സാഹിത്യം
പെണ്‍കരുത്തിന്‍റെ തിറയാട്ടം
സമീന എച്ച്
ഇളവൂര്‍ ശ്രീകുമാറിന്‍റെ “ഉടല്‍ത്തിറ” എന്ന നോവലിനെക്കുറിച്ച്
വ്യക്തമായ നിലപാടുകളാണ് ഓരോന്നിനെയും മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ശരികളിലേക്ക് വെട്ടിയ വഴികളിലൂടെ ഇടറാത്ത ചുവടുകളും പതറാത്ത ചിന്തകളുമായി അവ നമ്മളിലേക്ക് നടന്നു കയറും. തിരിച്ചിറങ്ങാൻ പഴുതുകൾ ഇല്ലാത്തിടത്ത് ഇരിപ്പുറപ്പിക്കും. അതുപോലെയാണ് കൃത്യമായ നിലപാടുകൾ കൊണ്ട് ഹൃദയത്തിൽ ഇടം പിടിയ്ക്കുന്ന ചില പുസ്തകങ്ങളും വ്യക്തികളും. സാധാരണ ജീവിതത്തോട് ചേർന്ന് നിൽക്കുന്നത് കൊണ്ട്, ഉദ്ധരണികളോ ഉദാഹരണങ്ങളോ ആവശ്യമില്ലാതെ, വെച്ച്കെട്ടലുകളോ അതിഭാവുകത്വ ഭാഷാ പ്രയോഗങ്ങളോ ഇല്ലാതെ ഹൃദയത്തിന്‍റെ ജാലകങ്ങൾ മലർക്കേ തുറന്നിട്ട് അവയെ ക്കുറിച്ച് നമുക്ക് വാതോരാതെ സംസാരിക്കാനാവും. ഇളവൂർ ശ്രീകുമാറിന്‍റെ “ഉടൽത്തിറ” എന്ന നോവൽ വായിച്ചു കഴിയുമ്പോൾ, ആത്മഹർഷത്തിന്‍റെ തണുത്ത തെന്നൽ നമുക്ക് ചുറ്റും നിറഞ്ഞു നിൽക്കുന്നത് ഒട്ടും അതിശയോക്തി ഇല്ലാതെ അനുഭവിക്കാൻ കഴിയുന്നത്, അത്തരം നിലപാടുകളുടെ കൃത്യത കൊണ്ടാണ്. അത് തന്നെയാണ് ഉടൽത്തിറയെ വ്യത്യസ്തമാക്കുന്നതും…
ഉടൽത്തിറ തീർച്ചയായും ഒരു രാഷ്ട്രീയ നോവലാണ്. വ്യത്യസ്ത ജീവിത സാഹചര്യങ്ങളുടെ രാഷ്ട്രീയം പറഞ്ഞ് കൊണ്ട്, ഒരിക്കലും പരസ്പരം കൂട്ടിമുട്ടാൻ സാധ്യതയില്ലാത്ത കുറെ സാധാരണ മനുഷ്യരുടെ, ജീവിതത്തോടുള്ള കാഴ്ചപ്പാടുകൾ കൊണ്ട് മാത്രം ,അസാധാരണമാവുന്ന നോവൽ..
ഭൂതകാലത്തിലേക്ക് ഉരുളുന്ന തീവണ്ടിയിൽ അമ്പുനായരുടെ യാത്ര തുടങ്ങുന്നിടത്തുനിന്നാണ്, കിതച്ചും ചുമച്ചും തീ തുപ്പിക്കൊണ്ട് മനോഹരമായ ഒരു കഥ, അറ്റമെത്താത്ത പാളങ്ങളിലൂടെ മുന്നോട്ട് കുതിച്ചു തുടങ്ങുന്നത്. ഒരുകാലത്തെ ശരാശരി മലയാളിയുടെ ഗൾഫ് സ്വപ്നങ്ങളുടെ ഇടത്താവളമായിരുന്നു ബോംബെ എന്ന മിനി ഗൾഫ്. ഒരു കുടുംബത്തിന്‍റെ എല്ലാ സ്വപ്നങ്ങളും വാരിയെടുത്ത് അന്യദേശത്തേക്ക് പറിച്ചു നടപ്പെട്ട, അമ്പുനായരിലൂടെ അധോലോക രാജാക്കന്മാരുടെയും, ചുവന്ന തെരുവുകളുടെയും, അവധിക്ക് നാട്ടിലെത്തുമ്പോൾ മണക്കുന്ന പെർഫ്യൂമിന്‍റെയും, തിളങ്ങുന്ന കുപ്പായങ്ങളുടെയും,നിറം പിടിപ്പിച്ച ബോംബെ കഥകളുടെ പിന്നാമ്പുറങ്ങളിലെ ഇരുണ്ട ജീവിതം നാം അടുത്തറിയുന്നു. അഴുക്കുചാലുകൾക്ക് മുകളിൽ ഇരുന്ന് ആർത്തിയോടെ വിശപ്പകറ്റുന്ന സാധാരണക്കാരന്‍റെ, കൂട്ടിക്കൊടുപ്പുകാരന്‍റെ, കൊലപാതകികളുടെ, നിറമില്ലാത്ത ദയനീയ മുഖങ്ങൾ ഒളിപ്പിച്ച, യഥാർത്ഥ ബോംബെയുടെ ചിത്രം ഇന്നും അപ്രത്യക്ഷമായിട്ടില്ലാത്ത ചരിത്ര യാഥാര്‍ഥ്യങ്ങളാണ്.. ഇടയ്ക്കിടെ കുടുംബത്തെ മറന്നു കൊണ്ട് മുംബൈലേക്ക് മുങ്ങുന്ന അമ്പുനായരുടെ ജീവിതത്തിൽ വായനക്കാരൻ ഒരു ചിന്ന വീട് മണക്കുമ്പോൾ, ജീവിതത്തിന്‍റെ കൽക്കരിവണ്ടി അപ്രതീക്ഷിതങ്ങളുടെ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട്, ശ്രീ. ഇളവൂർ ശ്രീകുമാർ ഉടൽത്തിറയെ വഴിതിരിച്ചു വിടുന്നു. അപ്പോള്‍ ഒരു നിറകൺ ചിരിയോടെ അടുത്ത അത്ഭുതകാഴ്ചകൾക്കായി നമ്മളും ഒരു സൈഡ് സീറ്റ് പിടിക്കുന്നു. പുതുതായി കയറാനുള്ള ആർക്കോ വേണ്ടി വാതിൽക്കലേക്ക് മിഴി നീട്ടുന്നു.
പ്രണയം ഏറ്റവും ആസ്വാദ്യമാകുന്നത് വൈരുധ്യങ്ങളുടെ ഏകാത്മതയിലാണ്. രണ്ട് വിരുദ്ധ ധ്രുവങ്ങൾ ആകർഷിക്കപ്പെടുന്നു എന്ന തത്വം പോലെ. വ്യക്തമായ തീവ്രരാഷ്ട്രീയമുള്ള ഇജാസ് അഹമ്മതും മലയാളസാഹിത്യത്തെ സ്നേഹിക്കുന്ന ജസീന കുര്യക്കോസും തമ്മിലുള്ള പ്രണയം അത്തരത്തിൽ ഉള്ളതായിരുന്നു. ഇജാസിന്‍റെ പല ആശയങ്ങളും ജസീനയ്ക്ക് ഉൾക്കൊള്ളാൻ ആവുന്നതായിരുന്നില്ല. ഇജാസിലൂടെ സമകാലിക രാഷ്ട്രീയ ഇന്ത്യയുടെ നേർചിത്രം, JNU പ്രക്ഷോഭത്തിന്‍റെയും മറ്റു യൂണിവേഴ്സിറ്റി സമരങ്ങളുടെയും ന്യൂനപക്ഷ അടിച്ചമർത്തലുകളുടെ ഭീദിത കാഴ്ചകളിലൂടെയും നോവലിസ്റ്റ് നമുക്കായി ഒരുക്കിത്തരുന്നു. രാഷ്ട്രീയ നിലനിൽപ്പിനായി അടിച്ചമർത്തലുകൾ ആയുധമാക്കുന്ന ഭരണകൂട വ്യവസ്ഥിതികളോട് പൊരുതാൻ ഇജാസ് തിരഞ്ഞെടുക്കുന്ന ആശയ സമ്പന്നതയുടെ ആയുധം, തീവ്രവാദം എന്ന ചാപ്പയാൽ കുത്തപ്പെടുമ്പോൾ, ജസീനയ്ക്ക് ഇജാസിനൊപ്പം പ്രണയവും നഷ്ടപ്പെടുന്നു. പക്ഷെ ചതിക്കപ്പെട്ടു എന്ന യാഥാർത്യത്തോട് പൊരുത്തപ്പെടാതെ ജസീന ഭാവിയും ജീവിതവും നഷ്‍ടപ്പെടുത്തിയിരുന്നെങ്കിൽ ഏതൊരു പൈങ്കിളി നോവലും പോലെ ഉടൽത്തിറയും മടുപ്പിന്‍റെ ശവക്കച്ച വലിച്ചിട്ടു മൂടപ്പെട്ടേനെ. പകരം പ്രണയത്തിനപ്പുറമുള്ള പെൺസ്വപ്നങ്ങളിലേക്ക് ചങ്കുറപ്പോടെ നടന്നു കയറുന്ന ജസീന, ഉടൽത്തിറയിലെ കരുത്തുറ്റ പെൺകാഴ്ചയാവുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറപിടിച്ചു നടക്കുന്ന തട്ടിപ്പുകളുടെയും, മാധ്യമശ്രദ്ധ എന്ന ഒറ്റ തോക്കിൻ കുഴലിലൂടെ എന്ത് വിടുവായത്തങ്ങളും പടച്ചുവിടുന്ന അഭിനവ ശുംഭൻമാരുടെയും സ്ഥിരം പ്രതിനിധിയാണ് ജെയിൻ പ്രഭാകർ. ഒരേ സമയം ഇരയ്‌ക്കൊപ്പം എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും മറുവശത്തുകൂടി പെണ്ണിന്‍റെ മടിക്കുത്തഴിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിന്‍റെ യഥാർത്ഥ മുഖം. ജനസേവനം എന്ന കൺകെട്ടിലൂടെ ജനങ്ങളുടെ കണ്ണിലുണ്ണിയാകുന്ന ഇയാൾ നഗരങ്ങളിൽ മാത്രമല്ല, നാട്ടിൻ പുറങ്ങളിലെ ചായക്കടകളുടെ അന്തിചർച്ചകളിലും പ്രധാന വിഷയമാണ്. ജെയിൻ പ്രഭാകറുടെ സ്തുതിപാഠകരുടെ തിക്കിതിരക്കുകൾക്കിടയിലും, രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാൻ ധൈര്യം കാണിക്കുന്ന നെഗറ്റീവ് സുന്ദരേശൻ പോസിറ്റീവ് എനെർജിയോടുകൂടി ഫ്രെയിമിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
പെണ്ണുടൽ ചർച്ചക്കെടുക്കേണ്ട വിഷയമല്ല എന്ന് വ്യക്തമായ കാഴ്ചപ്പാടുള്ളത് കൊണ്ട് ഉടലിന്‍റെ രാഷ്ട്രീയം ഇതിലേക്ക് വലിച്ചിഴയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ തനിക്കു കീഴിൽ അമർന്നു ഞെരിയുമ്പോൾ പൊടിഞ്ഞു പോകുന്നതാണ് പെണ്ണിന്‍റെ മാനം എന്ന ആൺ അഹന്തയുടെ, ആണിന്‍റെ അഗ്നിശമന യന്ത്രമായി മാത്രം പെണ്ണിനെ പരിഗണിക്കുന്ന ചില വൃത്തികെട്ട ആൺധാഷ്ട്ര്യത്തിന്‍റെ, മുഖം അടച്ചു കിട്ടിയ അടിയാണ് അനീഷ സൈഗാൾ എന്ന പെൺകരുത്തെന്ന് പറയാതെ വയ്യ. കീഴ്പ്പെടുത്തുമ്പോൾ വിസർജ്യം തെറിയ്ക്കുന്നത് ഉടലിലേക്കല്ല പെണ്ണിന്‍റെ ആത്മാഭിമാനത്തിലേക്കാണ് എന്ന് തിരിച്ചറിയാൻ ആണായാൽ പോരാ,നല്ല നട്ടെല്ലുള്ള ആണാകണം. കീഴ്പെടലിന്റെ ബാക്കിപത്രം പോലെ ഇര = പെണ്ണ് എന്ന പുരുഷാധിപത്യ സമൂഹത്തിന്‍റെ സമവാക്യം, ഒന്നുകിൽ ശിഷ്ടകാലം വിധേയത്വത്തിന്‍റെ തുടലിൽ കുരുങ്ങി കാൽനക്കുന്ന നായ്ക്കുട്ടിയായും, അല്ലെങ്കിൽ, അപമാനഭാരം പേറി, തന്നിലേയ്ക്ക് ഉൾവലിഞ്ഞുകൊണ്ട് സമനിലയുടെ നൂല് പൊട്ടിയ പട്ടംപോലെ കൈവിട്ടു പോയ മനസ്സുമായി, ഇരുട്ടിലേക്ക് ഒതുങ്ങി ഒടുവിൽ മരണത്തിന്‍റെ തണുത്ത കൈകളാൽ സ്വയം ആശ്ലേഷിക്കപ്പെടുകയും ചെയ്യുന്നതിൽ ഒതുക്കി നിർത്തുന്നു പെണ്ണിനെ. പക്ഷെ ഇതിനിടയിലെ അവസാനിപ്പിക്കൽ എന്ന അപാര സാധ്യത തിരിച്ചറിഞ്ഞു പ്രാവർത്തികമാക്കുന്നിടത്ത് അനീഷ എന്ന ശൗര്യത്തെ ചേർത്ത് പിടിച്ചൊന്ന് ഉമ്മ വെയ്ക്കാൻ തോന്നിപ്പോകും. ഉടൽത്തിറ അതിന്‍റെ ഏറ്റവും ശക്തമായ പെണ്‍നിലപാടിന് ഇവിടെ അടിവരയിടുന്നു.
സ്വപ്നങ്ങൾക്ക് ചിറകുകൾ മാത്രമല്ല , ചിറകിനൊപ്പം ആകാശവും സമ്മാനിക്കുമ്പോൾ പ്രണയം അപൂർവസുന്ദരമായ തലങ്ങളിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു. അച്ഛന്‍റെ തിരോധാനത്താൽ തകർന്നുപോയ, അനീഷാ സൈഗാൾ എന്ന കടുംവേനലിലേക്കാണ്, അഖിൽ എന്ന അദ്ധ്യാപകൻ പ്രണയത്തിന്‍റെ നനുത്ത ചാറ്റലായി പെയ്ത് നിറയുന്നത്. ജീവിതത്തിന്‍റെ നിറം മങ്ങിയ ചുവരുകളിൽ പ്രണയവർണങ്ങൾ കൊണ്ട് പുതിയ കനവുകൾ തുന്നിയൊരുക്കുകയും തളർന്നുവീണേക്കാവുന്ന ഇടങ്ങളിൽ നിന്ന് കൈപിടിച്ച് പ്രതീക്ഷകളുടെ പുതുലോകത്തേക്ക് ചേർത്ത് നിർത്തുകയും ചെയ്യുന്നു അയാള്‍. പക്ഷേ വിധിയുടെ നിയോഗം അവിടെയും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.
ഇളവൂർ ശ്രീകുമാറിന്‍റെ ഉടൽത്തിറ എന്ന നോവല്‍ അവസാന പേജും വായിച്ചു മടക്കുമ്പോൾ, എന്തുകൊണ്ടോ രാഷ്ട്രീയനോവലിൽ നിന്ന് സ്ത്രീപക്ഷ നോവൽ എന്ന് തിരുത്തി വായിക്കേണ്ടി വരുന്നു. ഒരു സ്ത്രീ എങ്ങനെ ആവരുത് എന്നല്ല, എന്താവണം എന്ന് കരുത്തുറ്റ കഥാപാത്രങ്ങൾ കാണിച്ചു തരുമ്പോൾ, എഴുത്തുകാരന്‍റെ തീവ്രപ്രതിപക്ഷ ബഹുമാന സമീപനങ്ങളോട് തീർച്ചയായും ആദരവ് തോന്നുന്നു. ഒരു സ്ത്രീ എന്ന നിലയിൽ ഏറെ ആത്മസംതൃപ്തിയോടെ വായിച്ച “ഉടൽത്തിറ”യെ ഒരുപാട് സ്നേഹത്തോടെ എന്‍റെ ഇഷ്ടപുസ്തകങ്ങളിലേക്ക് ചേർത്ത് വെയ്ക്കുന്നു..
ഉടല്‍ത്തിറ
(നോവല്‍)
ഇളവൂര്‍ ശ്രീകുമാര്‍
littnow.com
littnowmagazine@gmail.com
You must be logged in to post a comment Login