സാഹിത്യം
കാലഹരണപ്പെടാത്ത തുരുത്തുകള്‍
കാണികളിലൊരാള്‍-14
എം.ആർ.രേണുകുമാർ
ബംഗ്ലാദേശ് സിനിമകളെ ബോളിവുഡ് സിനിമയുടെ സ്വാധീനങ്ങളില്‍നിന്ന് വേര്‍പെടുത്തി ആഗോളതലത്തില്‍ അടയാളപ്പെടുത്തിയ സംവിധായകരില്‍ ഒരാളാണ് മൊസ്തഫ സര്‍വര്‍ ഫറൂഖി. ഇദ്ദേഹം ബംഗ്ലാദേശ് നവതരംഗ സിനിമാ പ്രസ്ഥാനത്തിന്റെ വക്താക്കളില്‍ ഒരാളും തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ്. ആഗോളതലത്തില്‍ ഏറെശ്രദ്ധ പിടിച്ചുപറ്റിയ ഇദ്ദേഹത്തിന്റെ നിരവധി സിനിമകള്‍ ഒന്നാണ് ടെലിവിഷന്‍. ഇതിന് 2013 ലെ മികച്ച വിദേശ ചിത്രത്തിനുള്ള ഒസ്കാര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു.
ആധുനിക ലോകത്തിന് ഒഴിച്ചുകൂടാനാവാത്ത ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ മാധ്യമങ്ങള്‍ അച്ചടക്കത്തോടുകൂടിയ മതബദ്ധമായ ജീവിതത്തെയും മാമൂലുകളെയും വ്യവസ്ഥിതിയെയും തകര്‍ക്കുമെന്ന് വിചാരിച്ച് അതിനെതിരെ നിരന്തരം ഇടപെടുന്ന അമീന്‍ എന്ന മുസ്ലിം പ്രമാണിയുടെ ചുറ്റുവട്ടത്തിലാണ് ഈ സിനിമ രൂപംകൊള്ളുന്നത്. അമീന്‍ വാര്‍ത്താപത്രത്തിലെ പരസ്യങ്ങളിലും സ്ത്രീകളുടെ ചിത്രങ്ങളിലും വെള്ളപ്പേപ്പര്‍ ഒട്ടിച്ചശേഷം അതുവായിക്കുകയും, തിരശീലക്കു പുറകിലിരുന്നു ചാനലിന് ഇന്‍റര്‍വ്യു കൊടുക്കുകയും ചെയ്യുന്ന ആളാണ്. വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ ഒരു ബംഗ്ലാ ഗ്രാമത്തിലാണ് മതവും സാങ്കേതികവിദ്യയും തമ്മിലുള്ള ഉരസലുകള്‍ക്ക് തിടം വെക്കുന്നത്. ഗ്രാമത്തിലെ ഒരു ഹിന്ദു അദ്ധ്യാപകന്‍ തന്‍റെ വീട്ടില്‍ ഒരു ടെലിവിഷന്‍ വാങ്ങുന്നതോടെ ഗ്രാമത്തില്‍ പ്രശ്നങ്ങള്‍ കലുഷിതമാകുന്നു.
മുതിര്‍ന്നവരുടെ തലമുറ സാങ്കേതിക വിദ്യയെ നഖശിഖാന്തം എതിര്‍ക്കുമ്പോള്‍ പ്രമാണിയുടെ മകനായ സുലൈമാന്‍റെ നേതൃത്വത്തില്‍ ചെറുപ്പക്കാര്‍ അതിനെതിരെ ഒത്തുചേരുന്നത് പ്രശ്നത്തെ രൂക്ഷമാക്കുന്നു. ഇതിനിടയിലേക്ക് സുലൈമാനും കൊഹിനൂര്‍ എന്ന പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയവും, കൊഹിനൂരിനെ ഏകപക്ഷീയമായി പ്രണയിക്കുന്ന സുലൈമാന്‍റെ ജോലിക്കാരനായ മജ്നുവിന്‍റെ ഇടപെടലുകളും സജീവമാകുന്നു. ഇതോടുകൂടി ടെലിവിഷന്‍ രസകരമായൊരു ദൃശാനുഭവമായി മാറുന്നു.
സിനിമയുടെ ഒടുക്കം ഹജ്ജിനുപോകാന്‍ അമീന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിനു കഴിയാതെ യാത്രാമധ്യേ ഹോട്ടല്‍മുറിയില്‍ ടെലിവിഷനിലൂടെ മെക്കയില്‍ നടക്കുന്ന ആരാധന കണ്ട് തൃപ്തിയടയാന്‍ മാത്രമാണ് അയാള്‍ക്ക് കഴിയുന്നത്. മുസ്ലിങ്ങളെ വികസനവിരോധികളും ആധുനികതയോട് കലഹിക്കുന്നവരും അപരിഷ്കൃതരുമായി ചിത്രീകരിക്കുന്നു എന്നൊരു വിമര്‍ശം ഉന്നയിക്കാമെങ്കിലും, ആക്ഷേപഹാസ്യത്തിന്‍റെ മുനകളും പ്രണയത്തിന്‍റെ തരളഭാവങ്ങളും മനുഷ്യജീവിതത്തിന്‍റെ സാധാരണവും ആകസ്മികവുമായ കയറ്റിറക്കങ്ങളോട് രസകരമായി സന്നിവേശിപ്പിച്ച സിനിമയാണിത്. കോഹിനൂര്‍, മജ്നു, സുലൈമാന്‍ എന്നീ കഥാപാത്രങ്ങളെ യഥാക്രമം അവതരിപ്പിക്കുന്ന നുസ്റത്ത് ഇമ്റോസ് റ്റിഷ, മൊഷ്റഫ് കരീം, ചഞ്ചല്‍ ചൗധരി എന്നിവരുടെ ഗംഭീര അഭിനയം ഈ സിനിമയുടെ വലിയൊരു പ്ലസ് പോയിന്റാണ്.
‘ടെലിവിഷന്’ ടര്‍ക്കീഷ് സിനിമയായ Vizotele(2001) മായുള്ള പ്രകടമായ സാദൃശ്യത്തെ സിനിമയിറങ്ങിയ കാലത്തുതന്നെ പലരും ചൂണ്ടിക്കാണിച്ചിരുന്നു. ഇതേറെക്കുറെ ശരിയുമാണ്. പക്ഷേ തികച്ചും വ്യത്യസ്തമായ മറ്റൊരു മുസ്ലീം സമൂഹത്തിലേക്ക് അടിസ്ഥാന പ്രമേയത്തെ പറിച്ചുനട്ട്, പ്രണയത്തേയും തലമുറകള്‍ തമ്മിലുള്ള വൈരുദ്ധ്യത്തേയും അതിനോട് കലര്‍ത്തി ടെലിഷനെ നല്ലൊരു കാഴ്ചാനുഭവമാക്കാന്‍ ഫറൂഖിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സിനിമയ്ക്കെതിരെ എന്തെങ്കിലുമൊരു പ്രശ്നം ബംഗ്ലാദേശില്‍ ഉണ്ടായതായി അറിയില്ല. ഒരുപക്ഷേ ബംഗ്ലാദേശ് ഒരു മുസ്ലീം ഭൂരിപക്ഷ രാജ്യമായതുകൊണ്ടാവാം അതുണ്ടാകാതിരുന്നത്.
littnow.com
littnowmagazine@gmail.com
You must be logged in to post a comment Login