സാഹിത്യം
നെല്ല്
വാങ്മയം: 12
ഡോ.സുരേഷ് നൂറനാട്
ചിത്രം: കാഞ്ചന.എസ്
നെൽച്ചെടി വളർച്ചയുടെ ഓരോ കാലങ്ങളിലും മനസ്സിലുണർത്തുന്ന സമൃദ്ധി വർണ്ണിക്കാൻ മലയാളത്തിൽ വാക്കുകളില്ല. കെ.രാജഗോപാലിൻ്റെ കവിത സൃഷ്ടിക്കുന്ന വർണ്ണരാജികളും അതുപോലെതന്നെ!
കുട്ടനാടിൻ്റെ ഈണവും മണമുള്ള ഒരു വൈക്കോൽ മുന സഹ്യനിലേക്ക് തല ചായ്ച്ചാൽ പമ്പാനദിക്കുണ്ടാകുന്ന അനക്കമില്ലായ്മയുണ്ട് ആ കവിതകളിൽ. അത്രത്തോളം ക്ലാസ്സിക് ശില്പം രാജഗോപാലിന് വഴങ്ങും. നെല്ലിൻ കുലയിൽ നെല്ലും പതിരും ആ നെല്ലിൻ്റെ തന്നെ പാൽച്ചാറും ഊറിക്കൂടിയിരിക്കുന്നതിൻ്റെ സൗന്ദര്യം കവിതയിൽ അലയടിക്കുന്നു.
വെളിമ്പറമ്പിലൂടിഴഞ്ഞു വരുന്ന വെളിയനാടൻ കാറ്റിൻ്റെ തിരയിൽ പാറ്റിപ്പെറുക്കിയ നെന്മണികൾ പെറുക്കി കൂട്ടിയ വാക്കുകൾ.അവ യോജിച്ചവ, പരദേശികളെ വേർപിരിച്ചവ കവിതയുടെ വിളവ് ചാക്കുകളിലും കുട്ട, വട്ടികളിലും മില്ലിലേക്ക് പണിക്കാർ ചുമന്ന് കൊണ്ടു പോകുകയായി. ‘ മറവി കുത്തുന്ന മില്ല് ‘സുസജ്ജമായ ഒരു കവിതയാകുന്നത് അങ്ങനെയാണ്.
മില്ലിരുന്നിടത്തന്ന്,
നെല്ലുകൂനകൾ കുമിഞ്ഞമരും ചോർപ്പിൽ,
കല്ലുംപോളയും തിരിയുന്നൊരള്ളറിൽ,
തുരങ്കത്തിൽപ്പെട്ട കാറ്റുകൾ
പാറ്റിപ്പറത്തും ഉമിക്കൂന –
ക്കിപ്പുറം നിന്നെ മാത്രം
ധ്യാനിച്ചു നില്കും നേരം
തുമ്മലേ, നെറുകിൻ്റെ ബെൽറ്റയഞ്ഞ്
ഓരോ വളയങ്ങളും തെറിക്കുമോ.
ചെളിയിലൂഴ്ന്ന് നടന്നു കയറി വരുന്ന കവിയുടെ കാല്പാദങ്ങൾ മില്ലിൻ്റെ തറയിൽ പതുങ്ങുന്നു. പാറി വീഴുന്ന ഉമിയും തവിടും പതുങ്ങിക്കിടക്കുന്നതിൻ്റെ പൊടി ആ ഹൃദയത്തിൻ്റെ അനക്കത്തിലുണ്ട്. കായൽ വകഞ്ഞ് തുഴയെറിഞ്ഞു വരുന്ന ബാല്യവും യൗവ്വനവും മില്ലിലിരിപ്പുള്ളത് കവിക്കറിയാം. വിതയും പൊലിയും തേവലും കൊയ്യലും ചവിട്ടും ചിക്കലും എല്ലാം കവിതയുടെ വാങ്മയരൂപത്തെ വലിയ കഥയാക്കി മാറ്റുന്നു..
littnow.com
Kanchana
April 20, 2022 at 4:44 am
വാങ്മയം പ്രപഞ്ചാകാരം പൂണ്ട് വിസ്മയമാകുന്നു.ആശംസകൾ.നന്ദിയും.