കവിത
നാമിരുവരും ഒരേ നഗരത്തിൽ തന്നെയുണ്ട്

സിവിക് ചന്ദ്രൻ
….എന്നിട്ടും തമ്മിൽ കാണുന്നേയില്ല . കണ്ണിൽ പെട്ടാലും കണ്ടെന്ന് നടിക്കുന്നതുമില്ല .
ഏറെക്കാലമായി
പരസ്പരം ഒന്നുമറിയില്ല നമുക്ക് ,
അറി യിക്കാനുമില്ല ഒന്നുമൊന്നും .. എന്നാലും ഇതേ നഗരത്തിലെ ഒരാപ്പീസിൽ ജോലി ചെയ്യുകയാണ് നീയെന്നറിയാം .
സിംഗിൾ മദ റെന്നും വാടക വീട്ടിലെന്നും … ഹൈസ്കൂൾ പ്രായത്തിലൊരു
മോളുമുണ്ട് നിനക്ക് .
വിധി മറിച്ചായിരുന്നെങ്കിൽ
നമുക്ക് ജനിക്കേണ്ടിയിരുന്നവൾ …
ഞാനും ഇതേ നഗരത്തിൽ തന്നെയുണ്ടല്ലോ .നിനക്കറിയാം
എൻ്റെ വിലാസവും
ഫോൺ നമ്പർ പോലും
ഞാനുമൊറ്റക്ക് തന്നെ .
അതേ പഴയ വീട്ടിൽ ഒറ്റക്കലം പുഴുങ്ങിത്തിന്നിങ്ങനെ .
പല രാത്രികളിലും നാം മഴ കണ്ടും കൊണ്ടും ഉറങ്ങാതെ കെട്ടിപ്പിടിച്ചു കിടന്നിട്ടുള്ള അതേ മുറിയിൽ തന്നെ … നീയും മോളുo
കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ചിലപ്പോളാഗ്രഹിക്കാറുണ്ട്.
ഞാനത് നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും . നിനക്കുമറിയാമത് .
ഒന്ന് വിളിച്ചാലെന്താണെന്ന് നീയുo പരിഭവിക്കുന്നുണ്ടാവും
വിളിച്ചാലും നീ വരുന്നുണ്ടാവില്ല എന്നറിയാമെന്നതിനാൽ തുനിഞ്ഞില്ലിതുവരെ എന്നു മാത്രം …..
എപ്പോഴാണ് നാം പിരിഞ്ഞത്…
എന്തിനാണ് പിരിഞ്ഞത് ?നാമിരുവർക്കുമറിയില്ല .
പിന്നെ അതാരുടെ നിശ്ചയമായിരുന്നു ? അതുമറിയില്ലല്ലൊ നമുക്ക് ..
എന്നിട്ടും ഞാൻ മരിച്ചാൽ
( ആരാരേയും അറിയിക്കാതെ ,ഒരു സൂചന പോലും കൊടുക്കാതെയാവും അത് സംഭവിക്കുക)
ആദ്യമോടിയെത്തുക നീയാണെന്ന് ആർക്കാണറിഞ്ഞു കൂടാത്തത് ?
എൻ്റെ ചിതക്ക് തീ കൊളുത്തുന്നത്
നിൻ്റെ ( നമ്മുടെ ) മകളുമാവും ,
അതുറപ്പ്. എന്നിട്ടും ..
ഒരേ നഗരത്തിലെ അപ്പുറത്തേയും ഇപ്പുറത്തേയും തെരുവുകളിൽ ഉണ്ടായിരുന്നിട്ടും നാം ഒറ്റക്കൊറ്റക്ക്… ഇങ്ങനെ ,ഇങ്ങനെ ….
കവിത
പെൺകവിയുടെ ആൺസുഹൃത്ത്
കവിത
ആത്മഹത്യക്കു മുൻപ്
കവിത
സങ്കരയിനം

സങ്കരയിനം ഒരു മോശം ഇനമൊന്നുമല്ല!
സങ്കരയിനം ലോകമാണെന്റെ സ്വപ്നം!
ലോകം മുഴുവൻ ആഫ്രിക്കനെന്നോ
യൂറോപ്യൻ എന്നോ ഏഷ്യനെന്നോ
Dna യിൽപോലും മാറ്റമില്ലാത്ത വിധം!!!
കൂഴ ചക്കയെന്ന് കൂക്കാത്ത വിധം!
തേൻ വരിക്കേന്നു ഒലിക്കാത്ത വിധം!
ഒരു കൂഴരിക്ക പ്ലാവ്,
അതിലോരൂഞ്ഞാൽ!
അതിലൂഴമിട്ടാടുന്ന
എന്റെയും നിന്റെയും
മക്കൾ.
അത്രക്ക് വെളുക്കാത്ത
അത്രക്ക് കറുക്കാത്ത
ഒരേ നിറമുള്ള നമ്മുടെ
മക്കൾ
— അഭിലാഷ്. ടി. പി, കോട്ടയം

ചിത്രം വരച്ചത് സാജോ പനയംകോട്
You must be logged in to post a comment Login