കഥ
റേഡിയോയിസം
അർജുൻനാഥ് പാപ്പിനിശ്ശേരി
1
അപ്പൻ സമ്മാനിച്ച റേഡിയോയ്ക്ക് ഇന്ന് പത്തു വയസ് തികയുന്നു.അപ്പൻ ഉണ്ടാകുന്ന ആ മധുരമേറിയ ചായയ്ക്ക് ഇന്നും ആവിശ്യക്കാർ ഏറെയാണ്. നാലുമൂലയ്ക്കുളിൽ ഒതുങ്ങിയ ആ ആത്മാവിന് ഇന്നും ആ ചായയുടെ മണമാണ്.ആറി തണുത്ത ഇന്നത്തെ എന്റെ ആ ചായയ്ക്ക് അന്നത്തെ ആ നാലണയുടെ വിലപോലും ഇല്ലായിരുന്നുവെന്ന് ഞാൻ കുറച്ചു ദിവസം മുൻപാണ് മനസ്സിലാക്കുന്നത് തന്നെ. മരശാലയിൽ കൊണ്ട് പോയി അപ്പൻ തന്നെ തയ്പ്പിച്ചെടുത്ത ആ നിലത്തുപലകൾ ഇന്നും എനിക്ക് ഭാരമായിരുന്നു. അതിൽ ഏഴാമനായിരുന്നു ഏറെ ബുദ്ധിമുട്ട്. അപ്പന്റെ ആ സമ്മാനത്തെ ഓർത്താൽ അവൻ ഇവിടെയെത്തിയിട്ട് പത്ത് വയസ്സാകുന്നു, പീടികയ്ക്ക് പതിനഞ്ചും. സ്കൂൾ വിട്ട് മിക്കവാറും ഞാൻ അവിടേയ്ക്ക് ഒരു പോക്ക് പതിവാണ്. അത് അപ്പന്റെ കടുംചായയുടെ മണം കൊണ്ടോ അതോ ആ റേഡിയോയുടെ ശബ്ദമോ.. ആ നാട്ടിൽ അപ്പന്റെ പീടികയിൽ മാത്രമാണ് റേഡിയോ ഉണ്ടായിരുന്നത്. ആദ്യ നാളുകളിൽ റേഡിയോയുടെ ശബ്ദം കേൾക്കാൻ പലരും എത്താറുണ്ടായിരുന്നു. ആ വരവ് ഞങ്ങൾക്ക് ഒരു തരത്തിൽ ഗുണമുണ്ടാക്കുകയും ചെയ്തു.സൈക്കിൾ മാത്രം കണ്ട ആ നാട്ടുകാർക്കിടയിൽ മാരുതിക്കാർ കൊണ്ടുവന്ന സായിപ്പിന്റെ ഗമയോളമായിരുന്നു എനിക്ക് ആ നേരമൊക്കെ. അപ്പോൾ റേഡിയോ ആ നാട്ടുകാർക്ക് ആവേശമെന്നതിലുപരി അത്ഭുതമായിരുന്നു. അന്നൊക്കെ, എങ്കിലും ചെറിയൊരു അസൂയയും ചിലരിക്കും ഉണ്ട്. ആമ്പിഫ്ലൈയർ ടിവി ആദ്യമായി എത്തിച്ച രാഘവൻ മാഷായിരുന്നു അതിൽ ഒന്നാമൻ. കുടവയറൻ ടിവി, തന്റെ പെൻഷൻ കാശ് കൊടുത്തു വാങ്ങിയ മാഷിനെ പിന്നെ ഞാൻ കാണുന്നത് ഇപ്പോഴായിരുന്നു. ആ കാലത്ത് ഞാനും ഒരു നോക്ക് ടിവിയെ കാണാൻ പോയിരുന്നു. ആൾക്കാരുടെ ആ പിടിവലിയിൽ തലചുമരിനിടച്ചതിന്റെ പാട് ഇന്നും എന്റെ നെറ്റിയിൽ തന്നെയുണ്ട്. മകളുടെ കല്യാണത്തോടെ അമേരിക്കയിൽ പോയ മാഷ് അപ്പോഴൊക്കെ ഒരു ആശ്വാസമായിരുന്നു. അതിനുള്ള ഏറ്റവും വലിയകാരണം അയാളുടെ പൊങ്ങച്ചമായിരുന്നു. പ്രായം അറുപതുകഴിഞ്ഞെങ്കിലും ആ ശീലം ഇന്നും അങ്ങനെ….
സമയം ഉച്ച. മഴ നേരം പീടികയിൽ നിറയാവുന്ന പരമാവധിയാളുകൾ നിറഞ്ഞു കഴിഞ്ഞു. അത് വരെയുള്ള കറണ്ട്കട്ടിന് ശേഷം തയാറായിനിന്നി ഞങ്ങളുടെ മുന്നിൽ അവൻ പാടി.
“അനുരാഗിണി ഏതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ “കൈയ്യടിക്കിടയിൽ പാട്ടിന്റെ ശബ്ദം കുറവായിരുന്നുവെങ്കിലും ചെവിയോർത്ത് കേട്ട ആ പാട്ടിന് അമ്മയുടെ ശബ്ദമായിരുന്നു. പത്താം ക്ലാസ്സ് വരെയുള്ള എന്റെ വിദ്യാഭ്യാസ ജീവിതത്തിന് ശേഷം അമ്മയെ കണ്ടിട്ടില്ല. അപ്പന്റെ അടുത്തായി നാലുതൂണിൽ അമ്മ ചുരുങ്ങിയിട്ട് പതിനഞ്ചുവർഷമായിരുന്നു. കൂടിച്ചേരലുകൾ ഇല്ലാത്ത ആ രണ്ട് ജീവികളുടെ ഇടയിൽ എപ്പോഴൊക്കെയോ ഞാനും ഒറ്റപ്പെട്ടുപോയിരുന്നു.അമ്മയ്ക്ക് ഭ്രാന്താണ് എന്ന് പറഞ്ഞവരുടെ നേർക്ക് കുരച്ച എനിക്കും ഇപ്പോൾ മനസ്സിലായിരിക്കുന്നു അമ്മയ്ക്ക് ഭ്രാന്താണ്. ചിലപ്പോഴൊക്കെ അമ്മ താനെ സ്വയം മറക്കും, വെറുക്കും, അതിനുള്ള പ്രധാന കാരണവും ഈ ചായപീടികയാണ്. ചിലപ്പോഴൊക്കെ തലയ്ക്ക് മുകളിൽ തൂങ്ങിയാടുന്ന അമ്മയെ ഞാൻ കാണാറുണ്ട്. അമ്മയെ കാണാൻ കൊതിക്കുന്ന എന്നോട് എതിർക്കുന്ന അപ്പനെ മാത്രമേ ഞാൻ കാണാറുള്ളു. പീടികയോട് ചേർന്നുള്ള കറാമ്പിന്റെ ഇല കരിച്ചുണ്ടാക്കുന്ന പുക ഇപ്പോൾ പതിവാണ്. ചിലപ്പോഴൊക്കെ ആ ഇല ചായയിലിട്ട് അരിച്ചെടുത്ത് ‘സ്പെഷ്യൽ ടീ ‘ ഉണ്ടാകാറുണ്ട്.പക്ഷെ അത് അപ്പനോളം എത്താറില്ല.
2
കടയ്ക്ക് എതിരെയുള്ള ഇറച്ചിപീടികയിലെ രമേശന് ഇപ്പോഴും എന്നോട് ദേഷ്യമാണ്. തൂക്കിയിട്ട ഇറച്ചികോഴികളെ നിരത്തിവച്ചു വെട്ടി പൊളിക്കുമ്പോഴും ഇന്നും അയാളുടെ ഉള്ളിൽ ‘ഞാനും’ “അപ്പനും” വെട്ടിമുറിക്കപ്പെട്ടടുകയായിരുന്നു.പൊടി ചേർക്കാത്ത കടലയ്ക്കക്കറിയാണ് ഇന്ന് ഈ കടയുടെ സമ്പത്ത്. അവൻ മാത്രം വിറ്റുപോകുന്ന ഈ പീടിക ഈയിടെയാണ് പുതുക്കിപ്പണിതത്. മാറ്റമെന്ന് പറയാനാകില്ല,ഓട് മേഞ്ഞ പുരയൊന്ന് പുതുക്കി. ചേറ് പുരണ്ട ചുമര് ഒന്ന് വൃത്തിയാക്കി പെയിന്റ് മുക്കി. പുകക്കുഴൽ ചൂല് വച്ചു വൃത്തിയാക്കി. അങ്ങനെയാണ് ഞാനത് കണ്ടത്.തുരുമ്പെടുത്ത ജനൽത്തട്ടിൽ വച്ച അപ്പന്റെ ‘കാസിയോ ‘ഗോൾഡൻ വാച്ച്. അതിൽ ഇപ്പോൾ സമയം “12:35”, അപ്പൻ ചത്ത സമയം. അവനെ ചുറ്റിത്തിരിച്ചു കൈയിലാക്കിയപ്പോൾ അപ്പന്റെ ആത്മാവ് കണ്ണീരായി വന്നു.
അമ്മ ചത്തതിന്റെ പതിനാലാം ദിവസം മുതൽ അപ്പന് അമ്മയുടെ അതേ ഭ്രാന്ത് കിട്ടിയിരുന്നു.ഉത്തരത്തിൽ ഒരു കെട്ടിൽക്കുരുങ്ങിയ അമ്മയുടെ ആ ”ചത്ത”ശരീരം ചുമന്നപ്പോഴും, മാവിന്റെ തടിയിൽ എരിഞ്ഞടുങ്ങിയപ്പോഴും അപ്പന്റെ കണ്ണിൽ നനവ് കാണപ്പെട്ടിരുന്നില്ല. അമ്മ എരിഞ്ഞടഞ്ഞന്നും പതിവ് ശീലമെന്ന പോലെ വരാന്തയിലിരുന്ന് മാത്രഭൂമി പത്രം വായിച്ചിരിക്കുന്ന അപ്പനെയാണ് ഞാൻ കണ്ടത്.അപ്പന് പ്രീയപ്പെട്ടവരിൽ ഞാനും അമ്മയും മരിച്ചിരുന്നു. ആ സഥാനത്ത് അവൻ കയറിപറ്റി. അതുകൊണ്ടത് തന്നെയാകാം അപ്പന്റെ അടുത്തായി ‘അവൻ’ നിർത്താതെ പാടികൊണ്ടിരുന്നത്
അമ്മയുടെ ഭ്രാന്തൻ ശീലങ്ങൾക്ക് അപ്പന്റെ ദേഷ്യവും കൂടെയായപ്പോൾ എന്റെ കുട്ടിക്കാലം ഒരർത്ഥത്തിൽ ഭ്രാന്താലയമായി. അപ്പന്റെ ചായക്കട, അന്നത്തെ ആ ചായക്കട മാത്രമായിരുന്നു, ഇന്നത്തെ എന്റെ ഏകസ്വർഗ്ഗം.
നാട്ടിലെ എല്ലാവർക്കും സ്നേഹമുണ്ടായിരുന്ന അപ്പനെ ആ ദിവസങ്ങളിൽ ഒരു ഭ്രാന്തന്റെ രൂപത്തിലായിരുന്നു കണ്ട് തുടങ്ങിയിരുന്നത്. ഇന്നലെ വൈകിട്ടത്തെ പതിവ് ചായയ്ക്ക് വേണ്ടി വന്ന അയാളും അപ്പന്റെ ആ അവസാനനിമിഷത്തെ പറ്റി ഓർത്തു.പീടികകോലായിത്തറയിൽ കിടന്നിരുന്ന അപ്പനെ അവസാനമായി കണ്ടപ്പോൾ അപ്പനിലുണ്ടായിരുന്ന അതേ “വെളിച്ച”മാകാം അയാളിലെ കണ്ണിലും ഞാൻ കണ്ടിരുന്നു. പതിവ് ശീലമായ മുറുക്കാൻ ചവച്ചു വന്ന “ആ” ‘അമ്മാമ്മ’യിലും ഇതേ “വെളിച്ചം”കണ്ടിരുന്നു.ആ ശീലത്തിന്റെ കൂടെ നീട്ടിയ ആ കൈകളിൽ ‘ഇത്തവണ’യും ഞാൻ അമ്മയെ കണ്ടു.ആ പാതിക്ക് മറുപാതിയെന്ന പോലെ ഒരു കാലിചായയും ഞാൻ വച്ചു നീട്ടി.
3
ചില ദിവസങ്ങളിൽ എന്നെയും കൂട്ടി അപ്പൻ മാത്രഭൂമി പ്രസ്സിൽ പോകാറുണ്ട്. അന്നത്തെ ആ ഏഴാം ക്ലാസ്സുകാരന് അത് വെറുമൊരു ശ്മശാനമായിരുന്നു. എഴുത്തുകാരനായ അപ്പാപ്പന്റെ ബാക്കിപത്രമായതിനാലാണിത്. തേക്കിലും ഓടിലും തീർക്കപ്പെട്ട ആ വീടിന്,ഇപ്പോഴും അപ്പന്റെ വിയർപ്പിന്റെ മണമാണ്. ‘പെണ്ണി’നും,’പീടിക’യ്ക്കും,’റേഡിയോ’യ്ക്കും ശേഷം അപ്പന് ഏറ്റവും പ്രീയം ആ തറവാടിനോടും ‘തറവാടി’നെതിരെയുള്ള പറമ്പാണ്. ഞായറാഴ്ചകളിലുള്ള അപ്പന്റെ പതിവ് നടത്തതിന് പിന്നാലെ ഞാനും പോകാറുണ്ട് അവിടെ ഞാൻ അപ്പന്റെ രൂപം സ്വീകരിക്കാറാണ് ഉള്ളത്, അപ്പൻ അപ്പാപ്പന്റെയും. വീട് ഭാഗം വച്ച ശേഷമുള്ള ‘പ്രേമ’വിവാഹമായതിനാലാം അതിന് ശേഷം അപ്പൻ അപ്പാപ്പനെ കണ്ടിരുന്നില്ല.അവസാനം കത്തിയെറിഞ്ഞ സമയത്തായിരുന്നു അവസാനമായി അപ്പാപ്പനെ കണ്ടിരുന്നത്, ആദ്യമായും. ഒരർത്ഥത്തിൽ ഞാൻ സമ്പന്നനാണ്. വേലി കടന്നുചെന്ന അപ്പന്റെ പ്രേമത്തിന് പിന്നാലെയായിരുന്നു ഈ വിധി. ജ്യേഷ്ഠരൊക്കെ വിവാഹം കഴിഞ്ഞിരിക്കെയായിരുന്നു പതിനെട്ടു കഴിഞ്ഞ ആ പെണ്ണുമായി ഒളിച്ചോടുന്നത്. അന്നപ്പന് ഇന്നത്തെ എന്റെ പ്രായമേയുള്ളു. അന്നത്തെ ആ ഒളിച്ചോട്ടത്തിന് ഇരുപത് വയസ്സാകുന്നു. ആ രാത്രിയുടെ സാക്ഷിയായി ഇന്നത്തെ ‘റേഡിയോ’യും അപ്പന്റെ ആ തുകൽസഞ്ചിയും.
അപ്പന്, അപ്പന്റെ തന്നെ ജീവിതമൊരു കടമായിരുന്നു. ഒരർത്ഥത്തിൽ അപ്പനും ആ റേഡിയോയായിരുന്നു. ഒരടിമ ജീവിതം. ഏതാണ്ട് അവനും ഒരു കടമായിരുന്നു. വൈകുന്നേരങ്ങളിൽ ചായക്കടയിൽ അവൻ മൂളുന്ന പാട്ടുകളല്ലാതെ മറ്റൊരു സന്തോഷവും എന്നിലുണ്ടായിരുന്നില്ല.പണ്ട് ചില ദിവസങ്ങളിൽ വീടിന്, വലത് വശത്തുള്ള മരത്തിൽ ചെന്നിരുന്നു കേൾക്കാറുണ്ട്. അപ്പനറിയാതെയുള്ള ഈ പൊക്കിനും പത്ത് വയസ്സ് തന്നെ. ജീവിതത്തിൽ നിന്നുള്ള അപ്പന്റെ “ഒളിച്ചോട്ടത്തിന്” കുറച്ചു നാൾ മുമ്പ് അപ്പാപ്പന്റെ മുറിയിൽ ആരും കാണാതെ കട്ടെടുത്ത ഈ റേഡിയോയും ആ തുകൽസഞ്ചിയും ഇന്നും ഈ കടമുറിയിൽ തുരുമ്പെടുത്ത് കിടപ്പുണ്ട്.
അപ്പാപ്പന്റെ എതിർപ്പിനെ അവഗണിച്ച് ‘രക്തസാക്ഷി’യായ അപ്പൻ, ബലിനൽകിയത് രണ്ട് പേരെയാണ്. ഖദറിനോടെതിർപ്പുള്ള അപ്പാപ്പനും ഖദർ ധാരിയായ അപ്പനും തമ്മിൽ കണ്ടുമുട്ടിയപ്പോൾ അന്നുണ്ടായ ആ പോര് ഇന്നും ഈ കവലയിൽ ചർച്ചാവിഷയമാണ്. രക്തസാക്ഷിയെന്ന പദവിയിലൂടെ അപ്പന് ബലിനൽകേണ്ടിയിരുന്നത് സ്വന്തം മകന്റെ കുട്ടിക്കാലമായിരുന്നു. ഒടുവിൽ ആ പാളത്തിൽ വെള്ള പുതപ്പിച്ച് കിടത്തിയപ്പോഴും അതേ ഖദറിൽ അവന്റെ പാട്ടും കേട്ട്….
illustration. saajo panayamkod
littnow.com
littnowmagazine@gmail.com
You must be logged in to post a comment Login