കവിത
കിറുക്കി മറിയ

ഇമ്മാനുവേൽ മെറ്റിൽസ്
കാട്ടുമുല്ലമൊട്ടിനിടയിൽ കാപ്പിപ്പൂ കോർത്തു,
കൂനൻ പാലമണമോർത്തു
അന്തിക്കിറയത്തു
കിറുക്കി മറിയ ചിരിക്കുന്നു.
കാട്ടുപൊന്തയിൽ പിണഞ്ഞ വള്ളിയിൽ പൂത്തവളുടെ കവിൾ ചോപ്പു തിളയ്ക്കുന്നു.
മഞ്ഞപ്പാവാടത്തുമ്പിൽ പൂച്ചക്കുരു,മങ്കിമൈലാഞ്ചി, മഞ്ചാടി കിലുങ്ങുന്നു.
എലിമുള്ളിൻ പൂക്കിരീടക്കീഴിൽ
നിന്നൊരു പേൻ,
രണ്ടു, മൂന്നു, നാലു പേനുകൾ
നെറ്റിയിൽ അവകാശ സമരം നടത്തുന്നു.
അമ്മക്കണ്ണിൽ മറിയക്കരിമേഘം പെയ്യാതെ പാറുന്നു.
പറങ്കിമാങ്ങാ ച്ചുനയുള്ള
പാട്ടായവൾ പരക്കുമ്പോൾ,
കുതിരുകാരന്റവിടത്തെ വെള്ളെലിച്ചെക്കൻ
വിളിക്കുന്നു,
“കിറുക്കി മറിയേ,മാങ്ങാണ്ടിക്ക് കൂട്ടു പോ!”
കഴിഞ്ഞകൊല്ലം പൂത്തിട്ടിക്കൊല്ലം പൂക്കാതെ പറ്റിച്ച നാട്ടു മാവോടവൾ ചൊടിക്കുമ്പോൾ
വെട്ടിക്കായക്കു കൂട്ടായ് ആൺപിള്ളേരോട് കലമ്പുമ്പോൾ നാട്ടുവഴി ചിരിക്കുന്നു ,
” കിറുക്കി മറിയേ!
തെന്നി വീണു ചന്തി പൊട്ടല്ലേ!”
പിൻമതിൽ കേറി വന്നു കൈനീട്ടി വിളിക്കുന്ന
ചിലുമ്പിപ്പുളിക്കുഞ്ഞുങ്ങൾക്കു പേരിട്ടു തിരിയുമ്പോൾ,
കഞ്ഞിപ്പുരക്കപ്പുറം ചേറിൽ കാൽ വിരൽ കൊണ്ടു കൈതപ്പൂ വരയ്ക്കുമ്പോൾ പള്ളിക്കൂടം കയർക്കുന്നു ,
“കിറുക്കി മറിയേ
ക്ലാസീ പ്പോ!”
തോടു കടന്നിടവഴി മുക്കിൽ,
മഠത്തിന്റെ കാട്ടുമാങ്ങാ പെറുക്കുമ്പോൾ,
നാട്ടുകാരൻ, രാമഷ്ണേട്ടൻ വിളിക്കുന്നു,
“കിറുക്കി മറിയേ വീട്ടീപ്പോ!”
കിറുക്കിക്കു കാറ്റുമാത്രം തടവുന്ന പുറം,
ഇടത്തോട്ടിൽ വട്ടോനോടും നെറ്റിയേൽ പൊട്ടനോടും പടവെട്ടിയ വാഴക്കാവരയനോട് പ്രേമം!
കിറുക്കി മറിയ വളർന്നു,
വെള്ളെലിയും രാമഷ്ണേട്ടനും ചത്തു കെട്ടു.
പള്ളിക്കൂടം മറിയയെ മറന്നു,
മറിയയിപ്പോഴും കണ്ണാടിയിൽ ചുണ്ടു കൂർപ്പിച്ചു വാഴയ്ക്കാ വരയനെ ചുംബിക്കാറുണ്ട്!

littnowmagazine@gmail.com
You must be logged in to post a comment Login