കവിത
രണ്ടു നഗരങ്ങളിൽ

ഷേർലി മണലിൽ

പൊള്ളിയടരുന്ന
ആകാശച്ചോട്ടിലെ
രണ്ടുനഗരങ്ങളിലാണ് നാം.
തുറക്കാത്ത –
ജനാലകൾക്കപ്പുറം,
നരച്ചപകലുകളിലും
ഉറക്കമകന്നരാത്രികളിലും
നിൻ്റെയോർമ്മകളെ
ഞാനൊന്നു ചുംബിയ്ക്കുന്നു
പിന്നെയും പിന്നെയും
വടവൃക്ഷംപോലെ
വേരുപടർത്തി
ആഴ്ന്നിറങ്ങിയൊന്നു
കോരിയെടുക്കാൻ –
കൊതിയ്ക്കുന്നു.
നീ കൊടുത്തയച്ച
സന്ദേശങ്ങളൊക്കെയും
മറുപടികാത്ത് മുഷിഞ്ഞ്
പാതികത്തിയ മരക്കൊമ്പിൽ
കുടുങ്ങിക്കിടപ്പുണ്ടാവാം,
വെൺമേഘങ്ങൾക്കിടയിലൂടെ
ഊളിയിട്ടൊരുല്ലാസയാത്ര കൊതിച്ച്..
ചിത്രത്തൂവാലയിൽ
പൊതിഞ്ഞയച്ച
മറുചുംബനത്തിലുമിപ്പോൾ
ചോരമണത്തു തുടങ്ങിയിട്ടുണ്ടാവാം
നഗരങ്ങൾക്കുമേലേ
ഇപ്പോൾ പെയ്യുന്നത്
ഷെല്ലുകളാണല്ലോ.
littnow.com
littnowmagazine@gmail.com
Continue Reading
You must be logged in to post a comment Login