കവിത
കടലാസ് പൂക്കൾ
ജയശ്രീ രാജേഷ്
ഉയരങ്ങളിലേക്ക്
തലയുയർത്തി
നിൽക്കുമ്പോഴും
അതിരുകളിൽ
മാത്രം ഒതുങ്ങിയിരുന്നു
അവളുടെ സ്ഥാനം
അഴകിന്റെ നിറങ്ങൾ
കൊണ്ട് ഗന്ധമില്ലാത്ത
ചമയങ്ങൾ
തീർക്കുമ്പോഴും
അറിയാതെ പോലും
ഒരു മനസ്സിലും
ഇടം കിട്ടാത്തവൾ
കൂർത്തമുള്ളുകൾ തീർത്ത
പരുക്കൻ മുഖംമൂടിക്കുള്ളിൽ
ചൂടിലും വാടാതെ
വഴിതെറ്റി വരുന്ന
കാറ്റിനോട്
മൗനത്തിൽ ശ്രീരാഗം
തീർത്തവൾ
ഇടിഞ്ഞു പൊളിഞ്ഞു
ആളൊഴിഞ്ഞ
തറവാട്ടിൽ
കരിയില മൂടിയ
മുറ്റത്തിനപ്പുറം
തെക്കേതൊടിയിലെ
ആത്മാവുകളുടെ
ഏകാന്തതക്ക് കൂട്ടായി …
ബന്ധങ്ങൾ
അതിരുകൾ തീർക്കുന്ന
കരിങ്കൽ കൂട്ടങ്ങളിൽ
മനസ്സ് കാക്കുന്ന
കടലാസ് പൂക്കളായി
അവളുടെ ജന്മം..
മണമില്ലാത്ത
സ്നേഹത്തിൻ്റെ
വാടാത്ത, കൊഴിയാത്ത
അടയാളപ്പെടുത്തലായി….
littnow.com
littnowmagazine@gmail.com
Continue Reading
You must be logged in to post a comment Login