സാഹിത്യം
ഏറനാടിന്റെ കീഴാള ജീവിതത്തുടിപ്പുകൾ
ഡി. പ്രദീപ് കുമാർ
അഡ്വ. ടി.പി. രാമചന്ദ്രന്റെ ആദ്യ നോവലായ ചേറുമ്പ് അംശം ദേശം ഒരു ദേശചരിതമാണ്. ഒരു കീഴാള ജനസമൂഹത്തിന്റെ അരനൂറ്റാണ്ട് മുൻപുള്ള ജൈവ പരിസരങ്ങളിൽ നിന്നാരംഭിച്ച്, മൂന്ന് തലമുറകളിലൂടെ,ഏറനാടൻ ഗ്രാമ്യജീവിതത്തിന്റെ അപരിചിതമായ നാൾവഴികളിലൂടെ നമ്മൾ സഞ്ചരിക്കുകയാണിവിടെ.
പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലുള്ള ചേറുമ്പ്
ഗ്രാമത്തിന്റെ ജീവിതത്തുടി പ്പുകൾ ഒപ്പിയെടുത്ത കാല്പനിക
ആഖ്യാനങ്ങളാൽ സുന്ദരമാണ് തുടക്കം. അതിൽ ദേശ, സാംസ്ക്കാരിക
മുദ്രകൾ നിറഞ്ഞു നില്ക്കുന്ന ചരിത്രവും പുരാവൃത്തങ്ങളും ഇഴചേർന്ന
കഥകളുണ്ടു്. ജീവസ്സുറ്റ കഥാപാത്രങ്ങളുണ്ട്. ചാരുതയാർന്ന നാട്ടുഭാഷയുണ്ട്.
തീക്ഷ്ണമായ അനുഭവങ്ങളുടെ ഋജുവും സത്യസന്ധവുമായ ആഖ്യാനമാണീ
നോവൽ.ഇത് അഭിഭാഷകനായ രവി താണ്ടിയ കനൽവഴികളിലൂടെയുള്ള
തിരിഞ്ഞു നടത്തമാണ്. തന്റെ ആത്മാംശമുള്ള രവി എന്ന കഥാപാത്രത്തിൽ
ആഖ്യാതാവിന്റെ ജീവിതം നിറഞ്ഞു നില്ക്കുന്നുണ്ട്.
മുത്തച്ഛൻ കോപ്പുവിൽ നിന്നാണ് ആ വംശവൃക്ഷാഖ്യാനത്തിന്റെ തുടക്കം.
‘പനയുടെ കൊരലിൽ കയറിയിരുന്ന്’ വിസ്തരിച്ച് മുറുക്കുന്ന കോപ്പു.
ചെത്താൻ കയറിയ പനയുടെ ചുവട്ടിൽ അയാൾ വീണു മരിച്ചു
കിടന്നപ്പോൾ , കാളിയമ്മയുടെ ഗർഭപാത്രത്തിലായിരുന്നു , അപ്പു.
അയാളുടെ മകനാണ് രവി.
ചീട്ടുകളിയും, പന്തുകളിയും കാളപൂട്ടുമായി ജീവിതം ആഘോഷിച്ചു നടന്ന
അപ്പുവിന്റെയും, ദാരിദ്ര്യത്തിന്റെ നടുവിൽ പിറന്നുവീണ രവിയുടേയും
ജീവിതമുഹൂർത്തങ്ങളിൽ കടന്നുവരുന്ന അവിസ്മരണീയ കഥാപാത്രങ്ങൾ
ധാരാളമുണ്ട്. അവരുടെ ഭാഷയും , ശൈലിയും മാത്രമല്ല, അടുപ്പിൽ
വേവുന്ന വിഭവങ്ങളുടെ രുചിഗന്ധങ്ങളും നിറഞ്ഞു നില്ക്കുന്നുണ്ട് , ഈ
രചനയിൽ .
കനലിൽ പപ്പടം ചുട്ട്, രാവിലെ ചായയ്ക്കാപ്പം കഴിക്കുന്നവർ .’ഗുളികനും
പറക്കുട്ടിക്കും വല്യ മ്മൾക്കും നീചനും’ ആത്മാക്കൾക്കും റാക്കും കള്ളും
നേദിക്കുന്നവർ. ചങ്ങൻകോഴിയെ അറുത്ത്, നീചന് രക്തം വാർത്ത് നൽകി,
കോഴി കൊറകും, ശർക്കര മണക്കുന്ന വാർത്തപ്പവും ചാരായത്തോടൊപ്പം
അനുഷ്ഠാനപരമായി കഴിക്കുന്നവർ .അവിടെ ,ഒന്നിനാത്രം പൊന്ന
പെണ്ണുങ്ങൾ ചെത്തിക്കൊണ്ടുപോകുമ്പോൾ വാങ്ങിവച്ച കള്ള്, ആണുങ്ങൾ
കുടിച്ചത് ബാക്കിയുണ്ടെങ്കിൽ, ഒരു മോന്ത് മോന്തി , ഒരു ചീനാപറങ്കിമുളകും
കടിച്ച്, കിടക്കപ്പായയിലേക്ക് പോകുന്ന പെണ്ണുങ്ങൾ പറങ്കൂച്ചി
തോട്ടങ്ങൾ.’കുണ്ടെെനെടാഴികൾ’.’ ഡാസർട്ടു വിളക്കുകൾ കുണ്ടൻപിഞ്ഞാണങ്ങൾ .ചേപ്രത്തരങ്ങൾ…മാമ്പുറത്തെ തങ്ങൻമാർക്കും കാടാമ്പുഴ ഭഗവതിക്കും ഓരോ ഉറുപ്പിക
വീതം ഉഴിഞ്ഞ്, പിടിയരി പാത്രത്തിലിട്ട് വയ്ക്കുന്നവർ – ബദരീങ്ങളെനിരീച്ച് ഓമാന്നൂർ ശുഹദാക്കളുടെ പെട്ടിയിൽ നേർച്ചയിടുന്നവർ….
അസാധാരണമായ ആത്മബന്ധങ്ങളുമുണ്ട് , ഇവിടെ. രവിയുടെ
ചങ്ങായിയുടെ അമ്മയായ ചെറിയോൾ താത്ത, അയാൾ പത്തു
പാസാകാനായി ജാറം മൂടിയാണ് പ്രാർത്ഥിക്കുന്നത്. തന്നെ സ്നേഹിച്ച
ടീച്ചറമ്മ മരിച്ചപ്പോൾ,രവി 15 ദിവസമാണ് പുല ആചരിച്ചത്. ഹൃദയത്തിൽ
നിന്നൂറുന്ന സ്നേഹ ശ്രോതസുകൾ ..
ജീവിതത്തിൽ വ്യതിരിക്തത പുലർത്തുന്ന ഒട്ടേറെ ഗ്രാമീണരും ഇതിൽ
കടന്നുവരുന്നുണ്ട് -ചെറിയാപ്പു,ലെവൽ അബ്ദുക്ക , ബാപ്പു അധികാരി,
നാസർമാനു , ചോയിപാപ്പാൻ .. അവരുടെ ഓരോരുത്തരുടേയും ജീവിത
കഥകൾ വികസിപ്പിച്ച്, നോവലുകളാക്കാൻ തക്ക പരിസരങ്ങളിലാണ് അവർ
വ്യാപരിക്കുന്നത്.ചില ഭാഗങ്ങളിൽ ഒരു നോവലിന്റെ അയഞ്ഞ ശില്പഘടനയാണെങ്കിലും,
മറ്റു ചിലപ്പോൾ ഇതിന് ഓർമ്മക്കുറിപ്പുകളുടെ യഥാതഥാഖ്യാന
ശൈലിയാണുള്ളത്.
നമ്മുടെ സാഹിത്യത്തിൽ ഏറെയൊന്നും ആവിഷ്ക്കരിക്കപ്പെടാത്തതാണ്
ഏറനാട്ടിന്റെ ഇന്നലെകളും ഭാഷയും. തൊട്ടുത്ത വള്ളുവനാടാകട്ടെ,
എം.ടിയുടേയും ചെറുകാടിന്റേയും നോവലകളിലൂടെ മലയാ
സാഹിത്യത്തിന്റെ ഉമ്മറത്തു തന്നെ സ്ഥാനം പിടിക്കുകയും ചെയ്തു.
ഏറനാട്ടിലെ അധ:സ്ഥിതരുടെ കാമക്രോധങ്ങൾ നിറഞ്ഞ ജീവിത
പരിസരങ്ങളേയും ഭാഷയേയും ആചാരാനുഷ്ടാനങ്ങളേയും
വൈവിധ്യങ്ങളേയും വീണ്ടെടുത്ത് , സാഹിത്യത്തിന്റെ മുഖ്യധാരയിൽ
പ്രതിഷ്ഠിച്ചിരിക്കുന്നു, ടി.പി. രാമചന്ദ്രൻ. ഗ്രാമീണ ജീവിതത്തിന്റെ
പച്ചയായ ആവിഷ്ക്കാരമെന്ന നിലയിൽ ,ഇതിന്റെ ആദ്യ ഭാഗങ്ങൾക്ക്
കാല്പനികമായ ചാരുതയുള്ളപ്പോൾ , അവസാന ഭാഗങ്ങൾക്ക്
പത്രറിപ്പോർട്ടുകളുടെ വസ്തുതാകഥനസ്വഭാവമാണുള്ളത്. അത്
ഡോക്യുമെന്റേഷനായി രൂപാന്തരം പ്രാപിക്കുന്നു .പക്ഷേ, ഒരു
നോവലിന്റെ ശില്പവും സൗന്ദര്യവും വിട്ട്, ചിലപ്പോഴൊക്കെ ഇത്
കേവലമായ വസ്തുതാഖ്യാനം മാത്രമായി ചുരുങ്ങുന്നുണ്ട്, രവിയുടെ
യൗവനം മുതൽ. കാരണം, ഇവിടെ കഥാപാത്രങ്ങളുടെയൊന്നും
ഉൾത്താപങ്ങളിലൂടെ അധികം സഞ്ചരിക്കുന്നില്ല ,ആഖ്യാതാവ്.
രവിയുടെ ജീവിതം വഴിതിരിച്ചു വിട്ട ദാസേട്ടനും , സഫലമാകാതെ പോയ
പ്രണയത്തിലെ നായികയായ രജനിയും മിന്നിമറയുക മാത്രം ചെയ്യുന്നത്
അതിനാലാണ്. ഇവിടെ നിർമ്മമനാകുന്നു , ആഖ്യാതാവ്..
വൈകാരിക തീവ്രതയുള്ള ആഖ്യാനത്തിലൂടെ, ജീവിതത്തെക്കുറിച്ച് ഓരോ
രചനയും പുതിയ ഉൾക്കാഴ്ചകൾ നൽകേണ്ടതുണ്ട്.അനുഭവങ്ങളുടെ
തീവ്രതയാൽ, ഉൾക്കാമ്പുള്ള രചനയായി തന്നെ ഇത് നിലനില്ക്കും.
ഏറനാടൻ നാട്ടുമൊഴിയുടെ ശക്തി മാത്രമല്ല, അതിന് കാരണം.
‘ചേറുമ്പ് അംശം ദേശം’ വലിയൊരു അതിജീവിനത്തിന്റെ
അനുഭവാഖ്യാനമാണ്. നിത്യവൃത്തിക്കായി റേഷൻ കട ജീവനക്കാരനായും,
പത്രവിതരണക്കാരനായും, വക്കീലിന്റെ സഹായിയും
ഗുമസ്ഥനുമാെക്കെയായും ജീവിച്ച,നിശ്ചയദാർഢ്യത്തിലൂടെ അഭിഭാഷകനായും
പൊതുപ്രവർത്തകനായും വളർന്ന ഒരാളുടെ ജീവിതത്തിൽ നിന്നുയിർക്കൊണ്ട
കഥയാണിത്.
പലർക്കും പ്രചോദനം നൽകാനുതകുന്ന ഈ ജീവിതാനുഭവങ്ങളുടെ
തീക്കനലിൽ ചവുട്ടി, എഴുത്തിലും ശ്രദ്ധേയനാകുകയാണ്, ഈ ആദ്യ
രചനയിലൂടെ, മലപ്പുറത്തെ പ്രമുഖ സാംസ്കാരിക സംഘാടകനായ അഡ്വ.
ടി.പി. രാമചന്ദ്രൻ . മുൻപ് ഒരിക്കൽ പോലും ഒരു കഥയും
എഴുതിയിട്ടില്ലാത്ത ടി.പി. രാമചന്ദ്രൻ ,കോവിഡ് കാലത്ത് ഫേസ്ബുക്കിൽ 46
ഭാഗങ്ങളായി , ടച്ച്സ്ക്രീനിൽ വിരൽ കൊണ്ടെഴുതിയ കഥയും
ജീവതവുമാണ്ചേറുമ്പ് അംശം ദേശം എന്ന ഈ നോവലായി
പ്രസിദ്ധീകൃതമായത്. ഈ കൃതിക്ക് ആർട്ടിസ്റ്റ് സഗീർ വരച്ച ജീവൻ
തുടിക്കുന്ന രേഖാചിത്രങ്ങൾ മിഴിവേറെ നൽകുന്നുണ്ട്.
littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക. littnowmagazine@gamil.com
രാധാകൃഷ്ണൻ
June 18, 2022 at 11:20 am
ചേറുമ്പുഅംശംദേശം മറ്റൊരു ഘസാക്ക്, അല്ലേ?