക്കും
രേഖയില്ലാ രേഖയാണത്.
ഒരു ബാഹ്യശക്തിക്കും
കടന്നുകയറാനാവാത്ത
സംരക്ഷണ നോട്ടമാണത്.
അതിന്റെ ഭദ്രതയിലാവും
കുടുംബസൗഖ്യം.
അതിനെ മറികടക്കുവോർ
കുടുംബവലയത്തിനു പുറത്താവും.
ശത്രുപക്ഷത്താവും
അനാഥമാവും.

littnow.com
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്.
രചനകൾ അയക്കുമ്പോൾ ഒപ്പം വാട്സ്പ് നമ്പരും ഫോട്ടോയും അയക്കുക .
littnowmagazine@gmail.com
കവിത
അൽഷിമേഴ്‌സ്

ഹരിത ദാസ്
വര: സാജോ പനയംകോട്
ഓർമയുടെ അവസാനനാളവും
അണയുന്നതിനു മുൻപ്,
മറവിയുടെ അരക്കില്ലത്തിൽ
ഉരുകിതീരും മുൻപ്,
സഖീ…. നിന്നോടൊരു വാക്ക്!
നാമൊന്നിച്ചു താണ്ടിയ ദൂരങ്ങളത്രയും
വേരു പടരുമീ കാൽപാദങ്ങളും
നമ്മൾ പങ്കിട്ട ഗ്രീഷ്മ ശിശിരങ്ങളും
ഇഴ തുന്നുമീ ചുളിവുകളും
മായുകില്ല മറയ്ക്കുകില്ല
നീ എനിക്കാരായിരുന്നുവെന്ന്
നമ്മൾ എന്തായിരുന്നുവെന്ന്.
ഇരുൾവീണിടുന്നോരെൻ സ്‌മൃതിമണ്ഡലത്തിൽ നിൻ
ഓർമകളെ ഞാൻ നിമഞ്ജനം ചെയ്കിലും ,
തിരികെയെത്തുമെന്നൊരു പൊയ്‌വാക്കോതാതെ
വിസ്മൃതിയുടെ ആഴങ്ങളിൽ മറഞ്ഞീടിലും
മറക്കുകില്ല മരിക്കുകില്ല
നീ തന്നോരീ നിമിഷങ്ങളെന്നിൽ
പ്രിയേ…..
ദിക്കറിയാത്ത ഈ നീണ്ടയാത്രക്ക് കൂട്ടായി,
ഒരു ധ്രുവനക്ഷത്രം പോൽ
നീ എന്നിൽ നിലകൊള്ളും.
തണുത്തുറഞ്ഞ ഓർമകൾക്ക്, നിമിഷങ്ങൾക്കു കനൽ ചൂടേകി
നീ എന്നാത്മാവിൽ കുടികൊള്ളും..
ജന്മ-ജന്മാന്തരങ്ങൾക്കുമപ്പുറം
ഒരിക്കൽ നമുക്കിവിടെയൊത്തുചേരാം….
മറവിയുടെ ചായം കുതിർത്തൊരീ ചിത്രത്തിൽ
ഒരുമിച്ച് വീണ്ടും നിറം പകരാം.

littnowmagazine@gmail.com
കവിത
ഇനിയുമൊരുകാലം

ബിന്ദു തേജസ്
ഇന്നുമെന്നെപ്പൊതിയുമൊരു
പ്രിയ തരമാകുമദൃശ്യ കരങ്ങളാം
കനിവ് തീർക്കും കരളിണ ക്കത്തിന്റെ കണ്ണികൾ.
നനവ് മൂടി മിഴിപ്പച്ച മങ്ങി ത്തുടങ്ങവേ
ഇടറി,വിറയാർന്ന സ്വരവു മലച്ചുപോയ് ,
ഹൃദയ താഴ് വാരങ്ങൾ തൻ പ്രതിധ്വനിയും വിതുമ്പുന്നു .
പടിയിറങ്ങുമ്പോളുളളം പിടയുന്നതിൻ നുറുങ്ങലും
ഗദ് ഗദവുമെന്നപോൽ
കിനാ മലരുകൾ പൊഴിയുമാ നിറ ചിത്രമുറ്റു നോക്കവേ
നിറയെയോർമ്മ ശലഭങ്ങൾ തുടിക്കയായ് ,
അവിടെ ഞാനും പറക്കയാ ച്ചിറകിലേറി
യനേകകാലങ്ങളിലൂടെയൊരിത്തിരി നേരം .
തുടു തുടുത്തൊരാ പനീർ
പൂവുകളിതളടർന്നൊന്നു
മണ്ണിനെച്ചുംബിക്കവേ
വ്യഥകളറ്റു ഞാനും ചിരിക്കയായ്
ഒന്നു മധികമായ് ഭ്രമ ത്തിൻ വലയെറിഞ്ഞീലയെങ്കിലുമലോസരക്കൊളുത്തിലെന്നെ
കുടുക്കീലയിവിടം പ്രിയം മാത്രമണച്ചു
ഞാനാ മധുരംനുണഞ്ഞു നടക്കട്ടെ .
പാതിയിലേറെക്കഴിഞ്ഞൊരീ പാതയിലിനിയും
പൂക്കാനൊരു വെൺ ചെമ്പകച്ചില്ല തളിരിടുമോയെന്നു
വെറുതെ നിനച്ചു നിൽക്കയാണിപ്പോഴും…

littnow.com
littnowmagazine@gmail.com
കവിത
ഒറ്റയായ്പ്പോയ ഒച്ച

കുറിഞ്ചിലക്കോട് ബാലചന്ദ്രൻ
സച്ചിമാഷിനെ
എനിക്കറിയില്ലെങ്കിലും
ചില സച്ചി’താ’നന്ദന്മാർ
വരണ്ട നദികളിൽ
കുളം കുത്തുന്നതിന്
ഞാൻ സാക്ഷിയാകുന്നുണ്ട്.
ഓടിയൊളിക്കാനാണ്
ആദ്യം തോന്നിയത്.
ഉള്ളിലൊരു തേളുകുത്തിയതിനാൽ
നോട്ടം പിഴച്ചു പോയി!
പറ്റമായ് വന്ന്
ഒറ്റയായ്പ്പോയ
ഒറ്റുകാരൻ
ചിന്തയ്ക്ക് ചിന്തേരിട്ട്
മിനുക്കാൻ തുടങ്ങുമ്പോൾ
വേനൽ പഴുത്തു പാകമായ
മണ്ടയില്ലാത്തെങ്ങ്
കമ്പേറിട്ട തേങ്ങ
തലയിൽത്തന്നെ വീണതിന്
സാക്ഷ്യമായി
ചിരി ഒരു കലാരൂപമായ്
ചുണ്ടു പിളർത്തി
കരയാനും തുടങ്ങി.

പ്രണയപ്പിറ്റേന്ന്
ചങ്ങമ്പുഴയും
വൈലോപ്പിള്ളിയും
ഇടശ്ശേരിപ്പാലത്തിൽ നിന്ന്
പ്രളയം കാണുമ്പോൾ
ജല കളിമ്പത്തിൻ
മുങ്ങാങ്കുഴിയിൽ
അവർ
കവിതയായൊഴുകിപ്പോയതിന്
ഞാനും സാക്ഷിയാകുന്നു.
അതിനാലാണ്,
അതിനാൽ മാത്രമാണ്
ഈ പുഴയെ
ഞാൻ
ഒറ്റയ്ക്ക്
ഉണക്കാനിട്ടിരിക്കുന്നത്!.
littnow.com
littnowmagazine@gmail.com
-
സാഹിത്യം6 months ago
മോചനത്തിന്റെ സുവിശേഷം-7
-
നാട്ടറിവ്10 months ago
ബദാം
-
സിനിമ7 months ago
മൈക്ക് ഉച്ചത്തിലാണ്
-
കഥ8 months ago
ചിപ്പിക്കുൾ മുത്ത്
-
സാഹിത്യം10 months ago
വായനയുടെ സിംഫണി, എഴുത്തിന്റെയും
-
സാഹിത്യം12 months ago
ക്രിസ്തുവിനെ
തേടുന്ന പോപ്പ്… -
ലേഖനം10 months ago
കോവിടാനന്തരലോകം
-
സാഹിത്യം11 months ago
പ്രൊഫ പി മീരാക്കുട്ടി സ്മാരക ചെറുകഥാ പുരസ്ക്കാരം
You must be logged in to post a comment Login