സാഹിത്യം
മോചനത്തിന്റെ സുവിശേഷം-7
സുരേഷ് നാരായണൻ
ഒരായിരം
നീയെടുത്തുള്ളപ്പോൾ അഥവാ നിന്നെക്കുറിച്ചുള്ള ചിന്തകൾ അടുത്തുള്ളപ്പോൾ ദിനങ്ങൾ മാംസളമാകുന്നു ;
ദീനങ്ങൾ എന്ന വാക്കോ,
നിഘണ്ടുവിൽ നിന്നപ്രത്യക്ഷമാകുന്നു.
ആവോളം മീൻ പൊരിച്ച്
പൂച്ച വയറുകൾക്കു
കൊടുക്കാൻ തോന്നുന്നു.
ന്നട്ട്,
‘നാലു കാലുകളില് വീഴണ മാജിക് ഒന്ന് പഠിപ്പിക്ക്യോ’ ന്ന് ചോദിക്കണം.
അക്ഷമ നിറഞ്ഞ മണിയടിയുടെ
അകമ്പടിയോടെ തപാൽക്കാരനപ്പോൾ
കടന്നുവന്ന്,
‘നിങ്ങൾക്കൊരായിരം രൂപയാരോ അയച്ചിരിക്കുന്നു’ എന്നൊറ്റ ശ്വാസത്തിൽ പറയുന്നു.
ആരത് എന്ന ചോദ്യത്തിന്റെ മാറ്റൊലിയിൽ പൊരിച്ച മീനുകളും പൊരിക്കാത്ത പൂച്ചകളും ഓടിയൊളിക്കുന്നു.
‘അറിയില്ല; വിലാസത്തിന്റെ സ്ഥാനത്ത്
ഒരു ഹൃദയാടയാളം മാത്രം ‘എന്നയാൾ കൈമലർത്തുന്നു.
കൂട്ടിരിപ്പുകാരൻ
നെഞ്ചു തടവിക്കോണ്ട് നീ ഒപ്പിടുന്നു.
വിരലുകളറിയാതെയപ്പോൾ എന്റെ നെഞ്ചിലേക്കു നീളുന്നു.
സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ
നിൻറെ വിളക്കിലേക്ക് എണ്ണ പകരുന്ന ജോലിയെങ്കിലും എന്നെ ഏൽപ്പിക്കുക
എന്നു തിരുമ്മുന്നു.
വിധി അതിന്റെ വിറകുകൊള്ളികളുമായ് വന്നാലും, നിന്റെ പ്രസംഗവേദിക്കു
തീ കൊടുത്താലും
കനലിൽച്ചവിട്ടി നീ സംസാരം തുടരവേ,
നീ കൊളുത്തിയ
ഉൾവിളക്കിൻ ചൂടറിഞ്ഞു തുടങ്ങുന്നു ഞാൻ.
രണ്ടു മഴകൾ
കോഫി ഹൗസിലിരുന്ന്
ബൈബിൾ വായിച്ചിട്ടുണ്ടോ ?
കാത്തിരിപ്പിന്റെ പുസ്തകങ്ങളാണ് രണ്ടും.
രണ്ടു മഴകളപ്പോൾ ഒരുമിച്ചു പെയ്യും;
കോഫീഹൗസിന്റെ ചില്ലുജാലകങ്ങളിലും വായനക്കാരന്റെ കൺ ജാലകങ്ങളിലും.
കാത്തിരിപ്പിന്റെ സ്നാന ഘട്ടങ്ങൾ
കാത്തിരിക്കാനായ് പാകപ്പെട്ട
ഒരു ശരീരമായിരുന്നു അവൾ.
ക്ഷമയുടെ ജപമാലകൾ കോർത്തുകൊണ്ട് ആകാശത്തിലൂടെ അവധാനതയോടെ സഞ്ചരിച്ചവൾ.
കാത്തിരിപ്പിന്റെ പുസ്തകമായ്
രൂപാന്തരപ്പെട്ടു പോയിരുന്നു
അവളുടെ ചിറകുകൾ.
littnowmagazine@littnow
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്.
രചനകൾ അയക്കുമ്പോൾ ഒപ്പം വാട്സ്പ് നമ്പരും ഫോട്ടോയും അയക്കുക .
You must be logged in to post a comment Login