സാഹിത്യം
മോചനത്തിൻ്റെ സുവിശേഷം

സുരേഷ് നാരായണൻ
മോചനത്തിൻ്റെ സുവിശേഷം
ഒന്നാം തുള്ളി
എല്ലാ വിളക്കുകളും കെടുത്താനുള്ളതല്ല
ക്ലാസ്സിഫൈഡ്സിൽ ക്ലീഷേകൾ ഉള്ളിടത്തോളം വിവാഹമോചനങ്ങൾ പെരുകിക്കൊണ്ടേയിരിക്കും.
എന്തുകൊണ്ട് ആളുകൾക്ക്
‘നല്ല വീഞ്ഞുണ്ടാക്കുവാൻ ഒരു പങ്കാളിയെ ആവശ്യമുണ്ട് എന്ന് പരസ്യം ചെയ്തുകൂടാ?!’
അങ്ങനെ ചോദിച്ചപ്പോൾ അങ്ങയുടെ മുഖത്തു മിന്നിമറഞ്ഞ ആ കള്ളച്ചിരി ഞാൻ കണ്ടുപിടിച്ചു.
ഞങ്ങൾ പുഴക്കരയിൽ ഇരിക്കുകയായിരുന്നു.
പുഴ കറുത്തു പോയിരുന്നു;
എൻറെ കാലിൽ ചുംബിച്ചിരുന്ന
മീനുകളൊക്കെ എവിടെ പോയൊളിച്ചു?
രാത്രി.
പൂച്ചക്കുട്ടികളെ കമ്പിളി പുതപ്പിച്ചുറക്കി ഞാൻ നിൻറെ മുറിയിൽ വന്നു. നിനക്കുള്ള കുപ്പായം തുന്നുവാൻ തുടങ്ങി.
ഞങ്ങൾ ഉറങ്ങുന്നതും കാത്ത്
ഒരൊറ്റ മെഴുകുതിരി മാത്രം അവിടെ.
പുറത്തു മഞ്ഞ് ;
അകത്തു നിശബ്ദത.
അപ്പോൾ
ചുവരിലെ ഫോട്ടോയിൽ നിന്ന്
അവൻ ഇറങ്ങി വന്നു.
നിൻറെ നെറ്റിമേൽ ഇളം ചൂടുള്ള
മുദ്ര പതിഞ്ഞു.
കുപ്പായം തുന്നിക്കൊണ്ടിരിക്കുന്ന
എൻറെ കൈകളോ,
അതുകണ്ട് അസ്തപ്രജ്ഞരായി.
അമ്പേ!

രണ്ടാം തുള്ളി
നെയ് വിളക്കാവട്ടെ!
അന്ന്
സന്യാസദീക്ഷ സ്വീകരിക്കാനുറച്ചു
നീ വീട്ടിൽ നിന്നിറങ്ങി.
കാറ്റിലാടുന്നോരുപൂവ്
നിൻറെ വഴിമുടക്കി.
ഒരു ശലഭവും വണ്ടും
തങ്ങളുടെ തേൻ പങ്ക് അതിൽ നിന്ന് മത്സരിച്ചു നുകരുന്നതുകണ്ട്
നിൻറെ കണ്ണുകടൽ തുടിച്ചു; തിരിച്ചുപോകാനുറച്ചു.
ഇന്ന്
നമ്മൾ ഒരേ തടാകത്തിൽ തുഴയുന്നു. മനനത്തിലൂടെ മൗനം പങ്കിടുന്നു.
പേലവമായ നിൻറെ വിരലുകൾക്കിടയിലൂടെ ഊർന്നു പോകാൻ കാത്തിരിക്കുന്നൂ സ്നേഹം!
ശലഭങ്ങളെ അയച്ച് അവയെ പിന്തുടർന്ന് തേനൂറ്റിക്കൊണ്ടുവരാൻ നിൻറെ പൂക്കളോടു പറയൂ!
ഹാ!
അതൊന്നും കേൾക്കാതെ
നീ നിൻറെ പ്രാർത്ഥന തുടരുന്നു…
ഹൃദയത്തിൻറെ സ്ഥാനത്ത്
വീഞ്ഞറകളുള്ള ഒരു യേശുവിനെ
എനിക്കു വരയ്ക്കണം.
ആർപ്പുവിളികളിൽ എൻറെ പകലുകൾ മുങ്ങി മരിക്കുമ്പോൾ,
ദേവാ, നിന്നെ കടിച്ച ഉറുമ്പുകൾ
മത്തരായി കൂടുകളിലേക്കു പോകുന്നത്
ഞാൻ കാണും.

മൂന്നാം തുള്ളി. വീണ്ടെടുക്കുക, എന്നെ!
നിൻറെ സ്നേഹം എനിക്കു താങ്ങാനാവുന്നില്ല;
അതിനെ നേർപ്പിച്ചാലും!
കൊടുങ്കാറ്റു വിഴുങ്ങുന്ന ഒരു കപ്പൽ പോലെയാകുന്നൂ ഞാൻ.
ഇണചേരുന്ന നക്ഷത്രങ്ങളെ എനിക്ക് ഇനിയെന്നാണ് കാണാനാവുക ?
ഉടലുകളെ ഓടക്കുഴലുകളാക്കുവോനേ,
മുള്ളരഞ്ഞാണങ്ങളുടെ താഡനമേറ്റു
സദാ ഞരങ്ങുവാൻ എൻറെ സ്വപ്നങ്ങളെ അനുവദിക്കുന്നതെന്തേ?
പക്ഷേ ,വേണ്ട!
എൻറെ അൾത്താരകളെ
പിന്നീടു പുനർനിർമ്മിക്കാം.
നിൻറെ ആകാശങ്ങളെ വിശിഷ്ടഭോജ്യങ്ങളാൽ നിറക്കൂ ആദ്യം!
എണ്ണയും തിരിയും പോലെ
പരസ്പരം ചൂടു പകർന്നു ജ്വലിക്കട്ടെ ഭോജ്യങ്ങളും നിൻറെ തീൻമേശപ്പുറങ്ങളും!
ശേഷം,
ആത്മാവ് ഒളിച്ചിരിക്കുന്ന
മുളങ്കൂട്ടത്തിലേക്ക് ഒരു
പുല്ലാങ്കുഴൽപ്പവയായ് പറന്നിറങ്ങുക!
എന്നെ
മോചിപ്പിക്കുക!
littnow.com
Design: Sajjaya kumar
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@gmail.com
- Uncategorized4 years ago
അക്കാമൻ
- ലോകം4 years ago
കടൽ ആരുടേത് – 1
- കവിത3 years ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി - സിനിമ3 years ago
മൈക്ക് ഉച്ചത്തിലാണ്
- കല4 years ago
ഞാൻ പുതുവർഷത്തെ വെറുക്കുന്നു
- കായികം3 years ago
ജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
- കവിത4 years ago
കോന്തല
- ലേഖനം4 years ago
തൊണ്ണൂറുകളിലെ പുതുകവിത
You must be logged in to post a comment Login