കവിത
തവസി

റാസി
തിരോന്തരത്ത് ലൊരു പോര് തവസിയുണ്ട്
വഴിയോരങ്ങളിൽ ചെർയ ചെർയ ലുലുമാളം
കെട്ടി പൊഴച്ച് തുരന്ന് പോകുകയാണ് തവസി.
ലിന്തോഫിയൻ കവി ദരീൻഷെയയെ-
യനുകരിച്ച് ജീവിതപേശയിൽ കളറ് മുക്കാതെ ഉടുത്തോണ്ട് നടക്കുന്നു.
നാണോം മാനോം പള്ള് വിളിക്കുമ്പൊഴും പരിചിതരോടെല്ലാം കടം ചോദിക്കും.
കഞ്ഞിവീത്ത്
അന്നദാനം
വിളിക്കാത്തകല്യാണം
ടീപാർട്ടികൾ ഒന്നും വിടൂല.
പ്രേം മത്തനെക്കുറിച്ചോ
പ്രേം നസീറിനിക്കുറിച്ചോ വാതുറക്കാതെ
പ്രേം നിമിഷങ്ങളിടിച്ച് പിഴിഞ്ഞ്
മുതുകത്ത് പുരട്ടിയുറങ്ങും.
പൊത്തകങ്ങൾ, പുത്തകങ്ങൾ
പൊത്തി പൊത്തി വെയ്ക്കാനിടമില്ലാതെ
തവസി.
അനുഫവവും
കബിതേം കദേ൦ നോഫലും ഗുറിപ്പും
നിരൂബാണവും തൊടുക്കാൻ
“അനുശീലനം ഡാഷ് മോനാൻടാ ഡാഷ് മോളെന്ന്”റാത്തീബ് വാളെടുക്കും തവസി.
യെ൦പീനാരായണപിള്ളയല്ലേ
തവസിയുടെയെഴുത്തുസ്താദ്.?
അഭിമാന്യൂസ്ഹള് തവസിയെ
ബേക്കടിയാംഗ്യഭാഷയിലിരുത്തി
തോന്നർക്ക്
തോന്നും ബോലെയവതരിപ്പിക്കാൻ
പറ്റിയ ഐറ്റംമേനല്ല തവസി.

കവിത
പ്രതിരാമായണം

രാജന് സി എച്ച്
1
ഊർമ്മിള
പ്രവാസികളുടെ ഭാര്യമാർക്കു
ചരിത്രത്തിലിടമുണ്ടാവുമെങ്കിൽ
ആദ്യത്തെയാൾ ഊർമ്മിളയാകുമോ?
ഭർത്തക്കന്മാരെ കൺചിമ്മാതെ
കാത്തിരുന്ന ഭാര്യമാരിൽ
ആദ്യഭാര്യ?
ഉത്തരവാദിത്തങ്ങളുടെ
ഭാരമേറിയ ഉത്തരങ്ങളെ
തളരാതെ താങ്ങി നിർത്തേണ്ടവൾ?
ലോകം വീടോളം ചുരുങ്ങിപ്പോയവൾ?
കാലം ഉത്തരവാദിത്തങ്ങളുടെ ചുമലായവൾ?
കരയാനുള്ള കണ്ണീരിൽപ്പോലും
അളവ് സൂക്ഷിക്കേണ്ടവൾ?
ഓർമ്മകളുടെ ആകാശങ്ങൾക്കു
ചിറക് തുന്നിയവൾ?
എപ്പോഴും തന്നിലേ നോക്കി
നടക്കേണ്ടവൾ?
പ്രവാസികളുടെ ഭാര്യമാരോളം
ഭാര്യമാരായ ഒരു ഭാര്യയുമില്ല.
അവരുടെ പേരാകുന്നു
ഊർമ്മിള.
2
രാവണായനം
പത്തു തലയാവുന്നതാണ്
പ്രയാസം.
ഓരോ തലയിലും
കണ്ണും കാതും മൂക്കും പോലെ
തലച്ചോറും കാണുമല്ലോ.
പത്തു ബുദ്ധി,പത്തു മനസ്സ്
പത്തു വിഡ്ഢിത്തം,പത്തു ചിന്ത
ഒരേ സമയം.
ആലോചിക്കാനേ വയ്യ
ഒന്നിനൊന്ന് വ്യത്യസ്തമായ
ചിന്തകളാവുമ്പോൾ.
ഒരാൾക്കൂട്ടത്തിന്റെ ചിന്തകൾ
ഒറ്റയുടലിൽ.
സമാധാനമുണ്ട്,
ഹൃദയമൊന്നേയുള്ളൂവെന്നതിൽ.
ഹൃദയവും പത്തെങ്കിൽ
എന്റെ രാവണാ,
നിന്റെ പുഷ്പകത്തിൽ
പറത്തിയെടുക്കാനാവുമായിരുന്നു
എത്ര സീതമാരെ?
3
രാമായണവായന
അധികാരിയുടെ വീട്ടിൽനിന്ന്
അപ്പോൾ രാമായണവായന,
മുത്തശ്ശൻ പറയുമായിരുന്നു.
നമ്മുടെ വീട്ടിലോ,യെന്ന്
അച്ഛൻ ചോദിച്ചിരുന്നുവത്രെ.
നമ്മുടെ കൂരയിൽ
എല്ലാവരുടേയും വയറ്റിൽ
രാമായണവായന,
മുത്തശ്ശൻ പറയുമായിരുന്നത്രെ.
അതു കേൾക്കാതിരിക്കാനാണത്രെ
കള്ളക്കർക്കടകത്തിൽ
തമ്പുരാക്കന്മാരുടെ
രാമായണവായന.
രാമാ!
4
മായാസീത
മായാ സീതയേയുള്ളൂ
മായാ രാമനില്ല.
പുരുഷനേ കാണൂ
മായാകന്യകളെ.
സ്ത്രീക്കെന്നാൽ
യാഥാർഥ്യമാണ്
പുരുഷൻ.
സ്വപ്നങ്ങളിലേ
അവർ വർണം ചാലിക്കൂ.
യാഥാർഥ്യങ്ങളിൽ
അവരറിയും
പുരുഷന്റെ പൊള്ളത്തരം.
അപ്പോഴേക്കും
കാലം കഴിഞ്ഞിരിക്കുമെങ്കിലും.
5
വരച്ചവര
ലക്ഷ്മണരേഖ
ഒരു രേഖയേയല്ല.
കുടുംബം വരയ്ക്കും
രേഖയില്ലാ രേഖയാണത്.
ഒരു ബാഹ്യശക്തിക്കും
കടന്നുകയറാനാവാത്ത
സംരക്ഷണ നോട്ടമാണത്.
അതിന്റെ ഭദ്രതയിലാവും
കുടുംബസൗഖ്യം.
അതിനെ മറികടക്കുവോർ
കുടുംബവലയത്തിനു പുറത്താവും.
ശത്രുപക്ഷത്താവും
അനാഥമാവും.

littnow.com
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്.
രചനകൾ അയക്കുമ്പോൾ ഒപ്പം വാട്സ്പ് നമ്പരും ഫോട്ടോയും അയക്കുക .
littnowmagazine@gmail.com
കവിത
മുൾവിചാരം

ഉദയ പയ്യന്നൂര്
വീടുവരച്ചു തീർത്തൊരുവൾ
മുടിവാരിക്കെട്ടി
മുറ്റമടിക്കാൻ പോയി.
ഉച്ചയ്ക്ക് കൂട്ടാൻവച്ചു കഴിച്ച
മത്തിമുള്ളൊന്ന്
കാക്കകൊത്തി
നടുമുറ്റത്തിട്ടിട്ടുണ്ട്.
മത്തിവെട്ടുമ്പോൾ
ചത്ത മീനിന്റെ
തുറിച്ച കണ്ണു നോക്കി
ഒത്തിരിനേരമിരുന്നതാണ്.
നിലാവുള്ള രാത്രിയില്
ചന്ദ്രനും ചിലപ്പോളങ്ങനെയാണ്
പറയാനൊത്തിരി കരുതിവച്ച്
ഒന്നും പറയാതെ
നോക്കി നിൽക്കും.
മാറ്റമില്ലാതെ തുടരുന്ന
ഗതികെട്ട കുത്തിയിരിപ്പ് മടുത്ത്
കണ്ണുതുറന്നു സ്വപ്നം കാണുകയാവണം.
പറമ്പിലെ മൂലയില്
അടിച്ചു കൂട്ടിയ
പേരയിലകൾക്കൊപ്പം
മത്തിമുള്ളും എരിഞ്ഞമർന്നു.
അടുപ്പത്തു വച്ച അരി
വെന്തിരിക്കുമെന്ന്
വേവലാതിപ്പെട്ടു
തിടുക്കത്തിലോടി.
വേവ് കൂടിയാലും
കുറഞ്ഞാലും
രുചിയില്ലാതാവുന്ന
ജീവിതങ്ങള്.
ചിതയണച്ചിട്ടും
ബാക്കിയായൊരു
ഉശിരൻ മുള്ള്
ഉള്ളംകാലിലാഴ്ന്നപ്പോഴാണ്
വരച്ചു വച്ച വീടിന്
വാതിലില്ലെന്നോർത്തത്.
പതിവു തെറ്റിച്ച്
തുറന്നിട്ടൊരു വാതിലും
ജനാലയും
വരച്ചു ചേർത്തു.
മുറ്റത്തൊരു മത്തിമുള്ളും
മരക്കൊമ്പിലൊരു കാക്കയും
കാക്കയ്ക്ക്
തിളക്കമുള്ള കണ്ണുകളും.

littnowmagazine@gmail.com
കവിത
അവസരവാദ കാഴ്ച്ചകൾ

സതീഷ് കളത്തിൽ
മലയാളിയുടെ ലിംഗസമത്വം;
‘മണ്ണാൻ മജിസ്ട്രേറ്റായാലും’
മലർക്കുട ചൂടേണ്ടതില്ലെന്നു
മനസാ ധരിച്ച്; വെളുക്കെ ചിരിയ്ക്കും
മലയാളിക്കുംവേണം ലിംഗസമത്വം…!
മുലമാറാപ്പ്:
മറയില്ലാത്ത അടിയാത്തികളുടെ
മുഴുത്ത മാറിൽ കോർത്തുക്കിടന്ന
മടുക്കാത്ത തമ്പ്രാക്കളുടെ കൊഴുത്ത
മുരടൻ കണ്ണുകളെ കൊത്തിയിട്ട
മലയാളി വീരാംഗനകൾ കൽക്കുളത്ത്
മേൽശീല പരതിയിന്നു നടക്കുമ്പോൾ
‘മുലമാറാപ്പ്’ പുതിയ ആകാശം തേടുന്നു;
മുരടൻ തമ്പ്രാക്കൾ പൊട്ടിച്ചിരിക്കുന്നു..!
അതിജീവിത വേഷങ്ങൾ:
അഞ്ചാംപുരയിലെ കതകിനു മറവിലെ
അടുക്കളദോഷക്കാരികളിൽ ചിലർ
അരങ്ങ് തകർത്താട്ടം തുടരുന്നു;
ആ ‘സാധന’ മിന്ന് അതിജീവിതയാകുന്നു.
അറുപത്തഞ്ചിലൊരു നറുക്കാകാതിരിക്കാൻ
അഷ്ടമൂർത്തിയും അച്ചുതനും ശാമു രാമുവും
അരചനും ശുചീന്ദ്രത്ത് കൈമുക്കാനെത്തുന്നു;
അടുക്കളയിൽനിന്ന് അരങ്ങത്തേക്കെത്തിയ
ആട്ടക്കാരികൾ സാവിത്രീ വേഷമാടുന്നു;
അഭിനവ ജാതവേദന്മാർ തില്ലാന പാടുന്നു..!

littnow.com
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്.
രചനകൾ അയക്കുമ്പോൾ ഒപ്പം വാട്സ്പ് നമ്പരും ഫോട്ടോയും അയക്കുക .
-
കവിത11 months ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി -
കവിത11 months ago
കവിയരങ്ങിൽ
സാജോ പനയംകോട് -
സിനിമ11 months ago
താമസമെന്തേ വരുവാൻ…
-
വീഡിയോ11 months ago
കവിയരങ്ങിൽ
രതീഷ് കൃഷ്ണ -
സാഹിത്യം4 months ago
മോചനത്തിന്റെ സുവിശേഷം-7
-
നാട്ടറിവ്8 months ago
ബദാം
-
സിനിമ6 months ago
മൈക്ക് ഉച്ചത്തിലാണ്
-
കഥ6 months ago
ചിപ്പിക്കുൾ മുത്ത്
You must be logged in to post a comment Login