Connect with us

കഥ

മേലധികാരം

Published

on

ബുദ്ധിജീവിതം 11 മിനിക്കഥ പരമ്പര

രാജേഷ്.ആർ. വർമ്മ

വര_ സാജോ പനയംകോട്

കല്യാണി കുഞ്ഞായിരിക്കുമ്പോൾ ജട്ടി വിഷയത്തിൽ അടി കുറേ കൊണ്ടിട്ടുണ്ട്. തുണിയുടുപ്പിച്ച് തിരിഞ്ഞാൽ അവൾ അത് ഊരിയെറിഞ്ഞ് നൂലുബന്ധമില്ലാതെ നടക്കും. ‘നാണമില്ലാത്ത ജന്തു’ എന്ന് അമ്മ ശകാരിക്കുമ്പോൾ അടികൊണ്ടതിനെക്കാൾ ഉറക്കെ കരയും

സ്കൂളിൽ പഠിക്കുന്ന കാലത്ത് കല്യാണിക്ക് അമ്മാവൻ്റെ വീട്ടിൽ പോകാൻ ഇഷ്ടമല്ലായിരുന്നു. “പെൺകൊച്ചുങ്ങൾ കണ്ണെഴുതാതെ നടക്കാൻ പാടില്ല.” അദ്ദേഹം ശാസിക്കും. കണ്മഷിപ്പാത്രം എടുത്തുകൊടുത്ത് എഴുതിക്കും. നീറുന്ന കണ്ണുകൾ നിറഞ്ഞൊഴുകും.

കല്യാണി ഒരു ദിവസം സ്കൂളിലെത്തിയപ്പോൾ കൂട്ടികൾ ചോദിച്ചു. “അയ്യോ, ഇതെന്താ ഈ വേഷത്തിൽ?” അവൾ ഞെട്ടലോടെ നോക്കുമ്പോൾ യൂണിഫോമിനുപകരം ഇട്ടിരിക്കുന്നത് ഓറഞ്ചിൽ വെള്ളപ്പൂക്കളുള്ള ഉടുപ്പാണ്. ബെല്ലടിക്കുന്നതിനുമുമ്പ് തിരിച്ചെത്താനായി അവൾ വീട്ടിലേക്ക് ഓടി. പെരുവഴിയിലൂടെ, പാടവരമ്പത്തുകൂടി, കിതച്ച്, വിയർത്ത്.

കല്യാണി കോളേജിൽ പഠിക്കുമ്പോൾ കറുത്ത മുത്തുമാലകളായിരുന്നു പ്രിയം. “പറ്റില്ല!” അച്ഛൻ തീർത്തുപറഞ്ഞു. “കാതിലും കഴുത്തിലും ഇത്തിരി പൊന്നില്ലെങ്കിൽ ഗതിയില്ലാത്ത വീട്ടിലേതാണെന്ന് വിചാരിക്കും.”

കല്യാണപ്രായമായപ്പോൾ ചേച്ചി പറഞ്ഞു. “പുരികമൊക്കെ കാടുപിടിപ്പിച്ച്, വെയിലും കൊണ്ട് ഇങ്ങനെ നടന്നോ. ഒരുത്തനും തിരിഞ്ഞുനോക്കില്ല. വല്ലപ്പോഴും ബ്യൂട്ടി പാർലറിലൊക്കെ പോയാൽ നിനക്ക് കൊള്ളാം.”

വിവാഹദിവസം ഭർത്താവിൻ്റെ അമ്മൂമ്മ കൈ പിടിച്ചുനോക്കിയിട്ട് പറഞ്ഞു: “ഇങ്ങനെ എല്ലിച്ചിരുന്നാൽ ഒക്കില്ല. പാലും നെയ്യുമൊക്കെ കഴിക്കണം.”

മുടിവെട്ടാൻ അനുവാദം ചോദിച്ചപ്പോൾ ഭർത്താവ് കോപിച്ചു. “എനിക്ക് ഇഷ്ടമല്ല, കണ്ട സൊസൈറ്റി ലേഡികളെപ്പോലെ…”

ഗർഭകാലത്ത് അമ്മായിയമ്മ പറഞ്ഞു, “ഈ സമയത്ത് നൈറ്റിയൊന്നും കുഴപ്പമില്ല. പക്ഷേ മോളേ, പ്രസവം കഴിഞ്ഞാൽ ഈ ഐശ്വര്യംകെട്ട വേഷമൊന്നും ഇട്ടോണ്ട് നടക്കരുത്.”

മകൻ ഹൈസ്കൂളിലായപ്പോൾ കല്യാണിയോട് ചോദിച്ചു: “അമ്മയ്ക്കെന്താ മറ്റുള്ളവരെപ്പോലെ സാരിയുടുത്താൽ? ചില്ലുപോലുള്ള തുണികൊണ്ടുള്ള ഈ ചുരിദാറും ഇട്ട് നടക്കുമ്പോഴുള്ള ഓരോരുത്തൻ്റെ നോട്ടം കാണുമ്പോൾ തൊലി ഉരിഞ്ഞുപോകുന്നു.”

മുടി നരച്ചുതുടങ്ങിയപ്പോൾ ഉറ്റ കൂട്ടുകാരി ഉപദേശിച്ചു: “ഡൈ ഓർ ഡൈ എന്നാണ് പ്രമാണം. ഭർത്താവിൻ്റെ കണ്ണിൽ വയസ്സിയായാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.”

സന്ധിവാതം കാരണം കൈയിന് സ്വാധീനം കുറഞ്ഞ കല്യാണിയമ്മയുടെ തല കറുപ്പിച്ച് മടുത്തപ്പോൾ മരുമകൾ പറഞ്ഞു. “ഇനി വേണമെങ്കിൽ അമ്മയ്ക്ക് ഡൈ ചെയ്യുന്നതൊക്കെ നിറുത്താം. വല്ലപ്പോഴും ഒന്ന് തൂത്താൽ മതി.” നരച്ച സ്വന്തം രൂപം കണ്ണാടിയിൽക്കണ്ട കല്യാണിയമ്മ വിതുമ്പിക്കരഞ്ഞു.

മെലിഞ്ഞ കൈകളിൽനിന്ന് വള ഊരിപ്പോയിത്തുടങ്ങിയപ്പോൾ കല്യാണിയമ്മ പറഞ്ഞു. “കൈയ് വെറുതെ കിടക്കുന്നു. പാകത്തിന് ഒരു കാപ്പ് പണിയിക്കണം.”

“കാപ്പൊക്കെ കെട്ടി ഇരുന്നാൽ മതിയോ?” മകൾ ചിരിച്ചു. “പോകണ്ടേ?”

കല്യാണിയമ്മയ്ക്ക് നടക്കാൻ ബുദ്ധിമുട്ടായപ്പോൾ ഹോം നേഴ്സ് പറഞ്ഞു, “അമ്മച്ചി ഇനി നൈറ്റി ഇട്ടാൽ മതി. മുണ്ടൊക്കെ ഉടുപ്പിക്കാൻ വലിയ പാടാ.” അന്ന് രാത്രി കല്യാണിയമ്മ ഉണർന്നുകിടന്ന് കരഞ്ഞു.

കല്യാണിയമ്മ കിടപ്പുമുറിയിൽനിന്ന് പുറത്തുവരാതായി. എല്ലാവരുടെയും
സൗകര്യാർത്ഥം അവരുടെ മുടി ആണുങ്ങളുടേതുപോലെ മുറിച്ചു. കുളിക്കുന്ന ദിവസങ്ങളിൽ അവർ കണ്ണെഴുതിയോ, പൊട്ടുതൊട്ടോ എന്നൊന്നും ആരും അന്വേഷിച്ചില്ല. കരയാനുള്ള ശേഷി നശിച്ച കണ്ണുകൾ തുറന്ന് അവർ ഇരുട്ടിലേക്ക് നോക്കിക്കിടന്നു. വെള്ള ചുരിദാറും ഓറഞ്ച് ഷാളും ധരിച്ച് ഓർമ്മകളിലൂടെ അലഞ്ഞു. കല്യാണിയമ്മയെ ഐ സി യുവിലേക്ക് കയറ്റുന്നതിനുമുമ്പ് നേഴ്സ്മകനോട് പറഞ്ഞു, “സ്വർണമൊക്കെ ഊരി എടുത്തോണം, ബോധം കെടുത്തുന്നതാ.”

കല്യാണിയമ്മയുടെ ശസ്ത്രക്രിയയ്ക്കുമുമ്പ് ആശുപത്രി മാനേജർ ഡോക്ടറോട് പറഞ്ഞു. “കിഡ്നി എടുത്തേക്കണം.”

“ഒന്നോ?” ഡോക്ടർ ചോദിച്ചു.

“രണ്ടും.” മാനേജർ പറഞ്ഞു. “അവർക്ക് അതിൻ്റെ ആവശ്യം കഴിഞ്ഞു.”

രാജേഷ്.ആർ. വർമ്മ

കാമകൂടോപനിഷത്ത്, നിയമവിരുദ്ധമായ ഒരു വാതിൽ എന്നീ കഥാസമാഹാരങ്ങളുടെയും ചുവന്ന ബാഡ്ജ് എന്ന നോവലിന്റെയും രചയിതാവാണ് കഥാകൃത്ത്. ചുവന്ന ബാഡ്ജിന് ഫൊക്കാനാ നോവൽ പുരസ്കാരവും പ്രൊഫ: പി. മീരാക്കുട്ടി പുരസ്കാരവും ലഭിച്ചു. സ്വദേശം തിരുവല്ല. അമേരിക്കയിലെ പോർട്ട്ലൻഡിൽ താമസം. കമ്പ്യൂട്ടർ സയൻസിൽ ബിരുദവും (ടികെഎം) സാഹിത്യരചനയിൽ ബിരുദാനന്തരബിരുദവും (ക്വീൻസ് സർവകലാശാല)

design- Sajjaya kumar

littnow.com

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.

littnowmagazine@gmail.com

Continue Reading
2 Comments

2 Comments

  1. israelxclub.co.il

    March 30, 2022 at 3:23 pm

    May I simply say what a relief to uncover somebody that really understands what theyre discussing over the internet. You certainly know how to bring a problem to light and make it important. More and more people really need to check this out and understand this side of the story. I was surprised that youre not more popular because you certainly have the gift.

  2. crorkservice

    May 11, 2022 at 1:12 pm

    That is a really good tip especially to those fresh to the blogosphere. Simple but very precise infoÖ Appreciate your sharing this one. A must read article!

Leave a Reply

Your email address will not be published.

കഥ

സീതയുപേക്ഷിച്ച രാമൻ

Published

on

ജിത്തു നായർ

വര_ സാജോ പനയംകോട്

അസഹനീയമാം വിധം മഴ അതി കഠിനമായിത്തന്നെ തഴച്ചു പെയ്തു. മഞ്ഞിൽ പുതഞ്ഞു കിടന്ന വിജന വീഥികളിൽ മഴവെള്ളം നിറഞ്ഞു മഞ്ഞുരുകി. അന്ധകാരത്തിന്റെ സൂചിമുനകുത്തലേറ്റ വന്മരങ്ങൾ വിഷാദത്തിലാണ്ടെന്ന പോലെ കാറ്റിലിളകാൻ മറന്നു ശോകമായി നിലകൊണ്ടു.


കൊട്ടാരകെട്ടിന്റെ മുകൾ നിലയിലെ മട്ടുപ്പാവിൽ മഴയും വെയിലും ഏൽക്കാത്ത വിധത്തിൽ മറവുണ്ടായിട്ട് പോലും ചരിഞ്ഞു പെയ്ത പേമാരിയെ തടുത്തു നിറുത്തുവാനായില്ല.
ഇരുളിലേക്ക് നോട്ടമുറപ്പിച്ചു ഒരു നിഴലെന്ന പോലെ മഴയെ വകവെയ്ക്കാതെ മട്ടുപ്പാവിലെ കൊത്തുപണികൾ കൊണ്ട് മനോഹരമാക്കിയ കരിങ്കൽ തൂണിൽ ചെറിയൊരു നിഴൽ പോലെ അയോദ്ധ്യ മഹാരാജൻ ശ്രീരാമൻ ചാരി നിൽപ്പുണ്ടായിരുന്നു.
നനഞ്ഞു കുതിർന്ന നീളമേറിയ മുടിയിഴകളിൽ നിന്നും ജലത്തുള്ളികൾ അദ്ദേഹത്തിന്റെ കഴുത്തിലൂടെ ഒലിച്ചിറങ്ങി. വസ്ത്രങ്ങളുടെ അവസ്ഥയും വത്യസ്തമായിരുന്നില്ല. നിമിഷം കഴിയും തോറും മഴയുടെ അക്രമ സ്വഭാത്തിനു കാഠിന്യമേറി വന്നു. അതൊന്നും വക വയ്ക്കാതെ അദ്ദേഹം ആ കൽ തൂണോട് ചാരി മറ്റൊരു ശില പോലെ നിന്നു.
അദ്ദേഹത്തിന്റെ മനസ്സിലും മറ്റൊരു മഴ പെയ്തിറങ്ങുകയായിരുന്നു. നഷ്ടങ്ങളുടെ ഭാരം പേറി ആ മഴ അദ്ദേഹത്തിന്റെ മിഴികളിലൂടെ പുറത്തേക്ക് കുത്തിയൊലിച്ചു കൊണ്ടിരുന്നു.
അയോദ്ധ്യധിപതി മഹാൻ ശ്രീ രാമന്റെ മറ്റാരും കാണാത്ത മുഖം…
വീരൻ…. വില്ലാളി വീരൻ.. ദയാവാൻ…ത്യാഗി….
പുകഴ്ത്തിപ്പറഞ്ഞു കേട്ട രാമന്റെ കഥകളിൽ ആരും കണ്ടിട്ടില്ലാത്ത മറ്റൊരു മുഖം…
നിഷേധിക്കപ്പട്ട സ്നേഹത്തിന്റെ മുഖം. പ്രാണേശ്വരിയെ നഷ്ടമാകുന്ന ദുഖിതന്റെ മുഖം…
നേരം പുലരുന്നത് ഇനിയൊരു നഷ്ടത്തിന് കൂടി സാക്ഷ്യം വഹിച്ചുകൊണ്ടാവും.
സീത വിടപറയുകയാണ്. കൊട്ടാരം വെടിഞ്ഞു, രാമനെ വിട്ട് പിരിയുകയാണ്.
“രാവണനെ പോലെയൊരുവന്റെ കൂടെ കഴിഞ്ഞവളാണ്… അവൾ പരിശുദ്ധയാവണമെന്ന് എന്താണിത്ര ഉറപ്പ്.. ഇങ്ങനെയൊരുവളെ മഹാറാണിയായി കാണുന്നതെങ്ങനെ…”
അയോദ്ധ്യയിലെ സാധാരണ ജനങ്ങൾക്കിടയിൽ സീതയെ പോലെയൊരു സ്ത്രീ രത്നത്തിന് ഏൽക്കേണ്ടി വന്ന സംശയ ശരങ്ങൾ അനവധി. ആ വാക്കുകൾ നൽകിയ ഞെട്ടലിൽ നിന്നും രാമൻ ഇത് വരെ മോചിതനായിട്ടില്ല.

“എല്ലാം അറിഞ്ഞിട്ടും മഹാരാജാവ് മൗനം പാലിക്കുകയാണ്. നമ്മൾ ജനങ്ങളുടെ വിധി. നമുക്കൊരു ന്യായം അദ്ദേഹത്തിന് മറ്റൊന്ന്…” പരസ്യമായി അല്ലെങ്കിലും ജനങ്ങൾ രാമന്റെ നീതിയോട് അസഹിഷ്ണുത രഹസ്യമായി പ്രകടിപ്പിച്ചു കൊണ്ടിരുന്നു…
“ഇതിനൊരു പ്രതിവിധിയെ ഉള്ളു പ്രഭോ..” രാമന്റെ മാനസികാവസ്ഥ മനസ്സിലാക്കിയ സീത ദേവി തന്നെ മാർഗ്ഗവും നിർദേശിച്ചു. അത് ഇങ്ങനെയൊനാവുമെന്ന് രാമൻ സ്വപ്നേപി നിനച്ചതല്ല.
മിഥിലാ പുത്രി, ജാനകി… കൊട്ടാരം വിട്ട് , രാജ്യം വിട്ട് പോകുന്നതാണ് നന്നത്രെ.. രാമാനതെങ്ങനെ കഴിയും ?
സീതക്ക് വേണ്ടി രാജ്യമുപേക്ഷിക്കാം. പക്ഷെ സീതയെ…. വയ്യ…
സീതയെ പിരിയുന്ന ആ നിമിഷം ഓർമ്മയിൽ വന്ന മാത്രയിൽ പിടിച്ചു നിറുത്തുവാൻ കഴിയാത്ത വ്യഥയിൽ രാമൻ മട്ടുപ്പാവിൽ കെട്ടി നിന്ന മഴവെള്ളത്തിലേക്ക് മുട്ട് കുത്തി വീണു.
തൊണ്ടയിൽ കുരുങ്ങി നിന്ന ആർത്തനാദം ഒരു മാത്ര അദ്ദേഹത്തിന് പിടിച്ചു നിറുത്തുവാനായില്ല. സങ്കടങ്ങൾ എല്ലാം ആ മഴയിൽ ഒലിച്ചു പോയിരുന്നുവെങ്കിൽ എന്നദ്ദേഹം ആഗ്രഹിച്ചു. മഴയോടൊപ്പം കുറെയധികം മിഴിനീർ ഒലിച്ചു പോയതല്ലാതെ നെഞ്ചിലെ ഭാരം ഒരു തരി പോലും കുറഞ്ഞില്ല.
ഇനിയീ ഒരു രാത്രി കൂടി… നേരം പുലരുമ്പോൾ സീത പോവുകയാണ്…
സീത മാത്രമാണ് രാമന് പ്രിയപ്പെട്ടവൾ. അവളല്ലാതെ മറ്റൊരുവളെ സങ്കല്പിക്കുവാൻ പോലുമാവില്ല രാമന്. ആ സീതക്ക് വേണ്ടിയാണല്ലോ കാടും മലകളും കടലും കടന്ന് ലങ്കേശനെ നേരിട്ടത് പോലും.
“രാജാവിന്റെ അപമാനം, റാണിയുടേത് കൂടിയാണ്..പ്രജകളുടെ ക്ഷേമം മാത്രമാണ് ഒരു രാജാവിന്റെ കർത്തവ്യം. ഭർത്താവിന്റെ ക്ഷേമമാണ് പത്നീ ധർമ്മം. അങ്ങയുടെ ജീവിതത്തിൽ ഒരു കളങ്കമായി തീരുവാൻ എനിക്ക് കഴിയില്ല.. പ്രജകൾക്ക് മുന്നിൽ പരാജിതനായല്ല, അവരുടെ അപമാന വാക്കുകളെ ഭയന്നല്ല.. തലയുയർത്തി നിൽക്കേണ്ടവനാണ് ശ്രീ രാമൻ…”
സീതയുടെ വാക്കുകളൊന്നും തന്നെ രാമാനുൾക്കൊള്ളുവാൻ ആകുന്നതായിരുന്നില്ല. മനസ്സിലെ ഭാരമേറിയ ചിന്തകൾ തന്നെ ധാരാളമായിരുന്നു അദ്ദേഹത്തെ കുത്തി നോവിക്കുവാൻ.
“പോവാതിരുന്നൂടെ… ഇനിയും വയ്യ നിന്നെ പിരിയാൻ… വയ്യ സീതേ..” മുറിപെട്ട വാക്കുകൾ പാതിയിലെവിടെയോ നഷ്ടമായി.
“ഇങ്ങനെ തളരരുതേ അങ്ങ്…” സീത അദ്ദേഹത്തെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
“ഇതെന്റെ തീരുമാനമാണ്. നമ്മൾ പിരിയുന്നതാണ് നല്ലത്. ശ്രീ രാമന്റെ കൈകൾ പത്നിയുടെ ചേലത്തുമ്പിൽ കെട്ടിയിടാനുള്ളതല്ല.. അങ്ങ് ഈ രാജ്യത്തിൻറെ മാത്രം അധികാരമാണ്… “
ശ്രീരാമന്റെ ഒരു വാക്ക് പോലും സീതയെ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ഉതകുന്നതായിരുന്നില്ല…
മിഥിലയിൽ സുരക്ഷിതമായി എത്തിക്കാം എന്നദ്ദേഹം പറഞ്ഞു.
“വിവാഹം കഴിഞ്ഞ സ്ത്രീയുടെ കുടുംബം ഭർത്താവിന്റേതാണ്.. അങ്ങില്ലാതെ മിഥിലയിൽ കാല് കുത്തുവാൻ എനിക്കാവില്ല.. ഭർതൃമതിയായി അവിടെ നിന്നും പടിയിറങ്ങിയതാണ് ഞാൻ. തിരികെയങ്ങോട്ട് തനിച്ചു പോകുവാനെനിക്കാവില്ല…”
“സീതേ..”
“പ്രഭോ എന്നെ ഇനി നിർബന്ധിക്കരുതേ.. പിടിച്ചു നിൽക്കുവാൻ കഴിഞ്ഞെന്ന് വരില്ല…”
പിന്നെ നിർബന്ധിച്ചില്ല.
പുലർച്ചെ എല്ലാം ഉപേക്ഷിച്ചവൾ പോകും. ഒപ്പം ചെല്ലാൻ പോലും അനുവാദമില്ല. രാമൻ വെറും സാധാരണ മനുഷ്യനെ പോലെ തളർന്നു പോയി. തകർന്നു പോയി. സീതയില്ലാതെ രാമന് എന്ത് സന്തോഷം?
സീതയില്ലാത്ത രാമൻ അയോദ്ധ്യധിപതി ആയിരിക്കും. പക്ഷെ പഴയ രാമനെ അവിടെ ആ മഴവെള്ളത്തിൽ ആ നിമിഷം അദ്ദേഹം ഉപേക്ഷിച്ചു. ആത്മാവിനെ നഷ്ടപ്പെടാൻ പോകുന്ന ശരീരത്തിന്റെ അവസാന പിടച്ചിൽ അദ്ദേഹം അറിഞ്ഞു.
നേരിയ തോതിൽ മഴക്ക് ശമനം വന്നു.
കിഴക്ക് വെളിച്ചം പരന്നു തുടങ്ങി.
പുലർച്ചെയറിയിച്ചു കൊണ്ട് കാഹളം മുഴങ്ങി.
അപ്പോഴും രാമൻ കരഞ്ഞു തോരാത്ത മിഴികളുമായി മട്ടുപ്പാവിൽ മഴയുടെ അവശേഷിപ്പുകൾക്കൊപ്പം കിടന്നു. നഷ്ടത്തിന്റെ അളവുകൾ അധികാരമായി തന്നു സീത പോകുമ്പോൾ തകർന്ന മനസ്സിന്റെ അവശേഷിപ്പുകൾ ഭാരമായി നെഞ്ചിൽ കുടി വച്ച് രാമൻ ജീവിക്കണം.
സീതയെ തള്ളിപ്പറഞ്ഞ ജനങ്ങൾ ഇനിയുള്ള നാളുകളിൽ രാമനെ തള്ളിപ്പറയുമെന്നറിഞ്ഞു കൊണ്ട് തന്നെ…
രാമൻ സീതയെ ഉപേക്ഷിച്ചു എന്നവർ പറയട്ടെ…

littnow.com

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക. littnowmagazine@gmail.com

Continue Reading

കഥ

റെയിൻ കോട്ട്

Published

on

രാഹുൽ ഒറ്റപ്പന

വര_ സാജോ പനയംകോട്

ഹൂ വീട്ടിനുള്ളിലൂടെ ചുറ്റിയടിച്ച കാറ്റ് ഉമ്മറപ്പടിയിൽ ഇരുന്ന എൻറെ മൂക്കിൻ തുമ്പത്തും കൊണ്ടുതന്നു പൂത്ത തുണിയുടെ ദുർഗന്ധം. അമ്മ ഇടയ്ക്കിടയ്ക്ക് തുണിയും വാരിപ്പിടിച്ച് പുറത്തേക്കും അകത്തേക്കും ഒരു ഭ്രാന്തി കണക്കെ എന്തൊക്കെയോ പിറുപിറുത്തോടുന്നുണ്ട്. ഇടയ്ക്കൊക്കെ ആ വാക്കുകൾ വ്യക്തമാകാറുണ്ട്. കഴിഞ്ഞ കുറെ ദിവസമായി അമ്മ, അമ്മയുടെ സ്വൈര്യം കെടുത്തുന്ന മഴയെ ഒരു കുറ്റവാളിയെ എന്ന പോലെ ഉറ്റു നോക്കുന്നുണ്ടായിരുന്നു. പലപ്പോഴും എനിക്കും മഴ ഒരു സ്വയിര്യക്കേട് ആയിരുന്നു.

കുഞ്ഞേ അയയിലേക്ക്‌ ആ തുണിയൊക്കെ ഒന്ന് വിരിക്ക് അൽപം വെയില് കാണുന്നുണ്ട്. മുറ്റത്തൂന്ന് അമ്മ വിളിച്ചു പറയും.

അൽപം ഈർശ്യയോടെ അമ്മക്കെന്താ വിരിച്ചാലെന്ന് ഞാൻ അമ്മയോട് ചോദിക്കും അപ്പോഴേക്കും അമ്മയുടെ മറുപടി എത്തിക്കഴിയും

നാളെ ഇടണെ മതി. !

അമ്മ അങ്ങനെ പറയുമ്പോൾ നാളത്തേക്ക് വേറെ ഇടാല്ലോന്ന് മനസ്സിൽ പറയുമെങ്കിലും അപ്പോഴും ഒഴിവാക്കാൻ പറ്റാത്ത പലതും ഉണങ്ങിയെ മതിയാകൂ. “ബഷീർ പറഞ്ഞപോലെ അതിന്റെ കോപ്പി എന്റെ കയ്യിൽ മൂന്നെണ്ണം ഉള്ളൂ”. അതിൽ രണ്ടും ഇപ്പോഴും വീട്ടിനുള്ളിലെ അയയിൽ തന്നാണ്. മഴയെ പ്രാകി ഞാൻ തുണിയും എടുത്ത് പുറത്തേക്കിറങ്ങി വിരിക്കാൻ തുടങ്ങും, അപ്പോഴേക്കും ഒരു മൂലക്കൂന്ന് കുട്ട നിറയെ വിറകും തൊണ്ടുമായ് അമ്മയും വരും. പണിയൊക്കെ തീർത്തു ഞങ്ങൾ അകത്തേക്ക് കേറാൻ നോക്കി നിന്നപോലെ മഴ അപ്പോഴേക്കും കുടഞ്ഞു വീഴും. പിന്നെ വീട്ടിൽ ഒരു മത്സര ഒട്ടമാണ്. അമ്മയുടെ കഷ്ടപ്പാട് കാണുമ്പോൾ സഹായിക്കാൻ തോന്നുമെങ്കിലും എന്റെ മടി അതിന് അനുവദിക്കില്ല. എങ്കിലും അമ്മയ്ക്കൊപ്പം മഴയെ കുറ്റം പറയാൻ ഞാനും കൂടും. അപ്പോഴൊക്കെ ഞാൻ ഓർക്കും കഴിഞ്ഞ മാസം കൂടി മഴ വന്നാൽ മതി എന്നായിരുന്നു അമ്മയുടെയും പ്രാർത്ഥന. രാത്രിയിലെ ഉറക്കം കെടുത്തിയ ചൂട് ! ഹൊ ഓർക്കാൻ കൂടി വയ്യ, അന്നൊക്കെ ഒരു തുള്ളി വെള്ളത്തിനായി അങ്ങ് താഴ്‌വാരം വരെ പോകുമായിരുന്നു അമ്മ. അമ്മയുടെ ഇളിയിൽ ഇരിക്കുന്ന കുടവും കയ്യിൽ തൂങ്ങി കളിക്കുന്ന ബക്കറ്റും കാണുമ്പോ അമ്മ വാശി പിടിച്ചു നിൽക്കുന്ന രണ്ട് കുട്യോളേം കൊണ്ടുപോകും പോലെ ആയിരുന്നു എനിക്ക് തോന്നിയത്. ഇന്ന് മഴയെ പ്രാകിയ അതേ പ്രാക്ക്‌ അന്നത്തെ വെയിലിനും അമ്മ കൊടുത്തിട്ടുണ്ട്. എല്ലാം കേട്ടൊണ്ട് ഞാൻ ഇൗ ഉമ്മറപ്പടിയിൽ ഇരിക്കും. തെക്ക് പടിഞ്ഞാറ് നിന്ന് വീശുന്ന കാറ്റിൽ ഉമ്മറം മുഴുക്കെ മഴ നനച്ചിട്ടുണ്ടാകും. മഴ കഴിയുമ്പോൾ തൂവാൻ കൊണ്ട് പശപ്പ്‌ നിറഞ്ഞ തറയിലൂടെ നടക്കാൻ അറപ്പാണ് എനിക്ക്. എങ്കിലും ഞാൻ അത് വകവെക്കാതെ ഉമ്മറത്ത് വന്നിരിക്കും. അതിനെപ്പോഴും അമ്മയുടെ വക വഴക്കും കിട്ടാറുണ്ട്.

ആൺകുട്യോൾ ഒക്കെ ഇങ്ങനെ മടിപിടിച്ചിരുന്ന എന്താ ചെയ്യുകയെന്നാ അമ്മയുടെ ചോദ്യം. പക്ഷേ അമ്മക്കറിയാം എന്റെ ഇരിപ്പിന്റെ കാരണം, അമ്മയായി അതൊക്കെ മറക്കാൻ നോക്കുമ്പോഴും ഞാനായി ഓർമിപ്പിക്കുന്നത് എന്തിനെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.! പക്ഷേ ഇൗ കാത്തിരിപ്പ് അവസാനിപ്പിക്കാൻ കഴിയുന്നില്ല. കഴിഞ്ഞ വർഷം ഇതേ മഴക്കാലത്താണ് അച്ഛൻ…,

അച്ഛൻ എപ്പോഴും പറയാറുണ്ട് കറൻറ് പോയാലുടൻ എവിടെയും ലൈൻമാനാണ് കുറ്റം എന്ന്, ആരേലും ഓർക്കാറുണ്ടോ അവരും മനുഷ്യരാണ്ന്ന്, മാത്രോല്ല പണ്ട്‌ ആരൊക്കെയോ വെള്ളമടിച്ച് കിടന്നതിന് ഇന്നും കുറ്റം ബാക്കിയുള്ളോന. കഴിഞ്ഞ കൊല്ലം എന്റെ സ്കൂള് തുറപ്പിന് ആയിരുന്നു അത് സംഭവിച്ചത്. അന്ന് അമ്മയും അച്ഛനും നടത്തിയ സംഭാഷണം ഇന്നും ഞാൻ ഓർക്കുന്നുണ്ട് .

അവൻ ഇക്കൊല്ലം പത്തിലല്ലെ നല്ലൊരു റെയിൻകോട്ട്‌ വാങ്ങിക്കൊടുക്കണം .

ഇന്നലെ ലൈൻ കെട്ടാൻ പോയപ്പോൾ അവരൊരു പത്തിരുന്നൂറു രൂപ കാശ് വെച്ച് നീട്ടിയത പക്ഷേ മനസ്സാക്ഷി സമ്മതിച്ചില്ല അതുകൊണ്ട് ഒന്നും വാങ്ങിച്ചില്ല. അല്ലേലും അങ്ങനെ ചെയ്യുന്ന മോശം അല്ലേ, സർക്കാരീന്നു കാശു കിട്ടീട്ടും കണ്ടവരുടെ പോക്കറ്റ് തപ്പിക്കുന്ന എങ്ങനാ.

കയ്യി കാശൊന്നും ഇല്ലാണ്ട് എങ്ങനാ മനുഷ്യ. എന്റെ കയ്യിൽ ഉണ്ടായിരുന്നത് നുള്ളിപ്പെറക്കിയ ഇൗ ബാഗും ബുക്കും വാങ്ങിയ, ശമ്പളം ഇൗ മാസവും കുടിശ്ശിക ആയാൽ…,

അറിയാടി ഞാനൊന്നു നോക്കട്ടെ.

മോനുട്ടാ അച്ഛൻ വന്നിട്ട് സ്കൂളിൽ പോകാട്ടോ.

അതിനു ഇപ്പൊ അച്ചനെങ്ങോട്ടാ..

ഇപ്പൊ വരാട മോനെന്തായാലും ഒരുങ്ങിക്കോ.

പുറത്തേക്കിറങ്ങിയ അച്ഛൻ അതെ സ്പീഡിൽ തിരിച്ചു കേറി അച്ഛന്റെ യൂണിഫോമും ഇട്ട് വീണ്ടും പുറത്തേക്ക്. അച്ഛൻ ഇറങ്ങിയതും മഴ ചൊരിഞ്ഞു കഴിഞ്ഞിരുന്നു. കുടയും കൊണ്ട് അമ്മ എത്തിയപ്പോഴേക്കും അച്ഛൻ വഴിയിൽ എത്തിയിരുന്നു. അച്ഛനെ പുറകിന് വിളിക്കാൻ ഞാൻ ഓങ്ങിയതും അമ്മ അത് തടഞ്ഞു.

പലപ്പോഴും നിന്നോട് പറഞ്ഞിട്ടില്ലേ ഒരു വഴിക്കിറങ്ങുംമ്പോൾ പുറകീന്ന് വിളിക്കരുതെന്ന്‌.

അമ്മേടെ ഓരോ വിശ്വാസം .
അകത്തു കയറി യൂണിഫോം ഇട്ട് ഞാൻ ഉമ്മറപ്പടിയിൽ കാത്തിരിപ്പ് തുടർന്നു. മഴ നിർത്തുന്നുണ്ടായിരുന്നില്ല. അമ്മ പലതവണ പറഞ്ഞു ഇന്ന് കൂടെ ആ കുടേം എടുത്തു സ്കൂളിലേക്ക് പോ എന്ന്.

അച്ഛൻ പറഞ്ഞില്ലേ വന്നീട്ട് പോയാ മതിന്ന്‌.

ഞാൻ വാശി പിടിച്ചിരിപ്പ്‌ തുടർന്ന്. സമയം 10 കഴിഞ്ഞു, മഴ തോർന്നു ഉമ്മറത്ത് വീണ ഈറൻ തുള്ളികൾ കൂട്ടി യോജിപ്പിച്ച് ഞാൻ ചില ചിത്രങ്ങളും പേരുകളും തറയിൽ കുറിച്ചു. അപ്പോഴും അച്ഛനെ നോക്കി ഇരുന്ന എന്നെ അമ്മ വഴക്ക് പറഞ്ഞൊണ്ടിരുന്ന്. അപ്പോഴാണ് മുറ്റത്തേക്ക് ചിലർ കയറി വന്നത്. ഉമ്മറതിരിക്കുന്ന എന്നെ കൂട്ടിപ്പിടിച്ചു കൊണ്ട് കുട്ടൻ മാമൻ അമ്മക്കരികിലേക്ക്‌ വന്നു.

ഒരു വിങ്ങലോടെ പെണ്ണേ.. ഉണ്യെട്ടൻ പോയി!

കുട്ടൻ മാമൻ പറഞ്ഞതും അമ്മ നിലംപതിച്ചു കഴിഞ്ഞു. അമ്മയെ താങ്ങി കട്ടിലിൽ കിടത്തുമ്പോഴും അടഞ്ഞ അമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ പൊഴിയുന്നുണ്ടായിരുന്ന്.
നാട്ടുകാർ മുറ്റത്ത് കൂട്ടംകൂടി ഒരു മുഴു വാഴയില വെട്ടി ഉമ്മറത്ത് വിരിക്കുമ്പോഴും അച്ഛൻ എങ്ങോട്ട് പോയി എന്ന സംശയം ആയിരുന്നു എനിക്ക്. അയലത്തെ ജാനുവേച്ചി എല്ലാർക്കും കട്ടൻ വിളമ്പുമ്പോൾ ആണ് ആരോ പറയുന്നത് ഞാൻ കേട്ടത്.

ആള് മാധവ മുക്കിലെ കടയിൽ ഒരു റെയിൻ കോട്ട്‌ നോക്കി നിൽക്കുവായിരുന്നു. അപ്പോഴാണ് ബസ് സ്റ്റോപ്പിനോട് ചേർന്ന് നിന്ന പോസ്റ്റിലേക്ക് ഒരു ഇടി വെട്ടിയത്, അപ്പോഴേക്കും പോസ്റ്റിന്റെ കീഴെ ഉള്ള ഫ്യൂസിൽ നിന്നും തീപ്പൊരി ചിതറി. അങ്ങോട്ട് ഓടാൻ തുടങ്ങിയ ഉണ്ണിയോട് മാധവേട്ടൻ പറഞ്ഞതാ മഴയാ ഇപ്പൊ അങ്ങോട്ട് പോകണ്ടാന്ന്. അപ്പോ ഉണ്ണി പറഞ്ഞുന്ന് കുട്യോള് അതിനുള്ളിൽ നിൽക്കുന്നു മാധവേട്ടാ ആ ഫീസ് ഊരിയാൽ അതങ്ങ് നിൽക്കും.അതും പറഞ്ഞു റൈൻ കോട്ടും കക്ഷത്ത് വെച്ച് ഉണ്ണി അങ്ങോട്ടേക്ക് ഓടി ഫീസിൽ പിടിച്ചതും ഫീസിൽ നിന്നും വലിയ ഒരു ശബ്ദത്തോടെ പോസ്റ്റിലെ ലൈൻ കമ്പി പൊട്ടി നേരെ ഉണ്ണിയുടെ മേൽക്കോട്ട്‌. അവിടെ നിന്ന കുട്ടികളൊക്കെ ഭയന്ന് പോയി ഉണ്ണിടെ വെപ്രാളം കണ്ടിട്ട്. ആർക്കാന്ന് വെച്ചാ കേറിപ്പിടിക്കാൻ ധൈര്യം .അത് കണ്ട് കടക്കാരു കെ.എസ്സ്.ഇൗ.ബീയിലേക്ക് വിളിച്ചപ്പോ ആണ് ലൈൻ പോലും ഓഫ് ആയ അപ്പോഴേക്കും..

പെട്ടെന്ന് കുറച്ച് പേര് അച്ഛനെ താങ്ങി കൊണ്ട് വരുന്ന കാഴ്ച്ചയാണ് എനിക്ക് ബാക്കി ഉള്ളകാര്യം മനസ്സിലാക്കി തന്നത്.
പിന്നീടിങ്ങോട്ട് ഇന്ന് വരെ അച്ഛനെ കാത്തിരിക്കുന്നത് നിർത്താൻ കഴിഞ്ഞിട്ടില്ല.
ഇന്നും ഒരു സ്കൂള് തുറപ്പാണ് അച്ഛൻ ആശിച്ച പോലെ അച്ഛൻ പറഞ്ഞ സ്കൂളിൽ അച്ഛൻ പറഞ്ഞ വിഷയമെടുത്ത് പോകാൻ തയ്യാറെടുത്ത്‌ ഇൗ ഉമ്മറത്ത് ഇരിക്കുകയാണ്. അച്ഛനെ നോക്കി, അച്ഛൻ വാങ്ങിക്കൊണ്ടു വന്ന റെയിൻ കോട്ടും നോക്കി. അതിപ്പോഴും അച്ഛനെ അടക്കിയ കന്നിമൂലയിലെ മരക്കൊമ്പിൽ പതിഞ്ഞു കിടപ്പുണ്ട്. കറുത്ത നിറമിട്ട്‌ മറക്കാത്ത ഓർമ്മയായ്. എൻ്റെ അച്ഛൻ എനിക്കായി വാങ്ങിയ റെയിൻകോട്ട്…

littnow.com

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.

littnowmagazine@gmail.com

Continue Reading

കഥ

മഹാഭാരതം തിരുത്താമോ?

Published

on

ഹർത്താലിൻ്റെ പിറ്റേന്ന് എന്ന കഥയുടെ തുടർക്കഥ

അനിൽ കുമാർ .S. D

വര_ സാജോ പനയംകോട്

ഉച്ചതിരിഞ്ഞുള്ള OP പതിവുള്ളതല്ല. രോഗികൾ വിരളവുമാണ്. ഉച്ചയ്ക്ക് കഴിച്ച ചിക്കൻ ബിരിയാണി അധികമായിരിക്കുന്നു. കണ്ണുകളിൽ അലസമായ ഒരു ഉറക്കം കാവലിരിക്കുന്നു. ശരീരമാസകലം ചെറിയ വേദനയും.വെറുതേ കസേരയിൽ ചാരിയിരുന്നപ്പോൾ മയക്കവും ചില ചിന്തകളും കൂട്ടിക്കുഴഞ്ഞ് തലച്ചോറു പൊതിഞ്ഞു.

കഴിഞ്ഞ ആഴ്ച എഴുതിയ “ഹർത്താലിൻ്റെ പിറ്റേന്ന് ” എന്ന കഥയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും ദു:ഖിതരാണ്. എഴുത്തുകാരൻ ഒരു കഥാപാത്രത്തോടും നീതിപുലർത്തിയില്ല എന്ന ഒരു പരാതി എല്ലാ കഥാപാത്രങ്ങളും ഉന്നയിക്കുന്നുമുണ്ട്. പല സമ്മർദ്ദങ്ങളും അതിജീവിച്ച് സുജിത്തിനൊപ്പം നിന്ന രാജൻ കൈമൾ അശ്രദ്ധമായി സുജിത്തിനെ കൊന്നതിൽ അസ്വസ്ഥനാണ്. കഥാകൃത്തിനെ കോടതിയലക്ഷ്യം ചുമത്തി ജയിലിൽ അടയ്ക്കണമെന്നാണ് CJM ഗായത്രിയുടെ മനസ്സിലിരിപ്പ്. ഭർത്താവിനെ ഒഴിവാക്കി സുജിത്തുമായി ഒരു ജീവിതം ആഗ്രഹിച്ചിരുന്ന തന്നെ സ്വപ്നങ്ങളില്ലാത്ത ജീവിയാക്കിയത് ഈ കശ്മലനായ കഥാകൃത്താണ്. മൊത്തം കഥയും കഥാപാത്രനിർമ്മിതിയും പുരോഗമന പ്രസ്ഥാനങ്ങളെ താറടിക്കാൻ നിർമ്മിച്ചതാണെന്നും, അതുകൊണ്ട് ഈ കഥാകൃത്തിന് ഉചിതമായ ശിക്ഷ കൊടുക്കണമെന്നും പുരോഗമന പ്രസ്ഥാനങ്ങൾക്ക് ചിന്തയുണ്ട്.ഇത്തരം കഥകളും കഥാകൃത്തുക്കളും കുത്തകസാമ്രാജ്യത്തശക്തികളുടെ ഏജൻ്റുമാരാണെന്ന് പാർട്ടി പ്ലീനത്തിൽ പ്രമേയം കൊണ്ടുവരണമെന്ന ചിന്തയും ചൂടുപിടിക്കുന്നുണ്ട് .വിഷയത്തിൽ സത്യസന്ധമായും ശക്തമായും ഇടപെട്ടുകൊണ്ടിരുന്ന സുജിത്തിനെ സുരക്ഷിതമായി മുന്നോട്ടു കൊണ്ടുപോയി കഥയേയും കഥാപാത്രങ്ങളേയും രക്ഷിക്കാൻ ശ്രമിക്കാതെ സുജിത്തിനെ കൊന്ന് കഥ അവസാനിപ്പിച്ചത് തികച്ചും നിരാശാജനകമെന്നാണ് പരമേശ്വരൻ പിള്ളയുടെ വിശ്വാസം.

DYSP ശേഖരനും SP യ്ക്കും അവരെ കഥയിൽ ദുർബലരാക്കിയെന്നും പോലീസ് ഡിപ്പാർട്ട്മെൻ്റിനെ തന്നെ അപമാനിക്കാനായി CI യായ സുജിത്തിനെ നായകനാക്കിയെന്നും പരാതിയുണ്ട്. സുജിത്തിൻ്റെ അച്ഛനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കഥാകാരൻ അതിൻ്റെ യഥാർത്ഥകാരണം വ്യക്തമാക്കാനും ശ്രമിച്ചില്ല. സുജിത്തിൻ്റെ വിവാഹവും വിവാഹമോചനവും ചർച്ചചെയ്യാതെ കുറ്റകരമായ ഒരു മൗനത്തിലാണ് കഥയെ കെട്ടിയിട്ടത്. കഥയിൽ തങ്ങളുടെ ഉടുതുണിയൂരുന്ന മറുകഥയുണ്ടെന്ന് മനസ്സിലാക്കിയ പുരോഗമനക്കണ്ണടകൾ ധരിച്ചവർ കഥയെ വായിച്ചിട്ടും പ്രതികരിക്കാതെ പരാജയപ്പെടുത്തി സ്വയം വിജയം വിലയ്ക്കു വാങ്ങി.

കഥയുടെ വഴിവിട്ട നിർമ്മിതി കഥാകാരനെത്തന്നെ ആക്രമിക്കുന്ന ഗുരുതരമായ സാഹചര്യം ബോധ്യപ്പെട്ടു വരുമ്പോഴാണ് ഡോക്ടർ എന്ന വിളി കാതിലേക്ക്‌ തറച്ചത്. ഞെട്ടിയുണർന്ന് മോണിറ്ററിലേക്ക് നോക്കി. പുതിയ O. P.കൾ ഒന്നും എടുത്തിട്ടില്ല. എന്നാലും മുമ്പിൽ നിന്ന ചെറുപ്പക്കാരനോട് ഇരിക്കാൻ പറഞ്ഞു. പയ്യന് ഇരുപതിനോട് അടുത്ത് പ്രായം കാണും. വെളുത്ത നിറം. ഭംഗിയായി വെട്ടി ചീകിയൊതുക്കിയ നീളൻ മുടികൾ. തടിച്ച ചുവന്ന ചുണ്ടുകൾ .നല്ല കറുത്തിടതൂർന്ന പുരികം .കാഴ്ചയെ കൂടുതൽ മിഴിവുറ്റതാക്കുന്ന കൂട്ടുപുരികം. കമ്പി മീശയും ഊശാൻ താടിയും. മെലിഞ്ഞ ശരീരത്തിലും ഉറച്ചപേശികൾ കൊത്തിവച്ച നീല ടീ ഷർട്ട്. ചുണ്ടിൽ നിലാവിൻ്റെ ഒരു പുഞ്ചിരി. അന്തർദാഹമുള്ള കണ്ണീർ നനവ് വറ്റാത്ത കണ്ണുകൾ. അലസമായി ചലിക്കുന്ന വിരലുകൾ. ഞാൻ ചെറിയ ഒരു പുഞ്ചിരിയിൽ ബാറ്റിംഗ് തുടങ്ങി.കഥാനായകനും ഒരു ഹൈവോൾട്ടേജ് പുഞ്ചിരി മടക്കി.ഞങ്ങൾക്കിടയിൽ മൗനം 60 സെക്കൻ്റുകൾ ഉലാത്തി. മൗനത്തിൽ അഭിനയിച്ചു കുഴഞ്ഞ ഞാൻ ഒടുക്കം ആദ്യബാൾ എറിഞ്ഞു.

” മിസ്റ്റർ ജൻ്റിൽമാൻ താങ്കളെ അലട്ടുന്ന രോഗമെന്താണ്.”

ഡോക്ടറായിട്ട് മൂന്നു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു .ആദ്യമായിട്ടാണ് ഒരു രോഗിയോട് ഇങ്ങനെ സായിപ്പിൻ്റെ ശൈലിയിൽ ചോദിക്കുന്നത് .സത്യത്തിൽ അങ്ങോട്ട് ഇങ്ങനെ ചോദിച്ച് തുടങ്ങേണ്ടുന്ന സാഹചര്യവും ആദ്യമായാണ് നേരിടുന്നതും.
എന്തായാലും എൻ്റെ കന്നി ചോദ്യത്തിനെ നിലയ്ക്കാത്ത ഒരു ചിരിയോടെയാണ് ചെറുപ്പക്കാരൻ നേരിട്ടത്.

” ഡോക്ടർ ഞാൻ രോഗിയല്ല, മാത്രമല്ല എൻ്റെ രോഗങ്ങൾ മാറ്റുവാൻ ഡോക്ടർക്ക് കഴിയുകയുമില്ല.”

അവൻ്റെ മുഖത്തെ പരിഹാസവും പരപ്പുച്ഛവും എൻ്റെ മാന്യതയുടെ മുഖം മൂടി ചീന്തിയെറിഞ്ഞു.

“മിസ്റ്റർ, ഞാൻ ചികിൽസിയ്ക്കാനായി ഇരിക്കുന്ന ഒരു ഡോക്ടറാണ്.താങ്കൾക്ക് അത്തരം ഏനക്കേടുകൾ ഇല്ലെങ്കിൽ എന്തിന് വലിഞ്ഞു കയറി വന്നു. ഞാൻ വലിയ തിരക്കിലാണ്. എൻ്റെ സമയം മെനക്കെടുത്താതെ പോകൂ.”

ടീനേജുകഴിഞ്ഞ ആ യുവരക്തം വീണ്ടും സൗമ്യനായി എൻ്റെ മുഖത്തേക്ക് നോക്കി.പിന്നെ ഒരു ചിരിയോടെ പറഞ്ഞു.

” താങ്കൾ മാനവും മര്യാദയുമായി ചികിൽസാ ലോകത്ത് കഴിഞ്ഞിരുന്നെങ്കിൽ എനിക്ക് ഈ വരവ് ഒഴിവാക്കാമായിരുന്നു.”

ഇവൻ ഏതെങ്കിലും സൈക്യാട്രി വാർഡിൽ നിന്നും ഒളിച്ചോടി വന്നവനാണോ എന്ന ആശങ്കയിൽ അവൻ്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി.

” ചെറുപ്പക്കാരനായ സുഹൃത്തേ, ഞാൻ എൻ്റെ കൺസൾറ്റിംഗ് റൂമിൽ യഥാർത്ഥ രോഗിയേയും തിരക്കിയിരിക്കുകയല്ലേ. ആ സ്ഥലത്തേക്ക് താങ്കൾ കടന്നു വരണമെങ്കിൽ ഒരു OP ടിക്കറ്റ് എടുക്കണം. മാത്രമല്ല താങ്കൾ എൻ്റെ ചികിൽസ ആഗ്രഹിക്കുന്ന ഒരു രോഗിയും ആയിരിക്കണം .ഒരു പക്ഷേ താങ്കളുടെ ഒരു ബന്ധുവോ സുഹൃത്തോ എൻ്റെ ചികിൽസയിൽ ഇരിക്കുന്ന സാഹചര്യമുണ്ടെങ്കിൽ അതിൻ്റെ വിവരം തിരക്കാനും താങ്കൾക്ക് വരാം. ഇതിലൊന്നും വരുന്നില്ലെങ്കിൽ താങ്കൾ ദയവായി എൻ്റെ വിലയേറിയ സമയം പാഴാക്കാതെ പോയാലും.”

അയാൾ എന്നെ ഒരു നിസ്സാര ഭാവത്തിൽ കുറേ നേരം നോക്കിയിരുന്നു. ഞാൻ അയാളെ സൂക്ഷ്മമായി നോക്കി.ഒരു പക്ഷേ എൻ്റെ ചികിൽസകൾ കൊണ്ട് എന്തെങ്കിലും കഷ്ടനഷ്ടങ്ങൾ പറ്റിയ ആളാണോ? .ഒരു പക്ഷേ അയാളുടെ വേണ്ടപ്പെട്ടവരോ സുഹൃത്തുക്കളോ എൻ്റെ ചികിൽസകൾ കൊണ്ട് രോഗം ഭേദമാകാതെയോ രോഗം വഷളായോ കഷ്ടങ്ങൾ അനുഭവിക്കുന്നുണ്ടോ? ഏതായാലും ഈ ചെറുപ്പക്കാരനോടു സൗമ്യമായി പെരുമാറേണ്ടിയിരിക്കുന്നു. അയാൾ അസ്വസ്ഥനും മനോനില തെറ്റിയവനുമായിട്ടാണ് കാണപ്പെടുന്നത്. അയാളെ കൂടുതൽ പ്രകോപിപ്പിക്കുന്നത് നിലവിലുള്ള ആശങ്കകളെ രൂക്ഷമാക്കുകയേ ഉള്ളൂ.മനുഷ്യൻ്റെ മനോനിലകളെ സമർത്ഥമായി മനസ്സിലാക്കി വാക്കുകളും ശരീരഭാഷയും ക്രമീകരിക്കുവാൻ രാഷ്ട്രീയക്കാർക്കുള്ള കൂർമ്മബുദ്ധി ഓരോ ഡോക്ടർമാരും സ്വായത്തമാക്കേണ്ടതാണ്. രോഗിയും ഡോക്ടറും, രോഗവും ചികിൽസയുമെന്ന അപകടങ്ങളുടെ ഇരുപുറവും പങ്കുവയ്ക്കുമ്പോൾ ഈ പരസ്പര സ്നേഹം അത്യാവശ്യം.പരസ്പരവിശ്വാസം ചികിൽസയുടെ പ്രാണവായുവും. ആ ചിന്തകളുടെ ശാന്തത ഈ ചെറുപ്പക്കാരൻ്റെ അതിക്രമങ്ങളെ ശാന്തതയിൽ നേരിടാൻ എന്നെ സഹായിച്ചു.

” സുന്ദരനായ ചെറുപ്പക്കാരാ, താങ്കളോ താങ്കളുടെ ബന്ധുക്കളോ എൻ്റെ ചികിൽസകൊണ്ട് എന്തെങ്കിലും പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടോ? “

ആ ചെറുപ്പക്കാരൻ എൻ്റെ മുഖത്തേക്ക് ഏതാനും സെക്കൻ്റുകൾ നോക്കിയിരുന്നു. ആ നോട്ടത്തിൽ ദേഷ്യമോ ഈർഷ്യയോ ഇല്ലായിരുന്നു. പകയോ പ്രതികാരമോ വായിച്ചെടുക്കാനുമാവില്ല. ആ നോട്ടം എൻ്റെ മനസ്സിൻ്റെ എല്ലാ കരുതലുകളും കവർന്നെടുക്കുന്നതായി തോന്നി. ആ നോട്ടം എന്നെ മൊത്തത്തിൽ സ്കാൻ ചെയ്യുന്ന ഒരു ഹോൾ ബോഡി സ്കാനായി തോന്നി. സ്കാൻ റീഡുചെയ്യുന്ന ഒരു സോണോളജിസ്റ്റിൻ്റെ സൂക്ഷ്മത ആ കണ്ണുകളിൽ വായിച്ചെടുക്കാനും പറ്റി. എൻ്റെ ആത്മവിശ്വാസം എന്നെ കെെവിടുന്ന ഒരു ഘട്ടത്തിലാണ് അവൻ മൃദുവായി ചിരിച്ചത്.ആ ചിരിയിൽ എൻ്റെ ഉണങ്ങിക്കീറിയ മനസ്സ് ജീവജലം വലിച്ചു കുടിച്ചെഴുന്നേറ്റു.

” ഡോക്ടർ, ഞാൻ താങ്കളെ ഒരു ഡോക്ടർ എന്നനിലയിൽ കാണാൻ വന്നതല്ല. സത്യത്തിൽ അത്തരം ഒരു ആവശ്യം എനിക്ക് വർഷങ്ങളായി ഇല്ല. താങ്കളുടെ ഒരു കഥയിലെ കഥാപാത്രമാണ് ഞാൻ. നിലമേൽ കോളേജിൽ വച്ച് ഇടനെഞ്ചിൽ കുത്തേറ്റ് മരിച്ച പ്രേംകുമാർ. പരമേശ്വരൻപിള്ളയുടെ മകൻ.ജവാൻ മുക്കിലെ രക്തസാക്ഷിമണ്ഡപത്തിൽ ചില്ലിട്ട ചിത്രമായി 28 വർഷങ്ങളായി ജീവിക്കുന്ന ധീരനായ പോരാളി. “

“ആ കഥ താങ്കളും വായിച്ചോ? “

“താങ്കൾ വികലമായി വരച്ചാലും എൻ്റെ ചിത്രമാകുമ്പോൾ നോക്കാതിരിക്കാനാവില്ലല്ലോ. “

” അത് എൻ്റെ ഒരു കഥമാത്രമല്ലേ. എൻ്റെ മാത്രം സൃഷ്ടി. അതിനെ കൊല്ലുകയോ കൊല്ലാക്കൊല ചെയ്യുകയോ എൻ്റെ ഇഷ്ടം.”

” ഒരിക്കലും താങ്കൾക്ക് അത്തരം ഒരു അധികാരം കഥാപാത്രങ്ങൾക്ക് മുകളിലില്ല.”

“ചെറുപ്പക്കാരാ, താങ്കൾ ഭ്രാന്തു പറയാതിരിക്കൂ. എൻ്റെ കഥയിലെ ജവാൻ മുക്ക് എൻ്റെ വെറും ഭാവന. പരമേശ്വരൻപിള്ളയും അയാളുടെ പച്ചക്കറിക്കടയും എൻ്റെ സങ്കൽപ്പങ്ങൾ. രാജൻ കൈമളും സുജിത്തും എൻ്റെ മാത്രം കഥാപാത്രങ്ങൾ.എൻ്റെ സ്വാതന്ത്ര്യം അവരുടെ ഓരോ ചലനവും. എനിക്ക് വേണ്ടപ്പോൾ ചിരിക്കുകയും മരിക്കുകയും ചെയ്യുന്ന പാവകൾ.”

ചെറുപ്പക്കാരൻ്റെ കണ്ണുകൾ തീ ഗോളങ്ങളായി. ശ്വാസം അയാൾ ആഞ്ഞാഞ്ഞു വലിച്ചു. പ്രതിരോധിക്കാൻ കഴിയാത്ത ഒരു വൻമതിൽ പോലെ അയാൾ എൻ്റെയടുത്തേക്ക് ചീറിയടുത്തു. അയാളുടെ നഖങ്ങൾ ചീറ്റപ്പുലിയുടേത് പോലെ മൂർച്ചയുള്ളതായി. കഠാരപോലെ അവ എൻ്റെ കഴുത്തിലേക്ക് ആഴ്ന്നിറങ്ങാനായി അടുത്തടുത്തു വന്നു. എൻ്റെ തൊണ്ടയിലെ വെള്ളംവ oറ്റി. ഭയം കൊണ്ട് ഞാൻ കിടുകിടെ വിറച്ചു.

” സ്വന്തം കുഞ്ഞിനെ സ്നേഹിക്കാത്ത, ദ്രോഹിക്കുന്ന ,മനസ്സിലാകാത്ത ഒരു എഴുത്തുകാരനും എഴുതാൻ പാടില്ല ഡോക്ടർ. എത്ര പുസ്തകങ്ങളിൽ ഞങ്ങളെപ്പോലെ വീർപ്പുമുട്ടുന്ന കഥാപാത്രങ്ങൾ വേദനിക്കുന്നു. തൻ്റേതല്ലാത്ത കാരണത്താൽ രാമൻ കാട്ടിലുപേക്ഷിച്ച സീതയും വ്യാസഭാരതത്തിലെ ഭീമനെ അന്യവൽക്കരിച്ച രണ്ടാമൂഴവും സ്വയം ഉരുകിയ രവിയെ വിഷം തീണ്ടിക്കൊന്ന ഖസാക്കും എഴുത്തുകാരൻ്റെ ദു:സ്വാതന്ത്ര്യങ്ങൾ. കഥാപാത്രങ്ങൾ പുസ്തകത്തിൻ്റെ പുറംചട്ട ജയിലായി കണക്കാക്കുന്ന മാന്യതയ്ക്ക് കൊടുക്കുന്ന തിരിച്ചടി. കൂടുതൽ വായനക്കാരെ നേടുവാൻ കഥാപാത്രങ്ങളെ കൊല്ലുന്നവനും ബലാൽസംഗം ചെയ്യുന്നവനും എഴുത്തുകാരൻ. “

ഒന്ന് കീഴടങ്ങുന്നതാണ് തടി രക്ഷിക്കുവാൻ നല്ലതെന്ന് എനിക്ക് ബോധ്യപ്പെട്ടു. ഒരു പക്ഷേ കഥ വായിച്ച ഏതെങ്കിലും ഭ്രാന്തനോ, ഹർത്താൽ നടത്തി സ്വന്തം അന്നം തിരയുന്ന എമ്പോക്കികളുടെ ഗുണ്ടയോ ആകാം ഈ ചെറുപ്പക്കാരൻ. ലോകത്തില്ലാത്ത ന്യായങ്ങളും ചിന്തകളും കാൽപ്പനികതയുടെ മുഖം മൂടിയിൽ പൊതുസമൂഹത്തിൽ അടിച്ചേൽപ്പിക്കുന്ന കശ്മലന്മാരാണല്ലോ ഈ പീറ രാഷ്ട്രീയക്കാർ. അവർ ഏത് ഭാഷയിലും രൂപത്തിലും പൊതുബോധത്തെ വിലയ്ക്കുവാങ്ങും.അവർക്കെതിരെ ഉയരുന്ന വിരലുകളെ ഞെരിച്ചുടയ്ക്കാൻ ഏത് ഹീനമാർഗ്ഗവും കൈക്കൊള്ളും .അധികാരത്തിനും പണത്തിനും ചുറ്റും ഉപഗ്രഹങ്ങളായി കറങ്ങുന്ന എക്സികൂട്ടീവും ജുഡീഷ്യറിയും മാധ്യമവും അവർക്ക് കുഴലൂതും. എഴുത്തുകാരന്മാർ എക്കാലത്തും ഈ കശ്മലന്മാരുടെ പാണന്മാർ.ആ സാമൂഹ്യസാഹചര്യം തിരിച്ചറിഞ്ഞ് ഇവനെ നയത്തിൽ ഒഴിവാക്കുന്നതാണ് നല്ലത്. ആ പ്രായോഗിക ബുദ്ധി ഈ സമൂഹത്തിൽ ജീവിക്കുന്ന ഓരോ വ്യക്തിക്കും അത്യാവശ്യം. പരമേശ്വരൻ പിള്ളയ്ക്കും സുജിത്തിനും അവൻ്റെ പപ്പയ്ക്കും ആ ബുദ്ധി ഇല്ലാതെ പോയത് പരാജയകാരണം. ഈ പറയുന്ന പ്രേംകുമാറിനും ആ കൗശലമില്ലാത്തതിനാൽ പടമായി മാറേണ്ടി വന്നു. സമൂഹത്തിൽ കാണുന്നത് മാത്രമേ എഴുത്തുകാരന് എഴുതാൻ പറ്റൂ.എന്നാൽ സ്വന്തം തടി രക്ഷിക്കാനായി ചിലവളച്ചൊടിക്കലുകൾ അയാൾക്ക് നടത്താവുന്നതാണ്. വിവേകത്തിൻ്റെ സുന്ദരമായ ചിരി ഞാൻ മുഖത്തു കൊളുത്തി. ലോകത്തിലെ ഏറ്റവും സുന്ദരമായ ഭാഷയാണല്ലോ ചിരി. ആ ചിരികൊണ്ട് പരിഹരിക്കാനാവാത്ത പ്രതിസന്ധികൾ ഈ ലോകത്ത് വിരളമല്ലേ.

എൻ്റെ ചിരിയുടെ തുമ്പിൽ പ്രേംകുമാർ കയറിപ്പിടിച്ചു. അവനും ചിരിച്ചു .ഒരു മനോഹരമായ ചിരി.

” ഡോക്ടർ കരുതുന്നതു പോലെ എനിക്ക് ഭ്രാന്തില്ല ,ഞാൻ ഒരു രാഷ്ട്രീയക്കാരൻ്റേയും ഗുണ്ടയുമല്ല. ഞാൻ താങ്കളുടെ കഥാപാത്രമായ പരമേശ്വരൻ പിള്ളയുടെ മകൻ. നിറം മങ്ങിയ ഒരു ചിത്രം താങ്കൾ എൻ്റെ വീട്ടിൽ കണ്ടില്ലേ? ആ ചിത്രത്തിലുള്ള യുവാവാണ് ഞാൻ. 28 വർഷങ്ങളുടെ പഴക്കം ആ ചിത്രത്തെ പ്രായമാക്കിയതാണ്. ജവാൻ മുക്കിലെ രക്തസാക്ഷിമണ്ഡപത്തിലും ഇതേ നിറം മങ്ങിയ ചിത്രം താങ്കൾക്ക് കാണാനാകും. 28 വർഷമായി പ്രായമാകാത്ത എനിക്ക് ആ ചിത്രത്തിലെപ്പോലെ പഴക്കത്തിൽ വരാനാകില്ലല്ലോ. ഞാൻ നേരിട്ട് കാര്യത്തിലേക്ക് വരാം. താങ്കളുടെ കഥയ്ക്ക് ഒരു തിരുത്തു കൊടുക്കണം. 28 വർഷങ്ങൾക്ക് മുമ്പ് നിലമേൽ കോളേജിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന വസ്തുത കൂടി ഉൾപ്പെടുത്തി താങ്കൾ കഥ പൂർത്തിയാക്കണം. അപകടത്തിൽ നിന്നും സുജിത്തിനെ രക്ഷപെടുത്തണം. മാത്രമല്ല അവനെ പിൻതുണയ്ക്കുന്ന ഒരു വിഭാഗത്തെ പോലീസിൽ വളർത്തണം. ഗ്രൂപ്പിസത്തിൻ്റെ പേരിൽ ഒരു വിഭാഗം രാഷ്ട്രിയക്കാരും അയാളെ പിന്തുണയ്ക്കട്ടേ. അങ്ങനെ എൻ്റെ മരണവും അച്ഛന് നേരേയുള്ള ആക്രമണവും തമ്മിൽ ബന്ധിപ്പിച്ച് സഖാവ് സുഗണനെ പൂട്ടണം.”

ഈ ചെറുപ്പക്കാരനോട് എന്താണ് പറയേണ്ടുന്നത് എന്ന് ഒരുനിമിഷം ഞാൻ ചിന്തിച്ചു. ഒരു വിഷയത്തിൻ്റെ ന്യായാന്യായങ്ങൾ തിരിച്ചറിയുവാൻ നിലതെറ്റാത്ത ഒരു മനസ്സ് വേണം. അത്തരം മനസ്സ് നഷ്ടമായവരോട് ഒരു സംവാദം അപകടകരം. അതിനാൽ ബുദ്ധിയെ ലോക്കറിൽ വച്ച് അവരോട് സമരസപ്പെട്ടു പെരുമാറുന്നതാണ് നമ്മുടെ തടിക്ക് നല്ലത്.

” ചെറുപ്പക്കാരാ, താങ്കളുടെ കഥ സവിസ്തരം പറയുക.ഞാൻ ശ്രദ്ധയോടെ കേൾക്കാം. എൻ്റെ കഥയെ ഉടച്ചുവാർത്തോ തച്ചുടച്ചോ താങ്കളുടെ സത്യത്തിനോട് നീതിപുലർത്താം.”

പ്രേംകുമാർ പറഞ്ഞത് ഒരു സാധാരണ കഥ. അദ്ദേഹത്തിന് ഏതെങ്കിലും വിദ്യാർത്ഥി പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ലായിരുന്നു. ഒരു സംഘർഷത്തിലും പങ്കെടുത്തിട്ടില്ലാത്ത ടിയാൻ ഇടതുനെഞ്ചിൽ കഠാര കയറുമ്പോഴാണ് ക്യാമ്പസ് രാഷ്ട്രിയത്തിൻ്റെ ചുഴികൾ ഹൃദയത്തിലേക്ക് പാഞ്ഞിറങ്ങിയത്.

“സഖാവേ, ആളുമാറിപ്പോയി. നമുക്ക് കാച്ചേണ്ടവൻ ഇവനല്ല.” എന്ന് വിളിച്ചലറിയവനാണ് ഇപ്പോഴത്തെ MLA സുഗുണൻ . സുഗുണനെ കഴിഞ്ഞയാഴ്ച പഞ്ഞിക്കിട്ട അച്ചായൻ ഗാങ്ങിലെ ഡേവിഡിന് വച്ച ക്വട്ടേഷനാണ് വഴിമാറി പ്രേംകുമാറിനെ തീർത്തത്. അന്നേ കുശാഗ്രബുദ്ധിയായ സുഗുണൻ ഉടൻ തന്നെ പ്രേംകുമാറിനെ പാർട്ടിയിൽ ചേർത്തു. ശവത്തിനെ കൊടിയുടെ മൂട്ടിൽ കിടത്തി. കൊലക്കെതിരെ ഹർത്താലു നടത്തി. പതിനാറ് KSRTC ബസ്സുകൾ കല്ലെറിഞ്ഞു തകർത്തു.നാല് KSEB ജീപ്പുകളും മൂന്ന് സർക്കാർ കാറുകളും കത്തിച്ചു. കോളേജ് ഒരുമാസം സമരം ചെയ്ത് പൂട്ടിച്ചു. കൊലപാതകക്കുറ്റത്തിന് ഡേവിഡ് ഉൾപ്പെടെ നാല് അച്ചായൻ ഗാങ്ങ്കാരെ അകത്താക്കി. സുഗുണൻ മുഖ്യസാക്ഷിയായി.ജവാൻ മുക്കിൽ പ്രേംകുമാറിനെ രക്തസാക്ഷിമണ്ഡപത്തിൽ ഇരുത്തി.ആണ്ടോടാണ്ട് രക്തസാക്ഷിദിനം ആഘോഷിച്ചു.

മണ്ഡപത്തിൻ്റെ മുമ്പിൽ നിന്ന് സുഗുണനും പ്രേംകുമാറിനെ ഒറ്റക്കുത്തിന് തീർത്ത കൂമൻകേശവനും മറ്റു സുഹൃത്തുക്കളും ദിഗന്തം പൊട്ടുമാറ് അലറിവിളിച്ചു.

“രക്തസാക്ഷികൾ മരിക്കുന്നില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ.”

സുഗുണൻ പഞ്ചായത്ത് മെമ്പർ, ജില്ലാപഞ്ചായത്ത് മെമ്പർ മുതലായ ചവിട്ടു പടികൾ ചവിട്ടിക്കയറി ഒടുക്കം MLA ആയി.പാർട്ടിയിൽ ലോക്കൽ ,ഏരിയ, ജില്ല എന്നിങ്ങനെയുള്ള പടികളിലൂടെ സംസ്ഥാന കമ്മറ്റിയിൽ കയറി.ഇനി മന്ത്രി, കേന്ദ്ര കമ്മറ്റി ,പോളിറ്റ് ബ്യൂറോ ,മുഖ്യമന്ത്രി മുതലായ മോഹങ്ങൾക്കായി ഭാര്യ വനജാക്ഷി ആറ്റുകാലമ്മയെ ഭജിച്ചു കഴിയുന്നു.ഇങ്ങനെ സുന്ദരമായ ഒരു നദിപോലെ ഒഴുകിയ സുഗുണൻ്റെ രാഷ്ട്രീയ ജീവിത്തിൽ ഒരു കരിനിഴൽ വീഴ്ത്താൻ കാരണം കൂമൻ കേശവൻ്റെ നിർത്താത്ത ചുമയാണ്. ചുമച്ച് ചുമച്ച്
മണ്ണുകപ്പിയിരുന്ന കൂമനെ ജില്ലാആശുപത്രിയിൽ കൊണ്ടുപോയതും സുഗണനാണ്. MLA നേരിട്ട് എഴുന്നള്ളിച്ച രോഗിയായതിനാൽ കൂമനെ പലപരിശോധകളും ഏറ്റെടുത്തു. ഒടുക്കം ശ്വാസകോശം മുഴുവനും ക്യാൻസർ ഏറ്റെടുത്തെന്നും കൂടിയാൽ മൂന്നുമാസം കൂടിയേ കൂമൻ ഭൂമുഖത്ത് അലങ്കാരമായി കാണുകയുള്ളൂ എന്നും ഡോക്ടർമാർ വിധിപറഞ്ഞു.

വിധിയറിഞ്ഞ കൂമൻ കരഞ്ഞു.തീരാൻ പോകുന്ന ശ്വാസം ആഞ്ഞാഞ്ഞു വലിച്ചു. ഭൂതകാലം മനസ്സിലേക്ക് JCB യെപ്പോലെ ഇടിച്ചു കയറി. ആ പോക്കിൽ പരമേശ്വരൻ പിള്ളയുടെ കടയിൽ കയറി. പ്രേംകുമാറിനെ ആളുമാറി കാച്ചിയത് താനാണെന്നും മാപ്പാക്കണമെന്നും അപേക്ഷയും ഇട്ടു. ക്വട്ടേഷൻ്റെ മൂലയിൽ MLA യാണെന്നും പറഞ്ഞു തുലച്ചു.

പരമേശ്വരൻ പിള്ള എല്ലാം കേട്ടു മിണ്ടാട്ടമില്ലാതെ ഇരുന്നു. കൂമൻ പല കഥകളും പറഞ്ഞു. പറഞ്ഞു പറഞ്ഞു ചുമച്ചു. കണ്ണുകളിൽ വെള്ളം നിറഞ്ഞു.മൂക്കിൽ നിന്നും വെള്ളം ഒഴുകി. ഒടുക്കം വേച്ചു വേച്ചു വീട്ടിലേക്ക് പോയി.പോയ പോക്കിൽ ജവാൻ മുക്കിൽ വീണു.പ്രേംകുമാറിൻ്റെ രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ഛർദ്ദിച്ച ചോരയിൽ മുങ്ങിമരിച്ചു.

പിറ്റേന്ന് പാർട്ടി പ്രാദേശിക ഹർത്താൽ നടത്തി. അനുശോചന യോഗത്തിൽ MLA വിങ്ങിപ്പൊട്ടി. കൂമനെ അഗ്നിക്ക് വിട്ടുകൊടുത്ത് MLA വീട്ടിൽ എത്തിയപ്പോൾ പരമേശ്വരൻപിള്ളയെ വീടിൻ്റെ മുന്നിൽ കണ്ടു.
തൊഴുതു വണങ്ങിയ പിള്ള സങ്കടം ബോധിപ്പിച്ചു.

” കൊന്നവർ തന്നെ വന്ദിക്കുന്ന പ്രേംകുമാറിൻ്റെ മണ്ഡപം സാറായിട്ട് പൊളിക്കണം.”

വാക്കുകളുടെ നാൾവഴികളും കൂമൻ്റെ കുമ്പസാരവും കേട്ടിട്ടും സുഗുണൻ ചിരിച്ചു.

” ശ്വാസകോശം മൊത്തം ക്യാൻസറായി പോയതല്ലേ, പല ഭ്രാന്തും പറയും.പിള്ള ആവശ്യമില്ലാത്തത് കേൾക്കണ്ട ,ആഗ്രഹിക്കുകയും വേണ്ട. ഈ പാർട്ടിയെക്കുറിച്ച് പിള്ളയ്ക്ക് ഒരു ചുക്കും അറിയില്ല. പിള്ള സൂക്ഷിച്ച് നടന്ന് വീട്ടിലോട്ടു പോയ്ക്കോളൂ… “

എൻ്റെ കഥയ്ക്ക് പുറത്ത് എൻ്റെ അനുവാദമില്ലാതെ ഏത് നിമിഷവും പരമേശ്വരൻ പിള്ളയെ സുഗണൻ കൊല്ലാം.

” ഡോക്ടർ എൻ്റെ അച്ഛൻ്റെ ജീവൻ താങ്കളുടെ തൂലിക തുമ്പിലാണ്. താങ്കളുടെ കഥയുടെ ബലഹീനതകൊണ്ട് എൻ്റെ അച്ഛന് എന്ത് സംഭവിച്ചാലും ഞാൻ താങ്കളെ വെറുതേ വിടില്ല. ചില ഊച്ചാളികൾ പറയുന്നതുപോലെയുള്ള വിരട്ടലല്ല ,തീർത്തുകളയും. വെട്ടി വെട്ടി തുണ്ടമാക്കും.”

ഞാൻ ധൈര്യം സംഭരിച്ച് മേശപ്പുറത്തിരുന്ന ബെല്ലിൽ ആഞ്ഞാഞ്ഞു അടിച്ചു. പുറത്ത് നിന്ന സിസ്റ്റർ ഗ്രേസി അകത്തേക്ക് ഓടി വന്നു.

“എന്താണ് സാർ ,എന്ത് പറ്റി. “

” ഒരു ചെറുപ്പക്കാരൻ ഇപ്പോൾ പുറത്തേക്ക് ഇറങ്ങിയില്ലേ? അയാളെ ഒന്ന് വിളിച്ചേക്കുക.”

” ഏത് ചെറുപ്പക്കാരനാണ് സാർ .ഒരു രോഗിയും വന്നില്ല സാർ .സാർ ഉറങ്ങുകയായിരുന്നു .ഇടയ്ക്ക് സാർ കൂർക്കവും വലിക്കുന്നുണ്ടായിരുന്നു.”

” ഒരു കൊലുന്ന പയ്യൻ പൊടിമീശയും ഉണ്ടക്കണ്ണും.”

” ആരും വന്നില്ല സാർ ,ഞാൻ ഇവിടെ തന്നെയുണ്ടായിരുന്നു .ഉറക്കത്തിൽ വല്ല സ്വപ്നവും… “

സ്വപ്നമല്ല എന്ന് എനിക്കല്ലേ അറിയാവൂ, എന്നാലും ഞാൻ അത് പറഞ്ഞ് സ്വയം ചെറുതായില്ല. “ഹർത്താലിൻ്റെ പിറ്റേന്ന് ” എങ്ങനെ തിരുത്തി ഈ മാരണം ഒഴിവാക്കണമെന്ന ചിന്തയിൽ ഞാൻ സ്വയം കത്തി ,വെന്തുരുകി.

littnow.com

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.

littnowmagazine@gmail.com

Continue Reading

Trending