Connect with us

സിനിമ

നിര്‍വീര്യമാവാത്ത ലാവോസ്

Published

on

കാണികളിലൊരാള്‍- 13

എം.ആർ.രേണുകുമാർ

ഏതുദേശത്തായാലും പലപ്പോഴും ‘വികസന’ങ്ങളുടെ ഇരകളായി മാറുക അന്നാട്ടിലെ ആദിമ ജനവിഭാഗങ്ങളാവും. പ്രകൃതിദുരന്തങ്ങളുടെയും മനുഷ്യനിര്‍മ്മിത ദുരന്തങ്ങളുടെയും പരിണതഫലങ്ങള്‍ തിക്തമായി ബാധിക്കുന്നതും ഇവരെയാകും. ഇതിനെ തുടര്‍ന്ന് കൂടുതല്‍ അഗമ്യമായ പ്രദേശങ്ങളിലേക്ക് ജീവിതവുംകൊണ്ട് പലായനം ചെയ്യേണ്ടിവരുന്നവരും ഇവരുതന്നെ. ചരിത്രപരവും സാമൂഹ്യപരവും സാംസ്കാരികവുമായ കാരണങ്ങളാല്‍ പ്രബലധാരയുടെ ഭാവുകത്വത്തോട് കലരാനും, ഹിംസകളോട് പ്രതികരിക്കാനും ഇവര്‍ക്ക് പലപ്പോഴും കഴിയാറുമില്ല. ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതലത്തില്‍ ജീവിതകാലം മുഴുവനും ഇവര്‍ക്ക് പലായനം ചെയ്യേണ്ടിവരുന്നു. അഥവാ ഇവരുടെ പലായനം ജീവിതവും, ജീവിതം പലായനവുമായി മാറുന്നു.

ഡാമുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്‌ ഈ വിധം തുടര്‍ച്ചയായി പലായനം ചെയ്യേണ്ടിവരുന്ന വടക്കന്‍ ലാവോസിലെ മനുഷ്യരുടെ കഥ പറയുന്ന ലാവോഷ്യന്‍-ആസ്ത്രേലിയന്‍ സിനിമയാണ് Kim Morduant രചനയും സംവിധാനവും നിര്‍വഹിച്ച ‘ദി റോക്കറ്റ്. ഈ സിനിമയിലൂടെ ലോകമെമ്പാടുമുള്ള കാണികളുടെ ഹൃദയമിടിപ്പിനെ ആകാംക്ഷയുടെ മുള്‍മുനയില്‍ തളച്ച Mordaunt ഡാമുകളുടെ നിര്‍മ്മാണം കൊണ്ടുമാത്രം ലോകത്താകമാനം 60 ദശലക്ഷം മനുഷ്യര്‍ ഇതുവരെ കുടിയിറക്കപ്പെട്ടിട്ടുണ്ടെന്ന് ഒരു ഇന്റര്‍വ്യൂവില്‍ പറയുന്നുണ്ട്.

സിനിമയിലേക്ക് വരുന്നതിന് മുമ്പ് ലാവോസിനെ കുറിച്ചും Morduant നെ കുറിച്ചും ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്.

തെക്കുകിഴക്കനേഷ്യന്‍ രാജ്യമായ ലാവോസില്‍ വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്ക വര്‍ഷിച്ചത്‌ രണ്ടു ദശലക്ഷം ടണ്‍ ബോംബാണ്. ഇതില്‍ 30 ശതമാനം യുദ്ധാനന്തരവും പൊട്ടിച്ചിതറാതെ അപകടം വിതച്ചുകിടന്നു. ലോകചരിത്രത്തില്‍ ഏറ്റവും അധികം ബോംബുകള്‍ വീണ രാജ്യമാണ് ലാവോസ്. രണ്ടുപതിറ്റാണ്ടുകള്‍ നീണ്ടുനിന്ന യുദ്ധം 1975 ല്‍ കഴിഞ്ഞെങ്കിലും അതിന്റെ കെടുതികളില്‍നിന്ന് കരകയറാന്‍ ലാവോസ് അതിലേറെ കാലമെടുത്തു. പ്രത്യേകിച്ചും ലാവോസിലെ ആദിമജനവിഭാഗം. ഇപ്പോഴുമതിന്റെ ട്രോമാ പലനിലകളില്‍ അവര്‍ തുടരുന്നുണ്ടാവാം.

യുദ്ധാനന്തര ലാവോസിലെ ആദിമ മനുഷ്യരുടെ പതിതാവസ്ഥ
ലോകമറിഞ്ഞത് Mordaunt ന്റെ Bomb Harvest എന്ന ഡോക്കുമെന്ററിയിലൂടെ ആയിരുന്നു. Mordaunt ചില്ലറക്കാരനല്ല എന്നാണ് പറഞ്ഞുവരുന്നത്. ഈ ഡോക്കുമെന്ററി നല്‍കിയ അനുഭവപാഠങ്ങളാണ് അദ്ദേഹത്തെ റോക്കറ്റെന്ന സിനിമയിലേക്ക് നയിച്ചത്. അഭിനയത്തില്‍ മുന്‍പരിചയമില്ലാത്ത, എന്നാല്‍ യുദ്ധാനന്തര കെടുതികളുടേയും ഭരണകൂട ‘വികസന’ങ്ങളുടെ ഇരകളെന്നനിലയില്‍ അനുഭവമേറെയുള്ള സമൂഹത്തിലെ മനുഷ്യരായിരുന്നു സിനിമയിലെ പല കഥാപാത്രങ്ങളും. മുഖ്യവേഷത്തില്‍ സിനിമയില്‍ ജീവിച്ച Sitthiphon ഒരു തായ് തെരുവുബാലനായിരുന്നു.

മുഖ്യധാരക്ക്‌ പുറത്തുള്ള ജീവിതങ്ങളെ തെല്ലും പരിഗണിക്കാതെ ദേശീയവും അന്തര്‍ദേശീയവുമായ ‘വികസന’ ഇടപെടലുകളുടെയും, പ്രസ്തുത മേഖലകളിലേക്കുള്ള സാമ്രാജ്യത്വ താല്‍പര്യങ്ങളുടെ കടന്നുകയറ്റത്തെയും പ്രതിരോധിക്കാനാവാതെ ജീവിതകാലം മുഴുവന്‍ പലായനം ചെയ്യേണ്ടിവരുന്ന ഗോത്രസമൂഹതില്‍പ്പെട്ട അഹ്ലോ എന്ന പത്തുവയസുകാരന്‍റെ ജീവിതത്തോടുള്ള അതുല്യമായ അഭിനിവേശത്തെ അസാധ്യമികവോടെ അവതരിപ്പിക്കുന്ന സിനിമയാണ് റോക്കറ്റ്. പൊട്ടിത്തെറിക്കാത്ത മിസൈലുകള്‍ ആണ്ടുകിടക്കുന്ന ലവോസിന്‍റെ സമൃദ്ധമായ കാനനഭൂമിയിലൂടെ ദുരന്തങ്ങളെ നേരിട്ടും തരണം ചെയ്തും നീങ്ങുന്ന അഹ്ലോയുടെയും അവന്‍റെ അച്ഛന്‍റെയും മുത്തശിയുടെയും യാത്രകള്‍ക്ക് ഒടുക്കമില്ലെങ്കിലും, ഒരു പരമ്പരാഗത റോക്കറ്റ് ഫെസ്റ്റിവല്‍ മത്സരത്തില്‍ പങ്കെടുത്തുവിജയിച്ച്, മേഘങ്ങളെ പ്രകോപിപ്പിച്ച് ലാവോസിന്റെ മണ്ണില്‍ മഴപെയ്യിക്കുന്ന അഹ്ലോ ഏതു പ്രതികൂല സാഹചര്യത്തിലും ജീവിതത്തെ നേരിടാനുള്ള ആത്മവിശ്വാസവും ആര്‍ജവവും ഉപേക്ഷിക്കുന്നില്ല. ഒപ്പം ജനിച്ച ഇരട്ടക്കുട്ടിയുടെ മരണത്തിനും പിന്നീട് അമ്മയുടെ ദുര്‍മരണത്തിനും കാരണക്കാരന്‍ താനാണെന്നുള്ള പഴി സ്ഥിരം കേള്‍ക്കുമ്പോഴും അവന്‍ ജീവിതത്തിലുള്ള പ്രതീക്ഷ കൈവിടുന്നില്ല. അവന്‍റെ അമ്മ സമ്മാനിച്ച മാമ്പഴങ്ങള്‍ മുളപ്പിക്കാനുള്ള മണ്ണ് തിരഞ്ഞു കണ്ടെത്താതിരിക്കുന്നില്ല.

തികച്ചും പ്രതികൂലവും അപകടകരവുമായ ഇടങ്ങളിലൂടെ സ്വന്തം കഴിവിലുള്ള വിശ്വാസത്തെ ഊതിക്കത്തിച്ചു പലായനത്തിന്‍റെ വഴികളില്‍ കിട്ടിയ കിയ ഏന്ന കൂട്ടുകാരിയുമൊത്ത്, സൂര്യപ്രകാശത്തില്‍ ഞരമ്പുകള്‍ തെളിച്ച് തങ്ങളേക്കാള്‍ പൊക്കത്തില്‍ കുടവിരിച്ച നില്‍ക്കുന്ന ചേമ്പിന്‍കാട്ടിലൂടെ ഓടിനടക്കുകയും, പൊട്ടിച്ചിരിച്ചുകൊണ്ട് കാട്ടുവള്ളികളില്‍ ഊയലാടുകയും ചെയ്യുന്ന അഹ്ലോയുടെ മുഖം ഒരുപക്ഷെ ജീവിതത്തിലൊരിക്കലും ഞാന്‍ മറക്കാനിടയില്ല. പലായനങ്ങളുടെ ഇടയില്‍ ഒരൊറ്റ സെക്കണ്ടുകൊണ്ട് സന്തോഷത്തിന്‍റെ നെറുകയില്‍നിന്ന് മരണം അവന്‍റെ അമ്മയെ തുടച്ചെ ടുക്കുന്ന ഷോട്ടും ഒരുകാലത്തും മറക്കാനാവില്ല. തമ്മില്‍ ആദ്യമായി കാണുമ്പോള്‍ മരത്തിന്റെ മുകളില്‍നിന്ന് അഹ്ലോവിന് കിയ വയലറ്റ് പൂക്കള്‍ ഇട്ടുകൊടുക്കുന്നുണ്ട്. ഈ സിനിമയെക്കുറിച്ച് ഓര്‍മ്മ വരുമ്പോഴൊക്കെ അഹ്ലോവിന്റേയും കിയയുടേയും പൊട്ടിച്ചിരികള്‍ക്കൊപ്പം
മനസില്‍ വയലറ്റ് പൂക്കളും വന്നുവീഴുന്നു. ലോകമെമ്പാടുമുള്ള ലാവോഷ്യക്കാര്‍ കണ്ടിട്ടുണ്ടെങ്കിലും ലാവോസിലെ ജനങ്ങള്‍ക്ക് ഇതുവരെ റോക്കറ്റ് കാണാന്‍ കഴിഞ്ഞിട്ടില്ല. ലാവോസിലെ സോഷ്യലിസ്റ്റ് ഭരണകൂടം സിനിമ ബാന്‍ ചെയ്തിരിക്കുകയാണ്. അല്ലേലും ഡാമുകള്‍ പണിയാന്‍ അനുമതികൊടുത്ത ഭരണകൂടം അതിന്റെ കെടുതികള്‍ പറയുന്ന സിനിമയുടെ പ്രദര്‍ശനം അന്നാട്ടില്‍ അനുവദിക്കുമോ; അതും ആദിമനിവാസികളെ അനുകൂലിക്കുന്ന ഒരു സിനിമ.

2014 ലെ ആസ്ട്രേലിയന്‍ അക്കാഡമി ഓഫ് സിനിമ ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്സ് അവാര്‍ഡിന് ഡി കാപ്രിയോക്കൊപ്പം (The Great Gatsby) റോക്കറ്റിലെ അഭിനയത്തിന് കൊച്ചു Sitthiphon പരിഗണിക്കപ്പെട്ടപ്പോള്‍, ‘ചെന്നായ്ക്കെതിരെ ആട്ടിന്‍കുട്ടി’യെന്നാണ് ആസ്ട്രേലിയന്‍ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തുത്. തായ്ലാന്‍ഡിലെ തെരുവുകളില്‍ ഒരുകാലത്ത് അലഞ്ഞുനടന്ന Sitthiphon Disamoe പിന്നീട് ആസ്ട്രേലിയയില്‍ എത്തുകയും മുടങ്ങിപ്പോയ തന്റെ വിദ്യാഭ്യാസം തുടരുകയും ചെയ്തു.

littnow.com

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.

littnowmagazine@gmail.com

സിനിമ

ഭൂപടത്തിൽ നിന്നിറങ്ങിയോടുന്ന ജീവിതങ്ങൾ…

Published

on

നോട്ടം 17

പി.കെ.ഗണേശൻ

സ്വന്തം കുടുംബം, വീട്, രാജ്യം എന്നിവ കൺമുന്നിൽ​ ബോംബിംഗിൽ ചിതറുന്നതു കണ്ടിട്ട്
സ്വന്തം
ജീവനും കൊണ്ടോടിയില്ലെങ്കിൽ സ്വന്തം മണ്ണിൽ ജീവിച്ചേ തീരൂ എന്നാണ് നിശ്ചയമെങ്കിൽ അതോടെ തീർന്നു ജീവിതം.അഭ്യന്തരയുദ്ധങ്ങളിൽ ചോരചിന്തുന്ന രാജ്യങ്ങളിൽ നിന്നുള്ള നിലക്കാത്ത നിലവിളികൾ, ഭൂപടത്തിൽ നിന്ന് സ്വന്തം രാജ്യം മാഞ്ഞുപോവുന്നത് നോക്കി നിൽക്കേണ്ടി വരുന്ന ധർമ്മസങ്കടങ്ങൾ, എന്താണ് രാജ്യം എന്നു
പോലും അറിയാതെ അതുവരെ കാവൽക്കാരായവർ ചേരിതിരിഞ്ഞ് പോരാടുമ്പോൾ ആകാശം വീതിച്ചെടുക്കുന്ന ബോംബർവീമാനങ്ങളുടെ തീമഴയിൽ നിന്ന് ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന മനുഷ്യരുടെ നിസഹായത.
ഭരണകൂടങ്ങൾ അതിർത്തി കെട്ടിയ ഭൂമിയിൽ രാജ്യത്തിനകത്തെന്നോ പുറത്തെന്നോ വിത്യാസമില്ലാതെ ആദ്യം ഉറ്റവരുടെയും ഉടയവരുടെയും പിന്നീട് സ്വജീവനെങ്കിലും എന്ന നിലയിൽ സുരക്ഷ തേടി അലയുന്ന നിരാശ്രയരും നിസ്സാഹയരും അഭയാർത്ഥികളുമായ മനുഷ്യ ജീവിതങ്ങളുടെ ദുസ്സഹവും ദൈന്യവുമായ അനുഭവങ്ങൾകൊണ്ട് ഇരുളും വെളിച്ചവും നിറഞ്ഞ കാലത്തിന്റെ ആത്മകഥകളാവുകയാണ് ചലച്ചിത്രങ്ങൾ.ഓരോ ദേശത്തിന്റെയും നിലവിളികളെ ക്യാമറ പിന്തുടരുന്നു.നാടില്ലാത്ത, വീടില്ലാത്ത, കൂട്ടം തെറ്റിപ്പോയ മനുഷ്യാവസ്ഥയുടെ കണ്ണീർപാടങ്ങളാണ് ലോകത്തിന്ന് ചലച്ചിത്രങ്ങൾ.

സെർബിയൻ വംശവെറിയുടെ ഇരകളായി മാറിയ ബോസ്നിയൻ ജനതയുടെ യാതനകൾ നിറഞ്ഞ ഇന്നലെകളിലേക്ക് പുനസന്ദർശനം നടത്തുന്ന അഹ്മദ് ഇമാമോവികിൻറെ ചലചിത്രം ബെൽവെദെര(Belvedere)യിൽ കാലത്തിന്റെ കയ്യൊപ്പുണ്ട്.വംശവെറിയിൽ കാണാതെപോയവർ കൊല്ലപ്പെട്ടെന്നോ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയാതെ ഉറ്റവരെയും ഉടയവരെയും തേടിയലയുന്ന റുവൈയ്ദ എന്ന വിധവയുടെ കണ്ണീരിൽ നനഞ്ഞു കുതിർന്ന് പ്രേക്ഷകർ ഉള്ളുരുകി ചോദിക്കും ഇങ്ങനെ ചോരചിന്തിയിട്ട് എന്ത് നേടി യെന്ന്,കുറെ മനുഷ്യരെ അനാഥരും അഭയാർത്ഥികളുമാക്കിയിട്ട് എന്ത് നേടിയെന്ന്.സെർബിയ കുറെ മനുഷ്യരെ കൊന്നു തള്ളിയ നാട്ടിൽ എവിടെ കുഴിച്ചാലും മനുഷ്യരുടെ അസ്ഥികൾ കിട്ടുന്നു.ആ അസ്ഥികളിൽ ശാസ്ത്രീയ പരിശോധന നടത്തി തിട്ടപ്പെടുത്തുന്നു ഇതുവരെ കണ്ടുകിട്ടാത്തവർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന ഭരണകൂടത്തിൻറെ കണക്കെടുപ്പ്. അസ്ഥികളുടെ കണക്ക് വെച്ച് മരണത്തിന്റെ സംഖ്യയൊപ്പിക്കുന്നു.
മരണപെട്ടവരാണോ ഭാഗ്യവാന്മാർ, മരണത്തിനു മുന്നിൽ നിന്ന് മുടിനാരിഴ വിത്യാസത്തിൽ ജീവൻ തിരിച്ചു കിട്ടിയവരാണോ ഭാഗ്യവാന്മാർ, ഇങ്ങനെയൊരു സന്നിഗ്ധതയിൽ ജീവിതം നിലവിളിക്കുന്നു.വികലാംഗനും സെർബിയൻ വംശവെറിയുടെ ജീവിക്കുന്ന രക്തസാക്ഷിയുമായ ആലിയ എന്ന വൃദ്ധൻ കൊച്ചുമകനൊപ്പം അതിജീവനത്തിനായി നടത്തുന്ന അക്ഷീണ പരിശ്രമങ്ങളിൽ സ്വന്തം നാട്ടിൽ തോല്പിച്ചാലും തോൽക്കില്ലയെന്ന ചങ്കുറപ്പുണ്ട്.മനുഷ്യർ അങ്ങനെയും ജീവിതം തിരിച്ചു പിടിക്കുന്നുണ്ട്, ഓർമ്മകളെ കുഴിച്ചുമൂടികൊണ്ട്.മറവിക്കെതിരെ ഓർമ്മകൾകൊണ്ട് സമരം ചെയ്യാൻ സാധിക്കാത്ത വിധത്തിൽ മുസ്ലിം, ഇസ്ലാം എന്ന ലേബലിൽ കൃത്യമായ അന്യവല്കരണം നടക്കുന്നുണ്ട്.

മനുഷ്യർ സ്വന്തം നാട്ടിൽ പോലും പൗരന്മരല്ലാതാവുന്ന രീതിയിൽ ഭരണകൂടങ്ങളുടെ അതിക്രമങ്ങൾക്കിരയാവുന്ന പ്രവണകൂടിവരികയാണ്.പൗരാവകാശങ്ങളില്ലാതെ,മനുഷ്യരെന്ന പരിഗണന പോലും ലഭിക്കാതെ,ഓരോ അണുവിലും നിരന്തരം കടന്നുകയറ്റങ്ങൾക്കിരയാവുന്ന സ്വന്തം നാട്ടിലെ ഭരണകൂടങ്ങളുടെ നോട്ടപ്പുള്ളികളാവുന്ന മനുഷ്യാവസ്ഥയുടെ രൂപകമാണ് ഫ്ലെയിമിംഗോ 13 എന്ന ഇറാനിയൻ ചലച്ചിത്രം.ക്രിമിനലുകളെന്ന കുറ്റം ചുമത്തി കുറെ മനുഷ്യരെ ആളും അർഥവും ഇല്ലാത്ത പ്രകൃതിയുടെ തന്നെ മറ്റൊരു ജയിലറ പോലെയുള്ള മലയിടുക്കിൽ പാർപ്പിച്ചിരിക്കുന്നു.പുറംലോകവുമായി ഒരു ബന്ധവുമില്ല.ഇറാനിലെ ജനങ്ങൾ അകപെട്ട അസ്വാതന്ത്ര്യത്തിന്റെ ജീവിതമാണ് ചലച്ചിത്രത്തിൽ രൂപകമാവുന്നത്.
വിമോചനം എന്ന സ്വപ്നം പങ്കിട്ട് അണിചേർന്ന ജനങ്ങൾക്ക് കൺമുന്നിൽ അനുഭവിക്കേണ്ടിവന്നു സ്വാതന്ത്ര്യവും പൗരാവകാശങ്ങളും നഷ്ടപെടുത്തിയ വിപ്ലാവനന്തര ഡിസ്റ്റോപിയ.വർഷങ്ങളോളം യുദ്ധം ചെയ്തിരുന്ന
ഇറാൻ,ഇറാഖ് എന്നീ രാജ്യങ്ങളുടെ അതിർത്തികൾ ഭേദിച്ച് ആകാശം മാത്രം നോക്കി പറക്കുന്ന പക്ഷികളാണ് ഫ്ലെയിമിംഗോ 13.
ആകാശത്തിനെന്ത് അതിർത്തി!
പക്ഷികൾക്കു പോലും നമ്പറുണ്ട്,സ്വാതന്ത്ര്യം നിഷേധിക്കപെടുന്ന രാജ്യങ്ങളിൽ മനുഷ്യർ വെറും അക്കങ്ങളായതുപോലെ. സ്വതന്ത്ര ചിന്തയോ പൗരാവകാശങ്ങളോ ആവിഷ്കാര സ്വാതന്ത്ര്യമോ ഇല്ലാത്ത രാജ്യങ്ങളിൽ വ്യക്തികൾക്ക് ഐഡന്റിറ്റി ഇല്ല.ഐഡൻറിറ്റി വകവെച്ചു തരികയുമില്ല.പക്ഷികൾ പോലും കേവലം അക്കങ്ങളിൽ വിശേഷിക്കപെടുന്ന ദുരന്തം സംഭവിക്കുന്നത് രണ്ടു രാജ്യങ്ങൾക്കിടയിൽ അകപെടുന്നതിൻറേതു കൂടിയാണ്.അടിച്ചോടിക്കപെടുന്ന മനുഷ്യരുടെ നരകഭൂമിയായി ആ മലനിരകളിൽ അകപെട്ട മനുഷ്യരിൽ ഒരാൾ ഫ്ലെയ്മിംഗോയെ പിന്തുടർന്നു പോകുന്നു.എവിടേക്കാണ് പോയതെന്നറിയാം, എന്തുപറ്റിയെന്നറിയില്ല, ഭരണകൂടം നിശ്ചയിച്ച പരിധി ലംഘിച്ചാൽ ഒരു ഗൺഷോട്ടിൻറെ പ്രതികരണത്തിൽ തീരും ജീവിതം.പക്ഷികൾ പറക്കുമ്പോൾ ആകാശത്തിനും ഭൂമിക്കും അതിർത്തികളില്ല, എന്നാൽ മനുഷ്യനങ്ങനെയല്ലല്ലോ.അപ്പുറത്തുനിന്നുള്ള ഏതനക്കവും ശത്രുവിൻറേതാണെന്ന ഉറപ്പോടെ സുരക്ഷക്കായി കാവൽ നിൽക്കുകയാണ് ദേശരാഷ്ട്രഭരണകൂടങ്ങൾ, ഏതൊരാളും ആ അവസ്ഥയിൽ കൊല്ലപ്പെട്ടു കഴിഞ്ഞാൽ ഭരണകൂടങ്ങൾക്ക് ന്യായവാദങ്ങളുണ്ട്,ഭീകരവാദിയെന്നോ, നുഴഞ്ഞു കയറ്റക്കാരനെന്നോ,രക്തസാക്ഷിയെന്നോ, രാജ്യദ്രോഹിയെന്നോ, രാജ്യസ്നേഹിയെന്നോ.അത്തരം പദാവലികളിൽ സമ്പന്നമാണ് ഭാഷയിൽ നമ്മുടെ ഭരണകൂടവ്യവസ്ഥകൾ.ചരിത്രത്തിൽ നടത്തിയ കൂട്ടകുരുതികൾക്ക് വലിയ പേരുകൾ ചൊല്ലിയാണ് ഭരണകൂടങ്ങൾ ന്യായീകരിച്ചത്.മനുഷ്യരുടെ എല്ലാ യുദ്ധങ്ങളും അങ്ങനെ സമർത്ഥിക്കപെട്ടല്ലോ.സ്വാതന്ത്ര്യത്തിനുവേണ്ടി, സമാധാനത്തിനുവേണ്ടി, സമത്വത്തിനുവേണ്ടി എന്നിങ്ങനെ വലിയ വായിൽ നാം കൂട്ടകുരുതികളെയും യുദ്ധങ്ങളെയും വംശഹത്യകളെയും ന്യായീകരിച്ചു പോന്നു.

യുദ്ധോത്സുകരായ ഭരണകൂടങ്ങളുടെ ഭാഷയിൽ ജനങ്ങൾ സംസാരിക്കുമ്പോഴാണ് ദുരന്തം.അപ്പുറത്തും ഇപ്പുറത്തും ഉള്ളവർ ശത്രുക്കളാണ്, അതുകൊണ്ടുതന്നെ ദേശസുരക്ഷയാണ് മറ്റെന്തിനേക്കാളും പരമപ്രധാനം എന്ന ഭരണകൂടഭാഷയിൽ ജനങ്ങൾ സംസാരിച്ചു തുടങ്ങുമ്പോൾ യുദ്ധമല്ലാതെ മറ്റെന്ത്.യുദ്ധമന്ത്രാലയങ്ങളുടെ ഭാഷയാവരുത് ജനങ്ങളുടെ ഭാഷ.
ഏതു സമയവും ശത്രുവിനെ നിനച്ചിരിക്കുന്ന,ആക്രമിക്കാനോ ആക്രമിക്കപെടാനോ തയ്യാറായി നിൽക്കുന്ന ലോകത്തിന്റെ കണ്ണാടികൾ പോലെ ഇസ്രയേൽ പാലസ്തീൻ അതിർത്തിയിൽ സ്ഥാപിച്ച വിഭജനമതിലിൽ സ്ഥാപിച്ച ക്യാമറകളുടെ,തോക്കിൻമുനകളുടെ കാവലിൽ ആരുടെയോ ദാക്ഷിണ്യത്തിൽ ജീവൻ നീട്ടികിട്ടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങൾ വരുന്ന കാം ക്രിസ്റ്റ്യൻസെൻ സംവിധാനം ചെയ്ത wall എന്ന ഡോക്യുമെന്ററി സിനിമയിൽ പരസ്പരം കൊല്ലാനും ചാവാനുമുള്ളവരാണ് മനുഷ്യർ എന്ന ഇരു രാജ്യങ്ങളിലെയും യുദ്ധവാദത്തിനുള്ള പ്രതിവാദമുണ്ട്.വിഭജനം ഏറെ നഷ്ടപെടുത്തിയത് പാലസ്തീനെയാണ്.ഇസ്രേയലിൻറെ ഔദാര്യമാണ് ഇപ്പോൾ ഭൂപടത്തിൽ കാണുന്ന പാലസ്തീൻ.ജീവിക്കാൻ കൊള്ളാത്ത ഭൂപ്രദേശമാണ് വിഭജനാന്തരം പാലസ്തീന് കല്പിച്ചു കിട്ടിയത്.തോൽപ്പിക്കപെട്ടവർ,വഞ്ചിക്കപെട്ടവർ എന്ന ബോധം അവരിലുണ്ട്.അതുകൊണ്ടുതന്നെ അവർക്കിടയിൽ ഉയർന്നു പൊങ്ങിയ കൂറ്റൻ മതിലുകളെ ഉൾക്കൊള്ളാൻ പാലസ്തീൻകാർക്ക് സാധിക്കുന്നില്ല.ഭരണകൂടങ്ങൾ പറയുന്ന രീതിയിലല്ല ഇരു രാജ്യങ്ങളായപ്പോഴും ജനങ്ങൾ ജീവിച്ചു പോന്നിരുന്നത് എന്ന നേർസാക്ഷ്യമുണ്ട് സിനിമയിൽ.മതിൽ നിർമ്മിക്കപെട്ടതോടെ ഒരേ കുടുംബത്തിൽ പെട്ടവർ പോലും ഇരു രാജ്യങ്ങളിലായി.യൂറോപ്പിൽ നിന്നാട്ടിയോടിക്കപെട്ട,ലോകത്തിന്റെ പലഭാഗങ്ങളിലും അഭയാർത്ഥികളായി കഴിഞ്ഞിരുന്ന, ഓഡൻറെ കവിതയിലെന്നതുപോലെ ഭൂപടത്തിൽ നോക്കി നഷ്ടലോകത്തെകുറിച്ച് വിലപിച്ചിരുന്ന ജൂതർക്ക് ഇസ്രേൽ എന്ന പേരിൽ തലചായ്ക്കാൻ ഇടം ലഭിച്ചപ്പോൾ കൂടുതൽ വേട്ടക്കാരാവുന്ന വിരോധാഭാസത്തിന് ചരിത്രം സാക്ഷ്യം വഹിച്ചു.അതിലേറ്റവും സഹിക്കേണ്ടിവന്നവരാണ് പാലസ്തീൻകാർ.

കടുത്ത ആഭ്യന്തര സംഘർഷങ്ങളും നിലക്കാത്ത യുദ്ധങ്ങളും ഏൽപ്പിക്കുന്ന മുറിപ്പാടുകൾ ഒരു ഭാഗത്ത്, ജനവിരുദ്ധ വികസന സാമ്പത്തിക നയങ്ങളിലൂടെ ഭരണനടപടികളിലൂടെ ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തുകയും കോർപറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കുകയും ജനാധിപത്യവ്യവസ്ഥയെ നോക്കുകുത്തിയാക്കുകയും ചെയ്യുന്ന സ്ഥിതി മൂലം സ്വന്തം രാജ്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ വിധിക്കപെടുന്ന ഒടുവിൽ ഏതോ നാട്ടിൽ കുടിയേറ്റക്കാരായി പിടികൂടപെടുമ്പോഴുള്ള നിയമപ്രശ്നങ്ങളിലും മറ്റും പെട്ട് ജയിലറകളിൽ കഴിയുന്ന അനേകായിരങ്ങളുണ്ട് ലോകത്തിന്ന്.അത്തരം കുടിയേറ്റക്കാരുടെ സങ്കടങ്ങൾ നിലവിളികൾ ഏറ്റുവാങ്ങിയ ചലച്ചിത്രങ്ങളിൽ കണ്ണീരുപ്പുണ്ട്.തൊഴിലില്ലായ്മ,ദാരിദ്ര്യം, അന്യവല്കരണം, അപകർഷതാബോധം എന്നീ സാമൂഹിക സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളിൽ പലരും കുറ്റവാളികളായി പോവുന്നു.കുറ്റവാളികളായി മാറിയാൽ പിന്നെ ഭരണകൂടങ്ങൾക്ക് നേരിടാൻ എളുപ്പമാണ്.ക്രമസമാധാനപ്രശ്നങ്ങൾ ഉന്നയിച്ച് പിടികൂടാം,ഇരുമ്പഴിക്കുള്ളിലാക്കാം, നാടുകടത്താം.അതുകൊണ്ടുതന്നെ ജീവിതത്തെ പ്രണയിക്കുന്ന അന്നന്നത്തെ അപ്പം തിന്ന് നല്ലൊരു നാളെ സ്വപ്നം കാണുന്ന കുടിയേറ്റക്കാർ ഒരിക്കലും ആഗ്രഹിക്കുന്നില്ല ക്രിമിനൽ എന്ന മുദ്ര സ്വയം ചാർത്താൻ.A Stone Throw Away യിലെ ജാസിൻറൊ ആ തരത്തിൽ പെട്ടൊരാളാണ്.മൊറോക്കക്കാരനായ ജാസിൻറൊ അല്ലലില്ലാത്തൊരു ജീവിതം കണ്ടാണ് വേലി ചാടി അമേരിക്കയിലെത്തിയത്.അമേരിക്കയിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നവരിലേറെ മൊറോക്കക്കാരാണ് എന്ന പരാതി അമേരിക്ക ഉന്നയിക്കാറുണ്ട്.മൊറോക്കയിൽ നിന്നുള്ള അനധികൃത കുടിയേറ്റം നേരിടാൻ കടുത്ത പോലീസ് നടപടികൾ സ്വീകരിച്ചു കഴിഞ്ഞു.അതിർത്തികടക്കുന്ന അനധികൃത കുടിയേറ്റക്കാരെ നിർദാക്ഷിണ്യം വെടിവെച്ചു കൊല്ലുന്നു.അങ്ങനെ കൊല്ലപ്പെട്ട ഒരച്ഛൻറെയും പിഞ്ചു കുഞ്ഞിന്റെയും ഫോട്ടോ അടുത്തിടെ പത്രങ്ങളിൽ വന്നല്ലോ.മര്യാദരാമനായി ജീവിക്കാൻ സാധിക്കില്ല എന്ന പാഠം അതിവേഗം ജാസിൻറോ അമേരിക്കയിൽ നിന്ന് പഠിച്ചു.ഈ ലോകം തട്ടിപ്പുകാർക്കുള്ളതാണെന്ന് അവന് ബോധ്യപെട്ടു.ആര് ആരെ എന്ന കാര്യത്തിലാണ് നൈതികത.ആ മൂല്യബോധം നിലനിർത്തേണ്ട സാഹചര്യത്തെ ജീവിതം നിരാകരിക്കുന്നു.അമേരിക്കൻ ഭരണകൂടം ആഗ്രഹിക്കുന്ന ഒരുത്തമ മൊറോക്കൻ കുറ്റവാളിയായി ജാസിൻറോ അങ്ങനെ പരിണമിക്കപെട്ടു.
അതുവഴി സമൂഹത്തിന്റെ അടരുകളിൽ നിന്ന് എന്നെന്നേക്കുമായി അന്യവല്കരിക്കപെട്ടു.കാനിൽ ഏറ്റവും നല്ല സംവിധായകനുള്ള അവാർഡ് നേടിയ മാത്യു കസോവിറ്റ്സിൻറെ Hate ൽ ഇതേ പ്രമേയം വരുന്നു, ഒരുപക്ഷേ കൂടുതൽ തീവ്രമായി.അന്യവൽകൃതരായ മനുഷ്യരെ എങ്ങനെ കൂടുതൽ ക്രിമിനൽവൽക്കരിക്കാം എന്ന തന്ത്രജ്ഞതയിലാണ് ഭരണകൂടങ്ങൾക്ക് പ്രിയം.വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്ന് വരുന്ന മൂന്ന് ചെറുപ്പക്കാരുടെ അനുഭവലോകമാണ് സിനിമ.ഒരാൾ ജൂതനാണ്, തൊഴിലാളിയാണ്.രണ്ടാമത്തെയാൾ അറബ് വംശജനാണ്,മൂന്നാമൻ ആഫ്രിക്കൻ നീഗ്രോയാണ്.മൂവർക്കും ജോലിയില്ല.പണമില്ല.കറങ്ങിനടക്കുന്നു.തികച്ചും അന്യവൽകൃതർ.ഭരണകൂടം ഒരു കുടിയേറ്റകാരനിൽ ആഗ്രഹിക്കുന്ന സർവവിധ ലക്ഷണങ്ങളും ഒത്തിണങ്ങിയവർ.ഇവരിൽ ക്രിമിനൽ മുദ്ര ചാർത്തികൊടുക്കേണ്ട പണിയേ ഭരണകൂടത്തിന് ബാക്കിയുള്ളൂ.സമൂഹത്തിനും ആ നിലയിൽ അവരെ കാണാനുള്ള സ്റ്റാൻഡൈസേഷനുണ്ട്.ഈ മൂന്നുപേരും മെട്രോയിൽ യാത്ര ചെയ്യുന്ന രംഗമുണ്ട്.ഒരു പരസ്യപലകയിങ്ങനെ: the world is yours.ഈ വാചകത്തിൽ yours എന്നതിലെ y ലോകത്തുനിന്നെന്നോ അടർന്നു പോയിരിക്കുന്നു.ജനങ്ങളെ ഉൾകൊള്ളാത്ത,ജനതാല്പര്യങ്ങളെ പ്രതിനിധീകരിക്കാത്ത, എങ്കിലും
the world is ours എന്ന നാട്യത്തോടെ കോർപറേറ്റുമൂലധനാധിപത്യ താല്പര്യം അടിയുറച്ചു കഴിഞ്ഞു.പൗരനിൽ നിന്ന് പ്രജയിലേക്ക് തിരിച്ചു പോകാൻ ജനങ്ങൾ വിസമ്മതിക്കുന്നതിൻറെ രാഷ്ട്രീയ പ്രതികരണങ്ങൾ കൂടി ലോകം മുഴുവൻ അതുകൊണ്ടുതന്നെ സ്വാഭാവികമായും നടന്നുവരുണ്ട്.
എല്ലാവരേയും ഉൾക്കൊള്ളുന്നതല്ല ഈ ലോകം എന്നായിരിക്കുന്നു.ആ ലോകമാണ് കോർപറേറ്റ് മൂലധനത്തിനും ഭരണകൂടങ്ങൾക്കും താല്പര്യം.ആ ലോകം അത്ര ഇൻക്ലൂസിവല്ല, ആരെയൊക്കെ പുറത്തു നിർത്തണം എന്ന കൃത്യമായ ധാരണയോടെയാണ് ഈ ലോകം മുന്നോട്ട് പോകുന്നത്.സ്വന്തം രാജ്യത്തിനകത്ത് ജീവിതം നിഷേധിക്കപെടുന്നവർക്ക് രാജ്യത്തിനു പുറത്തും ജീവിതമില്ല,കുടിയേറ്റക്കാരെയങ്ങനെ ലോകത്തിന്റെ നോട്ടപ്പുള്ളികളായി കാണുന്നു.

സ്വന്തം രാജ്യത്തിനകത്തും പൗരന്മാർ ബന്ദികളും അഭയാർത്ഥികളുമാവുന്ന ദുസ്ഥിതിയാണ് കോർപറേറ്റ് മൂലധനത്തിനു മാത്രം സംരക്ഷണമുള്ള രാജ്യങ്ങളിൽ.രാഷ്ട്രത്തിൻറെ ഉള്ളടക്കത്തിൽ നിന്ന് പൗരന്മാർ നിഷ്കാസിതരായിരിക്കുന്നു.ജീവിതം വഴിമുട്ടിയ ജനകോടികളാണ് ലോകത്തൊട്ടാകെ.രാഷ്ട്രങ്ങളുടെ വികസനപെരുക്കങ്ങളിൽ ജനങ്ങളുടെ ഹിതം പരിഗണിക്കപെടുന്നില്ല.ഒരു രാജ്യം വികസനത്തെ കുറിച്ച് കൂടുതൽ സംസാരിക്കാൻ തുടങ്ങിയാൽ അതിനർഥം ആ രാജ്യം കൂടുതൽ ജനവിരുദ്ധമാവുന്നു എന്ന രീതിയിൽ വികസന പദ്ധതികളുടെ ആസൂത്രണവും നടത്തിപ്പും മാറി.സ്വന്തം മണ്ണിൽ നിന്ന് രാജ്യത്തിന്റെ വികസനത്തിനായി ആട്ടിയോടിക്കപെടുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. ജനിച്ചുവളർന്ന സ്വന്തം രാജ്യത്ത് തന്നെ ജനങ്ങൾ അങ്ങനെ അഭയാർത്ഥികളായി മാറുന്നു.എല്ലുമുറിയെ അധ്വാനിച്ചാലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടാൻ സാധിക്കാതെ പോവുന്ന സാധാരണ ജനങ്ങൾ ഏതു രാഷ്ട്രത്തെയാണ് പ്രതിനിധീകരിക്കുന്നത്.Stray Dogs ഈ പ്രശ്നമാണ് അഡ്രസ് ചെയ്യുന്നത്.രാജ്യം അനുദിനം വികസിച്ചു കൊഴുക്കുകയാണ്.വളർച്ചാനിരക്കുകളുടെ വലിയ കണക്കുകളുണ്ട് ആത്മകഥകളെന്ന നിലയിൽ രാജ്യങ്ങൾക്ക് അവതരിപ്പിക്കാൻ.രാജ്യം കൂടുതൽ കൊഴുക്കുമ്പോൾ ജനജീവിതം കൂടുതൽ ദുസ്സഹമാവുന്നു.Stray Dogs ൽ രാത്രി ഉറങ്ങാൻ​ കിടക്കുമ്പോൾ പഴകി ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീടിന്റെ ചുമരുകളിൽ നോക്കി അമ്മ മകളോട് പറയുന്നുണ്ട്:’വീടും നാം മനുഷ്യരെ പോലെയാണ്.വയസാവും.ചുളിവ് വരും.വേണ്ടാതാവും.’ഈ വീട് സ്വന്തം നാട്ടിൽ അഭയാർത്ഥികളായി പോകുന്ന മനുഷ്യരുടെ റിപ്പബ്ലികാണ്.ആ വീടിനു നേരതിർ ഭാഗത്ത് കൂറ്റൻ ഷോപ്പിംഗ് മാളുകളുണ്ട്.ഒരേസമയം രണ്ട് മാതൃകകൾ വരുന്നു.ഏതു മാതൃകയിലാണ് ഭരണകൂടങ്ങൾക്ക് താല്പര്യം?ആ ചോദ്യം തന്നെ അപ്രസക്തമായിരിക്കുന്നു.കോർപറേറ്റു മൂലധനതാല്പര്യങ്ങളുടെ ഭരണകാലത്ത് രാഷ്ട്രങ്ങളുടെ ഉള്ളടക്കത്തിൽ ജനങ്ങളില്ലല്ലോ.ആ മുന്ഗണന തന്നെ അട്ടിമറിക്കപെട്ടിരിക്കുന്നു.രാജ്യത്തിനകത്തും പുറത്തും അഭയാർത്ഥികളായി പോകുന്ന മനുഷ്യരുടെ ജീവിതം പറയാൻ ക്യാമറ എവിടെ സ്ഥാപിച്ചാലും ചലചിത്രമാവും.ലോകയുദ്ധങ്ങൾ ശിഥിലമാക്കിയ യൂറോപ്പിനെ ആവിഷ്കരിക്കാൻ ശ്രമിച്ച നവതരംഗസിനിമാകാലത്ത് റോസല്ലിനിയുടേതായ പ്രശസ്തമായ ആ കമൻറുണ്ടല്ലോ, തെരുവുകളുടെ ഏതു മൂലയിൽ ക്യാമറ സ്ഥാപിച്ചാലും ചലച്ചിത്രങ്ങൾ പിറക്കും എന്ന ആ കമന്റ്, കല്പിതകഥകളുടെ കല്പനങ്ങൾ ചലച്ചിത്രങ്ങളിൽ നിന്നിറങ്ങി പോയ ആ കാലത്തിനേക്കാൾ ദുരന്തങ്ങൾ പെയ്യുന്ന പുതിയ കാലത്ത് ചലച്ചിത്രങ്ങൾ പിന്നെ മറ്റെന്താവണം…

littnow.com

littnowmagazine@gmail.com

Continue Reading

സിനിമ

ഞാൻ നമ്മളാവുന്നുണ്ട്
ഡാനിയേൽ ബ്ലെയ്ക്കിൽ

Published

on

നോട്ടം 16

പി കെ ഗണേശൻ

ഭരണകൂടങ്ങൾ വളരെ ബുദ്ധിപരമായിട്ടാണ് ഭരണഘടനകളിൽ സ്വന്തം പൗരന്മാരെ ആലേഖനം ചെയ്യാറ്.ജനങ്ങളെ കൂടെ നിർത്തി, ഉൾകൊണ്ട് രചിക്കപ്പെട്ട ഭരണഘടനകൾ പലരാജ്യങ്ങളുടെയും ഒന്നാംകിട ‘ഇതിഹാസകാവ്യ’ങ്ങളായതങ്ങനെ.ജനങ്ങൾ കടന്നുപോകാത്ത ജനങ്ങളുടെ ഇതിഹാസങ്ങൾ, എങ്കിലും ആ രചനകൾ ജനങ്ങളെ നിരന്തരം പ്രലോഭിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.ജനാധിപത്യത്തിൻറെ മേമ്പൊടിയുള്ള രാജ്യങ്ങളിൽ പോലും ജനങ്ങളുടെ ഉള്ളടക്കം വർദ്ധിതമായ രീതിയിൽ ആഘോഷിക്കപെട്ടു.രാഷ്ട്രത്തിനു ക്ഷേമരാഷ്ട്രസങ്കല്പമുണ്ടായതോടെ പലയിടത്തും ഭരണകൂടങ്ങൾക്ക് ജനങ്ങളുടെ പിന്തുണയേറി.ക്ഷേമരാഷ്ട്രത്തിൽ ജനങ്ങളുടെ എല്ലാ വിധ ക്ഷേമവും ഭരണഘടനാനുസൃതമായി പരിരക്ഷിക്കപെടുമെന്ന വിശ്വാസം തീർച്ചപ്പെടുത്തി.സ്വന്തം രാജ്യം എന്ന കർതൃത്വം നിറഞ്ഞ ആത്മാനുഭൂതി ഓരോ പൗരനിലും നിറഞ്ഞു കവിഞ്ഞു.ഓരോരുത്തരും സ്വന്തം രാജ്യത്തെ അളവറ്റ രീതിയിൽ സ്നേഹിച്ചു പോന്നു.പരസ്പരവിശ്വാസവും സമർപ്പണവും ഭരണകൂടത്തിനും പൗരന്മാർക്കും ഇടയിൽ പൂരകമായി പ്രവർത്തിച്ചു.ഈ പാരസ്പരികതയാണ് രാഷ്ട്രങ്ങളുടെ ബലം.അങ്ങനെയുള്ള രാഷ്ട്രസങ്കല്പത്തിൽ പൗരന്മാർ ഉള്ളടക്കമായി.ജനാധിപത്യം എല്ലാവരെയും ഉൾക്കൊണ്ടു.ഓരോരുത്തരുടെയും പങ്കാളിത്തം ഉറപ്പു വരുത്തികൊണ്ട് പ്രവർത്തിക്കുന്ന ഭരണഘടനാസംവിധാനങ്ങൾ ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളുടെ ആവേശവും അഭിലാഷവുമായി പരിണമിച്ചു.ജനങ്ങൾ ഉള്ളടക്കമായിരുന്ന ഈ ലെഗസി പിൻവാങ്ങുകയാണ് ആ കാലം കേവലം മിത്തായി.

കോർപറേറ്റുമൂലധനശക്തികൾ ഭരണകൂടങ്ങളിൽ പിടിമുറുക്കുകയോ ഭരണകൂടങ്ങളെ അപ്രസക്തമാക്കുകയോ സ്വയം ഭരണകൂടങ്ങളായി ആവിർഭവിച്ചുകൊണ്ട് നിലവിലുള്ള ഭരണകൂടങ്ങളെ അട്ടിമറിക്കുകയോ ചെയ്യുന്ന നിലയിൽ സ്വയം സാമ്രാജ്യങ്ങളായി മാറി.ഈ അവസ്ഥ സംഭവിച്ചതോടെ ഭരണകൂടങ്ങളും ഭരണഘടനകളും ജനങ്ങളെ പുറന്തള്ളി.കോർപറേറ്റു മൂലധനശക്തികൾ പിടിമുറുക്കുന്നതുവരെ ഒരു വലിയളവോളം ഇൻക്ലൂസിവായിരുന്ന വ്യവസ്ഥിതികൾ അതേശക്തികളുടെ വരുതിയിലായതോടെ അങ്ങേയറ്റം എക്സ്ക്ലൂസീവാകുന്ന അനുഭവമണ്ഡലമായി തീർന്നു.ക്ഷേമരാഷ്ട്രസങ്കല്പം ഭരണഘടനാതത്വങ്ങളിൽ നിന്ന് സ്വയം പിൻവാങ്ങി.അതോടെ ഭരണഘടനകൾ ജനങ്ങളുടെ, ജീവിതത്തിന്റെ ഇതിഹാസങ്ങൾ എന്ന നിലയിൽ നിന്ന് സ്വയം റദ്ദാക്കപെട്ടു.രാഷ്ടത്തിൻറെ ഉള്ളടക്കം ജനങ്ങളാണ് എന്ന നിർവചനം തികച്ചും സാങ്കേതികമായി.പൗരാവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും ഒന്നൊന്നായി തുറുങ്കിലിടുന്ന കരിനിയമങ്ങൾ ഒന്നിനുപിറകെ മറ്റൊന്നായി ഭരണകൂടങ്ങൾ പടച്ചുവിട്ടു.സ്വാതന്ത്ര്യത്തിൻറെ വ്യാപ്തി നാൾക്കുനാൾ കുറഞ്ഞുവന്നു.പൗരർ സദാസമയം നിരീക്ഷിക്കപെടുന്ന സാഹചര്യം ഉടലെടുക്കപെട്ടു.
രാഷ്ട്രങ്ങൾ കേവലം ഭരണകൂടങ്ങളായതോടെ ജനങ്ങളാണ് രാഷ്ട്രത്തിന്റെ ഉള്ളടക്കം എന്ന നില നഷ്ടപെട്ടു.ഭരണകൂടങ്ങളുടെ താല്പര്യങ്ങളും മുൻഗണനകളും അതോടെ വഴിമാറി.ജനങ്ങളുമായി സംവദിക്കാനുള്ള ഭാഷ രാഷ്ട്രങ്ങൾക്കു നഷ്ടപെട്ടു.സാമൂഹികശരീരത്തിൽ ഹൃദയത്തിന്റെ പ്രവർത്തനം അതോടെ നിലച്ചു.പൗരന്മാരുടെ വികാരങ്ങളും വിചാരങ്ങളും സ്പന്ദനങ്ങളും അറിയാനുള്ള അടുപ്പം സർക്കാരുകൾക്കില്ലാതായി.ജനങ്ങൾ സ്വന്തം നാട്ടിൽ അനാഥരും അഭയാർത്ഥികളുമായി.ജനങ്ങളുടെ പ്രതികരണങ്ങളും പ്രതിഷേധങ്ങളും പലപ്പോഴും സ്വാഭാവികമായും നൈസർഗികമായും ജൈവികമായും പൊട്ടിപ്പുറപ്പെടുന്നതിൻറെ രാഷ്ട്രീയ പാശ്ചാത്തലം മറ്റൊന്നല്ല.ഇതോടെ ഭരണകൂടങ്ങൾ തനിനിറം കാണിക്കാൻ തുടങ്ങി.ഭരണകൂടസ്ഥാപനങ്ങൾ കൂടുതൽ മർദ്ദകസ്വഭാവം കൈവരിച്ചു.ബ്യൂറോക്രസി ജനങ്ങളോട് കാർക്കശ്യം കാണിച്ചു തുടങ്ങി.ജനങ്ങളുടെ ഇച്ഛകളെ പരമാവധി തകർത്തു കളയുന്ന രീതിയിലായി ബ്യൂറോക്രാറ്റുകളുടെ ഇടപെടലുകൾ.ജനങ്ങളുമായുള്ള വ്യവഹാരങ്ങളിൽ വ്യവസ്ഥിതി അങ്ങേയറ്റം നിർദയവും നിർവികാരവും അതിക്രൂരവും മർദ്ദകവുമായി പരിണമിക്കപ്പെട്ടു.
പൗരർ അകപെടുന്ന ഗതികെട്ടതും ജനവിരുദ്ധവും നിർദയവും അനീതിനടമാടുന്നതുമായ വ്യവസ്ഥിതിക്കെതിരെ ഡിജിറ്റൽ കുറ്റപത്രം എന്ന നിലയിൽ പ്രശസ്ത ബ്രിട്ടീഷ് ചലചിത്രകാരൻ കെൻലോച്ച് ഒരുക്കിയ ഐ, ഡാനിയൽ ബ്ലെയ്ക് എന്ന സിനിമയിൽ ഇക്കാലത്തെ ദേശ,ഭാഷ,വംശാതീതമായ പൗരാനുഭവമുണ്ട്.എങ്ങനെ പൗരർ സ്വന്തം നാട്ടിൽ പുതിയ കാലത്ത് ഔട്ട്സൈഡറാക്കപെടുന്നു, എന്ന് ഓരോ മനുഷ്യനും കണ്ണാടിയിലെന്ന പോലെ കാണാൻ കഴിയുന്ന ഈ സിനിമയ്ക്കായിരുന്നു 2016 ൽ കാനിൽ പാം ഡിയർ ലഭിച്ചത്.വ്യവസ്ഥിതിയുമായി കലഹിക്കുന്ന സിനിമകളാണ് കെൻലോച്ചിൻറേത്.

ഡാനിയൽ ബ്ലെയ്ക് ഓരോ പൗരന്റെയും പ്രതിനിധാനമാണ്.ഓരോ പൗരനിലുമുണ്ട് കൂടിയും കുറഞ്ഞും ഡാനിയൽ ബ്ലെയ്ക് എന്ന യാഥാർത്ഥ്യം.കേവലം ഒരു സിനിമാകഥാപാത്രത്തിനപ്പുറം ഡാനിയൽ ബ്ലെയ്ക് സാമൂഹിക യാഥാർത്ഥ്യത്തിൽ പരാവർത്തനം ചെയ്യപ്പെടുന്നു.
നാം നമ്മുടെ ജീവിതത്തിന്റെ കണ്ണാടിയിൽ കാണുന്ന പ്രതിരൂപമാണ് ഡാനിയൽ ബ്ലെയ്ക്.

നിശ്ചിതപ്രായം കഴിഞ്ഞാലോ എന്തെങ്കിലും രോഗം പിടിപെട്ടാലോ അതുവരെ ജീവിക്കാൻ ചെയ്തിരുന്ന ജോലി തുടരാൻ സാധിക്കണമെന്നില്ല.59 കാരനായ ഡാനിയൽ ഹൃദ്രോഗിയാണ്.ഉപജീവനമാർഗമായി ചെയ്തുവന്നിരുന്ന മരപ്പണി ഇനിമുതൽ ചെയ്യരുതെന്ന ഡോക്ടറുടെ വിദഗ്ധോപദേശത്തിൻറെ പാശ്ചാത്തലത്തിൽ, ഒറ്റയ്ക്ക് ജീവിച്ചുവരുന്ന ഡാനിയൽ തുടർന്നു ജീവിക്കുന്നതിന് തനിക്കർഹതപെട്ട എംപ്ലോയ്മെന്റ് ആന്റ് സപ്പോർട്ട് അലവൻസ് നേടിയെടുക്കാൻ ബന്ധപ്പെട്ട സർക്കാർ ഓഫീസുകളെ സമീപിക്കുന്നു.റിട്ടയർമെൻറിന് പ്രായമായിട്ടില്ല എന്നതിനാൽ തൊഴിലന്വേഷകൻറെ അലവൻസിന് അപേക്ഷിക്കൂ എന്നാണ് ഡാനിയലിന് അധികാരസ്ഥാനങ്ങളിൽ നിന്ന് കേൾക്കേണ്ടി വന്നത്.ഡാനിയലിൻറെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള ഡോക്ടറുടെ വിദഗ്ധാഭിപ്രായം പരിഗണിക്കാതെ വളരെ നിർദയവും ക്രൂരവുമായി ബ്യൂറോക്രസി പെരുമാറുന്നു.ഇതുവരെ നിലനിന്നിരുന്ന പൗരാഭിമുഖ്യമുള്ള വ്യവസ്ഥിതിയല്ല ഇപ്പോൾ നിലനിൽക്കുന്നത് എന്ന് അനുഭവത്തിൽ നിന്ന് തിരിച്ചറിയുന്നു.അർഹമായ ആനുകൂല്യം എങ്ങനെ കൊടുക്കാതിരിക്കാം എന്ന ഒഴികഴിവ് തേടുകയാണ് അധികാരം.

പലവിധത്തിലുള്ള റിയലിസത്തെ കണ്ടു ശീലിച്ച ജീവിതം ഡിജിറ്റൽ റിയലിസം എന്ന പുതിയ കാലത്തെ യാഥാർത്ഥ്യത്തെ സിനിമയിൽ അവതരിപ്പിക്കുന്നു.അപ്പോൾ നാം ജീവിക്കുന്ന കാലവും ജീവിതവും മുന്നിൽ വരുന്നു.ഡാനിയലിൻറെ ജീവിതം ലോകത്തെ മുഴുവൻ രാജ്യങ്ങളിലെയും പൗരന്മാരുടെ ആത്മകഥയാവുന്നു.സ്വന്തം രാജ്യത്ത് അഭയാർത്ഥികളായി മാറുന്ന,ബന്ദികളായി മാറുന്ന സ്വന്തം അധ്വാനത്തിന്റെ ഫലം കറുപ്പാണോ വെളുപ്പാണോ എന്ന് തെളിയിക്കുന്നതിന് ക്യുവിൽ അനിശ്ചിതമായി നിൽക്കാൻ വിധിക്കപ്പെടുന്ന പൗരജീവിതം സിനിമ കാണുന്നവരുടേതുമാണല്ലോ.ആ ജീവിതത്തിന്റെ ഇംഗ്ലീഷ് പതിപ്പാണ് ഡാനിയൽ ബ്ലെയ്ക്.സിനിമ കാണുന്ന ഓരോ പ്രേക്ഷകനും അനുഭവപ്പെടുന്നു ഞാൻ തന്നെയാണ് ഡാനിയൽ ബ്ലെയ്ക് എന്ന്.I, Daniel Blake എന്ന ടൈറ്റിൽ അങ്ങനെ വളരെ സംഗതമായി.ഡാനിയൻ ബ്ലെയ്ക് എന്ന പേര് ഓരോ സിനിമാപ്രേക്ഷകൻറെയും പര്യായമാവുന്നു.മറ്റൊരാളാകേണ്ട പ്രശ്നം പോലും വരുന്നില്ല.സ്വന്തം ജീവിതം തന്നെയാണ് സ്ക്രീനിൽ കാണുന്നത്.സ്വന്തം നാട്ടിലെ പൗരന്മാരോട് രണ്ടാം കിട പൗരന്മാരോടെന്ന പോലെ, അഭയാർത്ഥികളോടെന്ന പോലെ അങ്ങേയറ്റം പുച്ഛത്തോടെയാണ് പെരുമാറുന്നത്.രാഷ്ടത്തിനുവേണ്ടി ത്യാഗികളാവൂ എന്ന പുതിയ ആഹ്വാനം ഭരണകൂടങ്ങൾ പരിശീലിച്ചു തുടങ്ങിയിട്ടുണ്ട്.ത്യാഗം, സഹനം എന്നിവ പൗരന്മാരുടെ മാത്രം ഉത്തരവാദിത്തമാവുന്നു.

ഡിജിറ്റൽ ജനാധിപത്യത്തിൽ സാങ്കേതികമായി നവീകരിക്കപെടാൻ സാധിക്കാത്ത പൗരർ കോമാളികളാണ്.ഈ രീതിയിൽ ഗതികെട്ടുപോവുന്ന ജീവിതമാണ് ഡാനിയലിൻറേത്.അക്ഷരാഭ്യാസമല്ല പുതിയ കാലത്തെ സാക്ഷരതയുടെ മാനദണ്ഡമെന്നും പുതിയ കാലത്തെ സാക്ഷരതയെന്നാൽ കംപ്യൂട്ടർ സാക്ഷരതയാണെന്നും ഡാനിയലിനു ബോധ്യപ്പെട്ടു.ആനുകൂല്യങ്ങൾ ലഭിക്കാൻ സമർപ്പിച്ച കയ്യെഴുത്തപേക്ഷ അധികൃതർ തള്ളി.ഓൺലൈനിൽ അപേക്ഷ സമർപ്പിക്കണം എന്നായിരുന്നു ആവശ്യം.അതിന് ഡിജിറ്റൽ സാക്ഷരത കൈവരിക്കണം എന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.രാഷ്ട്രത്തിനൊപ്പം നിൽക്കുന്ന പൗരനാവണമെങ്കിൽ ആ സാക്ഷരത കൂടിയേതീരൂ എന്നായി സ്ഥിതി.ഇതുവരെ ഡാനിയൽ സിറ്റിസണായിരുന്നു.ആ കേവല സിറ്റിസണെ രാജ്യത്തിന് ഇനിമുതൽ ആവശ്യമില്ല.സിറ്റിസൺ സാങ്കേതികമായി തന്നെ റദ്ദായി.പൗരർ എന്നാൽ ഇനിമുതൽ നെറ്റിസണാണ്.സാങ്കേതികമായി സ്വയം അപ്ഡേറ്റ് ചെയ്യാനാവാത്ത പൗരന്മാരെ കൂടെ നിർത്തി മുന്നോട്ടു കൊണ്ടു പോകാൻ രാഷ്ട്രത്തിനു സാധിക്കില്ല.ഡിജിറ്റലാവൂ എന്ന് പൗരന്മാരോട് ഭരണകൂടങ്ങൾ ആവശ്യപ്പെടുന്നതിൻറെ സാംഗത്യം മറ്റൊന്നല്ല. we are digital എന്ന് ഉദ്യോഗസ്ഥർ പറയുമ്പോൾ I am pencil എന്ന ഡാനിയലിന്റെ പ്രതികരണമുണ്ട്.ഏറ്റവും താഴെ തട്ടിലുള്ള മനുഷ്യരോട് ടെക്നോളജിക്കൽ മോഡേണിറ്റി ന്യായമാക്കി അധികാരവ്യവസ്ഥ പുലർത്തുന്ന നിഷേധാത്മക നിലപാടിനെ തന്നെയാണ് ഡാനിയൽ ഇവിടെ അപഹസിക്കുന്നത്.ആ
പ്രതികരണത്തിന് പിടിച്ചു നിൽക്കാനാവുന്നില്ല.ഡാനിയൽ ജീവിക്കുന്ന ചെറിയ ജീവിതം യാഥാർത്ഥ്യമാണെങ്കിൽ കൂടി മുന്നോട്ടു പോവുന്നതിനു നെറ്റിസണായേ പറ്റൂ എന്നതാണ് അവസ്ഥ.പെൻസിലും പേനയും പേപ്പറും ഉപയോഗിച്ചുള്ള അപേക്ഷ പോര, ഡിജിറ്റൽ അപേക്ഷയാണ് വേണ്ടത് ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാൻ എന്നു പറഞ്ഞു ഓഫീസിൽ നിന്നിറക്കിവിടുന്ന ഡാനിയൽ പിന്നീട് ആ യാഥാർത്ഥ്യവുമായി പൊരുത്തപെടുമ്പോൾ മൗസ് ഉയർത്തിപിടിച്ചു സ്റ്റെതസ്കോപ്പ് എന്ന പോലെ ദേഹം പരിശോധിക്കുന്ന സർക്കാസമുണ്ട് ഒരു സീനിൽ.അപ്പോൾ ആ മുഖത്ത് കാണുന്ന പരിഹാസത്തിലുണ്ട്, പ്രതിഷേധത്തിലുണ്ട് സിനിമയുടെ പൊളിറ്റിക്സ്.പൗരന്മാരുടെ ന്യായമായും ലഭിക്കേണ്ട ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകാതെ വച്ചുതാമസിപ്പിക്കുന്ന ഭരണകൂടത്തിന്റെയും ബ്യൂറോക്രസിയുടെയും ഇംഗിതങ്ങളെ തന്നെയാണ് ഈ സീനിൽ ആക്രമിക്കുന്നത്.ഗ്രേറ്റ് ഡിക്ടേറ്ററിൽ ഭൂഗോളം കയ്യിലേന്തി നൃത്തമാടി ഹിറ്റലറെ അപഹസിക്കുന്ന രംഗമുണ്ടല്ലോ.അന്ന് ഭൂഗോളം വേണ്ടിയിരുന്നുവെങ്കിൽ ഭരണകൂടങ്ങൾ സ്വന്തം പൗരന്മാരെ വേട്ടയാടുന്ന പുതിയ കാലത്ത് മൗസ് മതി.ഇന്ന് മൗസിലാണ്,കഴ്സറിലാണ് ലോകം.

അലിവില്ലാത്ത ഭരണകൂട നടപടികളുടെ താല്പര്യങ്ങളുടെ ഇരകളാവുന്ന ഡാനിയൽ ബ്ലെയ്കുമാരുടെ വംശമാണ് ലോകത്തിന്നു കൂടുതൽ.അധികാരസ്ഥാനങ്ങളില്ലാത്തവർ മുഴുവൻ ഡാനിയൽ ബ്ലെയ്കുമാരാണ്.ഞാൻ ഡാനിയൽ ബ്ലെയ്കാണ് എന്ന് പറയുന്നത് അങ്ങനെ കാലത്തിന്റെ നിർവചനം കൂടിയാണ്.നിങ്ങളിലാരാണ് സ്പാർടക്സ് എന്ന് ചോദിച്ചപ്പോൾ ഞങ്ങളെല്ലാവരും സ്പാർടക്സാണ് എന്ന് അടിമകൾ പറഞ്ഞത് നേതാവിനെ രക്ഷിക്കാനുള്ള പ്രതിരോധത്തിന്റെ ഭാഗമായിരുന്നുവെങ്കിൽ ഗതികെട്ട പൗരാവസ്ഥയെ സ്വയം നിർവചിക്കുന്നതിൻറെ ഭാഗമായിട്ടാണിന്ന് ഞാൻ ഡാനിയൽ ബ്ലെയ്കാണ് എന്ന് സ്വയം ടാഗ് ചെയ്യേണ്ടിവരുന്നത്.ഡാനിയൽ ബ്ലെയ്കിൻറെ ദുരനുഭവം കേവലം ബ്യൂറോക്രസിയുടെ അലംഭാവം മൂലമുള്ള ദുരനുഭവം എന്ന് ചുരുക്കിയാൽ പുതിയ കാലത്തെ ഭരണകൂടങ്ങളിൽ നിന്ന് പൗരന്മാർ നേരിടുന്ന ദുരനുഭവങ്ങൾ തന്നെയാണ് കാണാതെ പോവുക.

നമ്മുടെ ഭരണകൂടങ്ങളുടെ മുൻഗണനകൾ മാറി.രാഷ്ട്രം സ്വത്വം നഷ്ടപ്പെട്ടു കേവലം ഭരണകൂടമായി.ജനങ്ങളുടെ അവകാശങ്ങൾ ഒന്നൊന്നായി നിഷേധിക്കുന്നു.എന്തിനും ഏതിനും മനുഷ്യരെ ക്യുവിൽ നിർത്തുന്നു.സ്വന്തം പൗരന്മാരെ അഭയാർത്ഥികളായി തന്നെ കാണുന്നു.ഭരണകൂടങ്ങൾ കൂടുതൽ സായുധമാവുകയും ആഭ്യന്തര സുരക്ഷ എന്ന ഓമനപ്പേരിൽ ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുന്ന പ്രതിരോധങ്ങളെ തകർക്കുകയും ചെയ്യുന്നു.വ്യക്തികളുടെ അവകാശങ്ങളുടെമേൽ ഭരണകൂടങ്ങളുടെ താല്പര്യങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നു.രാഷ്ട്രങ്ങളാണ് ഭരണകൂടങ്ങളെ സ്ഥാപിച്ചത്.ഈ യഥാർത്ഥ പാഠത്തിനു പകരം മറ്റൊരു പാഠം ഉണ്ടാക്കുന്നു.ഭരണകൂടങ്ങളാണ് രാഷ്ട്രങ്ങളെ സൃഷ്ടിച്ചത് എന്നാണ് പുതിയ പാഠം.അത് നുണയാണ്.പക്ഷെ സത്യമായി വിശ്വസിപ്പിക്കുന്നു.മൂല്യങ്ങളുടെ അക്ഷയഖനികളായി ഭരണകൂടങ്ങളെയും ഭരണാധികാരികളെയും അവതരിപ്പിക്കുന്നു.ജനാധിപത്യവും സമത്വവും വലിയ നുണകളാണെന്നു വിശ്വസിപ്പിക്കുന്നു.സർവാധിപത്യത്തിൻറെ ഭീതിദമായ രൂപാന്തരമാണ് ഭരണകൂടങ്ങൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്.ന്യായമായും സമയബന്ധിതമായി ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങൾ നൽകാതെ വച്ചുതാമസിപ്പിക്കുന്ന അധികാരികളുടെ മുന്നിൽ വികാരക്ഷോഭം പ്രകടിപ്പിക്കാതെ പരുങ്ങുന്ന ഡാനിയൽ ബ്ലെയ്ക് എല്ലാം സഹിക്കാനും ത്യജിക്കാനും വിധിക്കപ്പെടുന്ന അധികാരലോകത്തിനു പുറത്തുള്ള പൗരവംശത്തിൻറെ പ്രതിനിധാനം തന്നെ.ഒന്ന് പൊട്ടിത്തെറിക്കാൻ പോലുമാവാതെ ഒടുവിൽ ഒടുങ്ങി.രാഷ്ട്രത്തിനുവേണ്ടി ത്യജിക്കൂ,സഹിക്കൂ എന്ന ആഹ്വാനത്തിനു മുന്നിൽ സ്വന്തം മരണത്തിലൂടെ ഡാനിയൽ കയ്യൊപ്പായി.ഞാൻ ഈ രാജ്യത്തെ പൗരനാണ്,നായയല്ല എന്നു ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ട് ബലിയായി.ഡിജിറ്റൽജനാധിപത്യത്തിൻറെ രക്തസാക്ഷിയാണ് ഡാനിയൽ ബ്ലെയ്ക്.സ്വന്തം രാജ്യത്ത് നിസ്സഹായരായി നിരാശ്രരായി അഭയാർത്ഥികളായി പോയ പൗരന്മാരുടെ കൂടി രക്തസാക്ഷിത്വമുണ്ടിവിടെ…

littnow.com

littnowmagazine@gmail.com

Continue Reading

സിനിമ

ഇരുട്ടിൽ
നൃത്തമാടാൻ
കൂടെ പോന്നവൾ…

Published

on

നോട്ടം 16

പികെ ഗണേശൻ

ഉള്ളിലിച്ചിരി സംഗീതവുമായി ഇരുട്ടിൽ എപ്പോഴെങ്കിലും നൃത്തം ചെയ്തിട്ടുണ്ടോ,ആരും കാണാതെ, ആർക്കും കാണാനല്ലാതെ.അങ്ങനെയൊരു ലോകമേയല്ലയിത്.കാണാനും കാണിക്കാനുമുള്ള ഈ ലോകം കെട്ടുകാഴ്ചകളുടെ ലോകമാണ്, കണ്ണിനു മുന്നിൽ മറ്റെല്ലായിന്ദ്രിയങ്ങളും റദ്ദായിപോവുന്ന ലോകവും കാലവുമാണിത്.

കാഴ്ച്ചശേഷിയില്ലാത്തവരുടെ ലോകമൊന്ന് മനസിൽ കാണുക, അവരുടെ നൃത്തച്ചുവടുകളൊന്ന് മനസ്സിൽ കാണുക,കേൾക്കുന്ന ശബ്ദമെല്ലാം സംഗീതമായി ആഘോഷിക്കുക,ഓരോ ചുവടും നൃത്തമായി മാറുക. കഠിനാനുഭവങ്ങളുടെ വേദനയിൽ ഉരുകുമ്പോഴും ഇങ്ങനെ ജീവിതം കണ്ടെത്തുന്നവരുടെ ലോകമുണ്ട്.കൊച്ചു കൊച്ചു ആഹ്ലാദങ്ങളിലൂടെയാണ് അവരുടെ ലോകം പ്രസാദാത്മകമാവുന്നത്.ചെറിയ ജീവിതവും വലിയ ലക്ഷ്യവുമായി ജീവിക്കുന്ന സെൽമ എന്ന ചെക്കോസ്ലോവാക്യൻ യുവതിയുടെ ത്യാഗനിർഭരവും ഇരുട്ടു നിറഞ്ഞതുമായ ലോകത്ത് കണ്ടെത്തുന്ന ആഹ്ലാദങ്ങളുണ്ട്,ജീവിക്കുന്നിടം നിരന്തരം സൗന്ദര്യപെടുത്തികൊണ്ടാണ് ആഹ്ലാദങ്ങൾ അവളാവിഷ്കരിക്കുന്നത്.അനുദിനം കാഴ്ച ശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സെൽമയെന്ന ആ കുറിയ സ്ത്രി ഇപ്പോഴും കണ്ണിലുണ്ട്.അവളുടെ കരച്ചിലിൽ അലിഞ്ഞ നിഷ്കളങ്കമായ പുഞ്ചിരിയിപ്പോഴും മായാതെ കണ്ണിലുണ്ട്.ഏതിരുട്ടിലും ചെറുശബ്ദം കേൾക്കുമ്പോഴും ജീവിതത്തിൽ വിരസമായേക്കാവുന്ന ദിനേന സംഭവിക്കുന്ന ആവർത്തനങ്ങളെ സർഗാത്മകമായി പരാവവത്തനം ചെയ്യുന്ന സെൽമ ഇപ്പോഴും ഉള്ളിലുണ്ട്, വിട്ടകലാത്ത നോവായി കൂടെ,മായാതെ മറയാതെ.

2000ൽ കാനിൽ പാം ഡിയോർ ലഭിച്ച ചലചിത്രമാണ് ലാർസ് വോൺ ട്രയറുടെ ഡാൻസർ ഇൻ ദി ഡാർക്ക്.സിനിമയുടെ പേരിൽ കൊത്തിവെച്ച കഥാപാത്രമാണ് സെൽമ,ഇരുട്ടിലെ നർത്തകി.അവളുടെ ഉള്ളിൽ ഇരുട്ടില്ല.കണ്ണുകളിലേയുള്ളൂ ഇരുട്ട്.കഠിനാനുഭവങ്ങളിൽ പതറാതെ വീഴാതെ അവൾ കണ്ടെത്തുന്ന ആഹ്ലാദമാണ് സകലതിലും കേൾക്കുന്ന സംഗീതം, അതിനൊപ്പമുള്ള ചുവടുകളും.

ചെക്കോസ്ലോവാക്യക്കാരിയായ സെൽമയുടെ മകനും അന്ധനാണ്.ഓപറേഷനിലൂടെ അവന് കാഴ്ച ശേഷി ലഭിക്കുമെന്ന ഡോക്ടറുടെ വിദഗ്ധോപദേശത്തിൻറെ ഭാഗമായി ജോലി ചെയ്ത് പണം സമ്പാദിക്കാൻ അമേരിക്കയിലെത്തി.അവിടെ ഒരു ഫാക്ടറിയിലാണ് ജോലി.എത്രയും പെട്ടെന്ന് പൽച്ചക്രമായി പോകാവുന്ന ജോലി.

ഫാക്ടറിയിലെ മെഷീനുകൾ പ്രവർത്തിക്കുമ്പോഴുള്ള ശബ്ദങ്ങളിൽ അവൾ ആവിഷ്കരിക്കുന്നു സംഗീതത്തിന്റെ ലോകം.ആ സംഗീതത്തിനൊപ്പം അവൾ ചുവടുകളാവുന്നു.അധ്വാനം ആനന്ദമാവുന്നു.കരച്ചിൽ മറയാത്ത ആ മുഖത്തെ പുഞ്ചിരി നമ്മെ വിട്ടുപോകില്ല.കരയാനും ചിരിക്കാനും നൃത്തമാടാനും ജന്മം കൊണ്ടതുപോലെ,സെൽമ. ദുരിതാവസ്ഥയിലും അവളിലെ നർത്തകിയെ അവൾ കൈവിട്ടില്ല.തൊഴിലിടവും പുതിയ ചുവടുകളിലേയ്ക്കുള്ള റിഹേഴ്സൽ ക്യാമ്പാണ് അവൾക്ക്.ജീവിക്കുന്നിടം അതെവിടെയായാലും ഓരോ അണുവിലും ആഹ്ലാദഭരിതമാക്കുക, അതുവഴി സുന്ദരമാക്കുക എന്ന beautification of existence എന്ന നിലപാടിന്റെ വാർപ്പുരൂപമാണ് സെൽമ.അസ്തിത്വത്തിൻറെ ഈ സാരാംശത്തിലേയ്ക്കാണ് ലാർസ് വോൺട്രയറുടെ ഫോക്കസ്.beauty of existence ഉം existence of beauty ഉം പരസ്പരം വിനിമയം ചെയ്യുന്ന ആവിഷ്കാരം എന്ന നിലയിലാണ് സെൽമയുടെ ജീവിതം ചിത്രീകരിച്ചിരിക്കുന്നത്.

അന്ധയായ സെൽമ ഒരു തീവണ്ടി പാലത്തിൽവെച്ച് തീവണ്ടി വരുന്ന നേരത്ത് മറ്റൊരാൾക്ക് പാളം നോക്കി മുറിച്ചു കടക്കാൻ നിർദേശം നൽകുന്ന രംഗമുണ്ട്.അവളുടെ അകത്തുള്ള വെളിച്ചം മറ്റൊരാളിലേക്ക് വെളിച്ചമായി, വഴിക്കാട്ടിയാവുന്നു.ആ തീവണ്ടി അവളെ പിന്നിലാക്കി മുന്നേറുമ്പോൾ,ആ ശബ്ദം അകന്നകന്നു പോവുമ്പോൾ അവളിൽ സിംഫണിയാവുന്നു.
അവൾ ചുവടുകളാവുന്നു.beauty of existence ഉം existence of beauty ഉം പരസ്പരം വിനിമയം ചെയ്യുന്ന ഇതുപോലുള്ള സന്ദർഭങ്ങളിലൂടെയാണ് സിനിമ നിലപാടറിയിക്കുന്നത്.

സൗഹൃദം ഭാവിച്ചു അടുത്തുകൂടിയ അയൽവാസിയായ പോലീസുകാരൻ മകന്റെ സർജറിക്കുവേണ്ടി സെൽമ ഒരുക്കൂട്ടിവെച്ച കാശ് മോഷ്ടിക്കുകയും അത് തിരിച്ചു പിടിക്കാൻ അവൾ ശ്രമിക്കുന്നതിനിടെ അയാൾക്ക് വെടിയേൽക്കുകയും ചെയ്യുന്ന രംഗമുണ്ട്.അയാളുടെ കുറ്റം പക്ഷെ അവളിൽ ആരോപിക്കപെടുന്നു.

മോഷണം, കൊലക്കുറ്റം എന്നിവ അവളിൽ ചുമത്താൻ മൂന്ന് കാര്യങ്ങളുടെ ന്യായമുണ്ട്.ഒന്ന് സെൽമ കുടിയേറ്റക്കാരിയാണ്.രണ്ട് അവൾ ദരിദ്രയാണ്.മൂന്ന് അവൾക്ക് പണത്തിന്റെ അടിയന്തിരാവശ്യമുണ്ട്.ഈ മൂന്നു കാര്യങ്ങൾ മതിയല്ലോ കുടുങ്ങാനും കുടുക്കാനും.സെൽമയിൽ കുറ്റവാളിയെ തേടാൻ ഈ മൂന്ന് ഘടകങ്ങൾ അവളിൽ സത്യവാങ്മൂലമായി. മൽപിടുത്തത്തിൽ അബദ്ധത്തിൽ അയാളുടെ പിസ്റ്റളിൽ നിന്ന് വെടിയുതിരുകയായിരുന്നു.മാരകമായി മുറിവേറ്റ അയാൾ രക്ഷപ്പെടില്ലെന്ന് ബോധ്യമായപ്പോൾ യാചിക്കുകയായിരുന്നു കൊല്ലാൻ.ആ യാചനയുടെ മുന്നിൽ അവൾ കീഴടങ്ങി.മരണം ഉറപ്പുവരുത്തി.

ആ സമയത്ത് പശ്ചാത്തലത്തിൽ ഉയരുന്ന സംഗീതത്തിൽ മരണത്തിൽ നിന്നുയിർത്തെഴുന്നേറ്റ് അയാൾ അവൾക്കൊപ്പം നൃത്തമാടുന്ന രംഗമുണ്ട്.സിനിമ വീണ്ടും നിലപാടറിയിക്കുന്നു beauty of existence ഉം existence of beauty ഉം പരസ്പരം വിനിമയം ചെയ്യുന്ന ജീവിതസന്ദർഭം.മരണവും ജീവിതവും ഒരുമിച്ച് കൈകോർക്കുന്നു,ചുവടുവെയ്ക്കുന്നു.
സ്വന്തം ദുരവസ്ഥയിലും സെൽമ ആവിഷ്കരിക്കുന്ന ഈ ആഹ്ലാദമുണ്ടല്ലോ,ആ ആഹ്ലാദമാണ് ഏതിരുട്ടിലും ചുവടുറപ്പിക്കാൻ പര്യാപ്തമാക്കുന്ന ജീവിതത്തിൻറെ സംഗീതം.

സിനിമ കാണുമ്പോൾ തന്നിൽ നിന്ന് വേർപെട്ടുഴലുന്ന ഒറ്റപെടലുകളിൽ സെൽമ കൂട്ടാവുന്നു ഒപ്പം ചുവടുവെച്ച്.നിങ്ങളുടെ ഉള്ളിൽ നിലവിളിയുണ്ടെങ്കിൽ ആ നിലവിളിയെ ഒളിപ്പിക്കാനോ മറികടക്കാനോ പുഞ്ചിരിയെ നിങ്ങൾ ടോക്കൻ ആയി ഉപയോഗിക്കുന്നുവെങ്കിൽ നിങ്ങളിലൊരു നർത്തകനോ നർത്തകിയോ ഉണ്ട് ഇരുട്ടിൽ നൃത്തമാടാൻ.വെളിച്ചം നിഷേധിക്കപെടുന്ന വംശമായി അവൻ,അവൾ അങ്ങനെ മാറുന്നു.

അങ്ങനെയെങ്കിൽ ഈ സിനിമയിൽ നിന്ന് സെൽമ നിങ്ങളുടെ കൂടെ ഇറങ്ങിപോരും. ലാഴ്സ് വോൺ ട്രയർ ഹാൻഡ് ഹെൽഡ് ക്യാമറയിൽ പകർത്തിയ ജീവിതത്തിന്റെ വിച്ഛിന്ന ഘടനയുടെ ദൃശ്യാവിഷ്കാരമാണ് ഈ ചലചിത്രം.
സെൽമയെ അവതരിപ്പിച്ച പോപ് ഗായിക ബ്ജോർക് ഈ സിനിമയ്ക്ക് മുമ്പോ ശേഷമോ മറ്റൊരു സിനിമയിൽ മുഖം കാണിച്ചിട്ടില്ല.ഇനിയൊരു സിനിമയിലും മറ്റൊരു കഥാപാത്രമായി കാണരുതേ എന്ന് ആശിച്ചു പോകുന്നുവെങ്കിൽ സെൽമ ആത്മാവിൽ കുടിയേറിയിട്ടുണ്ടാവും.മൗലികവാദിയായ പ്രേക്ഷകർക്ക് ആശിക്കാൻ അവകാശമുണ്ട് ആ മുഖം കോപ്പിയാവരുതേയെന്ന്…

littnow.com

littnowmagazine@gmail.com

Continue Reading

Trending