Connect with us

സാഹിത്യം

ജീവിതാവസ്ഥകളുടെ ദേശാന്തരമുഖങ്ങൾ

Published

on

ഡി. പ്രദീപ് കുമാർ

മുറിവേറ്റവരുടെ പാതകൾ
(യാത്രാവിവരണം)
ഹരിത സാവിത്രി
പേജ് 160,വില 200 രൂപ
ഗ്രീൻ ബുക്ക്സ്,തൃശൂർ

മലയാളികൾക്ക് ഏതാണ്ട് അജ്ഞാതമായ ദേശങ്ങളിലെ മനുഷ്യരുടെ
പോരാട്ടങ്ങളുടേയും അതിജീവനത്തിൻ്റേയും പ്രണയത്തിൻ്റേയും
സ്നേഹത്തിൻ്റേയുമൊക്കെ അപൂർവ്വമായ അനുഭവസാക്ഷ്യങ്ങളാണു ഈ
ഗ്രന്ഥം.‘എൻ്റെ യൂറോപ്യൻ രേഖാചിത്രങ്ങൾ‘ എന്ന ഉപതലക്കെട്ടുള്ള ഈ
യാത്രാവിവരണം ഹൃദയത്തെ തൊടുന്ന,അമ്പരപ്പിക്കുന്ന,
ജീവിതകഥനങ്ങളാണു. മിക്കപ്പോഴും കവിതാമയമായ തെളിഞ്ഞ
ആഖ്യാനശൈലി ,ചെറുകഥയ്ക്ക് സമാനമാാണു.
ബാഴ്സിലോണ സർവ്വകലാശാലയിൽ ഇംഗ്ളീഷ് ഭാഷാശാസ്ത്രത്തിൽ
ബിരുദാനന്തരബിരുദ വിദ്യാർത്ഥിനിയായി
സ്പെയിനെലെത്തി,സഹപാഠിയായ ഇവാനെ വിവാഹം
കഴിച്ച്,യൂറോപ്പിലേക്ക് ജീവിതം പറിച്ചുനട്ട കായംകുളംകാരിയായ ഹരിത
സാവിത്രി,കാഴ്ചകൾ കണ്ട് ആസ്വദിക്കാൻ അവിടെപ്പോയ ഒരു
വിനോദസഞ്ചാരിയല്ല. ഗവേഷകയും അദ്ധ്യാപികയുമായി അവർ
സഞ്ചരിച്ച ജീവിതപ്പാതകളിൽ കണ്ടുമുട്ടി,അടുത്തിടപെട്ടവരുടെ
ജീവിതമാണിതിൽ. പല ജനതകളുടേയും സ്വാതന്ത്രപ്പോരാട്ടങ്ങളുടെ
ചരിത്രസാക്ഷ്യം കൂടിയുണ്ടു,ഇതിൽ. ദേശയും ഭാഷയും പരിചിതമല്ലാത്ത
ഭൂവിഭാഗങ്ങളിലെ മനുഷ്യരുടെ നൊമ്പരപ്പെടുത്തുന്ന, അസാധാരണമായ
അനുഭവങ്ങളിലൂടെ ഹരിത നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നു.
“കൊടും നിശബ്ദത മൂടിയ ഒരു കുന്നിൻചരുവ്. കുറുക്കനെ
കണികണ്ടുണരുന്ന പ്രഭാതങ്ങൾ. ആകാംക്ഷയോടെ എത്തിനോക്കുന്ന
മാനുകൾ. ഓക്കുമരത്തിൻ്റെ കായകൾ തിന്നാനെത്തുന്ന കാട്ടുപന്നിയും
കുഞ്ഞുങ്ങളും..”ഇവാനു അപ്പൂപ്പനും അമ്മൂമ്മയും നൽകിയ ഗ്രാമത്തിലെ
വേനൽക്കാലവസതിയിലെ ഏകാന്തത.വിവാഹത്തിൻ്റെ ആദ്യനാളുകളിൽ,
ഹരിത പണ്ടെങ്ങോ ഉപേക്ഷിച്ച ചായങ്ങളുടെ ലോകം
തേടിപ്പോയി.സോഷ്യൽ മീഡിയയിൽ ഇട്ട ആ ചിത്രങ്ങളിലൂടെ അവർ
രേഖാചിത്രകാരിയായി അറിയപ്പെട്ടു തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ്
ഓൺലൈനിലെ ‘ദേശാന്തരം’കോളത്തിലേക്ക് ചിത്രങ്ങൾ വരയ്ക്കാനുള്ള
ക്ഷണം ലഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത്നടന്നില്ല.പക്ഷേ,‘സാൻഗ്രിയ‘ എന്ന കോളം പിറന്നു. ചുവന്ന വീഞ്ഞും
പഴങ്ങളും ഓറഞ്ച്നീരും ബ്രാണ്ടിയും ചേർത്ത രുചികരമായ
പാനീയത്തിൻ്റെ പേരാണത്-വിശേഷദിവസങ്ങളിൽ സ്പെയിനിലെ
അമ്മമാർ തയ്യാറാക്കുന്നത്.“പല വിഷയങ്ങൾ ചേർത്ത് നിർമ്മിച്ച
വിചിത്രമായ ഒരു കോക്ടെയിൽ പോലെയായിരുന്നു,ആ കോളവും”.
അതിൽ പ്രസിദ്ധീകരിച്ച 17 കുറിപ്പുകളുടെ സമാഹാരമാണു ഈ ഗ്രന്ഥം.


‘ഒരു ഹണിമൂൺ യാത്ര’യിൽ നിന്നാണു തുടക്കം. ഇവാൻ്റെ അച്ഛൻ്റെ
അമ്മയായ ഔറിയയുടെ അസാധാരണമായ പലായനത്തിൻ്റെ കഥകേട്ട്,800
കിലോമീറ്റർ അകലെയുള്ള ലിയോണിലേക്ക് ,അവർ വന്ന വഴികളിലൂടെ
ഹരിതയും ഇവാനും തിരിച്ചുപോയി- അവരുടെ ഹണിമൂൺ
യാത്രയായിരുന്നു,അത്. ഗാരേജിൽ പൊടിപിടിച്ചുകിടന്ന അപ്പൂപ്പൻ്റെ
പഴയ കാരവൻ പൊടിതട്ടിയെടുത്ത്,കാറിനു പിന്നിൽ ഘടിപ്പിച്ച്,
തീപോലെ പൊള്ളുന്ന ചൂടിൽ മരുഭൂഭി താണ്ടിയുള്ള ദുർഘടമായ യാത്ര.
അച്ഛൻ മരിച്ചതോടെ കൊറ്റും പട്ടിണിയിലായ കസീൽദ മകളായ
ഔറിയയേയും കോണ്ട് ,പച്ചക്കറികളുമായി പട്ടണത്തിലേക്ക് പോകുന്ന
കുതിരവണ്ടിയിൽ കയറി രക്ഷപെടുകയായിരുന്നു. അവിടെ നിന്ന്
അമ്മയും മകളും ,പന്നികളുമായി പോവുകയായിരുന്ന ട്രക്കിൽ കയറി
നാലുദിവസം യാത്രചെയ്ത്, ഒരു നഗരത്തിലെത്തി, പുതിയജീവിതം
കെട്ടിപ്പടുത്തു. യുദ്ധത്തിൻ്റെ മുറിപ്പാടുകളുമായി ജീവിക്കുന്ന ഒരു പഴയ
ഒളിപ്പോരാളിയെ അവർ വിവാഹം കഴിച്ചു. ഒറ്റയ്ക്കായ അമ്മ കസീൾദ
ഒരു ബ്രസീലിയൻ നാവികനെ വിവാഹം കഴിച്ച് അങ്ങോട്ട് പോയി..

ലാവൻഡറുകൾ പുത്തുലയുന്ന നീലമലകളുടെ ചെരിവിലുള്ള ആ
നാട്ടിലെത്തിയ ഇവാനും സാവിത്രിയും അമ്മൂമ്മയുടെ വീടുനിന്നിരുന്ന
സ്ഥലം കണ്ടു. ഗ്രാമത്തിലെ പ്രായമായവർ, പണ്ട് നാടുവിട്ടുപോയ
കസീൾദയേയും മകളേയും മറന്നിരുന്നില്ല. ഔറ അമ്മൂമ്മയുടെ കൂട്ടുകാരി
തെരേസ അവരെ കാണാനെത്തി.“തിരിച്ചുകിട്ടിയ സ്വന്തം
കൊച്ചുമകനെയെന്നപോലെ ആ അമ്മൂമ്മ ഇവാനെ
തഴുകിത്താലോചിച്ചു“.
മുന്നൂറു പേർ മാത്രം താമസിക്കുന്ന ഗ്രാമത്തിലെ വീട്ടിൽ ,പൈൻ
മരങ്ങൾ കൊണ്ടു നിർമ്മിച്ച മുറിയിൽ ചിത്രങ്ങൾ വരച്ചും പുസ്തകങ്ങൾ
വായിച്ചും നാളൂകൾ കഴിയുമ്പോൾ,ഹരിതയ്ക്ക് മനുഷ്യരെ കാണാൻ
തോന്നും. അവിടുത്തെ ഒരേയൊരു സ്ഥാപനമായ ബാറിൽ എപ്പോഴും
ഉത്സവാന്തരീക്ഷമാണു. ആദ്യമായി അവിടെ കയറിയപ്പോൾ ചറപറാ
വർത്തമാനം പറയുന്ന ഒരു പെൺകുട്ടിയെ പരിചയപ്പെട്ടു-
അഗ്നിഷ്ക,പോളീഷ് ഖനിത്തൊഴിലാളിയുടെ മകൾ. അസാധാരണമാംവിധം
പ്രകാശിക്കുന്ന പച്ചക്കണ്ണുകൾ. സ്വർണ്ണനിരത്തിലുള്ള മുടി. ടീഷർട്ടും
ബെർമുഡയും ധരിച്ച,നരച്ച കഷണ്ടിത്തലയുള്ള,വടികുത്തി നടക്കുന്ന ഒരു
വൃദ്ധനും ബാറിലുണ്ടായിരുന്നു.“എൻ്റെ കാമുകൻ മനോലോ“,അവൾ
പരിചയപ്പെടുത്തി.

ഹരിതയ്ക്ക് ഒരു ‘ബിക്കിനി’നൽകാൻ അയാൾ അഗ്നിഷ്കയോട് പറഞ്ഞു.
തന്നെ ബിക്കിനി ധരിപ്പിച്ച്,തൊട്ടടുത്ത സ്വിമ്മിങ്ങ്പൂളിൽ ഇറക്കാനാണെന്ന്
സംശയിച്ച് അമ്പരന്നുപോയി,അവർ. ബിക്കിനിയിടുന്നത് ഇഷ്ടമല്ലെന്ന്
കടുപ്പിച്ചുപറഞ്ഞപ്പോൾ, അവൾ പൊട്ടിച്ചിരിച്ചു. ബ്രെഡിനുള്ളിൽ ചീസും
ബേക്കണും വെച്ച സാൻഡ് വിച്ചാണത്.
കുടുംബമുണ്ടായിട്ടും ഏകനായിരുന്നു,മനോലോ. ലോകത്തിൻ്റെ
മൂന്നറ്റത്തുനിന്നു വന്ന അവർ മൂന്നുപേരും
സുഹൃത്തുക്കളായി.“പൊതുവായ ഒരു ഭാഷപോലും
ഞങ്ങൾക്കിടയിലില്ലായിരുന്നു. പക്ഷേ,ഉള്ളിലെവിടെയോ തണുത്ത
മഞ്ഞുകട്ടപോലെ ഉറഞ്ഞുകിടന്ന ഏകാന്തത ഞങ്ങളെ ഒരുമിച്ചു നിർത്തി“.
അപ്രതീക്ഷിതമായി,മനോല മരിച്ചു. നാലുവർഷം കഴിഞ്ഞ് എഴുതിയ
‘മനോലയുടെ ബിക്കിനി‘ എന്ന ഈ കുറിപ്പ് ഹരിത അവസാനിപ്പിക്കുന്നത്
ഇങ്ങനെ;ചില വാക്കുകൾക്ക് മറ്റാരുമറിയാത്ത ചില
അർത്ഥങ്ങളുമുണ്ടാകും. ഉദാഹരണത്തിനു,‘ബിക്കിനി‘ എന്ന വാക്കിനു
‘സ്നേഹം‘ എന്നുകൂടി അർത്ഥമുണ്ടെന്ന് എനിക്കല്ലാതെ ഈ ലോകത്ത്
വേറെ ആർക്കറിയാം?
‘യോയെസ്’,സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം കിട്ടാൻ വേണ്ടി ബാസ്ക്
ജനത നടത്തിയ വിമോചനസമരത്തിൽ രക്തസാക്ഷിയായ ഒരു
പോരാളിയുടെ കഥയാണു. ഐനോവ എന്ന ഒരു സുഹൃത്തിനെ
സന്ദർശിക്കാൻ ബാസ്ക്ക് കണ്ട്രിയിലെ ഓർഡീസിയ എന്ന ടൗണിലേക്ക്
സ്നേഹിതയായ ആഗയ്കൊപ്പം നടത്തിയ യാത്രയിൽ കണ്ട മൂന്നിതളുള്ള
ഇരുമ്പു സ്മാരകത്തിലെ ഒരു പേരിൽ നിന്നാണു ഐതിഹാസികമായ
ബാസ്ക് സ്വാതന്ത്യ്രസമരനായികയിലേക്ക് ഹരിത എത്തുന്നത്. ആ
പോരാട്ടം നയിച്ച ‘എത്ത’ എന്ന വിപ്ളവസംഘടയെ
നയിച്ചവരിലൊരാളായിരുന്നു,യോയെസ്. സാധാരണ ജീവിതത്തിലേക്ക്
മടങ്ങിവന്ന അവരെ മൂന്നുവയസുള്ള മകൻ്റെ മുന്നിൽ വെച്ച്
‘എത്ത‘പ്രവർത്തകർ തന്നെ വെടിവെച്ചുകൊല്ലുകയായിരുന്നു.
സ്വന്തം രാജ്യമില്ലാത്തവരാണു കുർദുകൾ. തുർക്കി,ഇറാൻ,ഇറാഖ്,സിറിയ
എന്നീ രാജ്യങ്ങളിലായി ചിതറിക്കിടക്കുന്നവർ. സിറിയയിലെ അഫിൻ
മലനിരകളിൽ സായുധസമരം നടത്തുന്ന വൈ. പി. ജെ എന്ന
പെൺഗറില്ലാസംഘടനയിൽ പ്രവർത്തിച്ച ഒരു പെൺകുട്ടിയെ ഹരിത
കണ്ടുമുട്ടുന്നത് ,തുർക്കിയുടെ ആക്രമണത്തിനെതിരെ അവിടെ നടന്ന ഒരു
പ്രതിഷേധപ്രകടനത്തിലാണു. വലിയ ദഫിൽ മുട്ടി, മധുരമുള്ള ഉറച്ച
ശബ്ദത്തിൽ പാടുന്ന അവളെ പരിചയപ്പെട്ടു.‘‘നിനക്ക് എന്നെ ലിലാൻ
എന്നു വിളിക്കാം. ശരിയായ പർ പേരു പറയാൻ എനിക്ക്
നിർവാഹമില്ല”. സായുധപരിശീലന ക്യാമ്പിൽ വെച്ച് ഒരു ഇറ്റാലിയൻ
എഞ്ചിനിയറുമായി പ്രണയത്തിലായ അവൾ തോക്ക് താഴെവെച്ച്,
മലയിറങ്ങി.19 വർഷമായി തുർക്കി ജയിലിൽ കിടക്കുന്ന കുർദ്
തൊഴിലാളി സംഘടനയുടെ സ്ഥാപകനും ‘അപ്പോ‘ എന്ന

ഓമനപ്പേരിലറിയപ്പെടുന്ന,കുർദുകളുടെ ദൈവവുമായ അബ്ദുല്ല
ഒഹ്ജലാലിനെക്കുറിച്ച് അവൾ പറഞ്ഞു. അപ്പോഴൊക്കെ ലിലാൻ്റെ
മുഖം തുടുക്കുകയും കണ്ണുകൾ നിറയുകയും ചെയ്തു.
സ്പെയിനിലെ ആന്തലൂസിയൻ പ്രദേശത്തെ മരീനാലേദ
അറിയപ്പെടുന്നത്,‘വിപ്ളവകാരികളായ കൃഷിക്കാരയ
കമ്മ്യൂണിസ്റ്റുകാരുടെ ഉട്ടോപ്യ’എന്നാണു. അവിടുത്തെ മേയർ
ഗോർദില്ലയെകുറിച്ചുള്ള ‘കമ്മ്യൂണിസ്റ്റ്’ എന്ന അദ്ധ്യായത്തിൽ
കൗതുകകരമായ രാഷ്ട്രീയപാഠങ്ങളുമുണ്ടു.
സ്പെയിനിൽ നിന്ന് സ്വതന്ത്രാസ്തിത്വം നേടാൻ കറ്റലോണിയൻ ജനത
ഗാന്ധിയൻ മാർഗ്ഗത്തിലൂടെ നടത്തുന്ന സമരത്തിൻ്റെ നേർചിത്രമാണു
‘കറ്റലോണിയയുടെ ഗാന്ധിമാർഗ്ഗം.റഫറണ്ടം നടത്തുന്നത് തടയാൻ വരുന്ന
സ്പാനിഷ് സിവിൽ ഗാർഡ്സിനു പൂക്കൾ നൽകി സ്വീകരിച്ചു, അവർ.
ഈ ചരിത്രമുഹൂർത്തത്തിൻ്റെ ഭാഗമാകാൻ അവിടെ ഹരിത എത്തിയത്
സഹപാഠിയായ ജോർഡിയുടെ ക്ഷണപ്രകാരം. ഒരു ക്യാമറയും
തൂക്കി,അയാളുടെ സ്കൂട്ടറിൻ്റെ പിറകിലിരുന്ന് ഹരിത കണ്ടത്
റഫറണ്ടത്തിനെത്തിയവരെ ആക്രമിക്കുന്ന സ്പാനിഷ്
ഗാർഡുകളെ.“വോട്ടിങ്ങ് നടക്കുന്ന സ്കൂളിനു മുന്നിൽ ബാനറുകളും
പൂക്കളും ചിതറിക്കിടന്നിരുന്നു. ഒരു മരണവീടു പോലെ കൂട്ടനിലവിളി
അവിടെയെങ്ങും അലയടിച്ചു”.
തോക്കുകളുതിർക്കുന്ന റബ്ബർബുള്ളറ്റുകൾക്ക് നടുവിൽ നിന്ന്, ഹരിത അവ
ക്യാമറയിൽ പകർത്തി. ഭരണകൂടം അടിച്ചമർത്താൻ ശ്രമിച്ചിട്ടും 92
ശതമാനം പേർ സമാധാനപരമായി ആ വോട്ടെടുപ്പിൽ പങ്കെടുത്തു.
“അവരുടെ നിറഞ്ഞ കണ്ണുകളിലെ ഇനിയും മാറാത്ത ഭയം കണ്ട്
എനിക്കും സങ്കടം വന്നു”. അവരോട് പറഞ്ഞു,“നിങ്ങളെപ്പോലെ ധീരരായ
ഒരു ജനതയെ ഞാൻ കണ്ടിട്ടില്ല”.
ഫിൻലാൻഡിലെ ധ്രുവപ്രദേശമായ ലാപ് ലാൻ്റിലെ ഔട്ടി എന്ന
കൊച്ചുഗ്രാമത്തിലേക്കുള്ള യാത്രയുടെ കഥയാണു ‘ധ്രുവമനുഷൻ’.
ഇവാൻ്റെ സുഹൃത്തായ ആന്ദ്രെ, ഫിൻലൻഡ് സർവകലാശാലയിൽ
ഹോസ്റ്റൽ മേറ്റായിരുന്നു. വർഷത്തിൽ പകുതിയും സൂര്യനുദിക്കാത്ത
പ്രദേശം.അവിടെ, റെയിൻ ഡിയറുകളെ വളർത്തി,അവയുടെ പാലു
കറന്നെടുത്താണു ചായ ഉണ്ടാക്കുന്നത്.നീർനായ മാംസവും,ഐസിൽ
ദ്വാരമുണ്ടാക്കി ചൂണ്ടയിട്ടു പിടിക്കുന്ന മീനുമൊക്കെ കഴിച്ച്
ജീവിക്കുകയാണു അയാളും ഭാര്യയും. ചിലപ്പോഴൊക്കെ,തണുപ്പിൽ
വിശന്നുവലഞ്ഞ് ഭക്ഷണം തേടി കരടികളെത്തുന്ന വീട്.
-അയാളെങ്ങനെ അവിടെയെത്തി?ഹരിതയ്ക്ക് അയാൾ കൈമാറിയ
ചെറിയ നോട്ടുപുസ്തകത്തിലെ അനുഭവക്കുറിപ്പുകളിൽ ആ
കഥയുണ്ടായിരുന്നു.

ആ ഡയറിക്കുറിപ്പുകളുടെ വിവർത്തനമാണു തുടർന്നുള്ള ഭാഗം. ഒരു
ചെറുകഥപോലെ മനോഹരമാണത്.
അത് അവസാനിക്കുന്നതിങ്ങനെ;ആന്ദ്രെ,നീയും നിൻ്റെ പ്രിയപ്പെട്ട
ഓഗിയും ചേർന്ന് എന്നെ ഒരു പാഠം പഠിപ്പിച്ചു. ഹൃദയം നയിക്കുന്ന
പാതയിലൂടെ യാത്ര ചെയ്യുന്നതിനെ മാത്രമാണു ജീവിതം എന്ന്
വിളിക്കേണ്ടത്.
അതേ,ലോകത്തെവിടെയും മനുഷ്യബന്ധങ്ങൾക്ക് അതിർവരമ്പുകളില്ല.
മനസുകൾക്ക് , വികാരങ്ങൾക്ക്
ഭൂമിശാസ്ത്രാതിർത്തികളില്ല.എല്ലായിടങ്ങളിലും ജീവിതപ്രതിസന്ധികളും
സമാനം. ഹരിതയുടെ ജീവിതവും യൂറോപ്യൻ യാത്രകളിൽ അവർ
അടുത്തറിഞ്ഞ ജീവിതപ്പോരാട്ടങ്ങളും അനുഭവങ്ങളും അതുകൊണ്ടു തന്നെ
നമ്മുടേതുകൂടിയാകുന്നു. അപൂർവ്വമയ ജീവിതാവസ്ഥകളിലൂടെയുള്ള
വ്യതിരിക്തമായ ദേശാന്തര സഞ്ചാരം എന്ന നിലയിൽ ഈ ഗ്രന്ഥത്തിനു
മലയാളയാത്രാവിവരണ സാഹിത്യത്തിൽ സവിശേഷമായൊരു
സ്ഥാനമുണ്ടു. കണ്ടു മറയുന്ന കാഴ്ചകളല്ല,അവ നൽകുന്ന
ഉൾക്കാഴ്ചകളാണു ഇതിൻ്റെ ഉൾക്കാമ്പ്.

കഥ

വാഹസം

Published

on

രാജ്‌കുമാർ ചക്കിങ്ങൾ

ഒരുപാട് രാവുകൾ ഇരുണ്ടു വെളുത്തപ്പോൾ, അവളും ഒരു പൗർണമി ചന്ദ്രിക. അഴകുകൾ ഏഴും വിടർന്നപ്പോൾ , ഏഴല്ല എഴുനൂറഴകെന്ന് വാഴ്ത്തിയോർ! വാനിലെ നക്ഷത്രക്കൂട്ടങ്ങൾക്കെ ല്ലാം അഴക് വാരിവിതറി, കുളിർ കോരിച്ചൊരിയുന്ന നിറനിലാവായി പുഞ്ചിരിതൂകി , കവികളെല്ലാം വാഴ്ത്തിപാടിയ , കാമുകന്മാരുടെ ഇഷ്ട്ടകാമിനിയാ യിനിൽക്കുമ്പോഴും, ജീവനും മരണത്തിനുമിടയിലെ ” വേലിയേറ്റങ്ങൾക്കും , വേലിയിറക്കങ്ങൾക്കും” ഹേതുവായിമാറി. അകന്നുനിൽക്കുമ്പോൾ കാണുന്ന ശീതളഛായയിൽ ആകൃഷ്ടരായി , നിന്നെ അടുത്ത് കാണാൻ മോഹിക്കുമ്പോൾ , അമ്പരിപ്പിക്കുന്ന, ദുര്‍ഗ്രാഹ്യമായ പ്രത്യക്ഷ ഭാവവും , അടിതെറ്റിവീണാൽ പതിക്കുക അഗാധ ഗർത്തങ്ങൾ…

നിന്നെ അകന്നുനിന്ന് ആസ്വദിക്കുന്നതാണ്, വരികൾക്ക് ഭംഗി.

തെളിഞ്ഞുകത്തുന്ന നിലവിളക്കിനുമുന്നിൽ, കൂപ്പുകൈകളുമായി , ഇഷ്ടദേവനെ മനസ്സിൽ ആവഹിച്ചു , മിഴികളടച്ചു ധ്യാനനിരതയായി , സന്ധ്യകൾക്ക് ആത്മസമർപ്പണം ചെയ്യുമ്പോൾ , അന്നും അവൾ പ്രാർത്ഥിച്ചു. ” ഇവിടെ നീയും ഞാനുമില്ല, നീതന്നെ ഞാനാകുന്നു. തിമിരം ബാധിച്ച ഒരു സൗഹൃദ സന്ധ്യയിൽ.. തുടക്കം തന്നെ ഒടുക്കമായിത്തീർന്ന കാവ്യജീവിതം….. എൻറ്റെ “സർക്കാർ മൊൻറ്റെ” വിധി നാളെയാണ്… അവനെ എനിക്ക് വേണം….

കഥയുടെ പിന്നാമ്പുറം ………..

സന്ധ്യ മേനോൻ…. അച്ഛനും അമ്മയും ഒരു അപകടത്തിൽപെട്ട് മരണമടയുമ്പോൾ, ഏഴുവയസ്സുപ്രായം. മുത്തച്ഛനും അമ്മുമ്മയുമായിരുന്നു പിന്നീട് അങ്ങോട്ട് അവളെ വളർത്തിവലുതാക്കിയത് . കുഞ്ഞുപ്രായത്തിൽത്തന്നെ അക്ഷരങ്ങളുടെ കളിത്തോഴിയായിരുന്നു സന്ധ്യ. പുരാണങ്ങളും , ഇതിഹാസങ്ങളും , മറ്റു സാഹിത്യകൃതികളും , കുഞ്ഞുനാളുതൊട്ടേ അവളോട് കൂട്ടുകൂടിയപ്പോൾ, അമ്മയും അച്ഛനും ഇല്ലാത്ത ബാല്യം , കഥകളും കവിതകളും നിറഞ്ഞതായി . പ്രകൃതിയോടും കൂട്ടുകൂടിയ അവൾ , സന്ധ്യകളെ വല്ലാതെ പ്രണയിച്ചു. ഇതുപോലൊരു സന്ധ്യയിലായിരുന്നു , വെള്ളത്തുണിയിൽ പൊതിഞ്ഞ അവളുടെ പ്രാണങ്ങളെ ഉമ്മറക്കോലായിൽ നിലവിളക്കിൻ തിരിക്കരികെ …. അവൾക്ക് ഒന്നും അറിഞ്ഞിരുന്നില്ല ..മറ്റുള്ളവരുടെ കണ്ണിലൂറുന്ന കണ്ണുനീരിൻറ്റെ പൊരുൾ അന്നുതൊട്ടേ അവൾ അന്വേഷിച്ചിരുന്നു ….. അവളുടെ കണ്ണിലെന്തോ കണ്ണുനീർ വന്നിരുന്നില്ല ! വേവലാതി തോന്നിയിരുന്നത് , മറ്റുള്ളവർ കരയുന്നതു കാണുമ്പോഴായിരുന്നു.

സന്ധ്യകൾ ഇരുളിന് വഴിമാറുമ്പോൾ അകത്തളങ്ങളിൽ ഏകാന്തത തളംകെട്ടും … ചീവീടുകളുടെ മൂളിപ്പാട്ട് , പരിഭവം പെയ്തൊഴിയുന്ന രാമഴയുടെ നിസ്വനവും , പെയ്തുതീരുമ്പോൾ ഇലകൾ പൊഴിക്കുന്ന തുള്ളികൾ , താളങ്ങൾ തീർക്കും ….. രാവിൻറ്റെ തേങ്ങൽപോലെ .. ഈ മരവിപ്പിൻറ്റെ യാമങ്ങളിൽ മനസ്സിൻറ്റെ മച്ചിൽപ്പുറങ്ങളിൽ കരുതിവച്ച ഈറൻവെടിഞ്ഞ ശാഖികൾ എടുത്തുകത്തിച്ചവൾ ജീവനുചൂടുപകർന്നുക്കൊണ്ടിരിക്കും.
ഏകാശ്രയമായിരുന്നു വയോദമ്പതികളും അവളെ വിട്ടുപിരിഞ്ഞു …….വിദ്യാഭ്യാസം നല്ലരീതിയിൽ കഴിഞ്ഞതിനു ശേഷം , അധ്യാപനമായിരുന്നു അവളുടെ ജീവിത ലക്‌ഷ്യം ..മലയാളം ഭാഷ അധ്യാപികയായി ഗ്രാമത്തിലെ സ്കൂളിൽ നിയമനം കിട്ടിയനാൾ തൊട്ട് , കുഞ്ഞുങ്ങളുമായുള്ള നാളുകൾ അവൾ നന്നായി ആസ്വദിച്ചു . കുട്ടികളിലെ സർഗ്ഗവാസനകൾ കണ്ടെത്താനും , അതിനെ പരിപോഷിപ്പിക്കാനും , പാഠ്യേതര വിഷയങ്ങൾ പകർന്നുകൊടുക്കാനും എന്നും മുന്നിൽ നിൽക്കും.

സ്കൂളിലെ മറ്റൊരു ഭാഷാധ്യാപകനാണ് വിനയചന്ദ്രൻ. സന്ധ്യ ടീച്ചറെ കണ്ടനാൾതൊട്ട് മനസ്സിൽ ഇഷ്ട്ടം കൊണ്ടുനടന്നു. അവർ ഒരുമിച്ചുള്ള സമയങ്ങൾ സാഹിത്യ ചർച്ചകളും, അധ്യാപനവൃത്തിയും , മറ്റു സാമൂഹിക വിഷയങ്ങളും എല്ലാം ധന്യമാക്കുന്ന നിമിഷങ്ങൾ… വിനയൻ മാഷിൻറ്റെ ഏകാന്ത നിമിഷങ്ങളെല്ലാം നിറയുന്നത് സന്ധ്യാടീച്ചർ…. ഒന്നും വായിച്ചെടുക്കാൻ ആവാത്തവിധമാണ് ആ മുഖം. കൂടുതൽ അടുത്തറിയണമെന്നുണ്ട്. എങ്ങിനെ തുടങ്ങണം , ഉള്ള സൗഹൃദവും നഷ്ടമാകുമോ? എന്നും ആ ഉദ്യമത്തിൽ നിന്ന് അയാൾ പിൻവാങ്ങിയിരുന്നത് ഈ ഭയമാണ്. പറയാതെ എങ്ങിനെ അറിയാനാണ്? ടീച്ചർ എഴുതാറുണ്ട് എന്നറിയാം. ഒന്നും വായിക്കാൻ തരാറില്ല.. ആ വരികളിൽ ഒന്ന് മിഴിനട്ടാലെങ്കിലും എന്തെങ്കിലും…

അവരുടെ പരിചയം രണ്ടുവർഷം പിന്നിടുമ്പോഴും , ഒരടി മുന്നോട്ടോ , പിറകോട്ടോ അനങ്ങാതെ , അനങ്ങാനാവാതെ ഒരേ നിൽപ്പിലാണ് വിനയൻ മാഷ്.
സ്കൂളിൽനിന്നും അടുത്ത ദിവസം പോകുന്ന വിനോദയാത്ര, ടീച്ചറും വരുന്നുണ്ട്.. അവസരം കിട്ടിയാൽ തുറന്നു പറയണം. അയാൾ തീരുമാനിച്ചു.

ഇന്ന് വൈകിട്ടാണ് യാത്രപുറപ്പെടുന്നത്.. കുട്ടികൾ എല്ലാവരും നല്ല ഉത്സാഹത്തിൽ കൂട്ടം കൂട്ടമായിനിന്നു തങ്ങളുടെ സ്കൂൾ വിദ്യാഭ്യാസത്തിന്റ്റെ അവസാന വർഷം , നല്ലൊരു ഓർമ്മയാക്കാനുളള ഒരുക്കത്തിലാണ്. മൈസൂർ , ബാംഗ്ളൂർ എന്നിവടങ്ങളിലേക്കാണ് യാത്ര… മൂന്ന് ദിവസം കഴിഞ്ഞേ മടങ്ങിവരൂ… യാത്രക്കുള്ള ടൂറിസ്റ്റ് ബസ് വന്നു സ്കൂൾ മൈതാനത്തു പാർക്ക് ചെയ്തു. കുട്ടികൾ തികഞ്ഞ അച്ചടക്കത്തോടെ ഓരോരുത്തരായി അവനവൻറ്റെ ഇരിപ്പിടങ്ങൾ സ്വന്തമാക്കി …. ആൺകുട്ടികൾ ബസ്സിൻറ്റെ പിറകിലെ ഇരിപ്പിടങ്ങൾ സ്വന്തമാക്കുമ്പോൾ, പെൺകുട്ടികൾ ടീച്ചർമാർ ശ്രദ്ധവരുന്ന സ്ഥലങ്ങൾ തിരഞ്ഞെടുത്തു . കൃത്യസമയത്തുതന്നെ അവർ യാത്ര പുറപ്പെട്ടു …..

മൈസൂർ ബൃന്ദാവൻ ഗാർഡൻ… മനോഹരമായ ഒരു സന്ധ്യ…. സംഗീത സാന്ദ്രമായ ജലധാരകൾ….സന്ധ്യടീച്ചർ ഒരു സ്വപ്നത്തിൽ എന്നപോലെ ആകാശത്തിൽ നക്ഷത്രകുമാരനെ നോട്ടമിട്ട് ഇരിക്കുകയായിരുന്നു … തെല്ലകലെ നിന്ന് വിനയചന്ദ്രൻ പതിയെ ടീച്ചറുടെ അരികിൽ വന്നുനിന്നു ….

ടീച്ചറെ ….. അയാൾ പതിയെ വിളിച്ചു …
അ… മാഷേ …. അവൾ എഴുനേൽക്കാൻ തുടങ്ങി …
ഞാൻ ടീച്ചറെ ബുധിമുട്ടിച്ചോ? എന്തോ ആലോചനയിൽ ആയിരുന്നു …..
ഹായ് അങ്ങിനെ ഒന്നുമില്ല …… മാഷിന് എന്തോ പറയാനുണ്ട് എന്ന് തോന്നുന്നു …..
പറയാനുള്ളത് എന്താണ് എന്ന് ടീച്ചർക്ക് അറിയാമായിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോവുകയാണ് …
മാഷ് പറയു ….. എനിക്ക് എങ്ങിനെ അറിയാനാണ് …… മുഖവര വേണ്ട ….

അയാളിൽ അവശേഷിച്ച ധൈര്യവും ചോർന്നുപോയപോലെ ….. ടീച്ചറുമായുള്ള സൗഹൃദം …. അതാണ് അയാൾ ഇഷ്ടപ്പെടുന്നത് …. ഒരു നിമിഷം കൊണ്ട് അത് ഇല്ലാതെയായാൽ . പറയാത്തതുകൊണ്ട് ഇഷ്ട്ടം അറിയാതെ പോയാൽ ?

അയാൾ പെട്ടന്ന് മൗനിയായി …….
മാഷേ … എന്തോ പറയാനുണ്ട് എന്ന് പറഞ്ഞല്ലോ ? മാഷ് വിഷമിക്കണ്ട . എനിക്കറിയാം മാഷിന് എന്താണ് പറയാനുള്ളത് എന്ന് …. വർഷങ്ങളായുള്ള ഏകാന്ത ജീവിതമാണ് എനിക്ക്. ഒരു ചികിത്സക്ക് പോലും ബാക്കിയില്ലാത്തതാണ് ഈ ജീവിതം , എന്റ്റെ സ്വഭാവം .. ആശ്വസിപ്പിക്കാനാരുമില്ലാത്തതിനാൽ വിഷമം എന്താണ് എന്ന് അറിയില്ല. നാളേക്കുറിച്ചു ഞാൻ ഒന്നും കാണാറില്ല മാഷേ …. ഒരു സ്ത്രീക്ക് ജീവിക്കാൻ കൂടെ ഒരു പുരുഷൻ വേണം എന്ന് ഞാൻ കരുതുന്നില്ല! ഈ ജീവിതത്തിൽ ഇനി അങ്ങിനെ ഒന്ന് തോന്നിക്കൂടായ്കയില്ല ! ഇതാണ് എനിക്ക് പറയാനുള്ളത് …..

മാഷേ …..
ഉം … അയാൾ അവളുടെ മുഖത്തേക്ക് നോക്കി …… ” നമുക്ക് നമ്മുടെ സൗഹൃദം തുടരാം” എന്നും നല്ല സുഹൃത്തുക്കൾ ….

മാഷ് എന്നും കയ്യിൽ കരുത്താറുള്ള “നാരങ്ങാ മിടായി” ഉണ്ടോ ? സ്നേഹത്തോടെ തരുന്ന ആ മിടായിയിൽ ഞാൻ ഒരുപാട് മധുരം നുകരാറുണ്ട് ..
അയാൾ , പുറത്തു തൂക്കിയിരുന്ന ബാഗിൽനിന്നും ഒരു പൊതിയെടുത്തു .. നിറച്ചും നാരങ്ങാമിടായികൾ
“ഇത് മുഴുവനും എടുത്തുകൊള്ളൂ” അയാൾ അത് അവൾക്കുനേരെ നീട്ടി …

വേണ്ട മാഷേ …. ഒരെണ്ണം മതി …. ആ ഓറഞ്ചുനിറമുള്ളത് …….
അതിൽനിന്നും ഒരു മിടായി എടുത്ത് നുണഞ്ഞുകൊണ് അവൾ ആ വെള്ളി വെളിച്ചത്തിലേക്ക് നടന്നു ….. ജലധാരയിൽനിന്നും പാറിവരുന്ന കണികകൾ അവളെ പൊതിഞ്ഞു …..

മ്യൂസിക്കൽ ഫൗണ്ടൻ കഴിഞ്ഞപ്പോൾ അവർ മടങ്ങാൻ തുടങ്ങി …വെളിയിൽ നിർത്തിയിട്ടിരുന്ന ബസ്സിലേക്ക് ഓരോരുത്തരായി വന്നുകേറുന്നു ….

ടീച്ചർ …..വനജയെയും, ഫഹദിനെയും കാണുന്നില്ല …. ഒരു ഇടിവെട്ട് പോലെയാണ് എല്ലാവരും അത് കേട്ടത്!

വന്നകുട്ടികളെ ബസ്സിൽ ഇരുത്തി കുറച്ചുഅധ്യാപകർ അവരെ തിരക്കി ഇറങ്ങി …. അവർ ഗാർഡൻ മുഴുവൻ തിരഞ്ഞു … ഉടൻതന്നെ പോലീസിൽ അറിയിക്കാം .. ഒരു മാഷ് അഭിപ്രായപ്പെട്ടു …

അവർ തമ്മിൽ ഇഷ്ട്ടത്തിലാണ് ടീച്ചർ …. ഒരു ആൺകുട്ടി എഴുനേറ്റ് നിന്ന് പറഞ്ഞു ..
എല്ലാര്ക്കും അറിയുന്ന കാര്യമാണെങ്കിലും , അവർ ഒളിച്ചോടും എന്ന് ആർക്കും അറിയില്ലായിരുന്നു ..

പോലീസ് കേസ് രജിസ്റ്റർ ചെയ്ത് , ഒരു നാൾ വൈകിയാണ് അവരുടെ മടക്കയാത്ര …കുട്ടികളുടെ വീടുകളിൽ കാര്യങ്ങൾ ധരിപ്പിച്ചു ..
പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല , ഫഹദിന് പതിനെട്ട് വയസ്സാണ് ….

വിനോദയാത്രകഴിഞ്ഞുവെന്ന് ഒരു മാസം കഴിയുകയാണ് … കുട്ടികളുടെ തിരോധാനത്തെക്കുറിച്ചു അന്വേഷണം എവിടെയും എത്തിയിട്ടില്ല അന്നുവരെ …പന്ത്രണ്ടാം ക്ലാസ്കാരുടെ കൊല്ലവര്ഷ പരീക്ഷയുടെ തിയതി വന്നു .. കുട്ടികൾ ഹാൾടിക്കറ്റ് വാങ്ങുന്ന തിരക്കിലാണ്… അന്ന് സന്ധ്യടീച്ചറുടെ വീട്ടിൽ ..

വായനാമുറിയിലിരുന്ന് സന്ധ്യ വായനയിലായിരുന്നു …. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു … നിർത്താതെയുള്ള കാളിങ് ബെൽ ശബ്ദം കേട്ട് അവർ ഉമ്മറവാതിൽ തുറന്നു ….

ടീച്ചർ ഞങ്ങളെ രക്ഷിക്കണം….
സന്ധ്യ നടുങ്ങി നിൽക്കുകയാണ് , മുന്നിൽ ഫഹദും വനജയും …..
നിങ്ങൾ എവിടായിരുന്നു കുട്ടികളെ , നിങ്ങൾ എന്ത് അവിവേകമാണ് ഈ കാട്ടിയത്.? അവരുടെ കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി ….
ഞങ്ങൾ എല്ലാം പറയാം ടീച്ചർ…..
ശരി നിങ്ങൾ അകത്തോട്ട് വരൂ … അവർ കുട്ടികളെ അകത്തുകയറ്റി വാതിൽ അടച്ചു ….

എന്ത് തന്നെ നിങ്ങൾ പറഞ്ഞാലും നിങ്ങൾ ചെയ്തത് ശരിയായില്ല … ഒന്നും തിരിച്ചറിയുന്ന പ്രായമല്ല നിങ്ങളുടേത്. ഒരു ആവേശത്തിൽ തീർക്കാൻ ഇത് സിനിമയല്ല , ജീവിതമാണ്…. ഇത് എന്തെങ്കിലും ആലോചിച്ചോ നിങ്ങൾ?
ശരി നിങ്ങൾ വിശ്രമിക്കു… ഞാൻ വഴിയുണ്ടാക്കാം…. അവർ ഫോണെടുത് വിനയചന്ദ്രൻ മാഷിനെ വിളിച്ചു , കാര്യങ്ങൾ ധരിപ്പിച്ചു … മാഷുടെകൂടെ അഭിപ്രായം കേട്ടതിന് ശേഷം , സ്കൂൾ പ്രധാനഅധ്യാപകനെ വിളിച്ചു വിവരം ധരിപ്പിച്ചു …..

കുട്ടികളെ ഇപ്പോൾ ഇത് മാൻമിസ്സിംഗ് കേസ് ആണ് … നിയമപരമായി മാത്രമേ ഇനി ഈ വിഷയം തീർക്കാൻ പറ്റു. നിങ്ങൾ അവിവേകം ഒന്നും കാട്ടരുത്. ഞാൻ നിങ്ങളെ സഹായിക്കാം ..
ഇല്ല ടീച്ചർ , ഞങ്ങൾ ഇനി അവിവേകം ഒന്നും കാട്ടില്ല .. ടീച്ചറെ വിശ്വാസമാണ്… ഞങ്ങൾക്ക് പരീക്ഷയെഴുതണം ടീച്ചർ. അറിയാതെ ചെയ്ത തെറ്റ് പൊറുക്കണം ..
അല്പസമയത്തിനുള്ളിൽ പ്രധാനഅധ്യാപകനും , വിനയൻ മാഷും അവിടെ എത്തി ….

ഞാൻ പോലീസിൽ അറിയിച്ചിട്ടുണ്ട് …
അവരുടെ സംസാരത്തിനിടയ്ക്ക് അവിടെ പോലീസ് വാഹനം വന്നു … കാര്യങ്ങൾ എല്ലാം തിരക്കി അവർ കുട്ടികളെ കസ്റ്റഡിയിൽ എടുത്തു …

പോലീസ് സ്റ്റേഷനിൽ കുട്ടികളുടെ ബന്ധുക്കൾ എത്തിയിരുന്നു .. വികാരപരമായ ഒരുപാട് രംഗങ്ങൾ…
“നാളെ കോടതിയിൽ ഹാജരാക്കി , കോടതി പറയുന്നതുപോലെ ചെയ്യാം ….നിങ്ങൾ എല്ലാരും ഇപ്പോൾ
പോയിക്കൊള്ളുക .. നാളെ കോടതിയിൽ വന്നാൽ മതി ….

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കളുടെ കൂടെ പോകാനും വേറെ കുസുകൾ ഉണ്ടെങ്കിൽ അത് വേറെ വേറെ കൊടുക്കാനും ഉത്തരവായിക്കൊണ്ട് കോടതി പിരിഞ്ഞു …

വാർത്തകൾ പൊടിപൂരമാക്കി അനവധിനാളുകൾ…..പരീക്ഷയുടെ ചൂടെല്ലാം അടങ്ങിയ ഒരു നാൾ. അതാ വരുന്നു അടുത്ത വാർത്ത .. പെൺകുട്ടി ഗർഭിണിയാണ്.. ഫഹദിനെതിരെ ബാലപീഡനത്തിനായി കേസുമായി വനജയുടെ വീട്ടുകാർ .

ഫഹദ് പീഡിപ്പിച്ചതല്ല , ഉഭയകക്ഷി സമ്മതത്തോടെയാണ് എന്ന് വനജ കോടതിയിൽ….

ഇങ്ങിനെ ഒരു മകൾ നമ്മൾക്കിനിയില്ല , അവളായി അവളുടെ പാടായി …. വനജയെ വീട്ടുകാർ കൈ ഒഴിഞ്ഞു .. ഫഹദിൻറ്റെ മാതാപിതാക്കന്മാർ വലിയ ബിസിനസ്സുകാരാണ്. ധാരാളം സ്വാധീനം ചെലുത്തിയും ധനം വിനിയോഗിച്ചും മകനെ അവർ കേസിൽനിന്നും രക്ഷപ്പെടുത്തി …..

എനിക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് വനജയോടൊപ്പമാണ് . ഫഹദ് ടീച്ചറോട് പറഞ്ഞു … അവളെ ഞാൻ നോക്കും…
എല്ലാരും ഉപേക്ഷിച്ച വനജയെ കോടതി സർക്കാർ അനാഥമന്ദിരത്തിൽ സംരക്ഷിക്കാൻ കല്പിച്ചു .. സംഭവ ബഹുലമായ ഒരുപാട് ദിവസങ്ങൾക്കൊടുവിൽ വനജയുടെ സംരക്ഷണം സന്ധ്യടീച്ചർ ഏറ്റെടുത്തു ..വനജ ഇപ്പോൾ പൂർണ്ണ ഗർഭിണിയാണ് .. നഗരത്തിലെ നല്ലൊരു നഴ്സിംഗ് ഹോമിലാണ് അവളെ അഡ്മിറ്റ് ചെയ്തത് ..
എല്ലാം നോർമൽ ആണ് …. ഇത് ഇപ്പോൾ ഡെലിവറി സിംറ്റംസ്‌ തന്നെയാണ്. പൈനും തുടങ്ങിട്ടുണ്ട് …. ഡോക്ടർ സന്ധ്യയോട് പറഞ്ഞു .. എവെരിതിങ് ഈസ് പെർഫെക്റ്റ് …..

അഡ്മിറ്റ് ആയതിന്റെ രണ്ടാം നാൾ വനജ പ്രസവിച്ചു… ആൺകുട്ടി … സുഖപ്രസവം …
സന്ധ്യ കുഞ്ഞിനെ എടുത്ത് ലാളിച്ചു … എല്ലാം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു… പ്രസവശേഷം സംഭവിക്കുന്ന അമിത രക്തസ്രാവം, ഡോക്ടർമാരുടെ നിയത്രണങ്ങൾക്കും അപ്പുറമായിരുന്നു വിധി …..

നിയമപരമായി കുഞ്ഞിനുള്ള സംരക്ഷണം നൽകാനുള്ള കേസ് ഫഹദിൻറ്റെ വീട്ടുകാർ ശക്തമായി നടത്തി … കോടതി വിധി വരുന്നതുവരെ കുഞ്ഞിന്റ്‌റെ സംരക്ഷണം സർക്കാർ മേൽനോട്ടത്തിൽ ശിശു സംരക്ഷണ വകുപ്പിൻകീഴിൽ … നാലുവർഷം നീണ്ട നിയമയുദ്ധം.. വനജയുടെ കുഞ്ഞിന് സർക്കാർ എന്നാണ് പേരിട്ടിരുന്നത്.. സർക്കാർ കുഞ്ഞിന് “ഓട്ടിസം” എന്ന അസുഖം ഉണ്ട് എന്ന് അറിഞ്ഞ ഫഹദിൻറ്റെ വീട്ടുകാർ കേസിൽനിന്നും പിൻവാങ്ങിയിരുന്നു ….. തുടർന്നുളള നിയമപോരാട്ടത്തിൽ അവസാന വിധിയുടെ നാളാണ് നാളെ….അവനെ ഞാൻ വളർത്തും …..ഇവനായിട്ടായിരിക്കാം ഞാൻ ഇങ്ങിനെ ജനിച്ചത്………

അവൾക്ക് ഉറങ്ങുവാനെ കഴിഞ്ഞില്ല ………..

littnow.com

design: Sajjayakumar proam

littnowmagazine@gmail.com

Continue Reading

കഥ

പെണ്ണ് ചത്ത എഴുത്തുകാരൻ

Published

on

അർജുൻനാഥ് പാപ്പിനിശ്ശേരി

അങ്ങനെ ആ പെണ്ണ് ചത്തു.ഹൃദയം പൊട്ടി മരിച്ചപ്പോൾ അവളിലുണ്ടായ ആ കരിഞ്ഞ മണം വീടിന്റെ മൂലയിലും മറ്റും ഇപ്പോഴും പറ്റിപിടിച്ചിട്ടുണ്ട്. അപ്പന്റെ ഫോട്ടോയ്ക്ക് വലത് വശത്തായി ഇന്നലെ മുതൽ അവളും സ്ഥാനം പിടിച്ചപ്പോൾ ,മരിച്ച അപ്പന്റെ അതെ കണ്ണുകൾ അവളിലും ചേർന്നത് പോലെ.
പുലർച്ചക്കോഴി ഉണരുന്നതിന് മുൻപുണരുന്ന പെണ്ണ് പതിവിന് വിപരീതമായി അന്ന് എഴുന്നേക്കാതെ കട്ടിലിൽ തന്നെ പറ്റിപിടിച്ചിരുന്നതും കണ്ട് ഭ്രാന്ത്പിടിച്ചു തൊഴിക്കാൻ നോക്കിയപ്പോഴാണ് മാക്സിയിൽ പുതഞ്ഞ അവളുടെ മരവിച്ച ശരീരത്തിലേക്ക് എന്റെ കൈകൾ പതിഞ്ഞത്.കഴിഞ്ഞ രാത്രി നാൽക്കാലിയായി വന്ന എന്റെ മുന്നിലേക്ക്‌ വന്ന അവളെ ഞാൻ അടിച്ചതും, ആ അടിയുടെ ബാക്കിപത്രമെന്ന പോലെ അവളുടെ കരണത്ത് ഇപ്പോഴും അവശേഷിച്ച ആ വിരൽപാടും പേറി അവൾ പോയി.
അവൾ ഒരു പാവമായിരുന്നു.ഭ്രാന്തനായി ഇഴഞ്ഞു വരുന്ന എന്റെ മുന്നിലേക്ക്‌ വരുന്ന, ഓച്ഛാനിച്ചു നിൽക്കുന്ന ഒരു പാവം.എന്നും എന്റെ തുപ്പലും ആട്ടും മാത്രം സമ്മാനിക്കപ്പെട്ട ആ “എച്ചിൽ പാത്ര”ത്തിന്റെ രൂപമുണ്ടായിരുന്ന അവൾ ഈയിടെയാണ് ”മനുഷ്യസ്ത്രീ”യായി മാറിയത്.അപ്പന്റെ വലുത് വശത്തായി അവൾ മറഞ്ഞപ്പോൾ, ഒന്ന് കരയാൻ പോലും പറ്റാതെ, ഒരു ഉമ്മ വെക്കാൻ പോലും പറ്റാതെ ചത്തവനെ പോലെ ഞാൻ ഇരുന്നു….
മകനിപ്പോൾ വയസ് 8 ആണ്, മകൾക്ക് 7.ആ രണ്ട് ശരീരത്തിൽ ചിരി കാണാറില്ല. അതിന് കാരണങ്ങളായി ഒന്നാം സ്ഥാനത്ത് ഞാനും രണ്ടാം സ്ഥാനത്ത് മദ്യപാനവും ഉണ്ട്.
ഇങ്ങനെയൊക്കെ ആലോചിച്ചിരിക്കുമ്പോഴാണ് അടിപൊള്ളി കരിഞ്ഞുങ്ങിയ ചായയുടെ കരിഞ്ഞ മണം എന്റെ മൂക്കിലെത്തിയത്.മൂത്രത്തിൽ കുഴഞ്ഞ മക്കൾ ഇനിയും ഉണർന്നിട്ടില്ല. അവരുടെ ആ പുതിയ ശീലവും അടുത്തിടെയാണ് തുടങ്ങിയത്.എന്നും പുലർച്ചെ കുട്ടികളെ ഉണർത്തി മൂത്രം ഒഴിപ്പിച്ചു കിടത്തുന്ന അവളുടെ ആ പതിവിൽ നിന്നും മാറ്റം വന്നതിനാലാകാം അവരുടെ ഈ പുതിയ ശീലം.
അടുപ്പിനും പത്രങ്ങൾക്കും എല്ലാം ഒരു മൂകത. പെണ്ണ് ചത്തതിന്റെ സങ്കടവും ഉണ്ട്, കൂടെ എന്നോടുള്ള ദേഷ്യവും. എന്നും നാലുകാലിൽ വന്ന ശേഷമുള്ള യുദ്ധത്തിൽ മരിക്കുന്നത് ഇവരാണ്.
കറി വയ്ക്കാനായി ഫ്രിഡ്ജ് തുറന്നപ്പോഴാണ് ഓക്കാനത്തിന്റെ ആ ചുവ എന്റെയുള്ളിൽ വന്നത്.വിവാഹസമ്മാനമായി അമ്മാവൻ തന്ന ആ ഫ്രിഡ്ജിന്റെ ഉള്ളിൽ നിന്നും ഇതു വരെ അതുപോലൊരു മണം ഉണ്ടായിരുന്നില്ല.ലൈറ്റ് ഓഫ്‌ ചെയ്യുമ്പോൾ അറിയാതെ പറ്റിയതാകാം, അതിനു കാരണവും പെണ്ണ് തന്നെ.മരണശേഷമുള്ള മൂന്ന് ദിവസവും മക്കൾക്ക് ആ വീട്ടിൽ പുകയുയർന്നിരുന്നില്ല.എല്ലാ ദിവസവും അതിരാവിലെ ആറുമണിയാകുമ്പോൾ വീട്ടിൽ നിന്നും ഉയരുന്ന പുകയും പെണ്ണിന്റെ ചുമയും, മൂന്ന് ദിവസം പതിവിന് വിപരീതമെന്ന പോലെ ഇല്ലാതായിരുന്നു. ഹോട്ടലിൽ നിന്നും വാങ്ങിയ പൊതിച്ചോറിൽ ഞാൻ കഴിച്ച കുറച്ചു വറ്റൊഴിച്ചു,ബാക്കിയെല്ലാം കഞ്ഞിപാത്രത്തിലായിരുന്നു.എന്നും പഴത്തൊലിയും ചോറും നിറഞ്ഞ ആ കഞ്ഞിവെള്ളം സേവിച്ചിരുന്ന നാല് ‘പശു’ക്കളിൽ ഒന്ന് ഇന്നലെയായിരുന്നു ചത്തത്.പെണ്ണിന് ഏറ്റവും പ്രീയപ്പെട്ടത് പെണ്ണും ആ കാലിയും ഒരുപോലെയായിരുന്നു എന്നതും സത്യം.
അവൾക്ക് ഏറെയും ആ കാലികളുടെ മണമായിരുന്നു.ചിലപ്പോഴൊക്കെ അവയുടെ ശബ്ദം കേട്ടാണ് ഉണരാറുള്ളത്.പെണ്ണിന് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കുട്ടനെയാണ്.പച്ചപുല്ലും കാടിവെള്ളവും ആണ് അവനിഷ്ടം.
രാവിലെ ഏഴുമണിയാകുമ്പോൾ എത്തുന്ന മീൻക്കാരന് ചിലപ്പോൾ അവൾ പശുവിന്റെ പാലും കൊടുക്കാറുണ്ട്.അയാൾ അവൾ വാങ്ങിയ മീനിന്റെ പൈസയിൽ നിന്നും കുറയ്ക്കും. അപ്പോൾ അവിടെ ചേരുന്ന വർത്തമാനത്തിന്റെ പിന്നിൽ എന്റെ കറുത്തകണ്ണുകളും ഉണ്ടാകാറുണ്ട്.
ചിലപ്പോളൊക്കെ അവളുടെ വിയർപ്പിന് കണ്ണീരിന്റെ ഉപ്പ് മണമായിരിക്കും. അതിനും കാരണക്കാരനായി ഞാൻ മുന്നിൽ തന്നെയുണ്ട്.അടുത്ത വീട്ടിലെ വാടകക്കാർ കഴിഞ്ഞ ആഴ്ചയാണ് മാറിയത്.ഉയരം കൂടിയ മതിലിൽ ഏന്തിവലിഞ്ഞു സൊറ പറയുന്ന പെണ്ണിനെ അവരുടെ മുന്നിൽ വച്ചു തല്ലി, അതായിരുന്നു കാരണം. അപ്പൻ തന്ന ശീലത്തിന്റെ പുറത്ത് അപ്പോൾ ചെയ്ത കുറ്റത്തിന് അന്ന് രാത്രി തന്നെ കിടപ്പുമുറിയിൽ വച്ചു കുമ്പസാരം നടത്തിയിട്ടുമുണ്ട്.പക്ഷെ അതിന്റെ എട്ടാം നാൾ പെണ്ണ് ചത്തു.
പെണ്ണ് ചത്തതിനാൽ മക്കൾക്ക് നൽകിയ നാല് ദിവസത്തെ അവധി ഇന്ന് കഴിയും.അലക്കാനുള്ള തുണി തിരയുന്നതിനിടയിലാണ് പെണ്ണിന്റെ മണം വീണ്ടും വന്നത്.അന്ന് ഞാൻ വാങ്ങി കൊടുത്ത സാരീയും ആ കൂട്ടത്തിൽ കണ്ടു.
“നാളെ യൂണിഫോം വേണമച്ഛാ”എന്ന് മോൾ പറഞ്ഞപ്പോഴാണ് ആ കാര്യം ഓർമ വന്നത്. മോൾ പഠിക്കുന്ന അതെ സ്കൂളിലാണ് മകനും പഠിക്കുന്നത്.അപ്പന്റെ നീല സ്കൂട്ടറിൽ പോകാനുള്ള പൂതികൊണ്ട് ചിലപ്പോഴൊക്കെ അവർ ബസ് മിസ്സാക്കാറുണ്ടായിരുന്നു.
പെണ്ണുമായി ഞാൻ ആകെ മിണ്ടാറുള്ളത് ഫോണിൽ കൂടെ മാത്രമാണ്.അതും ചിലപ്പോൾ ഒരു മൂളൽ അല്ലെങ്കിൽ ദേഷ്യത്തിൽ.പെണ്ണിനോടുള്ള പ്രേമായിരുന്നു അതിനും കാരണം.അപ്പൻ കെട്ടിച്ചു തന്നതെങ്കിലും അവളോടുള്ള പ്രേമം ഉള്ളിൽ മാത്രമായിരുന്നു.
പെട്ടെന്ന് വയറിൽ നിന്നും നോട്ടിഫിക്കേഷൻ സൗണ്ട് വന്നപ്പോഴാണ് ഉച്ചയൂണിന്റെ കാര്യത്തെ പറ്റി ഓർമ്മവന്നത്. സമയം 12 മണി കഴിഞ്ഞിരുന്നു.വീടിനോടുള്ള കവലയിലെ തട്ടുകടയിൽ ചെന്നു.വർഷം 8 കഴിഞ്ഞ ആ ചായക്കടയിലെ പതിവ് ചായയ്ക്ക് ഇന്ന് അത്ര രുചി തോന്നിയിരുന്നില്ല.മക്കൾക്കുള്ള പാർസലിന് പൈസ കൊടുത്ത് കാത്തുനിൽക്കുമ്പോഴാണ്, പെണ്ണിന്റെ മരണത്തെ പറ്റി പറയുന്നത് കേട്ടത്.അതിനിടയിൽ ചില ചൂണ്ടുവിരലുകൾ എന്റെ നേരെയും ഉണ്ടായിരുന്നു.പാർസൽ തുകയും ചായയുടെയും തുകയായ നൂറ്റിയിരുപതു രൂപയിൽ അൻപതു രൂപ കടം പറയേണ്ടി വന്നു.പെണ്ണുള്ളപ്പോൾ ഈ അവസ്ഥ ഇല്ലായിരുന്നു,സിപ്പ് പൊട്ടിയ അവളുടെ ബാഗിൽ നിന്നും ഇടയ്ക്കിടെ കാശ് എടുക്കുന്നത് ഒരു പതിവായിരുന്നു.
പാർസൽ വാങ്ങി തിരികെ വരുമ്പോൾ വീടിന്റെ വരാന്തയിൽ മുറ്റമടിക്കുന്ന മോളെയാണ് കണ്ടത്.അവളിൽ പെണ്ണിനേയും.
പെണ്ണ് ചത്തിട്ടു ഇന്ന് മൂന്നാഴ്ച കഴിഞ്ഞിരിക്കുന്നു.പക്ഷെ ഇപ്പോഴും അവൾ ഇവിടെ തന്നെയുണ്ട്.മക്കൾ വരാൻ സമയമായിരിക്കുന്നു.അവർ വന്നാൽ വാർത്ത കാണാൻ കഴിയാൻ പറ്റില്ലെന്ന ഓർമയിൽ ഏറെ നേരത്തെ തിരച്ചിലിനോടുവിൽ റിമോട്ട് കണ്ടെത്തി വാർത്ത കാണുന്ന തിരക്കിനിടയിലാണ് ഫോണിൽ ആ ഫേസ്ബുക്ക്‌ നോട്ടിഫിക്കേഷൻ വന്നത്. “Today is Priya rajesh birthday!”

littnow.com

design Sajjayakumar proam

littnowmagazine@gmail.com

Continue Reading

കവിത

മറവിയുടെ പഴംപാട്ട്

Published

on

ജിത്തു നായർ

ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്
ആരൊക്കെയോ ഇല്ലാgതെ പോയവർ
അശരണരായലയുന്ന മരുഭൂവിൽ
മണലിൽ കാലടികൾ പോലും പതിയില്ല…

പിൻവാങ്ങാൻ കഴിയാതെ
അടരുവാൻ കഴിയാതെ
മനസ്സൊട്ടി പോയ പഴംപാട്ടുകളിൽ
പാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്..

ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെ
അകന്നു പോയ വെളിച്ചം തിരികെ
വന്നെങ്കിലെന്നോർത്ത്
ആർത്തിയോടെ കൊതിക്കുന്നവരുണ്ട്..

അറ്റ് പോയ കിനാവുകളേക്കാൾ
ചേർത്തു പിടിച്ചിട്ടും മുറിവിന്റെ നോവ്
സൃഷ്ടിക്കുന്ന ചിന്തകളുടെ ഭാരം
സഹിക്കാൻ പറ്റാത്തവരുണ്ട്..

ചേർന്ന് നിൽക്കാൻ ചേർത്ത് പിടിക്കാൻ
കൈകളില്ലാത്ത ലോകത്തെ നോക്കി
മൗനമായി വിലപിക്കുവാൻ മാത്രം
മനസ്സ് വിങ്ങുന്നവരുണ്ട്…

മറവിയുടെ ആഴങ്ങളിൽ പഴമ കഴുകി
പുതുമയുടെ സൗരഭ്യങ്ങളിൽ
മുങ്ങിക്കുളിക്കുന്നവർ ഓർക്കാറില്ല
അറ്റ് പോയ മുറിയുടെ മറു വേദന..

littnowmagazine@gmail.com

Continue Reading

Trending