കവിത
വെളിച്ചപ്പാട് മുത്തശ്ശൻ
സുജ എം ആർ
നെടുമ്പാതയോരത്തെ
ചരൽപ്പറമ്പിൽ
രാക്കാലമഞ്ഞേറ്റും,
നട്ടുച്ച വെയിലേറ്റും,
പിന്നെ
തോരാമഴയേറ്റും,
കിളിപ്പേച്ചുകൾ കേട്ടും,
യക്ഷിപ്പാലച്ചോട്ടിലെ
കൽവിളക്കിൻ
പടിമേൽ
ഒരു കാലും
മടക്കിവെച്ച്,
മറുകാലിലെ
ചിലമ്പും കിലുക്കി,
തെച്ചിപ്പൂ തോൽക്കണ
ഇടംകയ്യോണ്ട്
തുമ്പിക്കൈ വണ്ണള്ള
ഇടത്തെ തുടമേൽ
താളോം പിടിച്ച്,
അരുകിലിരിക്കണ
പാനിയിലെ
കള്ളിനോട്
കണ്ണുമിറുക്കി,
മുള്ളുമുരിക്കിൻകാട്
പൂത്തിറങ്ങിയ പോലെ
ആകെ ചുവന്നവൾ
ഭദ്രകാളി !!!
ഭൂതത്താൻ
ചിറയിൽ,
കണ്ണ് കലങ്ങോളം
മുങ്ങി നീർന്ന്,
ചോന്നതും
കെട്ടിച്ചിറ്റി,
ഭസ്മവും
മഞ്ഞളും
സിന്ദൂരോം
മതിയോളം
വാരിപ്പൂശി,
അരമണിയും
ചിലപ്പിച്ച്,
അരിമണിയും
വാരിയെറിഞ്ഞ്,
അലറിപ്പൂ
മാലയുമിട്ട്,
കലികൊണ്ട്
കലികൊണ്ട്,
വാളും തിളക്കി,
നരച്ച ജഡയും കോതി നീർത്തി,
“ൻ്റെ ദേവ്യേ” ന്ന് കിണഞ്ഞ്
വെളിച്ചപ്പാട് മുത്തശ്ശൻ..
“നീയാ ആലിൻ ചോട്ടിൽ പോയിരിക്ക് ശവിയേ, ഞാനിതൊന്നൊരു തീരുമാനമാക്കട്ടെ”
ന്ന് കള്ളിനെ പ്രേമിച്ചവൾ ഭദ്രകാളി !!!
“ഇബ്ടെ വാടീ,
നിന്നെ ഞാനൊന്ന് നല്ലോണം കാണട്ടെ”ന്ന് ആവോളം കിന്നരിച്ച്
വെളിച്ചപ്പാട് മുത്തശ്ശൻ..
“നീയാ വടക്കേലെ ശാരദേനെ പോയോക്ക് ശവിയേ”
ന്ന് ചൊടിച്ചവൾ ഭദ്രകാളി !!!
“വടക്കേലെ ശാരദേനെ പാളി നോക്കി വെളിച്ചപ്പാട് മുത്തശ്ശൻ.
നഖം കടിച്ച് നാണിച്ച് വടക്കേലെ ശാരദ,
“ന്താ? അനുകൂലം!! ല്ലെ ശവിയേ?” ന്ന് പൊട്ടിച്ചിരിച്ചവൾ ഭദ്രകാളി !!!
“പാവങ്ങളെ കളിയാക്കാണ്ട് ബ്ടെ വാടീ പൊലാട്ച്ചീ” ന്ന് ചീറിക്കൊണ്ട്
വെളിച്ചപ്പാട് മുത്തശ്ശൻ.
“നീയാ ചെറേടെ ചാലൊക്കെയൊന്ന് ചാടി വായോ ‘കണ്ടു’വേ” ന്ന്
കള്ള് നുണഞ്ഞവൾ ഭദ്രകാളി!!!
ചിറച്ചാലും ചാടി
തുള്ളിയാർത്ത്
“വാട്യേ, പൊലാടിച്ച്യേ,
മ്മക്ക് ന്ന് വ്ടെ കൂടാ”
ന്ന് ചീറിയാർത്ത്
വെളിച്ചപ്പാട് മുത്തശ്ശൻ,
കാറ്റിൻചോല മദിച്ചാടും പോലെ,
കാട്ടാറ് ചുഴികുത്തും പോലെ,
നിലാവത്ത്, തെങ്ങിൻകുരലറ്റം
കടലിൻ തിരതല്ലും പോലെ,
ൻ്റെ മുത്തശ്ശൻ്റെ കയ്യും പിടിച്ച്,
ചുവന്നു പൂത്ത
നാഭിച്ചുഴിയോളം
അരമണിയും കിലുക്കി,
കണ്ണോണ്ടുടവാളും ചുഴറ്റി,
പന്തക്കാലിലെ
കുരുത്തോലേം പറിച്ച്,
പൂക്കിലേം തുള്ളിച്ച്,
”ഹീയ്യോ ഹീയ്യോ” ന്ന്
മതിയാവാേളം
മദിച്ചലറിവിളിച്ചാടിത്തിമിർത്തവൾ ഭദ്രകാളി !!!
തീവെട്ടി വെളിച്ചത്തില്
കരക്കാരെയൊന്നുഴിഞ്ഞ് നോക്കി,
“ൻ്റെ മക്കളേ”ന്ന് നെറഞ്ഞ് ചിരിച്ച്
ഉള്ളഴിഞ്ഞനുഗ്രഹോം വാരിക്കോരിക്കൊടുത്ത്,
തെച്ചിപ്പൂക്കളോം കയ്യേറ്റ്,
താമരക്കളോം, പീഠോം നെറഞ്ഞ്
തെളിവെളക്കിൻ്റെ നാളോം നെറഞ്ഞ്
പറനിറയെ പൊന്നായ്, പണമായ്
പുന്നെല്ലായ് കുമിഞ്ഞ്
അറയും നിരയും
നെറഞ്ഞ് നെറഞ്ഞവൾ ഭദ്രകാളി!!!
ന്നാലും ൻ്റെ മുത്തശ്ശാേ…
ദൊക്കെ കാണാണ്ടറിയാണ്ട്
ഞാനന്നൊക്കെ
ഏത് വിത്ത്കോശത്തിൻ്റെ ഉള്ളില് കെടന്നൊറങ്ങായിരുന്നു?
littnow
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ ,ചേർക്കുക.
littnowmagazine@gmail.com
Ranjith .k
January 27, 2022 at 6:05 am
ഗോത്രത്തെ ചികഞ്ഞെടുക്കുന്ന ഭാഷയും ബിംബവും പുതു തലങ്ങളിലേക്ക് വഴി വെട്ടിയെടുക്കാനുള്ള ത്വരയുണ്ട് .
DR. B. V. BABY
February 12, 2022 at 1:58 am
ഭൂത കാലത്തിന്റെ നഷ്ടവസന്തം ചാലിച്ച വരികൾ