കവിത
അതിരുകൾ പറയുന്നത്…
ഡോണാ മേരി ജോസഫ്
എന്റെ ആകാശം അവസാനിച്ചിരിക്കുന്നു
നിന്റെ പൂന്തോട്ടത്തിന് മീതെ തന്നെ.
അവിടെ നിന്റെ മാത്രം ആകാശം
നിനക്ക് മാത്രം അറിയാവുന്ന പൂക്കൾ
നിന്നോടൊത്തു വളരുന്ന ചെടികൾ
നിനക്ക് മാത്രം പരിചിതമായ സുഗന്ധം
വെള്ളവും വളവും
അളവൊപ്പിക്കാനും നിന്റെ കൈകൾക്ക് മാത്രമേ അറിയൂ.
എനിക്ക് നോക്കാം
ഒരു വേലിക്കെട്ടിനപ്പുറം നിന്നു പുറമെ കാണുന്ന തഴപ്പിനെ.
കുറ്റം പറയാം ഇനിയും നീളാത്ത ചില്ലകൾക്ക്
നൽകാനാവാത്ത തണുപ്പിനെ.
വെള്ളം കൂടിപ്പോയത് കൊണ്ട് അഴുകിയതും
കുറഞ്ഞത് കൊണ്ട് മുരടിച്ചതും എന്നേക്കാളേറെ നിനക്കറിയാം.
പുറത്തായ കളകളുടെ അവകാശത്തിന് വേണ്ടി
ഞാൻ സമരം ചെയ്യുമ്പോഴും
നിന്ന കാലത്ത് അവ ഞെരിച്ച നാമ്പുകളെ നീ കണ്ടിട്ടുണ്ട്.
പണിപ്പെട്ടു പറിച്ചെറിഞ്ഞിട്ടും പോവാത്തവയെ,
വിഷമടിച്ചാലും വീണ്ടും വേരോടാൻ വെമ്പുന്നവയെ,
പ്രതിരോധിച്ചു നീ മടുത്തതുമറിയാം.
നിന്റെ പൂന്തോപ്പിലെ ഋതുഭേദങ്ങൾ
എന്റേതുമായി താരതമ്യപ്പെടുത്താറുണ്ട് ഞാൻ.
എന്റെ വേനലെന്തേ ആ അതിരിനപ്പുറം മഴയായി?
എന്റെ വസന്തങ്ങളെങ്ങനെ അവിടെ ശിശിരമായി?
ഇവിടെ തളിരുകൾ നാമ്പിട്ട കാലത്ത്
നിന്റെ തോട്ടത്തിലെങ്ങനെ ഇലകൾ പൊഴിഞ്ഞു പോയി?
ഒരേ ഭൂമിയിൽ ഓരോ ജീവിതത്തിനും ഓരോ കാലാവസ്ഥയാണെന്നോർക്കാഞ്ഞിട്ടല്ല.
ഇവിടെ കൊച്ചരിപ്രാക്കൾ പിറന്ന നേരം
അവിടെ കാലൻകാക്ക മലച്ചു വീണത് കാണാഞ്ഞിട്ടുമല്ല.
അതിരുകൾ ആത്മകഥ പറയുന്നത്
കേൾക്കാഞ്ഞിട്ടു തീരെയുമല്ല.
ഞാനെന്റെ പൂക്കൾക്ക് മാത്രം തോട്ടക്കാരനും
മറ്റെന്തിനും കാഴ്ചക്കാരനുമാണല്ലോ.
ആത്മഹർഷത്തിന്റെ പരമോന്നതിയിൽ,
തിരുത്തലില്ലാതെ തിരക്കിട്ടോടുമ്പോൾ,
യാത്ര മുടക്കി, ഒന്ന് നിൽക്കാൻ പ്രേരിപ്പിച്ച്
എന്റെ മുറ്റത്തു കേറും വരെ,
പടിവാതിലിൽ തട്ടി വിളിക്കും വരെ
നിന്റെയൊരു നോവും വേവും പോലും എന്റെയല്ല.
എങ്കിലുമെനിക്ക് ബാക്കി പറയാതിരിക്കാനാവുമോ?
തീരെയില്ല.
ബഹുസ്വരതയെത്ര മുറവിളി കൂട്ടിയാലും,
നോവിൽ മുരണ്ടാലും
തൻകാര്യമാകുമ്പോൾ ഏതൊരുവനും
സ്വന്തം പേരാണല്ലോ ആദ്യം എഴുതിച്ചേർക്കുക.
അതിരുകൾ ആദ്യം പറയുന്നതും അതാണല്ലോ.
littnowmagazine@gmail.com
You must be logged in to post a comment Login