കവിത
മരായണം

മാധവൻ പുറച്ചേരി
പുലർച്ചയിൽ
വായിച്ചുതുടങ്ങുകയാണ് കിളികൾ .
കൂടൊരുക്കാനിടം തന്ന
കനിവിനെക്കുറിച്ച്.
നിറഞ്ഞ ഭക്തിയാൽ
തൊഴുതുകേൾക്കുകയാണ്
ഒരോയിലകളും
ആനന്ദലബ്ധിയിൽ.
വേരുകളുടെ ധ്യാനത്തെ
പാടി നിറയ്ക്കുകയാണ്
ഒരോ നിമിഷവും
മരമാനന്ദത്താൽ.
മണ്ണേ… വിണ്ണേയെന്ന്,
ആ മരം ഈ മരമെന്നപോൽ
വേരുകളുരുവിടുന്നുണ്ട്,
വല്മീകത്തിൽ നിന്ന്.
ഋതുഭേദമറിയാതെ,
നിത്യപാരായണത്തിലാണ്.
വേരുതൊട്ടിലവരെ…,
പല രാമായണങ്ങൾ….
കൺമുന്നിൽ നിന്ന്,
കാണാമറയത്ത് നിന്ന്,
സുഗേയകാവ്യം….
ബധിരരാണു നാം….

മാഞ്ഞിരം
കാഞ്ഞിരം പറഞ്ഞ കഥ
പണ്ട്… വളരെ പണ്ട്,
നമ്മെപ്പോലെ മനുഷ്യരും
നഗ്നരായിരുന്നു….
പരസ്പരം സംസാരിക്കും
ചിരിയും കരച്ചിലും
കൈമാറും.
കാറ്റ് മുളിയ പാട്ടിൽ,
മടിത്തട്ടിലുറങ്ങും.
മഴയും വെയിലുമുടുത്ത്,
കെട്ടിപ്പുണർന്ന് നടക്കും….
പതുക്കെ… പതുക്കെ…
അതിരിട്ട്,
വേറൊരു ശബ്ദത്തിൽ,
സംസാരിച്ചു തുടങ്ങി.
നമുക്കവരുടെ ഭാഷ അറിയാമെങ്കിലും
മിണ്ടാട്ടമില്ലാത്തവരായി…
ഒരിക്കൽ,
സ്നേഹം വഴിഞ്ഞൊഴുകുന്ന
കണ്ണൂകളുമായി
രണ്ടു കുട്ടികൾ….
ശ്രുതിമധുരമായി,
കഥപാടി കേൾപ്പിച്ചു…
ഒടുവിൽ,
അശരണയായി,
നിലവിളിക്കുന്ന ഒരിര,
ഉഴവുചാലിൽ നിന്നെന്നെപ്പോലെ …
കഥയിൽ നിന്നിറങ്ങിവന്നു.
നിലയില്ലാത്ത കരച്ചിലിൽ
അകമാകെ നിറഞ്ഞു.
മകളേയെന്ന വിതുമ്പൽ,
വേരുതൊട്ടിലവരെ പരന്നു.
അന്നുമുതലാണ്,
മധുരിച്ചിരുന്ന മാഞ്ഞിരം,
കൊടും കയ്പുചുരത്തി
കാഞ്ഞിരമായത്.
വിത്തിലേക്കിറങ്ങിയ വേദന
കാലാന്തരത്തിൽ
അനശ്വരമായ നാമവുമായി….
ദമിതം
ഉണ്ടായിരുന്നില്ല
വാല്മീകി ശർമ്മ,
വാല്മീകി വാര്യർ
വാല്മീകി നായർ…!
ഉണ്ടായിരുന്നു…
കാട്ടുതേൻ കിനിയും
പ്രണയക്കരിമ്പ്…
മൂക്കും മുലയും
മുറിഞ്ഞ കാട്ടാറ്….
തപംചെയ്ത ശൂദ്രന്റെ ,
ഉടലറ്റ തലകൾ,
ചിറകറ്റ മലകൾ,
‘ജടയറ്റ’ കാവ്…!
കുന്നു കയറിയിറങ്ങിവരുന്ന,
കണ്ണുകലങ്ങും കഥകളുണ്ടെത്ര…
മര സംവാദം
ഒരോരോ മരത്തിലും
ഒരോരോ കഥയുണ്ട്
കാറ്റിലൂടവയെങ്ങും
പടർന്നു പല കുറി.
ജാനകീനാമം നിത്യം
ജപിക്കും കിളികളും
രാമരാമേതിയെന്നു
തപിക്കും കപികളും
കഥ കേട്ടിരുന്നിടും
വാല്മീകിമഹാമുനി
മധുരം വിളമ്പിടും
ഫലമൂലത്താൽ ഞങ്ങൾ.
കരയുന്നുണ്ടാവുമാ –
ക്കണ്ണുകൾ പലപ്പോഴും
തിളങ്ങും ചില നേരം
അൽഭുതസ്നേഹാദരാൽ
പല രാമൻമാർ വന്നു
പോകുമാ കഥകളിൽ
സീതമാർ നിറകണ്ണാൽ
നിറഞ്ഞു കാട്ടിന്നകം.
ചില മൂവന്തിക്കു നാം
ചിന്തയിൽ മുഴുകുമ്പോൾ
പാട്ടുമായി വന്നിട്ടുണ്ടീ
വാല്മീകിമഹാകവി.
കണ്ണീരാൽ നിറഞ്ഞവർ
കവിയാകുന്നുണ്ടാവാം
കണ്ടതാണീ സത്യത്തെ
നമ്മളെത്രയോ വട്ടം.
വയസ്സനരയാൽ നോക്കൂ!
നമ്മുടെ മഹാകവി
എത്രയോ കവികളെ
നിത്യവും കൂടെക്കൂട്ടി..
ചെറുമുരിക്കൊന്നിതാ
പുതുകാവ്യത്താൽ പൂത്തു
കേട്ടുനിൽക്കുന്നു ചുറ്റും
പലജാതി ജന്തുക്കൾ..
പറയാൻ നൂറായിരം
കഥകൾ തിടുക്കത്തിൽ
പല പൂവുകളായി
വിരിഞ്ഞു മരായണം
പല കൂട്ടുകാരിന്നു
കാണുവാനില്ലാതായി
അവരോടൊപ്പമെത്ര
കഥകൾ കൊഴിഞ്ഞു പോയ്
ഒരോരോ മരത്തിനും
പറയാനുണ്ടായിരം
കഥകൾ പിന്നീടവ ,
കവികൾ പാടീടുന്നു.
ഭൂമിദേവിയിലേക്കു
മറഞ്ഞ മരങ്ങളേ…
പേരിട്ടു വിളിക്കുവാൻ
പോലുമേയറിയാതെ
കഥയായി മറഞ്ഞല്ലോ,
ഓരോരോ മരങ്ങളും
പതുക്കെ സമാപിക്കു –
മാരണ്യകാണ്ഡം ക്രമാൽ.
മൃതസഞ്ജീവനി
മടിയനായിട്ടല്ല,
മലകളൊന്നും ചുമന്നത്.
സമസ്ത ദാസ്യത്താൽ,
ഭാരമറിഞ്ഞിട്ടേയില്ല
മുതുകിലമൃതുണ്ടായിട്ടും
തിരിച്ചറിഞ്ഞതു പോലുമില്ല…
ഭക്തിയാൽ സ്വയം നഷ്ടപ്പെട്ട്,
കുരങ്ങായി നടിക്കേണ്ടി വന്ന ,
മനുഷ്യരായിരുന്നു അവരെല്ലാം….
ഉത്തരമരായണം
കിളികൾ നിത്യം കേൾക്കുന്നു
മരായണ പരമ്പര
കിളിപ്പാട്ടിലൂടക്കഥ
കേട്ടുണരുന്നു ഭൂമിയും
ഓരോ വിത്തിലുമുണർന്നും
തളിർപ്പിൽ തിരി നീട്ടിയും
പന്തലിച്ചു പടർന്നീടും
ഗാഥകൾ ചെറുവള്ളികൾ
ചെന്നുചേരുന്നിടത്തെല്ലാം
പൊട്ടിപ്പൊട്ടി മുളക്കുക
കഥ കേൾക്കാൻ, പറഞ്ഞീടാൻ
ലവനും കുശനും വരും…
വന്നിരിക്കും വാല്മീകിമാർ
മണ്ണേ നമ്പിയ മാനുഷർ
ഫലമൂലാദികൾ നൽകി
കഥയാൽ സൽക്കരിക്കുക.
ഫലശ്രുതി
പൂവും പുല്ലും
കിളിയും മരവും
ഒരോരോകഥകളായി,
കവിതകളായി,
കൺമുന്നിൽ വിരിഞ്ഞു നിൽപ്പുണ്ട്.
കാണാവുന്നവ,
കേൾക്കാവുന്നവ,
കണ്ടറിയാത്തവ ,
കൊണ്ടറിയുന്നവ…
യാത്രക്കാരേ….. യാത്രക്കാരേ..
ഇഷ്ടമുള്ളതെടുത്തോളൂ.
(ജടയറ്റ കാവ് വയനാട്ടിലുള്ള പുല്പള്ളിക്കടുത്തുള്ള കാവ്.
സീതാദേവി ഭൂമിക്കടിയിലേക്ക് മറഞ്ഞ ഇടമെന്ന് വിശ്വസിക്കുന്ന സ്ഥലം.)
littnow
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക. littnowmagazine@gmail.com
കവിത
മറവിയുടെ പഴംപാട്ട്

ജിത്തു നായർ

ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്
ആരൊക്കെയോ ഇല്ലാgതെ പോയവർ
അശരണരായലയുന്ന മരുഭൂവിൽ
മണലിൽ കാലടികൾ പോലും പതിയില്ല…
പിൻവാങ്ങാൻ കഴിയാതെ
അടരുവാൻ കഴിയാതെ
മനസ്സൊട്ടി പോയ പഴംപാട്ടുകളിൽ
പാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്..
ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെ
അകന്നു പോയ വെളിച്ചം തിരികെ
വന്നെങ്കിലെന്നോർത്ത്
ആർത്തിയോടെ കൊതിക്കുന്നവരുണ്ട്..
അറ്റ് പോയ കിനാവുകളേക്കാൾ
ചേർത്തു പിടിച്ചിട്ടും മുറിവിന്റെ നോവ്
സൃഷ്ടിക്കുന്ന ചിന്തകളുടെ ഭാരം
സഹിക്കാൻ പറ്റാത്തവരുണ്ട്..
ചേർന്ന് നിൽക്കാൻ ചേർത്ത് പിടിക്കാൻ
കൈകളില്ലാത്ത ലോകത്തെ നോക്കി
മൗനമായി വിലപിക്കുവാൻ മാത്രം
മനസ്സ് വിങ്ങുന്നവരുണ്ട്…
മറവിയുടെ ആഴങ്ങളിൽ പഴമ കഴുകി
പുതുമയുടെ സൗരഭ്യങ്ങളിൽ
മുങ്ങിക്കുളിക്കുന്നവർ ഓർക്കാറില്ല
അറ്റ് പോയ മുറിയുടെ മറു വേദന..
littnowmagazine@gmail.com
കവിത
വൈസറിക്കാത്ത പെണ്ണ്

പ്രകാശ് ചെന്തളം

മാസത്തിലേഴുദിനം
ചേച്ചിയും
അടുത്ത വീട്ടിലെയെല്ലാം പെണ്ണുങ്ങളും
ഒരുമറ അകലം വെപ്പ് കാണാം.
ഒരു മാറ്റി നിർത്തപ്പെട്ടവളായി
ഒന്നിലുംകൈ വെക്കാതെ
ഒറ്റയിരിപ്പുകാരിയായി.
ആണായി പിറവിയെടുത്ത എന്നിൽ
ഒരുവളായിരുന്നു
ഉടലിലത്രയും ഒരുവൾ .
വൈസറിപ്പിന്റെ പ്രായം തികഞ്ഞിട്ടും
വൈസറിക്കാത്ത പെണ്ണാണ് ഞാൻ
ആൺ ഉടലിൽ വയ്യനി ജീവിതം
എന്നിലേ പെണ്ണായി
ജീവിച്ചൊടുങ്ങണം.
മാസമുറയില്ലാത്തവൾ
പെറ്റിടാൻ കഴിയാത്തവൾ
ആദി ഏറെ ഉണ്ടെനിൽ
പെറ്റിടാൻ മോഹം ഏറെയുണ്ട്.
എടുത്തുടുക്കും ചേല പോലെ
ഒരു ഉടലിൽ കോമാളി രൂപം ധരിക്കുവാൻ വയ്യാ
പരിഹാസമത്രയും രണ്ടും കെട്ടവൻ.
വാക്കിനാൽ മുനയമ്പുകുത്തുന്നു
ഹൃദയത്തിൽ
മരണത്തിലേക്കൊന്നു വഴുതിവീണിടുവാൻ
ഇരുട്ടിൽ പലക്കുറി ചിന്തിച്ചു പോയ നാൾ.
പിന്നെയും വിളിക്കുന്നു എന്നിലെ
പെണ്ണവൾ
പുലരിയിൽ നല്ല നാൾ
കൺ കാഴ്ച കാണുവാൻ .
ജീവിതം ജീവിച്ചു തീർക്കണം
മണ്ണിതിൽ
എന്നിലെ ഞാനായി
കാലമത്രെ.

littnowmagazine@gmal.com
കവിത
കൊടും വാതപ്പുതപ്പിലാണിപ്പോൾ

പ്രസാദ് കാക്കശ്ശേരി
കയറുമ്പോൾ
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
അമ്പരപ്പുത്സാഹത്തിൽ
ഇലക്കാട് നൂണ്ട് തുഞ്ചത്തെത്തുമ്പോൾ
കായ്ച്ച മാമ്പഴക്കമ്പ്
ഇറങ്ങുമ്പോൾ
അതേപടി
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
വഴുക്കാത്ത ഉള്ളാന്തലിൽ
ഇപ്പോൾ വീണു
ആ കമ്പം; കമ്പും .
കൊടും വാത പുതപ്പിലാണിപ്പോൾ.
യന്ത്രവാതത്തിന്റെ മുരൾച്ചയിൽ
കണ്ണ് നട്ട് ഒരൊറ്റ കിടപ്പിൽ
മനസ്സിൽ കേറുന്നു
തേച്ച കുഴമ്പുളുമ്പ് ,
കാലത്തിന്റെ
ഇത്തിൾച്ചില്ല കേറി
കൊടും വാതത്തിൽ
കടപുഴകി വീണ പൂതൽ തടി .

-
സാഹിത്യം8 months ago
മോചനത്തിന്റെ സുവിശേഷം-7
-
നാട്ടറിവ്12 months ago
ബദാം
-
സിനിമ10 months ago
മൈക്ക് ഉച്ചത്തിലാണ്
-
കഥ10 months ago
ചിപ്പിക്കുൾ മുത്ത്
-
സാഹിത്യം10 months ago
പെൺപഞ്ചതന്ത്രത്തിലൂടെ
-
സിനിമ11 months ago
ഇരുട്ടിൽ
നൃത്തമാടാൻ
കൂടെ പോന്നവൾ… -
കഥ9 months ago
കറുപ്പിന്റെ നിറം
-
സിനിമ9 months ago
“ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചു
ഭൂമി കന്യക പുഞ്ചിരിച്ചു”
You must be logged in to post a comment Login