Connect with us

ലേഖനം

കൊറോണ മലയാളത്തിൽ

Published

on

എം ശ്രീനാഥൻ

എം ശ്രീനാഥൻ

കൊറോണ നമ്മെ പഠിപ്പിക്കുന്നതെന്ത് ?. അദൃശ്യനായ ഈ ശത്രു മാനവകുലത്തെ ബോധ്യപ്പെടുത്തുന്ന ചിലതില്ലേ ? അതെന്താണ് ?

ജൈവലോകത്തു ഏക ഛത്രാധിപതിയായി മാറിയിരിക്കുന്ന മനുഷ്യർ അവർക്കു വേണ്ടിയാണ് ജീവിക്കുന്നത്. നാളിതുവരെ നാം അധികമായി മനസ്സിലാക്കുന്നതും പഠിപ്പിക്കുന്നതും മനുഷ്യരെ കുറിച്ചാണ്. നരവംശശാസ്ത്രം മുതൽ എത്രയെത്ര വിഷയങ്ങൾ, സംവാദങ്ങൾ, തിരുത്തലുകൾ ,നവമായ അന്വേഷണങ്ങൾ എല്ലാം മനുഷ്യരുടെ അതിജീവനം ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ.

ക്യാപിറ്റലിസവും സോഷ്യലിസവുമായി,അതിജീവനത്തിന്റെ ഭിന്നപാതകളൊരുക്കുന്നു. ഹിംസാത്മകമായ യുദ്ധ മേധാവിത്തത്തിലൂടെ സമാധാനം കണ്ടെത്താനാവുമെന്നാശിക്കുന്നു. സാമൂഹിക സാമ്പത്തിക മൂലധനം ആർജിക്കുക വഴി സ്വതന്ത്രരാകുമെന്നും സുരക്ഷിതരാകുമെന്നും നാം വിശ്വസിക്കുന്നു. ഇങ്ങനെ മുതലാളിത്ത കോർപ്പറേറ്റ് ലോകം മെനഞ്ഞെടുത്ത എത്രയോ വലിയ പ്രഖ്യാപനങ്ങൾ. മറുഭാഗത്തു പട്ടിണിയും ദാരിദ്ര്യവും കാർന്നുതിന്നുന്ന ജനതയുടെ അതിജീവനത്തിനായുള്ള സമരങ്ങൾ. ദേശരാഷ്ട്രങ്ങൾ അധീശത്വത്തിന്റെയും വിധേയത്വത്തിന്റെയും ബലതന്ത്രത്തിൽ നേർവഴിയേതെന്നറിയാതെ ഉഴലുന്നു.

കമ്പോളമുതലാളിത്തം മാത്രം ആഴത്തിൽ വേരുറപ്പിക്കുന്നു, വിമോചനത്തിന്റെ പ്രത്യയശാസ്ത്രങ്ങളെയെല്ലാം അത് പിന്തള്ളുന്നു ധനികർ കൂടുതൽ ധനികരാകുന്നു അതിനാനുപാതികമായി ഇല്ലായ്മയിടമായ പാർശ്വവത്കരണനില ഉയരുന്നു. ഈ സാഹചര്യത്തിലാണ് കൊറോണക്കു മുമ്പും പിമ്പുമായി ലോകത്തെ പുനർവിന്യസിച്ചുകൊണ്ട് കൊറോണ കടന്നെത്തിയത്. അതോടെ ഭയം വിതച്ചുകൊണ്ട് അയിത്തത്തിന്റെയും അകൽച്ചയുടെയും ഒറ്റപെടലുകളുടെയും മഹാമാരികാലത്തെ ചിഹ്നവ്യവസ്ഥ ആഗോളീയമായി കൊറോണ സ്ഥാപിച്ചെടുത്തു. .സ്വ- -അപര സ്വത്വങ്ങൾ മാറിയ സ്ഥലരാശിയിൽ പുനർനിർവചനം തേടുന്നു.

മനുഷ്യകുലം ഭയത്തെ കീഴ്പെടുത്തിയതും നിലനിറുത്തുന്നതുമായ വഴികൾ പലതാണ്.പ്രകൃതിആരാധന ഒരുവഴിയാണ്, മതം, വംശം ,ജാതി ,വർഗം,അധിനിവേശം ,യുദ്ധം ,കമ്പോളം ,മാധ്യമം, ജയിൽ,ഭ്രാന്താശുപത്രി രാജ്യം ,ശാസ്ത്രം ,സാങ്കേതികത ,അധികാരം അങ്ങനെ എത്രയോ വഴികൾ. പക്ഷേ ഇതിൽ പലതും കാണാവുന്ന ശത്രുവിനെ കിഴ്പെടുത്തുന്ന വഴികളാണ്. അദൃശ്യനായത് ദൈവമാണ് .ദൈവത്തെ മെരുക്കാനാണ് നാം ആരാധന, അനുഷ്ടാനവൈവിധ്യങ്ങളും മതങ്ങളും സൃഷ്ടിച്ചത്.

ഇങ്ങനെ സമൂഹത്തിലെ ശ്രേണീകരണത്തെ ഓരോന്നിനെയും കുറിച്ച് നാം വിമോചന പ്രത്യയശാസ്ത്രങ്ങളും നിർമിക്കുന്നത് പതിവാണ്.. സാമൂഹികസംവർഗങ്ങളിൽ നിന്നെല്ലാം വിമോചനം വേണമെന്നും സമൂഹസൃഷ്ടികളായ ഇതൊക്കെ നൈസർഗികമല്ല മനുഷ്യ നിർമിതിയാണ് എന്നുംഉള്ള ബോധ്യം ഓരോകാലത്തുംപുതിയ ആശയലോകം നിർമിച്ചെടുക്കുന്നു. മാനവികമായ ജൈവ യാഥാർഥ്യത്തിലേക്കു നടന്നടുക്കാനുള്ള ശ്രമങ്ങൾ സാമൂഹികരാഷ്ട്രീയസിദ്ധാന്തങ്ങളായും തത്വചിന്തയായും പ്രത്യയശാസ്ത്രങ്ങളായും ഉദിച്ചുയരാറുണ്ട്. സമത്വചിന്ത ഉൾപ്പേറുന്ന എത്രയോ വലിയ ചിന്തകൾക്കും പ്രയോഗങ്ങൾക്കും മാനവലോകം സാക്ഷ്യപ്പെട്ടിട്ടുണ്ട്. രക്തരൂക്ഷിതവും സമാധാനവുമായ വിപ്ലവധാരകൾ, അലസിപ്പോയ സ്വാതന്ത്ര്യ പോരാട്ടങ്ങൾ, വിമോചനരാണെന്ന് വിശ്വസിപ്പിക്കുന്ന പ്രയോഗങ്ങൾ എന്നിങ്ങനെ അധികാരത്തിൻറെ എത്രയോ വിമോചനസമസ്യകൾ. ഇതിലോരോ സിദ്ധാന്തവും വിമോചനശാസ്ത്രങ്ങളാണെന്ന് അവകാശപ്പെടുമ്പോഴും അവയെല്ലാം അബദ്ധങ്ങളും പ്രയോഗവീഴ്ചകളുമാണെന്ന മറുചിന്തയുമുണ്ട്..

ഏതായാലും സാമൂഹികമായ സംവാദ പ്രതിസന്ധികൾക്കെല്ലാം താല്ക്കാലിക അറുതി വരുത്തിക്കൊണ്ടാണ് കൊറോണയുടെ സാന്നിധ്യം നമുക്കിടയിൽ വേരാഴ്ത്തിയത്. ലോകത്തിന്റെ ചേരിതിരിഞ്ഞുള്ള വികസനത്തിന്റെ പേരിലുള്ള പോരിന്‌ നിലനില്പില്ലാതായി. പൂർവ്വാനുഭവമില്ലാത്ത ഒരു പ്രതിസന്ധി ലോകജനതയെ വളഞ്ഞു മുറുക്കുമ്പോൾ ദേശരാഷ്ട്ര അഹന്തകളോ പ്രത്യയശാസ്ത്ര നിർമിതികളോ ഒന്നും സൂക്ഷ്മാണുവിനു മുന്നിൽ സഹായകമാവില്ല എന്ന ബോധ്യമാണ് ഭീതിയുടെ ആഴം കൂട്ടുന്നത്.. അതിജീവിക്കാൻ സഹായകമാകുന്ന ലോക നേതൃത്വത്തിന്റെ പ്രകടമാകുന്ന അഭാവവും ഭീതിയുടെ കനം കൂട്ടുന്നു.

നോവൽ കൊറോണ വൈറസ് 2019 എന്നറിയപ്പെടുന്ന അദൃശ്യമായ ഒരു രോഗാണുവാണ് കൊറോണ രോഗത്തിനാധാരം. കൊറോണയെ കുറിച്ച് ഭീതിപരത്തുന്ന വിവരങ്ങളാണ് നമുക്കുചുറ്റും മാധ്യമങ്ങൾ പരത്തുന്നത്. ശാസ്ത്രീയമായ അറിവ് ലഭിക്കുന്നില്ല. വിവര വിടവ് കൃത്രിമമായി സൃഷ്ടിക്കപ്പെടുകയാണോ ? മലയാളത്തിനു വിനിമയശേഷിയില്ലാത്തതുകൊണ്ടാണോ എന്ന സംശയം ആസ്ഥാനത്താണെങ്കിലും ചിലർ അങ്ങനെയും വിശ്വസിക്കുന്നു.

മുറിവൈദ്യ മാധ്യമ ജ്ഞാനം കാരണം ആൾക്കാർക്കിടയിൽ ഭീതി നിറക്കുന്ന സന്ദർഭത്തിൽ, ഇതേക്കുറിച്ചുള്ള ശരിയായ അറിവ് എങ്ങനെ ലഭിക്കും എന്ന ആലോചനക്ക് മറുപടിയാണ് ഡോ .ജയകൃഷ്ണൻ ടി എഴുതിയ ‘”മഹാമാരി വുഹാനിൽനിന്നും കേരളത്തിൽ എത്തിയപ്പോൾ”. “. കൊറോണാ വിജ്ഞാനത്തിന്റെ മലയാളസാക്ഷ്യമാണീ പുസ്തകം. ഗ്രന്ഥ കർത്താവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ആണ്. കൊറോണയെ കുറിച്ച് അന്തർദേശീയതലത്തിൽ ലഭ്യമായ എല്ലാ വിവരങ്ങളും ഉൾപെടുത്തിയതോടെ കോവിഡിന്റെ ഉത്ഭവം ,വ്യാപനം , നിയന്ത്രണ മാർഗങ്ങൾ ,കോവിഡിന്റെ രാഷ്ട്രീയം , സാമ്പത്തികശാസ്ത്രം , സാമൂഹ്യശാസ്ത്രം, മനുഷ്യാവകാശ പ്രശ്നങ്ങളും മഹാമാരിയുംഎന്നിങ്ങനെ വിവിധ വിഷയങ്ങൾ ഉൾച്ചേർന്ന കൊറോണവിജ്ഞാനം മലയാളത്തിൽ അവതരിപ്പിക്കുന്ന ഗ്രന്ഥമാണിത്.

കൊറോണ രോഗത്തെക്കുറിച്ചുള്ള സമകാല ജ്ഞാനം പങ്കിടുന്നുവെന്നുമാത്രമല്ല രോഗനിർണയം, വ്യാപനം ,പൊതുജനാരോഗ്യം,, മനുഷ്യാവകാശം, സാമ്പത്തികാവസ്ഥ എന്നിങ്ങനെ വിവിധ വിഷയങ്ങളിലൂടെ ഒരു രോഗത്തെ മനസിലാക്കിത്തരുകയും അതിന്റെ രാഷ്ട്രീയം വെളിപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ് മുൻപുള്ള രോഗവിവരണഗ്രന്ഥങ്ങളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്.

ആധുനിക ആരോഗ്യശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള പ്രത്യേകിച്ചും മഹാമാരികളെ കുറിച്ചുള്ള ഗ്രന്ഥങ്ങൾ മലയാളത്തിൽ അധികമില്ല. ഉള്ളവയാകട്ടെ, ,രോഗനിർണയം ,ബോധവത്കരണം ചികിത്സ എന്നിങ്ങനെയുള്ള പദ്ധതി ക്രമത്തിനാണ് മുൻഗണന നല്കിക്കാണുന്നത്. രോഗത്തിന് രാഷ്ട്രീയമുണ്ട് എന്നു മനസിലാക്കുകയും മഹാമാരിയെ അടിസ്ഥാന ജനതയുടെ മനുഷ്യാവകാശ പ്രശ്നമായി ഉയർത്തികാണിക്കാൻ ഈ ഗ്രന്ഥത്തിന് കഴിയുന്നുണ്ട് എന്നതാണ് രോഗനിർണയം ,ബോധവല്ക്കരണം ചികിത്സ എന്നിങ്ങനെയുള്ള രോഗകേന്ദ്രിത സമീപനത്തിൽ നിന്നും ഇവയെയെല്ലാം നിയന്ത്രിക്കുന്ന വർഗസമീപനത്തിലേക്ക് പഠനത്തിന്റെ കേന്ദ്രം മാറ്റി സ്ഥാപിക്കാനാവുന്നു വെന്നതും സവിശേഷതയാണ്.

മഹാമാരിയുടെ നാൾവഴികളിലൂടെ സഞ്ചരിച്ചു പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് അന്താരഷ്ട്രത്തലത്തിൽ രൂപംകൊണ്ട നയപരിപാടികൾ പരിചയപ്പെടുത്തി ഏറ്റവും കാലികമായി മെഡിക്കൽ ജേണലുകളിൽ വരുന്ന കൊറോണ ഗവേഷണവിവരങ്ങൾവരെ ഉൾപ്പെടുത്തിയ ഈ പുസ്തകം ശാസ്ത്രവിജ്ഞാനം മലയാളത്തിനെത്ര വഴങ്ങുമെന്നതിന്റെ ഉദാഹരണവും കൂടിയാണ്. തന്നെയുമല്ല എങ്ങനെയാണ് ഒരു രോഗവിജ്ഞാനം ബഹു വൈജ്ഞാനികമാകുന്നതെന്നതും വ്യക്തമാകുന്നു. വുഹാനിൽ നിന്നും കൊറോണ കേരളത്തിലെത്തിയതുമുതൽ ഗ്രന്ഥകർത്താവ് അതിനെ പിൻതുടർന്നു നോവൽ കൊറോണയുടെ പിറവിയും ചാർച്ചബന്ധവും ഭീഷണിയും വ്യാപനവും അടയാളപ്പെടുത്തുന്നു.

ചൈന ഏതൊക്കെ രീതിയിലാണ് പുതിയ സൂക്ഷ്മാണുവിനെ പഠിച്ചതെന്നും രോഗപകർച്ചാനീയന്ത്രണം ഏർപ്പെടുത്തിയതെന്നും സമ്പർക്ക വിലക്കും സാമൂഹിക അകലവും നടപ്പിലാക്കിയതെന്നും ചികിത്സാക്രമം പാലിച്ചതെന്നും തുടങ്ങി ചൈനയുടെ മുന്നൊരുക്കങ്ങളെ ലോകാരോഗ്യസംഘടന വിലയിരുത്തി യതെങ്ങനെയെന്നും നമുക്ക് ബോധ്യമാകുന്നു.. കോവിഡിനെ നിയന്ത്രിക്കാൻ നടന്ന വൈദ്യശാസ്ത്ര ഗവേഷണ സംരംഭങ്ങൾ , പ്രാദേശിക ഭരണകൂടങ്ങൾക്കുള്ള നിർദേശങ്ങൾ , കേരള സർക്കാരിന്റെ ശ്രമങ്ങൾ വിവരിക്കുന്നതിനൊപ്പം മഹാമാരികാലത്തെ ആരോഗ്യവും മനുഷ്യാവകാശങ്ങളും, വിശദമായി ചർച്ചചെയ്‌തുകൊണ്ടു ഐക്യരഷ്ട്രസഭ കൈക്കൊണ്ടിട്ടില്ല നയപരിപാടികൾ ഓരോന്നും വിവരിക്കുന്നു.

പാർശ്വവത്കരിക്കപ്പെട്ടിരിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പ്രാധാന്യം കൊടുക്കേണ്ടതെന്തുകൊണ്ടെന്ന് ബോധ്യപ്പെടുത്തുന്നു. കൂടാതെ ഈ മഹാമാരികാലത്തും ഐ എം എഫ് , ലോകബാങ്ക് തുടങ്ങിയ ഏജൻസികൾ നടത്തുന്ന മനുഷ്യത്വരഹിതമായ സമീപനത്തോട് വിമര്ശനാത്മകമായി ശ്രദ്ധക്ഷണിക്കുന്നു.

മഹാവ്യാധിയുടെ നൈതികത വിശദമാക്കി അവതരിപ്പിക്കുന്നതിനൊപ്പം ആരോഗ്യപ്രവർത്തകരുടെ അവകാശങ്ങളും അവരോടുള്ളകടപ്പാടും സാമ്പത്തികമാന്ദ്യകാലത്തെ ആരോഗ്യപരിരക്ഷാ വിചിന്തനം എന്നിങ്ങനെ സവിശേഷമായ ഒട്ടേറെ വിഷയങ്ങൾ സങ്കീർണത ഒട്ടുമില്ലാതെ എല്ലാത്തരം വായനക്കാരോടും സംവദിക്കാവുന്ന തരത്തിൽ സരളവും ഗഹനവുമായി കൊറോണവിജ്ഞാനം അവതരിപ്പിച്ചിരിക്കുന്നു .

മറ്റൊരുസവിശേഷതയായി പറയാവുന്ന ലേഖനം ഡോ അഭയ് ഭാങ് ലാൻസെറ്റിൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷയിലൂടെ ‘കോവിഡ് കാലത്ത് ഗാന്ധിജി ഉണ്ടായിരുന്നെങ്കിൽ എന്തായിരിക്കും ചെയ്യുക ?’ എന്ന ചോദ്യം ഉന്നയിച്ചു ഗാന്ധിജിയുടെ ബദൽ രാഷ്ട്രീയമുറ കൊറോണകാലത്ത് അതിജീവൻപ്രത്യശാസ്ത്രമാകുമെന്നുറപ്പുനല്കുന്നുമുണ്ട്.

രോഗം ,ശാസ്ത്രം , സാമ്പത്തികം , രാഷ്ട്രീയം എന്നിങ്ങനെ ഭിന്ന അടരുകളുള്ള കൊറോണ സാമൂഹ്യ ശാസ്ത്രം മലയാളത്തിൽ അവതരിപ്പിച്ച ഡോ ജയകൃഷ്ണൻ ടി രണ്ടുതരത്തിൽ ആദരമർഹിക്കുന്നു. ഒന്നാമതായി, സാംക്രമിക രോഗശാസ്ത്രം മലയാളത്തിന് വഴങ്ങുമെന്ന് തെളിയിച്ചതിനും രണ്ടാമതായി ഒരു രോഗത്തെ സംബന്ധിക്കുന്ന ‘രോഗി, ഡോക്ടർ , മരുന്ന്’ എന്ന വഴക്കത്തെ വിശാലമായ വർഗ രാഷ്ട്രീയത്തിലേക്കും കൂട്ടിയിണക്കി സാമൂഹികശാസ്ത്രജ്ഞന്റെയും കൂടി കടമ ചെയ്യ്തതിനും.

ശാസ്ത്രം, മലയാളത്തിന് വഴങ്ങുമെന്നതിന് 19 -o നൂറ്റാണ്ടുമുതൽ തെളിവടയാളങ്ങൾ നിരവധിയാണ്. എങ്കിലും സാങ്കേതിക പദപ്രശ്‍നം പറഞ്ഞു മടുക്കാതെ വീണ്ടും വീണ്ടും ആവർത്തിക്കുന്ന പ്രവണത അക്കാദമിക മേഖലയിൽ ഇന്നും വേരറ്റുപോയിട്ടില്ല. എന്നാൽ ഡോ ജയകൃഷ്ണൻ ടി മലയാള പണ്ഡിതനല്ലാത്തതുകൊണ്ടും പൊതുജനങ്ങളുമായി ഇടപെടുന്നതിൽ നിന്നാർജ്ജിച്ച സരള വാമൊഴി വിനിമയ ശീലം നൽകിയ ആശയവിനിമയ ധൈര്യം ഈ കൃതിയിൽ പ്രകടമാണ്. സാന്കേതിക സംജ്ഞാ പ്രതിസന്ധിയെ പ്രായോഗികമായി സമീപിച്ചപ്പോൾ ശാസ്ത്രവിജ്ഞാനം മലയാളത്തിൽ പരന്നൊഴുകി. പണ്ഡിതന്മാർ ഭാഷ പഠിക്കുന്നത് ഗ്രന്ഥങ്ങളിൽ നിന്നാണെങ്കിൽ ഡോക്റ്റർക്കത്‌ കേട്ടറിയുന്ന വാമൊഴി ജ്ഞാനമാണ്.

സാധാരണക്കാരന്റെ മൊഴിക്കുള്ളിലാണ് ഡോക്ടറുടെ പരിശോധന. അങ്ങനെ ആർജിച്ച വിനിമയ സരളത പണ്ഡിത പദാവലികളെ പേടിക്കാതെയുള്ള ജ്ഞാനപ്രസരണത്തിന് വഴിയൊരുക്കി. ആ നിലക്ക് ഡോക്ടർ ഒന്നുകൂടി ഉറപ്പിക്കുന്നു, നമ്മുടെ ശ്രദ്ധയ്ക്ക് വിഷയം ശരിയായി അറിയുന്നവർക്ക് മാധ്യമപ്രതിസന്ധിയില്ല.

ലേഖനം

ഉറുമ്പ്

Published

on

വാങ്മയം: 17

സുരേഷ് നൂറനാട്

ലിറ്റ് നൗ പ്രസിദ്ധീകരിച്ചതിൽ നിന്നും രണ്ടാമത്തെ പുസ്തകവും പുറത്തിറങ്ങി.
വാങ്മയം
സുരേഷ് നൂറനാട്
ഫേബിയൻ ബുക്സ്
വില 150 രൂപ.

ഒരുറുമ്പിനെ ഞാൻ ഞെരിക്കുകിൽ കൃപയാർന്നമ്മ തടഞ്ഞുചൊല്ലിടും മകനേ നരകത്തിലെണ്ണയിൽ പൊരിയും നീ’
സനാതനമായ ഒരു സത്യത്തെ ചുള്ളിക്കാട് അവതരിപ്പിക്കുന്നത് നോക്കൂ. എത്ര ഹൃദ്യം!
ചെറുപ്രാണികളുടെ ജീവിതത്തെ നോക്കി രചനകളിൽ നവചൈതന്യം ജനിപ്പിക്കുന്നു കവി. ഉറുമ്പിൻ്റെ പ്രാണൻ തനിക്ക് സമമായ ഒന്നാണെന്ന അറിവിലൂടെ എഴുത്തുകാരൻ പ്രപഞ്ചബോധത്തെ ഉണർത്തുകയാണ്.

ഉറുമ്പിന് കലയിൽ പലപ്പോഴും ജീവിവർഗ്ഗങ്ങളിലൊന്നായിനിന്ന് സംസാരിക്കേണ്ടിവരുന്നു. വലിയ ജനക്കൂട്ടത്തിൻ്റെ ചോദനകൾ ഉറുമ്പിൻ്റെ ജീവിതസ്പന്ദനവുമായി ബന്ധിപ്പിക്കുന്ന ന്യൂനോക്തി രസകരമാണ്. ആത്മാവിൻ്റെ സ്പർശം എല്ലാ ജന്തുക്കളിലും ഒരേ പോലെയോടുന്നുണ്ടെങ്കിലും ചിലതിന് കേന്ദ്രബിംബമാകാൻ ഭാഗ്യമില്ലാതാകാറുണ്ട്. എന്നാൽ ഉറുമ്പിന്
ആ ദൗർഭാഗ്യമില്ല.

   കുട്ടിക്കവിതകളിൽ പോലും കൗതുകമായല്ല ഈ ഭാഗ്യവാൻ വന്നു പോകുന്നത്. ആനയും ഉറുമ്പുമെന്ന കഥയിൽ വലിപ്പം ഉറുമ്പിനല്ലേ കൈവരുന്നത് .പഞ്ചതന്ത്രം കഥയിലൂടെ ഇലയിലിരുന്ന് ഒഴുകന്ന ഉറുമ്പ് എല്ലാ തലമുറയ്ക്കും കാഴ്ചയാകുന്നുണ്ട്

കൂട്ടമായി ജാഥ നയിക്കുന്ന ഉറുമ്പിൻപട ജനായത്തത്തിൻ്റെ മരിക്കാത്ത പ്രമേയമല്ലേ.

   വേനലിൻ്റെ തോളിലിരുന്ന് കാലത്തെ കരളുന്ന ഉറുമ്പ്, കവിതയിലൂടെ അക്ഷരങ്ങളായി ഇഴഞ്ഞു പോകുന്ന ഉറുമ്പ് - ഇങ്ങനെ എത്രയെത്ര സുന്ദരമായ കല്പനകൾ.

ഇലകളിൽ തട്ടുതട്ടായി കൂടൊരുക്കുന്ന നീറും അരിമണി ചുമന്ന് കൊണ്ട് വരുന്ന കുഞ്ഞനുറുമ്പും മധുരത്തെ നുകർന്ന് മത്തടിച്ച് മരിക്കുന്ന ചോനലും ക്ഷണിക പ്രാണൻ്റെ വിധിയെ ഓർമ്മിപ്പിക്കുന്നു.

‘കട്ടുറുമ്പേ നീയെത്ര കിനാവു കണ്ടൂ’ എന്നെഴുതി കവിത്വം തെളിയിക്കുന്നവർ കട്ടുറുമ്പിൻ്റെ കടികൊണ്ടവരായിരിക്കില്ല എന്നുറപ്പ്.

ചിത്രം: കാഞ്ചന.

littnow.com

littnowmagazine@gmail.com

Continue Reading

ലേഖനം

പരസ്പരമകലാനുള്ള
പ്രണയമെന്ന
പാസ്പോ൪ട്ട്

Published

on

കവിത തിന്തകത്തോം 12

വി.ജയദേവ്

സുരലത എന്നെന്നേക്കുമായി എന്നിൽ നിന്ന് അകന്നുപോയപ്പോഴും ഞാൻ അധികം സങ്കടമൊന്നും എടുത്തണിഞ്ഞിരുന്നില്ല. അവളെ കണ്ടുമുട്ടിയ നാൾ മുതൽ, എന്നെങ്കിലും ഒരിക്കൽ പിരിയാനുള്ളതാണെന്നു തോന്നിയിരുന്നു. പ്രണയം പരസ്പരം അകലാനുള്ള പാസ്പോ൪ട്ടാണെന്നു പിന്നീടെപ്പോഴോ ഞാൻ എഴുതി. മറ്റൊന്നു കൂടിയുണ്ടായിരുന്നു. അന്നൊക്കെ പ്രണയഭംഗങ്ങൾ വളരെ കൂടുതലായിരുന്നു. ഇന്നത്തെപ്പോലെ, തേപ്പ് തുടങ്ങിയ പദങ്ങളൊന്നും പക്ഷെ പ്രണയത്തക൪ച്ചാക്കവിതയിൽ ഉപയോഗിച്ചുതുടങ്ങിയിരുന്നില്ല.
ഒരു സ്ത്രീയുമായുള്ള എന്റെ ആദ്യത്തെ പരിചയം അങ്ങനെ തീവണ്ടിയിൽ കയറി അകന്നുപോയപ്പോൾ അധികം സങ്കടപ്പെടാനൊന്നും ഞാൻ ഒരുക്കമായിരുന്നില്ല. അതിനു വല്ലാത്ത മറ്റൊരു കാരണവും ഉണ്ടായിരുന്നു. അന്നൊക്കെ അത്രയും മതിയാവുമായിരുന്നു ഏതൊരാളെയും നിരാശകാമുനാക്കാൻ. അങ്ങനെ നിരാശകാമുകനാകുന്നതിൽ ഭൂരിഭാഗവും ലഹരിയിലും കവിതയിലും അഭയം തേടുമായിരുന്നു. കവിത എഴുതാനുള്ള ഒരു പ്രലോഭനം തന്നെയായിരുന്നു. എന്നാൽ, ഒരിക്കലും കവിതയെഴുതില്ലെന്നു തീരുമാനിച്ചിരിക്കുന്ന എന്നെ സംബന്ധിച്ച് ഏറ്റവും വലിയ വാരിക്കുഴിയായിരുന്നു സുരലത അകന്നുപോയപ്പോഴുണ്ടായ ഏകാന്തത. അവളുടെ അമ്ലക്കണ്ണുകളിൽ ഇനി ഞാനില്ലെന്ന തോന്നൽ. ഇതുവരെ അവളോട് ഒരളവും ഇല്ലാതിരുന്ന, ഇതുവരെ അവളോടു തുറന്നു പറയാതിരുന്ന പ്രണയം എന്നെയൊരു കാമുകനാക്കുവാനും വൈകിച്ചുകൊണ്ടിരുന്നു. കവിത എഴുതാനുള്ള ഏതൊരു പ്രലോഭനത്തെയും ഞാൻ ഒഴിവാക്കിക്കൊണ്ടിരുന്നു. അതുകൊണ്ടു സുരലതയുടെ കാര്യം വായിച്ചുതീ൪ത്ത ഒരു കഥയിലെന്ന പോലെ മാത്രമേയുള്ളൂ എന്നു ഞാൻ എന്നോടു തന്നെ പറഞ്ഞു. അതു വേഗം മറന്നു പോകാവുന്ന ഒരു കഥയായിരുന്നു എന്നെനിക്ക് അറിയാമായിരുന്നു. ( അതു തെറ്റാണെന്നു കാലം വളരെ കഴിഞ്ഞാണ് എനിക്കു ബോധ്യമായതെങ്കിൽത്തന്നെയും ). ഇനി സുരലത എന്ന കഥ എന്റെ ഉള്ളിലില്ല എന്നു ഞാൻ എന്നോടു തന്നെ പ്രഖ്യാപിച്ചു. ഇനിയീ മനസിൽ കവിതയില്ല എന്നും മറ്റും സുഗതകുമാരി പറയുന്നതിന് ഏതാണ്ട് അടുത്ത കാലങ്ങളിൽ തന്നെയായിരുന്നു അതും.

സുരലത എന്നിൽ എന്തെങ്കിലും വച്ചുമറന്നുപോയിട്ടില്ലെന്നു തന്നെ ഞാനുറപ്പാക്കിക്കഴിഞ്ഞിരുന്നു. എന്നാൽ, അങ്ങനെ ഏതോ ഒരു കഥാപാത്രത്തിന്റെ പേരാണ് എന്നു ഞാൻ മറക്കാൻ ശ്രമിക്കുമ്പോഴൊക്കെ, അതെന്നെ വീണ്ടും വീണ്ടും ഓ൪മിപ്പിക്കാനുള്ള ശ്രമങ്ങൾ സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരുന്നു. സുരലത എന്ന പേരിൽ ഒരു ലോറി എന്റെ മുന്നിൽക്കൂടി ഓടിപ്പോവുമായിരുന്നു. ഒരു ലോറിക്കുമൊന്നും ഒരു കാലത്തും സുരലത എന്നൊരു പേരു വിചാരിക്കാൻ കൂടി സാധിക്കാൻ പറ്റാത്ത കാലത്താണെന്ന് ഓ൪ക്കണം. വഴിയിലെവിടെയോ വച്ച് ‘ ഹോട്ടൽ സുരലത’ എന്നൊരു പേര് അതിനിടെ ഞാൻ വായിച്ചെടുക്കുകയുണ്ടായി. എനിക്ക് അത്ഭുതം തോന്നി. ഞാൻ മറക്കാൻ ശ്രമിക്കുന്ന ഈ വാക്കു തന്നെ വേണോ ലോറിക്കും ഹോട്ടലിനും മറ്റും സ്വയം കവിതയായി വായിച്ചെടുക്കാൻ.
എന്നാലും, ഞാനെന്റെ ശ്രമത്തിൽ നിന്നു മാറുകയുണ്ടായില്ല. സുരലതയെക്കുറിച്ച് ഓ൪ത്തു പാഴാക്കാൻ എനിക്കു സമയമില്ലെന്നൊരു നിലപാട് തന്നെ ഞാനുണ്ടാക്കിയെടുക്കുകയായിരുന്നു. കാരണം, എനിക്ക് ഞാനെന്നെങ്കിലും എഴുതാൻ പോകുന്ന കവിതയിൽ നിന്നു പരമാവധി കാലം നീട്ടിയെടുക്കണമായിരുന്നു. ഒരിക്കലും കവിതയെഴുതില്ല എന്ന നിലപാട് ഓരോ നിമിഷവും ദൃഢമാക്കേണ്ടിയിരുന്നു. എന്നിട്ടുമാണ്, വ൪ഷങ്ങൾക്കു ശേഷം ഞാനെഴുതുന്നത്.

“ നീ വച്ചുമറന്നതാണോ
എന്തോ, ഇവിടെ
ഒരു ഓ൪മ
അധികം വരുന്നു.”

ഇതു കവിതയായിത്തന്നെയാണോ ഞാനെഴുതിയത് എന്ന് എനിക്ക് അന്നും ഉറപ്പിക്കാൻ സാധിക്കില്ലായിരുന്നു. ഇപ്പോഴും. ഞാനൊരിക്കലും ഒരു കവിതയും എഴുതിയിട്ടില്ല എന്നു വിശ്വസിക്കാൻ തന്നെയാണ് എനിക്കിഷ്ടം. എന്റെ കല്ലറയിൽ എഴുതിവയ്ക്കേണ്ടത് ഞാൻ പിന്നീടെപ്പോഴോ എവിടെയോ കുറിച്ചിട്ടിരുന്നു. അതിങ്ങനെയായിരുന്നു.

ഒരിക്കലും കവിതയെഴുതാതെ
ഭ്രാന്തിന്റെ പരീക്ഷയെഴുതിത്തോറ്റ
ഒരു കാമുകന്റെ വാടകവീട്.

വിജനമായ റയിൽവേ സ്റ്റേഷനിൽ നിന്നു സുരലത ചൂളം വിളിച്ചു പോയിക്കഴിഞ്ഞതോടെ, അന്തേവാസികൾ മുക്കാലും ഒഴിഞ്ഞുകഴിഞ്ഞ ഹോസ്റ്റൽ മുറിയിലേക്കാണു ഞാൻ മടങ്ങേണ്ടിയിരുന്നത്. എന്നാൽ, ഞാൻ അവിടേക്കു പോയില്ല. അവിടെ എന്റേതായി ഒന്നും ബാക്കിയുണ്ടായിരുന്നില്ല. അല്ലെങ്കിൽ അവിടെയുണ്ടായിരുന്നതെല്ലാം ഞാനായിരുന്നു. എനിക്ക് ഒരു നഷ്ടബോധവും തോന്നുന്നുണ്ടായിരുന്നില്ല. ഒരു നേട്ടബോധവും ഉണ്ടായിരുന്നില്ല. രാത്രിബസുകളിലൊന്നിൽ കയറി ഏറ്റവും അവസാനത്തെ സ്റ്റോപ്പിലേക്കു ടിക്കറ്റെടുത്തു. അതു കവിതയിലേക്കു പോകുന്ന ബസാണെന്നോ മറ്റോ കണ്ടക്ട൪ പറയുന്നുണ്ടായിരുന്നു.
എനിക്ക് അത്ഭുതമാണു തോന്നിയത്. കണ്ടക്ട൪ പോലും കവിതയുടെ കാര്യമാണു പറയുന്നത്. നമ്മൾ മറക്കാൻ ശ്രമിക്കുന്നതെന്തോ അതു ലോകം ഓ൪മിപ്പിച്ചുകൊണ്ടേയിരിക്കും. കവിതയിലേക്കു വേണ്ട, കഥയിലേക്ക് ഒരു ടിക്കറ്റ് എന്നു പറയാനാണ് അപ്പോൾ തോന്നിയത്. എന്നാൽ, അങ്ങനെ ഒരു സ്ഥലമില്ലാത്ത പോലെ കണ്ടക്ട൪ വളരെ വിഷാദഭരിതമായ ഒരു നോട്ടം സമ്മാനിക്കുകയാണു ചെയ്തത്. അതെന്തിനാണെന്ന് എനിക്കു പിന്നീടും മനസിലായിട്ടുണ്ടായിരുന്നില്ല.
കവിതയിലേക്കു വേണ്ട, അതിന്റെ തൊട്ടിപ്പുറത്തെ സ്റ്റോപ്പിലേക്ക് ഒരു ടിക്കറ്റ് എന്നോ മറ്റോ ഞാൻ പറഞ്ഞിട്ടുണ്ടായിരിക്കണം. ഒരു പ്രണയനിരാശാഭരിതനായാണോ അയാൾ എന്നെ കാണുന്നതെന്നു ഞാൻ സംശയിച്ചു. ചിലപ്പോൾ കണ്ടക്ട൪ തന്നെ ഒരു കവിയായിരുന്നിരിക്കാം. എങ്ങോട്ടെന്നു പറയാതെ ഏതോ സ്റ്റോപ്പിലേക്കു അയാൾ ടിക്കറ്റ് തന്നു. ബസ് ഇരുളിലൂടെ ആരിൽ നിന്നോ എന്ന പോലെ ഒളിച്ചുപാഞ്ഞുപോയിക്കൊണ്ടിരുന്നു.
ഏതോ രാത്രിയിൽ ഏതോ യാമത്തിൽ കണ്ടക്ട൪ എന്നെ കുലുക്കിവിളിച്ചുണ൪ത്തി, സ്റ്റോപ്പായെന്നോ മറ്റോ പറഞ്ഞ് എന്നെ ഇരുളിലേക്ക് ഇറക്കുകയായിരുന്നു. പിന്നെ ഒന്നും സംഭവിക്കാത്തതുപോലെ ബസ് കറുപ്പിലേക്കു കുതിച്ചു. അല്ല, ഒരു ഇരുൾവായ അതിനെ വിഴുങ്ങി . ഇതേതു സ്ഥലം എന്ന അത്ഭുതത്തിൽ നിൽക്കെ എന്റെ മുന്നിൽ ഹോസ്റ്റലിന്റെ അടഞ്ഞുകിടക്കുന്ന ഗെയിറ്റ്, അപ്പോൾ പ്രകാശസ്ഖലനം സംഭവിച്ച ഒരു നക്ഷത്രത്തിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു. ഹോസ്റ്റലിന്റെ ഗെയിറ്റിനു മുന്നിൽ വീണ്ടും ഇരുട്ടു കാടു പിടിച്ചു. മുമ്പൊരിക്കലും അതിൽപ്പിന്നെയും ഹോസ്റ്റലിനു മുന്നിലൂടെ ഒരു ബസ് കടന്നുപോയിട്ടില്ല. ശരിക്കും ആ ബസ് കവിതയിലേക്കു തന്നെയായിരിക്കുമോ?
അറിയില്ല. എന്നാലും ആ ഇരുളിലും കവിതയെന്ന ഞടുക്കത്തെ ഞാൻ വിട്ടുനിന്നു. രോമാവൃതമായ ആകാശം മഴയെ കുതറിച്ചു കളയുന്നതു പോലെ. കൊണ്ടുപോയിക്കളഞ്ഞാലും കൂടെയെത്തുകയാണ് കവിതയെന്ന പ്രലോഭനം.. ഞാൻ ഹോസ്റ്റലിനു ചുറ്റും കമ്യൂണിസ്റ്റ് പച്ച പോലെ കാടുപിടിച്ച ഇരുട്ടിലേക്കു നോക്കി. ശരിയാണ്, ഈ ഹോസ്റ്റലിൽ നിന്ന് എന്നെ എനിക്കു തിരിച്ചുകൊണ്ടുപോവാനുണ്ടായിരുന്നു.

littnow.com

littnowmagazine@gmail.com

Continue Reading

ലേഖനം

തീവണ്ടി

Published

on

വാങ്മയം: 16

ഡോ.സുരേഷ് നൂറനാട്

വര: കാഞ്ചന.എസ്

വാക്കുകളുടെ ബോഗികൾ നിറയെ വികാരങ്ങളുടെ സിലണ്ടറുകൾ കൊണ്ടുവരുന്ന തീവണ്ടിയാണോ കവിത. അങ്ങനെ പറയേണ്ടിവരില്ല ശ്രീകുമാർ കര്യാടിൻ്റെ കവിതകൾ കണ്ടാൽ !

ഏതറ്റത്തും ഇൻജിൻ ഘടിപ്പിക്കാനാവുന്ന ബോഗികളുടെ നീണ്ടനിര. സ്വച്ഛമായ താളത്തിൽ സ്വന്തമായ പാളത്തിലൂടെ അതങ്ങനെ നീങ്ങുന്നു. ലോകം മുഴുവൻ മുറിയിലിരുന്ന് കാണുന്ന പ്രതീതിയിലാണ് ആ വാഗൺ കുതിക്കുന്നത്. പരമ്പരാഗത ലോകകവിതയുടെ ഘടനയിൽ ചില അഴിച്ചുപണികൾ നടത്താനുണ്ടെന്ന പോലെ!ഈണത്തിൻ്റെ വഴുക്കൽ ഒന്നു തുടച്ചെടുത്താൽ മതിയാകുമെന്ന തോന്നലുളവാക്കും.എന്നാൽ അതിനൊന്നും തുനിയാതെ അയാൾ ഇരുന്നിടത്തുതന്നെ ഇരിക്കുന്നു. അയ്യപ്പപ്പണിക്കർ പറഞ്ഞ പഴമയുടെ വാറോല വി .സി ബാലകൃഷണപ്പണിക്കരുടെ കവിത ചൊല്ലി ശബ്ദമുഖരിതമാക്കുന്നു അദ്ദേഹം. സായാഹ്നത്തിൽ ദൽഹിയ്ക്കുള്ള വണ്ടിയിൽ നിരന്നിരിക്കുന്ന കവികളും അവരെയിരുത്തിയിരിക്കുന്ന വലിയവണ്ടിക്കാരനേയും കവി നോക്കിത്തന്നെയിരുന്നുകളയും. അത്യന്താധുനികക്കാരേയും ആധുനികക്കാരേയും അവർക്കിടയിലെ കുത്തിത്തിരിപ്പുകാരേയും ശ്രീകുമാർ മഷിനോക്കി കണ്ടെത്തുന്നു.വയലാറിൻ്റെ കവിത ലവൽക്രോസിൽ നിർത്തിവെച്ച് പുതിയ പാട്ടുകൾ ചുരുട്ടിയെടുത്ത് കൊണ്ടുപോവുകയാണ്. ഈയിടെ അദ്ദേഹം എഴുതിയ ‘ഒരു ആഗ്രഹം’ എന്ന ഉദാസീനകാവ്യം നോക്കൂ.

“വെറുതെ ഓടുന്ന ഒരു തീവണ്ടിയിൽ കയറിയിരിക്കണം. ടി ടി ആറിനോട് ടിക്കറ്റുപോയി എന്നു കള്ളം പറയണം. ആകെ വെപ്രാളപ്പെടണം.അടിമുടി വിയർക്കണം. ആ ടി ടി ആറിന്റെ ഈഗോ വർദ്ധിക്കണം.അയാൾ സംശയത്തോടെ എന്നെ നോക്കണം. ഞാൻ ടിക്കറ്റെടുത്തിട്ടില്ല എന്ന് പത്തുതവണ അയാൾ ഉച്ചത്തിൽ പറയണം. യാത്രക്കാർ അയാളുടെ പക്ഷം ചേർന്ന് തലയാട്ടണം. അപ്പോൾ ഞാൻ തലചുറ്റി വീഴണം.
……………………..
ആദ്യത്തെ ടീ ടീ ആർ തൂവാലയെടുത്ത് മുഖം തുടയ്ക്കണം. രണ്ടാമത്തെ ടി ടി ആർ മറ്റൊരു തൂവാലയെടുത്ത് മുഖം തുടയ്ക്കണം. യാത്രക്കാരും ഓരോ തൂവാലയെടുത്ത് മുഖം തുടയ്ക്കണം. ഞാൻ അപ്പോൾ ആകാശത്തുനിന്ന് ഒരു തൂവാലയെടുത്ത് മുഖം തുടയ്ക്കണം. അപ്പോൾ എല്ലാവരും ആകാശത്തേക്ക് നോക്കണം
………………
ഞാൻ ടിക്കറ്റ് മെല്ലെമെല്ലെ പൊക്കിക്കൊണ്ടുവരണം. അപ്പോൾ ടീ ടീ ആർ മാർ മെല്ലെ മെല്ലെ മുകളിലേക്ക് ഉയർന്നുപൊങ്ങണം. ഇതിനിടെ തീവണ്ടി ഏതോ സ്റ്റേഷനിൽ നിൽക്കണം. ഞാൻ മാത്രം ഇറങ്ങിപ്പോകണം. “

ഇത് മുഴുവൻ
തീവണ്ടിയ്ക്കകമാണ്.കവിതയെന്ന തീവണ്ടിയുടെ അകം! ശ്രീകുമാർ കര്യാട് വെറുതേ എഴുതിയതാകാമിത് എന്ന് അദ്ദേഹം പോലും പറയരുത്. ശില്പസുന്ദരമായ അനേകം കവിതകളുടെ സൃഷ്ടാവ് ഈ രീതിയിൽ നിമിഷജീവിതത്തെ അതിജീവിക്കുന്നത് കാണാനിഷ്ടപ്പെടാത്തവരുണ്ടാകുമോ ഭൂമിയിൽ!

littnow.com

littnowmagazine@gmail.com

Continue Reading

Trending