കഥ
2121 ബിട്ടുവിശേഷം
ഹരീഷ് പള്ളാരം
കൊറോണ വന്നതു മുതലാണ് ആളുകൾ വീടുകളിൽ ഒതുങ്ങാൻ തുടങ്ങിയത്. എന്റേത് പോലുള്ള ഒരു മൂന്നാം ലോകരാജ്യത്തിന്. സൈബർ സ്പേസെന്ന അതിവിശാലമായ വെർച്ച്വൽ ലോകത്തെ ഒന്ന് പരിചയപ്പെടാൻ പറ്റിയതും.സ്മാർട്ട് ഫോണുകൾ ഇത്രയധികം വില്പനനടത്തപ്പെട്ട കാലഘട്ടമില്ലെന്ന് പറയാം. എല്ലാറ്റിനും ആപ്പുകൾ. പച്ചക്കറി വില്പന മുതൽ ആർട്ട് വർക്കുകൾ വരെ അങ്ങനെ നീണ്ടു പോകുന്നു. വെർച്ച്വൽ സ്പേസുകളിൽ നാം ലോകത്തോട് സംസാരിച്ചു.ബന്ധുക്കളോടും മിത്രങ്ങളോടും, കലാപ്രകടനങ്ങളും, പൊതുപരിപാടികളുമെല്ലാം വെർച്ച്വൽ സ്പേസുകളിലായി.അങ്ങനെ നമ്മൾ ഓൺലൈൻ ബിസിനസിലേക്കും, ഡിജിറ്റൽ മാർക്കറ്റിംഗിലേക്കും മാറി. തൊഴിലിൻ്റെ സ്വഭാവങ്ങൾ മാറി വന്നു. ഓഫീസ് ജോലികളെല്ലാം ഓൺലൈനായി ഇതിനിടയിൽ പലരും മരിച്ചു വീണിരുന്നു. അവസാനം അത് സംഭവിച്ചു. കൊറോണയ്ക്ക് വാക്സിൻ കണ്ടുപിടിച്ചു. 2022ലായിരുന്നു അത്, ലോകം ഒരു മൂന്നാം ലോകമഹായുദ്ധത്തിന് കോപ്പുകൂട്ടുകയായിരുന്നു. കാരണം കൊറോണ ഒരു ജൈവായുധമാണെന്ന കണ്ടെത്തലായിരുന്നു. ചൈനയും അമേരിക്കയും ഇരുദിശകളിലായി നിരന്നു.ഐക്യരാഷ്ട്രസംഘടനകൾ അങ്ങുമിങ്ങും സമാധാധശ്രമങ്ങൾക്ക് കോപ്പ് കൂട്ടി. അവസാനം കൊറോണ കൊന്ന് വീഴ്ത്തുന്നതിനേക്കാൾ വേഗത്തിൽ യുദ്ധങ്ങൾ മനുഷ്യരെ കൊന്നുവീഴ്ത്തുമെന്ന ധാരണയിൽ അത് ഒഴിവാക്കപ്പെട്ടു. ശരിയാണ് കൊറോണയുടെ കാലത്ത് നിരവധി പട്ടിണി മരണങ്ങളുണ്ടായിട്ടുണ്ട്. കടബാധ്യത മൂലം മരണമടഞ്ഞവരുണ്ട്, സിം നെറ്റ് വർക്കിംഗ് കമ്പനികൾ തഴച്ച് വളരുന്ന കാഴ്ചയുമുണ്ട്. ശവങ്ങളെല്ലാം സംസ്കരിക്കാനാകാതെ നദിയിലേക്കും, കടലിലേക്കും വലിച്ചെറിയേണ്ടി വന്നിട്ടുണ്ട്. ഇതിനെല്ലാം ശേഷം നാം ഉയിർത്തെഴുന്നേറ്റു. അകലങ്ങളിൽ നാം ഒരുമിച്ചു. അതിൻ്റെ ഫലമായി എല്ലാ ഇടപാടുകളും വിദൂരതയിൽ മാത്രമായി. നേരിട്ടുള്ള സന്ദർശനങ്ങൾ, പൊതുപരിപാടികളിൽ വേണ്ടപ്പെട്ടവർ മാത്രം, മാസ്കിട്ട പ്രണയിതാക്കളുടെ ചുംബനങ്ങൾ. ഒരു കാലുഷ്യത്തിനൊടുവിൽ ഒരു ദുരന്തത്തിനൊടുവിൽ നാമത് നേടി, അതിജീവനം. വസൂരിയുടെയും,നിപ്പയുടെയും,ഫ്ലൂവിന്റേയും അനുഭവമുള്ള നാം അതിനെ അതിജീവിച്ചു എന്ന് നമ്മൾ വിശ്വസിക്കുന്നു. വർഷത്തിലൊരു ദിവസം വിജയദിനമായി ആഘോഷിക്കുന്നു.
പ്രഭാസ് കുര്യൻ 01/06/2023
നൂറുവർഷം മുമ്പുള്ള നാടിനെക്കുറിച്ചറിയാൻ മരിച്ചുപോയിട്ടും ശേഷിക്കുന്ന ബ്ലോഗ് കുറിപ്പുകൾ പരിശോധിക്കുകയായിരുന്നു ബിട്ടു. അവരുണ്ടാക്കിയ അക്കൗണ്ടുകൾ ഒരിക്കലും മരിക്കില്ല എന്നതായിരുന്നു. അതിന് കാരണം. തൻ്റെ മുത്തച്ഛൻ ഒരു ബ്ലോഗറായിരുന്നെന്ന അച്ഛന്റെ അറിയിപ്പിനെ തുടർന്ന് അച്ഛൻ്റെ അനുവാദത്തോട് കൂടിത്തന്നെയാണ് 2121ന്റെ ഒരു മാർച്ച് മാസത്തിൽ അവൻ സെർച്ച് ചെയ്ത് വായിച്ചത് സോഷ്യൽ മീഡിയയിലെ വായനക്കാർക്ക് വേണ്ടി വീണ്ടും പങ്കുവെച്ചു. കൊറോണയുടെ മേൽ മനുഷ്യൻ നേടിയ വിജയത്തിൻ്റെ നൂറാം വാർഷികം ലോകമെമ്പാടും ആഹ്ലാദതിമിർപ്പോടെ ഏറ്റെടുത്തു. “എൻ്റെ മുത്തച്ഛൻ്റെ ” എന്ന തലക്കെട്ടോടെ ബിട്ടുവും ഒരു പോസ്റ്റിട്ടു.ഇന്നും ശേഷിക്കുന്ന കൊറോണ രോഗത്തിൻ്റെ അങ്കലാപ്പുകൾക്കിടയിലും ആളുകൾ ആഘൊഷങ്ങൾ നടത്തുന്നുണ്ട്. പരസ്പരം സംസാരിക്കുന്നുണ്ട്. ആശുപത്രിയിലെ ഡോക്ടർമാരുമായി സംസാരിക്കുന്നുണ്ട് വിദേശത്ത് പോകാതെ തന്നെ വിദേശകമ്പനികളിൽ ജോലി ചെയ്യുന്നുണ്ട്. എല്ലാം വെർച്ച്വലായെന്ന് മാത്രം.
ഫ്ലാറ്റിൻ്റെ മൂന്നാം നിലയിലിരുന്ന് താഴേക്ക് നോക്കവെ വെർച്ച്വൽ പ്ലാറ്റ്ഫോമുകൾ നിരോധിക്കണമെന്ന ആവശ്യത്തോടെ നിരവധി റോബോട്ടുകൾ അണിനിരന്ന ജാഥകടന്ന് പോയി. ബിച്ചു അതിൻ്റെ ഫോട്ടൊ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. അടുത്ത ഇലക്ഷന് മുൻപുള്ള ഒരു കാട്ടിക്കൂട്ടൽ മാത്രമാണതെന്ന് അവനറിയാം. ആളുകൾ പുറത്തിറങ്ങാതെ തന്നെ കാര്യങ്ങളെ നിയന്ത്രിക്കാൻ പഠിച്ചിരിക്കുന്നു. അവർക്ക് ബദലായി റോബോട്ടുകളെ യാണ് പൊതുസ്ഥലങ്ങളിലിറക്കുന്നത്. കൊറോണയ്ക്ക് ശേഷം ജൈവികമായ എല്ലാ പ്രവർത്തികളെയും മനുഷ്യൻ ഭയന്നപോലെ. ഒരാൾ ഒരു കൈ അകലത്തിലിരുന്ന് മാത്രമെ മറ്റൊരാളോട് സംസാരിക്കാറുള്ളൂ…. എല്ലാവരും പരസ്പരം ഭയത്തോടെ ചികഞ്ഞു നോക്കുന്നു ആ വൈറസ് തനിക്കെതിരെയുള്ളവന് കാണുമൊ.? പണമുള്ളവർ അവരുടെ കഴിവിനനുസരിച്ചുള്ള അപരന്മാരായ റോബോട്ടുകളെ വിലയ്ക്ക് വാങ്ങി നിരത്തിലിറക്കുന്നു. ഇപ്പോൽ നഗരം നിറച്ചും റോബോട്ടുകളാണ്. ഇനിയും ഏത് നിമിഷവും കൂടുതൽ ശക്തമായി കൊറോണ തിരിച്ചുവരാമെന്ന ജാഗ്രത മനുഷ്യരിപ്പഴും കാത്ത് സൂക്ഷിക്കുന്നു.
“എനിക്കും ഒരു റോബോട്ട് വേണം.”
ബസ് കണ്ടക്ടറായ ജോസഫിനോട് ബിട്ടു പറഞ്ഞു.
മുത്തച്ഛൻ മരിക്കാൻ നേരം വാങ്ങിയ റോബോട്ടാണ് അപ്ഡേറ്റ് ചെയ്ത് അയാൾ ഉപയോഗിക്കുന്നത്. അതിൻ്റെ ബാറ്ററിയുടെ പവ്വർ കുറഞ്ഞ് കുറഞ്ഞ് വരികയാണ്. ജോസിന് പകരം റോബോട്ടാണ് ബസ്സിൽ പോകുന്നത്. ജോസ് സ്ക്രീൻ റീഡറിൽ റോബോട്ടെത്തും വരെ നോക്കിക്കൊണ്ടിരിക്കും. ബിച്ചു ഓൺലൈനായി ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പൂർത്തിയാക്കിയതെയുള്ളൂ…. അവൻ്റെ ഗേൾഫ്രണ്ടിനോടുള്ള വീഡിയൊ സംസാരങ്ങളാണ് സമയത്തെ ആനന്ദപ്രദമാക്കാനുള്ള വിനോദങ്ങൾ.
“നിനക്കെന്തിനാ റോബോട്ട്.”
“എനിക്ക് റസ്റ്റോറന്റിൽ ജോലി കിട്ടി.അവിടേക്ക് വിടാനാണ്.”
“ആ ലോൺ കിട്ടുമോന്ന് നോക്കട്ടെ.”
അഞ്ച് ലക്ഷം രൂപ കൊടുത്താൽ ഒരു സെക്കന്റ് റോബോട്ട് വാങ്ങാം. അങ്ങനെയെങ്കിൽ റസ്റ്റോറന്റിൽ നിന്നും കിട്ടുന്ന തുകയിൽ നിന്നും കുറേശെയായി ലോണടച്ച് തീർക്കാനും പറ്റുമെന്ന ബോധ്യത്തോടെയാണ് ജോസഫ് സമ്മതിച്ചത്. അവിടെ ആ ഫ്ലാറ്റിലുള്ള എല്ലാവർക്കും സ്വന്തമായി റോബോട്ടുകളുണ്ട്. അവരെല്ലാവരും പുറത്തിറങ്ങാതെ വീടുകളിൽ തന്നെയാണ് കഴിയുന്നത്. ഇതിനിടെ രാജ്യത്തെ പൗരന്മാരുടെ മൗലികമായ ചുമതലകളിൽ ഭരണകൂടം കൂട്ടിച്ചേർക്കൽ നടത്തിയിരിക്കുന്നു. മറ്റുള്ളവർക്ക് രോഗം പരത്താതെ വീടുകളിൽ കഴിയുന്നതും മൗലികമായ ചുമതലയാണെത്രെ.!
ബിട്ടുവിനത് ഭയങ്കര സന്തോഷമുണ്ടാക്കി. അങ്ങനെ കുറച്ചുനേരം ഓൺലൈൻ റോബോട്ട് പർച്ചേസിംഗ് വേണ്ടി പല സൈറ്റുകളിലും കയറിയിറങ്ങി.അതിനിടയിൽ രണ്ടാമത്തെ റോബോട്ടിക് ജാഥ റോഡിലൂടെ കടന്നുപോകുന്നത് കണ്ടു. അത് കറൻസി നിരോധനത്തിനെതിരെയായിരുന്നു.അതെ ഇനിമുതൽ നോട്ടുകളൊ,നാണയങ്ങളൊ ക്രയവിക്രയത്തിന് ഉപയോഗപ്രദമല്ല എന്ന മെസ്സേജ് ബിട്ടു കണ്ടിരുന്നെങ്കിലും അവനതത്ര കാര്യമാക്കിയില്ല. മിഡിൽ ക്ലാസ് ഫാമിലിയിലുള്ള തനിക്ക് അതത്ര ബാധിക്കില്ല എന്നതായിരുന്നു കാരണം. അവർ നെറ്റ് ബാങ്കിംഗ് വഴിയാണ് എല്ലാ സാധനങ്ങളും വാങ്ങുന്നത് എങ്കിലും ഇത്തരം അക്കൗണ്ടുകളൊന്നുമില്ലാത്ത അത്രയൊന്നും പുരോഗമനം വന്നിട്ടില്ലാത്ത ആളുകൾ എന്ത് ചെയ്യും.? അവൻ ആലോചിക്കാറുണ്ട് പക്ഷെ ബസുകളിലെ ല്ലാം മാറ്റം വന്നിരിക്കുന്നു. യാത്രക്കാർ കയറുമ്പോൾ തന്നെ ഒരു കാർഡ് ഡെബിറ്റ് കാർഡ് സ്ക്രാച്ചിംഗ് മിഷനിൽ സ്ക്രാപ്പ് ചെയ്യണം. റോബോട്ടുകളാണെങ്കിൽ പ്രത്യേകം ഘടിപ്പിച്ച ചിപ്പ് അവൻ്റെ ഉള്ളിലുണ്ട്. റോബോട്ടുകൾ കയറുമ്പോൾ തന്നെ ഓട്ടൊമാറ്റിക്കായി അക്കൗണ്ടിൽ നിന്നും പണം ഈടാക്കിയതിന്റെ മെസ്സേജ് ഉടമസ്ഥന് ലഭിക്കുന്നു. അവൻ ജനലഴിയിലൂടെ റോബോട്ടുകളെ സൂക്ഷിച്ചു നോക്കി എല്ലാം ഇടതുപക്ഷ സ്വഭാവമുള്ള റോബൊട്ടുകളാണ്. എങ്കിലും അവർക്കെവിടന്നാണ് ഇത്രയും റോബോട്ടുകൾ ബിട്ടുവിന് അത്ഭുതമായി. രണ്ട് കുടുംബങ്ങൾക്ക് വച്ച് ഒരു റോബോട്ട് എന്ന രീതിയിലാണ് സാധാരണക്കാർ വാങ്ങുന്നത്. അതുകൊണ്ട് തന്നെ റോബോട്ടുകൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ അവരുടെ ഇടയിൽ സജീവമായിരുന്നു. പണക്കാർക്കിടയിലും ഇടതുപക്ഷ മനോഭാവമുള്ള ചിലരുണ്ടായിരുന്നു.സ്ഥാനമാനങ്ങൾ മോഹിച്ചാണെന്ന് പറഞ്ഞാൽ പോലും അവരുടെ സഹായത്തോടെയാണ് സംഘടന ഇന്നും നിലനിൽക്കുന്നതെന്ന് പറയാം. നിങ്ങൾക്കറിയാവുന്നത് പോലെതന്നെ പണം തന്നെയായിരുന്നു ഇപ്പോഴും ലോകം ഭരിക്കുന്നത്.
ഇലക്ഷൻ കാലത്ത് മനുഷ്യർക്ക് പകരം റോബോട്ടുകൾ ക്കാണ് വോട്ടിംഗ് അവകാശം കൊടുക്കേണ്ടതെന്നും അവരാണ് രാജ്യത്തിനുവേണ്ടി പണിയെടുക്കുന്നതെന്ന അഭിപ്രായവും മീഡിയയിൽ പ്രചരിച്ചിരുന്നു. അടിസ്ഥാന വർഗ്ഗത്തിന്റെ വോട്ടുകൾ കുറയ്ക്കാനാണ് ഇത്തരം തീരുമാനങ്ങളെന്ന തിരിച്ചറിൽ നിന്നും ധാരാളം പഴയ ചെറിയ കംപ്ലേന്റുകളുള്ള റോബോട്ടുകൾ വാങ്ങിക്കൂട്ടാൻ സംഘടനകൾ തീരുമാനിച്ചിരുന്നു. വോട്ടു ചെയ്യാനുള്ള ലിങ്കുകൾ ഡിലീറ്റ് ചെയ്ത് പഴയ മാതൃകയിൽ മനുഷ്യർക്ക് പകരം റോബോട്ടുകളെ പോളിംഗ് സ്റ്റേഷനിലെത്തിക്കാനും ചില സംഘടനകൾ രംഗത്തിറങ്ങി.എല്ലാം വിഫലശ്രമങ്ങളായിരുന്നു. ഇലക്ഷൻ സമയത്ത് കൃത്യമായി വോട്ടിംഗ് ലിങ്കുകൾ രാജ്യത്തെ ഓരൊ കുടുംബങ്ങളിലും എത്തിയിരുന്നു. നിഷ്പക്ഷത എന്നൊരാശയം ഇല്ലാതായിരിക്കുന്നു. തൊട്ട് ലിങ്ക് ഓപ്പൺ ചെയ്യാത്ത കുടുംബങ്ങളെ ഒറ്റെപ്പെടുത്താനുള്ള ശ്രമങ്ങളും നടന്ന് വരുന്നുണ്ട്. ഇന്റർനെറ്റ് സൗകര്യങ്ങൾ വിപുലപ്പെടുത്തി വൈദ്യുതി വിതരണം ചെയ്യുംപോലെ സുതാര്യമാക്കിയിരുന്നു.നെറ്റില്ലാത്ത ഊരുകൾ എന്ന വിശേഷണത്തോടെ അധികാരം ശ്രദ്ധ പിടിച്ചുപറ്റാനെന്നോണം വാർത്തകൾ ഉണ്ടാക്കുന്നു.
തന്റെ മുത്തച്ഛന് പ്രതികരണമെന്നോണം ബിട്ടുവും ബ്ലോഗിൽ കുറിച്ചു. മുത്തച്ഛാ കൊറോണ മൂലം നിങ്ങൾ ഈ ലോകത്ത് നിന്നും പോയി. ഇന്ന് കൊറോണയെ തോൽപ്പിച്ചതിന്റെ വാർഷികമാണെന്ന് നാം വിശ്വസിക്കുന്നു. നമ്മുടെ രാജ്യം വികസിച്ചെങ്കിലും പഴയപടി തന്നെയാണ് കാര്യങ്ങൾ. സ്വയം സാനിറ്റൈസ് ചെയ്യാൻ സാധിക്കുന്ന റോബോട്ടുകളെ നമ്മൾ സൃഷ്ടിച്ചു.നമുക്ക് പകരം അവരെക്കൊണ്ട് ജോലി ചെയ്യിക്കുന്നു. മനുഷ്യന്റെ മാനസികവും ശാരീരികവുമായ ആരോഗ്യം കുറഞ്ഞു കുറഞ്ഞു വരുന്നു.
Design: Sajjaya Kumar
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@gmail.com
You must be logged in to post a comment Login