കവിത
സാല്‍വദോര്‍ ദാലി

രാജന്‍ സി എച്ച്
രണ്ടു ഭാഗത്തേക്കും
പിരിച്ചുവെച്ച
മീശയായിരുന്നു
അവള്‍ക്കിഷ്ടം.
ഞാനോ
ഫുള്‍ഷേവ്.
മീശ വെക്കണം,
ആദ്യരാത്രിയില്‍
ആദ്യമായി അവള്‍
ആവശ്യപ്പെട്ടു.
എന്‍റെ പൗരുഷം
അതിനു വഴങ്ങിയില്ല.
പിന്നീടവളൊന്നും
എന്നോടു പറഞ്ഞില്ല.
വിവിധ തരത്തില്‍
മീശ വളര്‍ത്തിയവരുടെ
ചിത്രങ്ങളുടെ
ശേഖരം അവള്‍ സൂക്ഷിച്ചു.
നടന്മാരുടെ ചിത്രകാരന്മാരുടെ
നേതാക്കന്മാരുടെ
പല പല മീശകള്‍.
അരങ്ങില്‍
പലവേഷങ്ങളിലാടുന്ന
ഒരു നടനായിരുന്നല്ലോ ഞാന്‍.
പച്ചയും കത്തിയും
മിനുക്കും രൗദ്രവും
ഭീമനും അര്‍ജ്ജുനനും
നളനും പകര്‍ന്നാടി
നിറഞ്ഞാടി
മീശയില്ലാതായി
ജീവിതത്തില്‍.
ഞാനില്ലാത്ത രാവുകളില്‍
അടഞ്ഞ മുറിയില്‍
പല മീശകളണിഞ്ഞ്
അവള്‍ കിടന്നുറങ്ങി.
പല മീശകളവളെ
ചുംബിച്ചു
ശമിച്ചു.
ഒരു പകലുറക്കത്തിന്‍റെ
മദ്ധ്യാഹ്നത്തില്‍
ഞെട്ടിയുണര്‍ന്ന എന്നെ നോക്കി
അരികത്തവളിരിക്കുന്നു.
അവളുടെ മുടിയിഴകള്‍
എന്‍റെ ചുണ്ടിനുമേലെ
ഇരുവശത്തേക്കും
സൂച്യാഗ്രം നീട്ടിപ്പിരിച്ച മീശ
ഒരു സെല്‍ഫിയിലാക്കി.
എനിക്കിതു മതി,
അവള്‍ പറഞ്ഞു:
എന്‍റെ സാല്‍വദോര്‍ ദാലി.

കവിത
മറവിയുടെ പഴംപാട്ട്

ജിത്തു നായർ

ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്
ആരൊക്കെയോ ഇല്ലാgതെ പോയവർ
അശരണരായലയുന്ന മരുഭൂവിൽ
മണലിൽ കാലടികൾ പോലും പതിയില്ല…
പിൻവാങ്ങാൻ കഴിയാതെ
അടരുവാൻ കഴിയാതെ
മനസ്സൊട്ടി പോയ പഴംപാട്ടുകളിൽ
പാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്..
ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെ
അകന്നു പോയ വെളിച്ചം തിരികെ
വന്നെങ്കിലെന്നോർത്ത്
ആർത്തിയോടെ കൊതിക്കുന്നവരുണ്ട്..
അറ്റ് പോയ കിനാവുകളേക്കാൾ
ചേർത്തു പിടിച്ചിട്ടും മുറിവിന്റെ നോവ്
സൃഷ്ടിക്കുന്ന ചിന്തകളുടെ ഭാരം
സഹിക്കാൻ പറ്റാത്തവരുണ്ട്..
ചേർന്ന് നിൽക്കാൻ ചേർത്ത് പിടിക്കാൻ
കൈകളില്ലാത്ത ലോകത്തെ നോക്കി
മൗനമായി വിലപിക്കുവാൻ മാത്രം
മനസ്സ് വിങ്ങുന്നവരുണ്ട്…
മറവിയുടെ ആഴങ്ങളിൽ പഴമ കഴുകി
പുതുമയുടെ സൗരഭ്യങ്ങളിൽ
മുങ്ങിക്കുളിക്കുന്നവർ ഓർക്കാറില്ല
അറ്റ് പോയ മുറിയുടെ മറു വേദന..
littnowmagazine@gmail.com
കവിത
വൈസറിക്കാത്ത പെണ്ണ്

പ്രകാശ് ചെന്തളം

മാസത്തിലേഴുദിനം
ചേച്ചിയും
അടുത്ത വീട്ടിലെയെല്ലാം പെണ്ണുങ്ങളും
ഒരുമറ അകലം വെപ്പ് കാണാം.
ഒരു മാറ്റി നിർത്തപ്പെട്ടവളായി
ഒന്നിലുംകൈ വെക്കാതെ
ഒറ്റയിരിപ്പുകാരിയായി.
ആണായി പിറവിയെടുത്ത എന്നിൽ
ഒരുവളായിരുന്നു
ഉടലിലത്രയും ഒരുവൾ .
വൈസറിപ്പിന്റെ പ്രായം തികഞ്ഞിട്ടും
വൈസറിക്കാത്ത പെണ്ണാണ് ഞാൻ
ആൺ ഉടലിൽ വയ്യനി ജീവിതം
എന്നിലേ പെണ്ണായി
ജീവിച്ചൊടുങ്ങണം.
മാസമുറയില്ലാത്തവൾ
പെറ്റിടാൻ കഴിയാത്തവൾ
ആദി ഏറെ ഉണ്ടെനിൽ
പെറ്റിടാൻ മോഹം ഏറെയുണ്ട്.
എടുത്തുടുക്കും ചേല പോലെ
ഒരു ഉടലിൽ കോമാളി രൂപം ധരിക്കുവാൻ വയ്യാ
പരിഹാസമത്രയും രണ്ടും കെട്ടവൻ.
വാക്കിനാൽ മുനയമ്പുകുത്തുന്നു
ഹൃദയത്തിൽ
മരണത്തിലേക്കൊന്നു വഴുതിവീണിടുവാൻ
ഇരുട്ടിൽ പലക്കുറി ചിന്തിച്ചു പോയ നാൾ.
പിന്നെയും വിളിക്കുന്നു എന്നിലെ
പെണ്ണവൾ
പുലരിയിൽ നല്ല നാൾ
കൺ കാഴ്ച കാണുവാൻ .
ജീവിതം ജീവിച്ചു തീർക്കണം
മണ്ണിതിൽ
എന്നിലെ ഞാനായി
കാലമത്രെ.

littnowmagazine@gmal.com
കവിത
കൊടും വാതപ്പുതപ്പിലാണിപ്പോൾ

പ്രസാദ് കാക്കശ്ശേരി
കയറുമ്പോൾ
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
അമ്പരപ്പുത്സാഹത്തിൽ
ഇലക്കാട് നൂണ്ട് തുഞ്ചത്തെത്തുമ്പോൾ
കായ്ച്ച മാമ്പഴക്കമ്പ്
ഇറങ്ങുമ്പോൾ
അതേപടി
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
വഴുക്കാത്ത ഉള്ളാന്തലിൽ
ഇപ്പോൾ വീണു
ആ കമ്പം; കമ്പും .
കൊടും വാത പുതപ്പിലാണിപ്പോൾ.
യന്ത്രവാതത്തിന്റെ മുരൾച്ചയിൽ
കണ്ണ് നട്ട് ഒരൊറ്റ കിടപ്പിൽ
മനസ്സിൽ കേറുന്നു
തേച്ച കുഴമ്പുളുമ്പ് ,
കാലത്തിന്റെ
ഇത്തിൾച്ചില്ല കേറി
കൊടും വാതത്തിൽ
കടപുഴകി വീണ പൂതൽ തടി .

-
സാഹിത്യം12 months ago
നഞ്ചിയമ്മയുടെ പാട്ട് / ഇരുളഭാഷ
-
ലേഖനം8 months ago
ഡോക്ടർമാർ വെറും ചെണ്ടകളോ?
-
കവിത7 months ago
ഒറ്റയായ്പ്പോയ ഒച്ച
-
സാഹിത്യം12 months ago
അറ്റുവീണതിന്റെ അവസാനപിടപ്പ്
-
കഥ7 months ago
ഒന്നുചേർന്നൊഴുകുന്ന പുഴ
-
സിനിമ8 months ago
അപ്പനെ പിടിക്കല്‍
-
ലേഖനം8 months ago
ആശയങ്ങളുടെ ഉണർവ്
-
കവിത12 months ago
പ്രതിരാമായണം
You must be logged in to post a comment Login