കഥ
മദ്യപാനം
ആരോഗ്യത്തിന്
ഹാനികരം
ഫാസിൽ മുഹമ്മദ്
അന്തരീക്ഷമാകെ ഇരുട്ടിനാൽ
മൂടിക്കെട്ടിനിന്നു. അങ്ങിങായി
ഫോട്ടോഗ്രാഫറുടെ ക്യാമറയിൽ നിന്ന്
പുറപ്പെടുന്ന ഫ്ലാഷ് ലൈറ്റ് പോലെ
ആകാശത്തെയും ഭൂമിയെയും പ്രകമ്പനം
കൊള്ളിച്ചുകൊണ്ട് ഇടിവെട്ടി കടന്നു പോയി.
എന്നാൽ നൂൽ വലിപ്പത്തിൽ കുറച്ച്
തുള്ളികൾ ഭൂമിയിൽ പതിച്ചു എന്നല്ലാതെ
അന്തരീക്ഷ ഭീകരതയോട് നീതിപുലർത്തുന്ന
ഒരു മഴ ഉണ്ടായിരുന്നില്ലാതാനും.എല്ലാം
വീക്ഷിച്ചുകൊണ്ട്
ഇരിപ്പുറക്കാത്തവനെപ്പോലെ നസീഫ്
വീടിന്റെ കോലായിലൂടെ വട്ടവും നീളവും
നടന്നു. നടത്തത്തിനിടയിലും പുറത്ത്
റോഡിലേക്ക് നീളുന്ന പാതയുടെ അറ്റത്തേക്ക്
ആരെയോ പ്രതീക്ഷിച്ച് ഇടക്കിടക്ക് അയാൾ
എത്തിനോക്കുന്നുണ്ടായിരുന്നു.പക്ഷേ
പ്രതീക്ഷക്കും കാത്തിരിപ്പിനും നീളം കൂടി.
മഗ്‌രിബ് നമസ്ക്കരിക്കാനായി പള്ളിയിൽ
പോയിരുന്ന വാപ്പയുടെ തിരിച്ചുവരവിന്
വേണ്ടിയായിരുന്നു ആ കാത്തിരിപ്പ്.എല്ലാ ദിവസവും ഇത് പതിവായിരുന്നുവെങ്കിലും
ഇന്നത്തേത് അവന്റെ ക്ഷമയെ
നശിപ്പിച്ചിരുന്നു. ഒടുവിൽ വണ്ടിയെന്ന
ലക്ഷ്യം ഉപേക്ഷിച്ച് ഒരു കുടയുമെടുത്ത്
അവൻ പുറത്തേക്കിറങ്ങി.
നടത്തത്തിനിടയിൽ അന്തരീക്ഷമാകെ
അവൻ കണ്ണോടിച്ചു. സാധാരണ ഈ
സമയത്തുള്ളതിനേക്കാൾ അതികരിച്ച ഇരുട്ട്
ഭൂമിയെ ആവരണം ചെയ്തിരിക്കുന്നതായി
അവന് തോന്നി. കഷ്ട്ടിച്ച് ഒരു
കിലോമീറ്ററിനടുത്ത് ദൂരം മാത്രമേ
കവലയിലേക്കുണ്ടായിരുന്നുള്ളു. അവൻ
ദൃതിയിൽ കവലയെ ലക്ഷ്യമാക്കി നടന്നു.
എപ്പോഴും മനുഷ്യന്റെ
കാൽപെരുമാറ്റമുണ്ടായിരുന്ന ആ വഴി
അവനുമുന്നിൽ വിജനമായിക്കിടന്നു.
’മഴ
വന്നാൽ പിന്നെ ഒറ്റ ഒരുത്തനും
പുറത്തിറങ്ങില്ല’അവൻ മനസ്സിൽ
വിചാരിച്ചു. തവളകളുടെ കരച്ചിലും,
ഇടിമിന്നലിന്റെ ശബ്ദവും അവന്റെ
നടത്തത്തിന് പശ്ചാത്തല സംഗീതം
നൽകിക്കൊണ്ടിരുന്നു.18വയസ്സായി.
എന്നതൊക്കെ സത്യം തന്നെ പക്ഷെ
ഇടിമിന്നൽ എന്നത് ഇപ്പോഴും അവനെ
ഭയപ്പെടുത്തുന്ന പ്രതിഭാസമായിരുന്നു,
അതുകൊണ്ടുതന്നെ ഓരോ ഇടിവെട്ടി കടന്നു
പോകുമ്പോഴും അവൻ
ഞെട്ടിത്തരിച്ചുകൊണ്ടിരുന്നു.എന്താണെങ്
കിലും ഒടുവിൽ അവൻ കവലയിലേക്കെത്തി.
നാല് ഭാഗത്തുനിന്നുള്ള വഴികൾ വന്ന്
ഒരുമിക്കുന്ന അത്യാവശ്യം വലിയൊരു
കവലയായിരുന്നു അത്. എന്നാൽ ആകെ മൂന്നോ
നാലോ കടകൾ മാത്രമേ ആ കവലയിൽ
ഉണ്ടായിരുന്നുള്ളു, അതിൽ ഒരെണ്ണം മഴ
കാരണം നേരത്തേ അടച്ചുപോയിരുന്നു. അവൻ
റോഡിന് അപ്പുറം ഉണ്ടായിരുന്ന
കോയാനിക്കയുടെ കടയിലേക്ക് വേഗത്തിൽ
നടന്നുകയറി. രണ്ട് സിഗററ്റ് വാങ്ങിക്കുക
എന്നതായിരുന്നു അവന്റെ ലക്ഷ്യം. ഈ
സമയത്തുള്ള പുകവലി അവന്റെ ദിനചര്യയിൽ
പെട്ടതായിരുന്നു അതുകൊണ്ടാണ്
പേടിപ്പെടുത്തുന്ന
അന്തരീക്ഷമായിരുന്നിട്ടുകൂടി അതിനുവേണ്ടി
തുനിഞ്ഞിറങ്ങിയത്. സിഗററ്റും വാങ്ങി വന്ന
വഴിയേ ദൃതിയിൽ അവൻ
തിരിച്ചുനടന്നു.യുദ്ധത്തിനായി പോരാളികൾ
തടിച്ചുകൂടുന്നത് പോലെ ഇരുണ്ട മേഘങ്ങൾ
ആകാശം നിറയെ തിക്കിത്തിരക്കി യുദ്ധകാഹളം
മുഴങ്ങുന്ന പ്രതീതിയിൽ ഇടിമിന്നൽ ഭൂമിയെ
മുഴുവൻ പ്രകമ്പനം കൊള്ളിച്ചു. പക്ഷേ
എന്നിട്ടും ഭയം മുഴുവൻ അടക്കിപ്പിടിച്ച്
നസീഫ് മുന്നോട്ട് തന്നെ നടന്നു.വീടിനു
മുന്നിലൂടെ പുഴയിലേക്ക് നീണ്ടുകിടക്കുന്ന
വഴിയിലൂടെ ആ നടത്തം തുടർന്നു.മനുഷ്യൻ
എത്രമാത്രം ധൈര്യശാലിയാണല്ലേ?.
ലക്ഷ്യമുണ്ടെങ്കിൽ പിന്നെ ലോകം മുഴുവൻ
എതിർത്താലും ഒരിക്കലും യാത്ര
അവസാനിപ്പിക്കാൻ അവൻ
തയ്യാറാവില്ല.പെരിയാറിന്റെ ഒരു
കൈവരിയായിരുന്നു അവന്റെ വീടിന്
കുറച്ചകലെമാറി ഒഴുകിയിരുന്നത്.പറയുമ്പോൾ
പുഴയെന്ന് ഒറ്റവാക്കിൽ
പറഞ്ഞവസാനിപ്പിക്കാമെങ്കിലും പുഴയും
സമീപപ്രദേശങ്ങളും രണ്ട് തട്ടായാണ്
കിടന്നിരുന്നത്. ഒന്ന് ഇറങ്ങിവരുമ്പോൾ
പാറയുടെ മുകളിൽ ചെളിമൂടിക്കിടക്കുന്ന
ഉയർന്ന പ്രദേശവും,മറ്റൊന്ന് വെള്ളം
ചാലുകീറി ഒഴുകുന്ന താഴ്ന്ന
പ്രദേശവും.എന്താണെങ്കിലും ഈ
പെരുംമഴയത്ത് താഴേക്ക് പോകാൻ അവൻ
ധൈര്യപ്പെട്ടില്ല മുകളിൽ തന്നെ
നിലയുറപ്പിച്ച് സിഗരറ്റിൽ നിന്നും
ഒന്നെടുത്ത് ചുണ്ടിൽ വെച്ച് കത്തിക്കാൻ
തുടങ്ങി.
പെട്ടെന്നാണ് താഴേ വെള്ളം
ഒഴുകുന്ന ഭാഗത്തുനിന്നും ആരുടെയൊക്കെയോ
സംസാരം അവന്റെ ചെവിക്കുള്ളിലൂടെ
തുളഞ്ഞുകയറി ഹൃദയമിടിപ്പ്
വർധിപ്പിച്ചത്. ചുറ്റപ്പെട്ട
അന്തരീക്ഷവും ഒറ്റക്കാണെന്ന സത്യവും
അവനെ വല്ലാതെ ഭയപ്പെടുത്തിയെങ്കിലും
എല്ലാം കടിച്ചമർത്തി
ശബ്ദമൊന്നുമുണ്ടാക്കാതെ താഴേ നിന്നുള്ള
സംസാരത്തിലേക്ക് കാത് കൂർപ്പിച്ചുവെച്ച്
അവിടെത്തന്നെ നിന്നു.കുറച്ചുനേരം ആ
നിർത്തം തുടർന്നതിനുശേഷം
അടക്കിവെച്ചിരുന്ന ഓരോ തുള്ളി ശ്വാസവും
നെടുവീർപ്പായി അവൻ ആസ്വദിച്ച്വിട്ടു.
ചെവി കൂർപ്പിച്ചു നിന്ന ആ കുറച്ച്
നേരത്തിനുള്ളിൽത്തന്നെ താഴേ നിന്ന്
കേൾക്കുന്നത് അവന് പരിചിതമായ
ശബ്ദമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ആ
തിരിച്ചറിവ് തന്നെയായിരുന്നു
നെടുവീർപ്പായി പുറത്തേക്ക്
വന്നത്.എന്തുതന്നെയാണെങ്കിലും
പരിചിതമായ ശബ്ദമാണെന്ന തോന്നൽ
അവന്റെ മനസ്സിലേക്കും തലച്ചോറിലേക്കും
ഒരു ധൈര്യത്തെ പ്രസരിപ്പിച്ചു. ആ
ധൈര്യത്തിന്റെ പുറത്ത് കത്തിക്കാനെടുത്ത
സിഗരറ്റ് ചെവി മടക്കിലേക്ക് വെച്ച്
ഫോണിലെ വെട്ടവുമടിച്ച് അവൻ താഴേക്ക്
നടന്നു.വഴിയിലൂടെ മുഴുവൻ മഴവെള്ളം
പുഴയിലേക്ക് ചാലുകീറി ഒഴുകിയിരുന്നതിനാൽ
തെന്നിവീഴുമോ എന്ന ആശങ്കയിൽ വളരെ
പതിയെയാണ് അവൻ
താഴെക്കിറങ്ങിയത്.കുറച്ചകലെനിന്നേ
മുകളിൽ നിന്ന് ആരോ വരുന്നുണ്ടെന്ന്
മനസ്സിലാക്കി മൂന്ന് നാല് പേര് നിന്ന്
തല്ലിപ്പെടക്കുന്നത് അവന്റെ കണ്ണുകൾ
നിഴൽ രൂപത്തിലാണെങ്കിലും
തിരിച്ചറിഞ്ഞു,അതോടെ അവനുറപ്പായി ഇത്
തനിക്ക് വേണ്ടപ്പെട്ട ആരോ
ആണെന്ന്.അവന്റെ ഉറപ്പ് സത്യമായി
ഭവിച്ചു എന്ന് പറയേണ്ടി വരും.കൂട്ടുകാരായ
ബിലാലും,ഉണ്ണിയും,രഞ്ജിത്തും, മമ്മദും
ആയിരുന്നു അത്, നസീഫാണ് ഇറങ്ങി
വരുന്നതെന്ന് മനസ്സിലായതോടെ അവരും
തല്ലിപ്പെടയെല്ലാം നിർത്തി
സമാധാനത്തോടെ നിക്കാൻ തുടങ്ങി
മാറ്റാരെങ്കിലും ആണെന്ന് കരുതിയായിരുന്നു
ആ ബഹളമെല്ലാം.നസീഫ് മൊത്തത്തിൽ
പരിസരം മുഴുവൻ ഒന്ന് ഓടിച്ചു നോക്കി, ഒറ്റ
നോട്ടത്തിൽ തന്നെ അവന് മനസ്സിലായി
മദ്യപാനമാണ് അവിടെ നടക്കുന്ന
കലാപരിപാടിയെന്ന്.
‘എന്താ പരിപാടി?’
എന്താണ് നടക്കുന്നതെന്ന്
മനസ്സിലായതിന്റെയും
വിളിക്കാത്തതിന്റെയും ഗൗരവം കലർന്ന
ശബ്ദത്തിൽ അവൻ ആദ്യം തന്നെ ചോദിച്ചു.
‘ഹേയ് ഇത് ചെറിയ സെറ്റപ്പിലൊരു കള്ള് കുടി
പരിപാടി’
ബിലാലാണ് അത് പറഞ്ഞത്.
‘നിന്നേ മനപ്പൂർവം വിളിക്കാണ്ടിരുന്നതാ.
നീ എന്നൊക്കെ കുടിച്ചേണ്ടോ അന്നൊക്ക
നിന്നേ ഇക്കാക്ക ഏറ്റിയേണ്ട് അതോണ്ട്
പേടിച്ചിട്ടാ’
തൊട്ട് കൂടെത്തന്നെ മമ്മദും പറഞ്ഞുവെച്ചു.
ഒറ്റ നിമിഷം നസീഫ് സ്ഥബ്ധനായി
നിന്നൊന്ന് ആലോചിച്ചു അവന്
വിഷമമായിക്കാണുമോ എന്ന് വിചാരിച്ച്
എല്ലാ കണ്ണുകളും അവനെത്തന്നെ
നോക്കിക്കൊണ്ടിരുന്നു.പെട്ടെന്ന് ആ
നിശബ്ദതയെയെല്ലാം പാടേ
അവസാനിപ്പിച്ചുകൊണ്ട് അവരുടെയെല്ലാം
നടുവിലേക്ക് അവൻ കുന്ദുകാലിൽ ഇരുന്നു
എന്നിട്ട് അവിടെ ഇരിക്കുന്ന കുപ്പിയിൽ
നിന്നും മൂന്ന് നാല് പെഗ്ഗ് മട മടാന്ന് അങ്ങ്
കുടിച്ചു.എന്താണ് സംഭവിക്കുന്നതെന്ന്
മനസ്സിലാവാതെ അവർ നാലുപേരും പരസ്പരം
നോക്കി.
‘ഇതിപ്പോ ഇവൻ സങ്കടം കൊണ്ടാണോ
കുടിക്കണേ അതോ നമ്മളോടൊള്ള ദേഷ്യം
കൊണ്ടോ?’
രഞ്ജിത്ത് വളരെ ശബ്ദം താഴ്ത്തി ചോദിച്ചു,
അറിയില്ല എന്ന മട്ടിൽ കൈ മലർത്തി
കാണിക്കുക മാത്രമാണ് മൂന്ന് പേരും
ചെയ്തത്.നസീഫ് ശരവേഗത്തിൽ അടുത്ത
പെഗ്ഗിലേക്ക് കടന്നു, പക്ഷേ അതിനേ
തടഞ്ഞുകൊണ്ട് മമ്മദ് അവനെ വട്ടം
കടന്നുപിടിച്ച് എഴുന്നേൽപ്പിച്ചു.
‘എന്റെ പൊന്നളിയാ നീ ഇവന്മാർ
പറയണതൊന്നും നോക്കണ്ട അടിച്ചോ പക്ഷേ
ഇങ്ങനെ വാരിവലിച്ച് കേറ്റിയാ ഒറപ്പായിട്ടും
നീ പാമ്പാവും വീട്ടിൽ പൊക്കേം ചെയ്യും’
മമ്മദ് തന്നെ മയത്തിൽ പറഞ്ഞു
മനസ്സിലാക്കുകയും ചെയ്തു.കാര്യങ്ങൾ
മനസ്സിലായ നസീഫ് മൊത്തത്തിൽ ഒന്ന്
അടങ്ങി അതു കണ്ടതോടെ എല്ലാവരും
ശാന്തരായി. പതിയെ ചെവി മടക്കിൽ നിന്നും
സിഗരറ്റെടുത്ത് ചുണ്ടിൽ വെച്ച് കത്തിച്ച്
ആഴത്തിൽ വലിച്ച് ഊതിക്കൊണ്ട് അവൻ
അങ്ങോടും ഇങ്ങോടും നടന്നു.അങ്ങനെ
കുപ്പി തീരുന്നത് വരെ ആ അടി നീണ്ടു.പക്ഷേ
അപ്പോഴും അന്തരീക്ഷം ഇരുട്ടുമൂടി
ഭയപ്പെടുത്തിയും ആകാശം ചിന്നിച്ചാറിയും
നിലകൊണ്ടു.
‘ടിടിടിംഡിങ് ടിടിടിംഡിങ് ഡിംഗ്’
നസീഫിന്റെ ഫോൺ ശബ്ദിക്കാൻ തുടങ്ങി.
ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടതും
അത്രയും നേരം ഉണ്ടായിരുന്ന
അബോധാവസ്ഥയിൽ നിന്നും കുറച്ചെങ്കിലും
അവൻ സടകുടഞ്ഞെഴുന്നേറ്റു. വേഗം തന്നെ
അവൻ ഫോൺ ചെവിയിലേക്ക് ചേർത്ത് ഹലോ
പറഞ്ഞു.മറുവശത്ത് അവന്റെ ജേഷ്ഠൻ ഹാമീം
ആയിരുന്നു ഇനിയും വൈകിയാൽ വീട്ടിൽ
കയറ്റിലെന്ന് ഭീഷണി മുഴക്കി അവൻ
പെട്ടെന്ന് തന്നെ ഫോൺ വെച്ചു. പക്ഷേ
അതോടെ നസീഫിന്റെ അത്രയും നേരം
ഉണ്ടായിരുന്ന ധൈര്യവും
മനസ്സമാധാനാവുമെല്ലാം നഷ്ട്ടപ്പെട്ടു.
വീട്ടിൽ കയറാൻ സമയമായെന്ന് തലച്ചോറ്
മനസ്സിലാക്കിയ നിമിഷം മുതൽ കള്ള്
കുടിച്ചത് വീട്ടിൽ പിടിക്കാതിരിക്കാൻ അവൻ
കൂടുതൽ ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങി.
അതേ ഉണർവ്വിൽ കൂടുതൽ ശ്രദ്ധയോടെയാണ്
അവൻ വീടിന്റെ പടികേറിച്ചെന്നത്.അവൻ
കയറിച്ചെല്ലുമ്പോൾ ഇക്കായും, ഇത്തായും,
ഉമ്മയും,വാപ്പയും, കുട്ടികളുമടക്കം
എല്ലാവരും ഹാളിൽ തന്നെയിരുന്ന് ടീവി
കാണുന്നുണ്ടായിരുന്നു. അവൻ
ചെരുപ്പൂരിയിട്ട് ആരെയും
എത്തിച്ചുപ്പോലും നോക്കാതെ നേരെ റൂം
ലക്ഷ്യമാക്കി നടന്നു. പക്ഷേ പെട്ടെന്ന്
പിന്നിൽ നിന്നും ഷർട്ടിൽ ഒരു പിടുത്തം
വീണു അവൻ മുഖം തിരിച്ചതും ഇക്ക
മൂക്കുകൊണ്ടൊന്ന് എത്തിച്ചു മണത്തി.
പെട്ടെന്ന് തന്നെ ഹമീമിന്റെ കൈ
പ്രവർത്തിച്ചു അത് വന്ന് വീണത്
നസീഫിന്റെ മുഖമടച്ചും നസീഫ് കറങ്ങി
തറയിൽ വീണു. അതിനുംപ്പോന്ന
ഒരൊന്നൊന്നര അടിയായിരുന്നു അത്.
‘ഒരു മിനിറ്റ് ഒരു മിനിറ്റ്’
നസീഫ് പറഞ്ഞുകൊണ്ടിരുന്ന
കഥക്കിടയിൽകയറി ബിലാൽ തടയിട്ടു.
‘എന്തേടാ’
നസീഫ് ആ സുഖം പോയതിന്റെ പേരിൽ ഒന്ന്
കടുപ്പിച്ച് ചോദിച്ചു.
‘അല്ലടാ നീ ചെരുപ്പൊക്ക ഊരിയിട്ട്
മര്യാധക്കാരനായി മുറിയിലേക്ക് പോയതിന്
പുള്ളി എന്തിനാ നിന്നെ മണത്തി ചെകളം
പൊത്തണത് ലോജിക് വന്നില്ലല്ലോ’
കടുത്ത സംശയത്തിൽ ആയിരുന്നു ബിലാലിന്റെ
ആ ചോദ്യം. ബാക്കി എല്ലാവരും അവനത്
ചോദിച്ച പാടെത്തന്നെ പക്ഷം
ചേർന്നിരുന്നു.
‘അത് പിന്നെ ചെറിയൊരു അബദ്ധം എനിക്കും
പറ്റി, ചെരിപ്പൂരിയിട്ട് കയറീന്ന്
പറഞ്ഞല്ലോ അത് ഊരിയിട്ടത് നൈസ്
ആയിട്ടൊന്ന് ഹാളിലായിപ്പോയി’
വളരെ വിഷമിച്ചായിരുന്നു നസീഫ് അത്
പറഞ്ഞു തീർത്തത്. പറഞ്ഞു തീർന്നതും
‘ഇപ്പ ശരിയായി’ എന്നും പറഞ്ഞ് എല്ലാവരും
കൂടി ആർത്തു ചിരിക്കാൻ തുടങ്ങി.അങ്ങനെ
ഒരിക്കൽ കൂടി വീട്ടുകാരെ കബളിപ്പിക്കാനുള്ള
പ്രയത്നം എട്ട് നിലയിൽ പൊട്ടി. ‘അടുത്ത
തവണയാകട്ടെ ഞാൻ എന്തായാലും വീട്ടിൽ
പിടിപ്പിക്കില്ല’ നസീഫ് മനസ്സിൽ
പറഞ്ഞു. അവൻ കൈകൾ കൊണ്ട് അടി കൊണ്ട്
തെണർത്തു കിടക്കുന്ന കവിളിലൂടെ മെല്ലെ
തലോടി നോക്കി. പെട്ടെന്ന് അവന്റെ
കണ്ണുകളിലേക്ക് തലേന്ന് രാത്രി അടിച്ച
മദ്യത്തിന്റെ കുപ്പി വെള്ളത്തിലും
കരയിലുമായി ഇടിച്ചു പൊങ്ങുന്ന ഒരു കാഴ്ച
വിരുന്നെത്തി. അവൻ കണ്ണുകൾ
കൂർപ്പിച്ച് അതിലെ സ്റ്റിക്കറിൽ
എഴുതിയിരുന്ന വാചകങ്ങൾ ചുണ്ടു കൊണ്ട്
പതിയെ ഉരുവിട്ടു “മദ്യപാനം ആരോഗ്യത്തിന്
ഹാനികരം”.
littnow.com
littnowmagazine@gmail.com
You must be logged in to post a comment Login