കവിത
രണ്ട്
ഹൈപ്പ് കവിതകൾ
ആര്യ ബി.എസ്.
ദളമർമ്മരങ്ങൾ
ഇനിയുമൊരിടവേള തന്നാൽ ഞാൻ
നിനക്കായൊരുവേള മാറ്റി വെയ്ക്കാം
തകർന്നോരാ ഹൃത്തിൻ തന്ത്രികളിൽ
തളിരിട്ട കൊമ്പിന്റെ പച്ച നൽകാം
നിലാപരപ്പിൽ നിന്നൊരുകുടം ലാവണ്യം
നിന്റെ നീരാട്ടിനായ് മാറ്റിവെയ്ക്കാം
ഒടുവിലീ മരത്തിന്റെ ഉച്ചിയിലായ്
അടരാത്ത ഈരിലകളായ് ചേർന്നിരിക്കാം
പടരാതെ പോയൊരാ സ്നേഹവല്ലികളിൽ
നിത്യവസന്തമായ് പൂത്ത് നിൽക്കാം
കാലം നിനക്കായൊരുക്കിയ മലർ
മെത്തയിൽ
കാവലാളായിട്ടെങ്കിലും ഞാനും
ഈ കാലം ബാക്കി വെച്ച ഞാനും…
എഴുത്ത്കുത്തുകൾ
ഒറ്റവരി കവിതയിൽ പറ്റിക്കൂടാത്ത
അക്ഷരമെന്നെ വീണ്ടും അടുത്ത
വരിയിലെത്തിച്ചു
അക്ഷരകുസൃതിയെ ഒഴിവാക്കി കവിത
തിരുത്തിയാലോ?
പൂർണവിരാമമിട്ട് കവിത അവസാനിപ്പിക്കുന്നതും നന്നല്ലേ
അങ്ങനെ കവിത തിരുത്തി
പക്ഷേ, ആശയം പാടേ ചത്തുനാറി
അക്ഷരകുസൃതി ചില്ലറക്കാരനല്ല
മാറ്റേണ്ട!ഇനിയിവൻ മതി
ആശ്ചര്യഭാവത്തിൽ കവിത അവസാനിച്ചു
അതാ വീണ്ടും കുഴപ്പം
ഒറ്റവരി കവിതയിതാ ഇരട്ടതാൾ നിറഞ്ഞ്!!!
ആര്യ ബി.എസ്.
തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം സ്വദേശം.കേരള സർവകലാശാലയിൽ എം എ ഒന്നാം വർഷ കേരളപഠനവിഭാഗം വിദ്യാർത്ഥിനിയാണ്. ഹൈപ്പ് കവിതകളോടാണ് പ്രിയം.
littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@gmail.com
You must be logged in to post a comment Login