കവിത
പ്രിയപ്പെട്ട അന്നയ്ക്ക്…

വൈഷ്ണവ് സതീഷ്
ഏറ്റവും പ്രിയപ്പെട്ട അന്നാ..
പ്രണയിക്കുന്ന നിമിഷങ്ങളിൽ
നാം രണ്ട് നിശാശലഭങ്ങളായി
രൂപാന്തരപ്പെടുന്നുവല്ലോ..

കാറ്റിന്റെ ഇലയനക്കങ്ങളും
രാത്രിയുടെ ഇരുട്ടും സ്വർഗ്ഗ-
കവാടങ്ങളിലെ തൊട്ടിലിൽ
നമുക്ക് താരാട്ടാവുന്നല്ലോ..
ആശങ്കയുടെ അഗ്നി
ആത്മസുഖത്തിന്റെ
ആഴിത്തിരയ്ക്കുള്ളിൽ
മൂടിപ്പുതച്ചുറങ്ങുന്നുവല്ലോ..
കാതങ്ങൾ ദൂരെയെങ്കിലും
ഓർമ്മപ്പുറത്തെ
ഒറ്റക്കൈയകലത്തിൽ
മൊണാർക്കു*കളെപ്പോലെ നാം
ചുംബിക്കുന്നല്ലോ..
ഒരു നേർരേഖയിൽ ബന്ധിക്കുന്ന,
അകലങ്ങളെ പഴിക്കാത്ത രണ്ട്
ജീവബിന്ദുക്കളായി നാം
നമ്മെത്തന്നെ സങ്കല്പിക്കുന്നല്ലോ..
ഏകാന്തതയുടെ
കൊടുംശൈത്യങ്ങൾ നിരന്തരം
പൊള്ളിക്കുന്ന മഹാമാരിക്കാലങ്ങളിൽ
നിന്റെ ഗന്ധം കടലാഴങ്ങൾക്കിപ്പുറം
എന്റെ നെറുകയിൽ
അപ്പൂപ്പൻതാടികളാകുന്നല്ലോ..
ഏറ്റവും പ്രിയപ്പെട്ട അന്നാ..
നിന്റെ ശബ്ദം വിരഹങ്ങളുടെ
ആസന്നമൃതിയിൽ കാതുകൾക്ക്
പ്രിയപ്പെട്ട സംഗീതവും
ഇമയൊലികൾ ഇടറുന്ന
ജീവിതപ്പാതയിൽ പരമമായ
വെളിച്ചവുമാകുന്നു..
അത്രയും പ്രണയാർദ്രമായ
നിമിഷങ്ങളിൽപ്പെട്ട് നീ അയച്ച
കത്തുകൾ ഇന്നെന്നിൽ
കവിതയാവുന്നു..
നിന്റെ ചുംബനങ്ങളിൽ
ഞാനൊരു ലോകോത്തര
വ്യഭിചാരിയായിരിക്കുന്നു.
ചേർന്നൊട്ടിയ നമ്മുടെ
നിമിഷങ്ങളിന്ന് ആത്മരതിയായും
ആലിംഗനങ്ങൾ ആർദ്രതയിൽ
കുതിർന്ന ഫിയോറാപ്പൂക്കളായും
മാറിയിരിക്കുന്നു..
എത്രയും പ്രിയപ്പെട്ട അന്നാ..
നോക്കെത്താദൂരങ്ങളുടെ
അനന്തതയിൽ നീയെന്നെ
പ്രണയിച്ചുകൊണ്ടേയിരിക്കുക..
ആത്മാഹൂതിയുടെ
ചിതൽപ്പുറ്റുകളിൽ
വെന്തുരുകുന്ന നിമിഷങ്ങളിലും
നിന്റെ വിരലനക്കങ്ങൾ
എന്റെയുടലിന് കുളിരേകട്ടെ..!
(മൊണാർക്ക് : കറുത്ത വരകളാലും വെള്ള പുള്ളികളാലും അലംകൃതമായ ഓറഞ്ച് നിറമുള്ള ഒരിനം ചിത്രശലഭം)
littnow
- Uncategorized4 years ago
അക്കാമൻ
- ലോകം4 years ago
കടൽ ആരുടേത് – 1
- കവിത3 years ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി - സിനിമ3 years ago
മൈക്ക് ഉച്ചത്തിലാണ്
- കല4 years ago
ഞാൻ പുതുവർഷത്തെ വെറുക്കുന്നു
- കായികം3 years ago
ജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
- കവിത4 years ago
കോന്തല
- ലേഖനം4 years ago
തൊണ്ണൂറുകളിലെ പുതുകവിത
You must be logged in to post a comment Login