കഥ
കുഴി
രജീഷ് ഒളവിലം
പതിവ് തെറ്റിച്ചുകൊണ്ടു ഇന്നും ഒന്നുംതന്നെ നടക്കാനില്ല.
” സുമേ”.. എന്ന് നീട്ടിയുള്ള അച്ഛന്റെ വിളിയാണ് പൊതുവേ അവളുടെ അലാറം. ഈ അലാറത്തിനു ഒരു കുഴപ്പമുണ്ട് ഒരു നിശ്ചിത സമയം എന്ന ഫങ്ഷൻ ഇതിനില്ല. അച്ഛൻ തെങ്ങിൽ നിന്നും വീണ് ശരീരമനക്കാൻ കഴിയാതെ കിടപ്പിലായ അന്നുതൊട്ടു പുലർച്ചെ ഏതു സമയത്തുവേണമെങ്കിലും ആ വിളി പ്രതീക്ഷിക്കാം. ഉറക്കപ്പായിൽ നിന്നും എണീറ്റ് അവൾക്ക് ആദ്യം ചെയ്യേണ്ടി വരുന്ന ജോലിയും അച്ഛന്റെ മലമൂത്ര വിസർജ്യങ്ങൾ വൃത്തിയാക്കുക എന്നതാണ്. അതുകഴിഞ്ഞു
പ്രാതൽ,പിള്ളേർ,സ്കൂൾ ബസ്സ്, ഉച്ചഭക്ഷണം എന്നിങ്ങനെയുള്ള ഓരോ വൗച്ചറും കൃത്യമായി ക്രെഡിറ്റ് ചെയ്തിട്ട് വേണം ബാങ്കിലേക്ക് ഇറങ്ങാൻ.
ദാമോട്ടന്റെ പീടിക കോലായിൽ പതിവ് ഇടത്തിൽ തന്നെ സുകു ഇരിക്കുന്നുണ്ട്, തൊട്ടടുത്ത മനോരാട്ടന്റെ തയ്യൽക്കടയിൽ 'താമസമെന്തേ വരുവാൻ.. പ്രണസഖീ എന്റെ മുന്നിൽ ' എന്ന റേഡിയോ പാട്ടിന്റെ പശ്ചാത്തലത്തിൽ സുമ തന്റെ സ്കൂട്ടിയിൽ അതുവഴി കടന്നു പോയതിന് ശേഷം മാത്രമേ ആൾ ജോലിക്ക് പോവാനുള്ള ഒരുക്കം പോലും നടത്തിയിട്ടുള്ളൂ. നഷ്ടപ്രണയത്തിന്റെ പ്രതീകമായിക്കൊണ്ടു പീടികക്കോലായിൽ ഇരിക്കുന്ന സുകു നാട്ടുകാർക്കൊക്കെ പറഞ്ഞു ചിരിക്കാനുള്ള ഒരു കോമാളി കഥാപാത്രമാണ്. പതിനാറാമത്തെ വയസ്സിൽ അയാൾ ശപഥം ചെയ്തതായിരുന്നു കല്യാണം കഴിക്കുന്നെങ്കിൽ സുമയെ മാത്രം എന്ന്. അതോണ്ട് തന്നെ വയസ്സ് നാൽപ്പത്തി അഞ്ചായിട്ടും ആൾ അവിവാഹിതനാണ്.
“ന്നാലും സുമേച്ചീ.. പഠിക്കുന്ന കാലത്തൊക്കെ ഇങ്ങക്കും സുകുവേട്ടനെ ഇഷ്ട്ടല്ലായിരുന്നോ.. എന്തിനാ ആ പാവത്തിനെ ഇങ്ങനെ സങ്കടപ്പെടുത്തുന്നെ..?”
“നിനക്ക് വേറൊന്നും പറയാനില്ലേ പെണ്ണേ..?”
“എന്നാപ്പിന്നെ ഈ കുഴിയെപ്പറ്റി പറയാം, സ്വകാര്യം പറയ്‌ന്നേലല്ലേ പ്രശ്നോള്ളൂ പൊതുകാര്യം പറയാല്ലോ”
കോറിയിലേക്ക് പോവുന്ന ഭീമൻ ലോറികൾ കയറിയിറങ്ങി സൃഷ്ടിക്കപ്പെട്ട, റോഡിന് നടുവിലെ വലിയ കുഴിയിൽ ചൂണ്ടി രചന വിഷയം മാറ്റി.
സുമയുടെ വണ്ടി ദേവസ്സി മുക്കിൽ എത്തിയാൽ പതിവുപോലെ രചന സ്കൂട്ടിയുടെ പിന്നിൽ കേറും ബാങ്കിലേക്ക് പോവുന്ന വഴിയിലാണ് സൊസൈറ്റി. വണ്ടിയുടെ പിൻസീറ്റിലിരുന്നു സുമയെ മുറുക്കിയൊന്ന് വട്ടം പിടിച്ച് എന്നും അവളീ ചോദ്യം ചോദിക്കും പതിവ് തെറ്റിക്കാതെ സുമ ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു അവളുടെ വായടക്കും. സൊസൈറ്റിയിൽ എത്തിയാൽ രചന ഇറങ്ങും. സുമ യാത്ര തുടരും.
സുകുവിനെ കാണുമ്പോഴൊക്കെ അവൾക്ക് പാറമടയിലെ വെള്ളക്കെട്ടിൽ കിടന്ന് ചീർത്ത അമ്മയുടെ മുഖം ഓർമ്മവരും. മനസ്സിലെവിടൊക്കെയോ ഉരുവം കൊണ്ട സ്നേഹം ആ നിമിഷത്തിൽ മാഞ്ഞില്ലാതാവും.
ചെട്ടിയാരുടെ പറമ്പിൽ മാത്രം കള്ളുചെത്താൻ പോയി ചെത്തിയതിൽ പാതി സ്വയം കുടിച്ചു ബോധമില്ലാതെ വീട്ടിലേക്ക് കയറിവരുന്ന അച്ഛനും പാറമടയിൽ കല്ലുചുമന്ന് കിട്ടുന്ന ഇത്തിരി വേദനം കൊണ്ട് കുടുംബം പുലർത്തി തന്നെയും അനിയനേയും കഷ്ടപ്പെട്ട് പഠിപ്പിക്കുന്ന അമ്മയും അവളുടെ യവ്വനം വരേയുള്ള ഓർമ്മകളിൽ പല നിറങ്ങളിലായി കോറിയിട്ടിട്ടുണ്ടവൾ.
ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അവൾക്ക് മിലിട്ടറിക്കാരൻ പ്രകാശന്റെ ആലോചന വരുന്നത്. സുന്ദരനും ദൃഢഗാത്രനുമായ പ്രകാശനെ ആദ്യ നോട്ടത്തിൽ തന്നെ അവൾക്ക് നന്നേ ബോധിച്ചു. പ്രകാശനും മറിച്ചായിരുന്നില്ല.
പ്രീഡിഗ്രി കഴിഞ്ഞ് വേനലവധിക്കാലത്ത് കമ്പ്യൂട്ടർ പഠിക്കാൻ സുരേഷ് മാഷിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി തിരിച്ചെത്തിയപ്പോഴാണ് വീട്ടുമുറ്റത്ത് പതിവില്ലാത്ത ആൾക്കൂട്ടം കാണുന്നത്.
കൂട്ടിയിട്ട പാറക്കൂട്ടങ്ങൾ പോലെ തിങ്ങി നിന്ന ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റിക്കൊണ്ട് അവൾ മുറ്റത്തെത്തി.
കാൽവിരലുകൾ കൂട്ടിക്കെട്ടി മുഖം മറച്ചു പുതപ്പിച്ചു ഈറ്റപ്പായയിൽ കിടത്തിയ അമ്മയെ ഒരു നോക്ക് മാത്രമേ അവൾ നോക്കിയുള്ളൂ. നിലച്ചുപോയ സ്നേഹവാത്സല്യങ്ങളെ കെട്ടിപ്പിടിച്ചു അവളും അനിയനും പൊട്ടിക്കരഞ്ഞു. പാറമടയിലെ വെള്ളക്കെട്ടിൽ മദിച്ചു നീന്തുന്ന വളർത്തു മീനുകൾ കൊത്തിയടർത്തിയ അമ്മയുടെ കണ്ണുകൾക്ക് ആ കരച്ചിൽ കാണാൻ കഴിഞ്ഞില്ല.
“സുമേ എനക്ക് കൊച്ചീലൊരു ജോലി ശര്യായിട്ടുണ്ട് ഇന്ന് രാത്രിയത്തെ വണ്ടിക്ക് പോണം. അതിനും മുന്നേ എനക്ക് നിന്നോടൊരു കാര്യം പറയണമെന്നുണ്ട്”
തെക്കേ മുറ്റത്തെ കത്തിത്തീരാത്ത ചിതയിലേക്ക് നോക്കി കരഞ്ഞു തളർന്നിരിക്കുന്ന സുമ മുഖമുയർത്തി സുകുവിനെ ഒന്ന് നോക്കി.
“എനിക്ക് നിന്നെ ഇഷ്ട്ടാണ്, നിന്നെ മാത്രേ ഞാൻ കെട്ടൂ, എന്ത് വന്നാലും എനിക്ക് വേണ്ടി നീ കാത്തിരിക്കണം”
ചുംബിക്കാനായി അവനുയർത്തിയ കൈ വലിച്ചെടുത്ത് അവന്റെ മുഖത്തേക്കവൾ ആഞ്ഞടിച്ചു. അവിടവിടായി നിന്നിരുന്നവർ അവരെ രണ്ടുപേരെയും തുറിച്ചു നോക്കി.
അന്ന് വെറുത്തതാണ് അവളവനെ. അതേപോലെ അന്ന് കൊച്ചിയിലേക്ക് പോയ അവനും നാണക്കേട് കൊണ്ട് വർഷങ്ങൾ കഴിഞ്ഞേ തിരിച്ചു നാട്ടിലേക്ക് പോലും വന്നുള്ളൂ.
"സുമേച്ചീ ഇങ്ങളിത്ര പാവായിട്ടും പ്രകാശേട്ടനെന്തിനാ ഇങ്ങളെ ഇട്ടേച്ചും പോയത്"
സ്കൂട്ടിക്ക് പിന്നിലിരുന്ന് രചന പതിവ് തെറ്റിച്ചോരു ചോദ്യം ചോദിച്ചു.
“അയാളെന്നെയല്ല പെണ്ണേ ഞാനയാളെയാ ഇട്ടേച്ചും പോന്നത്” പതിവ് തെറ്റിച്ചു തന്നെ സുമയും ഉത്തരം പറഞ്ഞു.
ജാർഖണ്ഡിലെ മിലിട്ടറി കോട്ടർസും തുറിച്ചു നോട്ടങ്ങൾ തലയിൽ പേറി നടക്കുന്ന പട്ടാളക്കാരും, നിൽക്കാനും ഇരിക്കാനും നോക്കാനും മിണ്ടാനും പോലും പട്ടാള ചിട്ട പാലിക്കേണ്ടുന്ന പ്രകാശന്റെ മുറിയും ഒരു നിമിഷം അവളുടെ കണ്ണുകൾക്ക് മുന്നിലൂടെ മിന്നി മറഞ്ഞു.
ബാങ്കിൽ ജോയിൻ ചെയ്യാനുള്ള ഒഫർലെറ്റർ
വീട്ടിൽ എത്തിയെന്ന് അച്ഛൻ പറഞ്ഞ ദിവസം. “കെട്ടിയോളുടെ ഉദ്യോഗം കൊണ്ട് കുടുംബം പുലർത്തേണ്ട ഗതികേടൊന്നും ഈ പ്രകാശനില്ല, ഉള്ളത് തിന്നും കുടിച്ചും എന്റെ പിള്ളാരെയും നോക്കി ഇവിടെങ്ങാനും ഒതുങ്ങിയിരുന്നോ” എന്ന പ്രകാശന്റെ പ്രസ്താവനയ്ക്ക് അന്ത്യവിരാമമിട്ടു നാട്ടിലേക്ക് വണ്ടികയറിയ ഇരുപത്താറു കാരിയുടെ കഥ രചനയ്ക്ക് പറഞ്ഞാൽ മനസ്സിലാവുമോ.
ആ ഓർമ്മകൾക്ക് തന്നെ കോണടുപ്പിലിരുന്ന് ചൂടായിക്കൊണ്ടിരിക്കുന്ന വെള്ളപ്പാത്രത്തിന്റെ പൊള്ളലാണ്.
കുടിക്കാനുള്ള വെള്ളംകോരി തോർത്തുവച്ച് അരിച്ച് വട്ടപ്പാത്രത്തിലൊഴിച്ച് തുളുമ്പിയൊഴുകിയ നനവ് സാരിത്തലപ്പ് വച്ച് തുടച്ച് എടുത്തുക്കത്തുവച്ച് രണ്ടടി നടന്നതേയുള്ളൂ കണ്ണിലൂടെ ഇഴഞ്ഞുകേറിയ ഇരുട്ട് ഞരമ്പുകളിലൂടെ പാഞ്ഞ് തലച്ചോറിലെത്തി കൊള്ളിയാൻവെട്ടത്തിലൊന്ന് മിന്നി.
ബോധം വന്നപ്പോഴാണ് താൻ ആസ്പത്രിയിലാണെന്നും. വീണുകിടക്കുന്ന തനിക്കരികിലിരുന്ന് വലിയവായിൽ കരഞ്ഞ മക്കളുടെ ശബ്ദം കേട്ട് ഓടിയെത്തിയ സുകുവാണ് തന്നെ ആശുപത്രിയിൽ എത്തിച്ചതെന്നും അവൾ അറിയുന്നത്.
“ന്റെ സുമേച്ചീ മൂപ്പര് കൃത്യ സമയത്തു എത്തിയതോണ്ടു മാത്രാ ഇങ്ങള് രക്ഷപ്പെട്ടത്, അല്ലെങ്കിൽ ഒരുഭാഗം തളർന്ന് കാലാകാലം കിടക്കേണ്ടി വന്നേനെ”
കഞ്ഞി കോരിക്കൊടുക്കുന്നതിനിടെ രചന കുശലം പറഞ്ഞു. “ഉം” എന്ന ഒറ്റ മൂളലിൽ സുമ മറുപടിയെ പൊതിഞ്ഞു കെട്ടി.
“ഡാ ഭരണിയിലിട്ട ഉണക്കമീൻ നോക്കി വെള്ളമിറക്കി നിക്കുന്ന പൂച്ചയെപ്പോലെ എത്ര കാലമാണെടാ നീയങ്ങനെ സുമേന്റെ പിന്നാലെ മണപ്പിച്ചു നടക്കുവ”
മനോരാട്ടന് ലോട്ടറിയടിച്ചതിന്റെ ആഘോഷം പീഡികക്കോനായിൽ പൊടിപൊടിക്കുന്നതിനിടെ കയ്യിൽ കിട്ടിയ ചിക്കൻ കാല് കടിച്ചു വലിച്ചോണ്ട് കുടവയറും തടവി പുലിദാസൻ സുകുവിനെയൊന്നു ഉപദേശിക്കാമെന്നു തീരുമാനിച്ചു.
“ശരിയാ സുകുഏട്ടാ ഇങ്ങള് വെറുതെ ഇങ്ങളെ ജീവിതം പാഴാക്കരുത്, ഇന്നലെ ഇത്രയൊക്കെ ചെയ്തിട്ടും ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ലാലോ..?”
എരിതീയിൽ എണ്ണയൊഴിക്കാൻ അല്ലേലും ചക്കര ശ്രീജിത്തിന് പണ്ടേ നല്ല മിടുക്കാണെന്നു അവന്റെ ചക്കര ഓട്ടോയിൽ കേറിയിട്ടുള്ള എല്ലാർക്കും അറിയാം. ഒഴിച്ചു വച്ച പെഗ്ഗ് പോലും അടിക്കാതെ സുകു ഒന്നും മിണ്ടാതെ വയലിലേക്കിറങ്ങി വരമ്പിലൂടെ വീട് ലക്ഷ്യമാക്കി നടന്നു.
പതിവിന് വിപരീതമായി അന്നൊരു കാര്യം നടന്നു. അന്ന് നേരംപുലർന്നത് സുമേടെ അച്ഛന്റെ മരിപ്പറിയിച്ചുകൊണ്ടായിരുന്നു. ഡോക്ടറെ കൂട്ടി വന്നതും മരണം ഉറപ്പിച്ചതും സുകു തന്നെയാണ്. നാട്ടുമൂപ്പനായി മനോരാട്ടൻ മുറ്റത്തുനിന്ന് ചറപറാ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഈറ്റപ്പായ വിരിച്ച് ബോഡി കിടത്തി വെള്ള പുതപ്പിച്ച് സുകു അരികിലേക്ക് മാറി നിന്നു. രചനയുടെ തോളിൽ താങ്ങി സുമ ഉമ്മറത്തേക്ക് വന്നു.
ഒരിറ്റ് കണ്ണീരുപോലും പൊടിയാത്ത മരവിച്ച കണ്ണുകളാൽ അവൾ അച്ഛനെ നോക്കിക്കൊണ്ടിരുന്നു. ഇടയ്ക്ക് മുഖമുയർത്തി അവൾ സുകുവിനെയും ഒന്ന് നോക്കി.
“സുമേ തെറ്റിദ്ധരിക്കേണ്ട നിന്റെ സ്നേഹം പിടിച്ചു പറ്റാനോ, സഹതാപമുണ്ടാക്കി നിന്റെ മനസ്സിൽ കേറിക്കൂടാനോ ഒന്നുമല്ല ഞാനിതൊക്കെ ചെയ്യുന്നത്, ഒരു അയൽക്കാരനെന്ന നിലയ്ക്ക് എന്റെ കടമകൾ മാത്രമാണിത്”
തെക്കേ മുറ്റത്ത് കത്തിക്കൊണ്ടിരിക്കുന്ന ചിതയിലേക്ക് നോക്കിയിരിക്കുന്ന സുമയോട് അത്രയും പറഞ്ഞൊപ്പിച്ച് അവൻ മുറ്റത്തേക്കിറങ്ങി.
“സുകൂ.. വർഷങ്ങൾക്ക് മുമ്പ് ഇതേപോലൊരു ചിതയെരിയുമ്പോ എന്നോട് നീ പറഞ്ഞത് ആത്മാർത്ഥമായിട്ടായിരുന്നോ..?”
അപ്രതീക്ഷിതമായ ആ ചോദ്യം ഒരു ചുഴിയിൽ പെട്ട തോണി കണക്കെ അവനെ ഒന്നുലച്ചു.
“അതേ”
ഒരു നിമിഷത്തെ മൗനത്തിനോടുവിൽ അവൻ വിക്കി വിക്കി ആ ഒരു വാക്ക് മാത്രം പറഞ്ഞു.
“സുമേച്ചിയും സുകുവേട്ടനും ഒന്നാവൻ തീരുമാനിച്ചേ”
പോവുന്ന വഴിയിൽ കാണുന്നവരോടെല്ലാം സന്തോഷമറിയിച്ചുകൊണ്ട് രചന പാറി നടന്നു.
“സിന്ദൂരോം, താലിയും ഒപ്പും ഒന്നും വേണ്ട നാളെ തൊട്ട് നമ്മൾ ഒന്നിച്ചു ജീവിക്കും “
മുമ്പൊരിക്കൽ നൽകാൻ പറ്റാതെപോയ ചുംബനം സുമയുടെ കൈയ്യിൽ നൽകിക്കൊണ്ട് അവൻ വിക്കാതെ സംസാരിച്ചു.
നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു ചെറുതായി ചാറ്റൽ മഴയും ഉണ്ട്, സുകു തിടുക്കത്തിൽ കടകൾ തോറും കയറിയിറങ്ങി എന്തൊക്കെയോ വാങ്ങിക്കൂട്ടി. സുമയ്ക്കും മക്കൾക്കും വസ്ത്രങ്ങൾ, പിന്നെ വീട്ടിലേക്ക് അവശ്യം വേണ്ടുന്ന മറ്റു അല്ലറ ചില്ലറ സാധനങ്ങൾ അങ്ങനെ ഓരോന്നും.
സദ്യയും പായസവും ഒരുക്കി സുകുവിനെ വരവേൽക്കാൻ സുമയും ഭേദപ്പെട്ട ഒരുക്കങ്ങൾ തന്നെ നടത്തിയിരുന്നു. അങ്ങനെ കാലങ്ങൾക്ക് ശേഷം തങ്ങൾ സ്വപ്നം കണ്ട ജീവിതത്തിലേക്ക് നടന്നു കയാറുവാനുള്ള എല്ലാ തയ്യാറെടുപ്പുകളും പിഴവുകൾ ഒന്നുമില്ലാതെ രണ്ടാളും നടത്തിക്കൊണ്ടിരുന്നു.
“സുകൂ എവിടാണ് വരാൻ വൈകുമോ…?”
“ദാ ഞാൻ ടൗണിൽ നിന്നും പുറപ്പെട്ടുകഴിഞ്ഞു അരമണിക്കൂറിനുള്ളിൽ വീടെത്തും “
ചാറ്റൽമഴയെ വകവയ്ക്കാതെ അവൻ തന്റെ ബൈക്കിൽ വീട് ലക്ഷ്യമാക്കി കുതിച്ചു.
സമയമേറെ വൈകിയിട്ടും സുകുവിനെ കാണാതായപ്പോൾ സുമ മക്കൾക്ക് ചോറും കൊടുത്ത് ഉറക്കാൻ കിടത്തി. മേലെ മച്ചിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിലേക്ക് നോക്കി അവൾ ഭാവിയെക്കുറിച്ചു കണക്കു കൂട്ടലുകൾ നടത്തുന്നതിനിടെയാണ് ഫോൺ
ശബ്ദിച്ചത്.
മറുതലയ്ക്കൽ രചനയാണ്.
“സുമേച്ചീ.. കോറി വളവിലെ കുഴിയിൽ വീണ് ഒരു ബൈക്ക് ആക്സിഡന്റ് ആയിട്ടുണ്ട്, അത് നമ്മുടെ സുകുവേട്ടനാണെന്നാണ് ഇവിടെ അച്ഛനൊക്കെ പറേന്നത് കേട്ടത്. ഇത്തിരി ഗുരുതരമാണെന്നാണ്”
അവളെ പറഞ്ഞു മുഴുമിപ്പിക്കാൻ അനുവദിക്കാതെ സുമ ഫോൺ കട്ട് ചെയ്തു.
പതിവ് തെറ്റിച്ചുകൊണ്ടു ഇന്നും ഒന്നുംതന്നെ നടക്കാനില്ല.
തൊട്ടടുത്തു കിടക്കുന്ന സുകുവിന്റ സുമേ.. എന്ന നീട്ടിവിളിയാണ് ഇപ്പോഴവളുടെ അലാറം. ഉറക്കമുണർന്നാൽ ആദ്യം ചെയ്യേണ്ടത് അവന്റെ മലമൂത്ര വിസർജ്യങ്ങൾ വൃത്തിയാക്കുക എന്നത് തന്നെയാണ്. പിന്നെ മക്കളിൽ തുടങ്ങി ബേങ്ക് വരെയുള്ള സ്ഥിരം ചെയ്തികളും.
“നിനക്കെന്താ പെണ്ണേ ഒന്നും ചോദിക്കാനില്ലേ…?’
പതിവ് തെറ്റിച്ചുകൊണ്ടു സുമയാണ് രചനയോട് ചോദ്യം ചോദിച്ചത്.
“ചേച്ചീ നോക്കി ഓടിക്ക് റോഡിൽ അപ്പടി കുഴിയാണ്”.
പതിവ് ഉത്തരം തന്നെയാണ് രചനയുടെ ഭാഗത്തു നിന്നും വന്നത്.
ആ സ്കൂട്ടി കുഴികളൊക്കെ താണ്ടി ലക്ഷ്യത്തിലേക്ക് പാഞ്ഞുകൊണ്ടേയിരുന്നു.
littnowmagazine@gmail.com
You must be logged in to post a comment Login