സാഹിത്യം
കാപ്പിഘട്ട്
മോചനത്തിന്റെ സുവിശേഷം 5
സുരേഷ് നാരായണൻ
1.നാലു ചോദ്യങ്ങൾ
പെണ്ണിൻറെ വഴികളിൽ
നീ മുൾച്ചെടികൾ മാത്രം കിളിർപ്പിക്കുന്നതെന്തിന് ?
അടിക്കടി കിനിയുന്ന
രക്തരുചിത്തുളളികളിലേക്ക് ആ പാഴ്ച്ചെടികളെ ഉണർത്തുന്നതെന്തിന്?
ആണാസക്തിയുടെ
അസുരോത്സവങ്ങളിലേക്ക്
എന്തുകൊണ്ടു നീ കന്മഴ പെയ്യിക്കുന്നില്ല?
മുൾപ്പാതകളെല്ലാം
ചുവന്നുപോയിരിക്കുന്നതും ,
അതിൽ നോക്കുന്ന സൂര്യനു
തന്റെ കണ്ണുമഞ്ഞളിക്കുന്നതും
നീ അറിയുന്നില്ല എന്നുണ്ടോ ?
2.അന്ന- നീ -ദസ്തയെവ്സ്കി
അന്നയുടേയും ദസ്തേവ്സ്കിയുടെയും അടഞ്ഞ കിടപ്പുമുറിയെപ്പറ്റി
വാചാലനാകാതിരിക്കൂ;
പകരം ,
അവൻ അവളുടെ നെറ്റിമേൽ
വിരിയിച്ച പൂക്കളെപ്പറ്റി പറയൂ.
അവരുടെ രാത്രിശയ്യകളെപ്പറ്റി വ്യാകുലപ്പെടാതിരിക്കൂ;
പകരം ,
അവരുടെ കണ്ണുനീർ വീണു കുതിർന്ന സുവിശേഷ പുസ്തകത്തെപ്പറ്റി പറയൂ.
ഹൃദയം കണക്ക് അവർ തമ്മിൽ ചേർത്തുപിടിച്ച കൈവിരലുകളും,
കൈവിരലുകൾ കണക്ക്
അവരുടെ മുറിയെ പൊതിഞ്ഞു പിടിക്കുന്ന ജാലകത്തിരശ്ശീലകളും,
തിരശ്ശീലകൾ കണക്ക്
അവരുടെ അംഗചലനങ്ങളിൽ ത്രസിക്കുന്ന വീടും
സദാ വിറച്ചുകൊണ്ടേയിരിക്കട്ടെ!
3.വ്യർത്ഥ ഭ്രമണം
നല്ല സുഹൃത്തുക്കളെ ഉണ്ടാക്കൂ ;
അവരെ രസിപ്പിക്കൂ.
നക്ഷത്രങ്ങൾ പോലും
നിൻറെ വലയിൽ കുടുങ്ങാൻ ആശിക്കും!
വിഷാദം എന്ന ചിത്തരോഗാശുപത്രിയിലേക്ക്
തിരക്കിട്ടു പോകവേ,
സൗഹൃദത്തിൻറെ ചൂടുകൈത്തലങ്ങളും പ്രണയത്തിൻറെ മിനുപ്പാർന്ന
പിൻകഴുത്തുകളും നാം കാണാതെ പോവുന്നു.
അവിടെ നിന്നും പുറത്തു വരാതെ ആശുപത്രിയെത്തന്നെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു
ശിഷ്ടകാലം;
കഷ്ടകാലം!
littnow.com
littnowmagazine@gmail.com
SujaMR
July 5, 2022 at 3:31 pm
🌿🌿🌿