സാഹിത്യം
മോചനത്തിന്റെ സുവിശേഷം 2
സുരേഷ് നാരായണൻ
വീട് എന്ന കൂട്
വീടു വികസിക്കുന്നതേയില്ല;
പക്ഷേ വീട്ടുകാർ തമ്മിലുള്ള ദൂരം അനുദിനം വികസിക്കുന്നു…
ഇതെങ്ങനെ സംഭവിക്കുന്നു?
അടുത്തിരിക്കെ,
നാം പരസ്പരം അകലുന്നു;
അകന്നുകൊണ്ടേയിരിക്കുന്നു.
നമുക്കിടയിൽ മൗനത്തിൻറെ
മതിലുകളുയരുന്നു,മനസ്സുകളെരിയുന്നു എന്ന് അങ്ങു പറഞ്ഞിട്ടുണ്ടല്ലോ.
മനനം ചെയ്യാൻ പറ്റാത്തത്രയും മൗനം എങ്ങും നിറഞ്ഞിരിക്കുന്നു.
വീടുകൾ ആദ്യം പാവവീടുകളും
പിന്നെ പാഴ് വീടുകളും ആകുന്നു.
നിഗൂഢതകളുടെ തമ്പുരാനേ,
പൂവിരിയിക്കുന്ന ആ മാന്ത്രികതയെ ഞങ്ങളുടെ വീടുകൾക്കുളളിലേക്കും വ്യാപിപ്പിക്കേണമേ!
സദാ ചുഴറ്റി വീശിയടിക്കുന്ന കാറ്റിൽ നിന്ന് ‘കൊടു’വിനെ അഴിച്ചു കെട്ടേണമേ!
കാലത്തിൻറെ കത്രിക
തല ഇടയ്ക്കിടെ കുടയണം നമ്മൾ.
തോളുകൾ ഇടയ്ക്കിടെ വെട്ടിക്കണം നമ്മൾ.
അദൃശ്യ നുകങ്ങൾ ഉണ്ടെങ്കിൽ
അവ തെറിച്ചു പൊക്കോട്ടെ!
“ഒന്നോർത്താൽ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന മുഴുവൻ മോശപ്പെട്ട കാര്യങ്ങൾക്കും ഒരൊറ്റ കാരണമേയുള്ളൂ. എപ്പോഴോ ലഭിച്ച പരുക്ക്. അതു കാണാനും കേൾക്കാനും ആവശ്യമായ ധ്യാനമോ സംയമനമോ ഇല്ലാത്തതുകൊണ്ട് നമ്മളിങ്ങനെ ഏതോ ദൃശ്യം നുകം ചുമന്ന്..”
“പ്രിയപ്പെട്ടവനേ,
ചിത്രങ്ങളിൽ കാണുമ്പോൾ മാത്രമേ മരുഭൂമിക്ക് തിളക്കമുള്ള കവിളുകൾ ഉണ്ടാകൂ.”
“ചിത്രങ്ങളിൽ കാണുമ്പോൾ മാത്രമേ താമരക്കുളങ്ങൾക്ക് മോഹിപ്പിക്കുന്ന ചുണ്ടുകൾ ഉണ്ടാകൂ.”
“ഹാ! പിതാവേ
സ്നേഹം പ്രവഹിക്കാൻ എന്നുള്ളിൽ പ്രത്യേക ഞരമ്പുകൾ ഉണ്ടായിരുന്നെങ്കിൽ!”
“അതു വിട്ടേക്കൂ.
നീ നക്ഷത്രങ്ങളെ നോക്കൂ.
മറവി രോഗം ബാധിച്ച നമുക്ക്
അവർ കൂട്ടിരിക്കുന്നതു കാണൂ!”
180 ഡിഗ്രി
വൃക്ഷത്തോളം പരിശുദ്ധി
മറ്റാർക്കുള്ളൂ!
ഒരു നിശ്ശബ്ദ സന്യാസിയാണത്.
ഞാൻ കളകൾ മാത്രം കൊത്തിത്തിന്നുന്ന ഒരു പക്ഷിയെ വളർത്തുന്നു.
തിന്നു തിന്ന്
തിന്നു തിന്ന്
അതൊരു നാൾ എൻറെ തലയോട്ടിയിൽ ആഞ്ഞുകൊത്തുന്നു.
ചോദ്യങ്ങളേറ്റ്
തിളച്ചവെള്ളം കണക്ക്
വിധി ചിതറിത്തെറിക്കവേ, ആർക്കൊക്കെയോ പൊള്ളുന്നു.
littnow
നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : littnowmagazine@gmail.com
Vinod babu
March 18, 2022 at 3:06 pm
Great littnow