Connect with us

സാഹിത്യം

സാഹിത്യാസ്തിത്വമുള്ള വാമൊഴികൾ

Published

on

ഡി.പ്രദീപ് കുമാർ

“എം.രാജീവ് കുമാറിന്റെ നാടകങ്ങൾ”
-എം.രാജീവ് കുമാർ
വില 700 രൂപ
പരിധി പബ്ലിക്കേഷൻസ്
തിരുവനന്തപുരം-695013

മദിരാശി റേഡിയോ നിലയത്തിൽ നിന്ന് 1940കളിൽ മലയാളത്തിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച കാലത്ത് തന്നെ ശബ്ദ നാടകങ്ങൾ കേട്ടു തുടങ്ങിയതാണ്. സംഗീത, കാവ്യ നാടകങ്ങളിലായിരുന്നു ,തുടക്കം. പിന്നെ ജീവിത ഗന്ധിയായ നാടകങ്ങളിലൂടെ, മലയാള പ്രക്ഷേപണത്തിന്റെ അവിഭാജ്യ ഘടകമായിമാറി,അത്.

കെ.പത്മനാഭൻ നായർ , നാഗവള്ളി ആർ.എസ്. കുറുപ്പ്, സി.ജെ തോമസ്, കെ.ജി. സേതുനാഥ്, ടി.എൻ ഗോപിനാഥൻ നായർ, വീരരാഘവൻ നായർ , സതീഷ് ചന്ദ്രൻ , സി.പി.രാജേശേഖരൻ, ഖാൻ കാവിൽ മുതൽ കെ.വി. ശരത്ചന്ദ്രൻ വരെയുള്ള പ്രതിഭാധനരുടെ വലിയ ഒരു നിര,തങ്ങളുടെ രചനകളിലൂടെ റേഡിയോ നാടകങ്ങളെ ജനപ്രിയ പ്രക്ഷേപണരൂപമാക്കി.

പുരസ്ക്കാരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും,അവരിൽ എം.രാജീവ് കുമാറിന് അദ്വിതീയമായ സ്ഥാനമാണുള്ളത്. എഴുതിയ നാടകങ്ങളുടെ എണ്ണത്തിൽ മാത്രല്ല, വൈവിധ്യത്തിലും മൗലികതയിലും അവ അനന്യമായി നില കൊള്ളുന്നു.റേഡിയോ നാടകങ്ങളെ സാഹിത്യത്തിന്റെ മുഖ്യധാരയിൽ പ്രതിഷ്ഠിക്കാൻ ത്രാണിയുള്ളവയാണ് ആ രചനകളിലധികവും.

40-ൽ അധികം നാടകങ്ങൾ. നാല് തുടർ നാടകങ്ങൾ. ആദ്യകാല ചെറുകഥാകൃത്തായ പുളിമാന പരമേശ്വരൻ പിള്ളയുടെ ചെറുകഥ മുതലുള്ള മലയാളത്തിലെ 100 ശ്രദ്ധേയ രചനകളുടേയും ആനന്ദിന്റെ ‘മരുഭൂമികൾ ഉണ്ടാകുന്നത്’
ഉൾപ്പെടെയുള്ള അഞ്ചു നോവലുകളുടേയും റേഡിയോനാടകാവിഷ്ക്കാരങ്ങൾ..

32 വർഷം നീണ്ട ആകാശവാണി ജീവിതത്തിന്റെ ആദ്യ രണ്ടു ദശാബ്ദങ്ങളിൽ, ജോലിയുടെ ഭാഗമല്ലാതിരുന്നിട്ടും, നാടകരചന ഒരു സപര്യയാക്കി,അദ്ദേഹം.ആകാശവാണിയിൽ ചേരുന്നതിനും മുൻപ് തന്നെ പ്രൊ.ആർ.നരേന്ദ്രപ്രസാദിന്റെ നാടകാവബോധത്തോടൊപ്പം സഞ്ചരിച്ച്,കാമ്പസ് തീയറ്റർ പ്രസ്ഥാനത്തിലൂടെ രംഗനാടകങ്ങളെഴുതി അവതരിപ്പിച്ചിട്ടുമുണ്ട്,രാജീവ്കുമാർ.

1977 മുതൽ 2017 വരെയുള്ള നാല് ദശാബ്ദക്കാലത്തെഴുതിയ നാടകങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 20 റേഡിയോ നാടകങ്ങളും 5 രംഗനാടകങ്ങളും അടങ്ങിയ ബൃഹദ്ഗ്രന്ഥമാണ് “എം.രാജീവ് കുമാറിന്റെ നാടകങ്ങൾ”. 582 പേജുകളുള്ള ഈ സമാഹാരത്തിൽ അദ്ദേഹവുമായി ശരത്ചന്ദ്രനും ഹരിദാസും നടത്തിയ രണ്ട് ദീർഘസംഭാഷണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

1956-58 കാലത്തെ ഹ്രസ്വമായ ആകാശവാണിക്കാലത്തും അതിനു ശേഷവും എഴുതപ്പെട്ട സി.ജെ തോമസിന്റെ പ്രശസ്ത നാടകമായ “ആ മനുഷ്യൻ നീ തന്നെ” ഉൾപ്പെടെയുള്ളവ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കപ്പെടുകയും അവയ്ക്ക് പല കാലഘട്ടങ്ങളിൽ അസംഖ്യം രംഗാവിഷ്കാരങ്ങളുണ്ടാകുകയും ചെയ്തു.റേഡിയോ നാടകങ്ങളായും സാഹിത്യരൂപമായും അവ ദന്ദ്വാസ്തിത്വം നേടി.ആദ്യകാല നാടകകൃത്തുക്കളായ കെ.പത്മനാഭൻ നായർ,കെ.എം ജോർജ്ജ്,കുട്ടനാട് രാമകൃഷ്ണപിള്ള,നാഗവള്ളി,ടി.എൻ.ഗോപിനാഥൻ നായർ,കെ.ജി.സേതുനാഥ്, തുടങ്ങിയവരുടെയും
,അടുത്തിടെ കെ.വി.ശരത്ചന്ദ്രന്റേയും ചില രചനകളും പുസ്തകരൂപത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.പക്ഷേ,പല തലമുറകളുടെ മനസിൽ ഇന്നും ജീവിയ്ക്കുന്ന റേഡിയോനാടകങ്ങളിൽ ഭൂരിപക്ഷത്തിനും പുസ്തകമായി നിലനിൽക്കാനുള്ള ഭാഗ്യമുണ്ടായില്ല. നൈമിഷിക മാദ്ധ്യമം എന്ന ദുഷ്പേരുള്ള റേഡിയോയുടെ നാടകങ്ങളടക്കമുള്ള മിക്ക പരിപാടികളുമിങ്ങനെ കാലപ്രയാണത്തിൽ വിസ്മൃതമായി ക്കൊണ്ടിരിക്കുന്നു.ഈ പശ്ചാത്തലത്തിലാണ് വരും കാലത്തേയ്ക്കുള്ള ഒരു ഈടുവെയ്പ്പായി ഈ നാടക സമാഹാരം ശ്രദ്ധേയമാകുന്നത്.

“ശബ്ദത്തിനും വെളിച്ചത്തിനുമിടയിലുള്ള ഹൃദയസ്പന്ദനങ്ങൾ അക്ഷരങ്ങളിൽ‘’ എന്ന ഒരു ഉപശീർഷകം നൽകിയിട്ടുണ്ട്,ഈ സമാഹാരത്തിന്. “ആകാശവാണിയിലെ ജോലി എഴുത്തിന്റെ ഉത്സവാഘോഷമായിരുന്നു. ജീവസന്ധാരണമായിരുന്നില്ല, മറിച്ച്,സൃഷ്ട്യുന്മുഖമായ ഉന്മാദത്തിലാറാടിയ പതിറ്റാണ്ടുകളായിരുന്നു,എന്റെ ആകാശവാണിക്കാലം”എന്ന് രാജീവ്കുമാർ പറയുന്നുണ്ട്.ആകാശവാണിയിൽ വരും മുൻപ് തന്നെ റേഡിയോ നാടകങ്ങളെ പ്രണയിച്ച അദ്ദേഹത്തിന്റെ അക്കാലത്തെ ഇഷ്ടനാടകകൃത്ത്, പിന്നീട് സഹപ്രവർത്തകനായിത്തീർന്ന,മുഹമ്മദ് റോഷനായിരുന്നു.കാരണം, ‘ആ നാടകങ്ങൾ ഹൃദയദ്രവീകരണശേഷിയുള്ളവയായിരുന്നു‘.1982-ൽ ‘മഹിളാലയം’ പരിപാടിയിൽ സ്ത്രീകളുടെ ജീവിതാവസ്ഥകളെ ആസ്പദമാക്കി നാടകങ്ങളെഴുതിയായിരുന്നു,തുടക്കം.അന്നേ പരിചിതവഴികളിൽ നിന്ന് മാറിനടക്കാൻ ശ്രമിച്ചു.ആ പരിപാടിയുടെ ചുമതല വഹിച്ച എസ്.സരസ്വതിയമ്മ എന്ന മഹിളാലയം ചേച്ചി ഏതുതരം പരീക്ഷണങ്ങളേയും ഉൾക്കൊള്ളാൻ തയ്യാറായിരുന്നു.

1986-ൽ തിരുവനന്തപുരം നിലയത്തിൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായി ജോലിയിൽ പ്രവേശിച്ചപ്പോൾ, അന്ന് അവിടെ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന ആർ.ശ്രീകണ്ഠൻ നായരായിരുന്നു, നാടകമെഴുതാൻ രാജീവ്കുമാറിനെ പ്രേരിപ്പിച്ചത്.ബുധനാഴ്ചകളിൽ രാത്രി 9.16 മുതൽ 14 മിനിട്ട് ദൈർഘ്യമുള്ള നാടകങ്ങൾ.ആദ്യകാല കഥാകൃത്തുക്കളുടെ മുതൽ എം മുകുന്ദന്റെ വരെ ചെറുകഥകളുടെ നാടകാവിഷ്കാരം.പിന്നെ,എല്ലാദിവസവും ഒരു തുടർനാടകം-ഈ കത്ത് നിനക്കുള്ളതാണു.നാടകകൃത്തും അഭിനേതാവുമായിരുന്ന സതീഷ്ചന്ദ്രനും റേഡിയോനാടകങ്ങളെഴുതാൻ പ്രോത്സാഹിപ്പിച്ചു.

1984-ൽ ആകാശവാണി അഖിലേന്ത്യാടിസ്ഥാത്തിൽ നടത്തിയ റേഡിയോനാടക മത്സരത്തിൽ രചയ്ക്കുള്ള സമ്മാനം നേടിയ ‘‘പ്രിയപ്പെട്ട ചിന്നുവിനു”,ഈ സമാഹാരത്തിലെ ആദ്യ രചനയാണു.ആകാശവാണിയിൽ ചേർന്ന സമയത്തായിരുന്നു,അത് പ്രക്ഷേപണം ചെയ്തത്.പാർശ്വവൽകൃതമായ ദളിത്ജീവിതത്തിന്റെ ശബ്ദാവിഷ്ക്കാരമായിന്നു,അത്.കുടിയാന്മാർക്ക് കൃഷിഭൂമിയിൽ അവകാശം ലഭിയ്ക്കുന്ന ഒരു ചരിത്രമുഹൂർത്തമാണു ഇതിന്റെ ഭൂമിക.അതിനായുണ്ടായ മുന്നേറ്റങ്ങളിലേക്കും ജന്മിത്വത്തിന്റെ പ്രതികരണങ്ങളിലേക്കുംകൂട്ടിക്കൊണ്ടുപോകുന്ന ഈ രചന അക്കാലത്തെ വംശ-വർഗ്ഗ വൈരുദ്ധ്യങ്ങളെ പ്രശ്നവൽക്കരിക്കുന്നുണ്ടു.നാടൻപാട്ടുകൾ സമന്വയിപ്പിച്ച്,യഥാതഥാഖ്യാനശൈലിയിൽ നടത്തിയതാണു ഇതിന്റെ രചന.പക്ഷേ, ഭാവനയുടെ അനന്തവിഹായസിലേക്കുള്ള ഒരു ജാലകം തുറന്നിട്ടുകൊണ്ടാണ് ഈ നാടകം അവസാനിയ്ക്കുന്നത്.തന്നെ ഉയർച്ചയിലേക്ക് നയിച്ച അദ്ധ്യാപകനെഴുതിയ കത്ത് പോസ്റ്റ്ചെയ്യാൻ ചിന്നു ഏൽ‌പ്പിക്കുന്നത്,ജന്മികളുടെ ആക്രമണത്തിൽ പരുക്കേറ്റ അദ്ദേഹം മരിച്ചു എന്നറിയിക്കുന്ന ടെലഗ്രാമുമായി വന്ന പ്യൂണിനെ തന്നെ;“ഈ കത്ത് വിലാസക്കാരന് കിട്ടിയേ മതിയാകൂ.ഇത് വിലാസക്കാരന് എത്താതിരിക്കില്ല”.

-അക്ഷരാഭ്യാസം പോലുമില്ലാത്തവരടങ്ങിയ ശ്രോതാക്കളാണ് റേഡിയോനാടകങ്ങൾക്ക് കാതുകൂർപ്പിച്ചിരിക്കുന്നത്.അവർക്ക് ഗ്രഹിക്കാവുന്നതിനപ്പുറത്തേക്ക് സഞ്ചരിക്കുന്നവയാണ് രാജീവ്കുമാറിന്റെ മിക്ക നാടകങ്ങളും.അതിന് അദ്ദേഹത്തിന് ന്യായീകരണങ്ങളുണ്ട്.”പുതിയ പ്രമേയങ്ങളും ശൈലിയും കണ്ടെത്തി,കാലത്തിനൊപ്പം സമകാലിക സാഹിത്യത്തിനും സംവേദനത്തിനുമൊപ്പം നാടകത്തെ നവീകരിക്കാനാണ് ശ്രമിച്ചത്”.

നവോത്ഥാനസാഹിത്യത്തിന്റെ അലയൊലിയൊന്നും റേഡിയോനാടകത്തിൽ പ്രതിഫലിച്ചിരുന്നില്ലെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു.
1987-ൽ അഖില കേരള റേഡിയോ നാടകോത്സവത്തിൽ പ്രക്ഷേപണം ചെയ്ത ‘ജീവനുള്ള പ്രതിമകൾ”,പൂർണ്ണമായും ഒരു പരീക്ഷണനാടകമാണ്.കാട്ടിൽ പക്ഷിവേട്ടക്കിറങ്ങുന്നവരുടെ കഥ.അതിലെ സംഭവങ്ങളും കഥാപാത്രങ്ങളും മുഴുവൻ ബിംബങ്ങളാണ്. വർഗ്ഗീസിന്റെ കണ്ണു ചൂഴ്നെടുത്തുള്ള കൊലപാതകത്തിൽ കലാശിച്ച, ഭരണകൂടത്തിന്റെ നക്സൽ വേട്ടയാണ് യഥാർത്ഥ പ്രമേയം.‘ശ്രോതാക്കൾക്കധികം പരിചിതമല്ലാത്ത ജീവിതാവസ്ഥകളെ നാടകമാക്കാനായിരുന്നു,എനിക്കിഷ്ടം’ എന്ന രാജീവ്കുമാറിന്റെ പ്രസ്താവം കൂടി ഇതോടൊപ്പം വായിക്കേണ്ടതാണ്.‘അപകടകരമായ രീതി’യിൽ കഥകളെഴുതുന്ന തന്റെ ഒരൊറ്റ രചനയൊഴികെ ഒന്നും ആകാശവാണിയിൽ പ്രക്ഷേപണം ചെയ്ത്തില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ശബ്ദങ്ങളിലൂടെ മാത്രം സംവേദനം നടക്കുന്ന,രണ്ടാമതൊന്നു കേൾക്കാനോ സംശയനിവൃത്തിയ്ക്ക് വ്യാഖ്യാനങ്ങളെ ആശ്രയിക്കാനോ ആകാത്ത റേഡിയോനാടകങ്ങളിലെ ബിംബങ്ങളും പ്രതീകങ്ങളും മിക്കപ്പോഴും അർത്ഥശൂന്യമായ ശബ്ദങ്ങളായി അന്തരീക്ഷത്തിൽ വിലയം പ്രാപിക്കും.

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ റേഡിയോ നാടകമായ ‘‘കടൽ കൊണ്ടുകഴുകാമോ,ജീവിതത്തെ”യിലും ഈ പ്രതീകവൽക്കരണമുണ്ട്.അയഥാർത്ഥതലത്തിൽ ചുറ്റിത്തിരിയുകയാണ് അവസാനം വരെയും,ഈ നാടകം.തീവ്രവാദവും അനീതിയുമാണ് വിഷയം.ഭ്രമകൽ‌പ്പനകളിൽ, പക്ഷേ, ഒന്നും തെളിഞ്ഞുവരുന്നില്ല..

ജലതലസാമ്രാജ്യത്തിലേക്ക് ഊളിയിടുന്ന ഒരു തുഴച്ചിൽക്കാരിയുടെ ജീവിതത്തെ ബിംബവൽക്കരിക്കുന്ന ‘’പങ്കായം” ബഹുതലമാനങ്ങളുള്ള രചനയാണ്.പല വ്യാഖ്യാനപാഠങ്ങളുള്ള ഇത് ഒരു ചെറുകഥയായി വായിക്കാവുന്നതാണ്.എന്നാൽ,റേഡിയോ നാടകത്തിന്റെ പരിവൃത്തത്തിൽ ഇതും സംവേദനക്ഷമത തീരെ കുറഞ്ഞതാണ്.

വെള്ളത്തൂവൽ സ്റ്റീഫന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ‘’കോടമഞ്ഞിലലിയാത്തത്” ഹൈറേഞ്ചിന്റെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നുണ്ട്.കാലമുദ്രകളെ മൈക്ക് അനൌൺസ്മെന്റ്,വാർത്ത,ഗാനം തുടങ്ങിയവയിലൂടെ വിദഗ്ധമായി സന്നിവേശിപ്പിച്ചിരിക്കുന്ന ഈ ഡോക്യുഡ്രാമയിലും ബിംബവൽക്കരണമുണ്ടു-അത് തിളങ്ങുന്ന രണ്ടു കണ്ണുകളാണ്-കോടമഞ്ഞിൽ അലിയാത്തത്.

‘ സാമൂഹികപ്രശ്നങ്ങളുടെ സൗന്ദര്യതലങ്ങളിലേക്ക് റേഡിയോ നാടകങ്ങളെ മാറ്റിക്കൊണ്ടുപോകാൻ’ അദ്ദേഹം നിരന്തരം ശ്രമിച്ചിട്ടുണ്ട്.1995-ൽ യുനെസ്കോയുടെ കണക്കനുസരിച്ച്,ലോകത്ത് ഏറ്റവുമധികം ആത്മഹത്യകൾ നടന്ന ബൈസൺവാലിയെ പശ്ചാത്തലമാക്കി എഴുതിയ “ബൈസൺ വാലിയിലെ പേടകങ്ങൾ” അതീത യാഥാർത്ഥ്യത്തിലേക്കും സഞ്ചരിക്കുന്ന മറ്റൊരു പരീക്ഷണമാണ്.മരിച്ചയാൾ അരൂപിയായി വരുകയും നാടകകൃത്ത് നേരിട്ട് സംസാരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, നാടകത്തിൽ ദുരൂഹ സമസ്യകളില്ല.

1980കളിലെ കാമ്പസ് ജീവിതത്തിന്റെ ഇരുൾ വഴികളെ തന്മയത്വത്തോടെ ആവിഷ്കരിക്കുന്നുണ്ട് , ‘ജീവിക്കാത്തവരുടെ ചരിത്ര”ത്തിൽ.പേരു പോലെ തന്നെ ലളിതവും അതേസമയം ശക്തവുമാണ് ഈ നാടകം.മയക്കുമരുന്നിനകപ്പെട്ട് ജീവിതം വഴിതെറ്റിയ ട്രീസയെന്ന പെൺകുട്ടിയുടെ കഥയിൽ ബിംബങ്ങളേയില്ല.കഥാകൃത്തും കഥാപാത്രമാകുന്ന ഈ രചന ചേതോഹരമാണ്.“പുറമ്പോക്കിൽ ഒരു വീട്”,പ്രവാസജീവിതത്തിൽ ഇരയാക്കപ്പെട്ട ഒരു സ്ത്രീയുടേയും യാദൃച്ഛികമായി അവളുടെ ജീവിതത്തിൽ കടന്നുവരുന്ന വിവാഹിതനായ ഒരു പുരുഷന്റേയും ആത്മസംഘർഷങ്ങളുടെ ആവിഷ്കാരമാണ്.ഇവിടെയും ജീവിതസന്ദർഭങ്ങളുടെ യഥാതഥാഖ്യാനമാണുള്ളത്.
ഒരു ഹിന്ദു പെൺകുട്ടിയുടെ കണ്ണ്,മരണ ശേഷം ഒരു മുസ്ലീം യുവാവിന് കാഴ്ച നൽകിയെന്ന ,‘റീഡേഴ് ഡൈജറ്റിൽ’വന്ന വാർത്തയെ ആസ്പദമാക്കി എഴുതിയ ‘കണ്ണുകൾ കഥ പറയുന്നു’ എന്ന ഡോക്യുഡ്രാമയും അനന്യമായ രചനയാണ്.ഫാന്റസിയുടെ സൗന്ദര്യവും നിറയുന്നുണ്ട്,ഇതിൽ.

-ഇങ്ങനെയുള്ള അപൂർവ്വം രചനകൾ ഹൃദയത്തെ തൊടുന്നവയാണ്.എന്നാൽ,
നല്ല വായനാശീലമുള്ളവരുടെ അഭിരുചികൾക്കു മാത്രം ഇണങ്ങുന്നതാണ് രാജീവ്കുമാറിന്റെ റേഡിയോനാടകങ്ങളിൽ ഭൂരിപക്ഷവും. ശ്രോതാക്കൾക്കധികം പരിചിതമല്ലാത്ത ജീവിതാവസ്ഥകളെ നാടകമാക്കാനായിരുന്നു തനിക്ക് താൽ‌പ്പര്യം എന്ന് അദ്ദേഹം പറഞ്ഞത് സത്യം.അദ്ദേഹത്തിന്റെ നാടകങ്ങളിലൊന്നു പോലും ചിരപരിചിതമായ ഇടങ്ങളിൽ ചുറ്റിത്തിരിയുന്നവയല്ല.അവയുടെ ഭാഷയെ ‘മനസിന്റെ ഭാഷ’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും, കാൽ‌പ്പനികമായ സാഹിത്യഭാഷയാണവ.അതിൽ സാധാരണ ജീവിതഭാഷണമില്ല.തന്റെ ഭാഷ ‘ധ്വനിഭരിതവും നിത്യജീവിത സംഭാഷണത്തിൽ നിന്ന് വേറിട്ട്നിൽക്കുന്നവയുമാണ്.പുനസൃഷ്ടിക്കപ്പെടുന്ന ഭാഷണരൂപമാണത്‘എന്ന് നാടകകൃത്ത് തന്നെ പറഞ്ഞിട്ടുണ്ട്.അതിനെത്രയോ ഉദാഹരണങ്ങളുണ്ട്.”ജരാനരകളുടെ പാറക്കൂട്ടങ്ങൾക്കപ്പുറത്ത് ആസക്തികളുടെ ഒരു പുൽമൈതാനമുണ്ട്.അവിടെ വർണ്ണങ്ങളുടെ പുഷ്പസങ്കരം മരണംകൊണ്ട് തടുക്കാൻ എനിക്ക് ഇനിയും ജന്മമുണ്ട് ,ബാക്കി”(ബൈസൺ വാലിയിലെ പേടകങ്ങൾ).“കാത്തിരുപ്പിന്റെ വേനലിൽ കൊഴിഞ്ഞുപോയ ദലങ്ങൾ ഓരോ ഋതുവിലും മന്ത്രിക്കും,എനിക്ക് വീണ്ടും കിളിർക്കാനാകുമോന്ന്”(കടൽകൊണ്ട് കഴുകാമോ ജീവിതത്തെ).

സാഹിത്യത്തിൽ തന്റെ ഗുരുവായ നരേന്ദ്രപ്രസാദിനോടാണ് നാടകത്തിലും അദ്ദേഹത്തിന് കടപ്പാട്.വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ നാടകങ്ങൾ കാണുകയും അവയെക്കുറിച്ച് എഴുതുകയും ചെയ്തിട്ടുള്ള രാജീവ് കുമാറായിരുന്നു,“കുമാരൻ വരുന്നില്ല” എന്ന നരേന്ദ്രപ്രസാദിന്റെ നാടകത്തിന് അവതാരിക എഴുതിയത്.വിദ്യാർത്ഥിജീവിതകാലത്ത് എഴുതി,അരങ്ങേറിയതുൾപ്പെടെയുള്ള അഞ്ച് രംഗനാടകങ്ങളും ഈ സമാഹാരത്തിലുണ്ട്.1979 ൽ കേരള സർവകലാശാലാ കലോത്സവത്തിൽ സമ്മാനം ലഭിച്ച “ശകുനപ്പക്ഷിയുടെമരണം”മുതൽ 2000ൽ സംഗീത നാടക അക്കാദമി മൽസരത്തിനുവേണ്ടി, ‘’ഗാന്ധിയെ കൊല്ലേണ്ടതെങ്ങനെ”എന്ന പേരിൽ എഴുതിയതും,ആ പേരുകേട്ട് സംവിധായകൻ ഓടിപ്പോയതിനാൽ “സഹസ്രാബ്ദകേളി” എന്ന് മാറ്റിയതുമുൾപ്പെടെയുള്ള അഞ്ചുനാടകങ്ങളും രാഷ്ട്രീയമാനമുള്ളവയാണ്.ആദ്യനാടകം തൊഴിലില്ലായ്മയും വിശപ്പും പ്രതികാരവുമെല്ലാം ബിംബവൽക്കരിച്ചിരിക്കുന്നു.ഗാന്ധിജിയുടെ ഡയലോഗ് ഗോഡ്സെ പറയുന്ന നാടകം ഗാന്ധിജി പ്രതിനിധാനം ചെയ്ത സംശുദ്ധരാഷ്ട്രീയത്തിന്റെ മരണത്തെക്കുറിച്ചാണ്.സമകാലിക ജീവിതത്തിലെ മൂല്യച്യുതിയെക്കുറിച്ചുള്ള ശക്തമായ രംഗാവതരണമാണത്.

രാജീവ്കുമാർ ശബ്ദനാടകരംഗത്ത് ആരും സഞ്ചരിക്കാത്ത വഴികളിലൂടെ മുന്നേറിയ എഴുത്തുകാരനാണ്.വാമൊഴികളായി ഒടുങ്ങുവാനല്ല, വരമൊഴികളായി വരുംകാലത്തെയും അഭിമുഖീകരിക്കാനാണ് അവയുടെ നിയോഗം.ആധുനിക കാലത്തെ സൗന്ദര്യസങ്കൽ‌പ്പങ്ങളോട് ചേർന്നുനിൽക്കുന്നവയാണ് ഈ രചനകൾ . അതിനാൽ,അദ്ദേഹത്തിന്റെ ശബ്ദ,രംഗ നാടകങ്ങൾക്ക് സാഹിത്യാസ്തിത്വമുണ്ട്.

littnow.com

littnowmagazine@gmail.com

ലേഖനം

ഉറുമ്പ്

Published

on

വാങ്മയം: 17

സുരേഷ് നൂറനാട്

ലിറ്റ് നൗ പ്രസിദ്ധീകരിച്ചതിൽ നിന്നും രണ്ടാമത്തെ പുസ്തകവും പുറത്തിറങ്ങി.
വാങ്മയം
സുരേഷ് നൂറനാട്
ഫേബിയൻ ബുക്സ്
വില 150 രൂപ.

ഒരുറുമ്പിനെ ഞാൻ ഞെരിക്കുകിൽ കൃപയാർന്നമ്മ തടഞ്ഞുചൊല്ലിടും മകനേ നരകത്തിലെണ്ണയിൽ പൊരിയും നീ’
സനാതനമായ ഒരു സത്യത്തെ ചുള്ളിക്കാട് അവതരിപ്പിക്കുന്നത് നോക്കൂ. എത്ര ഹൃദ്യം!
ചെറുപ്രാണികളുടെ ജീവിതത്തെ നോക്കി രചനകളിൽ നവചൈതന്യം ജനിപ്പിക്കുന്നു കവി. ഉറുമ്പിൻ്റെ പ്രാണൻ തനിക്ക് സമമായ ഒന്നാണെന്ന അറിവിലൂടെ എഴുത്തുകാരൻ പ്രപഞ്ചബോധത്തെ ഉണർത്തുകയാണ്.

ഉറുമ്പിന് കലയിൽ പലപ്പോഴും ജീവിവർഗ്ഗങ്ങളിലൊന്നായിനിന്ന് സംസാരിക്കേണ്ടിവരുന്നു. വലിയ ജനക്കൂട്ടത്തിൻ്റെ ചോദനകൾ ഉറുമ്പിൻ്റെ ജീവിതസ്പന്ദനവുമായി ബന്ധിപ്പിക്കുന്ന ന്യൂനോക്തി രസകരമാണ്. ആത്മാവിൻ്റെ സ്പർശം എല്ലാ ജന്തുക്കളിലും ഒരേ പോലെയോടുന്നുണ്ടെങ്കിലും ചിലതിന് കേന്ദ്രബിംബമാകാൻ ഭാഗ്യമില്ലാതാകാറുണ്ട്. എന്നാൽ ഉറുമ്പിന്
ആ ദൗർഭാഗ്യമില്ല.

   കുട്ടിക്കവിതകളിൽ പോലും കൗതുകമായല്ല ഈ ഭാഗ്യവാൻ വന്നു പോകുന്നത്. ആനയും ഉറുമ്പുമെന്ന കഥയിൽ വലിപ്പം ഉറുമ്പിനല്ലേ കൈവരുന്നത് .പഞ്ചതന്ത്രം കഥയിലൂടെ ഇലയിലിരുന്ന് ഒഴുകന്ന ഉറുമ്പ് എല്ലാ തലമുറയ്ക്കും കാഴ്ചയാകുന്നുണ്ട്

കൂട്ടമായി ജാഥ നയിക്കുന്ന ഉറുമ്പിൻപട ജനായത്തത്തിൻ്റെ മരിക്കാത്ത പ്രമേയമല്ലേ.

   വേനലിൻ്റെ തോളിലിരുന്ന് കാലത്തെ കരളുന്ന ഉറുമ്പ്, കവിതയിലൂടെ അക്ഷരങ്ങളായി ഇഴഞ്ഞു പോകുന്ന ഉറുമ്പ് - ഇങ്ങനെ എത്രയെത്ര സുന്ദരമായ കല്പനകൾ.

ഇലകളിൽ തട്ടുതട്ടായി കൂടൊരുക്കുന്ന നീറും അരിമണി ചുമന്ന് കൊണ്ട് വരുന്ന കുഞ്ഞനുറുമ്പും മധുരത്തെ നുകർന്ന് മത്തടിച്ച് മരിക്കുന്ന ചോനലും ക്ഷണിക പ്രാണൻ്റെ വിധിയെ ഓർമ്മിപ്പിക്കുന്നു.

‘കട്ടുറുമ്പേ നീയെത്ര കിനാവു കണ്ടൂ’ എന്നെഴുതി കവിത്വം തെളിയിക്കുന്നവർ കട്ടുറുമ്പിൻ്റെ കടികൊണ്ടവരായിരിക്കില്ല എന്നുറപ്പ്.

ചിത്രം: കാഞ്ചന.

littnow.com

littnowmagazine@gmail.com

Continue Reading

സാഹിത്യം

നഞ്ചിയമ്മയുടെ പാട്ട്‌ / ഇരുളഭാഷ

Published

on

കവിതയുടെ തെരുവ് 15

കുരീപ്പുഴ ശ്രീകുമാര്‍

ഈ തെരുവ് കുറിക്കുമ്പോള്‍ ഗായിക നഞ്ചിയമ്മ ഇംഗ്ലണ്ടിലാണ്. ലിപിരഹിതമായ ഗോത്രഭാഷയിലുണ്ടായ അതിമനോഹരമായ പാട്ടാണ് അവരെ ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടുകാരിയും ലോകത്തിന്നുതന്നെ പ്രിയപ്പെട്ടവളുമാക്കിയത്. തെരുവിന്റെ തെക്ക് പടിഞ്ഞാറേ മൂലയിലാണ് ഈ ഗോത്രഗായികയുടെ ഈണം മുഴങ്ങുന്നത്. കോശിയും അയ്യപ്പനും എന്ന ചിത്രത്തിലൂടെ പ്രസിദ്ധപ്പെട്ട അതീവലളിതമായ
ഈ ഗോത്രകവിത ലത ടീച്ചറാണ് മലയാളപ്പെടുത്തിയത്.

നഞ്ചിയമ്മയുടെ പാട്ട്‌ / ഇരുളഭാഷ

കിഴക്കുള്ള ചന്ദനമരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക്‌ പോകാം
വിമാനത്തെയും കാണാം
തെക്കുള്ള ചന്ദനമരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക്‌ പോകാം
വിമാനത്തെയും കാണാം
വടക്കുള്ള ഉങ്ങ്‌ മരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക്‌ പോകാം
വിമാനത്തെയും കാണാം
പടിഞ്ഞാറുള്ള ഞാറമരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക്‌ പോകാം
വിമാനത്തെയും കാണാം.

മൊഴിമാറ്റം ലത ബി. ചിറ്റൂർ

littnow.com

രചനകൾ അയക്കുമ്പോൾ ഒപ്പം വാട്സ്പ് നമ്പരും ഫോട്ടോയും അയക്കുക .

littnowmagazine@gmail.com

Continue Reading

കവിത

പ്രതിരാമായണം

Published

on

രാജന്‍ സി എച്ച്

1
ഊർമ്മിള

പ്രവാസികളുടെ ഭാര്യമാർക്കു
ചരിത്രത്തിലിടമുണ്ടാവുമെങ്കിൽ
ആദ്യത്തെയാൾ ഊർമ്മിളയാകുമോ?
ഭർത്തക്കന്മാരെ കൺചിമ്മാതെ
കാത്തിരുന്ന ഭാര്യമാരിൽ
ആദ്യഭാര്യ?
ഉത്തരവാദിത്തങ്ങളുടെ
ഭാരമേറിയ ഉത്തരങ്ങളെ
തളരാതെ താങ്ങി നിർത്തേണ്ടവൾ?
ലോകം വീടോളം ചുരുങ്ങിപ്പോയവൾ?
കാലം ഉത്തരവാദിത്തങ്ങളുടെ ചുമലായവൾ?
കരയാനുള്ള കണ്ണീരിൽപ്പോലും
അളവ് സൂക്ഷിക്കേണ്ടവൾ?
ഓർമ്മകളുടെ ആകാശങ്ങൾക്കു
ചിറക് തുന്നിയവൾ?
എപ്പോഴും തന്നിലേ നോക്കി
നടക്കേണ്ടവൾ?
പ്രവാസികളുടെ ഭാര്യമാരോളം
ഭാര്യമാരായ ഒരു ഭാര്യയുമില്ല.
അവരുടെ പേരാകുന്നു
ഊർമ്മിള.

2
രാവണായനം

പത്തു തലയാവുന്നതാണ്
പ്രയാസം.
ഓരോ തലയിലും
കണ്ണും കാതും മൂക്കും പോലെ
തലച്ചോറും കാണുമല്ലോ.
പത്തു ബുദ്ധി,പത്തു മനസ്സ്
പത്തു വിഡ്ഢിത്തം,പത്തു ചിന്ത
ഒരേ സമയം.
ആലോചിക്കാനേ വയ്യ
ഒന്നിനൊന്ന് വ്യത്യസ്തമായ
ചിന്തകളാവുമ്പോൾ.
ഒരാൾക്കൂട്ടത്തിന്‍റെ ചിന്തകൾ
ഒറ്റയുടലിൽ.
സമാധാനമുണ്ട്,
ഹൃദയമൊന്നേയുള്ളൂവെന്നതിൽ.
ഹൃദയവും പത്തെങ്കിൽ
എന്‍റെ രാവണാ,
നിന്‍റെ പുഷ്പകത്തിൽ
പറത്തിയെടുക്കാനാവുമായിരുന്നു
എത്ര സീതമാരെ?

3
രാമായണവായന

അധികാരിയുടെ വീട്ടിൽനിന്ന്
അപ്പോൾ രാമായണവായന,
മുത്തശ്ശൻ പറയുമായിരുന്നു.
നമ്മുടെ വീട്ടിലോ,യെന്ന്
അച്ഛൻ ചോദിച്ചിരുന്നുവത്രെ.
നമ്മുടെ കൂരയിൽ
എല്ലാവരുടേയും വയറ്റിൽ
രാമായണവായന,
മുത്തശ്ശൻ പറയുമായിരുന്നത്രെ.
അതു കേൾക്കാതിരിക്കാനാണത്രെ
കള്ളക്കർക്കടകത്തിൽ
തമ്പുരാക്കന്മാരുടെ
രാമായണവായന.
രാമാ!

4
മായാസീത

മായാ സീതയേയുള്ളൂ
മായാ രാമനില്ല.
പുരുഷനേ കാണൂ
മായാകന്യകളെ.
സ്ത്രീക്കെന്നാൽ
യാഥാർഥ്യമാണ്
പുരുഷൻ.
സ്വപ്നങ്ങളിലേ
അവർ വർണം ചാലിക്കൂ.
യാഥാർഥ്യങ്ങളിൽ
അവരറിയും
പുരുഷന്റെ പൊള്ളത്തരം.
അപ്പോഴേക്കും
കാലം കഴിഞ്ഞിരിക്കുമെങ്കിലും.

5
വരച്ചവര

ലക്ഷ്മണരേഖ
ഒരു രേഖയേയല്ല.
കുടുംബം വരയ്ക്കും
രേഖയില്ലാ രേഖയാണത്.
ഒരു ബാഹ്യശക്തിക്കും
കടന്നുകയറാനാവാത്ത
സംരക്ഷണ നോട്ടമാണത്.
അതിന്റെ ഭദ്രതയിലാവും
കുടുംബസൗഖ്യം.
അതിനെ മറികടക്കുവോർ
കുടുംബവലയത്തിനു പുറത്താവും.
ശത്രുപക്ഷത്താവും
അനാഥമാവും.

littnow.com

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്.

രചനകൾ അയക്കുമ്പോൾ ഒപ്പം വാട്സ്പ് നമ്പരും ഫോട്ടോയും അയക്കുക .

littnowmagazine@gmail.com

Continue Reading

Trending