കഥ
ദ പെർഫെക്ട് എഡിറ്റ്
സ്വപ്ന ശശിധരൻ
ഒന്ന്
ദീർഘനേരത്തെ ആലോചനയ്ക്കു ശേഷം വോൾഗ മെല്ലെ എഴുന്നേറ്റു. താൻ ഇരുന്നിരുന്ന മുറിക്ക് എതിരിലുള്ള കിടപ്പുമുറിയിലേക്ക് അവൾ മെല്ലെ നടന്നു. വാതിൽക്കൽ വരെ ചെന്ന് മുറിക്കകത്തേക്ക് എത്തി നോക്കി. ബെഡ്ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ ആർതർ സുഖസുഷുപ്തിയിലാണ്ടു കിടക്കുന്നത് അവൾ കണ്ടു. അടുത്തു ചെന്ന് ബെഡിൽ ഇരുന്ന് അവൾ അയാളെ സാകൂതം നോക്കി. കൊച്ചു കുട്ടികളുടേത് പോലെ നിഷ്കളങ്കമായ മുഖഭാവം. അവൾ കൈയെത്തിച്ച് അയാളുടെ മൂക്കിനടുത്തേക്ക് കൊണ്ട് ചെന്നു നോക്കി. ഒരനക്കവുമില്ല നല്ല ഉറക്കം. വൈകുന്നേരം വോഡ്കയിൽ ചേർത്ത മരുന്ന് പ്രവർത്തിച്ചു കഴിഞ്ഞു എന്ന് വോൾഗ ഉറപ്പിച്ചു. ആർതറിനെ ഒരുവിധത്തിൽ ഉന്തി കുറച്ച് നേരം മുൻപ് സജ്ജമാക്കിയ സ്ട്രച്ചറിലേക്ക് മാറ്റിക്കിടത്തി. മെല്ലെ സ്ട്രച്ചർ തള്ളിക്കൊണ്ട് ഹാളിലൂടെ മുന്നോട്ട് നടന്നു. ചുവരിൽ വലത് വശത്തായി തൂക്കിയിരുന്ന ‘സ്‌നോ വൈറ്റ് ആൻഡ് ദി ദ്വാർഫ്‌സ്’ പെയിന്റിംഗിന് അടുത്ത് എത്തിയപ്പോൾ അവൾ സ്ട്രച്ചർ ചുവരിന് അരികിലായി നിർത്തി. ആ പെയിന്റിംഗ് അതീവ ശ്രദ്ധയോടെ ചുവരിൽ നിന്ന് എടുത്തു മാറ്റി. ഹാളിലെ ഒരു മൂലയിൽ കിടന്ന മേശയ്ക്ക് മുകളിൽ വച്ചു. ചുവരിൽ പെയിന്റിംഗ് ഇരുന്ന സ്ഥലത്ത് ഇപ്പോൾ ഒരു ഫിംഗർ പ്രിന്റ് ആക്സസ്സ് ഏരിയ കാണാം. അതിലേക്ക് വോൾഗ അവളുടെ വലത് കൈയുടെ പെരുവിരൽ അമർത്തി. ചുവരിൽ ആക്സസ്സ് ഏരിയ ഉൾപ്പെടെ രണ്ടു പാളികളുള്ള വാതിൽ പോലെ ഇരുവശത്തേക്കുമായി തുറന്നു. ഇനി മുപ്പത് സെക്കന്റ് മാത്രം. വോൾഗ മനസ്സിൽ പറഞ്ഞു. ഒട്ടും വൈകാതെ സ്ട്രച്ചർ തള്ളിക്കൊണ്ട് ആ വാതിലിലൂടെ അവൾ അകത്തേക്ക് കടന്നു. അവൾക്ക് പിന്നിലായി വാതിൽ പെട്ടെന്ന് അടഞ്ഞു. മങ്ങിയ വെളിച്ചം മാത്രമുള്ള ഒരു ഇടനാഴിയിലേക്കാണ് വോൾഗ എത്തിയത്.
അവളെ കണ്ടതും ചിരിച്ചു സ്വാഗതം ചെയ്തു കൊണ്ട് ഒരു ഹ്യൂമനോയ്ഡ് റോബോട്ട് മുന്നോട്ടു വന്നു.
‘നതാലിയ, ആർ വീ ഗുഡ് ടു സ്റ്റാർട്ട്. ഞാൻ തന്ന ഇൻസ്‌ട്രക്ഷൻസ് എല്ലാം കറക്റ്റ് ആയി ഫോളോ ചെയ്തല്ലോ അല്ലേ?’ വോൾഗ കുറച്ചു അക്ഷമയായി കാണപ്പെട്ടു.
‘യെസ് മാം ‘ നതാലിയയുടെ മറുപടി കേട്ടപ്പോൾ വോൾഗയുടെ ബ്രൗൺ നിറമുള്ള കണ്ണുകളിൽ ക്രൂരഭാവം നിറഞ്ഞു.
ആർതറിനെ കിടത്തിയിരുന്ന സ്ട്രച്ചർ പ്രഗത്ഭയായ ഒരു ഹോസ്പിറ്റൽ അറ്റൻഡറിനെ പോലെ നതാലിയ നേരത്തെ ഒരുക്കിയ സ്ഥലത്തേക്ക് കൊണ്ടു പോയി.
‘മാം ആർ യൂ ഷുവർ വീ ആർ ഡൂയിങ് ദിസ്?’ നതാലിയ വീണ്ടും സംശയാലുവായി.
‘ഒരാളുടെ നൂറ് തെറ്റുകൾ വരെ പൊറുത്തു നിൽക്കാൻ ഞാൻ ഭഗവാൻ കൃഷ്ണനല്ല നതാലിയ. ഞാനൊരു പെണ്ണാണ്. എല്ലാവരെയും പോലെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ അർഹതയുള്ള പെണ്ണ്. അല്ലാതെ മറ്റുള്ളവർക്ക് ഇറിറ്റേറ്റ് ചെയ്തു കളിക്കാനുള്ള ഒരു വസ്തുവല്ല.’ വോൾഗയുടെ ശബ്ദം വല്ലാതെ ഉയർന്നു.
‘ഓൾ റൈറ്റ് മാം, വീ ആർ ഗുഡ് ടു ഗോ. ജസ്റ്റ് ഹാവ് എ ലുക്ക് അറ്റ് ദി അറേഞ്ച്മെൻറ്സ്’ നതാലിയ ചോദ്യങ്ങൾ നിർത്തി പെട്ടെന്ന് കർമ്മനിരതയായി.
വോൾഗ നതാലിയ ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് നോക്കി. ഒരു മിനി എ. ഐ ലാബ് തന്നെ സെറ്റ് ആക്കിയിരുന്നു അവിടെ. പരിചയമുള്ള കാര്യമാണെങ്കിലും മാർവെൽ കോമിക് യൂണിവേഴ്‌സിലെ അവെൻജേഴ്സ് മൂവി ആലോചിച്ചു നിന്നു പോയി അവൾ ഒരു നിമിഷം. ലാബ് സെറ്റപ്പിന് നടുവിലായി ഒരു ബെഡ്. അത് മാത്രമായിരുന്നു മാർവെൽ ലാബുമായുള്ള വ്യത്യാസം.താനും നതാലിയയും ചേർന്നുള്ള ആദ്യ സർജ്ജറി.
നതാലിയ തികഞ്ഞ ഒരഭ്യാസിയെ പോലെ ആർതറിനെ എടുത്ത് ബെഡിലേക്ക് കിടത്തി. വോൾഗ സർജറി ക്ക് വേണ്ടിയുള്ള നിർദേശങ്ങൾ അവളുടെ ബ്രെയിനിൽ (ഓപ്പറേറ്റിംഗ് സിസ്റ്റം ) ഫീഡ് ചെയ്തു കൊടുത്തു. അത് പ്രകാരം സെറിബ്രത്തിന്റെ ഫ്രന്റൽ ലോബ്, പരിറ്റൽ ലോബ്, ടെമ്പോറൽ ലോബ് എന്നിവയിൽ നതാലിയ വേണ്ട മാറ്റങ്ങൾ വരുത്തി. ഒരു സർജ്ജറി നടന്നു എന്ന് പോലും തോന്നിപ്പിക്കാത്ത വിധം മിനിറ്റുകൾക്കുള്ളിൽ ആർതറിന്റെ സ്റ്റിച്ചുകൾ അപ്രത്യക്ഷമായി.
എല്ലാം കഴിഞ്ഞു എന്ന് സൂചിപ്പിച്ചു കൊണ്ട് വോൾഗയുടെ നേരെ നതാലിയ ഒരു തംബ്സ് അപ്പ് ആക്ഷൻ കാണിച്ചു. വോൾഗ സന്തോഷത്തോടെ എഴുന്നേറ്റ് ചെന്ന് അവളുടെ നെറുകയിൽ ചുംബിച്ചു. പിന്നീട് നതാലിയയുടെ ശരീരത്തിൽ നിന്ന് ബാറ്ററിയും ഫീഡ് ചെയ്ത നിർദേശങ്ങളും നീക്കം ചെയ്തു. ഇപ്പോൾ കണ്ടാൽ നതാലിയ ഉറങ്ങുകയല്ലെന്ന് ആരും പറയില്ല.അടുത്തതായി വോൾഗ അവളെ ഡിസ്മാന്റിൽ ചെയ്ത് റഷ്യയിൽ നിന്ന് കൊണ്ടു വന്ന ബോക്സിൽ ഇട്ട് വച്ചു.
‘സോറി നതാലിയ, ഞാൻ തെളിവുകളൊന്നും ബാക്കി വയ്ക്കാൻ ഉദ്ദേശിക്കുന്നില്ല. ഉറക്കമുണർന്നു വരുന്ന ആർതറിന് ഞാനുദ്ദേശിക്കുന്ന പോലത്തെ സ്വഭാവമേ ഉണ്ടാകൂ. അയാൾ ഇനിയൊരിക്കലും ആരെയും ഇറിറ്റേറ്റ് ചെയ്യില്ല. അയാൾക്ക് ഇനിയെന്നും ഈ വോൾഗയോട് അടങ്ങാത്ത പ്രണയമായിരിക്കും. അതുകൊണ്ട് ഇനിയൊരിക്കലും ആർതർ എന്നെ വിഷമിപ്പിക്കില്ല.’
വോൾഗ ആർതറിനെ പഴയ പോലെ സ്ട്രച്ചറിലേക്ക് കിടത്തി. അത് തള്ളിക്കൊണ്ട് അടഞ്ഞു കിടന്ന വാതിലിനരികിലെത്തി. പുറത്തേക്ക് തുറക്കാനുള്ള സ്വിച്ച് അമർത്തി. അവൾ പുറത്തു കടന്നയുടൻ വാതിൽ അടഞ്ഞ് അവിടെ മുൻപത്തെ പോലെ ചുവർ കാണപ്പെട്ടു. സ്ട്രച്ചർ അരികിൽ ഒതുക്കിയ ശേഷം വോൾഗ ‘സ്‌നോ വൈറ്റ് ആൻഡ് ദി ദ്വാർഫ്‌സ്’ പെയിന്റിംഗ് ചുവരിൽ യഥാസ്ഥാനത്ത് ഉറപ്പിച്ചു. സ്ട്രച്ചർ തള്ളിക്കൊണ്ട് ആർതർ മുൻപ് കിടന്നിരുന്ന മുറിയിലെത്തി.അയാളെ പതിയെ ബെഡിലേക്ക് മാറ്റിക്കിടത്തി. സ്ട്രച്ചർ അതിന്റെ പൂർവസ്ഥാനത്ത് കൊണ്ട് പോയി വച്ചു. എല്ലാം ഭംഗിയായി എന്ന് ഉറപ്പുവരുത്തിയ ശേഷം അവളും ആർതറിനൊപ്പം ഉറങ്ങാൻ കിടന്നു.
രണ്ട്
ലാപ്ടോപ്പിന് മുൻപിൽ ഇരുന്ന് ഉറക്കം തൂങ്ങുകയായിരുന്നു വോൾഗ. രാത്രി ജോലി ചെയ്ത ശേഷം പകൽ വൃത്തിയായി ഉറങ്ങാൻ സാധിക്കാത്തത് കാരണം അവളുടെ കണ്ണുകൾക്ക് ചുറ്റും കറുത്ത നിറമുള്ള വലയങ്ങൾ കാണാമായിരുന്നു. ജോലിക്കിടയിൽ ഉറങ്ങിയാൽ ജോലിയും മനസമാധാനവും ഒരേപോലെ നഷ്ടമാകുമെന്ന് അവൾക്കുറപ്പായിരുന്നു. മെല്ലെ കണ്ണ് തിരുമ്മിക്കൊണ്ട് അവൾ ഫോണിൽ ഇൻസ്റ്റാഗ്രാം റീൽസ് ചുമ്മാ നോക്കിക്കൊണ്ടിരുന്നു. അപ്പുറത്തെ മുറിയിൽ നിന്ന് ആർതറിന്റെ പാട്ട് ഉച്ചത്തിൽ കേൾക്കുന്നുണ്ടായിരുന്നു. അവൾക്ക് ചിരി വന്നു. രണ്ടെണ്ണം അകത്ത് ചെന്നാൽ മാത്രമേ ഇവന് പാട്ട് വരൂ. സന്ധ്യ കഴിഞ്ഞപ്പോൾ ഒരു ഫുൾ ബോട്ടിലും എടുത്തു വച്ച് ഇരിക്കുന്നതാണ് ആർതർ. അത് മെല്ലെയേ കഴിച്ചു തീർക്കൂ. കഴിക്കുന്നതിനൊപ്പം ഫോൺ വിളിച്ചു സംസാരവും അല്പസ്വല്പം പാട്ടും ഒക്കെയുണ്ട്. വോൾഗ വീണ്ടും ഇൻസ്റ്റാഗ്രാമിലേക്ക് ശ്രദ്ധ തിരിച്ചു.
‘നീയെന്താ ചാറ്റ് ചെയ്യുവാണോ അല്ല സിനിമ കാണുന്നോ?’ ആർതറിന്റെ കുഴഞ്ഞ ശബ്ദം അവളുടെ കാതുകളിലെത്തി.
ഫോൺ ഒരു വശത്തേക്ക് മാറ്റിവച്ച് വോൾഗ അയാളെ നോക്കി. കണ്ണുകൾ ചുവന്നിരിക്കുന്നു. ഇപ്പോൾ കണ്ടാൽ അങ്കത്തട്ടിൽ പൊരുതിത്തോറ്റ പൂവങ്കോഴിയെ പോലെയുണ്ട്. പുറത്തേക്ക് വരാൻ ഒരുങ്ങിയ ചിരിയെ അവൾ ഒതുക്കത്തിൽ മറച്ചു.
‘നിന്റെ കസിൻ മോണിക്കയുടെ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ് നോക്കുകയായിരുന്നു. എവിടെയോ ട്രിപ്പ് പോയെന്ന് തോന്നുന്നു. കുറെ ഫോട്ടോസ് ഇട്ടിട്ടുണ്ട്.’
ആർതർ ആ മറുപടിയിൽ തൃപ്തനാവാതെ വീണ്ടും വോൾകയെ തന്നെ നോക്കി നിന്നു.
‘ആർതർ ഞാൻ നിന്നോട് പലതവണയായി പറയുന്നു. ഞാൻ സോഷ്യൽ മീഡിയയിൽ കുറച്ച് ആക്റ്റീവ് ആണെന്നത് ശരിയാണ്. പക്ഷേ അത് ചാറ്റിങ് ആണെന്ന് നിന്നോട് ആര് പറഞ്ഞു.എന്റെ പുറകേ നടന്നുള്ള ഈ ഓവർ കെയെറിങ് എനിക്കിഷ്ടമല്ല. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയി എന്ന് പറഞ്ഞു ഏതെങ്കിലും ചതിക്കുഴിയിൽ വീണുപോകാൻ ഞാൻ സ്കൂളിലോ കോളേജിലോ പഠിക്കുന്ന കുട്ടിയൊന്നുമല്ല.’
ആ പറഞ്ഞത് ആർതറിന് തീരെ ഇഷ്ടപ്പെട്ടില്ല. വർദ്ധിച്ച കോപത്തോടെ അയാൾ തിരികെ നടന്നു.
തനിക്കു പരിചയമുള്ള ആർതർ അല്ല ഇപ്പൊ ദേഷ്യപ്പെട്ട് പുറത്തേക്ക് പോയതെന്ന് വോൾഗയ്ക്കു തോന്നി. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം വിവാഹിതരായപ്പോൾ ഏറ്റവും സന്തുഷ്ടരായ ദമ്പതികൾ എന്ന് സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെട്ടവരായിരുന്നു തങ്ങൾ ഇരുവരും.
പിന്നീട് എപ്പോഴാണ് തങ്ങൾക്കിടയിൽ വിശ്വാസമെന്ന വാക്ക് അപരിചിതമായതെന്ന് വോൾഗ പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ട്. ഡിലീറ്റ് ചെയ്ത് റീസൈക്കിൾ ബിന്നിലേക്ക് ഇട്ട ഫയലുകൾ റീസ്റ്റോർ ഓപ്ഷൻ കാത്തുകിടക്കും പോലെ ആ ചോദ്യവും മറ്റു ചോദ്യങ്ങൾക്ക് പുറകിലേക്ക് തള്ളി വയ്ക്കപ്പെട്ടു കൊണ്ടിരുന്നു.
വിവാഹശേഷം വീട്ടുകാര്യങ്ങളിലും മറ്റും ഒരു മടിയും കൂടാതെ തന്റെ സാന്നിധ്യമറിയിച്ചിരുന്ന ആർതർ പിന്നീടെപ്പോഴോ ജോലിയിൽ പതിവില്ലാത്ത തിരക്കാണെന്നു പറയാൻ തുടങ്ങി. അടുക്കളയിലും വീട് വൃത്തിയാക്കലിലും മുഴുകി ഓഫീസിൽ പോകാൻ വൈകാറുണ്ടായിരുന്നു വോൾഗ പലപ്പോഴും.പാചകത്തിനും മറ്റു വീട്ടുജോലികൾക്കും ശേഷം ഒന്ന് നടുനിവർത്താനായി ഇരിക്കുമ്പോൾ ആവും മൊബൈൽ കൈയിൽ എടുക്കുന്നത്.ആദ്യമൊന്നും ഗൗനിക്കാതിരുന്ന ആർതർ പിന്നീട് ‘നീ എപ്പോ നോക്കിയാലും മൊബൈലിൽ ആണല്ലോ?’ എന്ന് ചോദിക്കാൻ തുടങ്ങി.വയ്യാതെയാകുമ്പോൾ ‘വോൾഗ നിനക്കിപ്പോൾ എങ്ങനെയുണ്ട്?’ എന്ന് ഒരിക്കലെങ്കിലും അവൻ ചോദിച്ചിരുന്നെങ്കിലെന്നു വോൾഗയ്ക്ക് തോന്നിയിട്ടുണ്ട്. പക്ഷേ പലപ്പോഴും വോൾഗയെന്നൊരാൾ ആ വീട്ടിൽ ഇല്ലാത്തപോലെ ആയിരുന്നു ആർതറിന്റെ പെരുമാറ്റം.
കാലം മുന്നോട്ട് പോകുന്നതിനനുസരിച്ച് ആർതറും വോൾഗയും തമ്മിലുള്ള മാനസിക അകലം കൂടിക്കൊണ്ടിരുന്നു. പ്രണയത്തിലായിരുന്നപ്പോഴും, വൈവാഹിക ജീവിതത്തിന്റെ ആദ്യ നാളുകളിലും ആഴ്ചയിൽ ഒരിക്കൽ മാത്രമുണ്ടായിരുന്ന മദ്യപാനം ദിവസേനയുള്ള ശീലമായി മാറി.
ഓഫീസിൽ നിന്നും വന്നുകഴിഞ്ഞാൽ അധികം വൈകാതെ തന്റെ പ്രിയ ബ്രാൻഡ് ബോട്ടിലുമായി ആർതർ സ്വിമ്മിങ് പൂൾ ഫേസിങ് ആയിട്ടുള്ള ബാൽക്കണിയിൽ ഇരിപ്പുറപ്പിക്കും. സ്റ്റാർട്ടർ ആയി കഴിക്കാനുള്ളത് സ്വിഗ്ഗി ചെയ്തു വാങ്ങി മൊബൈലും,വെള്ളവും ഗ്ലാസും എടുത്തു കൊണ്ട് പോയി ഇരുന്നു കഴിഞ്ഞാൽ ആ ബോട്ടിൽ കാലിയാകുവോളം അല്ലെങ്കിൽ അവനു ഉറക്കം വരുവോളം എന്നതായി കണക്ക്.സുഹൃത്തുക്കളിൽ ആരെയെങ്കിലും വിളിച്ചു സംസാരിച്ചു കൊണ്ടാവും മദ്യപാനം.
ഈ സ്വഭാവം മാറ്റിയെടുക്കാൻ വോൾഗ പലപ്പോഴും ശ്രമിച്ചു നോക്കിയതാണ്. പക്ഷേ അതെല്ലായ്‌പ്പോഴും ഇരുവരും തമ്മിലുള്ള വഴക്കിൽ കലാശിച്ചതേയുള്ളൂ. മദ്യം ഉള്ളിൽ ചെന്നു കഴിഞ്ഞാൽ വായിൽ തോന്നുന്നത് അതേപോലെ വിളിച്ചു പറയുന്ന സ്വഭാവം അവളെ മിക്കപ്പോഴും ആർതറിന്റെ കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്നു വിലക്കി.
വാക്കു തർക്കങ്ങൾക്ക് ശേഷം ആർതർ ഫ്ലാറ്റിന്റെ മെയിൻ ഡോർ വലിച്ചടച്ചു ഇറങ്ങിപ്പോകുന്നതും,വൃത്തിയായി വച്ചിരിക്കുന്ന ഇടങ്ങൾ വീണ്ടും വൃത്തിയാക്കിക്കൊണ്ട് വോൾഗ സമയം കൊല്ലുന്നതും അവിടെ പതിവു കാഴ്ചയായിരുന്നു.
പ്രണയം അന്ധമാണ് എന്ന പ്രയോഗം അന്വർത്ഥമാക്കും പോലെ ആർതറും,വോൾഗയും വീട്ടുകാരെ എതിർത്തു കൊണ്ട് ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചവരായിരുന്നു. ഈയൊറ്റക്കാരണം കൊണ്ട് തന്നെ വോൾഗയ്ക്ക് തന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ തക്ക സഹായത്തിന് ബന്ധുക്കളോ സുഹൃത്തുക്കളോ ആയ ആരും തന്നെ ഉണ്ടായിരുന്നില്ല.
ഈ ബഹളങ്ങൾക്കിടയിൽ ആർതറും,വോൾഗയും പല തവണ കമ്പനികൾ മാറുകയും, ജോലിയിൽ ബഹുദൂരം മുന്നോട്ട് പോവുകയും ചെയ്തിരുന്നു. വോൾഗയിപ്പോൾ ഒരു മൾട്ടി നാഷണൽ കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം ഹെഡ് ആണ്. ആർതർ തന്റെ കമ്പനിയിൽ കസ്റ്റമർ ഹാന്റിലിങ്ങിൽ ഗ്ലോബൽ ഹെഡ് ആണ്. ജോലി കഴിഞ്ഞു വീട്ടിൽ വന്നാൽ ആർതർ പതിവു പോലെ മദ്യപാനവും ഫോൺ വിളിയുമായി നേരം കഴിച്ചു കൂട്ടും. വോൾഗ വീട്ടിലെ ജോലികൾ തീർത്തു കുറച്ചു നേരം ഇന്റർനെറ്റ് ബ്രൗസിംഗ് അല്ലെങ്കിൽ സിനിമ കാണൽ അങ്ങനെ തന്റെ സമയം ചെലവഴിക്കും .
വോൾഗയുടെ കമ്പനിയിൽ അവളുടെ റഷ്യൻ കൗണ്ടർ പാർട്ട് ആയ അന്ന സ്വെറ്റ്‌ലോവിച്ച് ആണ് മനുഷ്യരുടെ സ്വഭാവം മാറ്റിയെടുക്കാനുള്ള സർജറികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ചെയ്യാൻ കഴിയുമെന്ന ഒരു പ്രപ്പോസൽ മുന്നോട്ട് വയ്ക്കുന്നത്. അവരുടെ കമ്പനി അതുമായി നീങ്ങാനുള്ള തയ്യാറെടുപ്പുകളും തുടങ്ങി.ആ പ്രോജക്ടിന്റെ ഭാഗമായി അന്നയും വോൾഗയും കൂടുതൽ അടുത്തു. അന്നയിൽ നിന്നുമറിഞ്ഞതും , ഇന്റർനെറ്റ് മുഖാന്തരം സംഘടിപ്പിച്ചതുമായ വിവരങ്ങൾ വോൾഗ ഒന്ന് ഏകോപിപ്പിച്ചെടുത്തു.
ഈ വിഷയത്തിൽ വോൾഗയ്ക്ക് പ്രത്യേകമായ എന്തോ താത്പര്യമുണ്ടെന്ന് മനസ്സിലാക്കിയ അന്ന വോൾഗയുടെ മനസ്സറിയാൻ പരമാവധി ശ്രമിച്ചു.മറ്റാർക്കും മുന്നിൽ തുറക്കാത്ത മനസ്സ് അന്നയ്ക്ക് ഒരു തുറന്ന പുസ്തകം പോലെ വോൾഗ കാണിച്ചു കൊടുത്തു.
വോൾഗയുടെ പ്രശ്‍നം പരിഹരിക്കാൻ വേണ്ട സഹായങ്ങൾ താൻ ചെയ്തു കൊടുക്കാമെന്ന് അന്ന വാഗ്ദാനം ചെയ്തു. അവർ രണ്ടുപേരും ആർതറിനെ മാറ്റിയെടുക്കാനുള്ള അവസരത്തിനായി കാത്തിരുന്നു.
ആർതറുമായി വഴക്കുണ്ടായതിന്റെ കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോളാണ് വോൾഗ അന്ന സ്വെറ്റ്ലോവിച്ചിന്റെ ഫാം ഹൗസിലേക്ക് പോകാൻ പ്ലാൻ ചെയ്തത്. കുറച്ച് ദിവസങ്ങളായി തൊണ്ടവേദന ആയിരുന്നതിനാൽ ആർതർ മദ്യം തൊടാറില്ലായിരുന്നു. ചെറിയ ഇൻഫെക്ഷൻ ഉള്ളത് കൊണ്ട് കുറച്ച് ദിവസത്തേക്ക് എല്ലാമൊന്നു നിയന്ത്രിക്കാൻ ഡോക്ടർ അയാളെ ഉപദേശിച്ചിരുന്നു. വോൾഗ റഷ്യയിൽ നിന്ന് അന്നയെക്കൊണ്ട് ഒരു ഹ്യൂമനോയ്‌ഡ് റോബോട്ടിനെ വരുത്തിച്ചിരുന്നു. സാധാരണക്കാർക്ക് ചിന്തിക്കാൻ കൂടി കഴിയാത്ത കാര്യമാണ്. പക്ഷേ അന്നയുടെ അങ്കിൾ ഒരാൾ റോബോട്ടുകൾ ഉണ്ടാക്കാൻ കോൺട്രാക്ട് എടുത്തിരിക്കുന്ന ഒരു കമ്പനിയിൽ അതിന്റെ നിർമ്മാണ സംബന്ധിയായ ജോലി ചെയ്യുന്നുണ്ട്. അങ്കിൾ വഴി ആയപ്പോൾ അന്നയ്ക്ക് നതാലിയയെ തന്റെ ഫാം ഹൗസിൽ എത്തിക്കാൻ ഒരു പ്രയാസവും ഉണ്ടായില്ല. അന്നയെ കാണാൻ പോകുന്നു എന്ന പേരിൽ വോൾഗ ആ ഫാം ഹൗസിൽ പോയി നതാലിയയെ തന്റെ ഇഷ്ടാനുസരണം പ്രോഗ്രാം ചെയ്തെടുത്തു.
മൂന്ന്
രാവിലെ ഉറക്കമുണർന്ന ആർതർ നേരം വൈകിയും ഉറങ്ങിക്കിടക്കുന്ന വോൾഗയെ കണ്ട് അതിശയിച്ചു. ഉറക്കം എവിടെ ആയാലും രാവിലെ കൃത്യമായി നടക്കാൻ പോകാറുള്ള ഇവൾക്കിതെന്തു പറ്റി.
‘വോൾഗാ, എഴുന്നേൽക്കൂ നമുക്ക് തിരിച്ചു പോകാനുള്ളതല്ലേ?’ ആർതർ ഓരോന്ന് പറഞ്ഞ് അവളെ വിളിച്ചുണർത്തി.
ഉറക്കമുണർന്ന വോൾഗ കാണുന്നത് കണ്ണുകളിൽ നിറഞ്ഞ പ്രണയത്തോടെ തന്നെ നോക്കിയിരിക്കുന്ന ആർതറിനെയാണ്. ഒരു നിമിഷത്തേക്ക് കിളി പോയ മട്ടിൽ അയാളെ നോക്കി ഇരുന്നെങ്കിലും താമസിയാതെ തലേന്നത്തെ കാര്യങ്ങളൊക്കെ അവൾക്ക് ഓർമ്മ വന്നു. അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി വശ്യമായി പുഞ്ചിരിച്ചു.
ആർതറിനെ നോക്കിയിരിക്കുമ്പോൾ അവളുടെ മൊബൈലിലേക്ക് ഒരു കോൾ വന്നു. മറുഭാഗത്ത് അന്നയായിരുന്നു.’ഓൾ ദി ബെസ്റ്റ് ഫോർ എ ന്യൂ ലൈഫ് വോൾഗ’. ആശംസകളോടെ അന്ന സംസാരം അവസാനിപ്പിച്ചു.
ആർതറിന്റെ മനസ്സിൽ പഴയതു പോലെ വോൾഗയോടുള്ള പ്രണയം ജനിപ്പിക്കുന്നതോടൊപ്പം വൈവാഹിക ജീവിതത്തിന്റെ ആദ്യ നാളുകളിൽ എന്നപോലെ വീട്ടുജോലികൾ പങ്കിട്ട് ചെയ്യാനും, മദ്യപാനം മൂലമുള്ള അനാവശ്യ സംശയരോഗം മാറാനും നതാലിയയോടൊപ്പം ചെയ്ത സർജറി സഹായകമായി എന്ന് വരും ദിവസങ്ങളിൽ വോൾഗയ്ക്ക് ബോധ്യമായി. ഓരോ ജോലിക്കുമിടയിൽ വോൾഗയെ പാളി നോക്കുന്ന ആർതറിന്റെ മിഴികളിൽ അവളോടുള്ള തീവ്രമായ സ്നേഹവും,പ്രണയവും ആയിരുന്നെങ്കിൽ അവൾക്ക് മറ്റാർക്കും തിരുത്താൻ കഴിയാത്ത ഒരു ഫയലിലെ എറർ തിരുത്തി ഒരു ക്രിട്ടിക്കൽ പ്രൊജക്റ്റ് തീർത്തയാളിന്റെ സന്തോഷമായിരുന്നു. ദി പെർഫെക്ട് എഡിറ്റ് ചെയ്ത പ്രോഗ്രാമറുടെ മാനസികാവസ്ഥ, അതായിരുന്നു അവിടുന്നങ്ങോട്ട് വോൾഗയ്ക്ക്.
littnow.com
littnowmagazine@gmail.com
You must be logged in to post a comment Login