ലേഖനം
പച്ചയായിക്കത്തിയ
എത്രയോ ചിതകൾ,
നിന്നോളമില്ല ഒന്നും
കവിത തിന്തകത്തോം – 8
വി ജയദേവ്
വര_ സാജോ പനയംകോട്
പിറ്റേന്ന് ഉണ൪ന്നെഴുന്നേറ്റ യൗവനത്തിന്റെ പുല൪ച്ചെയാണു ഞാനെന്നെ ഒരു യുവാവായി ആദ്യം കാണുന്നത്. അതു പറയാനും അതിനെ അടയാളപ്പെടുത്താനും പൂമ്പാറ്റയായി മാറിയ വിലാസിനിച്ചേച്ചി ഇല്ലായിരുന്നെങ്കിലും. ഞാനെന്നെങ്കിലും ഒരു നാൾ ഒരു യുവാവായി രൂപാന്തരം പ്രാപിക്കുമെന്നു വിശ്വസിച്ച ഒരേയൊരാൾ മറ്റാരുമായിരുന്നില്ല. ഞാൻ പോലും ഞാനെന്നെങ്കിലും ഒരു യുവാവാകുമെന്നു വിചാരിച്ചിരുന്നില്ല. കഴിഞ്ഞ രാത്രിയോടെ ഇനി ഭൂമിയിൽ വിലാസിനിച്ചേച്ചി ഇല്ല എന്ന് ഉറപ്പാക്കിയിരുന്നു. നാളെ നീ ഒരു യുവാവാകുമ്പോൾ, നീ ആദ്യത്തെ കവിത എഴുതിക്കഴിയുമ്പോൾ വിലാസിനി എന്നൊരു വാക്കു തന്നെ നീ മറന്നുപോകുമെന്നു എന്നോട് പറയാറുണ്ടായിരുന്നു.
യുവാവായി മാറിക്കഴിഞ്ഞു എന്നു ഞാൻ തന്നെ ഉറപ്പാക്കിക്കഴിഞ്ഞ സ്ഥിതിക്കു നേരത്തേ വിലാസിനിച്ചേച്ചി പറയുമായിരുന്ന മറ്റൊരു അപകടകരമായ അവസ്ഥ എന്നെ ക്രൂരമായി കാത്തിരിക്കുന്നുണ്ടായിരുന്നു. എനിക്കു കവിതയെഴുതാതിരിക്കാൻ സാധിക്കില്ലെന്നു മറ്റാരേക്കാളും വിശ്വസിച്ചിരുന്നതുകൊണ്ട്. വിലാസിനിച്ചേച്ചി പറഞ്ഞതുപോലെ ഒരു യുവാവായിക്കഴിഞ്ഞ സ്ഥിതിക്കു എനിക്ക് എന്നെങ്കിലും ഒരു നാൾ കവിതയെഴുതേണ്ടിവരുമെന്നു ഞാൻ ആകുലപ്പെട്ട ദിവസങ്ങളായിരുന്നു അത്. ഒരിക്കലും യുവാവാകേണ്ട എന്നായിരുന്നു എനിക്ക്. കവിതയെഴുതാതിരിക്കാനുള്ള ഒരു ഒറ്റമൂലിയായിരുന്നു അത്.
എന്നാൽ, ഒറ്റ ദിവസം കൊണ്ടു ഭൂമിയാകെ മാറിയതു ഞാനറിയുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വരെ ഒരു പൂമ്പാറ്റയായെങ്കിലും ഉണ്ടായിരുന്ന വിലാസിനിച്ചേച്ചി അപ്പോഴേക്കു ഭൂമിയിൽ നിന്നു പൂ൪ണമായി അപ്രത്യക്ഷയായിക്കഴിഞ്ഞിരുന്നു. മരണത്തിനു ശേഷം എല്ലാവരും ഭൂമിയിൽ നിന്ന് എങ്ങോട്ടാണു പോകുന്നതെന്ന് അത്ഭുതപ്പെടുകയും ചെയ്തുകൊണ്ടിരുന്ന നാളുകളായിരുന്നു അത്. ഒരു ജന്മത്തിന്റെ നിറവും ചൊടിയും എല്ലാം എങ്ങോട്ടോ പോയ്മറയുന്നു. ഇന്നലെവരെയുണ്ടായിരുന്ന ഒരു പൂമ്പാറ്റച്ചുംബനം എത്ര പെട്ടെന്നാണ് ഉണങ്ങിപ്പോയിരിക്കുന്നത്. അവസാനത്തെ തേൻചുവയും വറ്റിയിരുന്നു.
പൂമ്പാറ്റയായി മാറിയാലും ഏതാനും മണിക്കൂറിന്റെ അല്ലെങ്കിൽ നാളിന്റെ അവധി കഴിഞ്ഞാലും വിലാസിനിച്ചേച്ചിയുടെ ഉടൽ ഭൂമിയിൽ ബാക്കിയാകും എന്നായിരുന്നു എന്റെ അന്ധവിശ്വാസം. എല്ലാത്തിനെയും ഭൂമി മായ്ച്ചുകളയും എന്ന വലിയ പാഠങ്ങൾ അപ്പോഴേക്കും പഠിച്ചിരുന്നില്ല. അല്ലെങ്കിലും ഞാനെന്തും വൈകി മാത്രമേ പഠിക്കുമായിരുന്നുള്ളൂ. ആകെ നേരത്തേ തുടങ്ങിയ ഒരേയൊരു കാര്യം എന്നു പറയാവുന്നത് എന്റെ ഉടലിനെത്തന്നെ മനസിലാക്കുക എന്നതായിരുന്നു. അതിനു കാരണമായതും വിലാസിനിച്ചേച്ചിയായിരുന്നു.
ഏതാണ്ടു ഞാൻ ചോരയിൽ പച്ചകുത്തിയതു പോലെത്തന്നെയായിരുന്നു. ആ അന്ധവിശ്വാസത്തിൽ നിന്നു പൂ൪ണമായി മോചനം നേടാൻ സാധിക്കുന്നുണ്ടായിരുന്നില്ല.ഉടൽ കാണാത്തവണ്ണം നിറയെ പൂത്തുവിയ൪ക്കുമായിരുന്ന പൂവാകയ്ക്കടിയിൽ നിറയെച്ചോപ്പണിഞ്ഞു വിലാസിനിച്ചേച്ചി നിന്നില്ലായിരുന്നെങ്കിൽ, ലോകത്തെ മുഴുവൻ രാത്രിയുടെയും ഇരുട്ടെടുത്തു കണ്ണെഴുതിയില്ലായിരുന്നെങ്കിൽ ഞാനെന്നെത്തന്നെ തെറ്റിദ്ധരിച്ചുപോകുമായിരുന്നു എന്നു തോന്നിപ്പിച്ചിട്ടുണ്ട്. സ്വന്തം ഉടലിലൂടെ കാഴ്ചകൾ കണ്ടു നടക്കില്ലായിരുന്നു. എന്തിന്, ഭുമിയിലെ ഒരു ഉടലിനെയും അങ്ങനെ കാമുകപ്പെടുത്തില്ലായിരുന്നു. പൂമ്പാറ്റയായി മാറിയാലും വിലാസിനിച്ചേച്ചിയുടെ ഉടൽ ഭൂമിയിൽ ബാക്കിയാവും എന്ന അന്ധവിശ്വാസം പെരുത്തത് അങ്ങനെയായിരുന്നു. ആ അന്ധവിശ്വാസം
എന്നാൽ, ഉടൽ പോയിട്ട് ഒരു നഖക്കൂ൪പ്പു പോലും ബാക്കിവയ്ക്കാതെയാണു വിലാസിനിച്ചേച്ചി പൂമ്പാറ്റയായി മാറിയിരുന്നതെന്നു പിന്നീടാണു മനസിലായത്. ഒരു ഉടൽതേടി യാത്രയ്ക്കൊടുവിൽ. ഞാൻ കുട്ടിത്തത്തിൽ നിന്നു യൗവനത്തിലേക്കും അവിടെ നിന്നു കവിതയിലേക്കും വളരുന്നതിനു തന്റെ ഒരു ഓ൪മ പോലും വിലങ്ങുതടിയാവരുത് എന്നായിരുന്നു ശരിക്കും വിലാസിനിച്ചേച്ചി വിചാരിച്ചിരുന്നത്. അവ൪ പൂമ്പാറ്റയായില്ലെങ്കിൽ ഞാനൊരിക്കലും കവിതയെഴുതില്ല എന്നവ൪ പേടിച്ചിരുന്നു. പൂമ്പാറ്റയാവുന്നതിനു തൊട്ടുമുമ്പ് വിലാസിനിച്ചേച്ചി തന്റെ ഉടലിനെ പ്യൂപ്പയ്ക്കുള്ളിൽ ഒളിപ്പിച്ചുവയ്ക്കുകയായിരുന്നിരിക്കണം എന്നാണ് എനിക്കു പിന്നീടെപ്പോഴും തോന്നുമായിരുന്നത്.
എന്നെങ്കിലും ഒരു കവിതയെഴുതുന്നുണ്ടെങ്കിൽ അത് ഉടലിനെക്കുറിച്ചായിരിക്കും എന്നു പിന്നീട്, കുറെക്കാലം കഴിഞ്ഞു ഞാൻ പറഞ്ഞിരുന്നത് സുരലതയോടായിരുന്നു. അപ്പോഴേക്കും യുവാവായി പിന്നെയും വ൪ഷങ്ങൾ കഴിഞ്ഞിരുന്നു. കെമിസ്ട്രി ലാബിലെ പനിക്കുന്ന ആസിഡ് പുകയ്ക്കിടയിൽ നിന്ന് സുരലത കവിതയെക്കുറിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെങ്കിലും. പ്രശസ്തമായ കലാലയത്തിലെത്തിക്കഴിഞ്ഞിരുന്നു ആ സമയം ആയപ്പോഴേക്കും കാലം. ഒരിക്കലും കവിതയെക്കുറിച്ചു മിണ്ടാത്ത ഒരാളോട് എന്തിന് ഞാനാദ്യം എഴുതാൻ പോകുന്ന കവിതയെക്കുറിച്ചു പറയണം എന്നു ഞാൻ വിചാരിച്ചില്ല. ലോകം മുഴുവൻ കവിതയെക്കുറിച്ചു വിചാരിക്കുകയാണ് എന്നായിരുന്നു ആ സമയത്തെ എന്റെ അന്ധവിശ്വാസം. ഫ്യൂമിങ് കബേഡ് എന്നറിയപ്പെടുന്ന, പല ആസിഡുകളുടെ കൂട്ടുരുചിയിൽ തിളയ്ക്കുന്ന മണത്തിലും ഞാൻ കവിതപ്പേടി വിയ൪ത്തു. അതെനിക്കു വിലാസിനിച്ചേച്ചിയോടുള്ള ഒരു കടം വീട്ടലായിരുന്നില്ല.
മറിച്ച്, അവരോടുള്ള ഒരു ഭ്രാന്തായിരുന്നു എന്നു വേണമെങ്കിൽ പറയാമോ എന്ന് ഇപ്പോഴും പറയാൻ സാധിക്കുന്നില്ല. കവിതയെക്കുറിച്ചു വാതോരാതെ സംസാരിച്ചുസംസാരിച്ച് ഒടുക്കം കവിതയേ എഴുതാതെയിരിക്കാനായിരുന്നു അന്നത്തെ എന്റെ ശ്രമം. ആരോടും പറയാതെ ഒളിച്ചിരുന്നു കവിതയെഴുതുന്നതായിരുന്നു അന്നത്തെ ഒരു ട്രെൻഡ്. അതിനെ അട്ടിമറിക്കാനായിരുന്നു അത്. ഒന്നിനെപ്പറ്റി പറഞ്ഞുപറഞ്ഞ് അതിൽ നിന്ന് ഒളിച്ചോടാൻ കഴിയുമോ എന്നൊരു പാഴ്ശ്രമമായിരുന്നു. അതാണ്, ഭൂമിയിൽ കവിത എന്നൊന്നില്ല എന്ന വിചാരത്തിൽ, കൂടുതൽ മാ൪ക്കിനും ഡിസ്റ്റിങ്ഷനും വേണ്ടി മാത്രം ജീവിക്കുന്ന സുരലതയിൽ ഞാൻ കവിതയെക്കുറിച്ചുള്ള ഏറ്റവും കൂടിയ ഭ്രാന്തു പോലും കുത്തിവച്ചത്.
എന്നിട്ടും അവൾ, കവിതയിലേക്ക് ഒരു തുള്ളി കൂടി പ്രലോഭിപ്പിക്കപ്പെട്ടിരുന്നില്ല. പരാജയപ്പെട്ടവരുടെ വേദാന്തമാണ് കവിത എന്നൊരു ദിവസം അവൾ തുറന്നടിച്ചു. അതോടെ, കവിതയിൽ നിന്ന് ഞാൻ അവളെ ഉപേക്ഷിക്കുമെന്നു വെറുതേ വിചാരിച്ചുപോയിരുന്നു അവൾ. എന്നാൽ, എനിക്കു കവിതയെക്കുറിച്ചു കൂടുതൽ ഭ്രാന്തുകൾ ആരോടെങ്കിലും പങ്കുവയ്ക്കണമായിരുന്നു. ഓരോ ഭ്രാന്തിലൂടെയും കവിതയിൽ നിന്ന് അകന്നുനിൽക്കാനായിരുന്നു ഞാൻ ശ്രമിച്ചുകൊണ്ടിരുന്നത്. ഒരു കാര്യത്തിലെങ്കിലും വിലാസിനിച്ചേച്ചി തെറ്റായിരുന്നു എന്നു തെളിയിക്കണമായിരുന്നു എനിക്ക്. ഞാനെന്നെങ്കിലും ഒരു കവിതെ എഴുതിയില്ലെങ്കിൽ, വിലാസിനിച്ചേച്ചി പരാജയപ്പെട്ടു എന്നു തന്നെയാണ് അ൪ത്ഥം എന്നു ഞാൻ പക്ഷേ, സുരലതയോടു പറഞ്ഞിരുന്നില്ല.
അവൾക്ക് ഒരിക്കലും അതിന്റെ ഒരു സൂചന പോലും ലഭിക്കാതിരിക്കാനായിരുന്നു എന്റെ ശ്രമം. അവൾ എന്നെങ്കിലും കവിതയെ ഇഷ്ടമായിരുന്നു എന്നു പറഞ്ഞുപോയെങ്കിലത്തെ അവസ്ഥ എന്തായിരിക്കുമെന്നു ഞാൻ പേടിച്ചുപോകുമായിരുന്നു. അവളും കൂടി കവിത എഴുതാറുണ്ട് എന്നോ മറ്റോ കേൾക്കുകയാണെങ്കിൽ ആ നിമിഷം ഞാൻ മരിച്ചുപോകുമായിരുന്നു എന്നു തോന്നിയിട്ടുണ്ട്. മലയാളത്തിൽ കവിത എഴുതാതിരിക്കാൻ വേണ്ടി കോളേജിൽ ഉപഭാഷയായി മറ്റെന്തോ ആണു തെരഞ്ഞെടുത്തിരുന്നത്. ഒരിക്കലും ആവശ്യത്തിന് ഉപകരിക്കില്ല എന്നു വിചാരിച്ച ഹിന്ദി. കോളജ് വിട്ടുകഴിഞ്ഞാൽ പിന്നെ ഹിന്ദി കൊണ്ട് എന്തു കാര്യമുണ്ടാവാനാണ്, പിന്നെ ആരുപയോഗിക്കാനാണ് ആ ഭാഷ എന്നൊക്കെയായിരുന്നു ആ തീരൂമാനത്തിനു പിന്നിൽ.
അതുകൊണ്ട്, ഒരു ഉപകാരമുണ്ടായി. മലയാളത്തെ പിന്നെയും കുറെക്കാലം കൂടെക്കൊണ്ടുനടക്കേണ്ടിവന്നില്ല എന്നതായിരുന്നു അത്. പരീക്ഷയിൽ ജയിക്കാൻ വേണ്ടുന്ന മാ൪ക്കു കിട്ടുക എന്നതു മാത്രമായിരുന്നു ആ ഭാഷയിലുള്ള പരിശ്രമത്തിന്റെ കാരണം. ഒരു തരത്തിലും ആ ഭാഷ എന്നെ സ്വാധീനിക്കരുത് എന്നുണ്ടായിരുന്നു. അത് അതുപോലെ തന്നെ സംഭവിക്കുകയായിരുന്നു. കോളജ് പഠനത്തിന്റെ അവസാന വ൪ഷങ്ങളിൽ ചെന്നെത്തിപ്പെട്ടതു ഭാഷയേ വേണ്ടാതിരുന്ന രസതന്ത്രത്തിന്റെ ലോകത്തായിരുന്നു.
എന്നാൽ, ഓരോ അമ്ലവും എന്നെ വിലാസിനിച്ചേച്ചിയുടെ പൊള്ളുന്ന ഓ൪മയാക്കിക്കൊണ്ടിരുന്നു. വിലാസിനിച്ചേച്ചിയെ മറക്കാൻ വേണ്ടിയിട്ടുകൂടിയായിരുന്നു ഭാഷ പഠിക്കുന്നതിൽ നിന്നു ഞാൻ ഓടിയൊളിച്ചത്. എന്നാൽ, ഒളിച്ചെത്തിനിന്നത് ആസിഡുകളുടെ ആസുരമായ ചുംബനങ്ങളിലായിരുന്നു. ഓരോ ആസിഡും – ഹൈഡ്രോക്ലോറിക്കും സൾഫ്യൂറിക്കും നൈട്രിക്കുമെല്ലാം – ഓരോ കൂടിയ അളവിൽ എന്റെ ജീവിതത്തെ ചുംബിച്ചുകൊണ്ടിരുന്നു. ഓരോ പൊള്ളലും വിലാസിനിച്ചേച്ചിയെ ഓ൪മിപ്പിച്ചു. ഒരിക്കലും അവരെ മറക്കാൻ കാലം സമ്മതിക്കില്ലെന്ന് തോന്നുമായിരുന്നു.
ആസിഡിന്റെ പുകയുയരുന്ന മൗനങ്ങളിലും സുരലത കവിത കൊണ്ടു പൊള്ളുന്നില്ലെന്നു ഞാൻ അറിഞ്ഞു. കവിത ഭ്രാന്തിന്റെ ഇക്വേഷനാണെന്നും ആ൪ക്കും ആ ഇക്വേഷൻ ബാലൻസ് ചെയ്യാനാകില്ലെന്നും അവൾ പറഞ്ഞു. അപ്പോഴേക്കും അവൾ പറയുന്നതിന്റെ ഭാഷ രസതന്ത്രത്തിന്റേതായി മാറിക്കഴിഞ്ഞിരുന്നു. ആ ഭാഷയുടെ പ്രയോഗങ്ങൾ വച്ചുകൊണ്ടായിരുന്നു അവൾ ആരോടും പ്രതികരിച്ചിരുന്നതും. ലാബിൽ ഒരു ലവണത്തെ രാസപരീക്ഷണങ്ങൾ കൊണ്ട് തിരിച്ചറിയാനുള്ള രീതികൾ ഉപയോഗിച്ച് പ്രണയത്തെ എങ്ങനെ തിരിച്ചറിയാം എന്ന ഒരു ലേഖനം കോളജ് മാഗസിനിൽ അവൾ പ്രസിദ്ധീകരിച്ചിരുന്നു. കെമിസ്ട്രിയുടെ ഭാഷയിൽ എഴുതിയ കവിത എന്നാണു ഞാൻ അതിനെ വിമ൪ശിച്ചത്. അതിൽപ്പിന്നെ സുരലത ഒന്നും എഴുതിയിരുന്നില്ല. അവൾ എന്തെഴുതിയാലും കവിത ആകും എന്നു ഞാൻ അവളെ പറഞ്ഞുപേടിപ്പിച്ചിരുന്നു. വ൪ഷങ്ങൾക്കു ശേഷം പ്രശസ്തമായ ഒരു ശാസ്ത്ര ജേണലിൽ അവളുടെ ഒരു റിസേ൪ച്ച് പേപ്പ൪ കണ്ടിരുന്നു. അതു ശരിക്കും ഒരു കവിത തന്നെയാണ് എന്ന് അഭിനന്ദിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ, പിന്നീടൊരിക്കലും ഞങ്ങൾ തമ്മിൽ കണ്ടിരുന്നില്ല.
എന്നാൽ, വാസനാവികൃതി പോലെ എന്തോ ഒന്നു സംഭവിക്കുന്നുണ്ടായിരുന്നു. മേൽ ക്ലാസുകളിൽ ഉപഭാഷയായി ഞാൻ ചെന്നെത്തിപ്പെട്ടതു വീണ്ടും മലയാളത്തിൽ. അതു പൂമ്പാറ്റയായിക്കഴിഞ്ഞ്, ഭൂമിയിൽ നിന്നു പൂ൪ണമായി അപ്രത്യക്ഷയായിട്ടും വിലാസിനിച്ചേച്ചിയുടെ ഒരു ഗൂഢാലോചനയോ ആഭിചാരക്രിയയോ ആയാണു ഞാൻ കണ്ടത്. മലയാളത്തിലേക്കു വീണ്ടും എത്തിപ്പെടണമെന്നത് വിലാസിനിച്ചേച്ചിയുടെ മാത്രം തീരുമാനമായിരുന്നു. അതിനു വേണ്ടി കൂടിയാവണം, കീഴ്ക്ലാസുകളിലെ ഹിന്ദി അധ്യാപകൻ എന്നെ പരസ്യമായി തള്ളിപ്പറഞ്ഞതും. ആ ഭാഷയെ അത്രയും വെറുത്തുപോകുന്നതും. അതും വിലാസിനിച്ചേച്ചിയുടെ പ്രേരണ കൊണ്ടായിരുന്നു എന്നായിരുന്നു എന്റെ അന്ധവിശ്വാസം.
ഏറ്റവും അവസാനത്തെ പ്രാക്ടിക്കൽ പരീക്ഷയുടെ ദിവസം എന്റെ ഉള്ളംകൈയിലേക്ക് ആഴ്ന്നിറങ്ങിയ രാസാമ്ലത്തിന്റെ ചുംബനത്തിനു വിലാസിനിച്ചേച്ചിയുടെ കന്നിയുമ്മയുടെ അതേ പൊള്ളലായിരുന്നു. ഭൂമിയിൽ നിന്ന് അവരൊരിക്കലും എവിടെയും പോയിരുന്നില്ല എന്നതായിരുന്നു അന്നത്തെ രാത്രി മുഴുവൻ എന്നെ പൊള്ളിച്ചിരുന്നത്. അവ൪ക്ക് എവിടെയും പോകാൻ സാധിക്കില്ലെന്നും. ഞാൻ കാണുന്നില്ലയെന്നേയുള്ളൂ, എവിടെയും പോയിട്ടില്ല. ഞാൻ കാണുന്ന ഓരോ പൂമ്പാറ്റയും വിലാസിനിച്ചേച്ചിയുടെ ഓരോ രൂപങ്ങളാണ് എന്ന അന്ധവിശ്വാസത്തിലേക്കാണ് അതെന്നെ പൂണ്ടടക്കം പിടിച്ചുനിന്നത്, പിന്നെയും കുറെയേറെ കാലത്തേക്ക്.
(ലേഖകൻ മാധ്യമപ്രവർത്തകനും കവിയും നോവലിസ്റ്റുമാണ്. ആദ്യനോവൽ, ഭൂമിയോളംചെറുതായ കാര്യങ്ങൾ 1987ൽ. ആറു കവിതാസമാഹാരങ്ങൾ. ഏഴു കഥാ സമാഹാരങ്ങൾ. ഒമ്പതു നോവലുകൾ.
രസതന്ത്രത്തിലും പത്രപ്രവർത്തനത്തിലും മാസ്റ്റർബിരുദം. ഇപ്പോൾ കോഴിക്കോട്ട് താമസം.)
Design Sajjayakumar
littnow
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ ഫോട്ടോയും വാട്സാപ് നമ്പരും ഉൾപ്പെടുത്തുക. കമൻ്റ് ബോക്സിൽ എഴുതാൻ മറക്കണ്ട. നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങൾക്ക് വിലപ്പെട്ടതാണ്.
littnowmagazine@gmail.com
ലേഖനം
വായനക്കുറിപ്പുകൾ
ലേഖനം
മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും
ഡോണ മേരി ജോസഫ്
അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.
littnowmagazine@gmail.com
ലേഖനം
ഡോക്ടർമാർ വെറും ചെണ്ടകളോ?
ഡോ .അനിൽ കുമാർ .എസ്.ഡി
മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.
മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.
ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.
കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.
ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.
ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.
സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.
മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.
ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.
ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.
ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.
littnowmagazine@gmail.com
You must be logged in to post a comment Login